2021, ജൂൺ 3, വ്യാഴാഴ്‌ച

സിസെക്ക് - ഗോൾഫ് കളിക്കുന്ന യേശു

 ധർമ്മോപദേശം ചെയ്യുക, അത്ഭുതങ്ങൾ പ്രവർത്തിക്കുക എന്നിങ്ങനെയുള്ള മിശിഹാപ്പണിയുടെ മുഷിപ്പിൽ നിന്ന് മനസ്സിനൊരയവു കിട്ടട്ടെ എന്നു കരുതി യേശു ചെറിയൊരവധിയെടുത്ത് ഗലീലിയിലെ കടലോരത്ത് ശിഷ്യന്മാരിൽ ഒരാളുമായി ഗോൾഫ് കളിക്കുകയായിരുന്നു. അവൻ കുറച്ചു ദുഷ്കരമായ ഒരു ഷോട്ട്  എടുത്തത് പിശകിപ്പോയി; പന്തു ചെന്ന് വെള്ളത്തിൽ വീണു; അവനപ്പോൾ വെള്ളത്തിനു മീതേ കൂടി നടന്ന് (അതവന്റെ സ്ഥിരം വിദ്യയുമായിരുന്നല്ലോ) പന്തു കിടക്കുന്നിടത്തു ചെന്ന് അതെടുത്തു. അതേ ഷോട്ട് അവൻ പിന്നെയും എടുക്കാൻ തുനിഞ്ഞപ്പോൾ സംഗതി വളരെ ദുഷ്കരമായ ഒന്നാണെന്നും ടൈഗർ വുഡ്സിനെപ്പോലൊരാൾക്കേ അതു സാധിക്കുകയുള്ളൂ എന്നും ശിഷ്യൻ യേശുവിനെ മുന്നറിയിപ്പു കൊടുത്തു. “മാങ്ങാത്തൊലി! ഞാൻ ദൈവപുത്രനാണ്‌; ടൈഗർ വുഡ്സിനെപ്പോലെ നിസ്സാരനായ ഒരു മനുഷ്യജീവിക്കു സാധിക്കുന്നത് എനിക്കും സാധിക്കും!” എന്നു തിരിച്ചുപറഞ്ഞുകൊണ്ട് യേശു പിന്നെയും പന്തടിച്ചുവിട്ടു. പന്ത് പിന്നെയും വെള്ളത്തിൽ ചെന്നുവീണു; യേശു അതെടുക്കാനായി പിന്നെയും ജലോപരി നടന്നു; ഈ നേരത്ത് ഒരു സംഘം അമേരിക്കൻ ടൂറിസ്റ്റുകൾ അതുവഴി നടന്നുപോകുന്നുണ്ടായിരുന്നു; അതിലൊരാൾ ഇതൊക്കെ കണ്ടിട്ട് തിരിഞ്ഞ് ശിഷ്യനോടു ചോദിച്ചു: “ദൈവമേ! താൻ ആരാണെന്നാണ്‌ ആ ചങ്ങാതിയുടെ വിചാരം? യേശുക്രിസ്തുവാണെന്നോ?” ശിഷ്യൻ മറുപടി പറഞ്ഞു: “അല്ല, താൻ ടൈഗർ വുഡ്സ് ആണെന്നാണ്‌ ആൾ കരുതുന്നത്!” 


(നവയാന പ്രസിദ്ധീകരിക്കുന്ന സിസെക്കിന്റെ Agitating the Frame എന്ന പുസ്തകത്തിൽ നിന്ന്)

*ടൈഗർ വുഡ്സ് - എക്കാലത്തെയും ഏറ്റവും മികച്ച ഗോൾഫർമാരിൽ ഒരാൾ.

അഭിപ്രായങ്ങളൊന്നുമില്ല: