2021, ജൂൺ 5, ശനിയാഴ്‌ച

മംഗലേശ് ഡബ്രാൽ - ഗദ്യകവിതകൾ

 ചുംബനം



ചുംബനങ്ങളുടെ ചരിത്രം മനുഷ്യരാശിയോളം പ്രാചീനമാണ്‌; എന്നാൽ അതു പൊതുവേ, പ്രസിദ്ധങ്ങളോ ഏറ്റവും ദീർഘമോ ഏറ്റവും ഹ്രസ്വമോ ആയ ചുംബനങ്ങളുടെ വിരസവിവരണങ്ങളോ പരസ്യങ്ങളോ ആണ്‌. ചുംബനം പക്ഷേ, ചരിത്രത്തിനു പുറത്തു നടക്കുന്ന ഒരു സംഭവമാണ്‌. അയഥാർത്ഥമായ ഒരു ലോകത്ത് രണ്ടു പേരുടെ എരിയുന്ന ചുണ്ടുകൾ അടുത്തടുത്തു വരുന്നു; അവ വിറ കൊള്ളുന്നതു കേൾക്കാവുന്നത്ര അടുത്തടുത്തവ വരുന്നു. ഉടലിന്റെയിടങ്ങളിൽ നിന്നെല്ലാം ചുണ്ടുകളിലേക്കു ചോര ഇരച്ചുപായുന്നു, എല്ലാ ചിന്തകളും ചുണ്ടുകളിൽ സഞ്ചയിക്കുന്നു, ഹൃദയം അവിടേയ്ക്കെത്തുന്നു, ആത്മാവവിടെ കുടിയിടമാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു നിമിഷത്തിലാണ്‌ ഒരു പൂവു വിരിയുന്നത് ഒരു കുഞ്ഞിക്കിളി ചിറകെടുക്കുന്നത് നക്ഷത്രങ്ങൾ തിളങ്ങുന്നത് ഭൂമിക്കടിയിലെവിടെയോ ജലമൊഴുകുന്നതു കേൾക്കുന്നത്; എന്നാൽ ഈ പതിവുകാര്യങ്ങളെല്ലാം നടക്കുന്നത് നാം ചവിട്ടിനില്ക്കുന്ന മണ്ണിനെ വിറ കൊള്ളിക്കും മട്ടിലാണ്‌. ഒടുവിൽ ചോര മടങ്ങിപ്പോകുന്നു, ഉടലിലെല്ലായിടത്തും അതിനെ എത്തിക്കുക എന്ന തന്റെ നിയതനിയോഗം ഹൃദയം പിന്നെയും ഏറ്റെടുക്കുന്നു. ചിന്തകൾ മനസ്സിലേക്കു തിരിച്ചുചെല്ലുന്നു, ആത്മാവതിന്റെ വിജനഭൂമിയിലേക്കു മടങ്ങുന്നു. ഇപ്പോൾ എല്ലാം സാധാരണപോലെയാകുന്നു. ഒരു കൊടുങ്കാറ്റിൽ നിന്നോ അഗ്നിബാധയിൽ നിന്നോ നാം കഷ്ടിച്ചു രക്ഷപെട്ടപോലെയാണ്‌. നാം ജീവനോടെയുണ്ട്, നാം ചരിത്രത്തിലേക്കു തിരിച്ചുവന്നിരിക്കുന്നു, ആശ്വാസത്തോടെ നാമൊരു ദീർഘനിശ്വാസമുതിർക്കുകയും ചെയ്യുന്നു.

ഒരു ചിത്രം


വളരെപ്പണ്ട് അനുനിമിഷം നിറം മാറുന്ന ആകാശം മാത്രമേ ഉണ്ടായിരുന്നുള്ളു; മേഘങ്ങളതിനടിയിലൂടെ പാഞ്ഞുപോയിരുന്നു. പിന്നെ പുല്ക്കൊടികൾ മുളച്ചുവന്നു, ഒരു കിളി പാടാൻ തുടങ്ങി. ഒരു പുല്ലാങ്കുഴലിന്റെ ഈണം വായുവിലൂടൊഴുകിനടന്നു. രാത്രിയിൽ ഇതാദ്യമായി നക്ഷത്രങ്ങൾ തെളിഞ്ഞുവന്നു; നമുക്കു കൈനീട്ടിത്തൊടാവുന്നത്ര അടുത്തായിരുന്നു അവ. ചിലനേരത്തവ നമ്മളോടൊപ്പം കളിയിൽ കൂടിയിരുന്നു, നമ്മുടെ കണ്ണുകളിൽ ഒളി മിന്നിയിരുന്നു. മരങ്ങൾക്കന്നു പേരു വീണിരുന്നില്ല, കല്ലുകൾ കൈക്കുഞ്ഞുങ്ങളെപ്പോലെ കിടന്നുറങ്ങിയിരുന്നു. നമ്മെ പേടിപ്പെടുത്തുന്നതെന്തിനേയും ആട്ടിയകറ്റാൻ രാത്രിയിലെരിയുന്ന വെളിച്ചങ്ങളുമുണ്ടായിരുന്നു.
ഇപ്പോൾ അതെല്ലാം നമ്മുടെ ഓർമ്മയിൽ സഞ്ചയിക്കപ്പെട്ടപോലെ: ആകാശം ഒരു കുടപോലെ തുറക്കുന്നു നക്ഷത്രങ്ങൾ അങ്ങകലെ അവയുടെയിടങ്ങളിൽ തറഞ്ഞുനില്ക്കുന്നു മരങ്ങളും പറക്കുന്ന കിളികളും എങ്ങോ പോയിമറഞ്ഞു കല്ലുകളുടെ നിഷ്കളങ്കതയ്ക്കും അവസാനമായി. നാം ഒരു ചട്ടത്തിലാക്കി സൂക്ഷിക്കുന്ന അമൂല്യമായ ചിത്രമാണിത്. രാത്രിയിൽ മിന്നിത്തിളങ്ങുന്ന വെളിച്ചങ്ങളെ നോക്കി നാം പറയുന്നു, അവ നമ്മുടെ ഗ്രാമത്തിന്റെ കണ്ണുകളാണെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല: