2021, ജൂൺ 5, ശനിയാഴ്‌ച

ബോദ്‌ലേർ - അമ്മയ്ക്ക്

 ...അമ്മയെ അത്ര തീവ്രമായി സ്നേഹിച്ചിരുന്ന ഒരു കാലം എന്റെ ബാല്യത്തിലുണ്ടായിരുന്നു; കേൾക്കൂ, തുടർന്നു വായിക്കാൻ പേടിക്കേണ്ട. അക്കാലത്തെക്കുറിച്ച് ഇതുവരെ ഇത്രയധികം ഞാൻ അമ്മയോടു സംസാരിച്ചിട്ടില്ല. ഒരു കുതിരവണ്ടിയിലെ യാത്ര ഞാൻ ഓർക്കുന്നു. അമ്മ ഒരു നഴ്സിംഗ് ഹോമിൽ നിന്നിറങ്ങിവരികയായിരുന്നു; എന്നെ തനിക്കെത്ര കാര്യമാണെന്നതിനു തെളിവായി എനിക്കു വേണ്ടി വരച്ച ചില ചിത്രങ്ങൾ അമ്മ എനിക്കു കാണിച്ചുതന്നു. എന്റെ ഓർമ്മശക്തി എത്ര കേമമാണെന്നു തോന്നുന്നില്ലേ! പിന്നെ, സാന്ത് ആന്ദ്രേ ദെ ആർട്സ് സ്ക്വയറും നൂയിയും. നീണ്ട നടത്തങ്ങൾ, നിരന്തരമായ സ്നേഹപ്രകടനങ്ങൾ! സന്ധ്യകളിൽ വിഷാദച്ഛായ പടർന്നിരുന്ന കപ്പൽത്തുറകൾ ഞാനോർക്കുന്നു. ഹാ, മാതൃസ്നേഹത്തിന്റെ സന്തുഷ്ടദിനങ്ങളായിരുന്നു എനിക്കവ. അമ്മയ്ക്കു തീർച്ചയായും കഠിനമായ ആ ദിവസങ്ങളെ സന്തുഷ്ടദിനങ്ങൾ എന്നു വിളിക്കുന്നതിൽ എന്നോടു ക്ഷമിക്കണേ. പക്ഷേ അക്കാലത്ത് ഞാൻ അമ്മയിൽ ജീവിക്കുകയായിരുന്നു, അമ്മ എന്റേതു മാത്രവുമായിരുന്നു. എന്റെ പൂജാവിഗ്രഹമായിരുന്നു അമ്മ, ഒപ്പം എന്റെ ചങ്ങാതിയും. എത്രയോ വിദൂരമായ ഒരു ഭൂതകാലത്തെക്കുറിച്ച് ഇത്രയും ഉത്ക്കടവികാരത്തോടെ സംസാരിക്കാൻ എനിക്കു കഴിയുന്നതിൽ അമ്മയ്ക്ക് അത്ഭുതം തോന്നുന്നുണ്ടാവും. എനിക്കുതന്നെ അത്ഭുതം തോന്നുന്നുണ്ട്. മരിക്കാനുള്ള ആഗ്രഹമാവാം ആ പഴയ കാര്യങ്ങൾ ഇത്രയും തെളിച്ചത്തോടെ മനസ്സിലേക്കു കൊണ്ടുവരുന്നത്...

(1861 മേയ് 6ന്‌ ബോദ്‌ലേർ അമ്മയ്ക്കെഴുതിയ കത്തിൽ നിന്ന്. )

അഭിപ്രായങ്ങളൊന്നുമില്ല: