2021, ജൂൺ 5, ശനിയാഴ്‌ച

ഇവാൻ തുർഗെന്യെഫ് - ഗദ്യകവിതകൾ

എന്റെ പ്രതിയോഗി



എന്റെ പ്രതിയോഗിയായ ഒരു സ്നേഹിതൻ എനിക്കുണ്ടായിരുന്നു. എന്നു പറഞ്ഞാൽ അത് ജീവിതലക്ഷ്യങ്ങളിലോ ഉദ്യോഗത്തിലോ പ്രണയബന്ധങ്ങളിലോ അല്ല; എന്നാൽ ഒരു വിഷയത്തിലും ഞങ്ങളുടെ കാഴ്ച്ചപ്പാടുകൾ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. തമ്മിൽ കണ്ടുമുട്ടിയാൽ തീരാത്ത തർക്കങ്ങളിലേക്കു ഞങ്ങൾ വീണുപോകും.

എന്തിനെക്കുറിച്ചും ഞങ്ങൾ തർക്കിക്കും: കലയെക്കുറിച്ച്, ശാസ്ത്രത്തെക്കുറിച്ച്, മതത്തെക്കുറിച്ച്, ഈ ഭൂമിയിലേയും അതു കഴിഞ്ഞുമുള്ള ജീവിതങ്ങളെക്കുറിച്ച്; വിശേഷിച്ചും രണ്ടാമത്തതിനെക്കുറിച്ച്.

ഉറച്ച വിശ്വാസിയായിരുന്നു എന്റെ സ്നേഹിതൻ. ഒരിക്കൽ അവൻ എന്നോടു പറഞ്ഞു: ‘നീ എന്തിനേയും കളിയാക്കുന്നു; നിന്നെക്കാൾ മുമ്പാണ്‌ ഞാൻ മരിക്കുന്നതെങ്കിൽ ഒരു ദിവസം ഞാൻ പരലോകത്തു നിന്ന് നിന്നെക്കാണാൻ വരും...അന്ന് നീ ഇങ്ങനെ കളിയാക്കിച്ചിരിക്കുമോയെന്ന് നമുക്കു നോക്കാം.’

വാസ്തവത്തിൽ എന്നെക്കാൾ മുമ്പ്, നല്ല ചെറുപ്പത്തിൽ, അവൻ മരിക്കുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയി; അവന്റെ വാഗ്ദാനം, അവന്റെ ഭീഷണി ഞാൻ മറന്നുപോവുകയും ചെയ്തു.

ഒരു ദിവസം രാത്രിയിൽ ഉറങ്ങാൻ കിടന്നിട്ട് എനിക്കുറക്കം വന്നില്ല, ഉറങ്ങാൻ തോന്നിയതുതന്നെയില്ല.

മുറിയിൽ ഇരുട്ടാണെന്നോ വെളിച്ചമാണെന്നോ പറയാൻ പറ്റില്ല. ആ പാതിയിരുട്ടിലേക്കുറ്റുനോക്കി ഞാൻ കിടന്നു.

പെട്ടെന്നാണ്‌, രണ്ടു ജനാലകൾക്കിടയിലായി എന്റെ പ്രതിയോഗി നില്ക്കുന്നതായി എനിക്കു തോന്നി; അവിടെ നിന്നുകൊണ്ട്, വളരെപ്പതുക്കെ, ദുഃഖത്തോടെ തലയാട്ടുകയാണവൻ.

എനിക്കു പേടി തോന്നിയില്ല; ആശ്ചര്യം പോലും തോന്നിയില്ല...ഞാൻ കട്ടിലിൽ പാതിയെഴുന്നേറ്റിരുന്ന്, ആ അപ്രതീക്ഷിതമായ മായാരൂപത്തെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.

അതപ്പോഴും തലയാട്ടുകതന്നെയാണ്‌.

‘അല്ലാ,’ ഒടുവിൽ ഞാൻ ചോദിച്ചു, ‘താൻ വിജയിച്ചു എന്നാണോ നിനക്കിപ്പോൾ തോന്നുന്നത്, അതോ കുറ്റബോധമോ? എന്താണിതിന്റെ അർത്ഥം...മുന്നറിയിപ്പോ കുറ്റപ്പെടുത്തലോ? അതോ, തനിക്കു തെറ്റിയെന്നോ നമ്മൾ രണ്ടു പേർക്കും തെറ്റിയെന്നോ ആണോ നീ എന്നെ മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നത്? എന്താണ്‌ നീ അനുഭവിക്കുന്നത്? നരകയാതനകളാണോ? അതോ സ്വർഗ്ഗീയസുഖങ്ങളോ? ഒരു വാക്കെങ്കിലും പറയൂ!’

എന്നാൽ എന്റെ പ്രതിയോഗി ഒരക്ഷരം പോലും മിണ്ടിയില്ല; മുമ്പത്തെപ്പോലെ ദുഃഖത്തോടെ, കീഴടങ്ങിയപോലെ തലയാട്ടിക്കൊണ്ടു നില്ക്കുകയാണവൻ.

ഞാൻ പൊട്ടിച്ചിരിച്ചു...അവൻ മറഞ്ഞുപോവുകയും ചെയ്തു.

(1878 ഫെബ്രുവരി)

നായ



മുറിയിൽ ഞങ്ങൾ രണ്ടുപേർ; എന്റെ നായയും ഞാനും...വെളിയിൽ ഉഗ്രമായ ഒരു കൊടുങ്കാറ്റ് ഹുങ്കാരം മുഴക്കുന്നുണ്ട്.

നായ എന്റെ മുന്നിലിരുന്ന് എന്റെ മുഖത്തേക്കുതന്നെ ഉറ്റുനോക്കുന്നു. 

ഞാനും അവന്റെ മുഖത്തേക്കു തന്നെയാണ്‌ നോക്കുന്നത്.

അവന്‌ എന്നോടെന്തോ പറയാനുണ്ടെന്നപോലെ തോന്നുന്നു. അവൻ മൂകനാണ്‌, അവനു വാക്കുകളില്ല, അവന്‌ അവനെത്തന്നെ മനസ്സിലാകുന്നില്ല- എന്നാൽ എനിക്ക് അവനെ മനസ്സിലാകും.

ഈ നിമിഷം അവനിലും എന്നിലും ജീവിക്കുന്നത് ഒരേ തോന്നലാണെന്ന് എനിക്കു മനസ്സിലാകുന്നുണ്ട്; അതായത്, ഞങ്ങൾക്കിടയിൽ ഒരു വ്യത്യാസവുമില്ല എന്ന്. ഞങ്ങൾ ഒരുപോലെയാണ്‌; ഞങ്ങൾ ഓരോ ആളിലും എരിയുകയും തിളങ്ങുകയും ചെയ്യുന്നത് വിറ പൂണ്ട ഒരേ തീപ്പൊരി തന്നെയാണ്‌.

തണുത്ത, കൂറ്റൻ ചിറകുകൾ വീശി മരണം പറന്നിറങ്ങുന്നു...

അന്ത്യം!

ഞങ്ങൾ ഓരോ ആളിലും തിളങ്ങിനിന്ന ആ തീപ്പൊരി എന്തായിരുന്നുവെന്ന് ആർക്കപ്പോൾ വേർതിരിച്ചറിയാൻ കഴിയും?

അല്ല! അന്യോന്യം മുഖത്തു നോക്കി ഇരിക്കുന്ന മൃഗവും മനുഷ്യനുമല്ല ഞങ്ങൾ...

അവ തുല്യരുടെ കണ്ണുകളാണ്‌, അന്യോന്യം തറച്ചുനില്ക്കുന്ന ആ കണ്ണുകൾ!

അവർ ഓരോ ആളിലും, മൃഗത്തിലും മനുഷ്യനിലും, പേടി പൂണ്ട ജീവൻ കൂനിപ്പിടിച്ചിരിക്കുന്നു, മറ്റേയാൾക്കു തൊട്ടടുത്തായി.

(1878 ഫെബ്രുവരി)

ഭിക്ഷക്കാരൻ



ഞാൻ തെരുവിലൂടെ നടക്കുകയായിരുന്നു...പടുകിഴവനായ ഒരു ഭിക്ഷക്കാരൻ എന്നെ പിടിച്ചുനിർത്തി.

കണ്ണീരു നിറഞ്ഞ, ചോരച്ച കണ്ണുകൾ, നീലിച്ച ചുണ്ടുകൾ, പരുക്കൻ കീറത്തുണികൾ, പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ...ഹൊ, എത്ര ബീഭത്സമായിട്ടാണ്‌ ദാരിദ്ര്യം ആ നികൃഷ്ടജീവിയെ കാർന്നുതിന്നിരിക്കുന്നത്!

ചുവന്നുവീർത്ത, അഴുക്കു പിടിച്ച ഒരു കൈ അയാൾ എനിക്കു നേരേ നീട്ടി. അയാൾ ഞരങ്ങി; എന്തെങ്കിലും കൊടുക്കാൻ അയാൾ പിറുപിറുത്തു.

ഞാൻ എന്റെ പോക്കറ്റു മുഴുവൻ തപ്പി...പേഴ്സില്ല, വാച്ചില്ല, തൂവാല പോലുമില്ല. യാതൊന്നും എടുക്കാതെയാണ്‌ ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ഭിക്ഷക്കാരൻ അപ്പോഴും കാത്തുനില്ക്കുകയാണ്‌...അയാളുടെ നീട്ടിയ കൈ ബലമില്ലാതെ വിറയ്ക്കുന്നുണ്ട്.

എന്തു ചെയ്യണമെന്നറിയാതെ, നാണക്കേടോടെ, ഞാൻ ആ വിറയ്ക്കുന്ന, അഴുക്കു പിടിച്ച കൈയിൽ ഊഷ്മളമായി കടന്നുപിടിച്ചു...‘ദേഷ്യം തോന്നരുത്, സഹോദരാ; എന്റെ കയ്യിൽ ഒന്നുമില്ല.’

ഭിക്ഷക്കാരൻ ചോരച്ച കണ്ണുകൾ കൊണ്ട് എന്നെ തുറിച്ചുനോക്കി; അയാളുടെ നീലിച്ച ചുണ്ടുകളിൽ ഒരു പുഞ്ചിരി പടർന്നു; അയാൾ എന്റെ തണുത്ത വിരലുകളിൽ മുറുക്കിപ്പിടിച്ചു.

‘അതിനെന്താ, സഹോദരാ,’ അയാൾ പിറുപിറുത്തു; ‘ഇതിനു നന്ദി, ഇതും ഒരു സംഭാവനയാണ്‌.’

എനിക്കും എന്റെ സഹോദരനിൽ നിന്ന് ഒരു സംഭാവന കിട്ടിയതായി ഞാനറിഞ്ഞു.

(1878 ഫെബ്രുവരി)

ലോകാവസാനം (ഒരു സ്വപ്നം)


റഷ്യയിലെവിടെയോ ഒരു കാട്ടുമൂലയിൽ, ഒരു സാധാരണ ഗ്രാമീണഭവനത്തിനുള്ളിലായി ഞാൻ സ്വയം സങ്കല്പിച്ചു.

മച്ചുയരം കുറഞ്ഞ, വിശാലമായ മുറിക്ക് മൂന്നു ജനാലകളുണ്ടായിരുന്നു; വെള്ളയടിച്ച ചുമരുകൾ; ഫർണീച്ചർ ഒന്നുമില്ല. വീട്ടിനു മുന്നിൽ തരിശ്ശായ സമതലം; അതു ചരിഞ്ഞുചരിഞ്ഞ് വിദൂരതയിലേക്കു നീളുന്നു; ധൂസരവും ഏകതാനവുമായ ഒരാകാശം അതിനു മേൽ തൂങ്ങിനില്ക്കുന്നു, കിടക്കയ്ക്കു മുകളിലെ മേല്ക്കെട്ടി പോലെ.

ഞാൻ ഒറ്റയ്ക്കല്ല; മുറിക്കുള്ളിൽ എന്റെയൊപ്പം പത്തുപേരോളമുണ്ട്. എല്ലാവരും ലളിതമായ വേഷം ധരിച്ച, വെറും സാധാരണക്കാർ. ആരും കേൾക്കരുതെന്നപോലെ ചുവടുകൾ വച്ച് അവർ മുറിക്കുള്ളിൽ ചാലിടുന്നു. അവർ അന്യോന്യം ഒഴിഞ്ഞുമാറി നടക്കുകയാണ്‌; എന്നാൽ അവർ ഉത്കണ്ഠയോടെ പരസ്പരം നോക്കുന്നുമുണ്ട്.

താൻ എന്തിനാണ്‌ ആ വീട്ടിൽ വന്നതെന്നോ തന്റെ കൂടെ ഉള്ളവർ ആരാണെന്നോ ഒരാൾക്കും അറിയില്ല. എല്ലാ മുഖങ്ങളിലും അസ്വസ്ഥതയും വിഷണ്ണതയും...എല്ലാവരും ഊഴമിട്ട് ജനാലകൾക്കടുത്തു പോയി പുറത്തേക്കുറ്റുനോക്കുന്നുണ്ട്, പുറത്തു നിന്നെന്തോ പ്രതീക്ഷിക്കുന്നപോലെ.

പിന്നെയവർ വീണ്ടും പഴയതുപോലെ നടപ്പു തുടരുന്നു. ഞങ്ങളുടെ കൂടെ ഒരു കൊച്ചുകുട്ടിയുണ്ട്; അവൻ ഇടയ്ക്കിടെ ഒരേ നേർത്ത ശബ്ദത്തിൽ ചിണുങ്ങുന്നതു കേൾക്കാം, ‘ അച്ഛാ, എനിക്കു പേടിയാകുന്നു!’ അവന്റെ ചിണുങ്ങൽ കേൾക്കുമ്പോൾ എന്റെ മനസ്സും അസ്വസ്ഥമാവുകയാണ്‌, എനിക്കും പേടി വന്നുതുടങ്ങുന്നു...എന്തിന്റെ? അതെനിക്കറിയില്ല. വലിയ, വലിയ ഒരത്യാഹിതം അടുത്തടുത്തു വരികയാണെന്ന ഒരു തോന്നൽ മാത്രം.

കുട്ടിയുടെ നിലവിളി നിലയ്ക്കുന്നില്ല. ഹാ, ഇവിടെ നിന്നൊന്നു രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്തൊരു ശ്വാസം മുട്ടലാണ്‌! എന്തൊരു മടുപ്പാണ്‌! എന്തു ഭാരമാണ്‌...എന്നാൽ രക്ഷപ്പെടുക അസാധ്യം.

ഒരു ശവക്കോടി പോലെയാണ്‌ ആ ആകാശം. കാറ്റുമില്ല...വായുവിനിനി ജീവനറ്റോ, അല്ലെങ്കിൽ എന്താണിത്?

കുട്ടി പെട്ടെന്ന് ജനാലയ്ക്കലേക്കോടിച്ചെന്ന്, അതേ ദയനീയമായ സ്വരത്തിൽ ഉറക്കെ വിളിക്കുന്നു, ‘നോക്കൂ! നോക്കൂ! ഭൂമി ഇടിഞ്ഞുവീണു!’

‘എന്ത്? ഇടിഞ്ഞുവീണെന്നോ?’ അതെ; വീടിനു മുമ്പിൽ തൊട്ടു മുമ്പു വരെ ഒരു സമതലം ഉണ്ടായിരുന്നു, ഇപ്പോൾ വീടു നില്ക്കുന്നത് പേടിപ്പെടുത്തുന്ന ഒരുയരത്തിലാണ്‌! ചക്രവാളം ഇടിഞ്ഞുതാണിരിക്കുന്നു; വീട്ടിൽ നിന്നു തൂങ്ങിക്കിടക്കുന്ന ഒരു ചെങ്കുത്തു പോലെയാണതിപ്പോൾ.

ഞങ്ങൾ ജനാലയ്ക്കൽ കൂട്ടം കൂടി...കൊടുംഭീതിയിൽ ഞങ്ങളുടെ ഹൃദയങ്ങൾ മരവിച്ചു. ‘അതിങ്ങെത്തി...അതിങ്ങെത്തി!’ എനിക്കടുത്തു നിന്ന ഒരാൾ മന്ത്രിച്ചു.

നോക്കൂ, ഭൂമിയുടെ വിദൂരാതിർത്തിയിലുടനീളം എന്തിനോ അനക്കം വയ്ക്കുന്നു, വൃത്താകാരത്തിലുള്ള ചെറിയ കുന്നുകൾ പൊന്തിയുയർന്ന് വീഴാൻ തുടങ്ങുന്നു.

‘അതു കടലാണ്‌!’ ആ ചിന്ത ഞങ്ങളുടെയെല്ലാം മനസ്സിൽ ഒരേ നിമിഷം മിന്നിമറഞ്ഞു. ‘അതു നേരേവന്ന് നമ്മളെയെല്ലാം വിഴുങ്ങും...എന്നാൽ എങ്ങനെയാണത് വളർന്ന് ഈ ഉയരത്തിലെത്തുന്നത്? ഈ ചെങ്കുത്തിലേക്ക്?‘

എന്നാൽ അതു വളരുകയാണ്‌, ഭീമാകാരമായി വളരുകയാണ്‌...ഇപ്പോഴത് അകലെയായി പൊന്തുന്ന ഒറ്റയൊറ്റ കുന്നുകളല്ല...ചക്രവാളത്തെ ഒന്നാകെ പുണരുന്ന ഇടമുറിയാത്ത, രാക്ഷസീയമായ ഒറ്റത്തിരയാണത്.

റാഞ്ചിയെടുക്കാനെന്നപോലെ അത് ഞങ്ങൾക്കു മേൽ വീഴാൻ പോവുകയാണ്‌! നരകാന്ധകാരത്തിൽ ചുറ്റിത്തിരിഞ്ഞ്, തണുതണുത്ത ചുഴലിക്കാറ്റായി അതു പറക്കുന്നു! സർവ്വതും ആടിയുലഞ്ഞു; അതിൽ, ആ പറക്കുന്ന ഭീമപിണ്ഡത്തിലുണ്ടായിരുന്നു, ഇടിയൊച്ചകൾ, ഒരായിരം തൊണ്ടകളുടെ ദീനരോദനങ്ങൾ...

ഹാ! എന്തലർച്ചയും കരച്ചിലുമായിരുന്നു! കൊടുംഭീതിയിൽ ഭൂമി ആർത്തുവിളിക്കുന്നതായിരുന്നു അത്...

അതിന്റെ അന്ത്യം! അതിന്റെ അന്ത്യം!

കുട്ടി ഒന്നുകൂടി ചിണുങ്ങി...ഞാൻ എന്റെ ഒപ്പമുള്ളവരെ അള്ളിപ്പിടിക്കാൻ നോക്കി; എന്നാൽ അപ്പോഴേക്കും കട്ടക്കറുപ്പായ, മഞ്ഞുപോലെ തണുക്കുന്ന, ഗർജ്ജിക്കുന്ന ആ കൊടുംതിര ഞങ്ങളെയെല്ലാം ചതച്ചരച്ചിരുന്നു, മൂടിക്കളഞ്ഞിരുന്നു, മുക്കിത്താഴ്ത്തിയിരുന്നു...അന്ധകാരം...ശാശ്വതമായ അന്ധകാരം!

ശ്വാസം മുട്ടിക്കൊണ്ട് ഞാൻ പിടഞ്ഞുണർന്നു.

(മാർച്ച് 1878)


അവസാനത്തെ കൂടിക്കാഴ്ച്ച



ഒരിക്കൽ ഞങ്ങൾ ഏറ്റവുമടുത്ത കൂട്ടുകാരായിരുന്നു...പക്ഷേ ഒരു ഭാഗ്യം കെട്ട നിമിഷം കയറിവന്നു...ഞങ്ങൾ ശത്രുക്കളായി പിരിയുകയും ചെയ്തു.

പിന്നെ വർഷങ്ങൾ ഒരുപാടു കടന്നുപോയി...ഒരിക്കൽ അയാൾ താമസിക്കുന്ന പട്ടണത്തിൽ എത്തിയപ്പോഴാണ്‌ അയാൾ തീരെ ശയ്യാവലംബിയാണെന്നും എന്നെ കാണണമെന്ന് അയാൾക്കാഗ്രഹമുണ്ടെന്നും ഞാൻ അറിയുന്നത്.

ഞാൻ നേരേ അയാളുടെ വീട്ടിലേക്കു പോയി, അയാളുടെ മുറിയിലേക്കു കയറിച്ചെന്നു...ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കണ്ടു...

എനിക്കയാളെ കണ്ടിട്ടു മനസ്സിലായതുതന്നെയില്ല. ദൈവമേ! രോഗം അയാളെ എങ്ങനെ മാറ്റിത്തീർത്തിരിക്കുന്നു!

വിളറിമഞ്ഞിച്ച്, ചുക്കിച്ചുളിഞ്ഞ്, മുടിയെല്ലാം പോയി, നരച്ച ഊശാന്താടിയുമായി അയാളിരിക്കുന്നു; കുടുക്കഴിച്ച ഒരു ഷർട്ടല്ലാതെ ദേഹത്തു മറ്റൊന്നുമില്ല...ഏറ്റവും നേർത്ത തുണിയുടെ ഭാരം പോലും അയാൾക്കു താങ്ങാൻ പറ്റുന്നില്ല. അയാൾ എനിക്കു നേരേ കൈ നീട്ടി; പേടിച്ചുപോകും മട്ടു മെലിഞ്ഞ ആ കൈ കണ്ടാൽ എന്തോ കാർന്നുതിന്ന പോലിരിക്കും. അസ്പഷ്ടമായി അയാൾ എന്തോ മന്ത്രിച്ചു- ആ വാക്കുകൾ സ്വാഗതത്തിന്റേതോ നീരസത്തിന്റേതോ എന്ന് എങ്ങനെയറിയാൻ? അയാളുടെ ശുഷ്കിച്ച നെഞ്ച് ഉയർന്നുതാണു; വെളിച്ചം കെട്ട കൃഷ്ണമണികൾക്കു മുകളിലൂടെ വേദനയുടെ രണ്ടു കണ്ണീർത്തുള്ളികൾ ഉരുണ്ടിറങ്ങി.

എന്റെ ഹൃദയം ഇടിഞ്ഞുതാണു...ഞാൻ അയാൾക്കരികിൽ ഒരു കസേരയിൽ ഇരുന്നു; നോട്ടം താഴ്ത്തിക്കൊണ്ട് ഞാനും അയാൾക്കു നേരേ കൈ നീട്ടി.

എന്നാൽ എന്റെ കയ്യിൽ പിടിച്ചത് അയാളുടെ കൈ അല്ലെന്ന് എനിക്കു തോന്നി.

ഞങ്ങൾക്കിടയിലായി കിളരം കൂടിയ, നിശ്ചേഷ്ടയായ ഒരു വെളുത്ത സ്ത്രീ ഇരിക്കുന്നതായി എനിക്കു തോന്നി. ഒരു നീണ്ട മേലങ്കി അടി മുതൽ മുടി വരെ അവരെ മൂടിക്കിടപ്പുണ്ട്. അവരുടെ കുഴിഞ്ഞ, വിളറിയ കണ്ണുകൾ ശൂന്യതയിലേക്കു നട്ടിരിക്കുന്നു; ആ വിളറിയ, നിശിതമായ ചുണ്ടുകളിൽ നിന്ന് ഒരു ശബ്ദവും പുറത്തുവരുന്നില്ല.

ആ സ്ത്രീയാണ്‌ ഞങ്ങളുടെ കൈകൾ ഒരുമിപ്പിച്ചത്...അവരാണ്‌ ഞങ്ങളെ എന്നെന്നേക്കുമായി അനുരഞ്ജനത്തിലാക്കിയത്.

അതെ...മരണം ഞങ്ങളുടെ പിണക്കം തീർത്തു...

(ഏപ്രിൽ 1878)


നാളെ! നാളെ!



ഒടുവിൽ നോക്കുമ്പോൾ എത്ര ശൂന്യവും വിരസവും വ്യർത്ഥവുമാണ്‌, മിക്കവാറും എല്ലാ ദിവസവും! എത്ര കുറച്ചടയാളങ്ങളേ അവ ശേഷിപ്പിക്കുന്നുള്ളു! എത്രയ്ക്കർത്ഥഹീനവും എത്ര മൂഢവുമാണ്‌ ഒന്നിനു പിന്നിലൊന്നായി നീങ്ങിപ്പോകുന്ന ആ മണിക്കൂറുകൾ!

എന്നിട്ടും മനുഷ്യനാഗ്രഹം ജീവിച്ചിരിക്കാനാണ്‌! അവൻ ജീവിതത്തെ വില മതിക്കുന്നു; അതിൽ, തന്നിൽ, ഭാവിയിൽ അവൻ പ്രതീക്ഷയർപ്പിക്കുന്നു...ഭാവിയിൽ നിന്ന് എന്തൊക്കെ അനുഗ്രഹങ്ങൾ കിട്ടുമെന്നാണ്‌ അവൻ പ്രതീക്ഷിക്കുന്നത്!

പക്ഷേ താൻ ഇപ്പോൾ ജീവിച്ചുകഴിഞ്ഞ ഈ ദിവസം പോലെയാവില്ല വരാനുള്ള മറ്റു ദിവസങ്ങൾ എന്നവൻ മനസ്സിൽ കാണുന്നതെന്തുകൊണ്ടാണ്‌? 

ഇല്ല, അവൻ അങ്ങനെ മനസ്സിൽ കാണുന്നതുപോലുമില്ല. അവനു ചിന്തിക്കണമെന്നുതന്നെയില്ല, അതാണവനു നല്ലതും.

‘ഹാ, നാളെ, നാളെ!’ അവൻ സ്വയം ആശ്വസിപ്പിക്കുന്നു, ഒടുവിൽ ‘നാളെ’ അവനെ ശവക്കുഴിയിലേക്കു തള്ളിയിടുന്നതുവരെ.

ശവക്കുഴിയിൽ വീണുകഴിഞ്ഞാൽ പിന്നെ നിങ്ങൾക്കു വേറേ നിവൃത്തിയൊന്നുമില്ലല്ലോ; പിന്നെ ചിന്തിക്കുകയും വേണ്ട.

(1879 മേയ്)

ഞാൻ എന്തു ചിന്തിക്കും?...


മരണസമയമടുക്കുമ്പോൾ ഞാൻ എന്തിനെക്കുറിച്ചാവും ചിന്തിക്കുക, ചിന്തിക്കാവുന്ന ഒരവസ്ഥയിലാണു ഞാനെങ്കിൽ?

എന്റെ ജീവിതത്തെ എത്ര കുറച്ചേ ഞാൻ ഉപയോഗപ്പെടുത്തിയുള്ളു എന്നായിരിക്കുമോ? മയങ്ങിയും ഉറങ്ങിയുമാണ്‌ ഞാൻ അതിലൂടെ കടന്നുപോയതെന്നാവുമോ? അതോ, അതിന്റെ ഉപഹാരങ്ങൾ ആസ്വദിക്കുന്നതിൽ ഞാൻ എത്രകണ്ടജ്ഞനായിരുന്നുവെന്നോ?

‘എന്ത്? ഇതാണോ മരണം? ഇത്ര പെട്ടെന്ന്? ഇതു പറ്റില്ല! എന്തെങ്കിലും ചെയ്യാനുള്ള നേരം ഇതുവരെ എനിക്കു കിട്ടിയിട്ടില്ല...തുടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു ഞാൻ!’

ഭൂതകാലത്തെ ഞാൻ ഓർമ്മിച്ചെടുക്കുമോ, ഞാൻ ജീവിച്ച അപൂർവ്വം ദീപ്തനിമിഷങ്ങളെ -അനർഘമായ ബിംബങ്ങളെ, മുഖങ്ങളെ- ചിന്തയിലേക്കാനയിക്കുമോ?

ഞാൻ ചെയ്ത ദുഷ്ടതകൾ എന്റെ മനസ്സിലേക്കു കടന്നുവരുമോ, വൈകിയെത്തിയ പശ്ചാത്താപത്താൽ എന്റെ ആത്മാവു മുറിപ്പെടുമോ?

ശവക്കുഴിക്കപ്പുറം എന്നെ കാത്തിരിക്കുന്നതെന്താണെന്നാവുമോ ഞാൻ ചിന്തിക്കുക...വാസ്തവത്തിൽ അവിടെ എന്തെങ്കിലും എന്നെ കാത്തിരിക്കുന്നുണ്ടാവുമോ?

ഇല്ല...ഒന്നും ചിന്തിക്കാതിരിക്കാനാവും ഞാൻ ശ്രമിക്കുക എന്നെനിക്കു തോന്നുന്നു; എനിക്കു മുന്നിൽ കറുത്തുകിടക്കുന്ന, ഭീഷണമായ അന്ധകാരത്തിൽ നിന്ന് എന്റെ ശ്രദ്ധ തിരിക്കാനായി എന്തെങ്കിലും നിസ്സാരകാര്യത്തിൽ താല്പര്യമെടുക്കാനാവും മനസ്സിനെ ഞാൻ പ്രേരിപ്പിക്കുക.

മരിക്കാൻ കിടക്കുന്ന ഒരാളെ ഒരിക്കൽ ഞാൻ കണ്ടിരുന്നു; തനിക്കു കൊറിക്കാൻ ഹെയ്സൽ കുരുക്കൾ തരുന്നില്ല എന്ന് ആവലാതിപ്പെടുകയായിരുന്നു അയാൾ!...മങ്ങിമങ്ങിവരുന്ന ആ കണ്ണുകളുടെ കയങ്ങളിൽ എന്തോ ഒന്ന് വിറ കൊള്ളുകയും കുതറുകയും ചെയ്തിരുന്നു, മാരകമായി മുറിപ്പെട്ട ഒരു കിളിയുടെ മുറിഞ്ഞ ചിറകു പോലെ...

(1879 ആഗസ്റ്റ്)

കുരുവി


ഞാൻ നായാട്ടു കഴിഞ്ഞ് നടക്കാവിലൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു; എന്റെ നായ ട്രെസർ മുന്നിൽ ഓടിപ്പോകുന്നുണ്ട്.
പെട്ടെന്നവൻ നടത്ത പതുക്കെയാക്കിയിട്ട് എന്തോ ഇരയെ മണത്തിട്ടെന്നപോലെ പതുങ്ങിയിരുന്നു.
ഞാൻ വഴിയിലേക്കു കണ്ണോടിച്ചപ്പോൾ ഒരു കുരുവിക്കുഞ്ഞ് നിലത്തു വീണുകിടക്കുന്നതു കണ്ടു. അതിന്റെ ചുണ്ടിനു ചുറ്റുമായി ഒരു മഞ്ഞപ്പുണ്ടായിരുന്നു, അതിന്റെ തലയിൽ പതുപതുത്ത തൂവലും. അത് കൂട്ടിൽ നിന്നു വീണതായിരിക്കണം (പാതയ്ക്കരികിലെ ബെർച്ചുമരങ്ങൾ കാറ്റത്തുലയുന്നുണ്ടായിരുന്നു). പൂർണ്ണവളർച്ചയെത്താത്ത ചിറകുകൾ നിസ്സഹായമായി ഇരുവശത്തേക്കും നീട്ടി, അനക്കമറ്റിരിക്കുകയായിരുന്നു അത്.
എന്റെ നായ പതുക്കെപ്പതുക്കെ അതിനെ സമീപിക്കുമ്പോൾ അടുത്തൊരു മരത്തിൽ നിന്ന് നെഞ്ചു കറുത്ത ഒരു കുരുവി പെട്ടെന്ന് അവന്റെ മൂക്കിനു തൊട്ടു മുന്നേ കല്ലുപോലെ വന്നുവീണു; വിരണ്ടും ചുരുണ്ടുകൂടിയും ദയനീയമായി കരഞ്ഞുംകൊണ്ട് അത് ട്രെസറിന്റെ പിളർന്ന വായയ്ക്കു മുന്നിലേക്ക് പലതവണ എടുത്തുചാടി.
ആ കിളി സ്വന്തം ഉടൽ കൊണ്ട്, പേടി കൊണ്ടു വിറ കൊള്ളുന്ന, ഇത്തിരിയോളം പോന്ന ഉടൽ കൊണ്ട്, സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ നോക്കുകയാണ്‌! അതിന്റെ നേർത്ത ശബ്ദം കാറിയതും വന്യവുമായിരുന്നു, അതു പേടിച്ചുമരിക്കാറായിരുന്നു, അതു സ്വന്തം ജീവൻ ബലി കൊടുക്കുകയായിരുന്നു!
എത്ര ഭീമാകാരനായ സത്വമായിട്ടായിരിക്കണം അതിന്‌ ആ നായ കാണപ്പെട്ടത്! എന്നിട്ടും ഉയരമുള്ള, സുരക്ഷിതമായ ഒരു ചില്ലയിൽ സ്വസ്ഥമായിട്ടിരിക്കാൻ അതിനു കഴിഞ്ഞില്ല...അതിപ്രബലമായ ഒരു ശക്തി, അതിന്റെ ഇച്ഛാശക്തിയേക്കാൾ ബലത്തതൊന്ന്, അതിനെ ആ മരക്കൊമ്പിൽ നിന്നു തള്ളിയിടുകയായിരുന്നു.
ട്രെസർ പെട്ടെന്നു നിന്നിട്ട് പിന്നിലേക്കൊന്നു മാറി...അവനും ആ ശക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
പെട്ടെന്നു ഞാൻ പരുങ്ങലിലായ നായയെ തിരിച്ചുവിളിച്ചുകൊണ്ട് ആദരവോടെ നടന്നുപോയി.
ചിരിക്കരുത്. ആ സാഹസിയായ കുഞ്ഞുകിളിയോടും അതിന്റെ സ്നേഹപ്രകടനത്തോടും സത്യമായും അത്യാദരവാണ്‌ എനിക്കു തോന്നിയത്.
സ്നേഹം, ഞാൻ ഓർത്തു, മരണത്തെക്കാൾ, മരണഭീതിയെക്കാൾ പ്രബലമാണ്‌; ജീവന്റെ ആധാരവും ചാലകശക്തിയും സ്നേഹം ഒന്നുമാത്രമാണ്‌.
*

ആരുടെ തെറ്റ്?


അവൾ തന്റെ മൃദുലമായ, വിളറിയ കൈ എന്റെ നേർക്കു നീട്ടി; നിശിതമായ ഒരു പാരുഷ്യത്തോടെ ഞാനതു തള്ളിമാറ്റി. അവളുടെ യൗവ്വനയുക്തമായ, വശ്യമായ മുഖത്ത് ഒരന്ധാളിപ്പു പരന്നു. യുവത്വം നിറഞ്ഞ, ദയാർദ്രമായ കണ്ണുകൾ നീരസത്തോടെ എന്നെ നോക്കി; യുവതിയായ, നിർമ്മലയായ ആ മനുഷ്യജീവിക്ക് എന്നെ മനസ്സിലാകുന്നില്ല.
“ഞാൻ എന്തു തെറ്റു ചെയ്തു?” അവൾ മന്ത്രിക്കും പോലെ ചോദിച്ചു.
എന്തു തെറ്റു ചെയ്തു? നിന്നെ പഴിക്കും മുമ്പേ സ്വർഗ്ഗത്തിലെ ഏറ്റവും പ്രകാശമാനമായ ഗഹനതയിലെ ഏറ്റവും കാരുണ്യവാനായ മാലാഖയെ പഴിക്കേണ്ടിവരും.
എന്നാൽക്കൂടി നീ ചെയ്യുന്നത് വലിയ തെറ്റാണ്‌.
അതെന്താണെന്നു നിനക്കറിയണമെന്നുണ്ടോ? നിനക്കു പിടി കിട്ടാത്തതും നിനക്കു വിശദീകരിച്ചുതരാൻ ഞാൻ അശക്തനുമായ ആ ഗുരുതരമായ തെറ്റ്?
അതിതാണ്‌: നീ യൗവ്വനമാണ്‌, ഞാൻ വാർദ്ധക്യവും.

അഭിപ്രായങ്ങളൊന്നുമില്ല: