എന്താണ് ദലക്വാ? ഈ ലോകത്ത് എന്താണദ്ദേഹത്തിന്റെ കർമ്മവും ധർമ്മവും? ഈ ചോദ്യമാണ് നാം ആദ്യം പരിശോധിക്കേണ്ടത്. ഞാൻ ചുരുക്കിപ്പറയാം, പെട്ടെന്നെത്താവുന്ന നിഗമനങ്ങൾക്കാണ് ഞാൻ ഉന്നമിടുന്നതും. ഫ്ലാൻഡേഴ്സിന് റൂബൻ ഉണ്ട്, ഇറ്റലിക്ക് റാഫേലും വെറോണീസും; ഫ്രാൻസിന് ലെബേണും ഡേവിഡും ദലക്വായുമുണ്ട്.
ഇത്ര വ്യത്യസ്തമായ ഗുണങ്ങളും രീതികളുമുള്ള ഈ പേരുകൾ ഞാൻ ഒരുമിച്ചു പറയുന്നതു കാണുമ്പോൾ ഉപരിപ്ലവമനസ്സുകൾ ഒറ്റനോട്ടത്തിൽ ഒന്നു ഞെട്ടിപ്പോയേക്കാം. എന്നാൽ കുറച്ചു കൂടി ചുഴിഞ്ഞുനോക്കുന്ന ആത്മീയമായ ഒരു കണ്ണിന് ഇവർക്കെല്ലാമിടയിൽ ഒരു സമാനബന്ധം, ഒരു സാഹോദര്യം അല്ലെങ്കിൽ ബന്ധുത്വം പെട്ടെന്നുതന്നെ കണ്ടെടുക്കാം; മഹത്തായതിനോട്, ദേശീയമായതിനോട്, വിപുലവും സാർവ്വജനീനവുമായതിനോടുള്ള അവരുടെ സ്നേഹം; അലങ്കരണചിത്രീകരണം എന്നു വിളിക്കപ്പെടുന്നതിലും മഹത്തായ ‘യന്ത്രങ്ങൾ’ എന്നറിയപ്പെടുന്നവയിലും പ്രകാശനം കണ്ടെത്തുന്ന ഒരു സ്നേഹം.
നിസ്സംശയമായും മറ്റു പലരും ‘മഹായന്ത്രങ്ങൾ’ ചെയ്തിട്ടുണ്ട്; എന്നാൽ ഞാൻ പേരെടുത്തു പറഞ്ഞവർ അതു ചെയ്തത് മനുഷ്യസ്മൃതിയിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഏറ്റവും സാദ്ധ്യമായ ഒരു രീതിയിലാണ്. മഹത്വത്തിന്റെ കാര്യത്തിൽ ഇത്രയും വൈവിദ്ധ്യമുള്ള ഇവരിൽ ഏറ്റവും മഹാൻ ആരാണ്? തനിക്കിഷ്ടമുള്ള മട്ടിൽ അതു തീരുമാനിക്കാൻ നമുക്കോരോ ആൾക്കും സ്വാതന്ത്ര്യമുണ്ട്; അവനവന്റെ പ്രകൃതമനുസരിച്ച് റൂബന്റെ സമൃദ്ധമായ, ദീപ്തമായ, ഉല്ലാസഭരിതമെന്നുതന്നെ പറയാവുന്ന ധാരാളിത്തവും റാഫേലിന്റെ ശാലീനഗാംഭീര്യവും വാസ്തുവിദ്യാസ്വഭാവത്തിലുള്ള ക്രമവും, വെറോണീസിന്റെ സ്വർഗ്ഗസമാനവും ഒരപരാഹ്നദേശത്തിനുചിതവുമായ വർണ്ണങ്ങളും, ഡേവിഡിന്റെ ആർഭാടരഹിതവും വലിഞ്ഞുമുറുകിയതുമായ കാർക്കശ്യമാവും, അതുമല്ലെങ്കിൽ ലെബ്രേണിന്റെ നാടകീയവും അർദ്ധസാഹിത്യസ്വഭാവമുള്ളതുമായ അനർഗ്ഗളതയും അതിനായി നമുക്കു തിരഞ്ഞെടുക്കാം.
ഇവരിലൊരാൾക്കും പകരക്കാരനില്ല; ഇവർക്കെല്ലാം ഒരേ ലക്ഷ്യമാണുണ്ടായിരുന്നത്; തങ്ങളുടെ വ്യക്തിപരമായ പ്രകൃതത്തിനു ചേർന്ന രീതിയിൽ വ്യത്യസ്തമായ രീതികൾ ഉപയോഗിച്ചു എന്നുമാത്രം. മറ്റുള്ളവർ അപൂർണ്ണമായി മാത്രം പകർന്നുതന്നതിനെ അവസാനമെത്തിയ ദലക്വാ സ്തുത്യർഹമായ പ്രചണ്ഡതയോടെയും ആവേശത്തോടെയും ആവിഷ്കരിച്ചു. അതിനായി, തന്റെ മുൻഗാമികൾ ചെയ്തതുപോലെ, മറ്റു ചില ഗുണങ്ങൾ അദ്ദേഹം ബലി കഴിച്ചുവോ? അങ്ങനെ വരാം, എന്നാൽ ഇപ്പോൾ നമ്മുടെ പരിഗണനയർഹിക്കുന്ന ചോദ്യമല്ല അത്.
എന്നെക്കൂടാതെ വളരെയധികം പേർ വ്യക്തിഗതമായ പ്രതിഭയുടെ അനിവാര്യമായ പരിണതഫലങ്ങൾ ഊന്നിപ്പറയാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതിനിർമ്മലമായ സ്വർഗ്ഗത്തല്ലാതെ- ഇവിടെ, ഇങ്ങു താഴെ, പൂർണ്ണത പോലും അപൂർണ്ണമാണ്- മറ്റെവിടെയും പ്രതിഭയുടെ ഏറ്റവും മനോജ്ഞമായ ആവിഷ്കാരങ്ങൾ അനിവാര്യമായ ത്യാഗങ്ങൾ വിലയായി കൊടുത്തിട്ടല്ലാതെ കൈവരിക്കാൻ പറ്റില്ല എന്നതും സാദ്ധ്യമാണെന്നു വരാം.
‘അതൊക്കെ ശരിതന്നെ, സർ!’ നിസ്സംശയമായും നിങ്ങൾ പറയും, ‘എന്നാല്പിന്നെ നിഗൂഢവും നിർവ്വചിക്കാൻ പറ്റാത്തതുമായ എന്തു കാര്യമാണ്, നമ്മുടെ കാലഘട്ടത്തിനു മഹത്വമേകിക്കൊണ്ട്, ദലക്വാ മറ്റാരെക്കാളും നന്നായി പകർന്നുതന്നത്?’ അതിന്റെ ഉത്തരം ഇങ്ങനെയാണ്: അദൃശ്യമായത്, തൊട്ടറിയാൻ പറ്റാത്തത്, മനോരാജ്യം, ഞരമ്പുകൾ, ആത്മാവ്; ഇതദ്ദേഹം ചെയ്തത്- ശരിക്കു ശ്രദ്ധിക്കണേ, സർ- വടിവുകളും വർണ്ണങ്ങളുമല്ലാതെ മറ്റൊരുപാധിയുമില്ലാതെയാണ്; നിങ്ങൾ പേരു പറയുന്ന ആരെക്കാളും നന്നായിട്ടാണ് അദ്ദേഹം അതു നിർവ്വഹിച്ചത്; കഴിവിന്റെ ഉച്ചാവസ്ഥയിലെത്തിയ ഒരു ചിത്രകാരന്റെ പൂർണ്ണതയോടെയാണ്, സൂക്ഷ്മവേദിയായ ഒരെഴുത്തുകാരന്റെ അതിശ്രദ്ധയോടും നിഷ്കർഷയോടുമാണ്, പാഷണേറ്റായ ഒരു സംഗീതജ്ഞന്റെ വാചാലതയോടെയാണ് അദ്ദേഹമതു ചെയ്തത്. കലകൾ ഒന്നിനൊന്നു പകരം നില്ക്കാൻ ശ്രമിക്കുന്നില്ലെങ്കില്ക്കൂടി, സ്വന്തം ബലത്തിന്റെ തുണയോടെ പരസ്പരം ബലം പകരാൻ അവ യത്നിക്കുന്നുവെന്നത് നമ്മുടെ കാലത്തിന്റെ ആത്മീയകാലാവസ്ഥയുടെ ഒരു ഘടകമാണ് എന്നുകൂടി ഇവിടെ കൂട്ടിച്ചേർത്തുകൊള്ളട്ടെ.
എല്ലാ ചിത്രകാരന്മാരിലും വച്ച് ധ്വനനശേഷി ഏറ്റവും കൂടിയിരുന്നത് ദലക്വായ്ക്കാണ്; അദ്ദേഹത്തിന്റെ അപ്രധാനമോ താണ തരമോ ആയ രചനകളിൽ പെട്ടവയായിരുന്നാലും അവ ചിന്തയെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നവയായിരുന്നു, അനുഭവിച്ചതായിരുന്നെങ്കിലും കാലാന്ധകാരത്തിൽ എന്നെന്നേക്കുമായി മുങ്ങിപ്പോയ കാവ്യാനുഭൂതികളുടേയും ചിന്തകളുടേയും സാകല്യത്തെ ഓർമ്മപ്പെടുത്തുന്നവയായിരുന്നു.
ദലക്വായുടെ രചനകൾ ചിലപ്പോഴൊക്കെ എനിക്ക് സാർവ്വജനീനനായ മനുഷ്യന്റെ മഹത്വത്തെയും സഹജവികാരങ്ങളെയും ഓർമ്മപ്പെടുത്തുന്ന ഒരു സ്മൃതിയന്ത്രം പോലെയാണെന്നു തോന്നാറുണ്ട്. ചില ബാഹ്യരേഖകൾ കൊണ്ടു മാത്രം മനുഷ്യന്റെ ചേഷ്ടകളെ, അവയിനി എത്ര പ്രചണ്ഡമായാലും, പ്രകാശിപ്പിക്കാനും വർണ്ണങ്ങൾ കൊണ്ടു മാത്രം മനുഷ്യനാടകത്തിന്റെ അന്തരീക്ഷത്തെ, അല്ലെങ്കിൽ സ്രഷ്ടാവിന്റെ ആത്മീയമനോനിലയെ വ്യഞ്ജിപ്പിക്കാനും ദലക്വായെ സഹായിച്ച സവിശേഷവും തികച്ചും നൂതനവുമായ ആ ഗുണം- അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്ന ആ ഗുണം എല്ലാ കവികളുടേയും അനുഭാവം പിടിച്ചുപറ്റിയിരുന്നു; തികച്ചും ഭൗതികമായ ഒരു പ്രതിഭാസത്തിൽ നിന്ന് ദാർശനികമായ ഒരു തെളിവനുമാനിക്കുന്നത് നിയമാനുസൃതമാണെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കാൻ ഞാൻ നിങ്ങളോടു പറയും സർ: അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ കൂടിയ ജനക്കൂട്ടത്തിൽ ചിത്രകാരന്മാരെക്കാൾ കൂടുതൽ കവികളായിരുന്നു. അമാന്യമായി പറഞ്ഞാൽ, ഒടുക്കം പറഞ്ഞവർക്ക് അദ്ദേഹത്തെ ഇന്നേവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല എന്നതാണ് പരമാർത്ഥം.
II
അതിൽ വലിയ ആശ്ചര്യം തോന്നാൻ എന്തിരിക്കുന്നു? മൈക്കലാഞ്ജലോമാരുടേയും റാഫേൽമാരുടേയും ലിയനാർഡോ ഡാവിഞ്ചിമാരുടേയും, അതെ, റെയ്നോൾഡ്സ്മാരുടെ പോലും കാലം എന്നേ കഴിഞ്ഞിരിക്കുന്നുവെന്നും കലാകാരന്മാരുടെ സാമാന്യമായ ബൗദ്ധികനിലവാരം പ്രകടമായി ഇടിഞ്ഞുതാണിരിക്കുന്നുവെന്നും നമുക്കറിയാത്തതല്ലല്ലോ. സമകാലീനരായ കലാകാരന്മാർക്കിടയിൽ ദാർശനികരേയും കവികളേയും ശാസ്ത്രജ്ഞന്മാരേയും തിരയുന്നത് നിസ്സംശയമായും ന്യായരഹിതമാണ്. എന്നാലും മതത്തിലും കവിതയിലും ശാസ്ത്രങ്ങളിലും അവർ ഇപ്പോൾ കാണിക്കുന്നതിനെക്കാൾ കൂടിയ അളവിലുള്ള ഒരു താല്പര്യം പ്രതീക്ഷിക്കുന്നതിൽ ഒരു ന്യായക്കേടുമില്ല.
തങ്ങളുടെ സ്റ്റുഡിയോയുടെ ചുമരുകൾക്കു പുറത്ത് അവർക്കെന്തറിയാം? എന്താണവർ ഇഷ്ടപ്പെടുന്നത്? എന്താണവർ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്? നേരേ മറിച്ച് ദലക്വായാകട്ടെ, തന്റെ കലയ്ക്കു സ്വയം സമർപ്പിച്ച ഒരു ചിത്രകാരനാണെന്നതിനു പുറമേ, പൊതുസംസ്കാരത്തിൽ താല്പര്യമെടുത്തയാളുമായിരുന്നു; മറ്റ് ആധുനികചിത്രകാരന്മാർ അങ്ങനെയായിരുന്നില്ല; അവർ മിക്കവരും കൂടിവന്നാൽ അറിയപ്പെടുന്നവരോ അല്ലെങ്കിൽ ആരുമറിയാത്തവരോ ആയ വെറും ചായം തേപ്പുകാരായിരുന്നു; വെറും കൈത്തൊഴിലുകാർ; അവരിൽ ചിലർ അക്കാഡമിക് രൂപങ്ങളോ പഴങ്ങളോ കാലികളോ വരയ്ക്കുന്നതിൽ ഒരു മിടുക്കു കാണിച്ചിരുന്നു എന്നുമാത്രം. യൂഷേൻ ദലക്വാ സർവ്വതിനേയും സ്നേഹിച്ചിരുന്നു, സർവ്വതിനേയും വരയ്ക്കാൻ കഴിവുള്ളവനായിരുന്നു, ഏതു തരം സിദ്ധിയേയും മാനിക്കാൻ മനസ്സുള്ളവനായിരുന്നു. എല്ലാ ആശയങ്ങൾക്കും എല്ലാ അനുഭൂതികൾക്കുമായി തുറന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്; എല്ലാ അനുഭവങ്ങളേയും എത്രയും ഉദാരതയോടെ, നിഷ്പക്ഷതയോടെ അദ്ദേഹം സ്നേഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ