2021, ജൂൺ 21, തിങ്കളാഴ്‌ച

ബോദ്‌ലേർ - കവിതയെക്കുറിച്ചുള്ള ചിന്തകൾ


... ദീർഘകവിതകൾക്കു ചാർത്തിക്കൊടുത്തിട്ടുള്ള യുക്തിഹീനമായ പ്രാധാന്യത്തിനെതിരെ ഉശിരുള്ള ഒരു പ്രതിഷേധം (എഡ്ഗാർ അലൻ പോയുടെ) ‘കാവ്യതത്വം’ എന്ന ലേഖനത്തിന്റെ തുടക്കത്തിൽത്തന്നെ ഞാൻ കാണുന്നു. “ദീർഘകവിത എന്നൊന്നില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ‘ഒരു ദീർഘകവിത’ എന്നു പറയുന്നതുതന്നെ പരസ്പരവിരുദ്ധമായ ഒരു പദപ്രയോഗമാണെന്നാണ്‌ എന്റെ നിലപാട്.” തീർച്ചയായും ആത്മാവിനെ ഉത്തേജിപ്പിക്കുകയും ഉന്നമിപ്പിക്കുകയും ചെയ്യുന്നിടത്തോളമേ ഒരു കവിത ആ പേരിനർഹമാകുന്നുള്ളു; ആ കവിതയുടെ മൂല്യമാകട്ടെ, ആ ഉത്തേജനത്തിനും ഉന്നമനത്തിനും നേരനുപാതത്തിലുമായിരിക്കും. അതേ സമയം, മനഃശാസ്ത്രപരമായ ഒരനിവാര്യതയാൽ എല്ലാ ഉദ്ദീപനങ്ങളും ക്ഷണികവും അനിത്യവുമാണ്‌; ബലാൽ വശീകരിച്ചുകൊണ്ടുപോയിട്ടെന്നപോലെ വായനക്കാരന്റെ ആത്മാവു ചെന്നുപെടുന്ന ആ വിചിത്രമായ അവസ്ഥ മനുഷ്യപ്രകൃതത്തിനു സംഭരിക്കാൻ കഴിയുന്ന ഉത്സാഹത്തെ അതിന്റെ ശേഷിക്കുമപ്പുറത്തേക്കു വലിച്ചുനീട്ടാൻ നോക്കുന്ന ഒരു ദീർഘകവിത വായിച്ചുതീരുന്നിടത്തോളം നീണ്ടുനില്ക്കാൻ പോകുന്നില്ല. 

അപ്പോൾ ഇതിഹാസകവിത തിരസ്കരിക്കപ്പെട്ടു എന്നിനി തെളിച്ചുപറയേണ്ടതില്ലല്ലോ. കാരണം, അത്രയും ദൈർഘ്യമുള്ള ഒരു കൃതിയെ കവിതയായി പരിഗണിക്കണമെങ്കിൽ ഏതു കലാസൃഷ്ടിയുടേയും അവശ്യനിബന്ധനയായ ‘ഐക്യ’ത്തെ തള്ളിപ്പറയാൻ നാം തയ്യാറാകേണ്ടിവരും. ഇതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് അതിന്റെ വിഭാവനത്തിലുള്ള ഐക്യമല്ല, അതു മനസ്സിൽ പതിപ്പിക്കുന്ന ധാരണയുടെ ഐക്യത്തെയാണ്‌, പ്രഭാവത്തിന്റെ സാകല്യത്തെയാണ്‌; നോവലിനേയും ചെറുകഥയേയും താരതമ്യം ചെയ്യുമ്പോൾ ഞാനിതു ചൂണ്ടിക്കാണിച്ചിരുന്നു. അപ്പോൾ ഇതിഹാസകവിത, സൗന്ദര്യശാസ്ത്രപരമായി നോക്കിയാൽ, ഒരു വൈരുദ്ധ്യമായിട്ടാണ്‌ നമുക്കു തോന്നുന്നത്. പൗരാണികകാലത്ത് ഒരു കൂട്ടം  ലിറിക് കവിതകൾ എഴുതപ്പെട്ടിരുന്നു എന്നും പിന്നീടവ ഇതിഹാസങ്ങളായി സമാഹരിക്കപ്പെട്ടതാണെന്നും വരാം; എന്നാൽ ഏത് ‘ഐതിഹാസികലക്ഷ്യ’വും സ്പഷ്ടമായും അപക്വമായ ഒരു കലാബോധത്തിന്റെ ഫലമാണ്‌. അത്തരം കലാപരമായ വ്യതിചലനങ്ങളുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു; ദീർഘകവിത എന്നെങ്കിലും ജനപ്രിയമായിരുന്നോ (ആ വാക്കിന്റെ പൂർണ്ണമായ അർത്ഥത്തിൽ) എന്നതും സംശയാസ്പദമാണ്‌.

തീരെ ഹ്രസ്വമായ ഒരു കവിത, അതു സൃഷ്ടിക്കുന്ന ഉത്തേജനത്തിന്റെ തോതനുസരിച്ച് ബൗദ്ധികപോഷണം നല്കാൻ കഴിയാത്ത കവിത, വായനക്കാരന്റെ സ്വാഭാവികമായ വിശപ്പടക്കാൻ പര്യാപ്തമല്ലാത്ത കവിത, ഏറ്റവും പിഴവുള്ളതായിരിക്കുമെന്നും പറയട്ടെ. എത്ര ഉജ്ജ്വലവും തീക്ഷ്ണവുമായിക്കോട്ടെ അതിന്റെ പ്രഭാവം, അതു നീണ്ടുനില്ക്കില്ല; ഓർമ്മയിൽ അതു തങ്ങിനില്ക്കില്ല; ഒട്ടും അമർത്താതെയും വളരെ തിടുക്കത്തിലും വയ്ക്കുന്ന ഒരു സീലു പോലെയാണത്; മെഴുകിൽ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള നേരം അതിനു കിട്ടുന്നില്ല.

ഇതു കൂടാതെ മറ്റൊരു ദൈവദൂഷണമുണ്ട്: നമ്മുടെ കാപട്യവും മനസ്സിന്റെ ജാഡ്യവും ഹീനതയും കാരണം കൂടുതൽ അപകടകാരിയും കൂടുതൽ കാലം നിലനില്ക്കാൻ സാദ്ധ്യതയുള്ളതുമായ ഒന്ന്- കൊന്നാലും ചാവാത്ത ഒരു പിശക്; പ്രബോധനവാദത്തിന്റെയും അതിന്റെ അനിവാര്യമായ ഉപസിദ്ധാന്തങ്ങളായ വികാരം, സത്യം, ധാർമ്മികത എന്നിവയെക്കുറിച്ചുമാണ്‌ ഞാൻ പറയുന്നത്. വലിയൊരു സംഘം ആളുകൾ കരുതുന്നത് കവിതയുടെ ലക്ഷ്യം എന്തെങ്കിലും തരത്തിലുള്ള ഉപദേശം നല്കൽ ആണെന്നാണ്‌; മനഃസാക്ഷിയെ ബലപ്പെടുത്തലോ സാമൂഹികധർമ്മങ്ങളെ കുറ്റമറ്റതാക്കുകയോ അതൊന്നുമല്ലെങ്കിൽ ഉപയോഗപ്രദമായ എന്തെങ്കിലുമൊന്നിനു തെളിവു നല്കുകയോ ആണ്‌ അതിന്റെ ദൗത്യമെന്ന് അവർ സങ്കല്പിക്കുന്നു. എഡ്ഗാർ പോ പറയുന്നത് അമേരിക്കക്കാർ വിശേഷിച്ചും ഈ ധാരണയെ പിന്തുണയ്ക്കുന്നവർ ആണെന്നാണ്‌; ഇപ്പറഞ്ഞ ദൂഷണം നേരിൽ കാണാൻ അങ്ങു ബോസ്റ്റൺ വരെ പോകണമെന്നില്ല. ഇങ്ങിവിടെയും ദൈനന്ദിനമെന്നോണം അത് യഥാർത്ഥകവിതയെ ഉപരോധിക്കുകയും അതിന്റെ കോട്ടമതിലിൽ വിള്ളൽ വീഴ്ത്തുകയുമാണ്‌. നാം നമ്മുടെ ഉള്ളിലേക്ക് ഒരു നിമിഷത്തേക്കെങ്കിലും ഒന്നു നോട്ടമയച്ചാൽ, നമ്മുടെ ഹൃദയത്തെ ചോദ്യം ചെയ്താൽ, നമ്മുടെ ഉത്സാഹത്തിന്റെ നിമിഷങ്ങളെ മനസ്സിലേക്കു തിരിച്ചുവിളിച്ചാൽ കവിതയ്ക്ക് അതല്ലാതെ മറ്റൊരു ലക്ഷ്യമില്ല എന്നു നമുക്കു കാണാനാകും; അതിനു മറ്റൊന്നുണ്ടാവുക സാദ്ധ്യമല്ല. ഒരു കവിതയും അത്ര മഹത്തരവും അത്ര അഭിജാതവും കവിത എന്ന പേരിന്‌ അത്രയ്ക്കർഹവുമല്ല, കവിതയെഴുതുന്നതിന്റെ ആനന്ദമൊന്നിനു മാത്രമായി എഴുതപ്പെട്ട ഒരു കവിത പോലെ. 

ആരും തെറ്റിദ്ധരിക്കരുത്: കവിത മനുഷ്യന്റെ പെരുമാറ്റമര്യാദകളെ ഉത്കൃഷ്ടമാക്കുന്നില്ല എന്നല്ല, അതിന്റെ അന്തിമഫലം നികൃഷ്ടതാല്പര്യങ്ങളുടെ നിരപ്പിൽ നിന്ന് മനുഷ്യനെ ഉയർത്തിക്കൊണ്ടുവരികയല്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്; അതു തീർത്തും യുക്തിഹീനമായിരിക്കുമല്ലോ. ഞാൻ പറയുന്നതിതാണ്‌- ഒരു ധാർമ്മികലക്ഷ്യമാണ്‌ കവി ഉന്നം വച്ചതെങ്കിൽ അയാളുടെ കവിത്വശക്തിക്ക് ഊനം തട്ടിയിരിക്കും; അയാളുടെ കവിത മോശമായിരിക്കുമെന്നു രണ്ടാമതൊന്നാലോചിക്കാതെ നമുക്കു വാതു വയ്ക്കുകയുമാവാം. മരണമോ പരാജയമോ വിലയായി കൊടുത്തിട്ടല്ലാതെ കവിതയ്ക്ക് ശാസ്ത്രത്തിന്റെയോ ധാർമ്മികതയുടേയോ മേലങ്കി എടുത്തണിയാനാവില്ല; സത്യാന്വേഷണം അതിന്റെ ലക്ഷ്യമല്ല, അതിന്‌ അതിനു പുറത്ത് ഒന്നുമില്ല. സത്യമെന്താണെന്നു സ്ഥാപിക്കലിന്റെ വഴികൾ മറ്റു ചിലതാണ്‌, മറ്റൊരിടത്തുമാണ്‌. സത്യത്തിന്‌ ഗാനവുമായി ഒരു ബന്ധവുമില്ല. ഒരു കവിതയുടെ ചാരുത, വശ്യത, അപ്രതിരോദ്ധ്യത ഇതൊക്കെ സാദ്ധ്യമാക്കുന്ന സംഗതികൾ സത്യത്തിന്റെ ആധികാരികതയേയും അതിന്റെ ബലത്തെയും അപഹരിക്കുകയാണു ചെയ്യുക. നിർവ്വികാരമായ, പ്രശാന്തമായ, അചഞ്ചലമായ മനോഭാവമാണ്‌ സത്യാന്വേഷണത്തിന്റേത്; അത് കാവ്യദേവതയുടെ രത്നാഭരണങ്ങളേയും പൂക്കളേയും തള്ളിക്കളയുന്നു; അതുകൊണ്ടുതന്നെ കാവ്യാത്മകമായ മനോഭാവത്തിന്റെ നേർവിരുദ്ധമായ ധ്രുവത്തിലുമാണത്.

ശുദ്ധധിഷണ സത്യത്തെ തേടുന്നു, അഭിരുചി സൗന്ദര്യത്തെ കാണിച്ചുതരുന്നു, ധാർമ്മികബോധം സ്വധർമ്മത്തിന്റെ പാത നമുക്കു കാട്ടിത്തരികയും ചെയ്യുന്നു. നടുക്കുള്ളതിന്‌ രണ്ടറ്റങ്ങളിൽ ഉള്ളവയുമായി ഗാഢമായ ബന്ധമാണുള്ളതെന്നതും അതിന്‌ ധാർമ്മികബോധവുമായുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്നതും ശരിതന്നെ; അതുകൊണ്ടാണല്ലോ അതിന്റെ ചില കോമളവൃത്തികളെ നന്മകളുടെ ഗണത്തിൽ പെടുത്താൻ അരിസ്റ്റോട്ടിൽ മടിക്കാതിരുന്നത്. അതുകൊണ്ടാണ്‌ സൗന്ദര്യബോധമുള്ള ഒരാൾക്ക് ദുഷ്ടത കാണുമ്പോൾ അതിന്റെ വൈലക്ഷണ്യം, അതിന്റെ അനുപാതഹീനത, വിശേഷിച്ചും അസഹനീയമായിത്തോന്നുന്നത്. ദുഷ്ടത സത്യത്തിനും സൂക്ഷ്മതയ്ക്കും എതിരെയുള്ള അപരാധമാണ്‌, ബുദ്ധിയോടും മനഃസാക്ഷിയോടുമുള്ള അവഹേളനമാണ്‌; എന്നാൽ സ്വരൈക്യത്തിനെതിരെയുള്ള ഒരന്യായമായി, ഒരപശ്രുതിയായി ദുഷ്ടത ചില കാവ്യാത്മാക്കളെ വിശേഷിച്ചും പീഡിപ്പിക്കും. ധാർമ്മികതയ്ക്കെതിരെയുള്ള, ധാർമ്മികസൗന്ദര്യത്തിനെതിരെയുള്ള ഏതതിക്രമവും പ്രപഞ്ചതാളത്തിനും ഛന്ദസ്സിനും എതിരെയുള്ള അതിക്രമമായി കാണുന്നത് ആക്ഷേപാർഹമാണെന്നു ഞാൻ കരുതുന്നതുമില്ല.

ആരാധ്യമായ, അനശ്വരമായ ഈ നൈസർഗികസൗന്ദര്യബോധമാണ്‌ ഈ ലോകമെന്ന പ്രദർശനത്തെ ഒരു വെളിപാടായി, സ്വർഗ്ഗവുമായുള്ള ഒരു പാരസ്പര്യമായി പരിഗണിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നത്. അതീതമായിട്ടുള്ളതെന്തിനോടും ജീവിതം വെളിപ്പെടുത്തുന്നതെന്തിനോടുമുള്ള ഈ ശമിക്കാത്ത ദാഹമാണ്‌ നമ്മുടെ അനശ്വരതയ്ക്കുള്ള ഏറ്റവും സജീവമായ തെളിവ്. കവിതയിൽ നിന്നും കവിതയിലൂടെയും സംഗീതത്തിൽ നിന്നും സംഗീതത്തിലൂടെയുമാണ്‌ ശവകുടീരത്തിനുമപ്പുറത്തുള്ള പൊലിമകളെക്കുറിച്ച് ആത്മാവിന്‌ മങ്ങിയ ഒരകലക്കാഴ്ച്ച കിട്ടുന്നത്. ഒരു വിശിഷ്ടകവിത നമ്മളെ കണ്ണീരിന്റെ വക്കത്തെത്തിക്കുമ്പോൾ ആ കണ്ണീർത്തുള്ളികൾ തെളിവാകുന്നത് അമിതമായ ഒരാനന്ദത്തിനല്ല; മറിച്ച്, അവ സാക്ഷ്യപ്പെടുത്തുന്നത് നമ്മളിൽ പിടഞ്ഞുണർന്ന ഒരു വിഷാദത്തെയാണ്‌, നമ്മുടെ ഞരമ്പുകളുടെ ഒരു തിടുക്കത്തെയാണ്‌, അപൂർണ്ണതകൾക്കിടയിലേക്കു നാടു കടത്തപ്പെട്ട ഒരു പ്രകൃതത്തെയാണ്‌; ക്ഷണികദർശനം ലഭിച്ച ഒരു പറുദീസയെ, ഈ ഭൂമിയിൽ വച്ച്, ഇപ്പോൾത്തന്നെ സ്വന്തമാക്കാൻ മോഹിക്കുന്ന നമ്മുടെ പ്രകൃതത്തെയാണ്‌. 


(എഡ്ഗാർ പോയെക്കുറിച്ചുള്ള പുതിയ കുറിപ്പുകൾ എന്ന ലേഖനത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: