2021, ജൂൺ 5, ശനിയാഴ്‌ച

മംഗലേശ് ഡബ്രാൽ - കവിതകൾ



കഴിഞ്ഞ മഞ്ഞുകാലം



കഴിഞ്ഞ മഞ്ഞുകാലം കഠിനമായിരുന്നു
ഈ മഞ്ഞുകാലത്തിരുന്നതോർക്കുമ്പോൾ
അത്രയും കഠിനമല്ല നാളുകളെങ്കിലും
ഞാനൊന്നു നടുങ്ങിപ്പോകുന്നു

കഴിഞ്ഞ മഞ്ഞുകാലത്ത് അമ്മ പോയി
ഒരു പ്രണയലേഖനം കാണാതെപോയി
ഒരു ജോലി ഇല്ലാതെയായി
രാത്രികളിൽ എവിടൊക്കെയലഞ്ഞുവെന്ന് എനിക്കോർമ്മയില്ല
ആരെയൊക്കെ ഞാൻ ഫോൺ വിളിച്ചു
എന്റെ സ്വന്തം വസ്തുക്കൾ
എനിക്കു മേൽ വന്നുവീഴുകയായിരുന്നു

ഈ തണുപ്പുകാലത്ത്
കഴിഞ്ഞകൊല്ലം ധരിച്ചിരുന്നതു ഞാനെടുത്തുനോക്കുന്നു
-പുതപ്പുകൾ തൊപ്പി സോക്സുകൾ ഒരു മഫ്ളർ-
അവയെ ഞാൻ ഉറ്റുനോക്കുന്നു
ആ നാളുകൾ കഴിഞ്ഞുപോയെന്ന് എനിക്കു തോന്നുന്നു
ഈ മഞ്ഞുകാലം അത്ര കഠിനമാകുമെന്നു തോന്നുന്നില്ല
*

ഈ നമ്പർ നിലവിലില്ല



ഈ നമ്പർ നിലവിലില്ല
ഞാൻ എവിടെപ്പോയാലും ഏതു നമ്പർ ഡയൽ ചെയ്താലും
മറുതലയ്ക്കൽ ഒരപരിചിതസ്വരം പറയുന്നു
ഈ നമ്പർ നിലവിലില്ല യേ നമ്പർ മൗജൂദ് നഹിം ഹേ
കുറേക്കാലം മുമ്പുവരെ ഈ നമ്പറിൽ എനിക്കാളുകളെ കിട്ടിയിരുന്നതാണ്‌
അവർ പറയും: എനിക്കു പിന്നെ നിങ്ങളെ ഓർമ്മയില്ലേ
ഈ പ്രപഞ്ചത്തിൽ നിങ്ങൾക്കും ഇടമുണ്ടല്ലോ

ഇപ്പോൾ പക്ഷേ ഈ നമ്പർ നിലവിലില്ല
അതേതോ പഴയ നമ്പറായിരിക്കുന്നു
ഈ പഴയ മേൽവിലാസങ്ങളിൽ
കാലൊച്ച കേൾക്കുമ്പോഴേ വാതിൽ തുറന്നുവച്ചിരുന്ന വീടുകളിൽ
വളരെക്കുറച്ചുപേരേ ശേഷിക്കുന്നുള്ളു
ഇപ്പോഴാകട്ടെ ബെല്ലടിക്കണം ആശങ്കയോടെ കാത്തുനില്ക്കണം
ഒടുവിൽ വാതില്ക്കൽ ഒരാൾ പ്രത്യക്ഷപ്പെടുമ്പോൾ
അതു നിങ്ങൾ പ്രതീക്ഷിച്ച മുഖമാവണമെന്നില്ല
അല്ലെങ്കിൽ ഞാൻ സംസാരിക്കാറുണ്ടായിരുന്ന ആളല്ല നിങ്ങൾ
എന്നയാൾ പറഞ്ഞുവെന്നുവരാം
നിങ്ങളുടെ സങ്കടങ്ങൾ ക്ഷമയോടെ കേട്ടിരുന്ന നമ്പർ ഇതല്ല

ഞാൻ ചെല്ലുന്നിടത്തെല്ലാം
നമ്പറുകളും ഭൂപടങ്ങളും മുഖങ്ങളും മാറിപ്പോയപോലെ തോന്നുന്നു
പഴയ ഡയറികൾ ഓടകളിൽ വലിച്ചെറിഞ്ഞിരിക്കുന്നു
അവയുടെ പേരുകൾ വെള്ളത്തിൽ മാഞ്ഞുമാഞ്ഞുപോകുന്നു
ഇപ്പോൾ പുതിയ നമ്പറുകൾ എത്രവേണമെങ്കിലുമുണ്ട്
എന്നാൽ മറ്റൊരുതരം സംഭാഷണമാണവയിൽ
കച്ചവടങ്ങൾ മാത്രം ഇടപാടുകൾ മാത്രം
വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും അപരിചിതശബ്ദങ്ങൾ
എവിടെപ്പോയാലും ഞാനൊരു നമ്പർ ഡയൽ ചെയ്തുനോക്കുന്നു
ആ ശബ്ദം എവിടെ എന്നു ഞാൻ ചോദിക്കുന്നു
വാതിൽ തുറന്നുകിടക്കുകയാണ്‌ നിങ്ങൾക്കിവിടെ താമസിക്കാം
ഏതു നേരവും ഈ പ്രപഞ്ചത്തിൽ
അല്പനേരം നമുക്കൊരുമിച്ചിരിക്കാം
എന്നു പറയാറുണ്ടായിരുന്ന ആ ശബ്ദം.
*

നഗരം



നഗരത്തെ ഞാനൊന്നു നോക്കി
പിന്നെ ഞാനൊന്നു പുഞ്ചിരിച്ചു
ഇവിടെയൊക്കെ ആളുകൾ എങ്ങനെ താമസിക്കും
എന്നറിയാൻ ഒന്നു കേറിനോക്കി
പിന്നെ ഞാൻ മടങ്ങിപ്പോയതുമില്ല

അഭിപ്രായങ്ങളൊന്നുമില്ല: