ചോദ്യം: അധികാരത്തിന്റെ ഏകാന്തത താങ്കൾ പലപ്പോഴും വിഷയമാക്കാറുണ്ടല്ലോ.
ഗാർഷ്യ മാർക്ക്വെസ്: എത്രയ്ക്കു നിങ്ങൾക്കധികാരമുണ്ടോ, അത്രയ്ക്കും ദുഷ്കരമായിരിക്കും, ആരാണു നിങ്ങളോടു നുണ പറയുന്നത്, ആരാണല്ലാത്തത് എന്നറിയുക. പരമാധികാരത്തിലെത്തിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാതാകുന്നു; ഏകാന്തതകളിൽ വച്ചേറ്റവും മോശമാണത്. പരമാധികാരം കൈയിലായ ഒരാളെ, ഒരു ഏകാധിപതിയെ, വലയം ചെയ്യുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് അയാളെ ഒറ്റപ്പെടുത്തുക അന്തിമലക്ഷ്യമാക്കിയ വ്യക്തികളും താല്പര്യങ്ങളുമായിരിക്കും; അയാളെ ഒറ്റപ്പെടുത്തുന്നതിൽ ഒറ്റക്കെട്ടാണവർ.
ചോ: എഴുത്തുകാരന്റെ ഏകാന്തതയെക്കുറിച്ച് എന്തു പറയുന്നു? അത് വ്യത്യസ്തമാണോ?
ഗാർഷ്യ മാർക്ക്വെസ്: അധികാരത്തിന്റെ ഏകാന്തതയുമായി അതിന് ഏറെ ബന്ധമുണ്ട്. യാഥാർത്ഥ്യത്തെ ചിത്രീകരിക്കാനുള്ള എഴുത്തുകാരന്റെ ശ്രമം തന്നെ വക്രീകരിച്ച ഒരു വീക്ഷണത്തിലേക്കാണ് പലപ്പോഴും അയാളെ കൊണ്ടുപോവുക; യാഥാർത്ഥ്യത്തെ മറ്റൊരു തലത്തിലേക്കു മാറ്റാനുള്ള ശ്രമത്തിൽ അയാൾക്കതുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നു വരാം; സാധാരണ പറയുന്നപോലെ, ഒരു ദന്തഗോപുരത്തിൽ അയാൾ പെട്ടുവെന്നു വരാം. അതിനെ ചെറുക്കാൻ പറ്റിയ നല്ലൊരു പരിചയാണ് പത്രപ്രവർത്തനം. അതുകൊണ്ടാണ് ആകുമ്പോഴൊക്കെ ഞാനതു ചെയ്തിട്ടുള്ളത്; അത്, വിശേഷിച്ചും രാഷ്ട്രീയപത്രപ്രവർത്തനവും രാഷ്ട്രീയവും, യാഥാർത്ഥ്യവുമായുള്ള ബന്ധം അറ്റുപോകാതിരിക്കാൻ എന്നെ സഹായിക്കുന്നു. “ഏകാന്തതയുടെ നൂറു വർഷങ്ങ”ൾക്കു ശേഷം എന്നെ ഭീഷണിപ്പെടുത്തിയ ഏകാന്തത എഴുത്തുകാരന്റെ ഏകാന്തത ആയിരുന്നില്ല; അത് പ്രശസ്തിയുടെ ഏകാന്തതയായിരുന്നു, അധികാരത്തിന്റെ ഏകാന്തതയുമായി വളരെ സാദൃശ്യമുള്ളതാണത്. അതിൽ നിന്നെന്നെ കാത്തത് എന്റെ സുഹൃത്തുക്കളാണ്, എന്നോടൊപ്പം എന്നുമുണ്ടായിരുന്നവർ.
ചോ: എങ്ങനെ?
ഗാർഷ്യ മാർക്ക്വെസ്: ജീവിതകാലം മുഴുവൻ ഒരേ സുഹൃത്തുക്കളെ നിലനിർത്താൻ എനിക്കു കഴിഞ്ഞതുകൊണ്ട്. എന്നു പറഞ്ഞാൽ ഞാൻ എന്റെ പഴയകാലസുഹൃത്തുക്കളുമായുള്ള ബന്ധം വിച്ഛേദിക്കുകയോ അവരിൽ നിന്നകലുകയോ ചെയ്തില്ല. എന്നെ മണ്ണിലേക്കു മടക്കിക്കൊണ്ടുവരുന്നത് അവരാണ്. അവർ എപ്പോഴും മണ്ണിൽ ചവിട്ടിനില്ക്കുന്നവരാണ്, അവർ പ്രശസ്തരുമല്ല.
*
ചോദ്യം: വിവർത്തകരോടുള്ള താങ്കളുടെ മനോഭാവം എങ്ങനെയാണ്?
ഗാർഷ്യ മാർക്ക്വെസ്: വിവർത്തകരെ എനിക്കു വലിയ ബഹുമാനമാണ്, അടിക്കുറിപ്പുകൾ എഴുതുന്നവരെയൊഴികെ. എഴുത്തുകാരൻ മനസ്സിൽ കാണാത്തതെന്തോ വായനക്കാരനു മനസ്സിലാക്കിക്കൊടുക്കാനാണ് അവരുടെ ശ്രമം; അതവിടെ കിടക്കുന്നതു കാരണം വായനക്കാരന് അതൊഴിവാക്കാനും പറ്റില്ല. വിവർത്തനം അതീവദുഷ്കരമായ ഒരു ജോലിയാണ്; തിരിച്ചു യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല, ന്യായമായ പ്രതിഫലം കിട്ടുകയുമില്ല. നല്ലൊരു വിവർത്തനം മറ്റൊരു ഭാഷയിലെ പുനഃസൃഷ്ടിയായിരിക്കും. ഗ്രിഗറി റബ്ബാസയോട് എനിക്കിത്രയധികം ബഹുമാനം തോന്നാൻ കാരണം അതാണ്. എന്റെ പുസ്തകങ്ങൾ ഇരുപത്തൊന്നു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്; റബ്ബാസ ഒരാൾ മാത്രമാണ്, എന്നോടു സംശയം ചോദിക്കാൻ വരാത്തത്. (അടിക്കുറിപ്പെഴുതാൻ വേണ്ടിയാണല്ലോ ഈ സംശയം തീർക്കൽ.) എന്റെ പുസ്തകം ഇംഗ്ലീഷിൽ സമൂലമായ ഒരു പുന:സൃഷ്ടിക്കു വിധേയമായതായി ഞാൻ വിചാരിക്കുന്നു. അക്ഷരാർത്ഥത്തിലെടുത്താൽ വ്യക്തത വരാത്ത ഭാഗങ്ങൾ പുസ്തകത്തിലുണ്ട്. വിവർത്തകൻ പുസ്തകം വായിച്ചിട്ട് തന്റെ ഓർമ്മയിൽ നിന്ന് അതു വീണ്ടുമെഴുതി എന്നൊരു തോന്നലാണ് നമുക്കുണ്ടാവുക. അതുകൊണ്ടാണ് വിവർത്തകരെ എനിക്കു വലിയ ബഹുമാനം. ബുദ്ധിയല്ല, അന്തർജ്ഞാനമാണ് അവരിൽ പ്രവർത്തിക്കുന്നത്. പ്രസാധകർ അവർക്കു കാര്യമായി എന്തെങ്കിലും കൊടുക്കാറില്ലെന്നു മാത്രമല്ല, അവരതിനെ സാഹിത്യപ്രവൃത്തിയായിട്ടുപോലും കാണാറില്ല. എനിക്ക് ചില പുസ്തകങ്ങൾ സ്പാനിഷിലേക്കു വിവർത്തനം ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ സ്വന്തമായൊരു പുസ്തകം എഴുതുന്നതിനു വേണ്ട സമയം തന്നെ എനിക്കതിനു വേണ്ടിവരും, എനിക്കതുകൊണ്ടു ജീവിച്ചുപോകാനും പറ്റില്ല.
*
ചോദ്യം: ഏറ്റവും ഇഷ്ടമുള്ളവ ഒഴിച്ചുനിർത്തിയാൽ മറ്റെന്തൊക്കെയാണ് ഇപ്പോൾ വായിക്കുന്നത്?
ഗാർഷ്യ മാർക്ക്വെസ്: എത്രയും വിചിത്രമായ സംഗതികൾ. ഇന്നലെ ഞാൻ മുഹമ്മദലിയുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുകയായിരുന്നു. ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ ഒന്നാന്തരം പുസ്തകമാണ്; പണ്ടാണെങ്കിൽ ഞാനതു വായിക്കില്ലായിരുന്നു, കാരണം, അന്നെനിക്കത് സമയം നഷ്ടപ്പെടുത്തുന്ന കാര്യമായി തോന്നിയേനെ. എന്തായാലും എനിക്കു വിശ്വാസമുള്ള ഒരാൾ ശുപാർശ ചെയ്തിട്ടല്ലാതെ ശരിക്കും ഞാൻ ഒരു പുസ്തകം വായിക്കാനെടുക്കില്ല. ഞാനിപ്പോൾ ഫിൿഷൻ വായിക്കാറില്ല. ഓർമ്മക്കുറിപ്പുകളും രേഖകളും, അവയിനി കൃത്രിമമായി ചമച്ചതാണെങ്കിലും, ഒരുപാടു ഞാൻ വായിക്കാറുണ്ട്. അതുപോലെ, ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഞാൻ പുനർവായനക്കെടുക്കുന്നു. പുനർവായനയുടെ ഗുണം ഏതു പേജിൽ വച്ചു തുറന്നും തനിക്കു ശരിക്കും ഇഷ്ടപ്പെട്ട ഭാഗമെടുത്തു വായിക്കാം എന്നുള്ളതാണ്. “സാഹിത്യം” മാത്രം വായിക്കുക എന്ന പാവനവിശ്വാസം എനിക്കു നഷ്ടപ്പെട്ടുകഴിഞ്ഞു. ഞാൻ എന്തും വായിക്കും. ഏറ്റവും പുതിയതു പോലും വായിക്കാൻ ഞാൻ ശ്രമിക്കുന്നു. ലോകത്തെ എല്ലാ ഭാഗത്തു നിന്നുമുള്ള ശരിക്കും പ്രാധാന്യമുള്ള മാസികകൾ എല്ലാ ആഴ്ചയും ഞാൻ വായിക്കാറുണ്ട്. ടെലിപ്രിന്ററുകൾ വായിക്കുന്നതു ശീലമായതിനു ശേഷം പുതിയ വാർത്തകൾക്കായി സദാ ഞാൻ കാത്തിരിക്കുന്നു. പക്ഷേ, എല്ലായിടത്തു നിന്നുമുള്ള പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ എല്ലാ പത്രങ്ങളും വായിച്ചിട്ടിരിക്കുമ്പോഴാണ് ഞാൻ കേൾക്കാത്ത ചില വാർത്തകളുമായി എന്റെ ഭാര്യ കയറിവരുന്നത്. അതെവിടെ നിന്നാണ് വായിച്ചത് എന്ന എന്റ ചോദ്യത്തിന് അവളുടെ മറുപടി ബ്യൂട്ടി പാർലറിലെ ഒരു മാസികയിലാണ് താനത് വായിച്ചത് എന്നായിരിക്കും. അങ്ങനെ ഞാനിപ്പോൾ ഫാഷൻ മാസികകളും സ്ത്രീകൾക്കുള്ള സകല മാസികകളും ഗോസ്സിപ്പ് പ്രസിദ്ധീകരണങ്ങളും വായിക്കാൻ തുടങ്ങിയിരിക്കുന്നു. അവ വായിച്ചിട്ടല്ലാതെ ഞാനറിയാൻ വഴിയില്ലാത്ത പല സംഗതികളും അങ്ങനെ ഞാൻ അറിയുകയും ചെയ്യുന്നു.
(പീറ്റർ സ്റ്റോൺ പാരീസ് റിവ്യൂവിനു വേണ്ടി 1981ൽ ഗബ്രിയേൽ ഗാർഷ്യ മാർക്ക്വെസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ