2021, ജൂൺ 4, വെള്ളിയാഴ്‌ച

മിലാൻ കുന്ദേര - കാഫ്കയെക്കുറിച്ച്

 ആളുകൾക്ക് കാഫ്കയെ എങ്ങനെ വായിക്കണമെന്നറിയില്ല; കാരണം, കാഫ്കയെ വായിക്കുക എന്നാൽ കാഫ്കയുടെ പൊരുളു തിരിക്കുക എന്നാണവരുടെ ധാരണ. അദ്ദേഹത്തിന്റെ നിസ്തുലമായ ഭാവനയ്ക്കു സ്വയം വിട്ടുകൊടുക്കുന്നതിനു പകരം അവരതിൽ അന്യാപദേശങ്ങൾ തിരയുന്നു; അവർക്കു കിട്ടുന്നത് ക്ലീഷേകൾ മാത്രവും: ജീവിതം യുക്തിരഹിതമാണ്‌ (യുക്തിരഹിതമല്ല), ദൈവം മനുഷ്യനപ്രാപ്യനാണ്‌ (അപ്രാപ്യനല്ല) എന്നിങ്ങനെ. ഭാവനയ്ക്ക് സ്വന്തമായിട്ടൊരു മൂല്യമുണ്ടെന്ന് മനസ്സിലാവുന്നില്ലെങ്കിൽ കല, ആധുനികകല വിശേഷിച്ചും, നിങ്ങൾക്കു മനസ്സിലാകാൻ പോകുന്നില്ല. സ്വപ്നങ്ങളെ പ്രശംസിക്കുമ്പോൾ നൊവാലിസ്സിന്‌ അതറിയാമായിരുന്നു. അവ “ജീവിതത്തിന്റെ ആവർത്തനവിരസതയിൽ നിന്ന് നമ്മെ കാക്കുന്നു,” അദ്ദേഹം പറഞ്ഞു; “ആ ലീലാസ്വഭാവം കൊണ്ട് ഗൗരവബുദ്ധിയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.” നോവലിൽ സ്വപ്നങ്ങളുടേയും സ്വപ്നതുല്യമായ ഭാവനയുടേയും ധർമ്മം ആദ്യമായി മനസ്സിലാക്കിയത് അദ്ദേഹമാണ്‌. അദ്ദേഹം തന്റെ Heinrich von Ofterdingenന്റെ രണ്ടാം ഭാഗം വിഭാവന ചെയ്തത് സ്വപ്നവും യാഥാർത്ഥ്യവും വേർതിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഇഴ ചേർന്നുകിടക്കുന്ന ഒരാഖ്യാനമായിട്ടായിരുന്നു. നിർഭാഗ്യവശാൽ ആ രണ്ടാം ഭാഗത്തിന്റേതായി ശേഷിക്കുന്നത് തന്റെ ലക്ഷ്യത്തിനായി അദ്ദേഹം തയാറാക്കിയ കുറിപ്പുകൾ മാത്രമാണ്‌. ആ ലക്ഷ്യം സാക്ഷാല്ക്കരിച്ചത് നൂറു കൊല്ലത്തിൽ പിന്നെ കാഫ്കയാണ്‌. കാഫ്കയുടെ നോവലുകൾ സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഒരുരുകിച്ചേരലാണ്‌; എന്നു പറഞ്ഞാൽ അവ സ്വപ്നവുമല്ല, യാഥാർത്ഥ്യവുമല്ല. മറ്റെന്തിലുമുപരി കാഫ്ക കൊണ്ടുവന്നത് സൗന്ദര്യശാസ്ത്രപരമായ ഒരു വിപ്ലവമാണ്‌. സൗന്ദര്യശാസ്ത്രപരമായ ഒരത്ഭുതപ്രവർത്തനം. തീർച്ചയായും അദ്ദേഹം ചെയ്തത് മറ്റൊരാൾക്കാവർത്തിക്കാനാവില്ല. എന്നാൽ, സ്വപ്നങ്ങളേയും സ്വപ്നങ്ങളുടെ ഭാവനയേയും നോവലിലേക്കു കൊണ്ടുവരാനുള്ള അഭിലാഷം അദ്ദേഹത്തോടും നൊവാലിസ്സിനോടുമൊപ്പം ഞാനും പങ്കിടുന്നു.

(മിലാൻ കുന്ദേരയുടെ 1983ലെ പാരീസ് റിവ്യു ഇന്റെർവ്യൂവിൽ നിന്ന്)

തന്റെ പുസ്തകങ്ങൾ വലിയ ടൈപ്പിൽ അച്ചടിക്കണമെന്ന് കാഫ്കയ്ക്കു നിർബ്ബന്ധമുണ്ടായിരുന്നു. മഹാന്മാരുടെ ഒരു ചാപല്യം എന്ന ദാക്ഷിണ്യഭാവത്തിൽ നിന്നു ജനിക്കുന്ന ഒരു പുഞ്ചിരിയായിരിക്കും ഇക്കാലത്തതുണർത്തുക. എന്നാൽ ചിരിയുണർത്താൻ പോകുന്നതൊന്നും അതിലില്ല. കാഫ്കയുടെ ആഗ്രഹം ന്യായവും യുക്തിസഹവും ഗൗരവമുള്ളതും അദ്ദേഹത്തിന്റെ സൗന്ദര്യശാസ്ത്രത്തിനോടു യോജിക്കുന്നതും ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, അദ്ദേഹത്തിന്റെ ഗദ്യരചനാരീതിയോടു ചേർന്നുപോകുന്നതുമായിരുന്നു.
തന്റെ രചനയെ അനേകം ചെറുഖണ്ഡികകളായി വിഭജിക്കുന്ന ഒരെഴുത്തുകാരൻ വലിയ ടൈപ്പിനു നിർബ്ബന്ധം പിടിക്കില്ല; വിപുലമായി വിന്യസിക്കപ്പെട്ട ഒരു പേജ് അനായാസം വായിച്ചുപോകാം.
മറിച്ച്, അനന്തമായി ഒഴുകിപ്പരക്കുന്ന ഒരെഴുത്ത് സ്പഷ്ടത തീരെക്കുറഞ്ഞതായിരിക്കും; നില്ക്കാനോ നിർത്താനോ കണ്ണിന്‌ ഒരിടവും കണ്ടെത്താൻ പറ്റുന്നില്ല; വരികൾ പെട്ടെന്ന് ‘പിടി കിട്ടാതെ’ പോവുകയാണ്‌. അങ്ങനെയൊരെഴുത്ത് ആനന്ദത്തോടെ (അതായത് കണ്ണിനു ഭാരമില്ലാതെ) വായിക്കാൻ വലിയ ടൈപ്പ് വേണ്ടിവരുന്നു; വരികളുടെ സൗന്ദര്യം ആസ്വദിക്കാൻ വായനക്കാരന്‌ എപ്പോഴും എവിടെയും തങ്ങിനില്ക്കാമെന്നുമാകുന്നു.
*
കാഫ്കയുടെ നോവലുകൾ മനസ്സിലാകാൻ ഒരു വഴിയേയുള്ളു: അവ നോവലുകളായിത്തന്നെ വായിക്കുക. കെ. എന്ന കഥാപാത്രത്തിൽ ഗ്രന്ഥകർത്താവിന്റെ ഛായാചിത്രം അന്വേഷിക്കാനോ കെ.യുടെ വാക്കുകളിൽ നിഗൂഢമായ ഒരു രഹസ്യഭാഷ തിരയാനോ പോകാതെ കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളെ, അവരുടെ വാക്കുകളെ, അവരുടെ ചിന്തകളെ ജാഗ്രതയോടെ ശ്രദ്ധിക്കുക, അവരെ കണ്മുന്നിൽ കാണാൻ ശ്രമിക്കുക. ഈ രീതിയിൽ ‘വിചാരണ’ വായിക്കുമ്പോൾ തനിക്കെതിരെ വന്ന കുറ്റാരോപണത്തിനോട് കെ.യുടെ പ്രതികരണത്തിന്റെ വിചിത്രസ്വഭാവം പെട്ടെന്നു നിങ്ങൾക്കു മനസ്സിൽ തട്ടും: ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും (അല്ലെങ്കിൽ താനെന്തു കുറ്റമാണു ചെയ്തതെന്ന് അറിവില്ലെങ്കിലും) കെ. ഉടനേതന്നെ കുറ്റവാളിയെപ്പോലെ പെരുമാറിത്തുടങ്ങുകയാണ്‌. താൻ കുറ്റം ചെയ്തുവെന്ന് അയാൾക്കു തോന്നുന്നു. കുറ്റം ചെയ്തുവെന്ന തോന്നലിന്‌ അയാൾ നിർബ്ബന്ധിതനാവുകയാണ്‌. അയാൾ ശിക്ഷാർഹനാവുകയാണ്‌.
*
തനിക്കു മേൽ അടിച്ചേല്പിക്കപ്പെട്ട ആ വിചാരണ കെ.യെ പൂർണ്ണമായിത്തന്നെ കീഴടക്കിയിരിക്കുന്നു: മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാൻ ഒരു നിമിഷം പോലും അയാൾക്കു കിട്ടുന്നില്ല. എന്നാല്ക്കൂടി, പുറത്തേക്കു വഴികളില്ലാത്ത ആ വിഷമാവസ്ഥയിലും, ഒരു നിമിഷത്തേക്ക് പെട്ടെന്നു തുറക്കുന്ന ചില ജനാലകളുണ്ട്. ആ ജനാലകളിലൂടെ അയാൾക്കു രക്ഷപ്പെടാൻ കഴിയില്ല; ഒന്നു തുറന്ന് പെട്ടെന്നടയുകയാണവ. എന്നാൽ അതിനിടയിൽ ഒരു മിന്നായം പോലെ പുറംലോകത്തിന്റെ കവിത അയാൾക്കു കാണാൻ കഴിയുന്നുണ്ട്: ഇതിനൊക്കെയിടയിലും ഒരു സാദ്ധ്യതയുടെ നിത്യസാന്നിദ്ധ്യമായി നിലനില്ക്കുകയും വേട്ടയാടപ്പെടുന്ന അയാളുടെ ജീവിതത്തിലേക്ക് നേർത്തൊരു വെള്ളിവെളിച്ചം അയക്കുകയും ചെയ്യുന്ന കവിത.

അഭിപ്രായങ്ങളൊന്നുമില്ല: