2021, ജൂൺ 5, ശനിയാഴ്‌ച

ഫ്രീഡ്രിക് നീച്ച - എഴുത്തിലെ ദുരൂഹത

 മനസ്സിലാകണം എന്ന ആഗ്രഹത്തോടെ മാത്രമല്ല ഒരാൾ എഴുതുന്നത്; മനസ്സിലാകരുത് എന്നും അതേ അളവിൽ അയാൾക്കാഗ്രഹമുണ്ട്. ഒരു പുസ്തകം തനിക്കു ദുരൂഹമാണെന്ന് ഒരാൾ കണ്ടെത്തുമ്പോൾ അത് ആ പുസ്തകത്തിനെതിരെയുള്ള ഒരാക്ഷേപമാകുന്നില്ല; അത് എഴുത്തുകാരന്റെ ഉദ്ദേശ്യമായിരുന്നുവെന്നുവരാം, താനെഴുതുന്നത് ‘ഏതൊരാൾക്കും’ മനസ്സിലാകണമെന്ന് അയാൾക്കാഗ്രഹമുണ്ടായിരുന്നില്ലെന്നുവരാം. വിശിഷ്ടമായ ധിഷണയും അഭിരുചിയുമുള്ളവർ സ്വന്തം ചിന്തകൾ പങ്കുവയ്ക്കാൻ തോന്നുമ്പോൾ അതിനു ചേർന്ന ശ്രോതാക്കളെ തിരഞ്ഞെടുക്കുന്നു; ആ തിരഞ്ഞെടുപ്പിനർത്ഥം ‘മറ്റുള്ളവരെ’ പുറത്തുനിർത്താനായി കടമ്പകളുയർത്തുന്നു എന്നുമാണ്‌. ശൈലിയുടെ ഏറ്റവും സൂക്ഷ്മമായ നിയമങ്ങളുടെ ഉല്പത്തി ഇവിടെയാണ്‌: നമ്മുടെ കാതുകളോടു ചേരുന്ന കാതുകളുള്ളവരുടെ കാതുകൾ തുറക്കുമ്പോൾത്തന്നെ- അവ അകറ്റിനിർത്തുന്നു, അകലം സൃഷ്ടിക്കുന്നു, ‘പ്രാപ്യ’മല്ലാതാക്കുന്നു, എന്നു പറഞ്ഞാൽ ദുരൂഹമാക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: