ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ തൂലിക എഴുതിയ ഒരു ചിത്രം (അതെ, അതൊരു ചിത്രം തന്നെയാണ്!), ‘ആൾക്കൂട്ടത്തിലെ മനുഷ്യൻ’ നിങ്ങൾക്കോർമ്മയുണ്ടോ? രോഗമുക്തി നേടിയ ഒരാൾ ഒരു കഫേയിലിരുന്ന് കടന്നുപോകുന്ന ആൾക്കൂട്ടത്തെ ഒരു ജനാലയിലൂടെ കണ്ടാസ്വദിക്കുകയും തനിക്കു ചുറ്റും ചലിക്കുന്ന ചിന്തകളുമായി തന്റെ ചിന്തയിലൂടെ താദാത്മ്യം പ്രാപിക്കുകയുമാണതിൽ. മരണത്തിന്റെ നിഴലിൽ നിന്ന് അടുത്തകാലത്തു മാത്രം തിരിച്ചുവന്ന അയാൾ ജീവന്റെ എല്ലാ ഗന്ധങ്ങളും ബീജരേണുക്കളും ആനന്ദത്തോടെ ഉള്ളിലേക്കെടുക്കുകയാണ്. എല്ലാം മറക്കുന്ന ഒരു ഘട്ടത്തിലായിരുന്ന അയാൾ ഇപ്പോൾ എല്ലാം ഓർക്കുകയാണ്, എല്ലാം ഓർക്കാൻ ഉത്ക്കടമായി ആഗ്രഹിക്കുകയാണ്. ഒടുവിലയാൾ തനിക്കു പരിചയമില്ലാത്ത ഒരാളെത്തേടി ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചെല്ലുന്നു; ഒരു മിന്നായം പോലെ കണ്ട അയാളുടെ മുഖം അയാളെ വല്ലാതെ ആകർഷിച്ചുകളഞ്ഞു. ജിജ്ഞാസ വലിച്ചടുപ്പിക്കുന്ന, തടുക്കരുതാത്ത ഒരു ഉത്കടവികാരമായി മാറുകയായിരുന്നു...
രോഗത്തിൽ നിന്നു സുഖം പ്രാപിച്ചുവരുന്ന അവസ്ഥ ബാല്യത്തിലേക്കുള്ള മടക്കം പോലെയാണ്. അങ്ങനെയൊരാൾ, കുട്ടിയെപ്പോലെ, എന്തിലും, ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽ പോലും, സജീവമായ താല്പര്യമെടുക്കുന്നതിൽ അങ്ങേയറ്റത്തെ ആനന്ദം കണ്ടെത്തുന്നു. നമ്മുടെ ഏറ്റവും ചെറുപ്പമായ പ്രഭാതാനുഭൂതികളിലേക്ക് ഭാവനയുടെ തിരിഞ്ഞുനോട്ടത്തിലൂടെ നമുക്കൊന്നു മടങ്ങിച്ചെല്ലുക. ശരീരത്തെ ബാധിച്ച ഒരു രോഗത്തിനു ശേഷം നമുക്കു ലഭിച്ച വിശദവും വർണ്ണബഹുലവുമായ അനുഭൂതികളുമായി അസാധാരണമായ ഒരു സാദൃശ്യം അവയ്ക്കുണ്ടെന്ന് നാം തിരിച്ചറിയും, ആ രോഗം നമ്മുടെ മാനസികശേഷികളെ ഒരുതരത്തിലും ഊനപ്പെടുത്തിയിട്ടില്ല എന്നുണ്ടെങ്കിൽ. കുട്ടി എന്തിനേയും കാണുന്നത് പുതുമയായിട്ടാണ്; കുട്ടി എപ്പോഴും ‘ഉന്മത്ത’നാണ്. പ്രചോദനം എന്നു നാം വിളിക്കുന്നതിന് എന്തിനോടെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് രൂപങ്ങളും വർണ്ണങ്ങളും ആസ്വദിച്ചുകുടിക്കുന്ന ഒരു കുട്ടി അനുഭവിക്കുന്ന ആനന്ദത്തിനോടാണ്. ഉദാത്തമായ ഓരോ ചിന്തയ്ക്കുമൊപ്പം മസ്തിഷ്കാവരണത്തിനുള്ളിൽ മാറ്റൊലിക്കുന്ന ഒരു നാഡീക്ഷോഭം ഉണ്ടായിരിക്കുമെന്നുകൂടി പ്രഖ്യാപിക്കാൻ ഞാൻ ധൈര്യപ്പെടുന്നു. ഒരു പ്രതിഭാശാലിയുടെ ഞരമ്പുകൾ ബലത്തതായിരിക്കും; കുട്ടിയുടേത് ദുർബ്ബലവും. ഒന്നിൽ യുക്തി പ്രധാനഭാഗം ഏറ്റെടുക്കുന്നു; മറ്റേതിൽ ഇന്ദ്രിയങ്ങളുടെ സംവേദനത്വം സത്തയെ ആകെത്തന്നെ കൈവശപ്പെടുത്തുകയാണ്. എന്നാൽ പ്രതിഭ എന്നത് ഇച്ഛാനുസൃതം തിരിച്ചുപിടിക്കുന്ന ബാല്യം തന്നെയാണ്; മനുഷ്യന് സ്വയം ആവിഷ്കരിക്കാനുള്ള ഭൗതികമാർഗ്ഗങ്ങളാലും സഞ്ചിതാനുഭവങ്ങളുടെ സാകല്യത്തിൽ ഒരു ചിട്ട വരുത്താൻ സഹായിക്കുന്ന വിശകലനസമർത്ഥമായ ഒരു മനസ്സിനാലും സജ്ജമാണ് ഇപ്പോൾ ആ ബാല്യം എന്നു മാത്രം. അഗാധവും ആഹ്ലാദഭരിതവുമായ ഈ ജിജ്ഞാസയോടു ബന്ധപ്പെട്ടതാണ്, പുതിയതെന്തെങ്കിലും മുന്നിലേക്കു വരുമ്പോൾ എല്ലാ കുട്ടികളും കാണിക്കുന്ന മൃഗസദൃശമായ ആ തുറിച്ചുനോട്ടം; പുതിയതെന്നു പറഞ്ഞാൽ അതെന്തുമാവാം- മുഖം, ഭൂദൃശ്യം, പ്രകാശം, സ്വർണ്ണം പൂശൽ, നിറങ്ങൾ, വേഷത്താൽ മാറ്റുകൂടിയ വശ്യസൗന്ദര്യം. കുട്ടിക്കാലത്ത് തന്റെ അച്ഛൻ വസ്ത്രം ധരിക്കുന്നതു നോക്കിനിന്നിരുന്നതിനെപ്പറ്റി എന്റെയൊരു കൂട്ടുകാരൻ ഒരിക്കൽ പറഞ്ഞിരുന്നു; ആഹ്ലാദം കലർന്ന ആശ്ചര്യത്തോടെയാണ് ആ കുട്ടി അച്ഛന്റെ കൈകളിലെ പേശികളും ഇളംചുവപ്പും മഞ്ഞയും കലർന്ന തൊലിനിറവും നീലിച്ച സിരാപടലവും നോക്കിനിന്നത്. ബാഹ്യലോകത്തിന്റെ ചിത്രം അവന്റെ മനസ്സിൽ ബഹുമാനം നിറയ്ക്കുകയും അവന്റെ മസ്തിഷ്കത്തെ കൈവശപ്പെടുത്താൻ തുടങ്ങുകയും ചെയ്തുകഴിഞ്ഞു. വസ്തുക്കളുടെ ആകൃതി ഒരൊഴിയാബാധയായി അവന്റെ ബോധത്തിൽ കുടിയേറിക്കഴിഞ്ഞു. പ്രായത്തിനു ചേരാത്ത ഒരു ഭാഗധേയം മൂക്കിന്റെ തുമ്പ് കാട്ടിത്തുടങ്ങിയിരുന്നു. അവന്റെ നിത്യനാശം ഉറപ്പായിക്കഴിഞ്ഞു. ഇന്ന് ആ കുട്ടി പ്രശസ്തനായ ഒരു ചിത്രകാരനാണെന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ.
(ആധുനികജീവിതത്തിന്റെ ചിത്രകാരൻ എന്ന ലേഖനത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ