2021, ജൂൺ 3, വ്യാഴാഴ്‌ച

ഹെൻറി ബെസ്റ്റൺ - ജന്തുക്കളെ നാം കണേണ്ടത്

 ജന്തുക്കളെ നാം കാണേണ്ടത് ഇപ്പോഴത്തേതിൽ നിന്നു വ്യത്യസ്തവും വിവേകപൂർവ്വവും യോഗാത്മകവുമായ ഒരു നോട്ടത്തിലൂടെ വേണം. സാർവത്രികമായ പ്രകൃതിയിൽ നിന്നകന്നുമാറി, ഒരു സങ്കീർണ്ണയന്ത്രത്തിനുള്ളിൽ ജീവിക്കുന്ന നാഗരികനായ മനുഷ്യൻ ജന്തുവിനെ വീക്ഷിക്കുന്നത് തന്റെ അറിവിന്റെ ഭൂതക്കണ്ണാടിയിലൂടെയാണ്‌; അതിലവൻ കാണുന്നത് വല്ലാതെ വലിപ്പം കൂടിയ ഒരു തൂവലും വിരൂപമായ ഒരു രൂപവുമാണ്‌. അവയുടെ അപൂർണ്ണതയുടെ പേരിൽ, നമ്മെക്കാളെത്രയോ താഴെ രൂപമെടുക്കേണ്ടിവന്ന ദാരുണവിധിയുടെ പേരിൽ നാം അവയുടെ മേൽ ഒരു രക്ഷാകർത്തൃത്വഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. അവിടെയാണ്‌ നമുക്കു പിശകുന്നത്, കാര്യമായിത്തന്നെ പിശകുന്നത്. മൃഗത്തെ മനുഷ്യനെക്കൊണ്ടളക്കാൻ പാടില്ല. നമ്മുടേതിനെക്കാൾ പ്രാക്തനവും പൂർണ്ണവുമായ ഒരു ലോകത്ത്, പണിക്കുറ തീർന്ന്, പൂർണ്ണരായി, നമുക്കു നഷ്ടപ്പെട്ടതോ നമുക്കിന്നേവരെ കിട്ടാത്തതോ ആയ ഇന്ദ്രിയശേഷികളാൽ അനുഗൃഹീതരായി, നമുക്കൊരിക്കലും കേൾക്കാനാവാത്ത ശബ്ദങ്ങൾ ശ്രവിച്ച് അവ പെരുമാറുന്നു. അവ നമ്മുടെ സഹോദരങ്ങളല്ല, കീഴാളരുമല്ല. അവ വേറേ തരം ജനതകളാണ്‌, ജീവിതത്തിന്റെയും കാലത്തിന്റെയും വലയിൽ നമ്മോടൊപ്പം പെട്ടുകിടക്കുന്നവർ, ഭൂമിയുടെ ഉജ്ജ്വല്ലതകളിലും കഠിനതകളിലും നമ്മുടെ കൂട്ടുതടവുകാർ. 


[ഹെൻറി ബെസ്റ്റൺ Henry Beston (1888-1968)-  പ്രശസ്തനായ പ്രകൃതിനിരീക്ഷകനായിരുന്നു. “നിശ്ശബ്ദവസന്തം” എഴുതിയ റേച്ചൽ കാഴസ്ൺ തന്റെ സാഹിത്യഗുരുവായി സ്വീകരിച്ചത് ബെസ്റ്റണെയാണ്‌. അദ്ദേഹത്തിന്റെ  The Outermost House: A Year of Life on the Great Beach of Cape Cod (1928) എന്ന പുസ്തകത്തിൽ നിന്നാണ്‌ ഈ ഭാഗം.]

അഭിപ്രായങ്ങളൊന്നുമില്ല: