‘അഞ്ചാം സിംഫണി’ അതിന്റെ നാലു ഖണ്ഡങ്ങളുമായി മിക്കവാറും മുഴുവനായിത്തന്നെ മൂളാൻ എനിക്കു കഴിയും. ദുഃഖഭരിതമായ എത്രയോ മണിക്കൂറുകളെ അതിന്റെ സഹായത്താൽ ഞാൻ ഉറക്കിക്കിടത്തിയിരിക്കുന്നു. അഭിജാതവും പ്രബലവുമായ അത് എന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി തരുന്നു; ‘പച്ചപ്പിന്റെ പുല്പുറങ്ങളും പ്രശാന്തജലവുമാണ്’ എന്റെ ആത്മാവിനത്. അതെ, സംഗീതമില്ലെങ്കിൽ പിന്നെ എനിക്കു മരണം മതി. കവിത പോലും, എന്നെ കാക്കുന്ന കാവ്യദേവത എന്നോടു ക്ഷമിക്കട്ടെ, സംഗീതമെന്താണോ, അതല്ല. അടുത്ത കാലത്തായി എന്റെ വിരലുകൾ തരിക്കുന്നത് ഒരു പിയാനോയ്ക്കാണെന്നു ഞാനറിയുന്നു. ഒരു പിയാനോ ഇല്ലാതെ മറ്റൊരു മഞ്ഞുകാലം കഴിച്ചുകൂട്ടാൻ എനിക്കു പറ്റില്ല. ഇന്നലെ രാത്രിയിൽ രണ്ടു മണിക്കൂറോളം ഞാൻ വായിച്ചു; ഒരു കൊല്ലത്തിനുള്ളിൽ ഇതാദ്യമായിട്ടാണെന്ന് എനിക്കു തോന്നുന്നു. മിക്കവാറുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെങ്കിലും മനസ്സു വച്ചാൽ എല്ലാം തിരിയെപ്പിടിക്കാവുന്നതേയുള്ളു എന്നുറപ്പിക്കാനും മാത്രം ചിലതൊക്കെ ബാക്കിനില്പുണ്ട്. ആളുകൾക്കെന്തു മടിയാണ്, അല്ലേ? സംഗീതത്തെക്കുറിച്ച് അത്ര ഇഷ്ടത്തോടെ പഠിച്ചതെല്ലാം കഴിഞ്ഞ പത്തു കൊല്ലമായി ഞാൻ മറക്കുകയായിരുന്നു, അതും ഞാനൊരു മൂഢയായതു കാരണം. ശേഷിക്കുന്നത് ബാഹ് മാത്രമാണ്. എനിക്കൊരിക്കലും ബാഹ് നഷ്ടപ്പെടുന്നില്ലെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇത്ര സ്നേഹം എനിക്കദ്ദേഹത്തോടു തോന്നാനുള്ള കാരണം എനിക്കറിയില്ല. ഒരു ജ്യാമിതീയനിയമം പോലെ ശുദ്ധവും നിശിതവും ദൂഷണത്തിനതീതവുമാണതെന്നതല്ലാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ