നോവലിനും ചെറുകഥയ്ക്കും ഒരുപോലെ വിസ്മയകരമായ ഒരു വഴക്കമുണ്ട്. രണ്ടിനും ഏതു പ്രകൃതം ആവശ്യപ്പെടുന്നതിനോടും ഒത്തുപോകാം, ഏതു വിഷയവും ഉൾക്കൊള്ളിക്കാം, ഇഷ്ടം പോലെ ഏതു ലക്ഷ്യവും പിന്തുടരുകയും ചെയ്യാം. ചിലപ്പോൾ അതൊരു വൈകാരികാവേശത്തിന്റെ പഠനമായിരിക്കാം, മറ്റൊരിക്കൽ സത്യാന്വേഷണമാവാം; ഒരു നോവൽ ഒരാൾക്കൂട്ടത്തെ പ്രീതിപ്പെടുത്തുന്നതാവാം, മറ്റൊന്ന് ചുരുക്കം ചിലരേയും; ഈ നോവൽ പൊയ്പ്പോയ ഒരു കാലഘട്ടത്തിലെ ജീവിതത്തെ പുനരാവിഷ്കരിക്കുന്നതാണെങ്കിൽ ആ നോവൽ ഒരൊറ്റ വ്യക്തിയുടെ മനസ്സിനുള്ളിൽ അരങ്ങേറുന്ന ഒരു നിശ്ശബ്ദനാടകമായിരിക്കും. കവിതയ്ക്കും ചരിത്രത്തിനുമരികിൽ ഒരു പ്രധാനസ്ഥാനം വഹിക്കുന്ന നോവൽ കലാരൂപങ്ങളിൽ ഒരു ജാരസന്തതിയാണ്; അതിന്റെ സാമ്രാജ്യം ശരിക്കും അതിരറ്റതുമാണ്. മറ്റു പല ജാരസന്തതികളേയും പോലെ ഇതും സൗഭാഗ്യത്തിന്റെ സന്താനമാണ്; അതിലാളനയ്ക്കു പാത്രമായത്, എന്തും നേടിയെടുക്കുന്നത്. അതൊരു കഷ്ടതയും അനുഭവിക്കുന്നില്ല, സ്വന്തം അനിയന്ത്രിതസ്വാതന്ത്ര്യമല്ലാതെ മറ്റൊരപകടവും അതിനറിയുകയില്ല. കുറച്ചുകൂടി നിയന്ത്രിതവും സാന്ദ്രവുമായ ചെറുകഥയ്ക്ക് പരിമിതിയുടെ സ്ഥിരാനുകൂല്യങ്ങളുണ്ട്; അതിന്റെ പ്രഭാവം കൂടുതൽ ചടുലമാണ്; ഒരു ചെറുകഥ വായിക്കാനെടുക്കുന്ന സമയം ഒരു നോവൽ ദഹിക്കാൻ വേണ്ടതിനെക്കാൾ വളരെ കുറവായതിനാൽ അതുളവാക്കുന്ന മൊത്തം പ്രഭാവത്തിൽ അല്പം പോലും നഷ്ടപ്പെടുന്നില്ല.
(തിയോഫിൽ ഗോത്തിയേ എന്ന ലേഖനത്തിൽ നിന്ന്)
എഡ്ഗാർ അലൻ പോയ്ക്ക് മനുഷ്യന്റെ ശേഷികളിൽ റാണിയായിരുന്നു ഭാവന; എന്നാൽ ആ വാക്കു കൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നത് ഒരു ശരാശരി വായനക്കാരൻ മനസ്സിലാക്കുന്നതിനുമപ്പുറമാണ്. ഭാവന ഭ്രമകല്പനകൾ ചെയ്യാനുള്ള കഴിവല്ല, സംവേദനക്ഷമതയുമല്ല, സംവേദനക്ഷമതയില്ലാത്ത ഒരാളെ ഭാവനാശേഷിയുള്ളയാളായി സങ്കല്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും. വസ്തുക്കളുടെ ആന്തരവും നിഗൂഢവുമായ ബന്ധങ്ങളെ, ആനുരൂപ്യങ്ങളേയും സാദൃശ്യങ്ങളേയും, ദാർശനികരീതികളിലൂടല്ലാതെ, പ്രത്യക്ഷമായി ഗ്രഹിക്കുന്ന, ദിവ്യമെന്നുതന്നെ പറയാവുന്ന ഒരു ശേഷിയാണത്. എഡ്ഗാർ അലൻ പോ ഈ ശേഷിക്കു നല്കുന്ന മൂല്യം വച്ചു നോക്കിയാൽ ഭാവനയില്ലാത്ത ഒരു പണ്ഡിതൻ വെറുമൊരു കപടപണ്ഡിതനാണെന്നോ, ഒന്നുമല്ലെങ്കിൽ ഒരപൂർണ്ണപണ്ഡിതനാണെന്നോ തോന്നിപ്പോകും.
ഭാവനയ്ക്ക് ഏറ്റവും കൗതുകകരമായ ഫലങ്ങൾ കൈവരിക്കാൻ കഴിയുന്ന,- ഏറ്റവും സമ്പുഷ്ടവും ഏറ്റവും അനർഘവുമായ നിധികളല്ല (അവ കവിതയ്ക്കുള്ളതാണ്),- എണ്ണമറ്റതും വൈവിദ്ധ്യപൂർണ്ണവുമായ നിധികൾ കൊയ്യാൻ കഴിയുന്ന സാഹിത്യമേഖലകളിൽ ഒന്ന് അദ്ദേഹത്തിനു വിശേഷിച്ചും പ്രിയപ്പെട്ടതായിരുന്നു: ചെറുകഥ. ചെറുകഥയ്ക്ക് വിശാലമായ കാൻവാസ് സ്വന്തമായ നോവലിനെക്കാൾ വലിയ ഒരു മേന്മയുണ്ട്; എന്നു പറഞ്ഞാൽ, അതിന്റെ സംക്ഷിപ്തത അതു ജനിപ്പിക്കുന്ന പ്രഭാവത്തിന്റെ മാറ്റു കൂട്ടുന്നു. ഒറ്റയിരുപ്പിനു തീർക്കാവുന്ന കഥാവായന മുറിഞ്ഞുമുറിഞ്ഞുള്ള നോവൽ വായനയെക്കാൾ (ദൈനദിനജീവിതത്തിലെ ശ്രദ്ധകളും ബുദ്ധിമുട്ടുകളും പലപ്പോഴും അതിൽ നമുക്കു തടസ്സങ്ങളാവുന്നുമുണ്ട്) നമ്മുടെ മനസ്സിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുന്നു. ആ മാനസികാനുഭവങ്ങളുടെ ഐക്യം, അത് നമ്മിൽ ജനിപ്പിക്കുന്ന പ്രഭാവത്തിന്റെ സമഗ്രത, ആ തരം രചനകൾക്ക് സവിശേഷമായ ഒരുത്കൃഷ്ടത നല്കുന്ന മഹത്തായ ഒരു ഗുണവുമാണ്; അതിനാൽത്തന്നെ തീരെച്ചെറിയ ഒരു കഥ (അതൊരു ന്യൂനതയാണെന്നതിൽ സംശയവുമില്ല) വളരെ നീണ്ട ഒരു കഥയെക്കാൾ മികച്ചതാണെന്നും പറയാം. കലാകാരൻ, വിദഗ്ധനാണയാളെങ്കിൽ, തന്റെ ആശയങ്ങളെ സംഭവങ്ങൾക്കനുരൂപമാക്കുകയല്ല ചെയ്യുക; മറിച്ച്, അയാൾ ആദ്യം താൻ ജനിപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രഭാവത്തെ ദീർഘമായും സാവകാശമായും പര്യാലോചന ചെയ്ത് ഉള്ളിൽ രൂപപ്പെടുത്തുന്നു; എന്നിട്ട് ആ ഉദ്ദിഷ്ടപ്രഭാവം കൈവരിക്കുന്നതിനുള്ള സംഭവങ്ങൾക്ക് മനസ്സിൽ രൂപം നല്കുന്നു, അവയെ ഒരു പരമ്പരയായി അടുക്കിയെടുക്കുന്നു. വായിച്ചുകഴിഞ്ഞാൽ വായനക്കാരന്റെ മനസ്സിൽ എന്തു മുദ്ര പതിയണം എന്ന് മുന്നേ കണ്ടിട്ടല്ല ആദ്യത്തെ വാക്യം എഴുതിയതെങ്കിൽ ആ രചന തുടക്കത്തിലേ പരാജയപ്പെട്ടുകഴിഞ്ഞു. അതിലുടനീളം ഒറ്റ വാക്കു പോലും കടന്നുകൂടാൻ അനുവദിക്കരുത്, ഉദ്ദിഷ്ടമല്ലാത്തത്, മുൻകൂട്ടി നിശ്ചയിച്ച രൂപകല്പന പൂർത്തീകരിക്കുന്നതിലേക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഉദ്യമിക്കുന്നതല്ലാത്തത്.
ഒരു കാര്യത്തിൽ ചെറുകഥ കവിതയെക്കാൾപ്പോലും ഉത്കൃഷ്ടമാണ്. കവിതയുടെ ഏറ്റവും മഹത്തായതും ഏറ്റവും കുലീനവുമായ ലക്ഷ്യം, സൗന്ദര്യം എന്ന ആശയത്തിന്റെ വിപുലനം, കൈവരിക്കാൻ താളം അത്യാവശ്യമാണ്. എന്നാൽ സത്യം വിഷയമായ ചിന്തകളുടേയും ആവിഷ്കാരങ്ങളുടേയും വിശദമായ വിപുലനത്തിന് താളത്തിന്റെ കൗശലപ്പണികൾ തരണം ചെയ്യാനാവാത്ത തടസ്സങ്ങളാവുകയാണ്. പലപ്പോഴും സത്യം ചെറുകഥയുടെ ലക്ഷ്യമാകുന്നുണ്ട്, യുക്തിവിചാരം കുറ്റമറ്റ ഒരു കഥയുടെ രചനയ്ക്ക് ഏറ്റവും നല്ല ഒരുപകരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തരം രചനകൾ ശുദ്ധകവിതയുടെ ഉന്നതനിലയിലെത്താതിരിക്കുമ്പോഴും സാധാരണക്കാരായ വായനക്കാർക്ക് കൂടുതൽ വൈവിധ്യപൂർണ്ണവും ക്ഷിപ്രാസ്വാദ്യവുമായ ഉല്പന്നങ്ങളാവുന്നത്. അതിനും പുറമേ ഒരു ചെറുകഥാകൃത്തിന് ഭാഷയുടെ സ്വരഭേദങ്ങളുടെ, സൂക്ഷ്മച്ഛായകളുടെ, ഒരു ബാഹുല്യം തന്നെ സ്വാധീനത്തിലുണ്ട്: വിചിന്തനത്തിന്റെ, ഗൂഢപരിഹാസത്തിന്റെ, ഹാസ്യത്തിന്റെ സ്വരങ്ങൾ; അതെല്ലാം കവിതയ്ക്കു വർജ്ജ്യമാണ്, ശുദ്ധസൗന്ദര്യം എന്ന ആശയത്തിന് അപസ്വരങ്ങളും അപമാനങ്ങളും പോലെയാണ്. അതുകൊണ്ടാണ് ചെറുകഥയിൽ സൗന്ദര്യം എന്ന ലക്ഷ്യം മാത്രം ഉന്നമാക്കുന്ന എഴുത്തുകാരന്റെ പ്രയത്നമെല്ലാം പരാജയപ്പെടാൻ മാത്രമുള്ളതാകുന്നതും; താളം എന്ന ഏറ്റവും ഉപയോഗപ്രദമായ ഉപകരണത്തിന്റെ ആനുകൂല്യം അയാൾക്കു കിട്ടുന്നില്ലല്ലോ. ശരിക്കും കാവ്യാത്മകമായ ചെറുകഥകൾ സൃഷ്ടിക്കാനുള്ള ഉദ്യമങ്ങൾ എല്ലാ ഭാഷാസാഹിത്യങ്ങളിലും നടന്നിട്ടുണ്ടെന്നും പലപ്പോഴും അവ വിജയിച്ചിട്ടുണ്ടെന്നും എനിക്കറിയാം; എഡ്ഗാർ പോ തന്നെ അതിസുന്ദരമായ ചിലതു ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒരു ലക്ഷ്യത്തിനനുയോജ്യമായ യഥാർത്ഥമാർഗ്ഗത്തിന്റെ കരുത്ത് വെളിവാക്കുകയേ ആ മല്പിടുത്തങ്ങളും അത്യദ്ധ്വാനങ്ങളും ചെയ്യുന്നുള്ളു; എന്റെ കാര്യമാണെങ്കിൽ, ചില എഴുത്തുകാരുടെ- ഏറ്റവും മഹാന്മാരായ എഴുത്തുകാർ തന്നെയാണവർ- ആ വഴിക്കുള്ള വീരോചിതശ്രമങ്ങൾ ഹതാശയിൽ നിന്നു ജനിച്ചതാണെന്നു വിശ്വസിക്കാനേ എനിക്കു തോന്നിയിട്ടുള്ളു.
(എഡ്ഗാർ പോയെക്കുറിച്ചുള്ള പുതിയ കുറിപ്പുകളിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ