2021, ജൂൺ 4, വെള്ളിയാഴ്‌ച

അന്ത്വാൻ ദ് സാങ്ത് എക്സ്യുപെരി - നഷ്ടബോധം

 വ്യോമയാനത്തിന്റെ ആദ്യകാലത്തെ പൈലറ്റുകളിൽ ഒരാളായിരുന്നു അന്ത്വാൻ ദ് സാങ്ങ്തെ-ക്സ്യുപെരി. ആ സാഹസികപ്പറക്കലുകൾക്കിടയിൽ തന്റെ സഹപൈലറ്റുകൾ പലരും ജീവൻ വെടിയുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. (അദ്ദേഹം തന്നെയും പില്ക്കാലത്ത് അതിന്റെ ഇരയാവുന്നുമുണ്ടല്ലോ.) പ്രിയപ്പെട്ടവരെ ആകസ്മികമായി നഷ്ടപ്പെടുമ്പോൾ നമുക്കുണ്ടാകുന്ന ശൂന്യതയും നഷ്ടബോധവും ക്സ്യുപെരി തന്റെ “കാറ്റും മണലും നക്ഷത്രങ്ങളും” എന്ന ആത്മകഥാപരമായ പുസ്തകത്തിൽ ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്.

“...പതിയെപ്പതിയെ നമുക്കു ബോദ്ധ്യമാവുകയാണ്‌, ഇനിയൊരിക്കലും നാം ആ സ്നേഹിതന്റെ ചിരി കേൾക്കില്ലെന്ന്; ആ പൂന്തോട്ടം എന്നെന്നേക്കുമായി നമുക്കു മുന്നിൽ അടയ്ക്കപ്പെടുകയാണെന്ന്. ആ നിമിഷത്തിലാണ്‌ യഥാർത്ഥത്തിലുള്ള നമ്മുടെ വിലാപം തുടങ്ങുന്നത്. നമ്മുടെ മനസ്സിനെ പിളർക്കുന്നതല്ല അതെങ്കിലും അതിനു കയ്പ് കൂടുതലുമാണ്‌. കാരണം, ആ കൂട്ടുകാരനു പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല. ചിരകാലസ്നേഹിതന്മാരെ ഒരു നിമിഷം കൊണ്ടു സൃഷ്ടിച്ചെടുക്കാവുന്നതല്ലല്ലോ. പൊതുവായുള്ള ഓർമ്മകൾ, ഒരുമിച്ചു നേരിട്ട പരീക്ഷണങ്ങൾ, കലഹങ്ങൾ, അനുരഞ്ജനങ്ങൾ, ഹൃദയവിശാലതകൾ ഇതിനൊന്നിനും മറ്റൊന്നും പകരമാകുന്നില്ല. കാലത്ത് ഒരോക്കിൻ കായ കുഴിച്ചിട്ടിട്ട് വൈകിട്ടതിന്റെ തണലത്തിരിക്കാൻ മോഹിക്കുന്നത് മടിയുടെ അങ്ങേയറ്റമാണ്‌.

അങ്ങനെ ജീവിതം മുന്നോട്ടു നീങ്ങുന്നു. വർഷങ്ങൾ കൊണ്ട് നാം കുഴിച്ചിട്ട വിത്തുകൾ മുളയ്ക്കുന്നു, സമ്പന്നരാണു നാമെന്ന് നാം മനസ്സിൽ പറയുന്നു, പിന്നെ പിന്നെയും വർഷങ്ങൾ വരുന്നു, അവയുടെ പണി നടത്തുന്നു, നമ്മുടെ തോട്ടം ശുഷ്കവും ഊഷരവുമാകുന്നു. ഒന്നൊന്നായി നമ്മുടെ സ്നേഹിതന്മാർ കടന്നുപോകുന്നു, അവരുടെ തണൽ നമുക്കു നഷ്ടമാകുന്നു...“

ഈ പുസ്തകമെഴുതി മൂന്നു കൊല്ലത്തിനു ശേഷമാണ്‌ ക്സ്യുപെരി തന്റെ മാസ്റ്റർപീസായ ”ലിറ്റിൽ പ്രിൻസ്“ എഴുതുന്നത്. ഒരന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്കു വന്ന ഒരു കൊച്ചുരാജകുമാരനും മരുഭൂമിയിൽ വിമാനം തകർന്ന് ഒറ്റപ്പെട്ടുപോയ ഒരു വൈമാനികനും കഥാപാത്രങ്ങളായ ആ പുസ്തകം ഒരു സൗഹൃദനഷ്ടത്തിന്റെ കാവ്യാത്മകവിലാപമായി നമുക്കു വായിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: