ഒരു ചിത്രം പ്രഥമവും പ്രധാനവുമായി കലാകാരന്റെ ഉള്ളിന്റെയുള്ളിലെ ചിന്തയുടെ പ്രതിഫലനമാണെന്നും സ്രഷ്ടാവ് സൃഷ്ടിക്കു മേലെന്നപോലെ അയാൾ തന്റെ മാതൃകയ്ക്കു മേൽ അധീശത്വം കയ്യാളുന്നുവെന്നുമുള്ള പ്രമാണത്തിൽ നിന്നാണ് ദലക്വാ തുടങ്ങുന്നത്. ഈ ഒന്നാമത്തെ പ്രമാണത്തിന്റെ തുടർച്ചയായി വരുന്ന, പ്രത്യക്ഷത്തിൽ അതിനു വിരുദ്ധമെന്നു തോന്നുന്ന രണ്ടാമത്തെ പ്രമാണം കലാകാരൻ തന്റെ കലാനിർവ്വഹണത്തിനുള്ള ഭൗതികോപാധികളുടെ പ്രയോഗത്തിൽ അതിശ്രദ്ധ കാണിക്കണം എന്ന് ഊന്നിപ്പറയുന്നു. തന്റെ പണിയായുധങ്ങളുടെ വൃത്തിയുടെ കാര്യത്തിലും തന്റെ രചനയുടെ ഘടകങ്ങൾ സജ്ജീകരിക്കുന്നതിലും ആരാധനയോളമെത്തുന്ന ഒരു ബഹുമാനം ദലക്വാ കാണിക്കുന്നുണ്ട്. എത്ര ശരി! ഗാഢമായ ചിന്തയുടെ സന്തതിയാണ് ഒരു ചിത്രം എന്നതിനാലും അനേകം ധർമ്മങ്ങളുടെ ഏകകാലത്തുള്ള പ്രവൃത്തി അതാവശ്യപ്പെടുന്നു എന്നതിനാലും പണി തുടങ്ങുമ്പോൾ കൈകൾക്കു മല്ലിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ കഴിയുന്നത്ര കുറഞ്ഞിരിക്കണമെന്നതിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ; അതുപോലെതന്നെ പ്രധാനമാണ്, മസ്തിഷ്കത്തിന്റെ ദിവ്യാനുശാസനങ്ങളെ കാലവിളംബമില്ലാതെ അനുസരിക്കുക എന്നതും; അല്ലെങ്കിൽ ആദർശം ചിറകടിച്ചു മറഞ്ഞുപോകും.
മഹാനായ ഈ കലാകാരൻ ഒരാശയം വിപുലനം ചെയ്യുന്നത് സമയമെടുത്തും സാവധാനത്തിലും ക്രമാനുസരണമായിട്ടും ആണെങ്കിൽ ആ കുറവു തീർക്കുന്ന മട്ടിൽ അത്ര വേഗത്തിലാണ് അതിന്റെ നിർവ്വഹണം. വേഗത എന്ന ഈ ഗുണം പൊതുജനാഭിപ്രായത്തിൽ അദ്ദേഹത്തിന്റെ എതിർപക്ഷത്തു നില്ക്കുന്ന ആങ്ങ്ഗ്ര (Ingres)യുമായി ദലക്രോ പങ്കു വയ്ക്കുന്നുണ്ടെന്ന് നമുക്കു കൂട്ടിച്ചേർക്കാം. ഗർഭധാരണം പ്രസവം പോലെ ഒന്നല്ല. പ്രത്യക്ഷത്തിൽ അലസാത്മാക്കളെന്നു തോന്നുന്ന ചിത്രകലയിലെ ഈ മഹാപ്രഭുക്കൾ കാൻവാസ് നിറയ്ക്കുന്ന കാര്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു ചടുലത കാണിക്കുന്നുണ്ട്. സെയ്ന്റ്-സിംഫോറിയെൻ (Saint-Symphorien) പലതവണ ആകെ മാറ്റിവരച്ചിട്ടുണ്ട്; തുടക്കത്തിൽ അതിൽ ഇപ്പോഴത്തേതിലും കുറച്ചു രൂപങ്ങളേ ഉണ്ടായിരുന്നുമുള്ളു.
യൂഷേൻ ദലക്വായ്ക്ക് പ്രകൃതി അതിവിപുലമായ ഒരു നിഘണ്ടുവാണ്; ഉറച്ചതും നിശിതവുമായ ദൃഷ്ടിയോടെയാണ് അദ്ദേഹം അതിന്റെ താളുകൾ മറിക്കുന്നതും അതിൽ തിരയുന്നതും. പ്രധാനമായും ഓർമ്മയിൽ നിന്നുറവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രകല പ്രധാനമായും ഓർമ്മയെയാണ് ആകർഷിക്കുന്നതും. ഒരു ചിത്രം കാണിയുടെ ആത്മാവിൽ ജനിപ്പിക്കുന്ന പ്രഭാവം ചിത്രകാരൻ ഉപയോഗപ്പെടുത്തുന്ന ഉപാധികളുമായി പ്രത്യക്ഷബന്ധം പുലർത്തുന്നു. ദലക്വായുടെ ചിത്രങ്ങൾ, ഉദാഹരണത്തിന് 'ദാന്തേയും വിർജിലും', മനസ്സിൽ ആഴത്തിൽ മുദ്ര പതിപ്പിക്കുന്നു; അകലം അതിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാകല്യത്തിനു വേണ്ടി വിശദാംശത്തെ ത്യജിക്കാൻ ദലക്വാ എപ്പോഴും തയ്യാറാണ്; വെടിപ്പുറ്റതും അതിവിശദവുമായ കൈമിടുക്ക് വരുത്താവുന്ന മടുപ്പ് തന്റെ ആശയത്തിന്റെ ഓജസ്സിനെ ദുർബ്ബലപ്പെടുത്തുന്നതിലേക്കു നയിക്കാതിരിക്കാൻ അദ്ദേഹം കരുതലെടുക്കുന്നുണ്ട്. വിഷയത്തിന്റെ മർമ്മത്തിലേക്കു കടക്കുന്ന അനിർവ്വചനീയമായ ഒരു മൗലികത അദ്ദേഹത്തിനു സ്വന്തമാണ്.
ശേഷിച്ച സ്വരങ്ങളെ ഇകഴ്ത്തിക്കൊണ്ടേ ഒരു വാദിസ്വരത്തിന് അതിന്റെ പ്രാബല്യം സ്ഥാപിക്കാൻ കഴിയുകയുള്ളു. മറ്റെന്തിനേയും അസാധുവാക്കുന്ന ഒരഭിരുചി ത്യാഗങ്ങൾ ആവശ്യപ്പെടുന്നു; മാസ്റ്റർപീസുകളാവട്ടെ, പ്രകൃതിയിൽ നിന്നൂറ്റിയെടുത്ത സത്തുകളുമാണ്. അതുകൊണ്ടുതന്നെയാണ്, മഹത്തായ ഒരു വൈകാരികാവേശത്തിന്റെ, അതിനി എന്തിനോടായാലും, അനന്തരഫലങ്ങൾ അനുഭവിക്കാൻ നാം തയ്യാറാകേണ്ടത്, ഒരു സിദ്ധിയെ അതിന്റെ എല്ലാ സാദ്ധ്യതകളോടെയും നാം അംഗീകരിക്കേണ്ടത്, പ്രതിഭയുമായി വില പേശാൻ നില്ക്കരുതാത്തത്. ദലക്വായുടെ വരയെക്കുറിച്ചു കൊള്ളിവാക്കുകൾ തൊടുത്തുവിടുന്നവരുടെ മനസ്സിൽ ഉദിക്കാത്തതും ഇതുതന്നെ; സഹിക്കാൻ പറ്റാത്ത വിധം മുൻവിധിക്കാരും ഒറ്റക്കണ്ണന്മാരുമായ ശില്പികൾ വിശേഷിച്ചും (ഒരു ആർക്കിടെക്റ്റിന്റെ അഭിപ്രായത്തിന്റെ പകുതിയേ ഏറിവന്നാൽ അതിനു മൂല്യമുള്ളു). വർണ്ണം നിരർത്ഥകവും ചലനത്തിന്റെ ഏതെങ്കിലും ആവിഷ്കാരം ദുഷ്കരവുമായ ശില്പകലയ്ക്ക് ചലനം, വർണ്ണം, അന്തരീക്ഷം ഇവയിലൂന്നുന്ന ഒരു കലാകാരന്റെ ശ്രദ്ധയാകർഷിക്കാൻ ഒരവകാശവുമില്ല. ഈ മൂന്നു ഘടകങ്ങൾക്കും അവശ്യം ആവശ്യമാണ്, അത്രയും വ്യക്തമാകേണ്ടതില്ലാത്ത രൂപങ്ങൾ, നേർത്തതും അധീരവുമായ രേഖകൾ, കട്ടിയിലുള്ള ചായത്തേപ്പുകൾ. നേർവരകളുടെ കൾട്ട് ഊനപ്പെടുത്താത്ത മൗലികത ഇന്ന് ഏതെങ്കിലും കലാകാരനുണ്ടെങ്കിൽ അത് ദലക്വായ്ക്കു മാത്രമാണ്; അദ്ദേഹത്തിന്റെ രൂപങ്ങൾ സദാ ചലനത്തിലാണ്, അദ്ദേഹത്തിന്റെ തിരശ്ശീലകൾ എപ്പോഴും പാറുന്നതും. ദലക്വായുടെ നിലപാടിൽ രേഖ എന്നൊന്നില്ല; കാരണം, അതിനി എത്ര നേർത്തതായാലും കളിമട്ടുകാരനായ ഒരു ഗണിതജ്ഞന് എത്രയോ ആയിരം രേഖകൾ ഉൾക്കൊള്ളാൻ മാത്രം തടിച്ചതാണതെന്ന് സങ്കല്പിക്കാവുന്നതേയുള്ളു; പ്രകൃതിയുടെ നിതാന്തമായ അശാന്തി പകർത്താൻ യത്നിക്കുന്ന കളറിസ്റ്റുകൾക്കാവട്ടെ, രേഖകൾ മഴവില്ലിലേതു പോലെയാണ്, രണ്ടു നിറങ്ങളുടെ ഗാഢമായ ഇഴുകിച്ചേരൽ.
***
...മഹാന്മാരായ എല്ലാ കലാകാരന്മാരുടേയും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് സാർവ്വലൗകികത. ഒരു ഇതിഹാസകവിക്ക്, ഹോമറോ ദാന്തേയോ ഉദാഹരണം, ഒരേ ലാഘവത്തോടെ ഒരു ഗ്രാമീണഗാനമോ ഒരു കഥയോ ഒരു പ്രഭാഷണമോ ഒരു വർണ്ണനയോ ഒരു ഗീതമോ അങ്ങനെയെന്തും എഴുതാൻ കഴിയും. അതുപോലെ റൂബൻ ഫലങ്ങളുടെ ചിത്രം വരയ്ക്കുകയാണെങ്കിൽ ഏതു സ്പെഷ്യലിസ്റ്റ് വരച്ചതിനേക്കാളും മനോഹരമായിരിക്കും അവ.
ആ സർവ്വലൗകികത യൂഷേൻ ദലക്വായ്ക്കുമുണ്ട്. ദൃഢസ്നേഹം നിറഞ്ഞ സാമാന്യജീവിതത്തിന്റെ ചിത്രീകരണങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്; ഗാംഭീര്യം നിറഞ്ഞ ചരിത്രവിഷയങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അവിശ്വാസികളുടെ ഈ നൂറ്റാണ്ടിൽ ഒരുപക്ഷേ അദ്ദേഹം മാത്രമായിരിക്കും മതവിഷയകമായ ചിത്രങ്ങൾക്കു രൂപം കൊടുത്തിട്ടുള്ളത്; അവ മത്സരത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ പോലെ പൊള്ളയും നിർവ്വികാരവുമായിരുന്നില്ല, മിസ്റ്റിക്കലോ നിയോ-ക്രിസ്ത്യനോ ആയ പാണ്ഡിത്യനാട്യം നിറഞ്ഞതുമായിരുന്നില്ല, മതത്തെ പ്രചാരലുപ്തമായ ഒരു ശാസ്ത്രമായി മാറ്റുകയും മതത്തിന്റെ തന്ത്രിയെ തൊടാനും കമ്പനം ചെയ്യിക്കാനും ആദ്യം തന്നെ അതിന്റെ ചിഹ്നവിജ്ഞാനീയവും അതിന്റെ ആദിമപാരമ്പര്യവും മനസ്സിലാകണമെന്നു ചിന്തിക്കുകയും ചെയ്യുന്ന എല്ലാ കലാദാർശനികരുടേയും സൃഷ്ടികൾ പോലെ.
***
...ഈ വിശകലനം പൂർണ്ണമാക്കാനായി ദലക്വായുടെ ഒരു സവിശേഷത കൂടിയേ അവസാനമായി എനിക്ക് ഊന്നിപ്പറയാനുള്ളു; അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളിലും വച്ച് ഏറ്റവും ശ്രദ്ധേയവും അദ്ദേഹത്തെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ യഥാർത്ഥചിത്രകാരനാക്കുകയും ചെയ്യുന്ന ഒരു സവിശേഷത. അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം വ്യാപിച്ചുകിടക്കുന്ന, ചിരസ്ഥായിയായ വിഷാദഭാവത്തിന്റെ കാര്യമാണ് ഞാൻ സൂചിപ്പിക്കുന്നത്; വിഷയത്തിന്റെ തിരഞ്ഞെടുപ്പും മുഖങ്ങളിലെ ഭാവങ്ങളും ചേഷ്ടകളും നിറങ്ങളുമെല്ലാം ആ വിഷാദത്തിന്റെ പ്രകാശനങ്ങളാണ്. മനുഷ്യവ്യഥയുടെ മറ്റു രണ്ടു മഹാചിത്രകാരന്മാരായ ദാന്തേയുടേയും ഷേക്സ്പിയറുടേയും ആരാധകനാണ് ദലക്വാ; അവരെ അദ്ദേഹത്തിന് ആദ്യന്തം അറിയാം, തന്റേതായ രിതിയിൽ അവരെ വ്യാഖ്യാനിക്കാനും അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരമ്പരയെ തീക്ഷ്ണമായ ശ്രദ്ധയോടെ വീക്ഷിക്കുക എന്നാൽ ഒരു ദുരന്താനുഷ്ഠാനത്തിന്റെ ആചരണത്തിൽ സന്നിഹിതരാണ് നാം എന്ന തോന്നലുണ്ടാവുക എന്നാണ്...വ്യഥയുടെ ആവിഷ്കാരത്തിൽ മാത്രമല്ല അദ്ദേഹം മികച്ചുനിന്നത്, ധാർമ്മികവ്യഥയുടെ ആവിഷ്കാരത്തിലും കൂടിയാണ് (അതിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അത്ഭുതാവഹമായ നിഗൂഢത കുടി കൊള്ളുന്നതും). ഉന്നതവും ഗൗരവം നിറഞ്ഞതുമായ ആ വിഷാദബോധം അദ്ദേഹത്തിന്റെ നിറങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും മ്ളാനമായ ഒരുജ്ജ്വലതയോടെ തിളങ്ങിനില്ക്കുന്നു.
പഴയ ആചാര്യന്മാർ ഓരോ ആൾക്കും സ്വന്തമായ ഒരു തട്ടകമുണ്ടായിരുന്നു; വിശ്രുതരായ പ്രതിയോഗികളുമായി അവർക്കത് പങ്കു വയ്ക്കേണ്ടിയുമിരുന്നു. റാഫേലിന് രൂപത്തിന്റെ, റൂബനും വെറോണീസിനും വർണ്ണത്തിന്റെ, റൂബനും മൈക്കലാഞ്ജലോയ്ക്കും ഭാവനാത്മകമായ ഘടനയുടെ. സാമ്രാജ്യത്തിന്റെ ഒരു ഭാഗം ശേഷിച്ചു (റെംബ്രാന്റ് ഒരാൾ മാത്രമേ എന്തെങ്കിലും കടന്നുകയറ്റം അവിടെ നടത്തിയുള്ളു)- നാടകം, പ്രാപഞ്ചികമായ, ജീവിക്കുന്ന നാടകം, ഭീതിദമായ, വിഷാദമയമായ നാടകം; പലപ്പോഴും വർണ്ണങ്ങളിലൂടെയും എപ്പോഴും ചേഷ്ടകളിലൂടെയും ആവിഷ്കരിക്കപ്പെടുന്ന നാടകം.
ഉദാത്തമായ ചേഷ്ടകളുടെ കാര്യത്തിൽ ദലക്വായ്ക്ക് തന്റെ കലയ്ക്കു പുറത്തേ പ്രതിയോഗികളുള്ളു. ഫ്രെഡെറിക്-ലെമെയ്ത്ര്, മൿറെഡി ഇവരെ മാത്രമേ എനിക്കറിയൂ.
തീർത്തും ആധുനികവും തീർത്തും നവീനവുമായ ഈ ഗുണം കാരണമാണ് ദലക്വാ കലയിലെ പുരോഗതിയുടെ ഏറ്റവും പുതിയ പ്രകാശനമായിരിക്കുന്നത്. അദ്ദേഹം മഹത്തായ പാരമ്പര്യത്തിന്റെ, എന്നു പറഞ്ഞാൽ, രചനയിലെ സമൃദ്ധിയുടേയും കുലീനതയുടേയും ബലത്തിന്റേയും, അനന്തരാവകാശിയാണെന്നു മാത്രമല്ല, മഹാന്മാരായ ആചാര്യന്മാരുടെ യോഗ്യനായ പിൻഗാമി കൂടിയാണ്; അവരുടെ സിദ്ധികൾക്കൊപ്പം മാനവവ്യഥയുടെ, തീവ്രവികാരത്തിന്റെ, ചേഷ്ടയുടെ കൂടി പാടവം അദ്ദേഹത്തിനുണ്ട്! അതാണ് അദ്ദേഹത്തിന്റെ മാഹാത്യ്മത്തിന് സവിശേഷപ്രാധാന്യം നല്കുന്നത്. പഴയ ആചാര്യന്മാരിൽ ഒരാളുടെ ഭാണ്ഡം നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ പ്രതിഭയെ ചരിത്രകാരനു വിശദീകരിച്ചുകൊടുക്കാനും വ്യാഖ്യാനിച്ചുകൊടുക്കാനും ഒരു സമാനാത്മാവിനെ മിക്കപ്പോഴും കണ്ടെടുക്കാവുന്നതേയുള്ളു; എന്നാൽ ദലക്വായെ നീക്കം ചെയ്യുക, ചരിത്രത്തിന്റെ ചങ്ങല മുറിയുകയും നിലം പറ്റുകയും ചെയ്യുന്നു.
(1846ലെ സലോൺ എന്ന ലേഖനത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ