അച്ഛൻ കുടിയാനായിരുന്നു,
വല്ലപ്പോഴുമേ രാത്രിയിൽ വീട്ടിലെത്തിയിരുന്നുള്ളു.
വീട്ടിൽ മുത്തശ്ശിയുണ്ടായിരുന്നു,
വെള്ളുള്ളിയുടെ ഉണങ്ങിച്ചുരുണ്ട വേരു പോലത്ര പ്രായമായി,
ഈന്തപ്പന പൂത്തപോലെയുമായിരുന്നു അവർ.
വയറ്റിൽ കുഞ്ഞിനെ പേറുന്ന അമ്മയ്ക്ക്
ഒരാപ്രിക്കോട്ട് മാത്രം മതിയായിരുന്നു.
ഞാൻ അമ്മയുടെ കുട്ടിയായിരുന്നു,
മൺചുമരിനരികെ, വിളക്കിനു ചുവട്ടിൽ,
അഴുക്കു പറ്റിയ നഖങ്ങളുമായി ഞാനിരുന്നു.
കാടു പിടിച്ച മുടിയും തുളച്ചുകേറുന്ന കണ്ണുകളുമുള്ള ഞാൻ
കണ്ടാൽ അമ്മയുടെ അച്ഛനെപ്പോലുണ്ടെന്നവർ പറഞ്ഞിരുന്നു:
1894ൽ കടലിൽ പോയ മുത്തശ്ശൻ പിന്നെ മടങ്ങിവന്നിട്ടില്ല.
ഇരുപത്തിമൂന്നു കൊല്ലമായി
എന്റെ മൂന്നിൽ രണ്ടു ഭാഗത്തെ വളർത്തിയത് കാറ്റായിരുന്നു.
പോകപ്പോകെ ലോകത്തിനു മുന്നിൽ ഞാൻ പരുങ്ങിപ്പോകുന്നു.
ചിലർ എന്റെ കണ്ണുകളിൽ ഒരു കുറ്റവാളിയെ വായിച്ചെടുക്കുന്നു,
ചിലർ എന്റെ ചുണ്ടുകളിൽ ഒരു മന്ദബുദ്ധിയേയും.
എന്നാൽ എനിക്കു മനസ്താപമേതുമില്ല.
ഓരോ സൂര്യോദയത്തിലും
ചോരത്തുള്ളികൾ കലർന്ന കവിതയുടെ തുള്ളികൾ
എന്റെ നെറ്റിത്തടത്തെ കയ്യേറിയിരുന്നു.
ഇത്രത്തോളം ഞാനെത്തുകയും ചെയ്തു,
വെയിലത്തും നിഴലത്തും
നാവും പുറത്തിട്ടു കിതച്ചുകൊണ്ടോടുന്ന
ഒരു ചാവാലിപ്പട്ടിയെപ്പോലെ.
***
(Seo Jeong-ju (1915-2000)- ഇരുപതാം നൂറ്റാണ്ടിലെ കൊറിയൻ കവിതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രിതിനിധികളിൽ ഒരാൾ. അഞ്ചു തവണ നൊബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിരുന്നു.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ