2021, ജൂൺ 4, വെള്ളിയാഴ്‌ച

കീർക്കെഗോർ - ഡയറി

 സ്വന്തം ആദർശങ്ങൾ സാക്ഷാല്ക്കരിക്കുന്നതിൽ ഒരിക്കലും ഞാൻ വിജയിക്കാൻ പോകുന്നില്ല എന്ന തരത്തിലാണ്‌ എന്റെ പ്രകൃതം എന്ന് എനിക്കു കൂടുതൽ കൂടുതൽ ബോദ്ധ്യമായിവരുന്നു; മറ്റൊരർത്ഥത്തിൽ, തികച്ചും മാനുഷികമായ അർത്ഥത്തിൽ, ആ ആദർശങ്ങളെക്കാളൊക്കെ എത്രയോ അപ്പുറത്തേക്കു ഞാൻ വളരുകയും ചെയ്യും. സാധാരണഗതിയിൽ മിക്കവരും തങ്ങളുടെ ആദർശങ്ങളായി ഉന്നം വയ്ക്കുന്നത് ‘മഹത്തായതി’നെയാണ്‌, ‘അസാധാരണമായതി’നെയാണ്‌; അതവർ ഒരിക്കലും കൈവരിക്കുകയുമില്ല. അത്തരം ആദർശങ്ങൾ ഉള്ളിൽ കൊണ്ടുനടക്കാൻ പറ്റാത്ത രീതിയിൽ അത്ര വിഷാദവാനാണു ഞാൻ. എന്റെ ആദർശങ്ങളെക്കുറിച്ചു കേട്ടാൽ അന്യർ ചിരിക്കും. ഒരു ഭർത്താവാകുക, വിവാഹം ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുക ഇതായിരുന്നു എന്റെ ആദർശം എന്നു പറഞ്ഞാൽ അത് വസ്തുത മാത്രമാണ്‌. എന്നിട്ടെന്താണുണ്ടായതെന്നു നോക്കൂ: ആ ആദർശം കൈവരിക്കാനുള്ള യത്നത്തിന്റെ നൈരാശ്യത്തിൽ ഞാൻ ഒരെഴുത്തുകാരനാവുന്നു; ഇനിയല്ല, ഞാൻ ഒരൊന്നാംകിട എഴുത്തുകാരൻ തന്നെയായെന്നും വരാം!


(കീർക്കെഗോർ 1846 നവംബറിൽ ഡയറിയിൽ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല: