സ്വാതന്ത്ര്യം തനിക്കു വിധിച്ചിട്ടുള്ളതാണോ എന്നറിയാൻ ഓരോ ആളും സ്വന്തമായ പരീക്ഷകൾക്കു വിധേയനാകേണ്ടതാണ്; അതയാൾ ഉചിതമായ സമയത്തു ചെയ്യുകയും വേണം. ആ പരീക്ഷകളിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറാനും പാടില്ല, എത്ര അപകടം പിടിച്ച കളിയാണതെങ്കിലും. ആ പരീക്ഷകളാകട്ടെ, സാക്ഷികളും വിധികർത്താക്കളുമായി നാം മാത്രമുള്ളതും.
ഒറ്റയാളിൽത്തന്നെ ഒട്ടിപ്പിക്കരുത്- അതിനി നമുക്കെത്ര പ്രിയപ്പെട്ട വ്യക്തിയുമായിക്കോട്ടെ. ഏതു വ്യക്തിയും ഒരു തടവറയാണ്, സുഖം പിടിച്ചിരിക്കാനൊരു പഴുതാണ്.
സ്വന്തം ജന്മദേശത്തോടു ഒട്ടിപ്പിടിക്കരുത്- എത്രയും ദുരിതം സഹിക്കുകയാണതെങ്കിലും നമ്മുടെ സഹായം ഏറ്റവും ആവശ്യമായ ഘട്ടമാണെങ്കിലും. (വിജേതാവായ ഒരു ജന്മദേശത്തു നിന്നു സ്വയം വേർപെടുത്താൻ അത്രയും പ്രയാസമില്ല.)
അനുകമ്പയോടു ഒട്ടിപ്പിടിക്കരുത്- അതിനി എത്ര വിശിഷ്ടരായ വ്യക്തികളുടെ കാര്യത്തിലായാലും. (അവരുടെ സവിശേഷമായ ആത്മപീഡനത്തിലേക്കും നിസ്സഹായതയിലേക്കും ഉൾക്കാഴ്ച കിട്ടാൻ നമുക്കവസരമുണ്ടായാല്ക്കൂടി.)
ഒരൊറ്റ ശാസ്ത്രത്തോട് ഒട്ടിപ്പിടിക്കരുത്- നമുക്കായി മാത്രം കരുതിവച്ചിരിക്കുന്നതെന്നു തോന്നിക്കുന്ന എത്രയും അമൂല്യമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് അതു നമ്മെ പ്രലോഭിപ്പിച്ചാലും.
സ്വന്തം വിമോചനത്തോട് (നിസ്സംഗതയോട്) ഒട്ടിപ്പിടിക്കരുത്- കൂടുതൽ കൂടുതൽ കാര്യങ്ങൾ തനിക്കടിയിൽ കാണാനായി കൂടുതൽ കൂടുതൽ ഉയരത്തിലേക്കു പറന്നുപൊങ്ങുന്ന പക്ഷിയുടെ അകല്ച്ചയാണത്, പറക്കുന്നവന്റെ അപകടം.
സ്വന്തം നന്മകളിൽ ഒട്ടിപ്പിടിക്കരുത്, നമ്മിലെ എന്തെങ്കിലും സവിശേഷതയുടെ പേരിൽ സ്വന്തം സാകല്യത്തെ ബലി കഴിക്കുകയുമരുത്. ഉദാഹരണത്തിന് ‘ഔദാര്യം.’ ഉന്നതാശയക്കാരും ധനികരുമായ വ്യക്തികൾ ധാരാളിത്തത്തോടെ, വിവേചനമില്ലാതെ ‘ഔദാര്യം’ വാരിവിതറുമ്പോൾ ആ നന്മ തിന്മയായി മാറുകയാണ്.
സ്വയം സൂക്ഷിക്കാൻ പഠിക്കുക- സ്വാതന്ത്ര്യത്തിന്റെ ഏറ്റവും കർക്കശമായ പരീക്ഷയാണത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ