2021, ജൂൺ 15, ചൊവ്വാഴ്ച

ബോദ്‌ലേർ - ശില്പകല വിരസമാണെന്നു പറയുന്നതെന്തുകൊണ്ട്

 

ശില്പകലയുടെ ഉല്പത്തി കാലത്തിന്റെ രാത്രികളിലെവിടെയോ മറഞ്ഞുകിടക്കുകയാണ്‌; അതിനാൽ അത് കരീബിയൻ ദ്വീപുകളുടെ കലയായിരിക്കണം.

ലോകത്തെ എല്ലാ വർഗ്ഗങ്ങളും ചിത്രകലയിലേക്കെത്തുന്നതിനു മുമ്പുതന്നെ  ദിവ്യത്വം ആരോപിക്കപ്പെടുന്ന വസ്തുക്കൾ വളരെ വിദഗ്ധമായി കൊത്തിയെടുക്കാൻ തുടങ്ങിയിരുന്നുവെന്നത് സത്യമാണ്‌; ചിത്രകലയാണെങ്കിൽ അഗാധമായ ചിന്ത ആവശ്യപ്പെടുന്നതും ആസ്വാദനത്തിനു പോലും ഒരു ശിക്ഷണം വേണ്ടതുമായ കലയാണല്ലോ. 

ശില്പകല പ്രകൃതിയോട് കൂടുതൽ അടുത്ത ഒരു കലയാണ്‌; അതുകൊണ്ടാണ്‌ ശുഷ്കാന്തിയോടെ കൊത്തിയെടുത്ത ഒരു കല്ലോ തടിയോ കാണുമ്പോൾ അതു രസിച്ചുകാണുന്ന നമ്മുടെ ഗ്രാമീണർ ഏറ്റവും നല്ല ഒരു പെയിന്റിങ്ങിനു മുന്നിൽ ഒന്നും മനസ്സിലാകാത്തപോലെ നില്ക്കുന്നത്. ഇത് സവിശേഷമായ, പെട്ടെന്നു പിടി കിട്ടാത്ത ഒരു രഹസ്യമാണ്‌.

ശില്പകലയ്ക്ക് കുറേയധികം കുറവുകളുണ്ട്; അതിനു ലഭ്യമായ ഉപാധികൾ തന്നെയാണ്‌ അതിനു കാരണം. പ്രകൃതിയെപ്പോലെ നിഷ്ഠുരവും മറയില്ലാത്തതുമായ ശില്പകല അവളെപ്പോലെതന്നെ സന്ദിഗ്ധവും പിടി തരാത്തതുമാണ്‌; കാരണം, ഒരേ സമയത്തുതന്നെ അതിനനേകം മുഖങ്ങളുണ്ടല്ലോ. ശില്പി ഒരേയൊരു വീക്ഷണകോണം കൈക്കൊള്ളാൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്‌; രൂപങ്ങൾക്കു ചുറ്റും നടക്കുന്ന കാഴ്ച്ചക്കാരന്‌  നൂറുകണക്കിനു സ്ഥാനങ്ങളിൽ ഒന്നിൽ നിന്ന് അവയെ വീക്ഷിക്കാം, അപ്പോഴും ശരിയായ സ്ഥാനം കണ്ടെത്താതെ. യാദൃച്ഛികമായി വന്നുവീഴുന്ന ഒരു വെളിച്ചത്തിന്റെ ചീളോ ഒരു വിളക്കിന്റെ വെട്ടമോ കലാകാരൻ മനസ്സിൽ കാണാത്ത ഒരു മനോഹാരിത തെളിച്ചുകാട്ടുമ്പോൾ അയാൾക്കതെത്ര ലജ്ജാകരമാണ്‌. ഒരു ചിത്രം അതുകൊണ്ടെന്താണോ ഉദ്ദേശിക്കുന്നത്, അതായിരിക്കണം. അതിനെ നോക്കാൻ അതിന്റെ സ്വപ്രകാശത്തിലല്ലാതെ മറ്റൊരു വഴിയില്ല; ഒരു പെയിന്റിങ്ങിന്‌ ഒരേയൊരു വീക്ഷണകോണമേയുള്ളു; പെയിന്റിങ്ങ് സ്വന്തമല്ലാത്ത മറ്റെന്തിനേയും പുറന്തള്ളുന്നതും സ്വന്തം അധീശത്വം സ്ഥാപിക്കുന്നതുമാണ്‌; അതു കാരണം ചിത്രകാരന്റെ സന്ദേശം കൂടുതൽ ബലവത്തുമാണ്‌.

*

ശില്പകല അതിന്റെ പ്രാകൃതദശയിൽ നിന്നു പുറത്തുവന്നിട്ടും ഏറ്റവും ഉജ്ജ്വലമായ വികാസം പ്രാപിച്ചുകഴിഞ്ഞിട്ടും അതിന്നും ഒരു പൂരകകലയായിത്തന്നെ തുടരുന്നു. കൊണ്ടുനടക്കാവുന്ന രൂപങ്ങൾ കഷ്ടപ്പെട്ടു ചെത്തിയെടുക്കുക എന്നതല്ല ഇന്നതിന്റെ ലക്ഷ്യം; മറിച്ച്, ചിത്രകലയുടേയും വാസ്തുകലയുടേയും വിനീതസഹായിയായി കൂടുകയും അവയുടെ ലക്ഷ്യപൂർത്തിക്കു സഹായിക്കുക എന്നതുമായിരിക്കുന്നു. ആകാശത്തേക്കുയർന്നുനില്ക്കുന്ന ഭദ്രാസനപ്പള്ളികൾ അവയുടെ ആഴങ്ങളിൽ നിറച്ചുവയ്ക്കുന്ന ശില്പങ്ങൾ ആ എടുപ്പുകളുടെ ഉടലുകളോട് ഒന്നായിച്ചേർന്നുനില്ക്കുന്നു. ചായം തേച്ച ശില്പങ്ങൾ- ഇതു ശ്രദ്ധിക്കുക- അവയുടെ കേവലമായ പ്രാഥമികവർണ്ണങ്ങളുമായി ആ മഹത്തായ നിർമ്മിതിയുടെ കാവ്യാത്മകപ്രഭാവത്തിന്‌ പൂർണ്ണത നല്കുന്നു. വെഴ്സായ് അതിന്റെ എണ്ണമറ്റ പ്രതിമകളെ വള്ളിക്കുടിലുകളുടെ പശ്ചാത്തലത്തിലോ കൃത്രിമഗുഹകളിൽ ഒരായിരം വജ്രത്തരികൾ തെറിപ്പിക്കുന്ന ജലധാരകൾക്കു നടുക്കോ പാർപ്പിക്കുന്നു. മഹത്തായ കാലഘട്ടങ്ങളിലെല്ലാം ശില്പകല ഒരു പൂരകമാണ്‌; തുടക്കത്തിലും ഒടുക്കവും അതൊരു വേറിട്ട കലയുമാകുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: