2021, ജൂൺ 27, ഞായറാഴ്‌ച

ബോദ്‌ലേർ - നിറത്തെക്കുറിച്ച്


മനോഹരമായ ഒരു ഭൂപ്രദേശം നാം മനസ്സിൽ കാണുക; എന്തിനും ഇഷ്ടം പോലെ പച്ചയോ ചുവപ്പോ ധൂസരമോ അതുമല്ലെങ്കിൽ നിറങ്ങളുടെ ഒരു ചേരുവയോ ആകാനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യം അവിടെയുണ്ട്; തങ്ങളുടെ തങ്ങളുടെ തന്മാത്രാഘടനക്കനുസൃതമായി വിവിധ നിറങ്ങളാർന്ന വസ്തുക്കൾ വെളിച്ചവും നിഴലും സ്ഥാനം മാറുന്നതിനൊത്ത് അനുനിമിഷം രൂപാന്തരപ്പെടുകയാണവിടെ; ലീനതാപത്തിന്റെ പ്രവർത്തനത്താൽ അവിരതം സ്പന്ദനം ചെയ്യുന്ന സർവ്വതും രേഖകളെ ചലനപ്പെടുത്തുകയും നിരന്തരവും സാർവ്വത്രികവുമായ ചലനത്തിന്റെ നിയമത്തിന്‌ സാധുത നല്കുകയും ചെയ്യുകയാണവിടെ. അതിനുമപ്പുറം ഒരപാരത, ചിലനേരം നീലയും പലപ്പോഴും പച്ചയുമായി, ചക്രവാളത്തിലേക്കു പരന്നുകിടക്കുന്നു; അത് കടലാണ്‌. മരങ്ങൾ പച്ചയാണ്‌, പുല്ലുകൾ പച്ചയാണ്‌, പായൽ പച്ചയാണ്‌; വൃക്ഷകാണ്ഡങ്ങളിൽ പച്ച പുളഞ്ഞുകയറുന്നു,  മൂപ്പെത്താത്ത തണ്ടുകളും പച്ചയാണ്‌; പച്ചയാണ്‌ പ്രകൃതിയുടെ അടിസ്ഥാനവർണ്ണം, എന്തെന്നാൽ, പച്ച മറ്റേതു നിറവുമായും അനായാസമായി ചേർന്നുപോകുന്നുണ്ടല്ലോ.. ഒന്നാമതായി എന്റെ മനസ്സിൽ തറയ്ക്കുന്നതിതാണ്‌: എവിടെയും- പുൽത്തകിടിയിലെ പോപ്പികളിൽ, പിമ്പെർണലുകളിൽ, തത്തകളിൽ- ചുവപ്പ് പച്ചയെ വാഴ്ത്തുകയാണ്‌. കറുപ്പ്, അതെവിടെയെങ്കിലും ഉണ്ടെങ്കി (ഏകാന്തവും അഗണ്യവുമായ ഒരു വട്ടപ്പൂജ്യം) നീലയിലും ചുവപ്പിലും നിന്ന് സഹായം തേടുന്നു. നീലയെ, എന്നു പറഞ്ഞാൽ ആകാശത്തെ, വെളുത്തുനേർത്ത പാളികളോ നരച്ച കൂമ്പാരങ്ങളോ ശകലിതമാക്കുകയും അതിന്റെ ഏകതാനമായ പാരുഷ്യത്തെ ഹൃദ്യമായ രീതിയിൽ മയപ്പെടുത്തുകയും ചെയ്യുന്നു; കാലപ്പകർച്ചകളിൽ, മഞ്ഞുകാലത്തോ വേനൽക്കാലത്തോ, അന്തരീക്ഷത്തിലുണ്ടാകുന്ന മൂടൽ ബാഹ്യരേഖകളെ മുക്കിക്കളയുകയോ മയപ്പെടുത്തുകയോ ചെയ്യുമ്പോൾ പ്രകൃതി ഒരു പമ്പരത്തെ ഓർമ്മപ്പെടുത്തുന്നു: ഒരു വർണ്ണരാജിയാകെത്തന്നെ തന്നിലുണ്ടെങ്കിലും അതിവേഗം കറങ്ങുമ്പോൾ നരച്ച നിറമായിത്തോന്നുന്ന ഒരു പമ്പരം.

മരനീരിരച്ചുയരുകയും മൂലകങ്ങളുടെ ഒരു മിശ്രിതമായ അത് നിറഭേദങ്ങളുടെ ഒരു മിശ്രിതമായി പൂത്തുവിടരുകയും ചെയ്യുന്നു; മരങ്ങളും കല്ലുകളും കരിമ്പാറക്കൂട്ടങ്ങളും ജലത്തിൽ പ്രതിബിംബങ്ങൾ വീഴ്ത്തുന്നു; സുതാര്യമായ ഓരോ വസ്തുവും വെളിച്ചം അതിലൂടെ കടന്നുപോകുമ്പോൾ അടുത്തും അകലത്തുമുള്ള വർണ്ണഛായകളെ കടന്നുപിടിക്കുകയും തടവിലാക്കുകയും ചെയ്യുന്നു. പകലിന്റെ നക്ഷത്രം സ്ഥാനം മാറുന്നതിനനുസരിച്ച് വർണ്ണങ്ങളുടെ മൂല്യത്തിനു മാറ്റം വരുന്നുണ്ടെങ്കിലും അവയ്ക്കു സ്വാഭാവികമായിട്ടുള്ള രാഗദ്വേഷങ്ങൾക്കനുസൃതമായും അന്യോന്യം വിട്ടുവീഴ്ച്ചകൾ ചെയ്തും അവ ഒരുമയോടെ നിലനില്ക്കുന്നു. നിഴലുകൾ സാവധാനം നീങ്ങിത്തുടങ്ങുമ്പോൾ നിറങ്ങൾ അവയ്ക്കു മുന്നിൽ നിന്നോടിയൊളിക്കുകയോ അല്ലെങ്കിൽ കെട്ടുപോവുകതന്നെയോ ചെയ്യുന്നു; സ്ഥാനം മാറുന്ന വെളിച്ചം അപ്പോഴേക്കും പുതിയ നിറങ്ങൾക്കു ജീവൻ കൊടുക്കുകയായി. ഇവ തങ്ങളുടെ പ്രതിഫലനങ്ങൾ കൂട്ടിക്കലർത്തുകയും സുതാര്യവും കടം കൊണ്ടതുമായ തിളക്കങ്ങൾ കൊണ്ട് സ്വന്തം ഗുണങ്ങൾ ഭേദപ്പെടുത്തുകയും ചെയ്യ്ത് ശ്രുതിമധുരമായ പരിണയങ്ങളുടെ അനന്തപരമ്പരയായി പെരുകുകയും ചെയ്യുന്നു. ആ കൂറ്റൻ അഗ്നിഗോളം കടലിൽ മുങ്ങിത്താഴുമ്പോൾ ചുവന്ന കാഹളധ്വനികൾ സർവ്വദിക്കിലേക്കും ചിതറിത്തെറിക്കുന്നു, രക്തവർണ്ണമായ ഒരു സിംഫണി ചക്രവാളത്തിൽ ആളിപ്പടരുന്നു, പച്ച കടുംചുവപ്പായി മാറുകയും ചെയ്യുന്നു. എന്നാൽ വൈകാതെ നീലനിറത്തിലുള്ള വിപുലമായ നിഴലുകൾ വെളിച്ചത്തിന്റെ വിദൂരവും നേർത്തതുമായ മാറ്റൊലികൾ പോലുള്ള റോസും ഓറഞ്ചും നിറങ്ങളെ താളാത്മകമായി ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നു. ഇന്നത്തെ ഈ മഹത്തായ സിംഫണി, ഇന്നലത്തെ സിംഫണിയുടെ എന്നും പുതുക്കപ്പെടുന്ന രൂപം, മധുരഗീതങ്ങളുടെ ഈ തുടർച്ച, അനന്തത്തിൽ നിന്നുറവെടുക്കുന്ന ഈ വൈവിദ്ധ്യം, ഈ സങ്കീർണ്ണമായ കീർത്തനം- വർണ്ണം എന്നാണതിനു പേര്‌.

(1846ലെ സലോണിൽ നിന്ന്. വരകളെക്കാൾ വർണ്ണങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ദിലക്വായെപ്പോലുള്ള ചിത്രകാരന്മാരായിരുന്നു ബോദ്‌ലേർക്കു ഹിതം. ഇവിടെ ഇത് കലാനിരൂപണമാണെങ്കിലും ഒരു ഗദ്യകവിത പോലെ മനോഹരവുമാണ്.)


അഭിപ്രായങ്ങളൊന്നുമില്ല: