2020, മേയ് 26, ചൊവ്വാഴ്ച

ബോദ്‌ലേർ - ഈ ലോകം വിട്ടെവിടെയും



ഓരോ രോഗിയും കിടക്ക വച്ചുമാറാൻ കൊതിക്കുന്ന ഒരാശുപത്രിയാണ്‌ ഈ ജീവിതം. ഈയാൾക്കിഷ്ടം സ്റ്റൗവ്വിനു തൊട്ടടുത്തിരുന്നു ചൂടു കൊള്ളാനാണ്‌; മറ്റേയാളാകട്ടെ, ജനാലയ്ക്കടുത്തായാൽ തനിക്കു കുറച്ചുകൂടി സുഖപ്പെടും എന്നു കരുതുന്നു.

ഇപ്പോഴത്തെ ഇടം വിട്ടു മറ്റെവിടെപ്പോയാലും ഞാൻ ഗതി പിടിക്കും എന്നെ ചിന്ത എന്നെ വിട്ടുമാറാതായിരിക്കുന്നു. അങ്ങനെയൊരു മാറ്റത്തെക്കുറിച്ച് ഞാൻ എന്റെ ആത്മാവുമായി അന്തമറ്റ ചർച്ചകളിൽ ഏർപ്പെടാറുമുണ്ട്.

“പാവം, നീ തണുത്തുവിറയ്ക്കുകയാണല്ലോ, എന്റെ ആത്മാവേ! ലിസ്ബണിൽ പോയി താമസിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ഊഷ്മളമാണവിടെ; നിനക്കൊരു ഗൗളിയെപ്പോലെ വെയിലും കാഞ്ഞവിടെക്കഴിയാം. കടലോരത്താണ്‌ നഗരം; പണിയൊക്കെ മാർബിൾ കൊണ്ടാണ്‌; പച്ചപ്പ് കണ്ണിനു കണ്ടുകൂടാത്തതിനാൽ ആ നാട്ടുകാർ സകലമരങ്ങളും പുഴക്കിയെടുത്തു കളഞ്ഞുവത്രെ. നിന്റെ അഭിരുചിക്കൊത്ത ഒരു നാടായിരിക്കും അത്: വെളിച്ചവും ധാതുക്കളും കൊണ്ടു പടുത്ത ഒരു ഭൂപ്രകൃതി; അതു പ്രതിഫലിക്കാൻ ദ്രാവകവും!”

എന്റെ ആത്മാവ് മറുപടി പറയുന്നില്ല.

“ചലനങ്ങളുടെ മേളയും നോക്കി വെറുതേ കിടക്കാൻ നിനക്കത്രയ്ക്കിഷ്ടമാണല്ലോ; ആ സ്ഥിതിയ്ക്ക് നമുക്ക് ഹോളണ്ടിലേക്ക്, വശ്യമായ ആ നാട്ടിലേക്കു പോയാലോ? എത്രയോ തവണ കാഴ്ചബംഗ്ലാവുകളിൽ അതിന്റെ ദൃശ്യങ്ങൾ കണ്ടു നീ നിന്നിരിക്കുന്നു; അവിടെ നിന്റെ മനസ്സിനു സ്വസ്ഥത കിട്ടിയെന്നു വന്നേയ്ക്കാം. പാമരങ്ങളുടെ കാടുകളേയും വീട്ടിറമ്പത്തു നങ്കൂരമിട്ട നൗകകളേയും സ്നേഹിക്കുന്ന നിനക്ക് റോട്ടർഡാം ഇഷ്ടപ്പെടാതിരിക്കുമോ?“

എന്റെ ആത്മാവിന്‌ അപ്പോഴും മൗനം തന്നെ.

”ഇനിയഥവാ ബറ്റേവിയ ആണോ നിനക്കു പിടിക്കുക? ഉഷ്ണമേഖലയുടെ സൗന്ദര്യം യൂറോപ്പിന്റെ ചേതനയെ പുണർന്നുകിടക്കുന്നത് നമുക്കവിടെ കാണുകയുമാവാം.“

ഒരനക്കവുമില്ല. -എന്റെ ആത്മാവ് മരിച്ചുപോയോ?

”സ്വന്തം ആതുരതയിൽ സുഖം കണ്ടെത്തുന്നത്രയ്ക്ക് നീ മരവിച്ചുപോയോ? അതാണു കാര്യമെങ്കിൽ നമുക്ക് മരണത്തിന്റെ പര്യായങ്ങൾ തന്നെയായ നാടുകളിലേക്കോടിപ്പോകാം. എന്റെ പാവം ആത്മാവേ, ഒക്കെ ഞാൻ നോക്കിക്കോളാം. പെട്ടിയുമെടുത്ത് നമുക്കു ടോർണിയോവിലേക്കു പോകാം. വേണമെങ്കിൽ ബാൾട്ടിക് കടലിന്റെ അങ്ങേയറ്റത്തു പോകാം; അത്രകൂടി ജീവിതം വേണ്ടെങ്കിൽ അതും നോക്കാം- നമുക്ക് ധ്രുവപ്രദേശത്തു താമസമാക്കാം. അവിടെ സൂര്യൻ ഭൂമിയെ ചരിഞ്ഞൊന്നുരുമ്മിപ്പോവുകയേയുള്ളു; ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും മന്ദഗതിയായ പകർച്ചകൾക്കിടയിൽ വൈവിദ്ധ്യം അദൃശ്യമാവുകയും ശൂന്യതയുടെ മറുപാതിയായ ഏകതാനത കനക്കുകയും ചെയ്യുന്നു. അവിടെ നമുക്ക് ഇരുട്ടിന്റെ കയങ്ങളിൽ മുങ്ങിക്കുളിക്കാം, ഇടയ്ക്കിടെ ചില ചെങ്കതിരുകൾ വീശി ധ്രുവദീപ്തി നമ്മെ വിനോദിപ്പിക്കുകയും ചെയ്യും- നരകത്തിൽ വെടിക്കെട്ടു നടക്കുന്നതിന്റെ തെളിച്ചമാണെന്നേ തോന്നൂ!“

ഒടുവിൽ എന്റെ ആത്മാവ് പൊട്ടിത്തെറിക്കുന്നു: “എവിടെയും! എവിടെയും! ഈ ലോകം വിട്ടെവിടെയും പോകാം!”

(ഗദ്യകവിതകൾ -48)
---------------------------------------------------------------------------------------------------------------------

കവിതയുടെ ശീർഷകം തോമസ് ഹൂഡിന്റെ (Thomas Hood) “നെടുവീർപ്പുകളുടെ പാലം” എന്ന കവിതയിലെ ഒരു വരിയാണ്‌. അത് ഇംഗ്ലീഷിൽ തന്നെയാണ്‌ ബോദ്‌ലേർ നല്കിയിരിക്കുന്നത്. ഹൂഡിന്റെ കവിത 1865ൽ അദ്ദേഹം ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്തിരുന്നു. കവിതയിൽ കാമുകൻ വഞ്ചിക്കുകയും കുടുംബം തള്ളിപ്പറയുകയും ചെയ്ത ഒരു സ്ത്രീ നദിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു; ഒഴുക്ക് തന്നെ കൊണ്ടുപോകുന്നത് എവിടെയെന്ന് അവൾക്കു പ്രശ്നമേയല്ല, “ഈ ലോകം വിട്ടെവിടെയും” ആയാൽ മതി.

* ടോർണിയോ (Torneo)- നോർവ്വേയിലെ ഒരു പ്രദേശം
*ബറ്റേവിയ (Batavia)- ഡച്ച് കോളണിയായിരുന്നപ്പോഴത്തെ ജക്കാർത്ത



അഭിപ്രായങ്ങളൊന്നുമില്ല: