2021, ജൂൺ 5, ശനിയാഴ്‌ച

അന്ത്വാൻ ദ് സാന്തെ-എക്സ്യുപെരി (Antoine de Saint-Exupery)

 


Le Petit Prince (കൊച്ചുരാജകുമാരൻ) എന്ന ബാലസാഹിത്യകൃതിയുടെ പേരിൽ പ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരൻ അന്ത്വാൻ ദ് സാന്തെ-എക്സ്യുപെരി 1900 ജൂൺ 29ന്‌ ഫ്രാൻസിലെ ലിയോണിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ വിദ്യാർത്ഥിയായിരുന്ന അന്ത്വാൻ 1921ൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. അടുത്ത കൊല്ലം പൈലറ്റ് പരിശീലനം പൂർത്തിയാക്കുകയും എയർ ഫോഴ്സിലേക്കു മാറുകയും ചെയ്തു. മൊറോക്കോയിൽ അല്പകാലത്തെ പോസ്റ്റിങ്ങിനു ശേഷം അദ്ദേഹം എയർ ഫോഴ്സിൽ നിന്നു പിരിഞ്ഞു. എന്നാൽ ഇതിനകം വൈമാനികജീവിതം അദ്ദേഹത്തിന്റെ ജീവിതാവേശമായി മാറിക്കഴിഞ്ഞിരുന്നു. 1923ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കു ക്ഷതം പറ്റിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പിന്മാറാതെ അദ്ദേഹം ഒരു മെയിൽ പൈലറ്റായി ജോലി സ്വീകരിച്ചു. മരുഭൂമിയും അവിടുത്തെ നിവാസികളും അദ്ദേഹത്തിനു വളരെ പ്രിയമായിരുന്നു. ആ സ്നേഹം കൊണ്ടാണ്‌ അദ്ദേഹം പടിഞ്ഞാറൻ സഹാറയിലെ ഒരു വിമാനത്താവളത്തിന്റെ ഡയറക്ടറായതും. മരുഭൂമിയിൽ തകർന്നുവീഴുന്ന വിമാനങ്ങളിലെ പൈലറ്റുകളെ രക്ഷപ്പെടുത്തുക എന്നതും അദ്ദേഹത്തിന്റെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. 1929ൽ അദ്ദേഹം അർജ്ജന്റീനയിലെ ഒരു എയർ മെയിൽ ലൈനിന്റെ മേധാവിയായി. അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിക്കുന്നത് ഇക്കാലത്താണ്‌. ആദ്യത്തെ നോവലുകളായ Southern Mail, Night Flight എന്നിവയുടെ പ്രമേയം സ്വന്തം വൈമാനികജീവിതം തന്നെയാണ്‌. 1935  പാരീസിൽ നിന്ന് സെയ്ഗോണി (ഇന്നത്തെ ഹോ-ചിമിൻ സിറ്റി)ലേക്കുള്ള യാത്രയിൽ പറന്നുയർന്ന് ഇരുപതു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനം സഹാറയിൽ തകർന്നുവീണു. അദ്ദേഹത്തിനും സഹപൈലറ്റിനും ജീവൻ നിലനിർത്താൻ ഉണ്ടായിരുന്നത് അല്പം ചോക്ലേറ്റും കുറച്ചു ബിസ്കറ്റും മാത്രമായിരുന്നു. നാലു ദിവസം കഴിഞ്ഞ് മരുഭൂമിയിലെ ഒരു ഗോത്രവംശക്കാരൻ അവരെ രക്ഷപ്പെടുത്തുകയായിരുന്നു. അദ്ദേഹം 1939ൽ എഴുതിയ  കാറ്റും മണലും നക്ഷത്രങ്ങളുംഎന്ന പേരിലുള്ള ഓർമ്മക്കുറിപ്പുകൾ പ്രമേയമാക്കുന്നത് ഈ അനുഭവങ്ങളാണ്‌. 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ തലേ വർഷം ഗ്വാട്ടിമാലയിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ പറ്റിയ പരിക്കുകളിൽ നിന്നു മോചിതനാവുന്നേ ഉണ്ടായിരുന്നുള്ളു അദ്ദേഹം. എന്നാല്ക്കൂടി അദ്ദേഹം ഫ്രഞ്ച് എയർ ഫോഴ്സിൽ ചേരാൻ അപേക്ഷ കൊടുക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ ഫ്രാൻസ് നാസികൾക്കധീനമായപ്പോൾ അദ്ദേഹം അമേരിക്കയിലേക്കു പലായനം ചെയ്തു. ആ പ്രവാസകാലത്താണ്‌ എക്സ്യുപെരി ലിറ്റിൽ പ്രിൻസ്എഴുതുന്നത്. അദ്ദേഹം തന്നെ വരച്ച ചിത്രങ്ങളോടെ 1943ൽ ഇംഗ്ലീഷ് പരിഭാഷയോടൊപ്പം അവിടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.

പക്ഷേ തന്റെ ജന്മദേശം യുദ്ധത്തിനു നടുവിലായിരിക്കുമ്പോൾ അടങ്ങിയിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എയർ ഫോഴ്സിൽ ചേരാൻ അദ്ദേഹം വീണ്ടും അപക്ഷ കൊടുത്തു. അപ്പോൾ പ്രായം നാല്പത്തിമൂന്നായിരുന്നു; പരിക്കുകൾ കാരണം വസ്ത്രം മാറാൻ പോലും പരസഹായം വേണമെന്ന നിലയിലുമായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ അന്താരാഷ്ട്രപ്രശസ്തിയിൽ നിന്നു ലഭിക്കുന്ന പ്രചാരമൂല്യം എക്സ്യുപെരിയെ വീണ്ടും സൈന്യത്തിലെടുക്കുന്നതിനു പ്രേരകമായി. അങ്ങനെ 1943 ഏപ്രിലിൽ വടക്കേ ആഫ്രിക്കയിൽ ഒരു നിരീക്ഷണപ്പൈലറ്റായി അദ്ദേഹം സർവ്വീസിൽ തിരിച്ചുവന്നു. സഖ്യകക്ഷികൾ തെക്കൻ ഫ്രാൻസിൽ നടത്താനിരിക്കുന്ന ഒരാക്രമണത്തിനു മുന്നോടിയായി നിരീക്ഷണപ്പറക്കൽ നടത്താൻ കോർസിക്ക ദ്വീപിലെ ഒരു വിമാനത്താവളത്തിൽ നിന്ന് 1944 ജൂലൈ 31ന്‌ എക്സ്യുപെരി ഒരു P-38 വിമാനത്തിൽ പറന്നുയർന്നു. അദ്ദേഹം പിന്നെ മടങ്ങിയെത്തിയില്ല. സാന്തെ-എക്സ്യുപെരി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി എട്ടു ദിവസം കഴിഞ്ഞ് ഔദ്യോഗികമായ അറിയിപ്പുണ്ടായി.

1998ൽ ഒരു ഫ്രഞ്ച് മീൻപിടുത്തക്കാരന്‌ മാഴ്സേ ഭാഗത്തെ കടലിൽ നിന്ന് എക്സ്യുപെരിയുടെ ഐഡന്റിറ്റി ബ്രേസ്‌ലെറ്റ് കിട്ടി; രണ്ടു കൊല്ലം കഴിഞ്ഞ് അതേ ഭാഗത്തു നിന്നുതന്നെ അദ്ദേഹത്തിന്റെ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടി.

***

മതഗ്രന്ഥങ്ങൾ ഒഴിവാക്കിയാൽ ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ഏറ്റവും കൂടുതൽ വില്ക്കുകയും ചെയ്ത പുസ്തകമാണ്‌ എക്സ്യൂപെരിയുടെ Le Petit Prince എന്ന ഈ നോവെല്ല. വിമാനം തകർന്ന് മരുഭുമിയിൽ പെട്ടുപോയ ഒരു ഏകാന്തവൈമാനികനും ദുശ്ശാഠ്യക്കാരിയായ ഒരു പൂവിനോടു പിണങ്ങി തന്റെ രാജ്യമായ ഒരല്പഗ്രഹത്തിൽ നിന്ന് ഗോളാന്തരയാത്ര നടത്തി ഒടുവിൽ ഭൂമിയിലെത്തുകയും ചെയ്യുന്ന സ്വർണ്ണമുടിക്കാരനായ ഒരു രാജകുമാരനും തമ്മിലുള്ള ഈ കൂടിക്കാഴ്ച അതിൽ അന്തർലീനമായ ദുരന്തബോധം കൊണ്ടാണ്‌ ഇന്നും വായനക്കാരെ ആകർഷിക്കുന്നത്. മുതിർന്നവർക്കു വേണ്ടി എഴുതിയ ഈ കുട്ടിക്കഥയുടെ സന്ദേശം നാം കാണാതെപോകരുത്. മുതിർന്നവരാകുന്നതോടെ യഥാർത്ഥസൗന്ദര്യം നമ്മുടെ കാഴ്ചയിൽ വരുന്നില്ല. സംഖ്യകളുടേയും ലാഭനഷ്ടങ്ങളുടേയും വികാരഹീനമായ ബൗദ്ധികതയുടേയും അയാഥാർത്ഥലോകത്തു നിന്ന് സൗന്ദര്യത്തിന്റെയും നിഷ്കളങ്കതയുടേയും വൈകാരികതയുടേയും ആ ബാല്യകാലലോകത്തേക്കുള്ള മടക്കമാണ്‌ ഭൂമിയിലെ ജീവിതത്തെ സഹനീയമാക്കാനുള്ള ഒരേയൊരു വഴി.

അഭിപ്രായങ്ങളൊന്നുമില്ല: