2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേറുടെ ആത്മഹത്യാക്കുറിപ്പ്


1845ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ബോദ്‌ലേർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കത്തി കൊണ്ട് നെഞ്ചിൽ കുത്തി മുറിവേല്പിച്ചുവെങ്കിലും അത് മരണകാരണമായില്ല. ആത്മഹത്യാശ്രമത്തിനു മുമ്പ് അദ്ദേഹം തന്റെ ലീഗൽ ഗാർഡിയനായ Narcisse Ancelleക്ക് കാമുകി ഷീൻ ലെമെറിന്റെ കയ്യിൽ കൊടുത്തയച്ച കത്താണിത്. 

Jeanne Duval (Jeanne Lemer) 1820ൽ ഹെയ്റ്റിയിൽ ജനിച്ച ഒരു സങ്കരവർഗ്ഗക്കാരിയായിരുന്നു. പാരീസിലെ തിയേറ്ററുകളിൽ നടിയും നർത്തകിയുമായിരുന്ന ഷീൻ ദുവാലിനെ 1842ലാണ്‌ ബോദ്‌ലേർ ആദ്യമായി കാണുന്നത്. അതോടെ അവൾ കവിയുടെ ‘കറുത്ത വീനസ്സു’മായി.  ‘തിന്മയുടെ പൂക്കളി’ലെ പല കവിതകളുടേയും പ്രചോദനം ഷീൻ ദുവാലാണ്‌. ഇരുപതുകൊല്ലം നീണ്ടുനിന്ന ആ ബന്ധം മിക്കപ്പോഴും സംഘർഷഭരിതമായിരുന്നുവെങ്കിലും താൻ സ്നേഹവും സാന്ത്വനവും അറിഞ്ഞ അപൂർവ്വനിമിഷങ്ങൾ അവളോടൊപ്പമായിരുന്നുവെന്നും ബോദ്‌ലേർ ഓർക്കുന്നുണ്ട്. അങ്ങനെയൊരാളെ ദുരിതത്തിൽ വിട്ടുപോകരുതെന്ന കരുതലാണ്‌ ഈ കത്തിൽ നിറഞ്ഞുനില്ക്കുന്നത്.


1845 ജൂൺ 30

ഷീൻ ലെമെർ ഈ കത്ത് താങ്കളുടെ കയ്യിൽ തരുമ്പോഴേക്കും ഞാൻ മരിച്ചിട്ടുണ്ടാവും. അവൾക്ക് ഇതറിയില്ല. എന്റെ വില്പത്രം താങ്കൾക്കോർമ്മയുണ്ടല്ലോ. അമ്മയ്ക്കു മാറ്റിവച്ചതൊഴിച്ചാൽ എന്റെ സമ്പാദ്യമായിട്ടുള്ളതെല്ലാം, ചില കടങ്ങൾ വീട്ടിക്കഴിഞ്ഞിട്ട് (അതിന്റെ ലിസ്റ്റ് ഞാൻ വച്ചിട്ടുണ്ട്), മിസ് ലെമെറിനുള്ളതാണ്‌. ഭയാനകമായ ഒരുത്കണ്ഠയുടെ പിടിയിൽ കിടന്നാണ്‌ ഞാൻ മരിക്കുന്നത്. ഇന്നലെ നമ്മൾക്കിടയിലുണ്ടായ സംസാരം ഓർക്കുക. മരണശേഷം എന്റെ അന്ത്യാഭിലാഷങ്ങൾ ഞാൻ പറഞ്ഞപോലെ നടപ്പിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നല്ല, നിർബ്ബന്ധം പിടിക്കുകതന്നെ ചെയ്യുന്നു. എന്റെ വില്പത്രത്തെ രണ്ടുപേർ നിയമപരമായി ചോദ്യം ചെയ്തേക്കാം: എന്റെ അമ്മയും എന്റെ സഹോദരനും. എനിക്കു ബുദ്ധിസ്ഥിരത ഇല്ല എന്നു പറഞ്ഞായിരിക്കും അവർ അതിനെ ചോദ്യം ചെയ്യുക. മിസ് ലെമെറിന്‌ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നത് അവൾക്കു കിട്ടാതിരിക്കാൻ എന്റെ ആത്മഹത്യയും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പലതരം കീഴ്മറിച്ചിലുകളും അവരിരുവർക്കും സഹായകമാവുകയും ചെയ്യും. അതിനാൽ, എന്റെ ആത്മഹത്യയെക്കുറിച്ചും മിസ് ലെമെറിനോടുള്ള എന്റെ പെരുമാറ്റത്തെക്കുറിച്ചും വിശദീകരണം നല്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്‌- താങ്കളുടെ പേർക്കയക്കുന്ന ഈ കത്ത് (ദയവായി ഇതവൾക്കു വായിച്ചുകൊടുക്കുമല്ലോ) മേല്പറഞ്ഞ രണ്ടു പേർ എന്റെ വില്പത്രത്തെ ചോദ്യം ചെയ്താൽ അവൾക്ക് എതിർവാദമായി ഉപകാരപ്പെടും.

ഒരു ദുഃഖവുമില്ലാതെയാണ്‌ ഞാൻ ആത്മഹത്യ ചെയ്യുന്നത്. ആളുകൾ ദുഃഖം എന്നു വിളിക്കുന്ന ആ വിക്ഷോഭം ഞാൻ അനുഭവിക്കുന്നതേയില്ല. എന്റെ കടങ്ങൾ ഇന്നുവരെ എനിക്കു ദുഃഖത്തിനു കാരണമായിട്ടില്ല. അത്തരം കാര്യങ്ങളിൽ നിന്നു പൊങ്ങിവരാൻ ഒരു പ്രയാസവുമില്ല. ഞാൻ ആത്മഹത്യ ചെയ്യുന്നത് എനിക്കിനി ജീവിതം തുടർന്നുകൊണ്ടുപോകാൻ പറ്റാതായിരിക്കുന്നു എന്നതുകൊണ്ടാണ്‌, ഉറങ്ങാൻ കിടക്കുന്നതിന്റെ മടുപ്പും ഉണർന്നെഴുന്നേല്ക്കുന്നതിന്റെ മടുപ്പും എനിക്കസഹ്യമായിക്കഴിഞ്ഞു എന്നതുകൊണ്ടാണ്‌. ഞാൻ ആത്മഹത്യ ചെയ്യുന്നത് ആർക്കും എന്നെക്കൊണ്ട് ഒരുപകാരവുമില്ല എന്നു ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ്‌- എനിക്കു ഞാൻ ഒരപകടകാരി ആയതുകൊണ്ടുമാണ്‌. ഞാൻ ആത്മഹത്യ ചെയ്യുന്നത് ഞാൻ അനശ്വരനാണെന്നു ഞാൻ വിശ്വസിക്കുന്നു എന്നതുകൊണ്ടും എനിക്കു പ്രത്യാശയുള്ളതുകൊണ്ടുമാണ്‌. ഈ വരികളെഴുതുന്ന സമയത്തും എന്റെ മനസ്സ് നല്ല ബോധത്തിലാണ്‌; എന്നുപറഞ്ഞാൽ തിയൊഡോർ ദ് ബാൻവില്ലിന്‌ ചില കുറിപ്പുകൾ ഞാൻ പകർത്തിയെഴുതുകയാണ്‌; എന്റെ കയ്യെഴുത്തുപ്രതികൾ തിരുത്താൻ വേണ്ടത്ര മനോബലവും എനിക്കുണ്ട്. 

എനിക്കു സ്വന്തമായിട്ടുള്ളതെല്ലാം, എന്റെ കുറച്ചു ഫർണീച്ചറും എന്റെ ചിത്രവുമുൾപ്പെടെ, ഞാൻ മിസ് ലെമെറിനു നല്കുന്നു- കാരണം, അവളാണ്‌ എനിക്കു സമാശ്വാസം നല്കുന്ന ഒരേയൊരു ജീവി. ഈ ഭീകരമായ ലോകത്തു ഞാൻ ആസ്വദിച്ച അപൂർവ്വം ആഹ്ലാദങ്ങളുടെ പേരിൽ അവൾക്കു പ്രത്യുപകാരം ചെയ്യാൻ എനിക്കു തോന്നിയാൽ ആർക്കെങ്കിലും അതിൽ എന്നെ കുറ്റം പറയൻ തോന്നുമോ? 

എനിക്കെന്റെ സഹോദരനെ അത്ര നന്നായി അറിയില്ല- അവൻ എന്നിലോ എന്റെ കൂടെയോ ജീവിച്ചിട്ടില്ല- അവന്‌ എന്റെ ആവശ്യവുമില്ല.

തുടരെത്തുടരെ, താനറിയാതെ എന്റെ ജീവിതത്തിൽ വിഷം കലർത്തിയ എന്റെ അമ്മയ്ക്കും പണത്തിന്റെ ആവശ്യമില്ല. -അവർക്ക് ഭർത്താവുണ്ട്, അവർക്ക് സ്നേഹവും സൗഹൃദവും പകർന്നുനല്കാൻ ഒരു മനുഷ്യജീവിയുണ്ട്.

എനിക്ക് ഷീൻ ലെമെർ അല്ലാതെ മറ്റാരുമില്ല. ഞാൻ സ്വസ്ഥത കണ്ടിട്ടുണ്ടെങ്കിൽ അത് അവളിൽ മാത്രമാണ്‌; ഞാൻ അവൾക്കായി നല്കുന്നത് എനിക്കു സ്ഥിരബുദ്ധിയില്ലെന്ന ന്യായം പറഞ്ഞ് ആളുകൾ തട്ടിയെടുക്കാൻ നോക്കിയാൽ എനിക്കതു സഹിക്കാൻ കഴിയില്ല, ഞാനതു സഹിക്കുകയുമില്ല. കഴിഞ്ഞ ചില ദിവസങ്ങളിൽ എന്റെ സംസാരം താങ്കൾ കേട്ടതാണല്ലോ. എനിക്കു ഭ്രാന്തുണ്ടെന്നു തോന്നിയിരുന്നോ? 

നേരേ അമ്മയുടെ മുന്നിൽ ചെന്നുനിന്ന് യാചിക്കുകയും എത്ര കടുത്ത അപമാനമാണ്‌ ഞാൻ സഹിക്കുന്നതെന്ന് തുറന്നുപറയുകയും ചെയ്താൽ എന്റെ അവസാനത്തെ ആഗ്രഹങ്ങളെ തകിടം മറിക്കുന്നതിൽ നിന്ന് അമ്മയെ തടയാമെന്ന് എനിക്കു തോന്നലുണ്ടായിരുന്നെങ്കിൽ ഞാനത് അപ്പോൾത്തന്നെ ചെയ്യുമായിരുന്നു. ഒരു സ്ത്രീയായതിനാൽ മറ്റാരെക്കാളും നന്നായി അമ്മയ്ക്കെന്നെ മനസ്സിലാകുമെന്ന് എനിക്കത്ര തീർച്ചയാണ്‌. ബുദ്ധിഹീനമായ ഒരു നിലപാടിൽ നിന്ന് എന്റെ സഹോദരനെ പറഞ്ഞുപിന്തിരിപ്പിക്കാനും അവർക്കു കഴിഞ്ഞുവെന്നുവരാം.

ഞാൻ സ്നേഹിച്ച ഒരേയൊരു സ്ത്രീ ഷീൻ ലെമെർ മാത്രമാണ്‌- അവൾക്കു സ്വന്തമായി ഒന്നുമില്ല. മൊസ്യു ആൻസെൽ, സൗമ്യവും ഉന്നതവുമായ മനസ്സുള്ളവരായി ഞാൻ കണ്ടിരിക്കുന്ന ചുരുക്കം പേരിൽ ഒരാളായ താങ്കളെയാണ്‌, അവളുടെ കാര്യത്തിൽ എന്റെ അന്ത്യാഭിലാഷങ്ങൾ നടപ്പിലാക്കാൻ ഞാൻ ചുമതലപ്പെടുത്തുന്നത്. ഇതവൾക്കു വായിച്ചുകൊടുക്കുക, എന്റെ ഒസ്യത്തിന്റെ കാരണങ്ങൾ അവളെ പറഞ്ഞുമനസ്സിലാക്കുക, എന്റെ അവസാനത്തെ ആഗ്രഹങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നു വന്നാൽ എന്തായിരിക്കണം അവളുടെ മറുവാദമെന്ന് അവൾക്കു വിശദീകരിച്ചുകൊടുക്കുക. കരുതലോടെ കാര്യങ്ങൾ ചെയ്യുന്ന താങ്കൾ പണത്തിന്റെ മൂല്യം അവളെ പറഞ്ഞുമനസ്സിലാക്കുക. അവളെ സഹായിക്കാൻ പറ്റുന്ന വിധത്തിലും എന്റെ അന്ത്യാഭിലാഷങ്ങൾ അവൾക്കു പ്രയോജനപ്പെടുന്ന രീതിയിലും  ഉചിതമായ എന്തെങ്കിലും വഴി കണ്ടെത്താൻ നോക്കുക. അവൾക്കു വഴി കാണിച്ചുകൊടുക്കുക, അവളെ ഉപദേശിക്കുക- അവളെ സ്നേഹിക്കുക (അങ്ങനെ പറയാമെങ്കിൽ)- എന്നെ ഓർത്തെങ്കിലും. ഞാനെന്ന ഭയങ്കരമായ ഉദാഹരണം അവളുടെ മുന്നിൽ വയ്ക്കുക- വ്യവസ്ഥയില്ലാത്ത ഒരു മനസ്സും ജീവിതവും ഇരുണ്ട കൊടുംനൈരാശ്യത്തിലേക്കും സമ്പൂർണ്ണവിനാശത്തിലേക്കും നയിക്കുന്നതെങ്ങനെയാണെന്ന് അവൾക്കു കാണിച്ചുകൊടുക്കുക. വിവേകവും പ്രയോജനവും, ഞാൻ യാചിക്കുകയാണ്‌.

ഈ വില്പത്രം ചോദ്യം ചെയ്യപ്പെടാമെന്നും മരിക്കുന്നതിനു മുമ്പ് യുക്തിപൂർവ്വമായ, നല്ലൊരു പ്രവൃത്തി ചെയ്യാനുള്ള അവസരം എനിക്കു കിട്ടാതെപോകാമെന്നും താങ്കൾ ശരിക്കും കരുതുന്നുണ്ടോ? താങ്കൾക്കിപ്പോൾ വളരെ വ്യക്തമായി കാണാൻ പറ്റുന്നില്ലേ, വെറും വീരവാദത്തിൽ നിന്നോ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മൂല്യങ്ങളോടുള്ള വെല്ലിവിളിയിൽ നിന്നോ ഉണ്ടായ ഒരു പ്രവൃത്തിയല്ല ഈ വില്പത്രമെന്ന്, മാനുഷികമായി എന്നിൽ ഇപ്പോഴും ശേഷിക്കുന്നതൊന്നിന്റെ ആവിഷ്കാരം മാത്രമാണതെന്ന്: സ്നേഹം, ചിലപ്പോഴൊക്കെ എന്റെ ആനന്ദവും സാന്ത്വനവുമായിരുന്ന ഒരു മനുഷ്യജീവിയെ സഹായിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹവും. വിട!

ഈ കത്ത് അവൾക്കു വായിച്ചുകൊടുക്കുക- താങ്കളെ എനിക്കു വിശ്വാസമാണ്‌, ഈ കത്ത് താങ്കൾ നശിപ്പിച്ചുകളയില്ലെന്നും എനിക്കറിയാം. അവൾക്ക് ഉടൻ കുറച്ചു പണം (500) നല്കണം. എന്റെ അന്തിമനിശ്ചയങ്ങളെക്കുറിച്ച് അവൾക്കൊന്നുമറിയില്ല- ഇപ്പോൾ പെട്ടുകിടക്കുന്ന ഏതോ പ്രശ്നത്തിൽ നിന്ന് ഞാൻ അവളെച്ചെന്നു രക്ഷപ്പെടുത്തുമെന്ന് അവൾ പ്രതീക്ഷിക്കുന്നുമുണ്ട്. 

മരിച്ചുപോയ ഒരാളുടെ വില്പത്രം ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നുതന്നെ വയ്ക്കുക, അപ്പോഴും ചില ഇഷ്ടദാനങ്ങൾ ചെയ്യാനുള്ള അവകാശം അയാൾക്കുണ്ടല്ലോ. മറ്റേക്കത്ത് അവൾ താങ്കൾക്കു തരും; അത് താങ്കൾക്കു മാത്രം കാണാനുള്ളതാണ്‌; മാനക്കേടു പറ്റാതെ എന്റെ ഓർമ്മ നിലനില്ക്കണമെങ്കിൽ കടം കൊടുത്തു തീർക്കാനുള്ളവരുടെ പട്ടിക അതിലുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല: