2021, ജൂൺ 4, വെള്ളിയാഴ്‌ച

ഇല്യാസ് കനേറ്റി - ഒരാളും ആൾക്കൂട്ടവും

 സുരക്ഷിതവും സുനിശ്ചിതവുമായ ഒരിടത്ത് മനുഷ്യൻ ഒറ്റയ്ക്കു നില്ക്കുന്നു; മറ്റുള്ളവരെ ദൂരെ നിർത്താനുള്ള തന്റെ അവകാശം സ്ഥാപിക്കുന്നതാണ്‌ അവന്റെ ഓരോ ചേഷ്ടയും. വിശാലമായ ഒരു സമതലത്തിൽ ഒരു കാറ്റാടിമില്ലു പോലെ; അടുത്ത മില്ലിനും അയാൾക്കുമിടയിൽ ഒന്നുമില്ല. തന്റെ ജീവിതമാകെ, അയാളുടെ അറിവിൽ പെട്ടിടത്തോളം, അകലങ്ങളുടെ ഒരു വിന്യാസമാണ്‌; അയാൾ സ്വയം അടച്ചിരിക്കുന്ന വീട്, അയാളുടെ സ്വത്തുവകകൾ, അയാൾ വഹിക്കുന്ന പദവി, അയാൾ കൊതിക്കുന്ന ഉയർന്ന പദവി- ഇതെല്ലാം ആ അകലങ്ങൾ സൃഷ്ടിക്കാനും ഉറപ്പിക്കാനും വർദ്ധിപ്പിക്കാനും ഉതകുന്നു. മറ്റൊരു മനുഷ്യജീവിയുടെ നേർക്ക് സ്വച്ഛന്ദമോ ഉദാരമോ ആയ ഒരു ചേഷ്ട കാണിക്കുന്നതിനെതിരെ അയാൾക്കുള്ളിൽ നിന്നുതന്നെ വിലക്കു വരുന്നുണ്ട്; ഉൾപ്രേരണയും അതിനോടുള്ള പ്രതികരണവുമൊക്കെ മരുഭൂമിയിൽ വെള്ളച്ചാലു പോലെ ഒലിച്ചിറങ്ങിപ്പോകുന്നു. ഒരാൾക്കും മറ്റൊരാൾക്കടുത്തെത്താനോ അയാളുടെ ഉയരത്തിലെത്താനോ കഴിയുന്നില്ല. തന്നെക്കാൾ ഉന്നതനായ ഒരാളെ തൊടുന്നതിൽ നിന്നും തന്നെക്കാൾ താഴ്ന്ന ഒരാളിലേക്കിറങ്ങിച്ചെല്ലുന്നതിൽ നിന്നും രൂഢമൂലമായ ശ്രേണീബന്ധങ്ങൾ ജീവിതത്തിന്റെ ഓരോ മേഖലയിലും അയാളെ വിലക്കുന്നു. ഈ ശ്രേണീബന്ധങ്ങൾ എവിടെയുമുണ്ട്; മനുഷ്യമനസ്സുകളിൽ അവ പിടിമുറുക്കിയിരിക്കുന്നു; മനുഷ്യർ തമ്മിലുള്ള പെരുമാറ്റത്തെ നിർണ്ണയിക്കുന്നതും അവയാണ്‌. എന്നാൽ മറ്റുള്ളവരിൽ നിന്നുയർന്നവനാണു താനെന്നതിൽ നിന്നു കിട്ടുന്ന സംതൃപ്തി സ്വതന്ത്രവ്യവഹാരത്തിന്റെ നഷ്ടത്തിനു പകരമാകുന്നില്ല. താൻ സൃഷ്ടിച്ച അകലങ്ങളിൽ മനുഷ്യൻ കല്ലിച്ചുപോവുകയും ഇരുണ്ടുപോവുകയുമാണ്‌. ആ ഭാരം വലിച്ചുനീക്കാൻ അവൻ ശ്രമിക്കുന്നുണ്ട്; പക്ഷേ അനങ്ങാൻ അവനാവുന്നില്ല. സ്വയംകൃതമാണെന്നറിയാതെ അവൻ അതിൽ നിന്നു മോചനത്തിനു ശ്രമിക്കുകയാണ്‌. എന്നാൽ ഒറ്റയ്ക്ക് എങ്ങനെയവൻ സ്വയം മോചിപ്പിക്കും?

ഒരുമിച്ചു മാത്രമേ മനുഷ്യർക്ക് അകലങ്ങളുടെ ഭാരത്തിൽ നിന്നു മുക്തരാവാൻ കഴിയുകയുള്ളു; ഇതാണ്‌, കൃത്യമായി പറഞ്ഞാൽ, ഒരാൾക്കൂട്ടത്തിൽ നടക്കുന്നത്. താൻ തന്നോടെത്ര അടുത്താണോ, അത്ര അടുത്താണ്‌ അതിൽ ഓരോ മനുഷ്യനും അടുത്തയാളോട്. അതിൽ നിന്നുണ്ടാകുന്നത് വിപുലമായ ഒരു ആശ്വാസവുമാണ്‌. ഒരാളും മറ്റൊരാളെക്കാൾ ഉയർന്നവനോ നല്ലവനോ ആകാത്ത ആ ഒരു അനുഗൃഹീതനിമിഷത്തിന്റെ പേരിലാണ്‌ ആളുകൾ ആൾക്കൂട്ടമാകുന്നത്.
(ആൾക്കൂട്ടങ്ങളും അധികാരവും എന്ന പുസ്തകത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: