1. ഒരു കത്ത്
നീ ഫോൺ വച്ച തൊട്ടു പിറകേ നിന്റെ കത്തു വന്നു.
ഫോണിൽ സംസാരിക്കുമ്പോൾ നീ കളിമട്ടായിരുന്നു,
എന്നാൽ നിന്റെ കത്ത് വലിയ ഗൗരവത്തിലായിരുന്നു:
‘അങ്ങു സവാന്നയിൽ ഒരിമ്പാല ആയിരുന്നെങ്കിൽ എന്നാണെന്റെ ആഗ്രഹം.’
കത്തു നീ പെട്ടെന്നവസാനിപ്പിച്ചത് അങ്ങനെയായിരുന്നു.
അടുത്ത ദിവസം-വെള്ളിയാഴ്ച- തൊണ്ണൂറു ഡിഗ്രിയായിരുന്നു.
അണ്ടർഗ്രൗണ്ട് മാളിൽ ഒരു ഫൗണ്ടനരികിൽ നാം സന്ധിച്ചു.
നീ നിന്റെ വെളുത്ത പേഴ്സ് ചുഴറ്റുകയായിരുന്നു.
ഞാൻ ചാപ്ളിനെ അനുകരിക്കുകയായിരുന്നു.
പിന്നെ നാം പിസ്സ കഴിച്ചു.
ഇമ്പാലയെക്കുറിച്ചു നാം പിന്നെ മിണ്ടിയതേയില്ല.
ചില കാര്യങ്ങളെക്കുറിച്ച് കത്തുകളിലേ നമുക്കു സംസാരിക്കാൻ പറ്റുകയുള്ളു;
ചില ചോദ്യങ്ങൾ വാക്കുകളിൽ ചോദിക്കുക ദുഷ്കരവുമാണ്,
നക്ഷത്രങ്ങളും പൊള്ളച്ച കാലടികളും ഒരുമിച്ചു നില നില്ക്കുന്ന ഈ ലോകത്ത്
ജീവിച്ചുപോകണം എന്നു നമുക്കുണ്ടെങ്കിൽ.
*
ഞാൻ ലൊക്കോട്ടു കഴിക്കുകയാണ്,
അതിനെനിക്ക്
അവയുടെ തോലു പൊളിക്കണം;
തോലു പൊളിക്കണമെങ്കിൽ
എനിക്കു കൈകൾ വേണം,
കൈകൾക്ക് ഉടലുകൾ വേണം,
ഉടലുകളുണ്ടാവണമെങ്കിൽ
ലോകമില്ലാതെ പറ്റില്ലെന്നു
പിന്നെ പറയേണ്ടല്ലോ;
ലോകമുണ്ടായത്
ലൊക്കോട്ടുകൾ കാരണമാണെന്ന
പോലെയാണ്.
എന്റെ വെളുത്ത ലിനൻ ട്രൗസറുകളിൽ
പാടു വീഴ്ത്തുന്ന പഴച്ചാറിനെ പഴിച്ചുകൊണ്ട്
ഞാൻ ലൊക്കോട്ടുകൾ കഴിച്ചുകൊണ്ടിരിക്കുന്നു.
*ലൊക്കോട്ട് (Loquat)- ജപ്പാൻ പ്ലം
*
2. ലൊക്കോട്ടുകൾ*
ഞാൻ ലൊക്കോട്ടു കഴിക്കുകയാണ്,
അതിനെനിക്ക്
അവയുടെ തോലു പൊളിക്കണം;
തോലു പൊളിക്കണമെങ്കിൽ
എനിക്കു കൈകൾ വേണം,
കൈകൾക്ക് ഉടലുകൾ വേണം,
ഉടലുകളുണ്ടാവണമെങ്കിൽ
ലോകമില്ലാതെ പറ്റില്ലെന്നു
പിന്നെ പറയേണ്ടല്ലോ;
ലോകമുണ്ടായത്
ലൊക്കോട്ടുകൾ കാരണമാണെന്ന
പോലെയാണ്.
എന്റെ വെളുത്ത ലിനൻ ട്രൗസറുകളിൽ
പാടു വീഴ്ത്തുന്ന പഴച്ചാറിനെ പഴിച്ചുകൊണ്ട്
ഞാൻ ലൊക്കോട്ടുകൾ കഴിച്ചുകൊണ്ടിരിക്കുന്നു.
*ലൊക്കോട്ട് (Loquat)- ജപ്പാൻ പ്ലം
*
3. രഹസ്യം
ആരോ എന്തോ മറച്ചുവയ്ക്കുന്നു.
ആരാണെന്നെനിക്കറിയില്ല.
എന്താണെന്നെനിക്കറിയില്ല.
അതറിഞ്ഞിരുന്നെങ്കിൽ എല്ലാം ഞാനറിഞ്ഞേനെ.
ഞാൻ ശ്വാസം പിടിക്കുന്നു, കാതു കൂർപ്പിക്കുന്നു.
മണ്ണിൽ മഴ ചാറുന്ന ഒച്ച.
അതും എന്തോ മറയ്ക്കുന്നുണ്ടാവണം.
തന്റെ രഹസ്യം നമുക്കറിയാൻ വേണ്ടിയാണ്
അതു താഴേക്കു വരുന്നത്,
എന്നാൽ എനിക്കതിന്റെ ഗൂഢഭാഷ തിരിയുന്നില്ല.
ഞാൻ അടുക്കളയിലേക്കു പതുങ്ങിച്ചെല്ലുന്നു,
ഞാൻ ചുറ്റും നോക്കുന്നു,
അമ്മയുടെ പിൻവശം ഞാൻ കാണുന്നു.
മുള്ളങ്കി ചുരണ്ടിക്കൊണ്ട്
തന്റെ ജോലി നോക്കുമ്പോൾ
അമ്മയും എന്തോ മറയ്ക്കുന്നുണ്ട്.
രഹസ്യങ്ങളെക്കുറിച്ചറിയാൻ എനിക്കു നല്ല ആഗ്രഹമുണ്ട്,
എന്നാലാരും ഒന്നിനെക്കുറിച്ചും
എന്നോടു പറയുന്നില്ല.
എന്റെ ഹൃദയത്തിലെ ദ്വാരത്തിലേക്കു നോക്കുമ്പോൾ
രാത്രിയിലെ കാറു നിറഞ്ഞ മാനം മാത്രമാണ്
ഞാൻ കാണുന്നത്.
4. അങ്ങകലെ
എന്റെ ഹൃദയമേ,
അങ്ങകലേക്കെന്നെ കൊണ്ടുപോകൂ,
ചക്രവാളത്തിനുമകലേക്ക്,
അങ്ങകലെയകലേക്ക്,
നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്,
മരിച്ചവരുമായി എനിക്ക് പുഞ്ചിരികൾ കൈമാറാനാകുന്നിടത്തേക്ക്,
ജനിക്കാനൊരുങ്ങുന്ന ഭ്രൂണങ്ങളുടെ നേർത്ത ഹൃദയസ്പന്ദനങ്ങൾ എനിക്കു കേൾക്കാനാകുന്നിടത്തേക്ക്,
ആഴം കുറഞ്ഞ നമ്മുടെ ചിന്തകൾക്കെത്താൻ പറ്റാത്തിടത്തേക്ക്,
എന്റെ ഹൃദയമേ,
എന്നെ കൊണ്ടുപോകൂ,
പ്രത്യാശയ്ക്കുമകലേക്ക്,
അതിനും, അതിനുമകലേക്ക്,
നൈരാശ്യത്തിനുമപ്പുറത്തേക്ക്.
*
വിഷാദിച്ചിരിക്കുമ്പോൾ ഒരു വിഷാദകവിതയെഴുതാൻ എനിക്കു കഴിയില്ല.
എന്റെ കണ്ണീരടക്കാൻ നോക്കുക എന്നതേ എനിക്കു ചെയ്യാനുള്ളു.
സന്തോഷത്തോടെ ഇരിക്കുമ്പോൾ സന്തോഷം നിറഞ്ഞ ഒരു കവിത ഞാൻ എഴുതാറില്ല.
മറ്റെന്തെങ്കിലും ചെയ്തു രസിക്കുകയാണു ഞാൻ ചെയ്യുക.
ഒരു കവിതയെഴുതുമ്പോൾ എന്റെ ഹൃദയം
മനുഷ്യവാസത്തിനു വളരെയകലെയുള്ള ഒരു പർവ്വതതടാകം പോലെ പ്രശാന്തമായിരിക്കും.
ആനന്ദം, രോഷം, ശോകം, സുഖം പോലെയുള്ള വികാരങ്ങളെല്ലാം അടിത്തട്ടിലടക്കി,
ഒച്ചയനക്കമില്ലാതെ ഓളങ്ങൾ പടർത്തുകയാണത്.
‘സൗന്ദര്യ’ത്തിൽ മറഞ്ഞുകിടക്കുന്ന ‘സത്യത്തിലും നന്മയിലും’ വിശ്വാസമർപ്പിച്ചുകൊണ്ട്
മടിച്ചുമടിച്ചു ഞാൻ വാക്കുകൾ പെറുക്കിവയ്ക്കുന്നു.
അതു വായിക്കാൻ സന്മനസ്സുള്ളവരാണു നിങ്ങളെങ്കിൽ
ടൈപ്പു ചെയ്ത വാക്കുകളുടെ കൂട്ടത്തെ നിങ്ങളുടെ ഹൃദയം ‘കവിത’യായി മാറ്റും.
ഞാൻ നോക്കുന്നു.
ഞാൻ നോക്കിക്കൊണ്ടേയിരിക്കുന്നു,
പാളങ്ങൾക്കരികിൽ നിന്നുലയുന്ന മരങ്ങളെ,
ജനാലച്ചട്ടത്തിൽ സ്ലോ മോഷനിൽ നീങ്ങുന്ന ആളുകളെ,
തുരുമ്പെടുത്ത സൈക്കിളുകളെ,
അവാച്യഭംഗിയോടെ കാഴ്ചയിൽ നിന്നു മറഞ്ഞിരിക്കുന്ന വസ്തുക്കളെ,
കണ്ണില്പെടാത്ത ആത്മാർപ്പണങ്ങളെ.
സ്തബ്ധനായിപ്പോകുന്ന ഞാൻ
കണ്ണുകൾ ചുരുക്കി നോക്കുന്നു,
കെട്ടുപിണഞ്ഞ പാതകളുടെ വലയിൽ
കിടന്നുപുളയുന്ന വീടുകളെ,
അവിടെ അന്നു നടന്ന സംഭവങ്ങളെ.
കരയുന്ന കുട്ടികളുമായി,
കുത്തിയിരിക്കുന്ന ഒരു വൃദ്ധയുമായി
ഈ നിമിഷം കടന്നുപോകുന്നു,
സംഗീതം പോലെ.
ഞാൻ നോക്കുന്നു.
നോക്കാതിരിക്കാനെനിക്കാവുന്നില്ല.
*
5. ചോദ്യങ്ങൾക്കുത്തരം
വിഷാദിച്ചിരിക്കുമ്പോൾ ഒരു വിഷാദകവിതയെഴുതാൻ എനിക്കു കഴിയില്ല.
എന്റെ കണ്ണീരടക്കാൻ നോക്കുക എന്നതേ എനിക്കു ചെയ്യാനുള്ളു.
സന്തോഷത്തോടെ ഇരിക്കുമ്പോൾ സന്തോഷം നിറഞ്ഞ ഒരു കവിത ഞാൻ എഴുതാറില്ല.
മറ്റെന്തെങ്കിലും ചെയ്തു രസിക്കുകയാണു ഞാൻ ചെയ്യുക.
ഒരു കവിതയെഴുതുമ്പോൾ എന്റെ ഹൃദയം
മനുഷ്യവാസത്തിനു വളരെയകലെയുള്ള ഒരു പർവ്വതതടാകം പോലെ പ്രശാന്തമായിരിക്കും.
ആനന്ദം, രോഷം, ശോകം, സുഖം പോലെയുള്ള വികാരങ്ങളെല്ലാം അടിത്തട്ടിലടക്കി,
ഒച്ചയനക്കമില്ലാതെ ഓളങ്ങൾ പടർത്തുകയാണത്.
‘സൗന്ദര്യ’ത്തിൽ മറഞ്ഞുകിടക്കുന്ന ‘സത്യത്തിലും നന്മയിലും’ വിശ്വാസമർപ്പിച്ചുകൊണ്ട്
മടിച്ചുമടിച്ചു ഞാൻ വാക്കുകൾ പെറുക്കിവയ്ക്കുന്നു.
അതു വായിക്കാൻ സന്മനസ്സുള്ളവരാണു നിങ്ങളെങ്കിൽ
ടൈപ്പു ചെയ്ത വാക്കുകളുടെ കൂട്ടത്തെ നിങ്ങളുടെ ഹൃദയം ‘കവിത’യായി മാറ്റും.
6. പോകും വഴി
ഞാൻ നോക്കുന്നു.
ഞാൻ നോക്കിക്കൊണ്ടേയിരിക്കുന്നു,
പാളങ്ങൾക്കരികിൽ നിന്നുലയുന്ന മരങ്ങളെ,
ജനാലച്ചട്ടത്തിൽ സ്ലോ മോഷനിൽ നീങ്ങുന്ന ആളുകളെ,
തുരുമ്പെടുത്ത സൈക്കിളുകളെ,
അവാച്യഭംഗിയോടെ കാഴ്ചയിൽ നിന്നു മറഞ്ഞിരിക്കുന്ന വസ്തുക്കളെ,
കണ്ണില്പെടാത്ത ആത്മാർപ്പണങ്ങളെ.
സ്തബ്ധനായിപ്പോകുന്ന ഞാൻ
കണ്ണുകൾ ചുരുക്കി നോക്കുന്നു,
കെട്ടുപിണഞ്ഞ പാതകളുടെ വലയിൽ
കിടന്നുപുളയുന്ന വീടുകളെ,
അവിടെ അന്നു നടന്ന സംഭവങ്ങളെ.
കരയുന്ന കുട്ടികളുമായി,
കുത്തിയിരിക്കുന്ന ഒരു വൃദ്ധയുമായി
ഈ നിമിഷം കടന്നുപോകുന്നു,
സംഗീതം പോലെ.
ഞാൻ നോക്കുന്നു.
നോക്കാതിരിക്കാനെനിക്കാവുന്നില്ല.
*
7. ഒരു നുണ
ഞാൻ നുണ പറയാൻ പോവുകയാണെന്നെനിക്കറിയാം.
നുണ പറയരുതെന്ന് അമ്മയെന്നോടു പറഞ്ഞിരുന്നു,
അതു പക്ഷേ, അമ്മയും നുണ പറയാറുള്ളതുകൊണ്ടും
നുണ പറയുന്നത് മനഃസാക്ഷിക്കുത്തുണ്ടാക്കുമെന്ന്
അറിയാമെന്നുള്ളതുകൊണ്ടുമാണെന്ന് ഞാൻ കരുതുന്നു.
നുണ പറയുമ്പോൾപ്പോലും
എന്റെ മനസ്സിലിരുപ്പ് സത്യസന്ധമാണ്.
ചില കാര്യങ്ങൾ നുണകളിലൂടല്ലാതെ പറയാൻ പറ്റില്ല.
നായ്ക്കൾക്കു സംസാരശേഷിയുണ്ടായിരുന്നെങ്കിൽ
അവയും നുണ പറഞ്ഞേനേയെന്നെനിക്കു തോന്നുന്നു.
നുണ പറയുന്നതു കയ്യോടെ പിടിക്കപ്പെട്ടാൽ
ഞാൻ മാപ്പു പറയാനൊന്നും പോകുന്നില്ല,
ഒരു മാപ്പു കൊണ്ടു കാര്യം കഴിയുമെങ്കിൽ
ഞാൻ നുണ പറയുകതന്നെയില്ലായിരുന്നു.
ഞാൻ നുണ പറയുകയാണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും
എനിക്കതറിയാം,
അതിനാൽ നുണകളുമായിത്തന്നെ എന്റെ ജീവിതം മുന്നോട്ടുപോകും.
എന്നുമെന്നും നേരിനെത്തന്നെ ഉന്നമാക്കി
ഞാൻ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കും,
ഇനി നുണ പറയാനാവില്ല എന്നാവും വരെ.
*
8. നാം മരിച്ചുകഴിഞ്ഞാൽ
പാടിത്തീരാത്ത രണ്ടീണങ്ങൾ പോലെ തമ്മിൽപ്പിണഞ്ഞ്
ശൂന്യസ്ഥലത്തു നാമോടിക്കളിക്കുന്നു,
ഭൂമിയിൽ നാം വിട്ടുപോയ ചുരുക്കം ചില കാര്യങ്ങൾ
സ്നേഹത്തോടെ നാമോർത്തുനോക്കുന്നു-
ഇടയ്ക്കിടെ നാം കുത്തിക്കുറിച്ചിരുന്ന ഡയറി,
നാം കിടന്നുറങ്ങിയിരുന്ന കിടക്ക,
നാം പോയിക്കണ്ട നാശാവശിഷ്ടങ്ങളും വിജനതകളും
ഒരേപോലെ തേഞ്ഞുപോയ
ഒരേപോലത്തെ രണ്ടു ജോഡി ചെരുപ്പുകൾ
*
9. തിരസ്കാരം
ഒരു പർവ്വതം
കവിതയെ
തിരസ്കരിക്കുന്നില്ല;
മേഘങ്ങളും
പുഴയും
നക്ഷത്രങ്ങളുമതേ.
എപ്പോഴും
ആളുകളാണ്
അതിനെ തിരസ്കരിക്കുന്നത്,
പേടിയോടെ,
വെറുപ്പോടെ,
വാചാലത കൊണ്ടും.
*
10. പ്രവചനം
മരങ്ങൾ വെട്ടിമുറിക്കപ്പെടും.
കളകൾ അരിഞ്ഞുതള്ളപ്പെടും.
കീടങ്ങൾ ആട്ടിപ്പായിക്കപ്പെടും.
കടലുകൾ തൂർക്കപ്പെടും.
നഗരങ്ങൾ അന്തമില്ലാതെ പരന്നുകിടക്കും.
കുട്ടികൾ വളർത്തുമൃഗങ്ങളാകും.
ആകാശങ്ങൾ അശുദ്ധമാക്കപ്പെടും.
നിലം വടിച്ചെടുക്കപ്പെടും.
മലകൾ പൊടിഞ്ഞുപോകും.
പുഴകൾ മറഞ്ഞുപോകും.
പാതകൾ കെട്ടുപിണയും.
സൂര്യൻ ഏറിവരുന്ന രോഷത്തോടെ കത്തിക്കാളും.
കിളിത്തൂവലുകൾ പിഴുതെടുക്കപ്പെടും.
എന്നാൽക്കൂടിയും ആളുകൾ ജീവിക്കും,
ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന വാക്കുകളാൽ മോഹിതരായി,
വിവിധ നിറക്കാഴ്ചകളാൽ മഞ്ഞളിച്ച കണ്ണുകളുമായി,
സംസാരരീതികൾ പരസ്പരം അനുകരിച്ചുകൊണ്ടും.
പ്രണയമവർ മന്ത്രിക്കുകയും ചെയ്യും
ഉടലുകൾ നഗ്നമാക്കിയും
നഗ്നമായ ഹൃദയങ്ങൾ മറച്ചുവച്ചും.
*
11. ബസ്റ്റോപ്പിൽ
സർക്കിൾ ചുറ്റി ഇതാ വരുന്നു,
ഒരു സൈക്കിൾ,
ഒരു ജീപ്പ്,
ഒരു റിക്കവറി വാൻ.
സർക്കിൾ ചുറ്റി ഇതാ വരുന്നു,
ഒരു 1950 മോഡൽ സ്റ്റുഡിബേക്കർ,
(ഭാവിയിൽ ആവേശത്തോടെ പരിഗണിക്കാവുന്നത്).
സർക്കിൾ ചുറ്റി ഇതാ വരുന്നു,
ഒരു 30 മോഡൽ ഡോഡ്ജ് ട്രക്ക്
(ആധുനികശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം).
സർക്കിൾ ചുറ്റി ഇതാ വരുന്നു,
ഒരു ട്രക്ക്,
ഒരു കൈവണ്ടി,
ഒരു മോട്ടോർ സൈക്കിൾ,
പിന്നെ, ഏറ്റവുമൊടുവിലായി,
എന്റെ മുഷിഞ്ഞ വെളുത്ത ബസ്.
*
12. നാം ജനിക്കും മുമ്പ്
നീ അജാതയായിരുന്ന കാലം,
ഞാനും അജാതനായിരുന്ന കാലം,
മേഘാവൃതമായ ആകാശത്തെ
മിന്നല്പിണർ പിളർന്നപ്പോൾ
വായുവിൽ പരന്ന പരിമളം
നാമൊരുമിച്ചു ശ്വസിച്ചു.
അന്നെനിക്കു ബോദ്ധ്യമായി,
ഒരുനാൾ, ഓർത്തിരിക്കാതെ,
ഈ ഭൂമിയിലെ
ഒരു സാധാരണ തെരുവിന്റെ
വളവിൽ വച്ച്
നീയും ഞാനും കണ്ടുമുട്ടുമെന്ന്
*
13. ഒരു ശവക്കല്ലറ
ചരിവു കയറിയെത്തിയപ്പോഴേക്കും നാം വിയർത്തുകുളിച്ചിരുന്നു;
പായലുണങ്ങുന്ന രൂക്ഷഗന്ധത്തിൽ നമുക്കു ശ്വാസം മുട്ടി.
ഒരു പാറക്കെട്ടെത്തിയപ്പോൾ
അതിന്മേലിരുന്നു നാം താഴെ കടലിലേക്കു നോക്കി.
ഇനി വൈകാതെ ആ ശിലാമകുടത്തിനടിയിൽ കിടന്ന്
നാം രതിയിൽ മുഴുകും,
നമ്മുടെ ഉടലുകൾ മണ്ണ്,
നമ്മുടെ കണ്ണുകൾ ചെളി,
നമ്മുടെ നാവുകൾ ജലം.
*
14. ശസ്ത്രക്രിയ
ആണോ പെണ്ണോ?
ശസ്ത്രക്രിയക്കായി തുറന്ന
വലിയ മുറിവിൽ നിന്ന്
കുടൽമാല പുറത്തേക്കു കിടക്കുന്നു.
മൂന്നു ഡോക്ടർമാരും നാലു നഴ്സുമാരും
ആ ഉടലിനു മേൽ,
മരവിച്ച പോലെ.
ഒരു പുഴയോരം പോലെ തെളിഞ്ഞതാണ്
ശസ്ത്രക്രിയാമുറി.
അയാൾ-അല്ലെങ്കിൽ അവൾ-
മരിക്കാൻ പോവുകയാണ്,
ഇപ്പോൾ പക്ഷേ,
അയാൾ സ്വപ്നം കാണുകയാണ്!
സ്വപ്നത്തിൽ
അയാൾ പല്ലു തേയ്ക്കുകയാണ്!
വേറൊന്നും ചെയ്യാനില്ലെങ്കിലും
മരിക്കുന്നയാൾക്കത്
പുല്ലു പോലെയാണ്.
കുടുംബാംഗങ്ങൾ
പുറത്തിരുന്നു കരയുമ്പോൾ
പല്ലു തേച്ചുകൊണ്ട്
അയാൾ മരിക്കുന്നു.
*
15. മരണത്തിലേക്കെടുത്തു ചാടിയ ഒരു സ്നേഹിതൻ
ഒമ്പതാം നിലയിൽ നിന്ന് അയാൾ താഴേക്കു ചാടി,
ആറാം നിലയുടെ മട്ടുപ്പാവിൽ തട്ടിത്തെറിച്ച്,
മൂന്നാം നിലയുടെ തൂവാനപ്പലകയിൽ വന്നിടിച്ചിട്ട്,
മുറ്റത്തെ പൊന്തക്കാടിലേക്കയാൾ ചെന്നുവീണു;
അയാളുടെ കവിളുകളും കണങ്കാലുമൊക്കെ കീറിപ്പറിഞ്ഞിരുന്നു.
അയാൾ ലിഫ്റ്റിൽ കയറി ഒമ്പതാം നിലയിലേക്കു ചെന്ന്
തന്റെ അരപ്പേജ് ആത്മഹത്യാക്കുറിപ്പെടുത്ത് ഒന്നുകൂടി വായിച്ചിട്ട്
മൂന്നു വ്യാകരണപ്പിശകുകൾ ഉണ്ടായിരുന്നത് തിരുത്തി.
എന്നിട്ടയാൾ പതിനാറാം നിലയിലേക്കോടിക്കയറി
വീണ്ടും താഴേക്കെടുത്തുചാടി.
പന്ത്രണ്ടാം നിലയുടെ ഉയരമെത്തിയപ്പോൾ
അയാൾക്കു ചിറകു മുളച്ചു;
ഒരു പത്താംനിലക്കാറ്റ്
അയാളെ കെട്ടിവലിച്ച് മുകളിലേക്കെടുത്തു,
പിന്നയാൾ രാത്രിമാനത്ത് സാവകാശം ചുറ്റിപ്പറന്നു.
16. പ്രകൃതിദൃശ്യം, മഞ്ഞക്കിളികളുമായി
കിളികളുണ്ട്
അതിനാൽ ആകാശമുണ്ട്
ആകാശമുണ്ട്
അതിനാൽ ബലൂണുകളുണ്ട്
ബലൂണുകളുണ്ട്
അതിനാൽ കുട്ടികൾ ഓടുന്നുണ്ട്
കുട്ടികൾ ഓടുന്നുണ്ട്
അതിനാൽ ചിരിയുണ്ട്
ചിരിയുണ്ട്
അതിനാൽ വിഷാദമുണ്ട്
അതിനാൽ പ്രാർത്ഥനയും
മുട്ടുകുത്താൻ നിലവുമുണ്ട്
നിലമുണ്ട്
അതിനാൽ ജലമൊഴുകുന്നുണ്ട്
ഇന്നും നാളെയുമുണ്ട്
ഒരു മഞ്ഞക്കിളിയുണ്ട്
അതിനാൽ എല്ലാ നിറങ്ങളും രൂപങ്ങളും ചലനങ്ങളുമായി
ലോകമുണ്ട്
17. ഒരു ഷഗാലും ഒരിലയും
ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഷഗാലിന്റെ ഒരു ലിത്തോഗ്രാഫ് വാങ്ങാൻ ഞാൻ ചെലവിട്ടു,
വഴിയിൽ നിന്നു പെറുക്കിയെടുത്ത ഒരോക്കിലയ്ക്കരികിൽ ഞാനതിനെ വച്ചു-
നമുക്കു വിലയിടാവുന്നതൊന്ന്,
വിലയിടാൻ പറ്റാത്ത മറ്റൊന്ന്-
മനുഷ്യഹൃദയവും കയ്യും നിർമ്മിച്ചതൊന്ന്,
പ്രകൃതി സൃഷ്ടിച്ച മറ്റൊന്ന്.
ഷഗാൽ സുന്ദരമാണ്.
ഓക്കിലയും സുന്ദരമാണ്.
ഞാൻ എഴുന്നേറ്റ് ചായ ഉണ്ടാക്കുന്നു,
സൗമ്യമായ അപരാഹ്നവെളിച്ചം മേശപ്പുറത്തു വീഴുന്നുണ്ട്.
ഷഗാലിനെ നോക്കിയിരിക്കുമ്പോൾ
അവളോടൊപ്പം കഴിഞ്ഞ നാളുകൾ ഓർമ്മയിലെത്തുന്നു.
ഓക്കിലയെ നോക്കുമ്പോൾ
സ്രഷ്ടാവിന്റെ കരവിരുതിനെക്കുറിച്ചു ഞാനോർക്കുന്നു.
ഒരിലയും ഒരു ഷഗാലും-
രണ്ടും പകരം വയ്ക്കാനില്ലാത്തത്.
പിയാനോയിൽ റാവെൽ പ്രചണ്ഡമാകുന്നു.
ഇന്ന് നിത്യതയുമായിച്ചേർന്നൊന്നാകുന്നു.
ഹൃദയവും ശരീരവും ജനാലയ്ക്കപ്പുറത്തെ
നീലാകാശത്തലിഞ്ഞുചേരുന്നു.
...ഈ കണ്ണീരുറവെടുക്കുന്നതെവിടെ നിന്ന്?
18. ഒരു കീറ്റ-കരുയിസാവ ഡയറി
------------------------------------------
ചെറുകിളികൾ അടുത്തു വരാത്തതെന്തുകൊണ്ടാണ്?
ഞാൻ ബൈനോക്കുലറും പിടിച്ചു നില്ക്കാൻ തുടങ്ങിയിട്ട്
നേരെമേറെയായിരിക്കുന്നു.
ഒരന്യഗ്രഹജീവിയാണോ ഞാനവയ്ക്ക്,
അതോ ഞാൻ പാടുന്നത് വ്യത്യസ്തമായൊരു പാട്ടാണെന്നോ?
അതെ,
മനുഷ്യൻ എന്നു പേരുള്ള ഒരു ജീവിയാണു ഞാൻ,
അതേ പഴയ പാട്ടുകൾ ആവർത്തിച്ചുപാടുന്നതിന്റെ മടുപ്പു താങ്ങാൻ
വർഷങ്ങൾ കഴിഞ്ഞതോടെ എനിക്കു കഴിയാതായിരിക്കുന്നു.
നിങ്ങളുടെ ആകാശത്തു നിന്നു താഴേക്കു നോക്കുമ്പോൾ
ഞാൻ പാടുന്നത് ഒരേയൊരു ഗാനം.
(ജൂലൈ 31)
*
പല കവിതാശൈലികളുണ്ടെന്ന്
നിങ്ങൾക്കറിയാമോ?
കാർവറുടെ ശൈലി,
കവാഫിയുടെ ശൈലി,
ഷേക്സ്പിയറുടെ ശൈലി-
ഓരോന്നും അതാതിന്റെ വഴിക്കു പോകുന്നു,
ഞാനവരെ വായിക്കുന്നത് വിവർത്തനത്തിലാണെങ്കില്ക്കൂടി.
(വളരെ നന്ദി, വിവർത്തകരേ, നിങ്ങളുടെ എല്ലാ വിജയങ്ങൾക്കും അബദ്ധങ്ങൾക്കും.)
ഓരോ കവിയും മരിക്കും വരെ സ്വന്തം ശൈലിയിൽ ഉറച്ചുനിന്നു.
ശൈലി തലയിലെഴുത്താണ്.
എന്നാലും ആ പലതരം ശൈലികൾ എന്നെ പ്രലോഭിപ്പിക്കുന്നു.
ഒന്ന്, രണ്ട്, മൂന്ന്, നാല്...
എല്ലാ ശൈലികളും എന്നെ ആകർഷിക്കുന്നു,
ഒറ്റ ശൈലി എന്നെ ബോറടിപ്പിക്കുന്നു,
ഡോൺ ജൂവാനെപ്പോലെതന്നെ.
ഒരേയൊരു സ്ത്രീയോടു വിശ്വസ്തനായിരിക്കുക,
കവിതയോട് അവിശ്വസ്തനായിരിക്കുക?
പക്ഷേ ആദിക്കുമാദിയിലേ കവിത അങ്ങനെതന്നെയായിരുന്നില്ലേ,
ആളുകളോടവിശ്വസ്ത?
(ആഗസ്റ്റ് 2)
*
ഗദ്യത്തെ ഒരു റോസാപ്പൂവായിട്ടെടുത്താൽ
കവിത അതിന്റെ വാസനയാണ്.
ഗദ്യത്തെ ഒരു കുപ്പക്കൂനയായിട്ടെടുത്താൽ
കവിത അതിന്റെ നാറ്റമാണ്.
ഒരുനാൾ റിൽക്കെയെപ്പോലെ ഞാൻ മരിക്കും
എന്നെനിക്കു തോന്നാറുണ്ട്,
റോസാച്ചെടിയുടെ മുള്ള് വിരലിൽ തറച്ചുകയറി-
അങ്ങനെയാണു ഞാൻ മരിക്കുക
എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
എന്തായാലും കൂസലെന്യേ ഞാൻ ജീവിക്കുന്നുണ്ട്.
(ആഗസ്റ്റ് 3)
*
ഒരു തവള കുളത്തിലേക്കു ചാടുന്നത്
ലോകത്തെ മാറ്റാനൊന്നും പോകുന്നില്ല.
അല്ല, ലോകത്തെ മാറ്റുന്നത് അത്ര വലിയ കാര്യമാണെന്നും പറയാനുണ്ടോ?
നാം എത്ര കിണഞ്ഞു ശ്രമിച്ചാലും
കവിതയെ പുതുക്കാൻ കഴിയില്ല.
കവിത ചരിത്രത്തെക്കാളും പഴയതാണ്.
കവിത പുതിയതായി തോന്നുന്ന ഒരു കാലം വരുമെങ്കിൽ അത്
ലോകം മാറുകയില്ലെന്ന്
ഒതുങ്ങിയതെങ്കിലും ഗർവ്വോടെയുള്ള സ്വരത്തിൽ ആവർത്തിച്ചുപറഞ്ഞ്
കവിത നമുക്കു വിശ്വാസം വരുത്തുന്ന ആ കാലമായിരിക്കും.
*
(ആഗസ്റ്റ് 15)
* കീറ്റ-കരുയിസാവ- ടോക്ക്യോ നഗരത്തിനു സമീപമുള്ള മലമ്പ്രദേശം.
19. പുഴമീൻ
--------------
ഒരു മീൻ പുഴയിൽ നിന്നു കയറിവന്നു.
എങ്ങോട്ടാണതിന്റെ നോട്ടമെന്നു പറയാനെനിക്കു പറ്റില്ല.
ശൂന്യമായ കണ്ണുകളുമായി,
വശം ചരിഞ്ഞ്, ഒരു തളികയിലതു കിടക്കുന്നു;
അതിനെന്തോ പറയാനുണ്ടെന്നു തോന്നാം,
തീർച്ചയായും അതിനെക്കൊണ്ടതു പറ്റില്ല.
ക്ലോക്കിൽ പത്തടിക്കുന്നു.
അതിന്റെ പാർപ്പിടമായിരുന്ന പുഴ
രാത്രിയിലെ ഇരുണ്ട മാനത്തിനു ചുവടെ
അതിന്റെ ഒഴുക്കു തുടരുന്നു.
പാറക്കല്ലുകൾ അല്പനേരത്തേക്ക്
അണ കെട്ടി വെള്ളം തടയുന്നുണ്ട്;
അപ്പോഴതിനെ മീൻ മണക്കുന്നു.
പിന്നെന്നാൽ ഓടപ്പുല്ലുകൾ കിരുകിരുക്കുന്നു,
പുഴയതിന്റെ കടൽയാത്ര തുടരുന്നു,
മർമ്മരത്തോടെ.
20. മരങ്ങൾ വശീകരിക്കും
അന്യരെന്തു കരുതുമെന്നത് മരങ്ങൾക്കു പ്രശ്നമേയല്ല.
അവ മാനത്തേക്കു വിരൽ ചൂണ്ടുക മാത്രം ചെയ്യുന്നു.
അവ പൂക്കുന്നു, വിത്തുകൾ ചിതറിക്കുന്നു,
വാർഷികവലയങ്ങൾ കൂട്ടിക്കൂട്ടി
ദീർഘകാലം മനുഷ്യരെ അതിജീവിക്കുന്നു;
നരച്ച നിറമായി, വരണ്ടുണങ്ങി,
ഒടുവിലവ ചത്തുപോവുകയും ചെയ്യുന്നു.
കരുതൽ വിടരുതേ,
വിശ്വസിക്കാൻ പറ്റാത്ത കക്ഷികളാണവ.
അവയുടെ വേരുകൾ,
നമ്മുടെ ആത്മാവിനെ കടന്നുപിടിച്ചുകഴിഞ്ഞാൽ,
പിന്നെ വിടി വിടുകയേയില്ല.
അവയുടെ തളിരിലകൾ
സൂര്യപ്രകാശത്തെ ചിതറിക്കുകയും
പ്രേമിക്കുന്നവരെ വശീകരിക്കുകയും ചെയ്യും.
അവയുടെ തായ്ത്തടികൾ,
ഏതു സ്വേച്ഛാധിപതിയുടെ കഥയോടും ഉദാസീനർ,
ഭാവശൂന്യമായ മുഖമെടുത്തണിയുകയും
ഏതു കാലത്തെയും തീർത്ഥാടകരെ
സ്വർഗ്ഗം സ്വപ്നം കാണിക്കുകയും ചെയ്യും.
പച്ചപ്പു കൊണ്ടവ നമ്മുടെ കണ്ണുകളെ
അതീതലോകത്തേക്കു ക്ഷണിക്കുന്നു,
കൂറ്റൻ ചില്ലകൾ നീട്ടി
ശബ്ദായമാനമായ നമ്മുടെ ഭാവികാലത്തെ പുണരുന്നു.
ഇലകളുടെ മർമ്മരം കൊണ്ടവ നമ്മുടെ കാതുകളിൽ മന്ത്രിക്കുന്നു,
പ്രണയത്തിന്റെ ചിരന്തനമായ വാക്കുകൾ.
തടുക്കരുതാത്തതാണവയുടെ വശീകരണമെന്നതിനാൽ
ഭയഭക്തിയോടെ വേണം നാമവയെ കാണാൻ;
നമ്മെക്കാൾ ദൈവത്തോടടുത്തതവയാണെന്നതിനാൽ
നാമവയോടു പ്രാർത്ഥിക്കുകയും വേണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ