2020, മേയ് 31, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - അച്ഛനെ ഓർമ്മ വരുമ്പോൾ



ബാല്യത്തിന്റെ കടൽവെള്ളത്തിനു മേൽ മേഘങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ നിശിതമായ മുഖം
(ഊഷ്മളമായ എന്റെ കുഞ്ഞുതല അദ്ദേഹം കൈകളിലെടുത്തുപിടിച്ചിരുന്ന വേളകൾ എത്രയപൂർവ്വമായിരുന്നു)
വീഴ്ചകൾക്കു മാപ്പില്ലെന്നദ്ദേഹം വിശ്വസിച്ചിരുന്നു
അദ്ദേഹം കാടുകൾ വീഴ്ത്തിയിരുന്നു വഴികൾ തെളിച്ചിരുന്നു
ഞങ്ങൾ രാത്രിയിലേക്കിറങ്ങുമ്പോൾ അദ്ദേഹം വിളക്കുയർത്തിപ്പിടിച്ചിരുന്നു

അദ്ദേഹത്തിന്റെ വലതുവശം ഞാനിരിക്കുമെന്നും
ഞങ്ങൾ ഇരുട്ടിൽ നിന്നു വെളിച്ചത്തെ വേർതിരിക്കുമെന്നും
ജീവിച്ചിരിക്കുന്നവരെ വിചാരണ ചെയ്യുമെന്നും ഞാൻ കരുതിയിരുന്നു
-അങ്ങനെയല്ല ഉണ്ടായത്

ഒരാക്രിക്കച്ചവടക്കാരൻ അദ്ദേഹത്തിന്റെ സിംഹാസനം ഒരുന്തുവണ്ടിയിൽ കയറ്റി കൊണ്ടുപോയി
ഒരു ഉടമസ്ഥാവകാശപ്രമാണം ഞങ്ങളുടെ രാജ്യത്തിന്റെ ഭൂപടവുമായി

ചടച്ച് തീരെ ദുർബ്ബലനായി അദ്ദേഹം രണ്ടാമതും ജനിച്ചു
മിനുങ്ങുന്ന തൊലിയും തരുണാസ്ഥികളുമായി
എനിക്കു കൈക്കൊള്ളാൻ പാകത്തിൽ അദ്ദേഹം ഉടലു ചുരുക്കിയിരുന്നു

അഗണ്യമായൊരിടത്ത് കല്ലിനടിയിൽ ഒരു നിഴലുണ്ട്

എന്റെയുള്ളിൽ അദ്ദേഹം വളരുന്നു
ഞങ്ങളുടെ പരാജയങ്ങൾ ഞങ്ങൾ ഒരുമിച്ചു വിഴുങ്ങുന്നു
ഇത്രയൊക്കെ മതി അനുരഞ്ജനത്തിലെത്താനെന്നാളുകൾ പറയുമ്പോൾ
ഞങ്ങൾ ഒരുമിച്ചു പൊട്ടിച്ചിരിക്കുന്നു

സ്ബിഗ്നിയെഫ് ഹെർബെർട്ട് - സംഭവകഥ


കടൽക്കരയിലൂടെ ഞങ്ങൾ നടക്കുന്നു
പൗരാണികമായൊരു സംഭാഷണത്തിന്റെ രണ്ടറ്റങ്ങൾ
ഞങ്ങൾ  മുറുകെപ്പിടിച്ചിരുന്നു
- നിങ്ങൾക്കെന്നെ ഇഷ്ടമാണോ
-എനിക്കു നിന്നെ ഇഷ്ടമാണ്‌


പുരികം ചുളിച്ചുകൊണ്ട്
അറിയുന്ന ജ്ഞാനമൊക്കെ ഞാൻ സംക്ഷേപിക്കുന്നു
പഴയതും പുതിയതുമായ നിയമങ്ങളുടെ
ജ്യോതിഷികളുടെ പ്രവാചകന്മാരുടെ
ഉദ്യാനജീവികളായ ദാർശനികരുടെ
ഏകാന്തജീവികളായ ദാർശനികരുടെ


അതേകദേശം  ഇതുപോലിരുന്നു:
-കരയരുത്
-ധൈര്യമായിരിക്കൂ
-എല്ലാവരും എങ്ങനെയാണെന്നു നോക്കൂ


നീ ചുണ്ടു പിളുത്തിക്കൊണ്ടു പറയുന്നു
-നിങ്ങളൊരു പാതിരിയാവേണ്ടിയിരുന്നു
മടുപ്പോടെ നീ നടന്നുപോകുന്നു
ഉപദേശികളെ ആർക്കും ഇഷ്ടമല്ല


ഒരിടത്തരം ചാവുകടലിന്റെ കരയിൽ നിൽക്കെ
ഞാനെന്തു പറയാൻ


നടന്നുമറഞ്ഞ കാലടികളുടെ വടിവിൽ
സാവധാനം വെള്ളം വന്നു നിറയുന്നു

സ്ബിഗ്നിയെഫ് ഹെർബെർട്ട് - പട്ടു പോലൊരാത്മാവ്


ഇന്നുവരെ
ഞാൻ സംസാരിച്ചിട്ടില്ല- അവളുമായി
പ്രണയത്തെക്കുറിച്ചോ
മരണത്തെക്കുറിച്ചോ

തങ്ങളിൽത്തന്നെ മുഴുകി
അടുത്തടുത്തു കിടക്കുമ്പോൾ
ഞങ്ങൾക്കിടയിലോടിയിരുന്നത്
അന്ധമായ രുചി മാത്രം
മൂകമായ സ്പർശം മാത്രം

അവളുടെ ഉള്ളിലേക്ക്
എനിക്കൊന്നൊളിഞ്ഞുനോക്കണം
ഉള്ളിന്റെയുള്ളിൽ
എന്താണവൾ ധരിച്ചിരിക്കുന്നതെന്ന്
എനിക്കു കാണണം

ചുണ്ടു വിടർത്തി
അവൾ കിടന്നുറങ്ങുമ്പോൾ
ഞാൻ ഒളിഞ്ഞുനോക്കി

എന്താണ്‌
എന്താണ്‌
അവിടെ ഞാൻ
കണ്ടതെന്നറിയാമോ

ഞാൻ പ്രതീക്ഷിച്ചത്
മരച്ചില്ലകളായിരുന്നു
ഞാൻ പ്രതീക്ഷിച്ചത്
ഒരു കിളിയെയായിരുന്നു
ഞാൻ പ്രതീക്ഷിച്ചത്
ഒരു വീടായിരുന്നു
നിശ്ശബ്ദമായ ഒരു വൻതടാകക്കരെ

എന്നാൽ അവിടെ
ഒരു ചില്ലുകൂട്ടിനുള്ളിൽ
ഞാൻ കണ്ടത്
സില്ക്കിന്റെ ഒരു ജോഡി സ്റ്റോക്കിങ്ങ്സുകൾ

എന്റെ ദൈവമേ
ഞാനതു വാങ്ങും
ആ സ്റ്റോക്കിങ്ങ്സുകൾ
അവൾക്കു ഞാൻ വാങ്ങിക്കൊടുക്കും

എന്നാൽ-
പിന്നെയാ കുഞ്ഞാത്മാവിന്റെ
ചില്ലുകൂട്ടിൽ എന്താവും കാണുക

ഒരു സ്വപ്നത്തിന്റെ
ഒരു വിരൽ കൊണ്ടുപോലും
സ്പർശിക്കാനാവാത്തതൊന്നാവുമോ

2020, മേയ് 30, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മരിച്ചവർ നമ്മോടു ചെയ്യുന്നത്



ഇന്നു രാവിലെ യാൻ വന്നു
- ഞാൻ അച്ഛനെ സ്വപ്നം കണ്ടു
അവൻ പറയുകയാണ്‌

ഓക്കുതടി കൊണ്ടുള്ള പെട്ടിയിലായിരുന്നു
അച്ഛന്റെ യാത്ര
മഞ്ചത്തിനരികിൽത്തന്നെ ഞാനുണ്ടായിരുന്നു
അച്ഛൻ എന്നോടു പറയുകയാണ്‌

എത്ര നന്നായിട്ടാണ്‌ നീയെന്നെ ഒരുക്കിയത്
ചടങ്ങുകളൊക്കെ വളരെ നന്നായിട്ടുണ്ട്
ഈ സമയത്തൊക്കെ പൂക്കൾ കിട്ടുക
കുറേ പണം പൊട്ടിച്ചിട്ടുണ്ടാവുമല്ലോ

അതോർത്തു വേവലാതിപ്പെടേണ്ടച്ഛാ
ഞാൻ പറയുകയാണ്‌- ആളുകൾ കാണട്ടെ
ഞങ്ങൾക്കച്ഛനെ എന്തു കാര്യമായിരുന്നുവെന്ന്
ഞങ്ങൾ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ലെന്ന്

കറുത്ത യൂണിഫോമിട്ട ആറുപേർ
ഇരുവശങ്ങളിലും അവർ അകമ്പടി സേവിക്കുന്നുണ്ട്

അച്ഛൻ ഒരു നിമിഷം ആലോചിച്ചിട്ടു പറയുന്നു
മേശയുടെ താക്കോൽ വെള്ളിമഷിക്കുപ്പിയിലുണ്ട്
ഇടതുഭാഗത്തെ രണ്ടാമത്തെ വലിപ്പിൽ
കുറച്ചു പണം ബാക്കിയുണ്ടാവും

അതെടുത്ത് - ഞാൻ പറയുകയാണ്‌-
ഒരു സ്മാരകശില വാങ്ങാമച്ഛാ
കറുത്ത മാർബിൾ കൊണ്ട് വലുതൊരെണ്ണം

അതൊന്നും വേണ്ട മോനേ- അച്ഛൻ പറയുകയാണ്‌
അതു വല്ല പാവങ്ങൾക്കും കൊടുത്തേക്കൂ

കറുത്ത യൂണിഫോമിട്ട ആറു പേർ
കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി
ഇരുവശങ്ങളിലായി ഗാംഭീര്യത്തോടവർ നടക്കുന്നു

പിന്നെയും എന്തോ ആലോചിച്ചിട്ടെന്നപോലെ
-തോട്ടത്തിൽ പൂക്കളുടെ കാര്യം നോക്കണം
മഞ്ഞുകാലത്ത് മറ കെട്ടിക്കൊടുക്കണം
അവ നശിച്ചുപോകരുതെന്നെനിക്കുണ്ട്

നീയാണു മൂത്തവൻ- അച്ഛൻ പറയുകയാണ്‌-
പെയിന്റിങ്ങിനു പിന്നിലുള്ള ചെറിയ സഞ്ചിയിൽ നിന്ന്
മുത്തു കൊണ്ടുള്ള കഫ് ലിങ്ക്സ് നീയെടുത്തോ
അതു നിനക്കു നല്ലതു വരുത്തട്ടെ
ഹൈസ്കൂൾ പാസ്സായപ്പോൾ
അമ്മ എനിക്കു തന്നതാണത്
അച്ഛൻ പിന്നെയൊന്നും പറഞ്ഞില്ല
നല്ല ഉറക്കത്തിലേക്കു വീണിട്ടുണ്ടാവണം

ഇങ്ങനെയാണ്‌ നമ്മുടെ മരിച്ചവർ
നമ്മളെ കാത്തുരക്ഷിക്കുന്നത്
സ്വപ്നങ്ങളിലവർ നമ്മെ ഗുണദോഷിക്കുന്നു
നഷ്ടപ്പെട്ട പണം കണ്ടുപിടിച്ചുതരുന്നു
നമുക്കൊരു ജോലി ഒപ്പിച്ചെടുക്കാൻ നോക്കുന്നു
ഭാഗ്യക്കുറിയുടെ നമ്പർ ചെവിയിൽ പറയുന്നു
അതു ചെയ്യാൻ പറ്റാതെ വരുമ്പോൾ
ജനാലപ്പാളിയിൽ വിരലു കൊണ്ടു മുട്ടുന്നു

അവരോടുള്ള അളവറ്റ നന്ദി കാരണം
നാമവർക്കായി ഒരമരത്വം സങ്കല്പിച്ചെടുക്കുന്നു
ഒരെലിമാളം പോലെ സുഖമായി ഒതുങ്ങിക്കിടക്കാവുന്നത്



2020, മേയ് 29, വെള്ളിയാഴ്‌ച

ലോർക്ക - വജ്രം



വജ്രം പോലൊരു നക്ഷത്രം
ഗഹനമായ മാനത്തെ കോറുന്നു.
പ്രപഞ്ചത്തിൽ നിന്നു രക്ഷപ്പെടാൻ മോഹിക്കുന്ന
വെളിച്ചപ്പക്ഷി;
തന്നെ കുടുക്കിയ പെരുംവല
കുടഞ്ഞുകളയാൻ നോക്കുമ്പോൾ
തന്റെ കഴുത്തിലൊരു തുടലുണ്ടെന്ന്
അതറിയുന്നില്ല.

അതിമാനുഷരായ വേട്ടക്കാർ
സാന്ധ്യതാരങ്ങളെ നായാടാനിറങ്ങുന്നു,
നിശ്ശബ്ദതയുടെ തടാകത്തിലെ
വെള്ളിക്കട്ടിപോലത്തരയന്നങ്ങളെ.

പോപ്ലാർകുട്ടികൾ ബാലപാഠം ചൊല്ലുന്നു;
ഉണക്കച്ചില്ലകൾ വീശുന്ന
ശാന്തശീലനായ ഒരു കിഴവൻപോപ്ലാർ
അവരുടെ ഗുരു.
അകലെ, മലയിലിപ്പോൾ
മരിച്ചവർ ശീട്ടുകളിച്ചിരിക്കുകയാവും.
എത്ര വിരസം, സിമിത്തേരിയിലെ ജീവിതം!

തവളേ, പാട്ടിനു തുടക്കമാവട്ടെ!
ചിവീടേ, മാളത്തിൽ നിന്നിറങ്ങിയാലും!
വ്യാകുലമനസ്സായി ഞാൻ വീട്ടിലേക്കു മടങ്ങുമ്പോൾ
വനത്തിനുള്ളിൽ മുഴങ്ങട്ടെ,
നിന്റെ പുല്ലാങ്കുഴലുകൾ.

എന്റെ തലയ്ക്കുള്ളിൽ
രണ്ടു കാട്ടുപ്രാവുകൾ ചിറകടിയ്ക്കുന്നു.
വിദൂരചക്രവാളത്തിൽ
പകലിന്റെ തുലാക്കൊട്ട മുങ്ങുന്നു.
ഭീതിദം, വെള്ളം തേവുന്ന കാലചക്രം!

(1920 നവംബർ, ഗ്രനാഡ)


------------------------------------------------------------------------------------------------------------------------
ആകാശബിംബങ്ങളെ കീടങ്ങളും നിത്യജീവിതസന്ദർഭങ്ങളുമായി കലർത്തുന്നതിന്റെ ആനന്ദം തന്റെ കാവ്യശൈലിയുടെ ഒരാധാരസ്വരമാണെന്നും അതിന്റെ ആദ്യകാലമാതൃകയാണ്‌ ഈ കവിതയെന്നും ലോർക്ക പിന്നീടൊരു പ്രഭാഷണത്തിൽ പറയുന്നുണ്ട്.

ലോർക്ക - നിശാഗീതം



എനിക്കു പേടിയാണ്‌,
കരിയിലകളെ,
മഞ്ഞുവീണീറനായ പുൽത്തട്ടുകളെ.
ഇനി ഞാനുറങ്ങാം,
നീയെന്നെ ഉണർത്തില്ലെങ്കിൽ
എന്റെ തണുത്ത ഹൃദയം
നിനക്കരികിൽ വച്ചു
ഞാൻ പോകാം.

“എന്താണാ ശബ്ദം,
അങ്ങകലെ?”
“പ്രണയം.
തെന്നൽ ജനാലപ്പാളിയിൽ,
എന്റെ പ്രിയേ!”

പുലരിയുടെ രത്നങ്ങളെടുത്തു
നിന്റെ കഴുത്തിൽ ഞാൻ ചാർത്തി.
ഈ വഴിയിലെന്തിനെന്നെ
ഒറ്റയ്ക്കു വിട്ടു നീ പോയി?
നീയകന്നുപോയാൽ
എന്റെ കിളി തേങ്ങിക്കരയും,
മുന്തിരിത്തോപ്പിൽ
വീഞ്ഞു വിളയുകയുമില്ല.

“എന്താണാ ശബ്ദം,
അങ്ങകലെ?”
“പ്രണയം.
തെന്നൽ ജനാലപ്പാളിയിൽ,
എന്റെ പ്രിയേ!”

കോരിച്ചൊരിയുന്ന മഴയിൽ
ഉണക്കമരക്കൊമ്പിൽ നിന്നു
കിളിക്കൂടടർന്നുവീഴുന്ന പുലർച്ചകളിൽ
നിന്നെ ഞാനെത്രമേൽ സ്നേഹിക്കുമായിരുന്നു;
മഞ്ഞിൽ തീർത്ത സ്ഫിങ്ക്സ്,
നീയതറിയാൻ പോകുന്നില്ല.

“എന്താണാ ശബ്ദം,
അങ്ങകലെ?”
“പ്രണയം.
തെന്നൽ ജനാലപ്പാളിയിൽ,
എന്റെ പ്രിയേ!”

(1919)

ലോർക്ക - തൃഷ്ണ












യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.

എന്റെ പറുദീസ,
രാപ്പാടികളില്ലാത്ത,
കിന്നരങ്ങളില്ലാത്ത ഒരു പാടം,
ഒരു കുഞ്ഞുജലധാരയുമായി,
കണ്ണില്പെടാനില്ലാത്തൊരു ചോലയുമായി.

ചില്ലയിൽ
കാറ്റിന്റെ കുതിമുള്ളില്ലാതെ,
ഇലയാവാൻ മോഹിക്കുന്ന
നക്ഷത്രമില്ലാതെ.

വിപുലമായൊരു വെളിച്ചത്തിനു മോഹം,
ഉടഞ്ഞ നോട്ടങ്ങളുടെ പാടത്ത്
വെറുമൊരു മിന്നാമിന്നിയാവാൻ.

ഒരു തെളിഞ്ഞ ശാന്തതയിൽ
നമ്മുടെ ചുംബനങ്ങൾ വിടരും
മാറ്റൊലിയുടെ മുഴങ്ങുന്ന വലയങ്ങളായി.

യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.

(1920)
---------------------------------------------------------------------------------------------------------------------

1926ൽ ലോർക്ക തന്റെ ഒരു സുഹൃത്തിന്‌ ഇങ്ങനെ എഴുതുന്നുണ്ട്: “ഒന്നാലോചിച്ചുനോക്കൂ, എനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നു! എനിക്കതിനു കഴിവുണ്ടാകുമോ? ഇല്ല. ഈ പ്രശ്നമാണ്‌ എനിക്കു പരിഹരിക്കാനുള്ളത്. എന്റെ ആദ്യകാലകവിതകളിലെപ്പോലെ ഒരുദ്യാനത്തിനും ഒരു ചെറിയ ജലധാരയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിലാണ്‌ എന്റെ ഹൃദയമെന്ന് എനിക്കു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ദിവ്യപുഷ്പങ്ങളും ധനികരുടെ ചിത്രശലഭങ്ങളുമുള്ള ഉദ്യാനമല്ല, ഇളംകാറ്റുകളും ഏകതാനമായ ഇലകളുമുള്ള ഒരിടം; എന്റെ മെരുങ്ങിയ പഞ്ചേന്ദ്രിയങ്ങൾ അവിടെ ആകാശം നോക്കിക്കിടക്കും.”

ലോർക്ക- പട്ടുപോലൊരു ഹൃദയം




പട്ടുപോലൊരു ഹൃദയം നിറയെ
വെളിച്ചങ്ങളുമായി,
അദൃശ്യമായ മണികളുമായി,
ലില്ലിപ്പൂക്കളും തേനീച്ചകളുമായി,
അങ്ങകലേക്കു ഞാൻ പോകും,
ആ മലകൾക്കുമപ്പുറത്തേക്ക്,
കടലുകൾക്കുമപ്പുറത്തേക്ക്,
നക്ഷത്രങ്ങൾക്കടുത്തേക്ക്.
ക്രിസ്തുവിനോടു ഞാൻ പറയും,
എനിക്കു മടക്കിനല്കൂ, കർത്താവേ,
കുട്ടിക്കാലത്തെ എന്റെയാത്മാവിനെ,
തൂവൽത്തൊപ്പിയും മരത്തിന്റെ വാളുമായി
പഴങ്കഥകളിലാണ്ടുമുഴുകിയതിനെ.
(1910)

ലോർക്ക - പ്രണയഗാനം



ഞാനൊരു കുട്ടിയും നല്ലവനുമായിരുന്നപ്പോൾ
നിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി.
നിന്റെ കൈകളെന്റെ ചർമ്മമുരുമ്മി,
നീയെനിക്കൊരു ചുംബനവും തന്നു.

(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും.)

എന്റെ ഹൃദയം വിടരുകയും ചെയ്തു,
മാനത്തിനടിയിലൊരു പൂവു പോലെ,
ആസക്തിയുടെ ദലങ്ങളുമായി,
സ്വപ്നങ്ങളുടെ കേസരങ്ങളുമായി.

(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും.)

കഥയിലെ രാജകുമാരനെപ്പോലെ
മുറിയിലടച്ചിരുന്നു ഞാൻ കരഞ്ഞു,
ദ്വന്ദ്വയുദ്ധം കാണാൻ നില്ക്കാതെ മടങ്ങിയ
എസ്ട്രേലിറ്റയെച്ചൊല്ലി.

(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും.)

നിന്റെയരികിൽ നിന്നു ഞാനകന്നുപോയി,
പ്രേമിക്കുകയാണെന്നറിയാതെ നിന്നെ ഞാൻ പ്രേമിച്ചു.
നിന്റെ കണ്ണുകളേതുപോലെയാണെന്നിന്നെനിക്കറിയില്ല,
നിന്റെ കൈകളും നിന്റെ മുടിയുമതുപോലെ.
എനിക്കറിയാവുന്നതിതു മാത്രം:
എന്റെ നെറ്റിയിൽ നിന്റെ ചുംബനത്തിന്റെ ചിത്രശലഭം.

(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും.)
(1919)
----------------------------------------------------------------------------------------------------------------------

എസ്ട്രേലിറ്റ Estrellita de Oro-  സിൻഡ്രെലയ്ക്കു സമാനയായ ഒരു സ്പാനിഷ് നാടോടിക്കഥാനായിക.

ലോർക്ക - സൂര്യൻ അസ്തമിച്ചു



സൂര്യൻ അസ്തമിച്ചു,
മരങ്ങൾ ധ്യാനത്തിൽ,
പ്രതിമകളെപ്പോലെ.
കതിരെല്ലാം കൊയ്തുകഴിഞ്ഞു.
തേവിത്തീർന്ന ചക്രങ്ങളിൽ
എന്തുമാത്രം വിഷാദം!

വീനസ്സിനെ നോക്കിക്കൊതിക്കുന്നു,
അവളെ നോക്കിക്കുരയ്ക്കുന്നു,
ഒരു നാടൻ പട്ടി.
ചുംബനങ്ങളേല്ക്കാത്തൊരു പാടത്ത്
അവൾ തിളങ്ങിനില്ക്കുന്നു,
മുഴുത്തൊരാപ്പിൾ പോലെ.

കൊതുകുകൾ - മഞ്ഞുതുള്ളികളുടെ പെഗാസസ്സുകൾ-
അനക്കമറ്റ വായുവിൽ
ചുറ്റിപ്പറക്കുന്നു.
വെളിച്ചം, അതികായയായ പെനിലോപ്പി,
ഒരു ദീപ്തരാവു നെയ്തെടുക്കുന്നു.

“ഉറങ്ങിക്കോ, മക്കളേ,
ചെന്നായിറങ്ങാൻ നേരമായി,”
തള്ളയാടു പറയുന്നു.
“ശരല്ക്കാലമായോ, കൂട്ടരേ?”
ഇതൾ വാടിയ പൂവു ചോദിക്കുന്നു.

ഇനി അകലത്തെ മലകളിറങ്ങി, വലകളുമായി,
ആട്ടിടയന്മാരെത്തും!
ഇനി പഴയ സത്രത്തിന്റെ വാതില്ക്കൽ
പെൺകുട്ടികളിരുന്നു കളിയ്ക്കും,
വീടുകൾക്കിനി കേൾക്കാറാകും,
പണ്ടേയവയ്ക്കു മനപ്പാഠമായ
പ്രണയഗാനങ്ങൾ.

(1920 ആഗസ്റ്റ്)
-----------------------------------------------------------------------------------------------------------------------

*പെനിലോപ്പി (Penelope) - ഗ്രീക്ക് മിത്തോളജിയിൽ യുളീസസ്സിൻ്റെ ഭാര്യ; യുളീസസ് ട്രോജൻ യുദ്ധം കഴിഞ്ഞു തിരിച്ചെത്താൻ ഇരുപതുകൊല്ലം എടുത്തു. വരണാർത്ഥികളായി എത്തിയവരെ അത്രയും കാലം പെനിലോപ്പി തടുത്തുനിർത്തിയത്  തൻ്റെ ഭർത്താവിൻ്റെ അച്ഛന് ഒരു ശവക്കച്ച നെയ്തുതീരുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞുകൊണ്ടാണ്. പകൽ നെയ്തതത്രയും രാത്രിയിൽ അഴിച്ചുകളഞ്ഞിട്ടാണ് അവർ അത്രയും കാലം നെയ്ത്ത് നീട്ടിക്കൊണ്ടുപോയത്.

ബോദ്‌ലേർ - പാവപ്പെട്ടവരുടെ കളിപ്പാട്ടം



നിർദ്ദോഷമായ ഒരു വിനോദത്തെക്കുറിച്ചു പറയാൻ എനിക്കാഗ്രഹമുണ്ട്. കുറ്റബോധം തോന്നേണ്ടാത്ത നേരമ്പോക്കുകൾ അത്ര കുറവുമാണല്ലോ!

റോഡിലൂടെ വെറുതേ അലഞ്ഞുനടക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഇനി നിങ്ങൾ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ ഒന്നിന്‌ ഒരു ‘സൂ’വിലധികം വില വരാത്ത ചെറിയ യന്ത്രക്കളിപ്പാട്ടങ്ങൾ വാങ്ങി പോക്കറ്റിൽ കരുതുക- നൂലിന്മേൽ നീങ്ങുന്ന കടലാസ്സുപാവ, കൂടം കൊണ്ടടിക്കുന്ന കൊല്ലൻ, വാലിൽ പീപ്പിയുള്ള കുതിരയും സവാരിക്കാരനും പോലെയുള്ളവ; പോകുംവഴി മദ്യക്കടകൾക്കു മുന്നിലോ മരങ്ങൾക്കടിയിലോ വച്ചു കാണുന്ന ആരെന്നറിയാത്ത പാവപ്പെട്ട കുട്ടികൾക്ക് അവ സമ്മാനിക്കുക. അവരുടെ കണ്ണുകൾ വിടരുന്നത് നിങ്ങൾക്കു കാണാം. ആദ്യമൊക്കെ അവർക്കതു വാങ്ങാൻ ധൈര്യമുണ്ടായെന്നു വരില്ല; തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ അവർക്കുതന്നെ വിശ്വാസം വരാത്തതുകൊണ്ടാണത്. പിന്നെ പെട്ടെന്നവർ ആ സമ്മാനങ്ങൾ തട്ടിപ്പറിച്ചുകൊണ്ടോടിപ്പോവുകയാണ്‌, മനുഷ്യരെ അവിശ്വസിക്കാൻ ശീലിച്ച പൂച്ചകൾ അവയ്ക്കു വച്ചുനീട്ടുന്ന ആഹാരവും കൊണ്ട് ദൂരെപ്പോകുന്നപോലെ.

വെയിലത്തു വെളുത്തുതിളങ്ങുന്ന സുന്ദരമായ ഒരു മാളികയുടെ മുന്നിലെ വിശാലമായ ഉദ്യാനത്തിന്റെ ഇരുമ്പുഗെയ്റ്റിനു പിന്നിൽ വെളുത്തു തുടുത്ത ഒരു കുട്ടി ഓമനത്തം തോന്നുന്ന ഗ്രാമീണവേഷവുമിട്ടു നില്ക്കുന്നത് നിങ്ങൾ കാണുന്നു.

ആഡംബരത്തിൽ വളരുന്ന, അല്ലലറിയാത്ത, സമൃദ്ധി നിത്യപരിചയമായ ഈ കുട്ടികളുടെ ഭംഗി കാണുമ്പോൾ സാധാരണക്കാരോ പാവപ്പെട്ടവരോ ആയ കുട്ടികളുടെ അതേ മൂശയിൽ നിന്നല്ല അവരെ നിർമ്മിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ തോന്നിപ്പോകും.

അവന്റെ അരികിൽ പുല്ലിന്മേൽ ഒന്നാന്തരമൊരു കളിപ്പാട്ടം വീണുകിടപ്പുണ്ട്; അതിന്റെ ഉടമയെപ്പോലെതന്നെ തുടുത്തത്, തിളങ്ങുന്നതും പൊന്നിന്റെ നിറമുള്ളതും, കടുംചുവപ്പുവേഷമിടീച്ചതും ചെറുതൂവലുകളും പളുങ്കുമണികളും കൊണ്ടലങ്കരിച്ചതും. എന്നാൽ കുട്ടി തനിക്കിഷ്ടപ്പെട്ട ആ കളിപ്പാട്ടം കൊണ്ടു കളിക്കുകയായിരുന്നില്ല; അവൻ നോക്കിക്കൊണ്ടുനിന്നത് എന്തായിരുന്നുവെന്നാൽ:

ഗെയ്റ്റിനു പുറത്ത്, റോഡിൽ, മുൾച്ചെടികൾക്കും കൊടിത്തൂവകൾക്കുമിടയിൽ മറ്റൊരു കുട്ടി നില്പ്പുണ്ടായിരുന്നു; ആകെ അഴുക്കും കരിയും പിടിച്ച്, വളർച്ച മുരടിച്ച ഒരു തെരുവുസന്തതി. എന്നാൽ അവന്റെ ദേഹത്തു നിന്ന് ദാരിദ്ര്യത്തിന്റെ അറയ്ക്കുന്ന ക്ലാവ് കഴുകിക്കളഞ്ഞാൽ, ഒരു കലാസ്വാദകന്റെ നിപുണനേത്രം വാർണ്ണീഷിനടിയിൽ നിന്ന് ഒരു ക്ലാസ്സിക് പെയിന്റിങ്ങ് കണ്ടെത്തുന്നപോലെ, നിഷ്പക്ഷനായ ഒരാളുടെ കണ്ണുകൾക്ക് അവന്റെ സൗന്ദര്യവും കണ്ടെത്താവുന്നതേയുള്ളു.

രണ്ടു ലോകങ്ങളെ, പെരുവഴിയേയും മാളികയേയും, വേർതിരിക്കുന്ന പ്രതീകാത്മകമായ ആ വേലിക്കിടയിലൂടെ പാവപ്പെട്ട കുട്ടി തന്റെ കളിപ്പാട്ടം കാണിച്ചുകൊടുക്കുമ്പോൾ സമ്പന്നനായ കുട്ടി അതെന്തോ അപൂർവ്വവും തനിക്കറിയാത്തതുമായ ഒരു വസ്തുവാണെന്നപോലെ ശ്വാസം പിടിച്ചുകൊണ്ട് അത് സൂക്ഷ്മനിരീക്ഷണം നടത്തുകയായിരുന്നു. അഴുക്കു പിടിച്ച ആ കൊച്ചുപയ്യൻ അഴിയിട്ട ഒരു പെട്ടിക്കുള്ളിലിട്ട് കുത്തുകയും ഇളക്കുകയും കുലുക്കുകയും ചെയ്തിരുന്ന ആ കളിപ്പാട്ടം എന്തായിരുന്നുവെന്നോ- ജീവനുള്ള ഒരെലി! അവന്റെ അച്ഛനമ്മാർ, പണം ലാഭിക്കാനാവാം എന്നെനിക്കു തോന്നുന്നു, ജീവിതത്തിൽ നിന്നുതന്നെ ഒരു കളിപ്പാട്ടം കണ്ടെത്തുകയായിരുന്നു.

കുട്ടികളാകട്ടെ, സഹോദരങ്ങളെപ്പോലെ ഒരുമിച്ചു ചിരിക്കുകയായിരുന്നു, ഒരേ വെണ്മയുള്ള പല്ലുകളും കാണിച്ച്.

(ഗദ്യകവിതകൾ-19)

1853ൽ ബോദ്‌ലേർ എഴുതിയ “കളിപ്പാട്ടങ്ങളുടെ നൈതികത” എന്ന ലേഖനത്തിൽ പറഞ്ഞിട്ടുള്ള ഒരു സംഭവത്തിന്റെ വിപുലരൂപമാണ്‌ ഈ ഗദ്യകവിത. കുട്ടികൾക്ക് കലയിലേക്കുള്ള ആദ്യത്തെ പ്രവേശകമാണ്‌ കളിപ്പാട്ടങ്ങൾ അല്ലെങ്കിൽ അവർ ആദ്യമായി കലയുടെ മൂർത്തരൂപം പരിചയിക്കുന്നത് കളിപ്പാട്ടങ്ങളിലൂടെയാണെന്ന് ബോദ്‌ലേർ ആ ലേഖനത്തിൽ പറയുന്നുണ്ട്.

(വിവ: വി. രവികുമാർ)

2020, മേയ് 27, ബുധനാഴ്‌ച

സെസർ വയെഹോ - മരണം എന്ന ആവശ്യകത




                                                                                                                              പാരീസ്, 1920

മാന്യരേ,
മരണം മനുഷ്യനു മേൽ ചുമത്തപ്പെട്ട ഒരു ശിക്ഷയോ പിഴയോ പരിമിതിയോ അല്ല, അതിനെക്കാളുപരി അതൊരു ആവശ്യകതയാണെന്ന്, മനുഷ്യന്റെ ആവശ്യകതകളിൽ വച്ചേറ്റവും പ്രധാനവും നീക്കുപോക്കില്ലാത്തതുമായ ആവശ്യകതയാണെന്ന് ഈ വരികളിലൂടെ നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. ജനിക്കാനും ജീവിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ കവച്ചുവയ്ക്കുന്നതാണ്‌ മരിക്കാനുള്ള നമ്മുടെ ആവശ്യം. ജനിക്കാതിരിക്കാൻ നമുക്കായെന്നു വന്നേക്കാം, പക്ഷേ മരിക്കാതിരിക്കാൻ നമുക്കാവില്ല. ഇന്നേ വരെ ആരും പറഞ്ഞിട്ടില്ല: “എനിക്കു ജനിക്കാൻ തോന്നുന്നു.” എന്നാൽ പലരും പറഞ്ഞു നാം കേൾക്കാറുണ്ട്: “ എനിക്കു മരിക്കാൻ തോന്നുന്നു.” നേരേ മറിച്ച് ജനിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമാണ്‌ എന്നു നമുക്കു തോന്നുകയെങ്കിലും ചെയ്യും; കാരണം താൻ കുറേ കഷ്ടപ്പെട്ടുവെന്നും ഒരു പാടു പണിപ്പെട്ടിട്ടാണു താൻ ഈ ലോകത്തെത്തിയതെന്നും ഇതുവരെയും ആരും പറഞ്ഞിട്ടില്ല. അതേ സമയം മരണമാകട്ടെ, നാം വിചാരിക്കുന്നതിലും വിഷമം പിടിച്ചതാണ്‌. ഇതിൽ നിന്നു തെളിയുകയാണ്‌, മരിക്കാനുള്ള നമ്മുടെ ആവശ്യം എത്ര വലുതും തടുക്കരുതാത്തതുമാണെന്ന്; എന്തെന്നാൽ, ഒരു സംഗതി എത്രയ്ക്കു ദുഷ്കരമാകുന്നുവോ, അത്രയ്ക്കു വലുതായിട്ടാണു നാമതു കണ്മുന്നിൽ കാണുക എന്നതു സുവിദിതവുമാണല്ലോ. ഒരു കാര്യം എത്രയ്ക്കപ്രാപ്യമാണോ, അത്രയ്ക്കാണതിനോടുള്ള നമ്മുടെ ദാഹവും.
ഒരാൾ മറ്റൊരാൾക്കു കത്തെഴുതുമ്പോൾ അയാളുടെ അമ്മ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ്‌ എന്നും അയാൾ എഴുതുന്നതെങ്കിൽ കത്തു കിട്ടുന്നയാൾക്ക് ഒടുവിൽ നിഗൂഢമായ ഒരസ്വസ്ഥത തോന്നിയെന്നു വരാം; തന്നോടു നുണ പറയുകയാണെന്ന് അയാൾ വിശ്വസിക്കുന്നില്ലെങ്കിലും, തന്റെ അമ്മ മരിക്കേണ്ടതാണെന്ന, പുറമേ കാണാത്ത, പുറത്തു പറയാത്ത ആവശ്യത്തിന്റെ ഉത്കടമായ ഭാരത്തിൻ കീഴിൽ അയാൾ സംശയിച്ചേക്കാം, അമ്മ മരിച്ചിരിക്കാനാണു സാദ്ധ്യതയെന്ന്. ആ മനുഷ്യൻ കണക്കുകൂട്ടലുകൾ നടത്തിയിട്ട് തന്നോടു തന്നെ പറഞ്ഞുവെന്നു വരാം:“അങ്ങനെയാവാൻ വഴിയില്ല. ഇതിനകം എന്റെ അമ്മ മരിച്ചില്ലെന്നു പറയുന്നതിൽ ഒട്ടും യുക്തിയില്ല.” ഒടുവിൽ, അമ്മ മരിച്ചു എന്നറിയുക ഉത്കണ്ഠ നിറഞ്ഞ ഒരാവശ്യമായി മാറുകയാണയാൾക്ക്. ഇല്ലെങ്കിൽ അതൊരു വസ്തുതയായി ഒടുവിൽ അയാൾ അംഗീകരിച്ചുവെന്നു വരും.
ഏറ്റവും കൂടിയത് അമ്പതു വയസ്സെത്തുമ്പോൾ ആയുസ്സവസാനിക്കുന്ന ഒരു ജനവിഭാഗത്തിൽ മുന്നൂറെത്തിയ ഒരു മകനെക്കുറിച്ച് പുരാതനമായൊരു ഇസ്ലാമികാഖ്യാനം വിവരിക്കുന്നുണ്ട്. പ്രവാസത്തിനിടയിൽ ഇരുന്നൂറു വയസ്സായ മകൻ അച്ഛനെക്കുറിച്ചന്വേഷിക്കുമ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: “അദ്ദേഹം നല്ല ആരോഗ്യത്തോടിരിക്കുന്നു.” പക്ഷെ അമ്പതു കൊല്ലം കൂടി കഴിഞ്ഞ് സ്വദേശത്തെത്തുമ്പോൾ അയാൾ അറിയുന്നത് തന്റെ നാളുകളുടെ രചയിതാവ് ഇരുന്നൂറു കൊല്ലം മുമ്പേ മരിച്ചുപോയെന്നാണ്‌; പ്രശാന്തഭാവത്തോടെ അയാൾ മന്ത്രിച്ചു: “എത്രയോ കൊല്ലമായി അതെനിക്കറിയാമായിരുന്നു.” തീർച്ചയായും. സ്വന്തം അച്ഛൻ മരിക്കണമെന്നുള്ള മകന്റെ ആവശ്യം അതു നടക്കേണ്ട മുഹൂർത്തത്തിൽ നീക്കുപോക്കില്ലാത്തതാണ്‌, മാരകവുമാണ്‌; നടക്കേണ്ട സമയത്ത് അത് യഥാർത്ഥമായി നടക്കുകയും ചെയ്തിരിക്കുന്നു.
മരണത്തിലേക്കെത്തുന്നില്ല എന്നതാണ് ദൈവങ്ങളുടെ ദുഃഖമെന്ന് റുബെൻ ദാരിയോ പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ കാര്യമാണെങ്കിൽ, തങ്ങളുടെ മരണം തീർച്ചയായെന്നു ബോധവാന്മാരാകുന്ന നിമിഷം മുതൽ അവർ പിന്നെയെന്നും സന്തുഷ്ടരായേനെ. നിർഭാഗ്യത്തിനു പക്ഷേ, മരണം മനുഷ്യർക്കൊരിക്കലും തീർച്ചയുള്ളതൊന്നല്ല: മരിക്കാൻ അവ്യക്തമായ ഒരാഗ്രഹം, ഒരു ദാഹം അവർക്കുണ്ട്; എന്നാൽ തങ്ങൾ മരിക്കുമെന്നതിൽ അവർക്കുറപ്പുമില്ല. മരണത്തെക്കുറിച്ചു തീർച്ചയില്ലാത്തതാണ്‌ മനുഷ്യന്റെ ഖേദത്തിനാസ്പദമെന്ന് ഇതിനാൽ നാം പ്രഖ്യാപിക്കുന്നു.

2020, മേയ് 26, ചൊവ്വാഴ്ച

ബോദ്‌ലേർ - ഈ ലോകം വിട്ടെവിടെയും



ഓരോ രോഗിയും കിടക്ക വച്ചുമാറാൻ കൊതിക്കുന്ന ഒരാശുപത്രിയാണ്‌ ഈ ജീവിതം. ഈയാൾക്കിഷ്ടം സ്റ്റൗവ്വിനു തൊട്ടടുത്തിരുന്നു ചൂടു കൊള്ളാനാണ്‌; മറ്റേയാളാകട്ടെ, ജനാലയ്ക്കടുത്തായാൽ തനിക്കു കുറച്ചുകൂടി സുഖപ്പെടും എന്നു കരുതുന്നു.

ഇപ്പോഴത്തെ ഇടം വിട്ടു മറ്റെവിടെപ്പോയാലും ഞാൻ ഗതി പിടിക്കും എന്നെ ചിന്ത എന്നെ വിട്ടുമാറാതായിരിക്കുന്നു. അങ്ങനെയൊരു മാറ്റത്തെക്കുറിച്ച് ഞാൻ എന്റെ ആത്മാവുമായി അന്തമറ്റ ചർച്ചകളിൽ ഏർപ്പെടാറുമുണ്ട്.

“പാവം, നീ തണുത്തുവിറയ്ക്കുകയാണല്ലോ, എന്റെ ആത്മാവേ! ലിസ്ബണിൽ പോയി താമസിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ഊഷ്മളമാണവിടെ; നിനക്കൊരു ഗൗളിയെപ്പോലെ വെയിലും കാഞ്ഞവിടെക്കഴിയാം. കടലോരത്താണ്‌ നഗരം; പണിയൊക്കെ മാർബിൾ കൊണ്ടാണ്‌; പച്ചപ്പ് കണ്ണിനു കണ്ടുകൂടാത്തതിനാൽ ആ നാട്ടുകാർ സകലമരങ്ങളും പുഴക്കിയെടുത്തു കളഞ്ഞുവത്രെ. നിന്റെ അഭിരുചിക്കൊത്ത ഒരു നാടായിരിക്കും അത്: വെളിച്ചവും ധാതുക്കളും കൊണ്ടു പടുത്ത ഒരു ഭൂപ്രകൃതി; അതു പ്രതിഫലിക്കാൻ ദ്രാവകവും!”

എന്റെ ആത്മാവ് മറുപടി പറയുന്നില്ല.

“ചലനങ്ങളുടെ മേളയും നോക്കി വെറുതേ കിടക്കാൻ നിനക്കത്രയ്ക്കിഷ്ടമാണല്ലോ; ആ സ്ഥിതിയ്ക്ക് നമുക്ക് ഹോളണ്ടിലേക്ക്, വശ്യമായ ആ നാട്ടിലേക്കു പോയാലോ? എത്രയോ തവണ കാഴ്ചബംഗ്ലാവുകളിൽ അതിന്റെ ദൃശ്യങ്ങൾ കണ്ടു നീ നിന്നിരിക്കുന്നു; അവിടെ നിന്റെ മനസ്സിനു സ്വസ്ഥത കിട്ടിയെന്നു വന്നേയ്ക്കാം. പാമരങ്ങളുടെ കാടുകളേയും വീട്ടിറമ്പത്തു നങ്കൂരമിട്ട നൗകകളേയും സ്നേഹിക്കുന്ന നിനക്ക് റോട്ടർഡാം ഇഷ്ടപ്പെടാതിരിക്കുമോ?“

എന്റെ ആത്മാവിന്‌ അപ്പോഴും മൗനം തന്നെ.

”ഇനിയഥവാ ബറ്റേവിയ ആണോ നിനക്കു പിടിക്കുക? ഉഷ്ണമേഖലയുടെ സൗന്ദര്യം യൂറോപ്പിന്റെ ചേതനയെ പുണർന്നുകിടക്കുന്നത് നമുക്കവിടെ കാണുകയുമാവാം.“

ഒരനക്കവുമില്ല. -എന്റെ ആത്മാവ് മരിച്ചുപോയോ?

”സ്വന്തം ആതുരതയിൽ സുഖം കണ്ടെത്തുന്നത്രയ്ക്ക് നീ മരവിച്ചുപോയോ? അതാണു കാര്യമെങ്കിൽ നമുക്ക് മരണത്തിന്റെ പര്യായങ്ങൾ തന്നെയായ നാടുകളിലേക്കോടിപ്പോകാം. എന്റെ പാവം ആത്മാവേ, ഒക്കെ ഞാൻ നോക്കിക്കോളാം. പെട്ടിയുമെടുത്ത് നമുക്കു ടോർണിയോവിലേക്കു പോകാം. വേണമെങ്കിൽ ബാൾട്ടിക് കടലിന്റെ അങ്ങേയറ്റത്തു പോകാം; അത്രകൂടി ജീവിതം വേണ്ടെങ്കിൽ അതും നോക്കാം- നമുക്ക് ധ്രുവപ്രദേശത്തു താമസമാക്കാം. അവിടെ സൂര്യൻ ഭൂമിയെ ചരിഞ്ഞൊന്നുരുമ്മിപ്പോവുകയേയുള്ളു; ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും മന്ദഗതിയായ പകർച്ചകൾക്കിടയിൽ വൈവിദ്ധ്യം അദൃശ്യമാവുകയും ശൂന്യതയുടെ മറുപാതിയായ ഏകതാനത കനക്കുകയും ചെയ്യുന്നു. അവിടെ നമുക്ക് ഇരുട്ടിന്റെ കയങ്ങളിൽ മുങ്ങിക്കുളിക്കാം, ഇടയ്ക്കിടെ ചില ചെങ്കതിരുകൾ വീശി ധ്രുവദീപ്തി നമ്മെ വിനോദിപ്പിക്കുകയും ചെയ്യും- നരകത്തിൽ വെടിക്കെട്ടു നടക്കുന്നതിന്റെ തെളിച്ചമാണെന്നേ തോന്നൂ!“

ഒടുവിൽ എന്റെ ആത്മാവ് പൊട്ടിത്തെറിക്കുന്നു: “എവിടെയും! എവിടെയും! ഈ ലോകം വിട്ടെവിടെയും പോകാം!”

(ഗദ്യകവിതകൾ -48)
---------------------------------------------------------------------------------------------------------------------

കവിതയുടെ ശീർഷകം തോമസ് ഹൂഡിന്റെ (Thomas Hood) “നെടുവീർപ്പുകളുടെ പാലം” എന്ന കവിതയിലെ ഒരു വരിയാണ്‌. അത് ഇംഗ്ലീഷിൽ തന്നെയാണ്‌ ബോദ്‌ലേർ നല്കിയിരിക്കുന്നത്. ഹൂഡിന്റെ കവിത 1865ൽ അദ്ദേഹം ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്തിരുന്നു. കവിതയിൽ കാമുകൻ വഞ്ചിക്കുകയും കുടുംബം തള്ളിപ്പറയുകയും ചെയ്ത ഒരു സ്ത്രീ നദിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു; ഒഴുക്ക് തന്നെ കൊണ്ടുപോകുന്നത് എവിടെയെന്ന് അവൾക്കു പ്രശ്നമേയല്ല, “ഈ ലോകം വിട്ടെവിടെയും” ആയാൽ മതി.

* ടോർണിയോ (Torneo)- നോർവ്വേയിലെ ഒരു പ്രദേശം
*ബറ്റേവിയ (Batavia)- ഡച്ച് കോളണിയായിരുന്നപ്പോഴത്തെ ജക്കാർത്ത



ബോദ്‌ലേർ - പ്രഭാവലയത്തിന്റെ നഷ്ടം



“ഇതെന്താ ചങ്ങാതീ? താനെങ്ങനെ ഇവിടെ വന്നുപെട്ടു? അതും ഇതുപോലൊരു മോശപ്പെട്ട സ്ഥലത്ത്! സത്തുകൾ മോന്തുന്ന താൻ! അമൃതം ഭുജിക്കുന്ന താൻ! എനിക്കൊരു പിടിയും കിട്ടുന്നില്ല.”

“എന്റെ പൊന്നുസുഹൃത്തേ, ഈ കുതിരയും വണ്ടിയുമൊക്കെ എനിക്കെന്തു പേടിയാണെന്നു തനിക്കറിയാമല്ലോ. അല്പം മുമ്പ്  ഞാൻ തെരുവൊന്നു മുറിച്ചുകടക്കാൻ നോക്കുകയായിരുന്നു; നാലുപാടും നിന്ന് ഒരേസമയം കുതിച്ചുവരുന്ന മരണത്തിന്റെ കുളമ്പടികൾക്കിടയിലൂടെ ചെളിയിൽ ചവിട്ടാതെ തത്രപ്പെട്ടു പായുന്നതിനിടയിൽ തലയിൽ നിന്നു പ്രഭാവലയമൂരി ആ അഴുക്കിൽത്തന്നെ ചെന്നുവീണു. അതു ചെന്നെടുക്കാനുള്ള ധൈര്യം അപ്പോഴെനിക്കുണ്ടായില്ല. കീർത്തിമുദ്ര പോയാൽ പോകട്ടെ, എല്ലു നുറുങ്ങാതെ നോക്കുന്നതാണ്‌ ബുദ്ധി എന്നു ഞാൻ ചിന്തിച്ചു. അതുമല്ല, ഏതു ചീത്തക്കാര്യത്തിനും ഒരു നല്ല വശമുണ്ടാവുമല്ലോ എന്നു ഞാൻ സ്വയം സമാധാനിക്കുകയും ചെയ്തു. ഇനിയിപ്പോൾ ആരും തിരിച്ചറിയാതെ സാമാന്യരെപ്പോലെ എനിക്കിവിടെ ചുറ്റിയടിക്കാം, ആഭാസത്തരങ്ങൾ കാണിക്കാം, കുടിച്ചുമദിച്ചു നടക്കാം. അങ്ങനെയാണ്, തന്നെപ്പോലെതന്നെ, ഞാനിവിടെ എത്തിപ്പെട്ടത്!”

“എന്നാലും പ്രഭാവലയം നഷ്ടപ്പെട്ട വിവരത്തിന്‌ പത്രത്തിൽ ഒരു പരസ്യം കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നു, അതല്ലെങ്കിൽ പോലീസിൽ പരാതിപ്പെടാമായിരുന്നു.”

“എന്റെ ദൈവമേ, അതിനൊന്നിനും ഞാനില്ല. എനിക്കിവിടെ വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ ഒരാളേ എന്നെ തിരിച്ചറിഞ്ഞിട്ടുള്ളു. തന്നെയുമല്ല, ഈ പേരും പ്രശസ്തിയുമൊക്കെ എന്നെ ബോറടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. പിന്നെ ഏതെങ്കിലും പൊട്ടക്കവി ആ പ്രഭാവലയമെടുത്ത് ഒരു നാണവുമില്ലാതെ തന്റെ തലയിൽ വയ്ക്കുന്നതോർക്കുമ്പോൾ എനിക്കു നല്ല രസം തോന്നുന്നുമുണ്ട്. ഒരാളെ സന്തോഷിപ്പിക്കുക- അതെന്തു സുഖമുള്ള കാര്യമാണ്‌! ഓർക്കുമ്പോഴേ ചിരി വരുന്ന ഒരാളാണയാളെങ്കിൽ പ്രത്യേകിച്ചും! ‘എക്സ്’നെയോ ‘സെഡ്’നെയോ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! എന്താ? ചിരി വരുന്നില്ലേ?

(ഗദ്യകവിതകൾ- 46)
-----------------------------------------------------------------------------------------------------------------------

ഈ സംഭാഷണം നടക്കുന്നത് കവിയും ഒരു സാധാരണക്കാരനും തമ്മിലാണ്‌; അത്ര പന്തിയല്ലാത്ത ഒരിടത്ത് (അതിനി ഒരു ചുവന്ന തെരുവും ആവാം) യാദൃച്ഛികമായി കണ്ടുമുട്ടുകയാണവർ; അതിന്റെ ചമ്മൽ ഇരുവർക്കുമുണ്ട്. താൻ ഒരുന്നതപീഠത്തിൽ പ്രതിഷ്ഠിച്ചിരുന്ന കലാകാരനെ ഇങ്ങനെയൊരിടത്തു കണ്ടതിന്റെ അന്ധാളിപ്പിൽ നില്ക്കുന്ന സാധാരണക്കാരനെ കവി സാഹചര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുന്നു. തന്നെയുമല്ല, താനിനി അവിടെ സ്ഥിരമാകാൻ പോവുകയാണെന്ന സൂചനയും നല്കുന്നുണ്ട്. ആ സാധാരണക്കാരനെപ്പോലെതന്നെ വായനക്കാരനേയും കുഴക്കുന്ന ഒരു വിചിത്രമായ  കവിതയാണിത്. 

ആദ്യത്തെ നിഗൂഢത ആ ‘പ്രഭാവലയം’ തന്നെ. ഒരു ആധുനികകവിയുടെ തലയിൽ അതെങ്ങനെ വന്നു? ബോദ്‌ലേറുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഒരു വിശ്വാസത്തെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുകയാണ്‌ ഇവിടെയത്: അതായത് കലയുടെ പാവനത എന്ന വിശ്വാസം. കലയോട് മതവിശ്വാസത്തിനു തുല്യമായ ഈ ആരാധന അദ്ദേഹത്തിന്റെ രചനകളിലെല്ലാം കാണാം. 1855ൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “കലാകാരൻ മുളയെടുക്കുന്നത് അവനിൽ നിന്നു മാത്രമാണ്‌...അവൻ ഉറപ്പു നല്കുന്നത് അവനു മാത്രമാണ്‌...സന്തതികളില്ലാതെ അവൻ മരിക്കുന്നു. അവന്റെ രാജാവ് അവൻ തന്നെയാണ്, അവന്റെ പുരോഹിതനും അവന്റെ ദൈവവും അവൻ തന്നെ.” പ്രഭാവലയം നഷ്ടപ്പെടുമ്പോൾ ബോദ്‌ലേറുടെ ദൈവമാണ്‌ പരാജയപ്പെടുന്നത്. എന്നാൽ ഈ ദൈവത്തെ ആരാധിക്കുന്നത് കലാകാരന്മാർ മാത്രമല്ല, കലയും കലാകാരനും തങ്ങൾക്കപ്രാപ്യമായ ഒരു തലത്തിൽ നിലനില്ക്കുന്ന സത്തകളാണെന്ന പല സാധാരണക്കാർ കൂടിയാണെന്നും നാം മനസ്സിലാക്കണം. ‘പ്രഭാവലയത്തിന്റെ നഷ്ടം’ നടക്കുന്നത് കലയുടെ ലോകവും സാധാരണലോകവും ഒന്നിക്കുന്ന ഒരു ബിന്ദുവിൽ വച്ചാണ്‌. അത് ആത്മീയമായ ഒരു ബിന്ദു മാത്രമല്ല, ഭൗതികവും കൂടിയാണ്‌; ആധുനികനഗരത്തിന്റെ ഭൂപടത്തിൽ ഒരു ബിന്ദു. ആധുനികവല്ക്കരണത്തിന്റെ ചരിത്രവും ആധുനികതയുടെ ചരിത്രവും ഉരുകിച്ചേരുന്ന ബിന്ദുവാണത്.

ബോദ്‌ലേറും മാർക്സും തമ്മിലുള്ള ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്നത് വാൾട്ടർ ബന്യാമിൻ ആണെന്നു തോന്നുന്നു. വാൾട്ടർ ബന്യാമിൻ എടുത്തുപറയുന്നില്ലെങ്കിലും ബോദ്‌ലേറുടെ കവിതയിലെ കേന്ദ്രബിംബത്തിന്‌ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു പ്രാഥമികബിംബത്തിനോടുള്ള ചാർച്ച മാർക്സിനെ വായിച്ചിട്ടുള്ള ഒരാൾക്ക് കണ്ടെടുക്കാവുന്നതേയുള്ളു: “ഇത്രകാലവും ആദരിക്കപ്പെടുകയും ആരാധനയോടെ വീക്ഷിക്കപ്പെടുകയും ചെയ്ത സകലപ്രവൃത്തികളേയും ചൂഴ്ന്നുനിന്ന പ്രഭാവലയത്തെ ബൂർഷ്വാസി പറിച്ചെറിഞ്ഞിരിക്കുന്നു. ഡോക്ടറെ, വക്കീലിനെ, പുരോഹിതനെ, കവിയെ, ശാസ്ത്രജ്ഞനെ അത് അതിന്റെ കൂലിവേലക്കാരാക്കി മാറ്റി.” ആധുനികജീവിതത്തിനു സവിശേഷമായ ഒരനുഭവം, ആധുനികകലയുടേയും ചിന്തയുടേയും ഒരു കേന്ദ്രപ്രമേയം, ‘അപവിത്രീകരണം’ ആണെന്നാണ്‌ ഇരുവരും പറയുന്നത്. മാർക്സിന്റെ സിദ്ധാന്തം ആ അനുഭവത്തെ ലോകചരിത്രപരമായ ഒരു സന്ദർഭത്തിൽ പ്രതിഷ്ഠിക്കുന്നു; ഉള്ളിൽ നിന്നുള്ള അതിന്റെ അനുഭവത്തെയാണ്‌ ബോദ്‌ലേറുടെ കവിത കാണിക്കുന്നത്. എന്നാൽ രണ്ടുപേരുടെയും പ്രതികരണത്തിന്റെ വൈകാരികതലം വ്യത്യസ്തമാണ്‌. മാനിഫെസ്റ്റോയിൽ ഈ അപവിത്രീകരണനാടകം ഭയാനകവും ട്രാജിക്കുമാണ്‌: മാർക്സ് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഈഡിപ്പസ്സിനേയും ലിയർ രാജാവിനേയും പോലെയുള്ള ഉദാത്തവ്യക്തികളെയാണ്‌; അവമതിയിൽ നിന്നും ദുരിതത്തിൽ നിന്നും പുതിയൊരു കുലീനത സൃഷ്ടിക്കുന്നവരെയാണ്‌. എന്നാൽ ‘പ്രഭാവലയത്തിന്റെ നഷ്ട’ത്തിന്റെ അന്തസ്സത്ത മറ്റൊന്നാണ്‌; ഇവിടെ ആ നാടകം കോമിക്കാണ്‌, ആവിഷ്കാരരീതി ഐറണിക്കാണ്‌. പ്രഭാവലയം മാനിഫെസ്റ്റോയിലേതുപോലെ ഉഗ്രവും പ്രൗഢവുമായ ഒരു ചേഷ്ടയിൽ പറിച്ചെറിയപ്പെടുകയല്ല, മറിച്ചത് കവിയുടെ തലയിൽ നിന്നൂർന്നുവീണ്‌, ചെളിയിലൂടെ ഉരുണ്ടുപോവുകയാണ്‌; അതോർമ്മിപ്പിക്കുന്നത് വില കുറഞ്ഞ തമാശനാടകങ്ങളെയാണ്‌, ചാപ്ലിന്റെയും കീറ്റന്റെയും സിനിമകളിലെ ദാർശനികമായ മൂടിടിച്ചുവീഴ്ചകളെയാണ്‌. ഹീറോകൾ ആന്റിഹീറോകളുടെ വേഷമിട്ടു വരുന്ന ഒരു നൂറ്റാണ്ടിലേക്കാണ്‌ അത് വിരൽ ചൂണ്ടുന്നത്; ആ നൂറ്റാണ്ടിൽ ഏറ്റവും ഗൗരവമുള്ള സത്യങ്ങളുടെ മുഹൂർത്തങ്ങൾ വിവരിക്കപ്പെടുന്നത് എന്നു മാത്രമല്ല, അനുഭവിക്കപ്പെടുകയും ചെയ്യുന്നത് കോമാളിനാടകങ്ങളായിട്ടായിരിക്കും...

(from Baudelaire: Modernism in the Streets by Marshall Berman)


2020, മേയ് 25, തിങ്കളാഴ്‌ച

ബോദ്‌ലേർ- ചന്ദ്രൻ പ്രസാദിച്ചവൾ



നീ തൊട്ടിലിൽ ഉറങ്ങിക്കിടക്കെ, ചാപല്യത്തിന്റെ ഉടൽരൂപമായ ചന്ദ്രൻ ജനാലയിലൂടെ ഉള്ളിലേക്കു നോക്കി ഇങ്ങനെ പറഞ്ഞു: “ഈ കുഞ്ഞിൽ ഞാൻ പ്രീതയായിരിക്കുന്നു.”

എന്നിട്ടവൾ ഒരു തൂവൽ പോലെ മേഘപ്പടവുകളിറങ്ങിവന്ന് ജനാലച്ചില്ലിലൂടെ നിശ്ശബ്ദം ഉള്ളിലേക്കു കടന്നു. പിന്നെയവൾ ഒരമ്മയുടെ കരുതലോടെ, വാത്സല്യത്തോടെ നിന്നെപ്പൊതിഞ്ഞുകിടന്നപ്പോൾ നിന്റെ മുഖത്തവളുടെ നിറങ്ങൾ പുരണ്ടു. അങ്ങനെയാണ്‌ നിന്റെ കൃഷ്ണമണികൾക്കു പച്ചനിറം പകർന്നത്, നിന്റെ കവിളുകൾ ഇത്രയും വിളർത്തതും. ഈ അതിഥിയെ നോക്കിക്കിടന്നതിനാലാണ്‌ നിന്റെ കണ്ണുകൾ ഇത്ര വിചിത്രമായി വിടർന്നുപോയത്; നിന്റെ തൊണ്ടയിലവൾ അത്രയും മൃദുവായി തഴുകിയതിനാൽ തേങ്ങൽ നിന്നെ വിട്ടൊഴിയാതെയുമായി.

അതേനേരം ചന്ദ്രനതിന്റെ വിപുലാനന്ദത്തോടെ മുറിയിലെങ്ങും നിറഞ്ഞു, ഒരു ശീതവെളിച്ചം പോലെ, മിനുങ്ങുന്നൊരു വിഷം പോലെ. ആ ജീവനുള്ള വെളിച്ചം ഇങ്ങനെ ചിന്തിച്ചു, ഇങ്ങനെ പറഞ്ഞു: “ഇനിയെന്നും നീ എന്റെ ചുംബനത്തിനടിമയായിരിക്കും. നിന്റെ സൗന്ദര്യം എന്റേതുപോലെയായിരിക്കും. ഞാൻ സ്നേഹിക്കുന്നതേതിനേയും എന്നെ സ്നേഹിക്കുന്നതേതിനേയും തന്നെ നീയും സ്നേഹിക്കും: ജലം, മേഘങ്ങൾ, നിശ്ശബ്ദത, രാത്രി; ആഴം കാണാത്ത പച്ചക്കടൽ; രൂപരഹിതവും ബഹുരൂപിയുമായ ജലം; നീ കാണാത്ത ഇടങ്ങൾ; നിനക്കറിയാത്ത കാമുകൻ; വിലക്ഷണപുഷ്പങ്ങൾ; ഉന്മാദത്തിലേക്കെത്തിക്കുന്ന പരിമളങ്ങൾ; പിയാനോകൾക്കു മേൽ അലസമായി പതിഞ്ഞുകിടന്ന് സ്ത്രീകളെപ്പോലെ മധുരമായി മുരളുന്ന പൂച്ചകൾ!

“എന്നെ പ്രേമിക്കുന്നവർ നിന്നെ പ്രേമിക്കും, എന്നെ പ്രീതിപ്പെടുത്താൻ നോക്കുന്നവർ നിന്നെയും പ്രീതിപ്പെടുത്താൻ വരും. എന്റെ നിശാലാളനകളിൽ ഞാൻ കണ്ഠാശ്ലേഷം ചെയ്ത പച്ചക്കണ്ണുള്ള പുരുഷന്മാർ; കടലിനെ, വിപുലവും പ്രക്ഷുബ്ധവും പച്ചനിറമായതുമായ കടലിനെ; രൂപരഹിതവും ബഹുലരൂപവുമായ  ജലത്തെ; തങ്ങളെത്താത്തിടങ്ങളെ, തങ്ങൾക്കറിയാത്ത സ്ത്രീകളെ, ഏതോ അജ്ഞാതമതാനുഷ്ഠാനത്തിലെ ധൂപപാത്രങ്ങൾ പോലുള്ള പൈശാചപുഷ്പങ്ങളെ, മനസ്സസ്വസ്ഥമാക്കുന്ന പരിമളങ്ങളെ; തങ്ങളുടെ ഉന്മാദത്തിന്റെ മുദ്രകൾ തന്നെയായ വന്യവും മദാലസവുമായ ജന്തുക്കളെ സ്നേഹിക്കുന്നവർ- അവർക്കു നീ റാണിയാകും.”

അതുകൊണ്ടാണെന്റെ ശപ്തയായ, പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ നിന്റെ കാല്ച്ചുവട്ടിൽ വീണുകിടക്കുന്നത്; നിന്റെ ഉടലുടനീളം അവളുടെ പ്രതിച്ഛായ തേടുകയാണു ഞാൻ, ഭീതിദയായ ആ ദേവതയുടെ, മരണഹേതുവായ മാതൃദേവിയുടെ,  ഉന്മാദികൾക്കെല്ലാം വിഷം ചുരത്തുന്ന ധാത്രിയുടെ.

(ഗദ്യകവിതകൾ - 37)
--------------------------------------------------------------------------------------------------------------------

*ഈ കവിതയുടെ ആദ്യരൂപം ഒരു “Berthe”യ്ക്കു സമർപ്പിച്ചിരുന്നു. 1863-64ൽ ബോദ്‌ലേർ ബന്ധം വച്ചിരുന്ന ഒരു നാടകനടിയാണ്‌ അവർ. “സൂപ്പും മേഘങ്ങളും” എന്ന ഗദ്യകവിതയിലെ സ്ത്രീയും അവർ തന്നെ. ഇതിൽ നിന്ന് അവരുടെ പ്രകൃതം എങ്ങനെയുള്ളതാണെന്ന് ഊഹിക്കാം- കവി അവരോടടുക്കാൻ കാരണവും അതുതന്നെ!

നിയാമത്ത് ഖാൻ - ഒരു സൂഫികഥ

കാടു കയറുന്ന ചിന്തയ്ക്കു പേരു കേട്ട ആ നഗരത്തിൽ ഒരാൾ രാത്രിയിൽ “കള്ളൻ, കള്ളൻ!” എന്നു വിളിച്ചുകൂവിക്കൊണ്ട് തെരുവിലൂടെ ഓടിനടന്നു.
ആളുകൾ ചുറ്റും കൂടി; അയാളുടെ പരവേശം അല്പമൊന്നു ശമിച്ചപ്പോൾ അവർ ചോദിച്ചു: “കള്ളനെവിടെ?”
“എന്റെ വീട്ടിൽ.”
“അയാളെ നേരിട്ടു കണ്ടോ?”
“ഇല്ല.”
“എന്തെങ്കിലും നഷ്ടപ്പെട്ടോ?”
“ഇല്ല.”
“പിന്നെ കള്ളൻ കയറിയെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?”
“കട്ടിലിൽ കിടക്കുമ്പോഴാണ്‌ ഞാനോർത്തത്, കള്ളന്മാർ ഒച്ചയനക്കമില്ലാതെയാണ്‌ വീട്ടിനുള്ളിൽ കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതെന്ന്. എനിക്കൊരു ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല; അപ്പോഴെനിക്കു മനസ്സിലായി, വീട്ടിൽ കള്ളൻ കയറിയിട്ടുണ്ടെന്ന്; കാര്യം തിരിഞ്ഞോ, മണ്ടന്മാരേ!”

()

ടോൾസ്റ്റോയി - ഒരു സാരോപദേശകഥ

ഒരിക്കൽ ഒരു പാവപ്പെട്ടവൻ ഒരു ജന്മിയുടെ തോട്ടത്തിൽ വെള്ളരി കക്കാൻ കയറി. വെള്ളരിത്തടത്തിനടുത്തിരുന്ന് അയാൾ മനസ്സിൽ പറഞ്ഞു:
“ഒരു ചാക്കു നിറയെ വെള്ളരി ഞാനെടുക്കും; അതു വിറ്റ് ഞാനൊരു പിടക്കോഴിയെ വാങ്ങും; അതെന്നും എനിക്കു മുട്ടയിട്ടുതരും, അതിനടയിരിക്കും, ഒരുപാടു കോഴിക്കുഞ്ഞുങ്ങളെ കൊത്തിവിരിക്കുകയും ചെയ്യും. കോഴികളെയെല്ലാം തീറ്റ കൊടുത്തുവലുതാക്കി ഞാൻ വില്ക്കും; പിന്നെ ഞാനൊരു പെൺപന്നിയെ വാങ്ങും; അവളെനിക്കു കുറേ പന്നികളെ തരും. അവയെ വിറ്റു ഞാനൊരു പെൺകുതിരയെ വാങ്ങും; അവളുടെ കുതിരക്കുട്ടികളെ വളർത്തിവലുതാക്കി അവയേയും ഞാൻ വില്ക്കും. അങ്ങനെ ഞാനൊരു വീടു വാങ്ങും, വീടിനു തൊട്ടൊരു തോട്ടം വാങ്ങും, തോട്ടത്തിൽ ഞാൻ വെള്ളരിയിറക്കും, ആരും വെള്ളരി കട്ടുകൊണ്ടുപോകാതിരിക്കാൻ നല്ല കരുതൽ ഞാനെടുക്കും. ഞാൻ കാവലിനാളെ വയ്ക്കും; അവർ ശരിക്കു കാവൽ നില്ക്കുന്നുണ്ടോയെന്നു പരീക്ഷിക്കാൻ അവരറിയാതെ രാത്രിയിൽ ഞാൻ തോട്ടത്തിൽ ചെല്ലും; ”നല്ല കണ്ണു വേണേ!“ അവരെ ഞാൻ താക്കീതു ചെയ്യും.

ഇത്രയുമെത്തിയപ്പോൾ അയാൾ ആവുന്നത്ര ഉച്ചത്തിൽ ഒച്ചയെടുത്തു. കാവല്ക്കാർ ഓടിവന്ന് അയാളെ അടിച്ചോടിക്കുകയും ചെയ്തു.


ബോദ്‌ലേർ- പിഴയ്ക്കാത്ത ഉന്നം



കാട്ടിലൂടെ കടന്നുപോകുന്നവഴി ഒരു ഷൂട്ടിങ്ങ് റേഞ്ചിനടുത്തു വണ്ടി നിർത്താൻ അയാൾ വണ്ടിക്കാരനോടു പറഞ്ഞു; വെറുതേ സമയം കൊല്ലാൻ ഒരവസരം കിട്ടിയതു പ്രയോജനപ്പെടുത്താമല്ലോ, അയാൾ പറഞ്ഞു. ആ ഭീകരജന്തുവിനെ കൊല്ലുക- അതല്ലേ,  ഏവരുടേയും സർവ്വസാധാരണവും ന്യായവുമായ വ്യവഹാരം? പിന്നെ തന്റെ പ്രിയപ്പെട്ട, സുന്ദരിയായ, വെറുക്കപ്പെട്ട ഭാര്യയുടെ നേർക്കയാൾ ഭവ്യമായി കൈ നീട്ടി; എത്രയോ സന്തോഷങ്ങൾക്ക്, എത്രയോ ദുഃഖങ്ങൾക്ക്, തന്റെ പ്രതിഭയുടെ വലിയൊരു പങ്കിനു തന്നെയും അയാൾ കടപ്പെട്ടിരിക്കുന്നത് നിഗൂഢയായ ആ സ്ത്രീയോടാണല്ലോ.

കുറേ വെടിയുണ്ടകൾ ലക്ഷ്യത്തിൽ നിന്നു വളരെയകലെച്ചെന്നു തറച്ചു; ഒന്നാകട്ടെ, മച്ചിൽക്കൊണ്ട് അവിടെ തറച്ചിരിക്കുകയും ചെയ്തു. ഭർത്താവിന്റെ വൈദഗ്ധ്യമില്ലായ്മയെ കളിയാക്കിക്കൊണ്ട് ആ സ്ത്രീ വശ്യമായി പൊട്ടിച്ചിരിച്ചപ്പോൾ അയാൾ വെട്ടിത്തിരിഞ്ഞ് അവളെ നോക്കിപ്പറഞ്ഞു: “അങ്ങവിടെ വലതുവശത്തായി നില്ക്കുന്ന ആ പാവയെ കണ്ടില്ലേ, തലയും വെട്ടിച്ച് ധാർഷ്ട്യത്തോടെ നില്ക്കുന്നതിനെ? എന്റെ പ്രിയപ്പെട്ട ദേവതേ, അതു നീയാണെന്നു ഞാൻ സങ്കല്പിക്കുകയാണ്‌.”എന്നിട്ടയാൾ: കണ്ണടച്ചും കൊണ്ട് കാഞ്ചി വലിച്ചു. പാവയുടെ തല കൃത്യമായി അറ്റുവീണു.

എന്നിട്ടയാൾ തന്റെ പ്രിയപ്പെട്ട, സുന്ദരിയായ, വെറുക്കപ്പെട്ട ഭാര്യയുടെ, തനിക്കനിവാര്യയായ, തന്നോടു നിർദ്ദയയായ ആ ദേവിയുടെ നേർക്കു കുനിഞ്ഞ്, ഭവ്യതയോടെ അവളുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ നൈപുണ്യത്തിന്‌ ഞാൻ നിന്നോടെത്രമേൽ കടപ്പെട്ടിരിക്കുന്നുവെന്നോ!”

(ഗദ്യകവിതകൾ - 43)

2020, മേയ് 24, ഞായറാഴ്‌ച

ബോദ്‌ലേർ - അന്യൻ



“പറയൂ, പിടി തരാത്ത മനുഷ്യാ, നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നതാരെയാണ്‌? നിങ്ങളുടെ അച്ഛനെ, അമ്മയെ, സഹോദരിയെ, അതോ നിങ്ങളുടെ സഹോദരനെ?”

“എനിക്കച്ഛനില്ല, അമ്മയില്ല, സഹോദരിയില്ല, സഹോദരനില്ല.”

“നിങ്ങളുടെ കൂട്ടുകാരെ?”

“ഈ ദിവസം വരെ എനിക്കർത്ഥം മനസ്സിലാകാത്ത ഒരു വാക്കാണ്‌ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത്.”

“നിങ്ങളുടെ രാജ്യത്തെ?”

“ഏതക്ഷാംശരേഖയിലാണ്‌ അതു കിടക്കുന്നതെന്ന് എനിക്കറിയില്ല.”

“സൗന്ദര്യത്തെ?”

“അനശ്വരയായ ആ ദേവതയെ സന്തോഷത്തോടെ ഞാൻ സ്നേഹിക്കുമായിരുന്നു.”

“സ്വർണ്ണത്തെ?”

“നിങ്ങൾ ദൈവത്തെ വെറുക്കുന്നപോലെ ഞാനതിനെ വെറുക്കുന്നു.”

“പിന്നെന്തിനെയാണു ഹേ, വിചിത്രനായ അപരിചിതാ, നിങ്ങൾ സ്നേഹിക്കുന്നത്?”

“ഞാൻ സ്നേഹിക്കുന്നത് മേഘങ്ങളെ...അങ്ങു മുകളിൽ...അങ്ങു മുകളിൽ...ഒഴുകിപ്പോകുന്ന മേഘങ്ങളെ...ആ അത്ഭുതമേഘങ്ങളെ!”

(ഗദ്യകവിതകൾ - 1)

2020, മേയ് 23, ശനിയാഴ്‌ച

ബോദ്‌ലേർ - നിന്റെ മുടിയിൽ ഒരർദ്ധഗോളം



നിന്റെ മുടിയുടെ സുഗന്ധം ശ്വസിച്ചുകിടക്കട്ടെ ഞാനേറെയേറെ നേരം; ദാഹം പൊറുക്കാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുമ്പോലതിൽ ഞാൻ മുഖം പൂഴ്ത്തട്ടെ; ഓർമ്മകളെ വായുവിലേക്കു കുടഞ്ഞിടാൻ  മണമുള്ള തൂവാല പോലെ ഞാനതെടുത്തുവീശട്ടെ.

നിന്റെ മുടിയിൽ ഞാൻ കാണുന്നതെന്തൊക്കെയാണെന്നു നീയറിഞ്ഞിരുന്നെങ്കിൽ! എന്തൊക്കെ അനുഭൂതികൾ! എന്തൊക്കെക്കേൾവികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ യാത്ര ചെയ്യുമ്പോൾ ഈ സുഗന്ധത്തിലാണെന്റെ ആത്മാവിന്റെ പ്രയാണം!

നിന്റെ മുടിയിലടങ്ങുന്നു, പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്കെന്നെ നയിക്കുന്നു; ആകാശത്തിനു നീലിമയും ഗഹനതയും കൂടുതലാണവിടെ, ഇലകളും കനികളും മനുഷ്യചർമ്മവും പരിമളപ്പെടുത്തുന്ന അന്തരീക്ഷമാണവിടെ.

നിന്റെ മുടിയുടെ പെരുംകടലിൽ ഞാനൊരു തുറമുഖം കാണുന്നു; വിഷാദഗാനങ്ങളതിൽ തങ്ങിനില്ക്കുന്നു, നാനാദേശക്കാരായ ഉശിരന്മാരായ ആണുങ്ങൾ തിക്കിത്തിരക്കുന്നു, നിത്യോഷ്ണം  അലസശയനം നടത്തുന്ന വിപുലാകാശത്ത് നാനാതരം യാനങ്ങൾ സൂക്ഷ്മവും സങ്കീർണ്ണവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, മനോഹരമായൊരു നൗകയുടെ ഉള്ളറയിലൊന്നിൽ പൂപ്പാത്രങ്ങൾക്കും കുളിരുന്ന തണ്ണീർക്കുടങ്ങൾക്കുമിടയിൽ, തുറമുഖത്തെ അദൃശ്യമായ തിരപ്പെരുക്കത്തിന്റെ തൊട്ടിലാട്ടത്തിൽ ദീർഘശയനം നടത്തുന്നതിന്റെ സുഖം ഞാൻ വീണ്ടുമറിയുന്നു.

നിന്റെ മുടിക്കെട്ടിന്റെ തീയും കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ ഉള്ളിലേക്കെടുക്കുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തനീലിമയുടെ മിനുക്കം ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലിന്റെയും കസ്തൂരിയുടെയും വെളിച്ചെണ്ണയുടെയും കൂടിക്കലർന്ന ഗന്ധം മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിൽ ഞാൻ സാവധാനം പല്ലുകളാഴ്ത്തട്ടെ. നിന്റെ അയഞ്ഞ, മെരുങ്ങാത്ത മുടി ചവയ്ക്കുമ്പോൾ എനിക്കു തോന്നുന്നു, ഓർമ്മകൾ തിന്നുകയാണു ഞാനെന്ന്.

(ഗദ്യകവിതകൾ-17)
---------------------------------------------------------------------------------------------------------------------

ബോദ്‌ലേറുടെ “കറുത്ത വീനസ്” ആയ ഷീൻ ദുവാൽ (Jeanne Duval) ആണ്‌ ഈ മുടിയുടെ ഉടമ. ഫ്രഞ്ച്-ആഫ്രിക്കൻ സങ്കരവർഗ്ഗത്തിൽ ജനിച്ച ദുവാൽ നടിയും നർത്തകിയും ആയിരുന്നു. 1820ൽ ഹെയ്തിയിൽ ജനിച്ചു. 1842ൽ പാരീസിൽ വച്ചാണ്‌ ബോദ്‌ലേർ ദുവാലിനെ കാണുന്നത്. പിന്നീട് 20 കൊല്ലം അവർ ഒരുമിച്ചുജീവിച്ചു. അമ്മ കഴിഞ്ഞാൽ ബോദ്‌ലേർ ഏറ്റവുമധികം സ്നേഹിച്ച സ്ത്രീ ദുവാൽ ആണെന്നു പറയുന്നു. പേടിപ്പിക്കുന്ന സ്ത്രീസൗന്ദര്യത്തിന്റെയും ലൈംഗികതയുടേയും നിഗൂഢതയുടേയും പ്രതീകമായിരുന്നു ദുവാൽ അദ്ദേഹത്തിന്‌ . പാപത്തിന്റെ പൂക്കളിലെ “അവളുടെ മുടി,” “നൃത്തം ചെയ്യുന്ന സർപ്പം,“ ”ജഡം,“ ”അവൾ തൃപ്തയല്ല“ എന്നീ കവിതകളും ഈ കറുത്ത വീനസ് പ്രചോദിപ്പിച്ചതു തന്നെ. ദുവാൽ 1862ലോ മറ്റോ സിഫിലിസ് ബാധിച്ചു മരിച്ചു എന്നാണ്‌ കരുതപ്പെടുന്നത്.



2020, മേയ് 22, വെള്ളിയാഴ്‌ച

ഷൂൾ റെനാർഡ് - കിളിയില്ലാത്ത കിളിക്കൂട്‌




കിളികളെ കൂട്ടിലിട്ടടയ്ക്കാൻ ആളുകൾക്കു മനസ്സു വരുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഫെലിക്സിനു മനസ്സിലാവുന്നില്ല.

“അതൊരു കുറ്റകൃത്യമാണ്‌,” അയാൾ പറയുന്നു, “പൂ പറിക്കുന്നതുപോലെ. എന്റെ കാര്യം പറയുകയാണെങ്കിൽ, പൂക്കളെ തണ്ടിൽത്തന്നെ നിർത്തി മണപ്പിക്കാനാണ്‌ എനിക്കിഷ്ടം. കിളികളും അതുപോലെ പറന്നുനടക്കാനുള്ളവയാണ്‌.”

എന്നിട്ടു പക്ഷേ, അയാൾ പോയി ഒരു കിളിക്കൂടു വാങ്ങുന്നു, തന്റെ ജനാലയ്ക്കു മുന്നിൽ അത് തൂക്കിയിടുകയും ചെയ്യുന്നു. അയാൾ അതിനകം പഞ്ഞി കൊണ്ടു വിരിക്കുന്നു, ഒരു തളികയിൽ കുറേ ധാന്യമണികൾ ഇട്ടുവയ്ക്കുന്നു, വെള്ളമൊഴിക്കാൻ ഒരു കിണ്ണവും വയ്ക്കുന്നു. അതും പോരാഞ്ഞ് ഒരൂഞ്ഞാലും ഒരു കണ്ണാടിയും കൂടി അതിൽ തൂക്കുന്നു.

ആശ്ചര്യത്തോടെ കാര്യം ചോദിച്ചവരോട് അയാൾ പറഞ്ഞതിങ്ങനെ:

“ഓരോ തവണ ആ കൂടു കാണുന്തോറും എന്റെ വിശാലമനസ്കതയിൽ എനിക്കഭിമാനം തോന്നുന്നു. എനിക്കതിൽ ഒരു കിളിയെ ഇട്ടടയ്ക്കാവുന്നതേ ഉണ്ടായിരുന്നുള്ളു, പക്ഷേ ഞാനതു ചെയ്തില്ല. ഒന്നു മനസ്സു വച്ചിരുന്നെങ്കിൽ ഒരു ചൂളക്കാരൻ കിളിയേയോ പുറത്തു ചാടിനടക്കുന്ന തടിയനൊരു ബുൾഫിഞ്ചിനേയോ ഇവിടൊക്കെക്കാണുന്ന മറ്റേതെങ്കിലുമൊരു കിളിയേയോ എനിക്കതിൽ തടവുകാരനാക്കാമായിരുന്നു. പക്ഷേ എന്റെ സന്മനസ്സു കാരണം അതിൽ ഒരു കിളിയെങ്കിലും ഇപ്പോൾ സ്വതന്ത്രനായി നടക്കുന്നു. അതെപ്പോഴും...“

എൽസിഗ് സില്ബെർഷ്ലാഗ് - അവിശ്വാസികളുടെ വഴിയിൽ



വെയിലും തെന്നലും കടലും
മണലിലെരിയുന്ന നിന്റെയുടലും,
വെയിലും തെന്നലും കടലും
മൗനമായവകാശപ്പെടുന്ന നിന്റെയുടലും,
വെയിലും തെന്നലും കടലും
സകലതിനെയും കീഴടക്കുന്ന നിന്റെയുടലും,
വെയിലും തെന്നലും കടലും-
ഹാ, ദൈവമില്ലാത്ത, ദാസ്യമില്ലാത്ത ജീവിതം.
***

എൽസിഗ് സില്ബെർഷ്ലാഗ് SILBERSCHLAG, EISIG (1903-1988)- അമേരിക്കൻ ഹീബ്രു കവി. ഏകദൈവവിശ്വാസത്തിൽ നിന്ന് (പത്തു കല്പനകളിൽ നിന്ന്) പാഗൻ ബഹുദൈവവിശ്വാസത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മോചനസ്വപ്നമാണ്‌ ഈ കവിതയെന്ന് നിരൂപകർ. ‘എരിയുന്നതിൽ’ നിന്ന് ‘അവകാശപ്പെടുന്നതി’ലേക്കും ഒടുവിൽ ‘കീഴടക്കുന്നതി’ലേക്കും ഉടലിന്റെ ദാഹം വളരുന്നു.

ലിയോപോൾഡോ ലുഗോനെസ്- എന്റെ മരണത്തിന്റെ കഥ





മരണം ഞാൻ സ്വപ്നം കണ്ടു:
അതത്ര ലളിതമായിരുന്നു.
ഒരു പട്ടുനൂലിന്റെ കൊക്കൂൺ
എന്നെ ചുറ്റിവരിഞ്ഞിരുന്നു,
ഓരോതവണ നീയെന്നെ ചുംബിക്കുമ്പോഴും
അതിന്റെ ഒരു ചുറ്റഴിഞ്ഞുകൊണ്ടിരുന്നു,
നിന്റെ ഓരോ ചുംബനവും
ഒരു പകൽ നീളുന്നതായിരുന്നു,
രണ്ടു ചുംബനങ്ങൾക്കിടയിലെ നേരം
ഒരു രാത്രിയുടെ നീളമുള്ളതായിരുന്നു.
മരണം അത്ര ലളിതമായിരുന്നു.

മെല്ലെമെല്ലെ ആ മരണച്ചുറ്റഴിയുകയായിരുന്നു,
ഒടുവിൽ വിരലുകൾക്കിടയിലെ
ഒരു നൂൽത്തുണ്ടു മാത്രം ശേഷിച്ചു...
അപ്പോൾപ്പെട്ടെന്നു നീ തണുത്തു,
നീയെന്നെ ചുംബിക്കാതായി,
എന്റെ പിടി അയഞ്ഞു,
ജീവനെന്നെ വിട്ടുപോവുകയും ചെയ്തു.
-------------------------------------------------------------------------------------------------------------------------------------------



ലിയോപോൾഡോ ലുഗോനെസ് Leopoldo Antonio Lugones Arguello (1874-1938)- സ്പാനിഷ് ഭാഷയിലെ ആധുനികതയുടെ തുടക്കക്കാരനായി അറിയപ്പെടുന്ന അർജന്റീനിയൻ കവിയും നോവലിസ്റ്റും നാടകകൃത്തും വിവർത്തകനും ചരിത്രകാരനും ജീവചരിത്രകാരനും ഭാഷാശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനും നയതന്ത്രജ്ഞനും രാഷ്ട്രീയനേതാവും പത്രപ്രവർത്തകനും. അർജന്റീനയിലെ പുതുതലമുറ എഴുത്തുകാരെ, ബോർഹസിനെ പ്രത്യേകിച്ചും, അദ്ദേഹം കാര്യമായി സ്വാധീനിച്ചിരുന്നു. ബോർഹസ് തന്റെ El Hacedor എന്ന സമാഹാരം സമർപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

വീസ്‌വാവ ഷിംബോർസ്ക്ക - സംഗ്രഹം



ഇയ്യോബ്, തന്റെയുടലിലും സ്വത്തിലും ദാരുണമായി പരീക്ഷിക്കപ്പെട്ടവൻ, അവൻ മനുഷ്യന്റെ വിധിയെ പഴിക്കുന്നു. ഗംഭീരമായ കവിത തന്നെയത്. അയാളുടെ സ്നേഹിതന്മാർ വരുന്നു; തങ്ങളുടെ ഉടയാടകൾ ചീന്തിക്കൊണ്ട്, ദൈവത്തിനു മുന്നിൽ അവർ ഇയ്യോബിന്റെ അപരാധം തലനാരിഴ കീറി പരിശോധിക്കുന്നു. താൻ ധർമ്മിഷ്ടനായിരുന്നുവെന്ന് ഇയ്യോബ് കരഞ്ഞുപറയുന്നു. ദൈവം തന്നെ അടിച്ചുവീഴ്ത്തിയതെന്തിനെന്ന് ഇയ്യോബിനറിയുന്നില്ല. ഇയ്യോബിന്‌ അവരോടു സംസാരിക്കണമെന്നില്ല. ഇയ്യോബിന്‌ ദൈവത്തോടു സംസാരിച്ചാൽ മതി. കർത്താവായ ദൈവം ചണ്ഡവാതങ്ങളുടെ തേരിലേറി പ്രത്യക്ഷനാവുന്നു. എല്ലു പിളരുവോളം യാതനയേറ്റവനു മുന്നിൽ. അവൻ സ്വന്തം കൈകളുടെ സൃഷ്ടിപാടവത്തെ പുകഴ്ത്തുന്നു: ആകാശം, കടൽ, ഭൂമി, അതിലെ ജന്തുജാലം. വിശേഷിച്ചും ബെഹെമൊത്തും ലെവിയത്താനും: ദൈവത്തിനഭിമാനം തോന്നുന്ന സത്വങ്ങൾ. ഗംഭീരമായ കവിത തന്നെയിത്. ഇയ്യോബ് കാതോർത്തു കേൾക്കുന്നു. കർത്താവായ ദൈവം പൊന്തയിൽ തല്ലുകയാണ്‌; കർത്താവായ ദൈവത്തിനതാണിഷ്ടം. അതിനാൽ ഇയ്യോബ് എന്തു ചെയ്യുന്നു? അയാൾ തത്ക്ഷണം ദൈവത്തിനു മുന്നിൽ സാഷ്ടാംഗം വീഴുകയാണ്‌. പിന്നെ കാര്യങ്ങളൊക്കെ ദ്രുതഗതിയിലാവുന്നു: ഇയ്യോബിനു തന്റെ കഴുതകളെയും ഒട്ടകങ്ങളെയും, ആടുകളെയും കാളകളെയും രണ്ടിരട്ടിയായി തിരിച്ചുകിട്ടുന്നു; ഇളിച്ചുകാട്ടിയ തലയോട്ടിയ്ക്കു മേൽ മുടി വളരുന്നു. ഇയ്യോബും ഒപ്പം ചേർന്നഭിനയിക്കുന്നു. ഇയ്യോബിനു പ്രതിഷേധമില്ല. ഒരു മഹത്തായ കൃതി നശിച്ചുകാണാൻ ഇയ്യോബിനാഗ്രഹമില്ല.

കവാഫി - അവസാനം


ഭയന്നുവിറച്ചും സംശയിച്ചും
മനസ്സുലഞ്ഞും കണ്ണു വിരണ്ടും
അത്രമേൽ നമ്മെ ഭീഷണിപ്പെടുത്തുന്ന
സുനിശ്ചിതാപായത്തിൽ നിന്നു രക്ഷപ്പെടാൻ
വഴികളാലോചിച്ചു നാം ക്ഷയിക്കുന്നു.
നമുക്കു പക്ഷേ, തെറ്റിപ്പോയിരിക്കുന്നു;
നമ്മെ കാത്തിരിക്കുന്ന അപകടമതല്ല;
സൂചനകൾ തെറ്റായിരുന്നു
(ഒന്നുകിൽ നാമതു കേട്ടില്ല,
അല്ലെങ്കിൽ നാമതു ശരിയായി വായിച്ചില്ല).
നാം സ്വപ്നം പോലും കാണാത്ത മറ്റൊരത്യാഹിതം
ഓർത്തിരിക്കാതെ നമുക്കു മേൽ വന്നു വീഴുന്നു,
ഒരു തയാറെടുപ്പുമില്ലാതെ നിന്ന നമ്മെ
(അതിനിനി നേരവുമെവിടെ?)
ഒഴുക്കിയെടുത്തുകൊണ്ടു പായുന്നു.

കവാഫി-ഒരു വൃദ്ധൻ



ഇരമ്പുന്ന കാപ്പിക്കടയുടെ മൂലയ്ക്ക്‌
മേശയ്ക്കു മേൽ തലചായ്ച്ച്‌
മുന്നിലൊരു പത്രക്കടലാസ്സുമായി
കൂട്ടിനാരുമില്ലാതെ ഒരു വൃദ്ധൻ.

വാർദ്ധക്യത്തിന്റെ നികൃഷ്ടമായ വൈരസ്യത്തോടെ
അയാൾ ഓർക്കുകയാണ്‌:
തനിക്കു സൗന്ദര്യവും ബലവും വാക്കിനൂറ്റവുമുണ്ടായിരുന്നപ്പോൾ
ജീവിതസുഖമെന്തെന്ന് താനറിഞ്ഞേയില്ലല്ലോ.

തനിക്കിപ്പോൾ പ്രായമേറിയെന്ന് അയാൾക്കു ബോധമുണ്ട്‌:
അയാളതറിയുന്നുണ്ട്‌, കാണുന്നുമുണ്ട്‌.
എന്നാലും ഇന്നലെ വരെ താൻ ചെറുപ്പമായിരുന്ന പോലെ;
എത്ര ഹ്രസ്വമായൊരു കാലം, എത്ര ഹ്രസ്വം.

വിധി തന്നെ കബളിപ്പിച്ചുവല്ലോയെന്നോർക്കുകയാണയാൾ;
താനവളെ എന്തുമാത്രം വിശ്വസിച്ചു-എന്തൊരു വിഡ്ഢിത്തം!-
"നാളെയാകട്ടെ. ഇഷ്ടംപോലെ സമയമുണ്ടല്ലോ."
ആ നുണച്ചി പറയുകയായിരുന്നു.

സ്വയം തടയിട്ട വികാരങ്ങൾ;
കുരുതി കൊടുത്ത സന്തോഷങ്ങൾ.
നഷ്ടമായ ഓരോ അവസരവും
അയാളുടെ മൂഢമായ കരുതലിനെ കൊഞ്ഞനം കുത്തുകയാണ്‌.

പക്ഷേ അത്രയധികം ചിന്തയും ഓർമ്മയുമായപ്പോൾ
വൃദ്ധനു തല തിരിയുകയാണ്‌.
മേശയ്ക്കു മേൽ തല ചായ്ച്ച്‌
അയാൾ ഉറക്കമാവുന്നു.
(1897)

ഫൈസ് അഹമ്മദ് ഫൈസ് - നിന്നോടുള്ള പ്രണയത്താൽ...


നിന്നോടുള്ള പ്രണയത്താലിരുലോകവും നഷ്ടമായവൻ,
ഒരാളതാ പോകുന്നു, ഒരു യാതനാരാത്രിക്കു ശേഷം.
നിർജ്ജനമാണു മധുശാല, ചഷകങ്ങൾ നിരുന്മേഷവും:
നീ പോയതില്പിന്നെ വസന്തവുമെനിക്കു പുറം തിരിഞ്ഞു.
പാപം രുചിക്കാനെനിക്കു കിട്ടിയതു നാലേനാലു നാളുകൾ:
കരുണാമയനായ ദൈവമെനിക്കു നല്കിയതിത്രമാത്രം.
നിന്നെയോർക്കുന്നതിൽ നിന്നു ലോകമെന്നെത്തടഞ്ഞു:
നിന്റെ പ്രണയത്തെക്കാളെനിക്കു വിലോഭനീയമായിരുന്നു,
നിത്യജീവിതത്തിന്റെ വേവലാതികളും വ്യവഹാരങ്ങളും.

അറിയാതെയാകാം, ഇന്നവളെന്നെ നോക്കി മന്ദഹസിച്ചു, ഫൈസ്,
ഈ പരാജിതഹൃദയമെത്രമേലുത്തേജിതമെന്നോടു ചോദിക്കരുതേ.

ഹാഫിസ് - ഞങ്ങൾക്കതു മതി


ഒരു പനിനീർപ്പൂവിന്റെ തുടുത്ത മുഖമുണ്ടുദ്യാനത്തിലെങ്കിൽ
ഞങ്ങൾക്കതു മതി,
നടവഴിയിലൊരേയൊരു സൈപ്രസിന്റെ തണലുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
വാക്കും ചെയ്തിയും ചേരാത്ത മനുഷ്യർക്കിടയിൽ നിന്നെനി-
ക്കകലെപ്പോയാൽ മതി.
മുഖം മുഷിഞ്ഞ മനുഷ്യർക്കിടയിലൊരു പാത്രം മദിരയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇവിടെ നല്ലതു ചെയ്താൽ അവിടെ മാളിക കിട്ടുമെന്നു
ചിലർ പറയുന്നു;
പ്രകൃതം കൊണ്ടേ നാടോടികൾ, യാചകരുമാണു ഞങ്ങൾ,
കള്ളുകടയുടെ കോണിലൊഴിഞ്ഞൊരിടം തന്നാൽ
ഞങ്ങൾക്കതു മതി.
ഒഴുകുന്ന പുഴയുടെ കരയ്ക്കിടയ്ക്കൊന്നു ചെന്നിരിക്കെന്നേ.
അത്രവേഗം മായുന്നതാണു ലോകമെന്നൊന്നു കണ്ടാൽ
ഞങ്ങൾക്കതു മതി.
തോഴന്മാരിൽ വച്ചു തോഴൻ തന്നെ ഇവിടെ വന്നിരിക്കെ
മറ്റാരെത്തേടിയുഴറാൻ?
ആത്മമിത്രവുമായൊന്നാനന്ദിച്ചു സംസാരിക്കാനായെങ്കിൽ
ഞങ്ങൾക്കതു മതി.
നിന്റെ വാതിൽക്കൽ നിന്നെന്നെപ്പറഞ്ഞയക്കരുതേ, ദൈവമേ,
സ്വർഗ്ഗത്തിലേക്കായാലും.
സ്ഥലകാലങ്ങൾ വേണ്ട, നിന്റെയൊരിടവഴിയുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.
ഇതുചിതമല്ല ഹാഫിസ്, വിധി തന്ന ഉപഹാരങ്ങളെച്ചൊല്ലി
ഇത്രയും പരാതിയോ?
പുഴയുടെ പ്രകൃതം പോലൊഴുകുന്ന നിന്റെ കവിതകളുണ്ടെങ്കിൽ
ഞങ്ങൾക്കതു മതി.

ഫൈസ് അഹമ്മദ് ഫൈസ് - ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയം

ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.
ഞാൻ കരുതി, എന്റേതാണു നീയെന്നതിനാൽ കെടാത്ത പകലാണെന്റെ ജീവിതമെന്ന്,
നിന്റെ വേദനകളിരിക്കെ ലോകത്തിന്റെ യാതനകളെ ഞാനെന്തിനു ഗൌനിക്കണമെന്ന്,
നിന്റെയീ മുഖസൌന്ദര്യം കൊണ്ടുതന്നെ ലോകത്തു നിത്യവസന്തമുറപ്പായെന്ന്,
ഈ ലോകത്തു കാണുവാനർഹമായിട്ടൊന്നുണ്ടെങ്കിലതു നിന്റെ കണ്ണുകളല്ലേയെന്ന്,
നീയെനിക്കു സ്വന്തമായാൽ വിധി തന്നെയുമെനിക്കു മുന്നിലടിപണിയുകയില്ലേയെന്ന്.
അതങ്ങനെയായില്ല പക്ഷേ; അതങ്ങനെയായെങ്കിലെന്നൊരു വ്യാമോഹമായിരുന്നു.
പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
പൊന്നും പട്ടും സൂര്യപടവുമണിഞ്ഞു നൂറ്റാണ്ടുകൾ കടന്നുപോന്ന തമഃശക്തികളില്ലേ?
തെരുവുകളിൽ, ഇരുളടഞ്ഞ ഇടവഴികളിൽ വില്പനയ്ക്കു വച്ച ശരീരങ്ങളില്ലേ?
ചോര പൊട്ടിയൊലിക്കുന്ന മുറിവുകളുമായി പൊടിയിൽ കിടന്നിഴയുന്ന ദേഹങ്ങളില്ലേ?
രോഗങ്ങളുടെ തിളയ്ക്കുന്ന വട്ടളങ്ങളിൽ നിന്നു ചലമൊലിപ്പിച്ചു വരുന്ന ദേഹങ്ങളില്ലേ?
ആ ദിശയിലേക്കാണെന്റെ നോട്ടം തെന്നിപ്പോകുന്നതെങ്കിൽ ഞാനെന്തു ചെയ്യാൻ?
പ്രലോഭനീയമാണിപ്പോഴും നിന്റെ സൌന്ദര്യമെങ്കിലുമിതിൽ ഞാനെന്തു ചെയ്യാൻ?
പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
എങ്കിലൊരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.

(1941)

ഫൈസ് അഹമ്മദ് ഫൈസ് - മരണമെത്തുന്ന നാൾ

മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
നിശാരംഭവേളയിൽ ചോദിക്കാതൊരുപഹാരമായി
ചുണ്ടുകളിൽ പതിഞ്ഞ പ്രഥമചുംബനം പോലെ?
മാന്ത്രികലോകങ്ങളിലേക്കു വാതിൽ തുറക്കുന്ന ചുംബനം,
അജ്ഞാതപുഷ്പങ്ങളുടെ വിദൂരപരിമളത്താൽ
നിലാവിന്റെ ഹൃദയത്തെ ത്രസിപ്പിക്കുന്ന ചുംബനം.

ഇനി,യല്ലെങ്കിലിങ്ങനെയോ: നിശാന്തവേളയിൽ
പാതി വിടർന്ന പൂമൊട്ടുകളുടെ പുതുമയൂറുന്ന പ്രഭാതം
കാമുകിയുടെ കിടപ്പറയിലലതല്ലിയെത്തുമ്പോലെ?
പിരിയാൻ വെമ്പുന്ന നക്ഷത്രങ്ങളുടെ തളകിലുക്കം
നിശബ്ദജാലകങ്ങളിൽ മാറ്റൊലിക്കുന്നപോലെ?

മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
ഒരു കത്തിമുനയിൽ വേദനയുടെ വരവറിയുമ്പോൾ
ആർത്തനാദം മുഴക്കുന്ന സിരകൾ പോലെ?
ലോകത്തിനു മേൽ കവച്ചുനില്ക്കുന്ന ഘാതകൻ
തന്റെ കഠാരയുടെ നിഴൽ വീഴ്ത്തുന്നപോലെ?

മരണമെത്തുന്ന നാൾ, അതെങ്ങനെയുമെത്തട്ടെ,
കൊലയാളിയായോ, കാമുകിയായോ വന്നുവെന്നാകട്ടെ,
ഇതൊന്നുതന്നെയാവും ഹൃദയത്തിന്റെ യാത്രാമൊഴി:
“ഈ യാതനാരാത്രിയൊടുങ്ങിയതിനു നന്ദി, ദൈവമേ,
ഞാൻ പരിചയിച്ച മധുരാധരത്തിനു സ്തുതിയും.”

(1972)

ഫൈസ് അഹമ്മദ് ഫൈസ് - ചോരക്കറ

എവിടെയുമുണ്ടായിരുന്നില്ല, ഒരു ചോരപ്പാടുമെവിടെയുമുണ്ടായിരുന്നില്ല,
കൊലപാതകിയുടെ കൈകളിൽ, നഖങ്ങളിൽ, വസ്ത്രങ്ങളിൽ കറ പുരണ്ടിരുന്നില്ല,
കത്തിമുനയിലും വാൾത്തലപ്പിലും ചുവപ്പിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല,
തറയിൽ കറ പറ്റിയിട്ടില്ല, ചുമരിൽ തെറിച്ചുവീണ പാടുകൾ കാണാനുമില്ല,
എവിടെയുമില്ല, എവിടെയും ചോരക്കറ പറ്റിയതായി കാണാനില്ല.

രാജാവിനു വേണ്ടിച്ചൊരിഞ്ഞതായിരുന്നില്ലത്, സേവനത്തിനു പ്രതിഫലം കിട്ടാൻ,
മതത്തിനു വേണ്ടിച്ചിന്തിയതായിരുന്നില്ലത്, മരണാനന്തരസ്വർഗ്ഗം കിട്ടാൻ,
പടക്കളത്തിലൊഴുക്കിയതായിരുന്നില്ലത്, കിർത്തിയുടെ കരഘോഷം കിട്ടാൻ,
യുദ്ധപതാക നനച്ചതായിരുന്നില്ലത്, ബഹുമതിയുടെ ദാഹം തീർക്കാൻ.

അതു പാവമൊരനാഥരക്തമായിരുന്നു, ആരും കേൾക്കാത്ത വിഫലരോദനമായിരുന്നു,
ആർക്കും നേരമുണ്ടായിരുന്നില്ല, ആർക്കും മനസ്സുമുണ്ടായിരുന്നില്ലതു കേൾക്കാൻ;
വാദിയില്ല, സാക്ഷികളില്ല, നിയമത്തിനു മുന്നിലതിനാൽ കേസുമില്ല.
അതതിപതിതരുടെ ചോരയായിരുന്നു, അതോടയിലേക്കൊലിച്ചിറങ്ങുകയും ചെയ്തു.

(1965)

2020, മേയ് 21, വ്യാഴാഴ്‌ച

ബോദ്‌ലേർ- തുറമുഖം



ജീവിതസമരം കൊണ്ടു ക്ഷീണിച്ചുപോയ ഒരാത്മാവിനെ മോഹിപ്പിക്കുന്ന അഭയസങ്കേതമാണ്‌ തുറമുഖം. ആകാശത്തിന്റെ വൈപുല്യം, ചലിക്കുന്ന വാസ്തുശില്പങ്ങൾ പോലെ മേഘങ്ങൾ, കടലിന്റെ നിറപ്പകർച്ചകൾ, ദീപസ്തംഭങ്ങളിൽ നിന്നുള്ള ഒളിമിന്നലുകൾ- എത്ര കണ്ടാലും തളർച്ച തോന്നാതെ കണ്ണുകളെ രസിപ്പിക്കാൻ പര്യാപ്തമായ ഒരു മാന്ത്രികസ്ഫടികത്തിലെ കാഴ്ചകളാണവ. പായകളും പാമരങ്ങളും കമ്പച്ചുരുളുകളുമൊക്കെയായി, തിരപ്പെരുക്കത്തിന്റെ ആന്ദോലനമൊത്തുലയുന്ന നൗകകളുടെ കൃശരൂപങ്ങൾ താളത്തിനും സൗന്ദര്യത്തിനുമായുള്ള ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാനുതകുന്നു. ഇതിനൊക്കെപ്പുറമേ, ജിജ്ഞാസകൾ അവസാനിച്ച, ആഗ്രഹങ്ങൾ അവസാനിച്ച ഒരു മനുഷ്യന്‌ നിഗൂഢവും അഭിജാതവുമായ ഒരാനന്ദം നല്കുന്നതൊന്നുണ്ട്- മട്ടുപ്പാവിൽ കിടന്നോ കടല്പാലത്തിൽ ചാരിനിന്നോ ആളുകളുടെ ചലനങ്ങൾ നോക്കി അയാൾക്കു ചിന്തയിൽ മുഴുകാം: യാത്രയ്ക്കു പോകുന്നവർ, യാത്ര കഴിഞ്ഞു വരുന്നവർ, ആഗ്രഹിക്കാനുള്ള കരുത്തു നശിക്കാത്തവർ, യാത്ര ചെയ്യാനോ സമ്പാദിക്കാനോ ഉള്ള മോഹം ബാക്കിയായവർ.

(ഗദ്യകവിതകൾ- 41)

ബോദ്‌ലേർ - കണ്ണാടി



കണ്ടാലറയ്ക്കുന്ന ഒരാൾ വന്ന് കണ്ണാടിയിൽ തന്നെത്തന്നെ നോക്കുകയാണ്‌.

“നിങ്ങളെന്തിനു കണ്ണാടിയിൽ നോക്കുന്നു? അതിൽ സ്വയം കണ്ടിട്ട് നിങ്ങൾക്കൊരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല.”

അയാളുടെ മറുപടി ഇതാണ്‌: “എന്റെ സാറേ, ‘89ലെ അനശ്വരപ്രമാണങ്ങൾ പ്രകാരം എല്ലാവർക്കും അവകാശങ്ങൾ തുല്യമാണ്‌. അതിനാൽ കണ്ണാടിയിൽ നോക്കാൻ എനിക്കും അവകാശമുണ്ട്. അതിൽ നിന്നെനിക്കു സന്തോഷമുണ്ടാകുമോ ഇല്ലയോ എന്നത് എന്റെ മനഃസാക്ഷിയെ മാത്രം സംബന്ധിക്കുന്നതാണ്‌!.“

സാമാന്യയുക്തിയുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഞാൻ പറഞ്ഞതുതന്നെയാണ്‌ ശരി; അതേസമയം നിയമവശം നോക്കുമ്പോൾ അയാൾക്കു തെറ്റിയിട്ടുമില്ല.
-----------------------------------------------------------------------------------------------------------------------

(ഗദ്യകവിതകൾ-40)

*‘89ലെ അനശ്വരപ്രമാണങ്ങൾ- 1789ലെ ഫ്രഞ്ചുവിപ്ലവത്തിന്റെ അടിസ്ഥാനതത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

ബോദ്‌ലേർ - വൃദ്ധയുടെ നൈരാശ്യം



ഓമനത്തമുള്ള ആ കുഞ്ഞിനെ കണ്ടപ്പോൾ ചുക്കിച്ചുളിഞ്ഞ ആ വൃദ്ധ എന്തുമാത്രം സന്തോഷിച്ചു; എല്ലാവരും അതിനു മേൽ തങ്ങളുടെ വാത്സല്യം കോരിച്ചൊരിയുകയാണ്‌, എല്ലാവരും അതിനെ ചിരിപ്പിക്കാൻ നോക്കുകയാണ്‌. ആ വൃദ്ധയെപ്പോലെ അതും ഒരു ദുർബ്ബലവസ്തുവാണ്‌, അവരെപ്പോലെതന്നെ അതിനും പല്ലുമില്ല, മുടിയുമില്ല.

അങ്ങനെ അതിനെ ഗോഷ്ടി കാണിച്ചു ചിരിപ്പിക്കാമെന്ന വിചാരവുമായി അവർ കുഞ്ഞിനടുത്തേക്കു ചെന്നു.

പേടിച്ചുപോയ കുഞ്ഞു പക്ഷേ, ആ പാവം വൃദ്ധയുടെ ലാളനകളിൽ നിന്നു കുതറിമാറാൻ നോക്കിക്കൊണ്ട് അലറിക്കരയുകയാണു ചെയ്തത്.

ആ പാവം വൃദ്ധ പിന്നെ തനിയ്ക്കു പറഞ്ഞിട്ടുള്ള നിത്യമായ ഏകാന്തതയിലേക്കു പിൻവലിഞ്ഞ് ഒരു മൂലയ്ക്കു ചെന്നിരുന്ന് ഇങ്ങനെ പർഞ്ഞുകൊണ്ടു കരഞ്ഞു: “കഷ്ടം, ഭാഗ്യം കെട്ട ഈ കിഴവികൾക്ക് ഇനി ആരെയും സന്തോഷിപ്പിക്കാനാവില്ല, ഒന്നുമറിയാത്ത ഒരു കുഞ്ഞിനെപ്പോലും; ഞങ്ങൾ സ്നേഹിക്കാൻ നോക്കുമ്പോൾ കുഞ്ഞുങ്ങൾക്കു തോന്നുന്നത് അറപ്പാണ്‌.”

(ഗദ്യകവിതകൾ- 2)

2020, മേയ് 20, ബുധനാഴ്‌ച

ബോദ്‌ലേർ - സൂപ്പും മേഘങ്ങളും



എന്റെ പ്രേമഭാജനം, തലയ്ക്കു തുമ്പു കെട്ട ആ കുറുമ്പുകാരി, എനിക്ക് അത്താഴം തയ്യാറാക്കുകയായിരുന്നു; ഞാനോ, തീന്മുറിയുടെ തുറന്നിട്ട ജനാലയിലൂടെ മേഘസഞ്ചാരം കണ്ടിരിക്കുകയും. നീരാവിയിൽ നിന്നു ദൈവം മെനഞ്ഞെടുത്ത ഒഴുകിനടക്കുന്ന ആ വാസ്തുശില്പങ്ങളെ, തൊട്ടറിയാനാകാത്ത ആ അത്ഭുതനിർമ്മിതികളെ നോക്കി ചിന്താധീനനാകവെ എന്റെ ആത്മഗതം അല്പമൊന്നുറക്കെയായിപ്പോയി: “ആ മായാരൂപങ്ങൾ പോലത്തെ മേഘങ്ങൾക്ക് എന്റെ പ്രിയപ്പെട്ട സുന്ദരിയുടെ, പച്ചക്കണ്ണുകാരിയായ എന്റെ കുഞ്ഞോമനയുടെ കണ്ണുകളോളം ഭംഗിയുണ്ടെന്നു പറയാം.”

പെട്ടെന്ന് കനത്തൊരു മുഷ്ടിപ്രഹരം എന്റെ മുതുകത്തു വന്നുപതിച്ചു; മുരത്തതും മയക്കുന്നതും ബ്രാണ്ടിയുടെ മത്തു പിടിച്ചു കാറിയതുമായ ഒരു സ്വരം ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു: “ആ സൂപ്പെടുത്തു കുടിക്കാൻ നോക്ക്, മേഘം വില്ക്കാൻ നടക്കുന്ന കൂത്തിച്ചിമോനേ!”

(ഗദ്യകവിത - 44)

ബോദ്‌ലേർ - ആരാണ്‌ ശരിക്കുള്ളവൾ?




ഭൂമിയിലും ആകാശത്തും പൂർണ്ണത പ്രസരിപ്പിച്ചിരുന്ന ഒരു ബനഡിക്റ്റയെ എനിക്കറിയാമായിരുന്നു; മഹത്വത്തിന്റെ, സൗന്ദര്യത്തിന്റെ, കീർത്തിയുടെ, അമരത്വത്തിൽ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സർവ്വതിന്റെയും ബീജങ്ങൾ അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

പക്ഷേ ആ അത്ഭുതബാലികയുടെ സൗന്ദര്യത്തിനു നിരക്കുന്നതായില്ല, അവളുടെ ആയുസ്സ്; ഞാൻ അവളെ പരിചയപ്പെട്ട് അല്പനാൾ കഴിഞ്ഞപ്പോഴേക്കും അവൾ മരിച്ചു. ശവപ്പറമ്പുകളിൽപോലും ധൂപപാത്രവുമായി വസന്തമെത്തുന്ന ഒരു നാൾ ഞാൻ തന്നെ അവളെ മറവു ചെയ്തു. ഇന്ത്യയിൽ നിന്നു വരുന്ന പെട്ടകങ്ങൾ പോലെ വാസനിക്കുന്നതും ദ്രവിക്കാത്തതുമായ ഒരു മരപ്പെട്ടിയിൽ ഭദ്രമായടക്കി ഞാൻ തന്നെയാണ്‌ അവളെ മറവു ചെയ്തത്.

എന്നിട്ട്, എന്റെ നിധി മറഞ്ഞുപോയ ആ സ്ഥാനത്തേക്കു കണ്ണുനട്ടു ഞാൻ നില്ക്കുമ്പോൾ മരിച്ചവളുമായി അത്ഭുതകരമായ സാദൃശ്യം വഹിക്കുന്ന ഒരു കൊച്ചുപെണ്ണ്‌ പെട്ടെന്നെന്റെ ദൃഷ്ടിയിൽ പെട്ടു; ഭ്രാന്തു പിടിച്ചവളെപ്പോലെ ആ പുതുമണ്ണു ചവിട്ടിക്കുഴച്ചുകൊണ്ട് ഒരട്ടഹാസച്ചിരിയോടെ അവൾ പറഞ്ഞു: “എന്നെ നോക്കാൻ! ഞാനാണ്‌ ശരിക്കുള്ള ബനഡിക്റ്റ! പേരു കേട്ട തേവിടിശ്ശി! നിങ്ങളുടെ അന്ധതയ്ക്കും മൂഢതയ്ക്കുമുള്ള ശിക്ഷയായി ഇനി നിങ്ങൾ ശരിക്കുള്ള എന്നെ പ്രേമിക്കും!”

ഞാൻ രോഷാകുലനായി അവളോടു പറഞ്ഞു: “ഇല്ല! ഇല്ല! ഇല്ല!” എന്നിട്ട് ആ തിരസ്കാരത്തിനു കൂടുതൽ ശക്തി പകരാനായി നിലത്തൊന്നാഞ്ഞുചവിട്ടിയതും ശവക്കുഴിയിലെ ഇളകിയ മണ്ണിൽ എന്റെ കാൽ മുട്ടോളം ആഴ്ന്നിറങ്ങി. ഇന്നിതാ, കെണിയിൽ വീണൊരു ചെന്നായയെപ്പോലെ പൂർണ്ണതയുടെ ശവക്കുഴിയിൽ ഇനി മോചനമില്ലാത്തപോലെ ബന്ധിതനായി ഞാൻ കിടക്കുന്നു.

(ഗദ്യകവിതകൾ-38)

----------------------------------------------------------------------------------------------------------------------------------------

കവിതയും ഗദ്യകവിതയുമെന്ന ആദർശവും യാഥാർത്ഥ്യവുമാണ്‌ ബനഡിക്റ്റയുടെ ഈ രണ്ടു രൂപങ്ങളെന്ന് ഒരു വ്യാഖ്യാനമുണ്ട്. എല്ലാ പൂർണ്ണതകളുടേയും ആദർശരൂപമായ കവിതയുടെ മോഹവലയത്തിൽ നിന്ന് എല്ലാ അപൂർണ്ണതകളുടേയും ആവിഷ്കാരമായ (രൂപത്തിൽ, ഭാവത്തിൽ, ഭാഷയിൽ) ഗദ്യകവിതയിലേക്കാണ്‌ കവി ഞെട്ടിയുണരുന്നത്!

ബോദ്‌ലേർ- ജനാലകൾ


തുറന്നുകിടക്കുന്ന ഒരു ജനാലയ്ക്കുള്ളിലേക്ക് പുറത്തു നിന്നു നോട്ടമയക്കുന്ന ഒരാൾ ഒരടഞ്ഞ ജനാലയിലേക്കു നോക്കുന്ന മറ്റൊരാൾ കാണുന്നത്രയും കാര്യങ്ങൾ ഒരിക്കലും കാണില്ല. ഒരേയൊരു മെഴുകുതിരി തിളക്കുന്ന ഒരു ജനാലയെക്കാൾ ഗഹനവും നിഗൂഢവും സമൃദ്ധവും നിഴലടഞ്ഞതും ഉജ്ജ്വലവുമായി മറ്റൊരു വസ്തുവില്ല. പകൽവെളിച്ചത്തിൽ കാണാവുന്നതിനെക്കാൾ എത്രയോ താല്പര്യമുണർത്തുന്നതാണ്‌ ഒരു ജനാലയ്ക്കു പിന്നിൽ നടക്കുന്നത്. ഇരുളടഞ്ഞതോ വെളിച്ചം നിറഞ്ഞതോ ആയ ആ പഴുതിനു പിന്നിൽ ജീവിതം ജീവിക്കുന്നു, ജീവിതം സ്വപ്നം കാണുന്നു, ജീവിതം യാതന തിന്നുന്നു.
മേല്ക്കൂരകളുടെ ഈ തിരമാലകൾക്കുമപ്പുറത്തു നിന്ന് ആകെ ചുക്കിച്ചുളിഞ്ഞ ഒരു പാവം വൃദ്ധയെ ഞാൻ കാണുന്നു; എപ്പോഴും എന്തോ ചെയ്തുകൊണ്ട് കുനിഞ്ഞുനില്ക്കുകയാണവർ, എപ്പോഴെങ്കിലും അവർ പുറത്തുപോകുന്നതായും ഞാൻ കാണാറില്ല- അവരുടെ മുഖത്തു നിന്ന്, അവരുടെ ഉടുവസ്ത്രത്തിൽ നിന്ന്, അവരുടെ ചേഷ്ടകളിൽ നിന്ന്, ഇതൊന്നുമില്ലാതെതന്നെ അവരുടെ ജീവിതകഥ, അല്ലെങ്കിൽ അവരുടെ പുരാവൃത്തം ഞാൻ മെനഞ്ഞെടുത്തു; മനസ്സു കൊണ്ടതൊന്നു വായിച്ചുനോക്കുമ്പോൾ ചിലപ്പോൾ ഞാൻ കരഞ്ഞുപോയിട്ടുണ്ട്.
ആ സ്ഥാനത്ത് ഇനിയൊരു പാവപ്പെട്ട വൃദ്ധനായാല്പോലും അത്ര അനായാസമായി എനിക്കതു പുനഃസൃഷ്ടിക്കാവുന്നതേയുള്ളു.
എന്നിട്ട് മറ്റൊരാളുടെ ജീവിതം ജീവിക്കുകയും അയാളുടെ വേദന അനുഭവിക്കുകയും ചെയ്തതിന്റെ ഒരുവക അഭിമാനവുമായി ഞാൻ ചെന്നു കിടക്കുകയും ചെയ്യുന്നു.
“നിങ്ങൾ മെനഞ്ഞെടുത്ത ആ പുരാവൃത്തം യഥാർത്ഥമാണോയെന്ന് നിങ്ങൾക്കു തീർച്ചയുണ്ടോ?” നിങ്ങൾ ചോദിച്ചേക്കാം. എനിക്കു ജീവനുണ്ടെന്നും ഞാൻ ആരാണെന്നും എന്നെ ഓർമ്മപ്പെടുത്താൻ അതുതകുമെങ്കിൽ എനിക്കു പുറത്തുള്ള യാഥാർത്ഥ്യവുമായി അത് കൃത്യമായി ഒത്തുപോകുന്നുണ്ടോയെന്ന് എന്തിനു ഞാൻ വേവലാതിപ്പെടണം?
(ഗദ്യകവിതകൾ- 35)

2020, മേയ് 19, ചൊവ്വാഴ്ച

ലു ഷുൺ - നായയുടെ മറുപടി



സ്വപ്നത്തിൽ ഞാൻ കീറത്തുണിയുമിട്ട് ഒരു പിച്ചക്കാരനെപ്പോലെ ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു.
ഒരു നായ എന്റെ പിന്നാലെ കുരച്ചുകൊണ്ടുവന്നു.
അവജ്ഞയോടെ തിരിഞ്ഞുനോക്കിയിട്ട് ഞാൻ ഇങ്ങനെ ഒച്ചയിട്ടു:
“ബ്ഭ! വായടയ്ക്കടാ! കാലുനക്കിപ്പട്ടീ!”
അവൻ അമർത്തിച്ചിരിച്ചു.
“അയ്യോ, ഇല്ലേ!” അവൻ പറഞ്ഞു, “അക്കാര്യത്തിൽ ഞാൻ മനുഷ്യനൊപ്പം എത്തിയിട്ടില്ല.”
“എന്ത്!” ഇതിലധികം അവനെന്നെ അപമാനിക്കാനില്ല എന്ന തോന്നലിൽ ഞാൻ കോപം കൊണ്ടു ജ്വലിച്ചു.
“പറയാൻ നാണക്കേടുണ്ടെങ്കിലും പറയട്ടെ,  ചെമ്പും വെള്ളിയും തമ്മിൽ, പട്ടും പരുത്തിയും തമ്മിൽ, ഉദ്യോഗസ്ഥരും സാധാരണക്കാരും തമ്മിൽ, യജമാനന്മാരും അവരുടെ അടിമകളും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാമെന്ന് എനിക്കിപ്പോഴുമറിയില്ല,.”
ഞാൻ അവിടെ നിന്നു തിരിഞ്ഞോടി.
“നില്ക്ക്, നില്ക്ക്! നമുക്ക് കുറച്ചുനേരം കൂടി സംസാരിക്കാം...” പിന്നിൽ നിന്ന് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു.
ഞാൻ തിരിഞ്ഞുനോക്കാതെ  കഴിയുന്നത്ര വേഗത്തിൽ മുന്നോട്ടോടി; ഓടിയോടി ഒടുവിൽ സ്വപ്നത്തിൽ നിന്നു പുറത്തുകടന്ന് എന്റെ കിടക്കയിൽ തിരിച്ചെത്തിയതിനു ശേഷമാണ്‌ എനിക്കു ശ്വാസം നേരേ വീണത്.

(1927)
-----------------------------------------------------------------------------------------------------------------------------

ബോദ്‌ലേറുടെ  “നായയും വാസനത്തൈലവും” എന്ന ഗദ്യകവിതയിൽ ഉത്തമസാഹിത്യം തിരിച്ചറിയാത്ത സാധാരണവായനക്കാരുടെ പ്രതിനിധിയാണ്‌ നായ. ജനപ്രിയസാഹിത്യാഭിരുചിയ്ക്കു മേലുള്ള ഒരു കുറ്റാരോപണമാണ്‌ ആ കവിത.  എന്നാൽ ലു ഷുൺന്റെ കവിത അങ്ങനെയൊരു കുറ്റാരോപണത്തിലേക്കു നയിക്കുന്ന വരേണ്യാഭിരുചിക്കു മേലുള്ള കുറ്റാരോപണമാണ്‌. (Gloria Bien - Baudelaire in China, A study in Literary Reception)

ബോദ്‌ലേർ - നായയും വാസനത്തൈലവും



“എന്റെ സുന്ദരനായ നായയല്ലേ, എന്റെ നല്ല നായയല്ലേ, എന്റെ പുന്നാരനായക്കുട്ടിയല്ലേ, ഇങ്ങടുത്തു വാ, ഈ ഒന്നാന്തരം വാസനത്തൈലമൊന്നു മണത്തുനോക്ക്; നഗരത്തിലെ ഏറ്റവും മുന്തിയ കടയിൽ നിന്നു വാങ്ങിയതാണെടോ, ഇത്.”

നായ ആകട്ടെ, വാലുമാട്ടി - ഈ പാവം ജന്തുക്കളുടെ കാര്യത്തിൽ ചിരിയുടേയോ പുഞ്ചിരിയുടേയോ ഒരടയാളമാണതെന്ന് എനിക്കു തോന്നുന്നു- അടുത്തുവന്ന്, ജിജ്ഞാസയോടെ തന്റെ നനഞ്ഞ മൂക്ക് കോർക്കു തുറന്ന കുപ്പിയോടടുപ്പിച്ചു; എന്നിട്ടുപിന്നെ വിരണ്ടു പിന്നിലേക്കു ചാടിക്കൊണ്ട് എന്നെ നോക്കി കുരയ്ക്കാൻ തുടങ്ങി: എന്നോടുള്ള നീരസത്തിന്റെ വ്യക്തമായ ലക്ഷണം.

“ഹൊ, നികൃഷ്ടനായ നായേ, ഒരു പൊതി മലവും കൊണ്ടാണ്‌ ഞാൻ നിന്നെ വിളിച്ചതെങ്കിൽ നീ അതു മണത്തിട്ട് സന്തോഷം കൊണ്ടു തുള്ളിച്ചാടിയേനെ, വേണമെങ്കിൽ അതു വെട്ടിവിഴുങ്ങുകയും ചെയ്തേനെ. എന്റെ ഈ ശപിക്കപ്പെട്ട ജീവിതത്തിൽ എനിക്കൊരു കൂട്ടായിരുന്ന നീയും ഇക്കാര്യത്തിൽ എന്നെ തോല്പിച്ചുകളഞ്ഞല്ലോ; നീയും പൊതുജനത്തെപ്പോലെയായല്ലോ: എത്രയും പ്രീതിദമായ പരിമളങ്ങൾ മുന്നിൽ കൊണ്ടുവച്ചാൽ അവർക്കു കലിയിളകും; നോക്കിത്തിരഞ്ഞെടുത്ത മാലിന്യമേ അവർക്കു വേണ്ടൂ.”

(ഗദ്യകവിതകൾ - 8)

ബോദ്‌ലേർ - ഏകാന്തത


ഏകാന്തത മനുഷ്യനു നല്ലതല്ലെന്ന് ഉദാരഹൃദയനായ ഒരു പത്രക്കാരൻ എന്നോടു പറയുകയുണ്ടായി. തന്റെ സിദ്ധാന്തത്തിനുപോദ്ബലകമായി, എല്ലാ അവിശ്വാസികളേയും പോലെ, സഭാപിതാക്കന്മാരെ അയാൾ കൂട്ടുപിടിക്കുകയും ചെയ്തു.
പിശാചിന്റെ വിഹാരരംഗമാണ്‌ തരിശ്ശുനിലങ്ങളെന്ന് എനിക്കറിയാത്തതല്ല; ഹിംസയുടെയും ഭോഗാസക്തിയുടെയും ദുരാത്മാക്കൾ തഴയ്ക്കുന്നത് ഏകാന്തമായ ഇടങ്ങളിലാണെന്നും എനിക്കറിയാം. അതേ സമയം തന്റെ ഏകാന്തതയിൽ സ്വന്തം ആസക്തികളേയും വേതാളങ്ങളേയും കുടിപാർപ്പിക്കുന്ന അലസനും ലക്ഷ്യഹീനനുമായ ഒരാൾക്കേ അതപകടമായി വരുന്നുള്ളു എന്നും വരാം.
വേദിയിലോ മണ്ഡപത്തിലോ കയറിനിന്ന് ഗിരിപ്രസംഗം നടത്തുന്നതുതന്നെ ജീവിതാനന്ദമായ ഒരു വിടുവായന്‌ റോബിൻസൺ ക്രൂസോയുടെ ദ്വീപിൽ ചെന്നുപെട്ടാൽ ഭ്രാന്തെടുത്തുപോകുമെന്നള്ളതിൽ സംശയമില്ല. നമ്മുടെ പത്രക്കാരൻ സുഹൃത്തിന്‌ ക്രൂസോയുടെ ധൈര്യവും സ്ഥൈര്യവും വേണമെന്നൊന്നും ഞാൻ വാശി പിടിക്കുന്നില്ല; എന്നാൽ ഏകാന്തതയേയും നിഗൂഢതയേയും സ്നേഹിക്കുന്നവരെ കുറ്റവാളികളായി കാണരുതെന്ന് എനിക്കയാളോട് അപേക്ഷയുണ്ട്.
കഴുമരത്തിൽ കയറിനിന്ന് ഒരു ദീർഘപ്രസംഗം നടത്താൻ അനുവാദം കിട്ടുമെന്നുണ്ടെങ്കിൽ വധശിക്ഷയ്ക്കു വിധേയരാകുന്നതിൽ അത്ര തരക്കേടൊന്നും കാണാത്ത ചിലരെ നമ്മുടെ വായാടിവർഗ്ഗത്തിൽ കണ്ടെത്താവുന്നതേയുള്ളു. സാന്തെരേയുടെ ചെണ്ടയടി തന്റെ വാക്കുകൾക്കു പെട്ടെന്നു തടയിടുമെന്ന് ഇനി പേടിക്കാനുമില്ലല്ലോ.
എനിക്കവരോടു പരാതിയില്ല, എന്തെന്നാൽ, മറ്റുള്ളവർ മൗനത്തിലും ഏകാന്തധ്യാനത്തിലും നിന്നു സമ്പാദിക്കുന്ന ആനന്ദങ്ങൾക്കു തുല്യമായതൊന്നാണ്‌ അവർക്കു തങ്ങളുടെ വാഗ്ധോരണിയിൽ നിന്നു കിട്ടുന്നതെന്ന് ഞാൻ കാണുന്നുണ്ട്; എന്നാൽ എനിക്കവരെ വെറുപ്പാണ്‌.
ഈ നശിച്ച പത്രക്കാരനെന്താ, എന്നെ എന്റെ ഇഷ്ടത്തിനു വിട്ടുകൂടേ? “സ്വന്തം സന്തോഷങ്ങൾ പങ്കു വയ്ക്കണമെന്ന് നിങ്ങൾക്കൊരിക്കലും തോന്നാറില്ലേ?” സുവിശേഷവേലക്കാരുടെ അനുനാസികസ്വരത്തിൽ അയാൾ ചോദിക്കുകയാണ്‌. അയാളുടെ ഉള്ളിന്റെയുള്ളിലെ അസൂയാലു പുറത്തുവരുന്നതു നോക്കൂ! അയാൾ ജീവിതാനന്ദങ്ങൾ എന്നു കരുതുന്നവയെ എനിക്കൊട്ടും മതിപ്പില്ലെന്ന് അയാൾക്കറിയാം; അതുകൊണ്ട് എന്റെ സന്തോഷങ്ങളിൽ കയറിക്കൂടാൻ നോക്കുകയാണയാൾ, അറയ്ക്കുന്ന ആ രസംകൊല്ലി!
ഒറ്റയാവാൻ കഴിയാത്തത് മഹാപാപമാണെന്ന അർത്ഥത്തിൽ ലാ ബ്രൂയേ എവിടെയോ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കായാൽ തങ്ങൾക്കുതന്നെ തങ്ങളെ സഹിക്കാൻ പറ്റാതെ വരുമോ എന്ന പേടി കാരണം ആൾക്കൂട്ടത്തിലേക്കോടിക്കയറി സ്വയം മറക്കുന്നവരെ നാണം കെടുത്താൻ വേണ്ടിത്തന്നെയാവണം അദ്ദേഹം അതു പറഞ്ഞത്.
“സ്വന്തം മുറിയിൽ അടച്ചിരിക്കാൻ കഴിയാതെ വരുന്നതാണ്‌ നമ്മുടെ മിക്കവാറും എല്ലാ കഷ്ടപ്പാടുകൾക്കും കാരണം,” മറ്റൊരു ജ്ഞാനി, പാസ്കലാണെന്നു തോന്നു, പറയുന്നുണ്ട്; നിരന്തരമായ പ്രവൃത്തിയിലും, എന്റെ കാലത്തെ മനോജ്ഞമായ ഭാഷയിൽ പറഞ്ഞാൽ, കൂട്ടായ്മ എന്ന വ്യഭിചാരത്തിലും സുഖം കണ്ടെത്തുന്ന എല്ലാ ഭ്രാന്തന്മാരെയും തന്റെ ധ്യാനമുറിയിലിരുന്ന് മനസ്സിൽ കാണുകയാവണം അദ്ദേഹം.
-------------------------------------------------------------------------------------------------------------------------------------------

*സാന്തെരെ Antoine Joseph Santerre- ഫ്രഞ്ചുവിപ്ലവകാലത്ത് ലൂയി പതിനാറാമന്റെ ജയിൽ വാർഡനായിരുന്നു; ഗില്ലറ്റിനു മുന്നിൽ വച്ച് ലൂയി ചെയ്ത പ്രസംഗം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി പട്ടാളക്കാരോട് വാദ്യം മുഴക്കാൻ സാന്തെരെ ആവശ്യപ്പെട്ടുവത്രെ.
*ലാ ബ്രൂയെ Jean de la Bruyere (1645-1696)- അദ്ദേഹത്തിന്റെ Les Caracteres എന്ന വചനസമാഹാരത്തിൽ നിന്നാണ്‌ ബോദ്‌ലേർ ഉദ്ധരിക്കുന്നത്.
*പാസ്കൽ Pascal (1623-1662)- ഫ്രഞ്ച് ഗണിതജ്ഞൻ; Pensees അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകൾ.

(ഗദ്യകവിതകൾ - 23)

റ്റൊമാസ് ട്രാൻസ്ട്രൊമർ - കവിതാവിവർത്തനത്തെക്കുറിച്ച്



സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രൊമർ സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് ഇന്റെർനാഷണൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 1990 ജൂണിൽ ഓൿലഹോമ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്.
"...എന്നോടൊപ്പം ഈ പുരസ്കാരം പങ്കിടുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സാമാന്യം വലിയ ഒരു സംഘത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ; വിവിധഭാഷകളിലേക്ക് എന്റെ കവിതകൾ വിവർത്തനം ചെയ്തവർ. ആരെയും പരാമർശിക്കുന്നില്ല, ആരെയും മറക്കുന്നില്ല. ചിലർ വ്യക്തിപരമായി എനിക്കടുപ്പമുള്ളവരാണ്‌; മറ്റു ചിലരെ വ്യക്തിപരമായി എനിക്കറിയുകയുമില്ല. ചിലർക്ക് സ്വീഡിഷ് ഭാഷയേയും പാരമ്പര്യത്തെയും കുറിച്ച് തികഞ്ഞ അവഗാഹമുണ്ട്, മറ്റുള്ളവർക്ക് പ്രാഥമികമായ അറിവേയുള്ളു (അന്തർജ്ഞാനത്തിന്റെയും ഒരു നിഘണ്ടുവിന്റെയും സഹായത്തോടെ എത്രത്തോളം പോകാമെന്നതിന്‌ ശ്രദ്ധേയമായ ചില ഉദാഹരണങ്ങളുണ്ട്). ഇവർക്കെല്ലാം പൊതുവായിട്ടുള്ളത് ഇതാണ്‌: അവരവരുടെ ഭാഷകളിൽ വിദഗ്ധരാണവർ; അവർ എന്റെ കവിതകൾ വിവർത്തനം ചെയ്തതാവട്ടെ, അതു ചെയ്യാനുള്ള ആഗ്രഹം കൊണ്ടും. അങ്ങനെ ചെയ്തിട്ട് അവർക്കു പണമോ പ്രശസ്തിയോ കിട്ടുന്നില്ല. മൂലഗ്രന്ഥത്തിലുള്ള താല്പര്യം, ജിജ്ഞാസ, സമർപ്പണം- അതാണ്‌ അവർക്കു പ്രേരണയായത്. അതിനെ സ്നേഹം എന്നുതന്നെ വിളിക്കണം- കവിതാവിവർത്തനത്തിനുള്ള യഥാർത്ഥമായ അടിസ്ഥാനം അതൊന്നുമാത്രമാണ്‌.
ഒരു കവിതയെ രണ്ടു രീതിയിൽ നമുക്കു കാണാം. ഭാഷയുടെ ജീവന്റെ ഒരാവിഷ്കാരമായി കവിതയെ കാണാം; ഏതു ഭാഷയിലാണോ എഴുതപ്പെട്ടത്, അതിൽ നിന്ന് നൈസർഗ്ഗികമായി വളർന്നുവരുന്നതൊന്ന്. എന്റെ കാര്യത്തിൽ ആ ഭാഷ സ്വീഡിഷാണ്‌. സ്വീഡിഷ് ഭാഷ എന്നിലൂടെ എഴുതുന്ന ഒരു കവിത. മറ്റൊരു ഭാഷയിലേക്ക് അതു കൊണ്ടുപോവുക അസാദ്ധ്യം.
വ്യത്യസ്തമായ, ഇപ്പോൾ പറഞ്ഞതിനു വിരുദ്ധമായ മറ്റൊരു വീക്ഷണമുണ്ട്: സാധാരണഭാഷകൾക്കു പിന്നിലുള്ള മറ്റൊരു ഭാഷയിൽ എഴുതപ്പെടുന്ന അദൃശ്യമായ ഒരു കവിതയുടെ ആവിഷ്കരണമാണ്‌ നമുക്കു പ്രത്യക്ഷത്തിൽ വരുന്ന ഏതു കവിതയും. അപ്പോൾ മൂലരൂപം തന്നെ ഒരു വിവർത്തനമാണെന്നു വരുന്നു. ഇംഗ്ലീഷിലേക്കോ മലയാളത്തിലേക്കോ ഉള്ള പകർച്ച തന്നെ ആ അദൃശ്യകവിതയ്ക്കു പിറവിയെടുക്കാനുള്ള പുതിയൊരു ശ്രമമാകുന്നു. എഴുത്തിനും വായനക്കാരനുമിടയിൽ എന്തു നടക്കുന്നു എന്നതാണ്‌ പ്രധാനം. യഥാർത്ഥത്തിൽ അർപ്പിതമനസ്സായ ഒരു വായനക്കാരൻ ചോദിക്കാറുണ്ടോ, താൻ വായിക്കുന്നത് മൂലരൂപമാണോ വിവർത്തനമാണോയെന്ന്?
ഞാൻ കവിത വായിക്കാൻ തുടങ്ങിയ (എഴുതാനും തുടങ്ങിയ) കൗമാരകാലത്ത് ആ ചോദ്യം ഞാൻ എന്നോടു ചോദിച്ചിട്ടില്ല. ഭാഷാബഹുലമായ ഒരു ചുറ്റുപാടിൽ വളരുന്ന ഒരു രണ്ടുവയസ്സുകാരൻ കുട്ടി വ്യത്യസ്തഭാഷകളെ ഒറ്റഭാഷയായി അനുഭവിക്കുന്നതുപോലെ എന്റെ കാവ്യജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ എല്ലാ കവിതയും എനിക്ക് സ്വീഡിഷ് ആയിരുന്നു. എലിയട്ട്, ട്രൿൽ, എല്വാദ്- അമൂല്യവും വികലവുമായ വിവർത്തനങ്ങളിലൂടെ എനിക്കു പ്രത്യക്ഷരായ അവരെല്ലാം സ്വീഡിഷ് എഴുത്തുകാരായിരുന്നു. സൈദ്ധാന്തികതലത്തിൽ, അതിൽ കുറേയൊക്കെ ന്യായവുമുണ്ട്, കവിതാവിവർത്തനത്തെ ഒരസംബന്ധമായി നമുക്കു കാണാം. എന്നാൽ പ്രായോഗികതലത്തിൽ നാം കവിതാവിവർത്തനത്തിൽ വിശ്വസിക്കുകതന്നെ വേണം, വിശ്വസാഹിത്യത്തിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ. ഇവിടെ, ഓൿലഹോമയിൽ നാം ചെയ്യുന്നതും അതാണ്‌. ഞാൻ എന്റെ വിവർത്തകരോട് നന്ദി പറയുന്നു."

2020, മേയ് 18, തിങ്കളാഴ്‌ച

ടാഗോർ - എനിക്കടുത്തിരിക്കുന്നവരറിയുന്നില്ല...




എനിക്കടുത്തിരിക്കുന്നവരറിയുന്നില്ല,
അവരിലുമടുത്താണെനിക്കു നീയെന്ന്;
എന്നോടു മിണ്ടുന്നവരറിയുന്നില്ല,
നീ പറയാത്ത വാക്കുകൾ കൊണ്ടു നിറഞ്ഞതാണെന്റെ ഹൃദയമെന്ന്;
എന്റെ വഴിയിൽ തിക്കിത്തിരക്കുന്നവരറിയുന്നില്ല,
നിന്നോടൊത്തൊറ്റയ്ക്കു നടക്കുകയാണു ഞാനെന്ന്;
എന്നെ സ്നേഹിക്കുന്നവരറിയുന്നില്ല,
നിന്നെയെന്നിലേക്കു വരുത്തുകയാണവരുടെ സ്നേഹമെന്ന്.

ടാഗോർ - ഒരു പിടി പഴയ കത്തുകൾ



ഒരു പിടി പഴയ കത്തുകൾ നിന്റെ പെട്ടിയിൽ ഞാൻ കണ്ടു:
പ്രണയോന്മത്തമായൊരു ജീവിതത്തിൽ നിന്നു
നീ കാത്തു വച്ച സ്മാരകവസ്തുക്കൾ.
അത്രയും കരുതലോടെ, അത്രയും ഗോപ്യമായി
നീ പൂഴ്ത്തിവച്ച ഓർമ്മയുടെ കളിപ്പാട്ടങ്ങൾ.
എത്രയോ സൂര്യചന്ദ്രന്മാരെ വിഴുങ്ങിയ മഹാകാലം
പ്രളയപ്രവാഹമായിരച്ചെത്തുമ്പോൾ
‘എന്റേതെന്റേതു മാത്രമാണീ നിധിക’ളെന്നു
നീയീ നിസ്സാരവസ്തുക്കളൊളിപ്പിച്ചുവച്ചു.
ഇനിയാരാണിവ കാത്തുസൂക്ഷിക്കുക?
അവശേഷിച്ചുവെങ്കിലും ആർക്കു സ്വന്തമാണിവ?
നിശ്ശേഷനാശത്തിൽ നിന്നു നിന്നെ വീണ്ടെടുക്കാൻ
ഈ ലോകത്തിന്നൊരു സ്നേഹവുമില്ലേ,
ഒരു കാലത്താ കത്തുകൾ കാത്തുവച്ച നിന്റെ സ്നേഹം പോലെ?

(സ്മരൺ, 1903)


[12കാരിയായ ഭവതാരിണിയെ വിവാഹം ചെയ്യുമ്പോൾ ടാഗോറിന്‌ 22 വയസ്സായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച, കാണാൻ അത്ര സുന്ദരിയല്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത, പേരു പോലും പഴഞ്ചനായ (ടാഗോർ കുടുംബത്തിലെ ഒരംഗത്തിന്‌ ആ പേരിഷ്ടപ്പെടാത്തതിനാൽ മൃണാളിനീ ദേവി എന്നു  മാറ്റുകയായിരുന്നു) ഭാര്യയെ ടാഗോർ പിന്നീട് ലോറെറ്റോ സ്കൂളിൽ അയച്ചു പഠിപ്പിക്കുകയും ബംഗാളി ഭദ്രലോകത്തിനു ചേർന്ന ഒരംഗമാക്കി മാറ്റിയെടുക്കുകയുമാണുണ്ടായത്. പില്ക്കാലത്ത് അവർ രാമായണം ബംഗാളിയിലേക്കു വിവർത്തനം ചെയ്യുകയും നാടോടിക്കഥകളുടെ ഒരു സമാഹാരം തയാറാക്കുകയും ചെയ്തു. അവർക്ക് അഞ്ചു കുട്ടികളുണ്ടായി. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് 1902 നവംബർ 23ന്‌ അന്തരിച്ചു. മൃണാളിനീദേവിയുടെ ഓർമ്മയ്ക്കായി എഴുതിയ 20 കവിതകളുടെ സമാഹാരമാണ്‌ ‘സ്മരൺ’. മരണശേഷം അവരുടെ പെട്ടി തുറന്നപ്പോൾ താനയച്ച ചില കത്തുകൾ അതിൽ ഭദ്രമായി വച്ചിരിക്കുന്നതു കണ്ടതാണ്‌ ഈ കവിതയുടെ വിഷയം.]