2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേർ - വിമർശനം കൊണ്ടെന്തു ഗുണം?


എന്തു ഗുണം?- ആദ്യത്തെ അദ്ധ്യായത്തിൽ ആദ്യത്തെ ചുവടു വയ്ക്കുമ്പോൾത്തന്നെ വിമർശകന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന വിപുലവും ഭീഷണവുമായ ചോദ്യം. 

കലാകാരന്‌ വിമർശകനോടുള്ള വിരോധം ഇതാണ്‌: ചിത്രം വരയ്ക്കാനോ കവിതയെഴുതാനോ താല്പര്യമില്ലാത്ത ബൂർഷ്വയെ അതിനൊന്നും പഠിപ്പിക്കാനില്ല- കലയേയും അതിനൊന്നും പഠിപ്പിക്കാനില്ല, കാരണം, കലയുടെ ഉദരത്തിൽ നിന്നാണല്ലോ അതു പുറത്തുവന്നത്.

എന്നിട്ടുകൂടി ഇന്നത്തെ എത്ര  കലാകാരന്മാരാണ്‌ തങ്ങളുടെ ചെറുകിടപ്രശസ്തിക്ക് വിമർശകരോടു കടപ്പെട്ടിരിക്കുന്നത്! അവിടെയാണ്‌ അതിനോടുള്ള യഥാർത്ഥവിരോധം കിടക്കുന്നതെന്നു വരാം.

കാൻവാസിനു മേൽ കുനിഞ്ഞുനില്ക്കുന്ന ഒരു ചിത്രകാരന്റെ ഗവാർണി വരച്ച   കാരിക്കേച്ചർ നിങ്ങൾ കണ്ടുകാണും; അയാൾക്കു പിന്നിലായി ഗൗരവം കനപ്പിച്ച മുഖവും നെട്ടനേയുള്ള നില്പും വെളുത്ത കഴുത്തുപട്ടയുമായി ഒരു വ്യക്തിയെ കാണാം; താൻ ഏറ്റവും ഒടുവിലെഴുതിയ പത്രലേഖനം അയാളുടെ കയ്യിലുണ്ട്. ‘കല കുലീനമാണെങ്കിൽ വിമർശനം പവിത്രമാണ്‌.’ -‘എന്നാരു പറയുന്നു?’ ‘വിമർശകർ!’ കലാകാരന്‌ അത്ര അനായാസമായി മേൽക്കൈ നേടാനാകുന്നുണ്ടെങ്കിൽ, സംശയിക്കേണ്ട, ആ വിമർശകൻ നമുക്കു നന്നായറിയുന്ന ഗണത്തിൽ പെടുന്നയാളായതാണ്‌ അതിനു കാരണം.

കലാകാരനും പൊതുജനത്തിനും രചനാസങ്കേതങ്ങളേയും പ്രക്രിയകളേയും കുറിച്ചു പഠിക്കാനാണെങ്കിൽ അതൊന്നും വിമർശനത്തിൽ കാണുകയില്ല. ആ കാര്യങ്ങളൊക്കെ കലാകാരൻ സ്റ്റുഡിയോയിൽ നിന്നു പഠിച്ചെടുക്കുന്നതാണ്‌; പൊതുജനത്തിനാണെങ്കിൽ ഫലത്തിലേ താല്പര്യമുള്ളു.

രസനീയമെന്നപോലെ കാവ്യാത്മകവുമായ വിമർശനമാണ്‌ ഏറ്റവും ഉത്തമമായ വിമർശനം എന്നാണ്‌ എന്റെ ആത്മാർത്ഥമായ വിശ്വാസം; എന്നു പറഞാൽ, സർവ്വതും വിശദീകരിക്കുന്നുവെന്ന അവകാശവാദത്തോടെ, സ്നേഹവും വിദ്വേഷവും കാണിക്കാത്ത, വൈകാരികാംശം മനഃപൂർവ്വം ചോർത്തിക്കളഞ്ഞ, ഗണിതമട്ടിലുള്ള വിമർശനമല്ല. എന്നാൽ, ഒരു കലാകാരൻ പ്രതിഫലിപ്പിക്കുന്ന പ്രകൃതിയാണ്‌ സുന്ദരമായ ഒരു ചിത്രം എന്നതിനാൽ അതിനെക്കുറിച്ചുള്ള ഏറ്റവും നല്ല വിമർശനപഠനം, ഞാൻ ആവർത്തിക്കുന്നു, സൂക്ഷ്മബുദ്ധിയും സംവേദനക്ഷമവുമായ ഒരു മനസ്സ് പ്രതിഫലിപ്പിക്കുന്ന ആ ചിത്രമായിരിക്കും. അക്കാരണത്താൽ ഒരു ചിത്രത്തിന്റെ ഏറ്റവും നല്ല വിവരണം ഒരു ഗീതകമോ വിലാപകാവ്യമോ ആകാനും മതി.

എന്നാൽ ആ തരം വിമർശനം കവിതാസമാഹാരങ്ങൾക്കും കവിതവായനക്കാർക്കുമുള്ളതാണ്‌. നിഷ്കൃഷ്ടമായ അർത്ഥത്തിലുള്ള വിമർശനത്തിന്റെ കാര്യമാണെങ്കിൽ ഞാൻ ഇനി പറയാൻ പോകുന്നത് തത്ത്വചിന്തകന്മാർക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കട്ടെ. നീതിപൂർവ്വമാകണമെങ്കിൽ, എന്നു പറഞ്ഞാൽ, സ്വന്തം അസ്തിത്വത്തെ ന്യായീകരിക്കണം എന്നുണ്ടെങ്കിൽ, വിമർശനം പക്ഷപാതപരമായിരിക്കണം, വികാരതീവ്രമായിരിക്കണം, അതിനൊരു രാഷ്ട്രീയമുണ്ടായിരിക്കണം, അതായത്, അതിന്റേതുമാത്രമായ ഒരു കാഴ്ച്ചപ്പാടിലൂടെ എഴുതിയതായിരിക്കണം; ആ കാഴ്ച്ചപ്പാട് കഴിയുന്നത്ര വിശാലമായ ചക്രവാളങ്ങളിലേക്കു തുറക്കുന്നതുമായിരിക്കണം.

വർണ്ണത്തെ ഇകഴ്ത്തി രേഖയെ വാഴ്ത്തുക, അല്ലെങ്കിൽ രേഖയെ ഇകഴ്ത്തി വർണ്ണത്തെ വാഴ്ത്തുക- അതും ഒരു കാഴ്ച്ചപ്പാടു സ്വീകരിക്കൽ തന്നെ; പക്ഷേ ആ കാഴ്ച്ചപ്പാട് അത്ര വിശാലവുമല്ല, അത്ര സാധുവുമല്ല; തന്നെയുമല്ല, വ്യക്തിഗതമായ ഭാഗധേയങ്ങളെക്കുറിച്ച് ആ വിമർശകന്‌ കാര്യമായ അറിവുകേടുണ്ടെന്നാണ്‌ അതു കാണിക്കുന്നതും.

ഏതനുപാതത്തിലാണ്‌ പ്രകൃതി ഓരോ മനസ്സിലും രേഖയോടും വർണ്ണത്തോടുമുള്ള അഭിരുചികൾ കൂട്ടിക്കലർത്തിയിരിക്കുന്നതെന്നോ ഏതു നിഗൂഢരാസവിദ്യയിലൂടെയാണ്‌ അവയുടെ ചേരുവയിലൂടെ അവൾ ചിത്രം എന്ന അന്തിമഫലം സൃഷ്ടിച്ചെടുക്കുന്നതെന്നോ നാം അറിയാൻ പോകുന്നില്ല.

അതിനാൽ സുചിന്തിതമായ ഒരു വ്യക്തിവാദമായിരിക്കും, കൂടുതൽ വിശാലമായ കാഴ്ച്ചപ്പാട്- എന്നു പറഞ്ഞാൽ, കലാകാരനിൽ നിന്ന് അതാവശ്യപ്പെടുന്നത് ആർജ്ജവവും അയാളുടെ പ്രകൃതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുമാണ്‌. സവിശേഷമായ ഒരു പ്രകൃതത്തിനുടമയല്ലാത്ത ഒരു കലാകാരൻ ചിത്രരചനയ്ക്ക് അർഹനല്ല; അയാൾ അങ്ങനെയൊരു പ്രകൃതത്തിനുടമയായ ഒരു ചിത്രകാരന്റെ സഹായി ആയി പൊയ്ക്കോട്ടെ. 

പ്രകൃതിയിൽ നിന്നു രൂപീകരിച്ച, വിശ്വാസ്യമായ ഒരു മാനദണ്ഡം കൊണ്ട് സുസജ്ജനായാൽ വിമർശകൻ പിന്നെ അത്യാവേശത്തോടെ തന്റെ കടമ നിറവേറ്റണം; വിമർശകനായതുകൊണ്ട് അയാൾ മനുഷ്യനല്ലാതാകുന്നില്ലല്ലോ; എന്തിനോടെങ്കിലുമുള്ള ആവേശം സമാനപ്രകൃതരെ തമ്മിലടുപ്പിക്കുകയും യുക്തിയെ പുതിയ ഔന്നത്യങ്ങളിലേക്കുയർത്തുകയും ചെയ്യുന്നു. 

സ്റ്റെന്താൾ എവിടെയോ പറയുന്നുണ്ട്: “ധാർമ്മികമൂല്യങ്ങൾക്ക് ദൃശ്യത നല്കുന്നതിനെയാണ്‌ ചിത്രകല എന്നു പറയുന്നത്.” ‘ധാർമ്മികമൂല്യങ്ങൾ’ എന്ന പ്രയോഗത്തെ വിശാലാർത്ഥത്തിലാണ്‌ നിങ്ങൾ വ്യാഖ്യാനിക്കുന്നതെങ്കിൽ എല്ലാ കലകളെക്കുറിച്ചും അങ്ങനെ പറയാം. കലകളുടെ സത്ത എന്നത് ഓരോ മനുഷ്യന്റെയും അനുഭൂതികളിലൂടെയും വികാരാവേശങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും സൗന്ദര്യത്തിന്റെ ആവിഷ്കാരമാണെന്നതിനാൽ - ചുരുക്കത്തിൽ, ഏകത്വത്തിലെ വൈവിദ്ധ്യം അല്ലെങ്കിൽ പരമതത്വത്തിന്റെ വിവിധമുഖങ്ങൾ- വിമർശനം നിരന്തരം തത്വചിന്തയിലേക്കു തെന്നിപ്പോകുന്നു.

ഓരോ കാലവും ഓരോ ജനതയും അതിന്റേതായ സൗന്ദര്യത്തിന്റെയും ധാർമ്മികമൂല്യസംഹിതയുടേയും ആവിഷ്കാരങ്ങൾ കൈവരിച്ചിട്ടുണ്ടെന്നതിനാൽ, കാല്പനികത എന്ന പദത്തെ സൗന്ദര്യത്തിന്റെ ഏറ്റവും സമകാലികവും ആധുനികവുമായ നിർവ്വചനമായി സ്വീകരിക്കാമെങ്കിൽ- എങ്കിൽ, ചിന്താശീലനായ, അത്യുൽസാഹിയായ ഒരു വിമർശകന്റെ കണ്ണുകളിൽ മഹാനായ കലാകാരൻ ഇങ്ങനെ ഒരാളായിരിക്കും: മുകളിൽ നിർദ്ദേശിച്ച നിബന്ധനയുടെ കൂടെ, അതായത് ആർജ്ജവത്തിന്റെ കൂടെ, ഏറ്റവും ഉയർന്ന അളവിലുള്ള കാല്പനികതയും സംയോജിപ്പിക്കുന്നയാൾ.

(The Salon of 1846)

അഭിപ്രായങ്ങളൊന്നുമില്ല: