2021, ജൂൺ 26, ശനിയാഴ്‌ച

ബോദ്‌ലേർ - സ്ത്രീയും വേഷവും



ഭൂരിപക്ഷം പുരുഷന്മാരുടെ കാര്യത്തിലും തങ്ങൾക്കേറ്റവും ഊർജ്ജസ്വലവും, ദാർശനികാനന്ദങ്ങളെ നാണം കെടുത്തിക്കൊണ്ടു പറയട്ടെ, ഏറ്റവും ചിരസ്ഥായി പോലുമായ ആഹ്ലാദത്തിനുറവിടമായ ജീവി; ആരുടെ നേർക്കാണോ അല്ലെങ്കിൽ ആർക്കു വേണ്ടിയാണോ അവരുടെ എല്ലാ ഉദ്യമങ്ങളും ലക്ഷ്യം വയ്ക്കുന്നത്, ആ ജീവി; ഭയം ജനിപ്പിക്കുന്നതും ദൈവത്തെപ്പോലെ ആശയവിനിമയം അസാദ്ധ്യവുമായ ആ ജീവി (ഒരു വ്യത്യാസമുണ്ട്: അനന്തമായത് സ്വയം വെളിപ്പെടുത്താത്തത് അത് പരിമിതമായതിനെ അന്ധമാക്കുകയും ഞെരിച്ചമർത്തുകയും ചെയ്യും എന്നതുകൊണ്ടാണെങ്കിൽ, ആരെക്കുറിച്ചാണോ ഇവിടെ നാം സംസാരിക്കുന്നത്, ആ ജീവി ദുർഗ്രഹമാകുന്നത് ഒരുപക്ഷേ, അതിനു പ്രത്യേകിച്ചൊന്നും വിനിമയം ചെയ്യാനില്ലാത്തതുകൊണ്ടാണ്‌); ഏതു സുന്ദരജന്തുവിന്റെ സൗന്ദര്യമാണോ, രാഷ്ട്രതന്ത്രം എന്ന ഗൗരവം നിറഞ്ഞ മത്സരക്കളിയെ ഉഷാറാക്കുന്നതും അനായാസമാക്കുന്നതുമായി ജോസെഫ് ഡി മെയ്സ്ത്രെ കണ്ടത്, ആ ജീവി; ആർക്കു വേണ്ടിയാണോ, ആരിലൂടെയാണോ, കണക്കറ്റ സമ്പത്തുകൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും, ആ ജീവി; ആർക്കു വേണ്ടിയാണോ, അതിലുമുപരി ആരു വഴിയാണോ കലാകാരന്മാരും കവികളും തങ്ങളുടെ ഏറ്റവും വിശിഷ്ടമായ രത്നാഭരണങ്ങൾ ചെയ്തെടുക്കുന്നത്; എത്രയും വീര്യം കെടുത്തുന്ന ആനന്ദങ്ങളും ഏറ്റവും സമ്പുഷ്ടമായ യാതനകളും ആരിൽ നിന്നാണോ ഉറവെടുക്കുന്നത്- സ്ത്രീ, ചുരുക്കിപ്പറഞ്ഞാൽ, കലാകാരന്മാർക്കു പൊതുവേയും മിസ്യു ‘ജി.’ക്കു വിശേഷിച്ചും, മനുഷ്യവർഗ്ഗത്തിലെ പെൺജാതി മാത്രമല്ല. മറിച്ച്, അവൾ ഒരു ദേവതയാണ്‌, പുരുഷന്റെ തലച്ചോറിനുള്ളിൽ നടക്കുന്ന എല്ലാ സംക്ഷോഭങ്ങൾക്കും മേൽ വിരാജിക്കുന്ന നക്ഷത്രമാണ്‌; പ്രകൃതിയുടെ സർവ്വചാരുതകളുടേയും ദീപ്തികൾ ഒരേയൊരു ജീവിയിൽ സഞ്ചയിച്ചതാണവൾ; ജീവിതമെന്ന പ്രദർശനത്തെ ദീർഘവിചിന്തനം ചെയ്യുന്ന ഒരാളുടെ അങ്ങേയറ്റത്തെ ആരാധനയും താല്പര്യവും പിടിച്ചുപറ്റുന്ന വിഷയമാണവൾ. ഒരു തരം ആരാധനാവിഗ്രഹമാണവൾ, ബുദ്ധിഹീനമെങ്കിലും കണ്ണഞ്ചിക്കുന്നതും വശീകരിക്കുന്നതും; പുരുഷന്മാരുടെ ഭാഗധേയങ്ങളേയും ഇച്ഛകളേയും തന്റെ നോട്ടത്തിന്റെ ദാസ്യത്തിലാക്കുന്ന ഒരു പൂജാവിഗ്രഹം. അവൾ, ഞാൻ ആവർത്തിക്കട്ടെ, അംഗോപാംഗങ്ങൾ സമ്യക്കായി ഇണക്കിവച്ചാൽ ലയത്തിനുദാഹരണമാവുന്ന ജന്തുവല്ല; ഒരു ശില്പി അയാളുടെ ഏറ്റവും നിശിതമായ ധ്യാനനിമിഷങ്ങളിൽ സങ്കല്പിച്ചെടുത്തേക്കാവുന്ന ശുദ്ധസൗന്ദര്യത്തിന്റെ മാതൃകയുമല്ല; ഇല്ല, അവളുടെ നിഗൂഢവും സങ്കീർണ്ണവുമായ മന്ത്രശക്തിയെ വിശദീകരിക്കാൻ അതുപോലും പര്യാപ്തമല്ല. ഇവിടെ നമ്മളെ സഹായിക്കാൻ വിൻകെൽമന്നിനുമാവില്ല, റാഫേലിനുമാവില്ല; എനിക്കു തീർച്ചയാണ്‌, വിപുലമായ ധിഷണയ്ക്കുടമയാണെങ്കിൽക്കൂടി മിസ്യു ജി. (അദ്ദേഹത്തെ കുറച്ചുകാണാൻ വേണ്ടി പറയുകയല്ല) പ്രാചീനശില്പകലയുടെ ഒരു തകർന്ന ഖണ്ഡത്തിനു മുന്നിൽ നേരം കളയാൻ മിനക്കെടില്ല, അതുകൊണ്ട് റെയ്നോൾഡ്സോ ലോറൻസോ ചെയ്ത ഒരു ഛായാചിത്രം കാണാനുള്ള അവസരം നഷ്ടപ്പെടുമെങ്കിൽ. ഒരു സ്ത്രീയെ അലങ്കരിക്കുന്ന സർവ്വതും, അവളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന എല്ലാ വസ്തുക്കളും അവളുടെ ഭാഗം തന്നെയാണ്‌; ഈ നിഗൂഢജീവിയെക്കുറിച്ച് സവിശേഷപഠനം നടത്തിയിട്ടുള്ള കലാകാരന്മാരെ ആ സ്ത്രീയെപ്പോലെതന്നെ വശീകരിച്ചിരുന്നു, അവളുടെ ‘മൺഡസ് മുലിയേബ്രിസ്’* ആകെയും. സംശയമില്ല, സ്ത്രീ ഒരു വെളിച്ചമാണ്‌, ഒരു കണ്ണോട്ടമാണ്‌, ആനന്ദത്തിലേക്കുള്ള ഒരു ക്ഷണമാണ്‌, ചിലപ്പോൾ വെറുമൊരു വാക്കു മാത്രവുമാണ്‌; എന്നാൽ അതിലൊക്കെയുപരി, അവൾ എല്ലാം ചേർന്നൊരു ലയമാണ്‌, അവളുടെ പെരുമാറ്റവും അവളുടെ ചലനത്തിന്റെയും നടത്തയുടേയും രീതിയും കൊണ്ടു മാത്രമല്ല, ആ മസ്ലിൻ തുണികളും നേർത്ത വല പോലത്തെ മുഖാവരണങ്ങളും അവൾ സ്വയം മൂടിപ്പുതയ്ക്കുന്ന വിപുലവും വർണ്ണബഹുലവുമായ തുണികളുടെ മേഘങ്ങളുമെല്ലാം കൂടി;  അവളുടെ ദിവ്യത്വത്തിന്റെ ലക്ഷണങ്ങളും പീഠവും കൂടിയാണവ; അവളുടെ കൈത്തണ്ടകളിലും കഴുത്തിലും ചുറ്റിപ്പിണഞ്ഞുകിടന്ന് അവളുടെ കണ്ണുകളിലെ അഗ്നിക്കു തിളക്കം കൂട്ടുകയോ അവളുടെ കാതുകളിൽ സൗമ്യമായി മന്ത്രിക്കുകയോ ചെയ്യുന്ന ആ ലോഹങ്ങളും രത്നക്കല്ലുകളും കൊണ്ടും. ഒരു സുന്ദരിയുടെ ദർശനത്തിൽ നിന്നു ജനിച്ച ആനന്ദത്തെ വർണ്ണിക്കുമ്പോൾ ഏതു കവിയാണ്‌, അവളേയും അവളുടെ വേഷത്തേയും രണ്ടായി കാണാനൊരുമ്പെടുക? തെരുവിലോ നാടകശാലയിലോ പാർക്കിലോ വച്ച് മനോഹരമായിച്ചെയ്ത ഒരു വേഷം തീർത്തും നിർമ്മമമമായ രീതിയിൽ ആസ്വദിക്കുന്ന ഒരാൾ ആ വേഷം ധരിച്ചിരുന്ന സ്ത്രീയുടെ സൗന്ദര്യത്തിൽ നിന്നഭേദ്യമായ ഒരു മാനസികചിത്രമാണ്‌ ഉള്ളിൽ സൂക്ഷിക്കുന്നത്; അങ്ങനെയല്ലാത്ത ഒരാളെ എനിക്കു കാണിച്ചുതരൂ; ആ സ്ത്രീയും വേഷവും അവിഭാജ്യമാവുകയാണയാൾക്ക്.


*mundus muliebris- സ്ത്രീകളുടെ ലോകം എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം. 


(ആധുനികജീവിതത്തിന്റെ ചിത്രകാരൻ എന്ന ലേഖനത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: