നമ്മുടെ അസ്തിത്വം അനന്യവും വച്ചുമാറാൻ പറ്റാത്തതും വളരെ അമൂല്യവുമാണെന്ന ഒരു വെളിപാട് നമുക്കെല്ലാം എപ്പോഴെങ്കിലുമൊരിക്കൽ ഉണ്ടായിട്ടുണ്ടാവും. മിക്കപ്പോഴും ഈ വെളിപാടുണ്ടാകുന്നത് കൗമാരത്തിലായിരിക്കും. താൻ എന്താണെന്ന ഈ കണ്ടുപിടുത്തം മറ്റെന്തിലുമുപരി നാം ഏകാകികളാണെന്ന വാസ്തവം തിരിച്ചറിയലാണ്: നമുക്കും ലോകത്തിനുമിടയിലെ അഗോചരവും സുതാര്യവുമായ ഭിത്തി -നമ്മുടെ ബോധത്തിന്റെ ഭിത്തി- തുറന്നുകിട്ടുകയാണത്. ജനിച്ച ഉടനേ സ്വന്തം ഒറ്റപ്പെടലിനെക്കുറിച്ച് നമുക്കൊരു തോന്നലുണ്ടാകുന്നു എന്നതു വാസ്തവമാണ്; എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും കളികളിലൂടെയും സ്വന്തം കർമ്മങ്ങളിലൂടെയും ആ ഏകാന്തതയെ മറികടക്കാനും സ്വയം മറക്കാനും കഴിയുന്നുണ്ട്. കൗമാരക്കാരൻ പക്ഷേ, ബാല്യത്തിനും യൗവ്വനത്തിനുമിടയിൽ ചാഞ്ചാടിനില്ക്കുകയാണ്, ലോകത്തിന്റെ അനന്തസമൃദ്ധിക്കു മുന്നിൽ ഒരുനിമിഷം അയാളൊന്നറച്ചുനില്ക്കുകയാണ്. സ്വന്തം അസ്തിത്വം എന്ന വസ്തുത തന്നെ അയാളെ അത്ഭുതപ്പെടുത്തുന്നു; ആ അത്ഭുതം പിന്നെ വിചാരത്തിലേക്കു നയിക്കുന്നു: ബോധത്തിന്റെ നദിക്കു മുകളിൽ കുനിഞ്ഞുനില്ക്കുമ്പോൾ അയാൾ തന്നോടുതന്നെ ചോദിക്കുകയാണ്, അവിടെ പ്രത്യക്ഷപ്പെടുന്ന, ജലം വിരൂപമാക്കിയ, ആ മുഖം തന്റേതുതന്നെയാണോ? തന്റെ സത്തയുടെ അനന്യത (കുട്ടികളിൽ അത് ശുദ്ധമായ ഐന്ദ്രിയാനുഭൂതി മാത്രമാണ്) ഒരു പ്രശ്നവും ഒരു ചോദ്യവുമായി മാറുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ