2021, ജൂൺ 3, വ്യാഴാഴ്‌ച

റ്റി. എസ്. എലിയട്ട് - ബോദ്‌ലേർ

 ബോദ്‌ലേറുടെ പ്രകൃതത്തിലെ രോഗാതുരത അവഗണിക്കാൻ പറ്റില്ല. ലോകത്തിന്റെ കണ്ണിൽ, സ്വകാര്യജീവിതത്തിന്റെ പരിസരത്തിൽ, തീർത്തും വഴി പിഴച്ചതും അസഹനീയവുമായിരുന്നു ബോദ്‌ലേറുടെ ജീവിതം. നന്ദികേടും മനുഷ്യപ്പറ്റില്ലായ്മയും സിദ്ധിയായി കൊണ്ടുനടന്നിരുന്നയാൾ; ഒരുവിധത്തിലും അധികനേരം ആർക്കും സഹിക്കാൻ പറ്റാത്ത ഒരാൾ, എന്തും കൊണ്ടുപോയിത്തുലയ്ക്കാൻ പിടിവാശിയോടടുത്ത ദൃഢനിശ്ചയമെടുത്തയാൾ: പണമുണ്ടെങ്കിൽ ധൂർത്തടിക്കാൻ, സുഹൃത്തുക്കളുണ്ടെങ്കിൽ അവരെ വെറുപ്പിച്ചകറ്റാൻ, എന്തെങ്കിലും ഭാഗ്യം വന്നാൽ അതിനെ പുച്ഛിച്ചുതള്ളാൻ. വലിയ ദൗർബ്ബല്യങ്ങളും വലിയ കരുത്തുകളും തന്നിലുണ്ടെന്നറിയാവുന്ന ഒരാളുടെ അഭിമാനമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ ദൗർബ്ബല്യങ്ങളെ അതിജീവിക്കാൻ കഴിവുണ്ടായാലും അതിനുള്ള ക്ഷമയോ താല്പര്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച്, സൈദ്ധാന്തികലക്ഷ്യത്തിനായി അതിനെ ഉപയോഗപ്പെടുത്തുകയാണ്‌ അദ്ദേഹം ചെയ്തത്. അങ്ങനെയൊരു രീതിയുടെ ധാർമ്മികതയെക്കുറിച്ച് എത്രയെങ്കിലും ചർച്ചകളാവാം; എന്നാൽ ബോദ്‌ലേറിനത് സ്വന്തം മനസ്സിനെ മോചിപ്പിക്കാനും അദ്ദേഹം നമുക്കു ശേഷിപ്പിച്ചുപോയ പൈതൃകത്തിനും പാഠത്തിനുമുള്ള വഴിയായിരുന്നു.

വലിയ ബലമുണ്ടായിരുന്നയാളാണ്‌ അദ്ദേഹം; എന്നാൽ ആ ബലം യാതന സഹിക്കാൻ മാത്രമുള്ള ബലമായിരുന്നു. യാതനയിൽ നിന്നു നിന്നു രക്ഷപ്പെടാനോ അതിനെ അതിവർത്തിക്കാനോ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല; അതുകൊണ്ടദ്ദേഹം വേദനയെ തന്നിലേക്കാകർഷിച്ചു. എന്നാൽ ഒരു വേദനയ്ക്കും ഊനപ്പെടുത്താനാവാത്ത മനോബലവും സംവേദനശീലവും കൊണ്ടദ്ദേഹം ചെയ്തത് തന്റെ യാതനയെ പഠനവിധേയമാക്കുക എന്നതാണ്‌. ഈ പരിമിതിയിൽ അദ്ദേഹം ദാന്തേയോടോ ദാന്തേയുടെ നരകത്തിലെ ഏതെങ്കിലും കഥാപാത്രത്തോടോ ഒട്ടും സദൃശനുമല്ല. മറിച്ച് ബോദ്‌ലേറുടേതുപോലുള്ള യാതന സൂചിപ്പിക്കുന്നത് അനുഗൃഹീതാവസ്ഥയുടെ സാദ്ധ്യതയെയാണ്‌. അദ്ദേഹത്തിന്റെ യാതനാനുഭവത്തിൽ പ്രകൃത്യതീതവും അമാനുഷവുമായതിന്റെ ഒരു സാന്നിദ്ധ്യം അല്ലെങ്കിൽത്തന്നെയുണ്ട്. തികച്ചും പ്രാകൃതികവും തികച്ചും മാനുഷികവുമായതിനെ ബോദ്‌ലേർ മുമ്പേതന്നെ തിരസ്കരിക്കുന്നു. എന്നു പറഞ്ഞാൽ, അദ്ദേഹം നാച്ചുറലിസ്റ്റുമല്ല, ഹ്യൂമനിസ്റ്റുമല്ല. ഒന്നുകിൽ തനിക്കതിനോടു പൊരുത്തപ്പെടാൻ പറ്റില്ലെന്നതിനാൽ യഥാർത്ഥലോകത്തെ സ്വർഗ്ഗനരകങ്ങൾക്കായി അദ്ദേഹം തിരസ്കരിക്കുന്നു; അല്ലെങ്കിൽ, സ്വർഗ്ഗനരകങ്ങളെക്കുറിച്ചുള്ള പ്രത്യക്ഷബോധം തനിക്കുള്ളതിനാൽ അദ്ദേഹം ഈ ലോകത്തെ തിരസ്കരിക്കുന്നു: രണ്ടും ന്യായീകരണമുള്ളതാണ്‌. അദ്ദേഹത്തിന്റെ മടുപ്പ് മറ്റേതുമെന്നപോലെ മനഃശാസ്ത്രപരവും ശരീരശാസ്ത്രപരവുമായി വിശദീകരിക്കാവുന്നതേയുള്ളു; അതേ സമയം വിപരീതമായൊരു കാഴ്ച്ചപ്പാടിലൂടെ നോക്കിയാൽ,  ‘അസീഡിയ’യുടെ ശരിയായൊരു രൂപവുമാണത്, ആത്മീയജീവിതത്തിലേക്കെത്താനുള്ള പരാജിതയത്നത്തിൽ നിന്നു ജനിക്കുന്നത്.

*

നാം മനുഷ്യരായിരിക്കുന്നിടത്തോളം നമുക്ക് നന്മയോ തിന്മയോ രണ്ടിലൊന്നു ചെയ്യാതെ പറ്റില്ല; നന്മയോ തിന്മയോ ചെയ്യുന്നിടത്തോളം നാം മനുഷ്യരുമായിരിക്കും. വൈരുദ്ധ്യമെന്നു തോന്നാമെങ്കിലും, ഒന്നും ചെയ്യാതിരിക്കുന്നതിൽ ഭേദം തിന്മ ചെയ്യുന്നതുമാണ്‌: കാരണം, അപ്പോൾ മനുഷ്യർ എന്ന അസ്തിത്വം നമുക്കുണ്ടാകുന്നുണ്ടല്ലോ. മുക്തിക്കായുള്ള കഴിവാണ്‌ മനുഷ്യന്റെ മഹത്വം എന്നു പറയുന്നതു ശരിയാണ്‌; അഭിശപ്തതയ്ക്കുള്ള കഴിവാണ്‌ അവന്റെ മഹത്വം എന്നു പറഞ്ഞാൽ അതും ശരിയാണ്‌. രാഷ്ട്രതന്ത്രജ്ഞർ മുതൽ കള്ളന്മാർ വരെ  നമുക്കു ദ്രോഹം ചെയ്തവരെ മിക്കവരെക്കുറിച്ചും പറയാവുന്ന ഏറ്റവും മോശമായ കാര്യം അഭിശപ്തരാവാനും മാത്രം മനുഷ്യരായിരുന്നില്ല അവർ എന്നതാണ്‌. ബോദ്‌ലേറാവട്ടെ, അഭിശപ്തനാവാനും മാത്രം മനുഷ്യനായിരുന്നു; അദ്ദേഹം അഭിശപ്തനായിരുന്നോ എന്നത് മറ്റൊരു ചോദ്യമാണ്‌; അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിൽ നമുക്കതൊരു തടസ്സമാവണമെന്നില്ല. 


(റ്റി. എസ്. എലിയട്ടിന്റെ ബോദ്‌ലേർ ലേഖനത്തിൽ നിന്ന്)


*അസീഡിയ (acedia)- ജാഡ്യത്തെ കുറിക്കുന്ന ഗ്രീക്ക് പദം.


അഭിപ്രായങ്ങളൊന്നുമില്ല: