(മരിയ ലൂയിസയ്ക്ക്)
ചീവീടേ!
എത്ര ഭാഗ്യം ചെയ്തവനാണു നീ!
വെളിച്ചം കുടിച്ചുന്മത്തനായി
മൺതടത്തിൽ വീണു നീ മരിച്ചുവല്ലോ.
ജീവിതത്തിന്റെ രഹസ്യം നീ
പാടങ്ങളിൽ നിന്നു പഠിച്ചു,
പുല്ക്കൊടി പൊടിക്കുന്നതു കേൾക്കാൻ കാതുള്ളവൾ,
ആ വൃദ്ധമാലാഖ പറഞ്ഞ പഴങ്കഥ
നീ മനസ്സിലും സൂക്ഷിച്ചു.
ചീവീടേ!
എത്ര ഭാഗ്യം ചെയ്തവനാണു നീ!
ആകെ നീലിച്ചൊരു ഹൃദയത്തിന്റെ ചോരയിൽ
നീ മുങ്ങിമരിച്ചുവല്ലോ.
ദൈവമിറങ്ങിവരുന്നതാണ് വെളിച്ചം,
സൂര്യൻ, അതരിച്ചിറങ്ങുന്ന പഴുതും.
ചീവീടേ!
എത്ര ഭാഗ്യം ചെയ്തവനാണു നീ!
നീലിമയുടെ ഭാരമാകെ
പ്രാണവേദനയിൽ നീയറിഞ്ഞുവല്ലോ.
ജീവനുണ്ടായിരുന്നതൊക്കെയും
മരണത്തിന്റെ കവാടം കടന്നുപോകുന്നു,
താഴ്ത്തിപ്പിടിച്ച ശിരസ്സുമായി,
ഉറക്കച്ചടവിന്റെ വിളർച്ചയുമായി.
ചിന്ത മാത്രമായ വാക്കുമായി,
ഒച്ചയില്ലാതെ...ദുഃഖിതരായി,
മരണത്തിന്റെ മേലാടയായ
മൗനം വാരിപ്പുതച്ചവരായി.
എന്നാൽ നീ, ചീവീടേ,
നീ മരിക്കുന്നതു വശീകൃതനായി,
തുളുമ്പുന്ന സംഗീതവുമായി;
ശബ്ദത്തിലും സ്വർഗ്ഗീയവെളിച്ചത്തിലും
നിന്റെ രൂപവും മറ്റൊന്നാകുന്നു.
ചീവീടേ!
എത്ര ഭാഗ്യം ചെയ്തവനാണു നീ!
നീ വാരിച്ചുറ്റിയ മേലാട
വെളിച്ചം തന്നെയായ പരിശുദ്ധാത്മാവിന്റെ
മേലാട തന്നെയാണല്ലോ.
ചീവീടേ!
മയങ്ങുന്ന പാടങ്ങൾക്കു മേൽ
മുഴങ്ങുന്ന നക്ഷത്രമേ,
നിഴൽരൂപങ്ങളായ പുല്ച്ചാടികൾക്കും
തവളകൾക്കും ചിരകാലസ്നേഹിതാ,
വീര്യവത്തായ വേനലിൽ
നിന്നെ മധുരമായി മുറിപ്പെടുത്തുന്ന
സൂര്യന്റെ കലുഷരശ്മികൾ
നിനക്കു സുവർണ്ണശവകുടീരങ്ങളാകുന്നു.
സൂര്യൻ നിന്റെയാത്മാവിനെ കവരുന്നു,
അതിനെ വെളിച്ചമാക്കിമാറ്റുന്നു.
സ്വർഗ്ഗീയമായ പാടങ്ങൾക്കു മേൽ
എന്റെ ഹൃദയവുമൊരു ചീവീടാകട്ടെ.
നീലാകാശം മുറിപ്പെടുത്തിയതു മരിക്കട്ടെ,
പതികാലത്തിലൊരു ഗാനവും പാടി.
പിന്നെ, അതും മാഞ്ഞുപോകുമ്പോൾ
ഞാൻ മനക്കണ്ണിൽ കാണുന്നൊരുവൾ
അതു വാരി മണ്ണിൽ വിതറട്ടെ.
ചെളിക്കട്ടകളെ ചുവപ്പിച്ചും കൊണ്ടു
പാടത്തെന്റെ ചോര കലരട്ടെ,
തളർന്ന കൃഷിക്കാരവിടെ
കൈക്കോട്ടുകൾ കൊണ്ടു കിളയ്ക്കട്ടെ.
ചീവീടേ!
എത്ര ഭാഗ്യം ചെയ്തവനാണു നീ!
നീലിമയുടെ അദൃശ്യഖഡ്ഗങ്ങളാണല്ലോ,
നിന്നെ മുറിപ്പെടുത്തിയത്.
(1918 ആഗസ്റ്റ് 3, ഗ്രനാഡ)
ഈ ചീവീടിനെ യേശുക്രിസ്തുവായും കാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ