2021, ജൂൺ 5, ശനിയാഴ്‌ച

ഇറ്റാലോ കാൽവിനോ - അഭിമുഖം

 ചോദ്യം: നോവലിസ്റ്റുകൾ കള്ളം പറയുന്നവരാണോ? അല്ലെന്നാണെങ്കിൽ എന്തുതരം സത്യമാണ്‌ അവർ പറയുന്നത്?

ഇറ്റാലോ കാൽവിനോ: ഓരോ നുണയുടെയും അടിയിൽ മറഞ്ഞുകിടക്കുന്ന ആ സത്യമാണ്‌ അവർ പറയുന്നത്. നിങ്ങൾ പറയുന്നത് സത്യമാണോ നുണയാണോ എന്നത് ഒരു സൈക്കോ-അനലിസ്റ്റിനു പ്രധാനമേയല്ല; എന്തെന്നാൽ, സത്യം എന്നവകാശപ്പെടുന്നതേതും പോലെ താല്പര്യജനകവും വാചാലവും ഉൾക്കാഴ്ച്ച നല്കുന്നതുമാണ്‌ നുണകളും.
തങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അല്ലെങ്കിൽ ലോകത്തെക്കുറിച്ചുമുള്ള എല്ലാ സത്യവും പറയുന്നുവെന്നവകാശപ്പെടുന്ന നോവലിസ്റ്റുകളുടെ കാര്യത്തിൽ ഞാൻ സംശയാലുവാണ്‌. വെള്ളം തൊടാത്ത കള്ളം തട്ടിവിടുന്നവരായി സ്വയം അവതരിപ്പിക്കുന്ന എഴുത്തുകാരിൽ കാണുന്ന സത്യത്തിനൊപ്പം നില്ക്കാനാണ്‌ എനിക്കിഷ്ടം. If on a Winterâ��s Night a Traveler എന്ന, തീർത്തും ഭ്രമാത്മകമായ നോവൽ എഴുതുമ്പോൾ എന്റെ ലക്ഷ്യം അങ്ങനെയല്ലാതെ കണ്ടെത്താൻ പറ്റാത്ത ഒരു സത്യമായിരുന്നു.
*
എഴുത്തു തുടങ്ങിവയ്ക്കുന്നതിൽ ഞാൻ വലിയ ഒരമാന്തക്കാരനാണ്‌. ഒരു നോവലെഴുതാനുള്ള ആശയം മനസ്സിലുണ്ടെങ്കിൽ അതെഴുതാതിരിക്കാൻ സാദ്ധ്യമായ എല്ലാ ഒഴിവുകഴിവുകളും ഞാൻ കണ്ടുപിടിക്കും. കഥകളുടേയോ ചെറിയ രചനകളുടേയോ ഒരു സമാഹാരമാണെങ്കില്പോലും ഓരോന്നും എഴുതിത്തുടങ്ങാൻ വെവ്വേറെ സമയം എനിക്കു വേണം. ലേഖനങ്ങളുടെ കാര്യത്തിലും തുടക്കം എനിക്കു പതുക്കെയാണ്‌. ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഞാൻ വളരെ വേഗം അതു പൂർത്തിയാക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വേഗത്തിലെഴുതുന്ന എഴുത്തുകാരനാണു ഞാൻ, എന്നാൽ ഇടയിൽ ഒന്നുമെഴുതാത്ത സമയങ്ങൾ നല്ല കണക്കിനുണ്ടാവും. ആ മഹാനായ ചൈനീസ് ചിത്രകാരന്റെ പോലെയാണ്‌ കാര്യം- ചക്രവർത്തി അയാളോട് ഒരു ഞണ്ടിനെ വരയ്ക്കാൻ പറഞ്ഞു; തനിക്കതിന്‌ പത്തു കൊല്ലവും വലിയൊരു മാളികയും ഇരുപതു പരിചാരകന്മാരെയും വേണ്ടിവരുമെന്നായിരുന്നു ചിത്രകാരന്റെ മറുപടി. അങ്ങനെ പത്തുകൊല്ലം കഴിഞ്ഞു; ഞണ്ടെവിടെ എന്ന് ചക്രവർത്തി ചോദിച്ചു. ഒരു രണ്ടുകൊല്ലം കൂടി എന്ന് ചിത്രകാരൻ പറഞ്ഞു. പിന്നെ ഒരാഴ്ച്ച കൂടി വേണമെന്നായി. ഒടുവിൽ അയാൾ തൂലികയെടുത്ത് ഒറ്റ നിമിഷം കൊണ്ട് ഒരു ഞണ്ടിനെ വരച്ചു, ദ്രുതഗതിയിൽ, ഒരേയൊരു കരചലനത്താൽ.
(പാരീസ് റിവ്യൂ അഭിമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: