2021, ജൂൺ 4, വെള്ളിയാഴ്‌ച

ഹാ ജിൻ - ഭാഷ എന്ന രാഷ്ട്രീയായുധം

 ചോദ്യം: രണ്ടു ഭാഷകളും (ചൈനീസും ഇംഗ്ലീഷും) തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്‌?

ഹാ ജിൻ : ഇംഗ്ലീഷ് കുറച്ചുകൂടി വഴക്കമുള്ള ഭാഷയാണ്‌. വളരെ അയവുള്ളതും ഇഷ്ടം പോലെ രൂപപ്പെടുത്താവുന്നതും ആശയപ്രകാശനസമർത്ഥവുമാണത്. അത്രയും സ്വാഭാവികത ചൈനീസിനില്ല. ചൈനീസ് എഴുത്തുഭാഷ സംസാരഭാഷയെ പ്രതിനിധീകരിക്കരുതെന്നാണ്‌ വച്ചിട്ടുള്ളത്. ഒരൊറ്റ എഴുത്തുഭാഷയ്ക്ക് നൂറുകണക്കിന്‌ ഭാഷാഭേദങ്ങളാണുള്ളത്. ഒരു വാക്ക് എല്ലാ ഭാഷാഭേദങ്ങളിലും ഒന്നുതന്നെയായിരിക്കും, എന്നാൽ സംസാരഭാഷയിൽ അതിന്‌ നൂറു രൂപങ്ങളായിരിക്കും. ആ അർത്ഥത്തിൽ ലാറ്റിനെപ്പോലെയാണതെന്നു പറയാം; അതിനൊരു സ്വാഭാവികലയം ഇല്ല. ആളുകൾ സംസാരിക്കുന്ന രീതി- അതൊരിക്കലും നിങ്ങൾക്ക് എഴുത്തിലൂടാവിഷ്കരിക്കാൻ പറ്റില്ല. ഉച്ചാരണഭേദങ്ങൾ, വ്യാകരണസമ്മതമല്ലാത്ത പ്രയോഗങ്ങൾ, അതൊന്നും പറ്റില്ല. ഇംഗ്ലീഷിലെന്നപോലെ ഭാഷാഭേദങ്ങളിൽ എഴുതാൻ ചൈനീസിൽ കഴിയില്ല 

ഒന്നാമത്തെ ചക്രവർത്തി രാജ്യത്തെ ഏകീകരിക്കാൻ തീരുമാനിച്ചപ്പോൾ എടുത്ത പ്രധാനപ്പെട്ട നയങ്ങളിൽ ഒന്ന് എഴുതാൻ ഒരൊറ്റ ലിപിവ്യവസ്ഥ രൂപപ്പെടുത്തുക എന്നതായിരുന്നു. ബലപ്രയോഗത്തിലൂടെ, ക്രൂരമായ ബലപ്രയോഗത്തിലൂടെ മറ്റെല്ലാ ലിപികളും അയാൾ ഇല്ലാതാക്കി. ഒരു ലിപി ആധികാരികലിപിയായി. മറ്റെല്ലാം വിലക്കപ്പെട്ടു. മറ്റു ലിപികൾ ഉപയോഗിച്ചവർ കഠിനശിക്ഷയ്ക്കു വിധേയരായി. നൂറ്റാണ്ടുകളായി രൂപപ്പെട്ട ഓരോ (ചൈനീസ്) അക്ഷരത്തിന്റെയും അർത്ഥം ഒരു രാഷ്ട്രീയസംവിധാനത്തിന്റെ ഭാഗമായി ഏകീകൃതമായി. അങ്ങനെ തുടക്കം മുതലേ എഴുത്തുഭാഷ സുശക്തമായ ഒരു രാഷ്ട്രീയായുധമാവുകയായിരുന്നു.


(ചൈനീസ്-അമേരിക്കൻ എഴുത്തുകാരനായ ഹാ ജിൻ Ha Jin 2009ലെ പാരീസ് റിവ്യു ഇന്റെർവ്യൂവിൽ പറഞ്ഞത്)

അഭിപ്രായങ്ങളൊന്നുമില്ല: