ഇതാണു നിങ്ങൾ ചെയ്യേണ്ടത്: ഭൂമിയേയും സൂര്യനേയും ജന്തുക്കളേയും സ്നേഹിക്കുക, സ്വത്തിനെ വെറുക്കുക, ചോദിക്കുന്നവർക്കെല്ലാം ഭിക്ഷ കൊടുക്കുക, ബുദ്ധി മന്ദിച്ചവരുടേയും ഭ്രാന്തചിത്തരുടേയും പക്ഷത്തു നില്ക്കുക, സ്വന്തം വരുമാനവും അദ്ധ്വാനവും അന്യർക്കു വേണ്ടി മാറ്റിവയ്ക്കുക, ദൈവത്തെക്കുറിച്ചു തർക്കിക്കാൻ പോകാതിരിക്കുക, മനുഷ്യരോടു ക്ഷമയും ദാക്ഷിണ്യവും ഉള്ളവരായിരിക്കുക, അറിഞ്ഞതിനോ അറിയാത്തതിനോ ഒരാൾക്കോ ഒരു കൂട്ടം ആൾക്കാർക്കോ മുന്നിൽ തല കുനിക്കാതിരിക്കുക, ബലിഷ്ഠരായ അക്ഷരശൂന്യർക്കും യുവാക്കൾക്കും കുടുംബനാഥകളായ അമ്മമാർക്കുമൊപ്പം സ്വച്ഛന്ദമായി ഇടപെടുക, നിങ്ങളുടെ ജീവിതത്തിന്റെ ഓരോ വർഷവും ഓരോ ഋതുവിലും തുറന്ന സ്ഥലത്തു വച്ച് ഈ താളുകൾ വായിക്കുക, പള്ളിയോ പള്ളിക്കൂടമോ ഏതെങ്കിലും പുസ്തകമോ നിങ്ങൾക്കു പറഞ്ഞുതന്നതെല്ലാം പുനഃപരിശോധിക്കുക, സ്വന്തം ആത്മാവിനപമാനമായി തോന്നുന്നതെന്തും തള്ളിക്കളയുക, നിങ്ങളുടെ ഉടൽ ഒരു മഹിതകവിതയാവും, പുഷ്കലമായ ഒരനർഗളത അതിനുണ്ടാവും, വാക്കുകളിൽ മാത്രമല്ല, അതിന്റെ ചുണ്ടുകളിലും മുഖത്തും കണ്ണിമകൾക്കിടയിലും നിങ്ങളുടെ ദേഹത്തിന്റെ ഓരോ ചലനത്തിലും സന്ധികളിലുമുള്ള നിശ്ശബ്ദമായ വരികളിലും.
(വാൾട്ട് വിറ്റ്മാന്റെ Leaves of Grassന്റെ ആമുഖത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ