2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പാണ്ഡിത്യപ്രകടനമല്ലാത്ത ആസ്വാദനം

 ബൽസാക്കിനെക്കുറിച്ച് ഇങ്ങനെയൊരു കഥ ഞാൻ കേട്ടിട്ടുണ്ട്; (ആ ജീനിയസ്സിനോടു ബന്ധപ്പെട്ടതെന്തും, എത്ര നിസ്സാരമായതു പോലും, ആരാണാദരവോടെ കേൾക്കാതിരിക്കുക?): മഞ്ഞുകാലം ചിത്രീകരിക്കുന്ന മനോഹരമായ ഒരു പെയിന്റിംഗിനു മുന്നിൽ നില്ക്കുകയായിരുന്നു അദ്ദേഹം; വിഷാദം പ്രസരിപ്പിക്കുന്ന ഭൂദൃശ്യം, മഞ്ഞുവീഴ്ചയും അവിടവിടെ കുടിലുകളും ആരോഗ്യമില്ലാത്ത കർഷകരുമൊക്കെയായി. ചിമ്മിനിയിലൂടെ ശോഷിച്ച പുക ഉയരുന്ന ഒരു കൊച്ചുകൂര കുറേനേരം നോക്കിനിന്ന ശേഷം അദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “എത്ര മനോഹരമാണിത്! പക്ഷേ ആ കുടിലിനുള്ളിൽ അവരെന്തു ചെയ്യുന്നു? അവരുടെ മനസ്സിൽ എന്തായിരിക്കും, എന്താണവരുടെ വേവലാതികൾ? അവരുടെ വിളവെടുപ്പ് നന്നായിരുന്നോ? അവർക്കെന്തായാലും വായ്പയെടുത്തത് തിരിച്ചടയ്ക്കാനുണ്ടാവും...”

ബൽസാക്കിനെ ആളുകൾ കളിയാക്കിക്കോട്ടെ. മഹാനായ ആ നോവലിസ്റ്റിന്റെ ആത്മാവിനെ വിറ കൊള്ളിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യുക എന്ന ബഹുമതിക്കർഹനായ ആ ചിത്രകാരൻ ആരാണെന്നെനിക്കറിയില്ല. അതെന്തായാലും ഹൃദ്യമായ ആ നിഷ്കളങ്കതയിലൂടെ വിമർശനത്തിൽ ഒന്നാന്തരമൊരു പാഠം നമുക്കു നല്കുകയായിരുന്നു അദ്ദേഹം എന്നാണെനിക്കു തോന്നുന്നത്. ഞാൻ മിക്കപ്പോഴും ഒരു പെയിന്റിംഗിനെ വിലയിരുത്തുന്നത് എന്തൊക്കെ ചിന്തകളും മനോരാജ്യങ്ങളുമാണ്‌ അതെന്റെ മനസ്സിൽ കൊണ്ടുവരുന്നത് എന്നതു വച്ചിട്ടാണ്‌.

ചിത്രമെഴുത്ത് ഒരാവാഹനമാണ്‌, ഒരു മാന്ത്രികക്രിയയാണ്‌ (ഇക്കാര്യത്തിൽ നമുക്ക് കുട്ടികളുടെ ആത്മാക്കളോട് ഉപദേശം തേടാൻ കഴിഞ്ഞെങ്കിൽ!); ആവാഹിച്ചുവരുത്തിയയാളോ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ആശയമോ എഴുന്നേറ്റു നിന്ന് നമ്മളെ മുഖത്തോടു മുഖം നോക്കുമ്പോൾ മന്ത്രവാദിയുടെ ആവാഹനമന്ത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ നമുക്കവകാശമില്ല, ഒന്നുമില്ലെങ്കിൽ അങ്ങേയറ്റം ബാലിശമെങ്കിലുമാവും അത്. തീർത്തും അന്യോന്യവിരുദ്ധമായ രീതികൾ കയ്യാളുന്ന കലാകാരന്മാർക്ക് നമ്മളിൽ ഒരേ ആശയങ്ങൾ ഉണർത്താനും സമാനമായ വികാരങ്ങൾ അങ്കുരിപ്പിക്കാനും കഴിയുന്നത് ഏതു നിയമത്തിന്റെ ബലത്തിലാണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക- നമ്മുടെ പാണ്ഡിത്യനാട്യക്കാരെയും കപടദാർശനികരെയും ആശയക്കുഴപ്പത്തിലാക്കാൻ ഇതിലും നല്ലൊരു പ്രശ്നം എന്റെ ചിന്തയിൽ വരുന്നില്ല.


(from the Universal Exhibition of 1855)


അഭിപ്രായങ്ങളൊന്നുമില്ല: