അടുത്ത കാലത്തായി ഒരായിരം രീതികളിൽ ഇങ്ങനെ പറഞ്ഞു നാം കേട്ടിട്ടുണ്ട്: “പ്രകൃതിയെ പകർത്തുക; പ്രകൃതിയെ മാത്രം. പ്രകൃതിയുടെ വിശിഷ്ടമായ ഒരനുകരണത്തെക്കാൾ വലിയ ഒരാനന്ദമോ ഉജ്ജ്വലമായ വിജയമോ നമുക്കു കിട്ടാനില്ല.” കലയ്ക്കു നേർവിരുദ്ധമായ ഈ സിദ്ധാന്തം പെയിന്റിങ്ങിനു മാത്രമല്ല, എല്ലാ കലകൾക്കും, നോവലിനു പോലും, കവിതയ്ക്കു പോലും ബാധകമാണെന്നാണ് അവകാശവാദം. പ്രകൃതിയെക്കൊണ്ട് അത്രയ്ക്കും തൃപ്തരായ ഈ സിദ്ധാന്തക്കാർക്ക് ഇങ്ങനെ മറുപടി കൊടുക്കാനുള്ള അവകാശം ഭാവനാശാലിയായ ഒരാൾക്ക് തീർച്ചയായുമുണ്ട്: “എനിക്കു നേരേ മുന്നിലുള്ളതിനെ പകർത്തിവയ്ക്കുന്നത് വ്യർത്ഥവും വിരസവുമായിട്ടാണ് ഞാൻ കാണുന്നത്, കാരണം, അതിലുള്ളതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നതല്ല. പ്രകൃതി അസുന്ദരമാണ്, ഭൗതികയാഥാർത്ഥ്യത്തിന്റെ ക്ഷുദ്രതയെക്കാൾ എനിക്കിഷ്ടം എന്റെ സ്വന്തം ഭാവനയുടെ മിഥ്യകളാണ്.” എന്നാൽ അതിനെക്കാൾ കുറച്ചുകൂടി താത്ത്വികമായിരിക്കും, ഇപ്പറഞ്ഞ സിദ്ധാന്തക്കാരോട് ആദ്യം തന്നെ ഇങ്ങനെ ചോദിക്കുക: ബാഹ്യപ്രകൃതിയുടെ അസ്തിത്വത്തെക്കുറിച്ച് നിങ്ങൾക്കത്രയ്ക്കുറപ്പാണോ? ഇനി ആ ചോദ്യം നിന്ദാഗർഭമായ ഒരു പ്രതികരണമാണ് അവരിൽ ഉണ്ടാക്കുക എന്നു തോന്നുന്നെങ്കിൽ ഇങ്ങനെയാകാം: പ്രകൃതിയെ അതിന്റെ സാകല്യത്തിൽ, പ്രകൃതിയേയും അതുൾക്കൊള്ളുന്നതെന്തിനേയും തങ്ങൾക്കറിയാമെന്ന് നിങ്ങൾക്കത്രയ്ക്കു തീർച്ചയുണ്ടോ? “ഉണ്ട്” എന്നാണു നാം കേൾക്കുന്നതെങ്കിൽ അതിനെക്കാൾ വീരവാദം നിറഞ്ഞതും അതിരുകവിഞ്ഞതുമായ ഒരുത്തരം വേറേയില്ലതന്നെ. വിചിത്രവും തരം താണതുമായ ആ പറച്ചിലുകൾ കേട്ടിട്ട് എനിക്കു മനസ്സിലായിടത്തോളം ആ സിദ്ധാന്തം കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ, ഇതായിരിക്കാം ഉദ്ദേശിക്കുന്നതെന്നൊരു സൗജന്യം ഞാൻ കാണിക്കുകയാണെങ്കിൽ, ഇതായിരിക്കാം: ‘ഒരു യഥാർത്ഥകലാകാരൻ, യഥാർത്ഥകവി, താൻ എന്തു കാണുന്നുവോ, തനിക്കെന്തനുഭൂതമാകുന്നുവോ, അതിനനുസരിച്ചേ വരയ്ക്കാൻ പാടുള്ളു. തന്റെ സ്വന്തം പ്രകൃതിയോട് അങ്ങേയറ്റം വിശ്വസ്തനായിരിക്കണം അയാൾ. മറ്റൊരാളുടെ, അതിനി എത്ര മഹാനായാലും, കണ്ണുകളോ മാനസികാനുഭവങ്ങളോ കടം വാങ്ങാനുള്ള പ്രലോഭനത്തെ, മരണത്തെപ്പോലെ, ഒഴിവാക്കണം; അല്ലെങ്കിൽ അയാൾ നമുക്കു തരുന്ന ആവിഷ്കരണം നുണകളുടെ ഒരു കെട്ടായിരിക്കും, സത്യങ്ങളായിരിക്കില്ല.’ ഞാൻ പറഞ്ഞ പണ്ഡിതമ്മന്യർ (അവരുടെ പ്രതിനിധികൾ എവിടെയുമുണ്ട്, കാരണം, സർഗാത്മകത ഇല്ലാത്തവരേയും അലസരേയും സുഖിപ്പിക്കാൻ പറ്റിയതാണല്ലോ, ആ സിദ്ധാന്തം) ഇങ്ങനെയല്ല തങ്ങളുടെ പ്രമാണത്തെ മനസ്സിലാക്കേണ്ടതെന്നു വാദിക്കുകയാണെങ്കിൽ, ഇത്രയേ അവർ പറയാനുദ്ദേശിക്കുന്നുള്ളു എന്നു കരുതാൻ നമുക്കവകാശമുണ്ട്: “ഞങ്ങൾക്കു ഭാവനാശേഷിയില്ല, മറ്റൊരാൾക്കും അതുണ്ടാവരുതെന്നും ഞങ്ങൾ ഇതിനാൽ ഉത്തരവിടുന്നു.“
എത്ര നിഗൂഢമയമാണ് മനുഷ്യന്റെ മാനസികശേഷികളിൽ റാണിയായ ഈ ഭാവന! അത് മറ്റെല്ലാറ്റിനേയും സ്പർശിക്കുന്നു; അവയെ പ്രചോദിപ്പിക്കുന്നു, അവയെ യുദ്ധത്തിനിറക്കിവിടുന്നു. അവയോടു താദാത്മ്യം തോന്നുന്ന തരത്തിൽ അത്ര സൂക്ഷ്മമായി അതവയോടു സദൃശമാണെങ്കിലും അതൊരിക്കലും സ്വന്തം സ്വത്വം നഷ്ടപ്പെടുത്തുന്നില്ല; ഭാവന സജീവമല്ലാത്തവരെ അനായാസമായി തിരിച്ചറിയുകയും ചെയ്യാം, സുവിശേഷത്തിലെ അത്തിമരത്തെപ്പോലെ അവരുടെ രചനകളെ ഉണക്കിക്കളയുന്ന ഏതോ അജ്ഞാതശാപത്താൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ