2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേർ- കൊള്ളിവാക്കുകൾ

കൊള്ളിവാക്കുകൾ


I

ദൈവമില്ലെങ്കിൽപോലും മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല.

 ഭരിക്കാൻ അസ്തിത്വം വേണമെന്നില്ലാത്ത ഒരേയൊരു ജീവിയാണ്‌ ദൈവം.

 മനസ്സ് സൃഷ്ടിക്കുന്നതെന്തും ദ്രവ്യത്തെക്കാൾ ജീവനുള്ളതാണ്‌.

 പ്രണയം സ്വയം വ്യഭിചരിക്കാനുള്ള ആഗ്രഹമാണ്‌. വ്യഭിചാരത്തോടു ബന്ധപ്പെട്ടതല്ലാത്ത ആനന്ദങ്ങൾ ഇല്ലെന്നുതന്നെ പറയാം.

 നാടകശാലയിൽ, നൃത്തശാലയിൽ ഓരോ ആളും എല്ലാവരെയും സ്വന്തമാക്കി ആനന്ദിക്കുന്നു.

 എന്താണ്‌ കല?വ്യഭിചാരം.

 ആൾക്കൂട്ടത്തിൽ ഉൾപ്പെടുന്നതിന്റെ ആഹ്ലാദം എണ്ണപ്പെരുക്കത്തിലെ ഐന്ദ്രിയാഹ്ലാദത്തിന്റെ നിഗൂഢമായ ഒരാവിഷ്കാരമാണ്‌.

 പ്രണയം ഉറവയെടുക്കുന്നത് ഉദാരമായ ഒരു വികാരത്തിൽ നിന്നാവാം: വ്യഭിചാരത്തിനുള്ള ആഗ്രഹം. എന്നാൽ വൈകാതെയത് ഉടമസ്ഥതയ്ക്കുള്ള ആഗ്രഹത്താൽ ദൂഷിതമാകുന്നു.

 പ്രണയം തന്നിൽ നിന്നു പുറത്തു വരാനും അതിന്റെ ഇരയുടെ ഒരംശമാകാനും (വിജയിക്ക് പരാജിതനോടു തോന്നുന്നതുപോലെ) അതേ സമയം, വിജേതാവിന്റെ അവകാശങ്ങൾ കളയാതെ സൂക്ഷിക്കാനും ആഗ്രഹിക്കുന്നു.

 ഒരു വെപ്പാട്ടിയെ വച്ചിരിക്കുന്നവന്റെ ഇന്ദ്രിയസുഖങ്ങൾ ഒരേ സമയം ഒരു മാലാഖയുടേതും ഒരു ജന്മിയുടേതുമാണ്‌. അനുകമ്പയും ക്രൂരതയും. അവ കാമത്തിൽ നിന്ന്, സൗന്ദര്യത്തിൽ നിന്ന്, ജന്തുജാതിയിൽ നിന്ന് സ്വതന്ത്രവുമാണ്‌.

 നനവാർന്ന വേനൽസന്ധ്യകളിൽ പച്ചനിറം പൂണ്ട നിഴലുകൾ.

 പൊതുഭാഷാപ്രയോഗങ്ങളിലെ ചിന്തയുടെ ആഴങ്ങൾ; ഉറുമ്പുകളുടെ തലമുറകൾ കുഴിച്ചെടുത്ത കുഴികൾ.

II

പ്രണയം പീഡനം പോലെയോ ശസ്ത്രക്രിയ പോലെയോ ആണെന്ന് ഞാൻ എന്റെ കുറിപ്പുകളിൽ ഇതിനകം തന്നെ എഴുതിയിട്ടുണ്ടെന്നാണ്‌ എന്റെ ഓർമ്മ. എന്നാൽ ഈ ആശയം പിന്നെയും വികസിപ്പിച്ചു കൊണ്ടുപോകാം, എത്രയും പാരുഷ്യവും കയ്പ്പും നിറഞ്ഞ രീതിയിൽ. എങ്ങനെയെന്നാൽ- അന്യോന്യദാഹം കൊണ്ടു നിറഞ്ഞവരും തീവ്രാനുരാഗികളുമാണ്‌ രണ്ടുപേരെങ്കിൽ അതിൽ ഒരാൾക്കെപ്പോഴും തീക്ഷ്ണത അല്പം കുറവായിരിക്കും, പ്രണയപരവശത അത്രയ്ക്കയാൾക്കുണ്ടാവില്ല. അയാളോ അവളോ ആയിരിക്കും സർജ്ജൻ അല്ലെങ്കിൽ ആരാച്ചാർ; മറ്റേയാൾ രോഗി അല്ലെങ്കിൽ ഇര. ആ നെടുവീർപ്പുകൾ നിങ്ങൾ കേൾക്കുന്നില്ലേ?- നാണം കെട്ട ഒരു ദുരന്തനാടകത്തിന്റെ നാന്ദികൾ- ആ ഞരങ്ങലുകൾ, ആ സീല്ക്കാരങ്ങൾ, ആ കിതപ്പുകൾ? ആരവ പുറപ്പെടുവിച്ചിട്ടില്ല, ആരവ തങ്ങളിൽ നിന്നു പിഴിഞ്ഞെടുത്തിട്ടില്ല? ഇതിലും ഭീകരമായ കാഴ്ചകൾ വിദഗ്ധരായ പീഡകർ നിർവ്വഹിക്കുന്ന മറ്റേതു മതദ്രോഹവിചാരണയിലാണു നിങ്ങൾക്കു കാണാൻ കഴിയുക? നിദ്രാടകരുടേതെന്നപോലെ പിന്നിലേക്കുരുണ്ടുമറിയുന്ന ആ കൃഷ്ണമണികൾ, ഷോക്കേല്പിക്കുമ്പോഴെന്നപോലെ പിടയുകയും വലിയുകയും ചെയ്യുന്ന ആ പേശികൾ- അത്രയും ഭീതിദവും വിചിത്രവുമായ പ്രതിഭാസങ്ങൾ ഏതറ്റമെത്തിയ ലഹരിയിലും ഉന്മാദത്തിലും കറുപ്പുതീറ്റയിലും നിന്നു നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കാൻ രൂപപ്പെടുത്തിയതെന്നു ഓവിഡ് വിശ്വസിച്ച മനുഷ്യമുഖം, നോക്കൂ! അതിലിപ്പോൾ കാണുന്നത് ഭ്രാന്തമായ ഒരു രൗദ്രതയാണ്‌, അല്ലെങ്കിൽ മരണസമാനമായ ഒരു വിശ്രാന്തിയാണ്‌. ഈ തരം ജീർണ്ണതയെ ‘നിർവൃതി’ എന്ന വാക്കുപയോഗിച്ചു വിശേഷിപ്പിക്കുന്നത് ദൈവദൂഷണമാണെന്നുതന്നെ ഞാൻ പറയും. 

കളിക്കാരിൽ ഒരാൾക്ക് സ്വയം പണയം വയ്ക്കേണ്ടിവരുന്ന ഭീകരമായ കളി!

പ്രണയത്തിൽ ഏറ്റവും വലിയ ആനന്ദമേതാണെന്ന് ഞാൻ കൂടി ഇരിക്കുമ്പോൾ ആരോ ചോദിച്ചിരുന്നു. ഒരാൾക്കു സംശയമുണ്ടായില്ല: കൈക്കൊള്ളുന്നതിൽ; മറ്റൊരാൾ: സ്വയം സമർപ്പിക്കുന്നതിൽ. ഒന്നാമൻ പറഞ്ഞു: അഭിമാനത്തിന്റെ സുഖം, രണ്ടാമൻ പറഞ്ഞു: എളിമയുടെ ആനന്ദം. ‘ക്രിസ്ത്വനുകരണ’ത്തിന്റെ ഭാഷയിലായിരുന്നു ആ പന്നികളുടെയെല്ലാം സംസാരം. ഏറ്റവും ഒടുവിൽ ഒരു നാണം കെട്ട ഉട്ടോപ്പ്യന്റെ ദൃഢപ്രസ്താവനയുമുണ്ടായി: രാഷ്ട്രത്തിനു വേണ്ടി പൗരന്മാരെ ജനിപ്പിക്കുക എന്നതാണ്‌ പ്രണയത്തിലെ ഏറ്റവും വലിയ ആനന്ദം. ഇനി ഞാനാണെങ്കിൽ ഇങ്ങനെ പറയും: പ്രണയത്തിൽ പ്രഥമവും പ്രധാനവുമായി ഒരാനന്ദമേയുള്ളു- ചെയ്യുന്നത് പാപമാണെന്ന സുനിശ്ചിതമായ ബോധം. ആണിനും പെണ്ണിനും ജനിച്ചപ്പോഴേ അറിയാം, തിന്മയിലല്ലാതെ ആനന്ദമില്ല.

V

 ഒരാൾ രോഗശയ്യയിലാവുമ്പോൾ അയാളുടെ മിക്കവാറും എല്ലാ സുഹൃത്തുക്കളും അയാൾ മരിച്ചുകാണാൻ രഹസ്യമായി ആഗ്രഹിക്കും; ചിലർക്കത് അയാളുടെ ആരോഗ്യം തങ്ങളുടേതിനെക്കാൾ താഴ്ന്നതാണെന്നു തെളിയിക്കാനായിരിക്കും; മറ്റുള്ളവർക്ക് ഒരു മരണവേദന അടുത്തുനിന്നു കാണാൻ കഴിയുമെന്ന നിസ്സംഗമായ മോഹം കാരണവും.

 VI

നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ സ്നേഹിക്കുന്നുള്ളു.

 അമൂർത്തതകൾ ഒഴികെയുള്ള കാര്യങ്ങളിൽ കാണിക്കുന്ന ആവേശം ദൗർബ്ബല്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്‌.

 VII

 ഒരു കാപ്പിക്കടയിൽ ചെന്നുകയറുമ്പോഴൊക്കെ തന്റെ മനസ്സ് വൈകാരികമായ ഒരസ്വസ്ഥതയ്ക്ക് അടിപ്പെടാറുണ്ടെന്ന് ഷീൻ ജാക്വെസ് പറഞ്ഞു. ഒരു കാതരപ്രകൃതത്തിന്‌ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ നരകത്തിലെ വിചാരണക്കോടതി പോലെയാണ്‌. 

IX

ഉറക്കത്തെക്കുറിച്ച്, എല്ലാ രാത്രിയിലേയും ആ അശുഭസാഹസത്തെക്കുറിച്ച്, ഇങ്ങനെ നിരീക്ഷിക്കാം: മനുഷ്യർ നിത്യവും കിടക്കാൻ പോകുന്നത് എത്ര ധൈര്യത്തോടെയാണെന്നത് നമുക്കു പിടി കിട്ടാതെപോയേനേ, അപകടത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതയുടെ ഫലമാണതെന്ന് നമുക്കറിവില്ലായിരുന്നെങ്കിൽ.

XII

ഗണിതപരമായ ഭ്രാന്തും ആ ഭ്രാന്തു പിടിച്ചവരുമുണ്ടോ, രണ്ടും രണ്ടും കൂട്ടിയാൽ മൂന്നാണെന്നു വിശ്വസിക്കുന്നവർ? മറ്റു വിധത്തിൽ പറഞ്ഞാൽ, മതിഭ്രമം ശുദ്ധയുക്തിയുടെ മേഖലയിലേക്കും കടന്നുകയറുമോ? ഒരു മനുഷ്യൻ ആലസ്യത്തിലും പകല്ക്കിനാവിലും മുഴുകിക്കഴിയുകയും ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങൾ എന്നുമെന്നും നാളത്തേക്കു മാറ്റിവയ്ക്കുകയും ചെയ്യുമ്പോൾ ഒരു പ്രഭാതത്തിൽ മറ്റൊരാൾ വന്ന് ചാട്ട കൊണ്ട് നിർദ്ദയം പ്രഹരിച്ച് അയാളെ ഉണർത്തുകയാണെങ്കിൽ,  സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയാതിരുന്ന ഒരാൾ ഇപ്പോൾ പേടി കൊണ്ടു പണിയെടുക്കുകയാണെങ്കിൽ- എങ്കിൽ ആ മനുഷ്യൻ, ആ ശിക്ഷകനാവില്ലേ, അയാളുടെ ഉപകർത്താവും ഏറ്റവും നല്ല സുഹൃത്തും? സന്തോഷം പിന്നാലെ വരുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യാം, വിവാഹത്തിനു ശേഷം പ്രണയമുണ്ടാകുമെന്നു പറയുന്നതിനെക്കാൾ കൂടുതൽ യുക്തിയോടെ.

അതുപോലെ, രാഷ്ട്രീയത്തിലെ യഥാർത്ഥത്തിലുള്ള പുണ്യവാളൻ ജനതയെ അവരുടെ  നന്മയ്ക്കായി ശാസിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നവനാണ്‌.

XVII

പ്രചോദനം വരുന്നത് എപ്പോഴും ഒരാൾ അതിനായി ആഗ്രഹിക്കുമ്പോഴാണ്‌; എന്നാൽ അയാൾ ആഗ്രഹിക്കുമ്പോൾ അതു മടങ്ങിപ്പോകണമെന്നുമില്ല. 

*

ആത്മാവിന്റെ ചില അർദ്ധ-പ്രകൃത്യതീതാവസ്ഥകളിൽ ജീവിതത്തിന്റെ കാണാക്കയങ്ങളൊന്നാകെ നമ്മുടെ കണ്മുന്നിലുള്ള ദൃശ്യത്തിൽ- അതിനി എത്ര സർവ്വസാധാരണമായിരുന്നാലും- വെളിവാകുന്നു. ഇത് അതിന്റെ പ്രതീകമാകുന്നു.

*

വണ്ടികൾ വന്നിടിക്കാതിരിക്കാനായി ഒരല്പം ധൃതിയോടെ തെരുവു മുറിച്ചുകടക്കുമ്പോൾ എന്റെ തലയിലെ പരിവേഷമൂരി റോഡിലെ അഴുക്കിൽ ചെന്നുവീണു. ഭാഗ്യത്തിന്‌ അതു വീണ്ടെടുക്കാനുള്ള നേരം എനിക്കു കിട്ടി; എന്നാൽ ഒരു നിമിഷം കഴിഞ്ഞപ്പോൾ ഇതൊരു ദുശ്ശകുനമാണെന്ന അശുഭചിന്ത എന്റെ തലയിൽ കയറിക്കൂടി; അതില്പിന്നെ ആ ചിന്ത എന്നെ പിരിഞ്ഞുപോയിട്ടില്ല; പകലു മുഴുവൻ അതെനിക്കു സ്വൈരം തന്നിട്ടില്ല.

(ഈ ആശയം പിന്നീട് ‘എന്റെ പരിവേഷനഷ്ടം’ എന്ന ഗദ്യകവിതയായി വികസിക്കുന്നുണ്ട്.)

*

ഒരാൾ ഭാര്യയേയും കൂട്ടി പിസ്റ്റൾ ഷൂട്ടിങ്ങിനു പോകുന്നു. ഒരു പാവയെ ഉന്നമാക്കി വച്ചിട്ട് അയാൾ ഭാര്യയോടു പറയുന്നു: “അത് നീയാണെന്നു ഞാൻ മനസ്സിൽ കാണുകയാണ്‌.” അയാൾ കണ്ണുകളടയ്ക്കുന്നു; പാവ ചിന്നിച്ചിതറുന്നു. എന്നിട്ടയാൾ തന്റെ കൂട്ടാളിയുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ടു പറഞ്ഞു: “എന്റെ പ്രിയപ്പെട്ട ദേവതേ, എന്റെ വൈദഗ്ധ്യത്തിനു ഞാൻ നിന്നോടു നന്ദി പറയട്ടെ!”

(‘പിഴയ്ക്കാത്ത ഉന്നം’ എന്ന ഗദ്യകവിതയുടെ ബീജരൂപമാണിത്.)

*

സകലരിലും നടുക്കവും അറപ്പും ജനിപ്പിച്ചുകഴിഞ്ഞാൽ ഞാനെന്റെ ഏകാന്തതയെ അതിജീവിച്ചുകഴിഞ്ഞു.

ഈ പുസ്തകം നമ്മുടെ ഭാര്യമാർക്കും നമ്മുടെ പെണ്മക്കൾക്കും നമ്മുടെ സഹോദരിമാർകും വേണ്ടിയുള്ളതല്ല. അത്തരം കാര്യങ്ങളുമായി എനിക്കൊരു ബന്ധവുമില്ല.

*

xxi

എനിക്കു മുപ്പതായെന്ന് ആളുകൾ പറയുന്നു; എന്നാൽ ഒരു മിനുട്ടിൽ മൂന്നു മിനുട്ടുകൾ ഞാൻ ജീവിച്ചിട്ടുണ്ടെങ്കിൽ...എങ്കിൽ എനിക്കിപ്പോൾ തൊണ്ണൂറു വയസ്സായില്ലേ?

ആത്മാവുകളെ മമ്മിയാക്കി ഉണക്കിസൂക്ഷിക്കാനുള്ള ഉപ്പല്ലേ ഉദ്യോഗം?

*

xxii

ഹ്യൂഗോ, ഒരു പുരോഹിതനെപ്പോലെ, എപ്പോഴും നമ്രമുഖനായിരുന്നു- അത്രയും നമ്രമുഖനാകയാൽ സ്വന്തം പൊക്കിളല്ലാതെ മറ്റൊന്നും അദ്ദേഹം കാണുന്നുമില്ല.

*

ലോകം അവസാനിക്കാൻ പോവുകയാണ്‌. ഇപ്പോഴും അതവിടെയുണ്ടെങ്കിൽ അതിനുള്ള ഒരേയൊരു കാരണം അതിന്റെ ഭൗതികമായ അസ്തിത്വം മാത്രമാണ്‌. എത്ര ദുർബ്ബലവുമാണ്‌ ആ കാരണം, അതിനെതിരായുള്ള കാരണങ്ങൾ, പ്രത്യേകിച്ചും താഴെപ്പറയുന്നത്, വച്ചു നോക്കുമ്പോൾ: ഈ ലോകത്തിന്‌ ഇനി എന്തു ചെയ്യാനിരിക്കുന്നു? ഭൗതികമായി അതിപ്പോഴും ഉണ്ട് എന്നു സമ്മതിച്ചാൽത്തന്നെ അതൊരു പര്യാപ്തമായ കാരണമാകുന്നില്ല. ഒരു തെക്കേ അമേരിക്കൻ റിപ്പബ്ലിക്കിന്റെ കോമാളിത്തം നിറഞ്ഞ അവ്യവസ്ഥകളായി ലോകം മാറുമെന്നല്ല ഞാൻ പറയുന്നത്; നമ്മൾ പ്രാകൃതാവസ്ഥയിലേക്കു മടങ്ങുമെന്നും നമ്മുടെ നാഗരികതയുടെ പുല്ലു കേറിയ നാശാവശിഷ്ടങ്ങൾക്കിടയിൽ കയ്യിൽ തോക്കുമായി നാം തീറ്റ തേടി നടക്കും എന്നുപോലുമല്ല. അല്ല; കാരണം, ഈ സാഹസികതകൾക്കും ജീവശക്തിയുടെ ഒരല്പമെങ്കിലും ശേഷിപ്പ്, മുൻകാലങ്ങളുടെ ഒരു മാറ്റൊലി, ആവശ്യമായി വരും. പുതിയൊരുദാഹരണമായി, മാറ്റമില്ലാത്ത ധാർമ്മികനിയമങ്ങളുടെ പുതിയ ഇരകളായി, നാം നശിക്കും, നമ്മുടെ അസ്തിത്വത്തിനു ഹേതുവായി നാം വിശ്വസിച്ച അതൊന്നുകൊണ്ടുതന്നെ. അത്രയ്ക്കും അമേരിക്കൻ യന്ത്രപ്പാവകളായി നാം മാറിയിരിക്കുന്നു എന്നതിനാൽ, ആത്മീയമായി നമ്മിലുള്ളതെന്തിനേയും പുരോഗതി മുരടിപ്പിച്ചുകഴിഞ്ഞു എന്നതിനാൽ അതിന്റെ അനന്തരഫലത്തോടു താരതമ്യം ചെയ്യാൻ  ഉട്ടോപ്യന്മാരുടെ ഒരു സ്വപ്നവും, അതിനി എത്ര രക്തരൂഷിതമോ ദൈവവിരുദ്ധമോ പ്രകൃതിവിരുദ്ധമോ ആകട്ടെ, മതിയാവില്ല. ജീവിതത്തിന്റേതായി എന്തു ശേഷിക്കുന്നുവെന്നു കാണിച്ചുതരാൻ ചിന്താശീലമുള്ള ഓരോ വ്യക്തിയോടും ഞാനപേക്ഷിക്കുന്നു. മതത്തിന്റെ കാര്യമാണെങ്കിൽ, അതിനെക്കുറിച്ചു സംസാരിക്കുന്നതോ അതിന്റെ ശേഷിപ്പുകൾ തേടിപ്പോകുന്നതോ കൊണ്ട് ഒരുപയോഗവുമില്ല എന്നാണെന്റെ വിശ്വാസം; ദൈവനിഷേധം എന്ന കളങ്കം സ്വയം ഏറ്റെടുക്കാമെന്നല്ലാതെ അതുകൊണ്ടു മറ്റൊരു കാര്യവുമില്ല. മൂത്ത മകന്റെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുക വഴി ഉടമസ്ഥത മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു; മനുഷ്യരാശി വിപ്ലവത്തിന്റെ നേരവകാശികളെന്നു സ്വയം വിശ്വസിക്കുന്നവരുടെ അവസാനത്തെ ഇറച്ചിത്തുണ്ടും പ്രതികാരേച്ഛുവായ ഒരു രാക്ഷസനെപ്പോലെ കടിച്ചുകാരുന്ന ഒരു കാലം വരും. എന്നാൽ അതിലും മോശമായതു വരാനിരിക്കുന്നതേയുള്ളു.

മനുഷ്യഭാവനയ്ക്ക് അധികം ക്ലേശിക്കാതെതന്നെ ചിലതരം കീർത്തികൾക്കർഹമായ ചില റിപ്പബ്ലിക്കുകളേയോ വംശീയരാഷ്ട്രങ്ങളേയോ സങ്കല്പിക്കാവുന്നതേയുള്ളു; ദിവ്യപുരുഷന്മാർ, ചില അഭിജാതർ ആയിരിക്കണം അവയെ നിയന്ത്രിക്കുന്നത്. എന്നാൽ രാഷ്ട്രീയസ്ഥാപനങ്ങളിലായിരിക്കില്ല സാർവ്വത്രികനാശമോ സാർവ്വത്രികപുരോഗതിയോ - പേരിൽ കാര്യമില്ല- വെളിച്ചപ്പെടുക. അതു പ്രത്യക്ഷപ്പെടുന്നത് മനുഷ്യഹൃദയത്തിന്റെ അധോഗതിയിലായിരിക്കും. രാഷ്ട്രതന്ത്രജ്ഞതയുടെ അവസാനത്തെ അടയാളങ്ങൾ സാർവ്വത്രികമായ മൃഗീയതയുടെ പിടിയിൽ കിടന്നു പിടയുന്നതിനെക്കുറിച്ചും ഭരണാധികാരികൾ- സ്വന്തം സ്ഥാനം നിലനിർത്താനും നിയമവാഴ്ച്ചയുടെ നിഴലെങ്കിലും ഉണ്ടെന്നുവരുത്താനും- ഹൃദയം കല്ലിച്ചവരെങ്കിലും ഇന്നത്തെ മനുഷ്യർ പോലും നടുങ്ങിപ്പോകുന്ന നടപടികൾ എടുക്കേണ്ടിവരുന്നതിനെക്കുറിച്ചും ഞാൻ വിശദീകരിക്കേണ്ട ആവശ്യമുണ്ടോ? അന്ന് മകൻ കുടുംബത്തിൽ നിന്നോടിപ്പോകും, പതിനെട്ടാമത്തെ വയസ്സിലല്ല, പന്ത്രണ്ടിൽത്തന്നെ; അകാലപക്വമായ ഒരു ദുരാർത്തിയായിരിക്കും അവനെ മോചിപ്പിക്കുക. അവൻ ഓടിപ്പോകുന്നത് വീരകൃത്യങ്ങൾ തേടിയല്ല, ഗോപുരത്തിനുള്ളിൽ തടവിൽ കിടക്കുന്ന ഒരു സുന്ദരിയെ മോചിപ്പിക്കാനല്ല, ഒരു മച്ചുമ്പുറത്തെ ഉദാത്തചിന്തകളാൽ അനശ്വരമാക്കാനല്ല, മറിച്ച് ഒരു ബിസിനസ് സ്ഥാപിക്കാനാണ്‌, പണക്കാരനാവാനും കുപ്രശസ്തനായ സ്വന്തം അച്ഛനോടു മത്സരിക്കാനുമാണ്‌, ജ്ഞാനപ്രകാശം പരത്തുന്ന ഒരു ജേണലിന്റെ സ്ഥാപകനും ഓഹരിയുടമയും ആകാനാണ്‌. അന്ന്, പിഴച്ച, ഭ്രഷ്ടരായ, പല കാമുകരുണ്ടായിരുന്നവരും മൂഢമായ ചാപല്യത്തിന്റെ പേരിൽ ചിലപ്പോൾ മാലാഖമാർ എന്നു വിളിക്കപ്പെട്ടിരുന്നവരുമായ ആ സ്ത്രീകൾ- അവർ, ഞാൻ പറയുന്നു, ദയാഹീനമായ ഒരു വിവേകം മാത്രമാകും; പണമൊഴികെ എന്തിനേയും, ഇന്ദ്രിയങ്ങളുടെ അപരാധങ്ങളെപ്പോലും, തള്ളിപ്പറയുന്ന ഒരു വിവേകം. അന്ന്, ധർമ്മത്തിന്റെ നിഴൽ പോലും, പ്ളൂട്ടസ് പൂജയല്ലാത്തതെന്തും, അപഹാസ്യമായി പരിഗണിക്കപ്പെടും. നീതി, ആ സൗഭാഗ്യകാലത്ത് അതപ്പോഴും നിലവിലുണ്ടെങ്കിൽ, പണമുണ്ടാക്കനറിയാത്തവർക്ക് പൗരാവകാശങ്ങൾ നിഷേധിക്കും. തന്റെ ഭാര്യ, ഹേ ബൂർഷ്വാ! തന്റെ പതിവ്രതയായ നല്ല പാതി, നിയമസാധുത കൊണ്ട് നിങ്ങളുടെ അസ്തിത്വത്തിനു കവിത പകരുന്നവൾ, നിങ്ങളുടെ പണപ്പെട്ടിയ്ക്ക് ജാഗ്രതയോടെയും സ്നേഹത്തോടെയും കാവൽ നില്ക്കുന്നവൾ- അവൾ ഒരു വെപ്പാട്ടിയുടെ ഒരാദർശരൂപം മാത്രമാകും. തന്റെ മകൾ, ശിശുസഹജമായ ഒരു പ്രേമചാപല്യത്തോടെ, പത്തു ലക്ഷത്തിന്‌ സ്വയം വില്ക്കുന്നതായി തൊട്ടിലിൽ കിടന്നു ദിവാസ്വപ്നം കാണും; എന്നിട്ടു തനിക്ക്, ഹേ, ബൂർഷ്വാ, തനിക്ക്- ഇന്നത്തത്രയും കവി പോലുമല്ല താനന്ന്- അതിൽ ഒരു ശരികേടും  തോന്നില്ല, ഒരു കുറ്റബോധവും തോന്നില്ല. ചില മാനുഷികഗുണങ്ങൾ ബലപ്പെടാനും വർദ്ധിക്കാനും മറ്റു ചിലത് ക്ഷയിക്കുകയും മുരടിക്കുകയും വേണമെന്നുണ്ടല്ലോ;ആ കാലഘട്ടത്തിന്റെ പുരോഗതി സഹായിച്ച് തന്റെ അനുകമ്പയുടെ ഉദരത്തിൽ കുടൽമാലയല്ലാതെ മറ്റൊന്നും ശേഷിക്കില്ല!- ആ കാലം ഇങ്ങെത്തിയെന്നു വേണമെങ്കിൽ പറയാം; അതിങ്ങെത്തിക്കഴിഞ്ഞില്ലെന്നും നമ്മുടെ തൊലിക്കട്ടിയൊന്നു മാത്രമല്ല ഏതുതരം അന്തരീക്ഷത്തിൽ നിന്നാണു നാം ശ്വാസമെടുക്കുന്നതെന്നു ബോധം വരുന്നതിൽ നിന്നു നമ്മെ തടയുന്ന ഒരേയൊരു തടസ്സമെന്നും ആരറിഞ്ഞു?

ഇനി എന്റെ കാര്യമാണെങ്കിൽ, ഒരു പ്രവാചകന്റെ പരിഹാസ്യത ചിലപ്പോൾ എന്നിൽത്തന്നെ കാണുന്ന എനിക്കറിയാം ഒരു ചികിത്സകന്റെ ദാക്ഷിണ്യം എനിക്കൊരിക്കലും കൈവരിക്കാനാവില്ലെന്ന്. ഈ അധമലോകത്ത് ദിശാബോധം നഷ്ടപ്പെട്ടവൻ, ആൾക്കൂട്ടത്താൽ തള്ളിമാറ്റപ്പെട്ടവൻ, ഞാൻ ക്ഷീണിച്ചുതളർന്ന ഒരാളെപ്പോലെയാണ്‌: പൊയ്പോയ വർഷങ്ങളുടെ അഗാധതയിൽ അയാളുടെ കണ്ണുകൾ കാണുന്നത് മോഹഭംഗവും മനക്കടുപ്പവും മാത്രം, മുന്നിലാകട്ടെ, അറിവിലോ യാതനയിലോ പുതിയതായിട്ടൊന്നുമില്ലാത്ത ഒരു സംക്ഷോഭവും. രാത്രിയിൽ, ഈ മനുഷ്യൻ തന്റെ വിധിയിൽ നിന്ന് ആനന്ദത്തിന്റെ ചില മണിക്കൂറുകൾ തട്ടിയെടുത്തുകഴിഞ്ഞാൽ, ദഹനപ്രക്രിയയുടെ തൊട്ടിലാട്ടത്തിൽ വീണുകഴിഞ്ഞാൽ, ഭൂതകാലത്തോടു മറവിയും (കഴിയാവുന്നത്ര) വർത്തമാനകാലത്തോടു തൃപ്തഭാവവും ഭാവിയോടു കീഴടങ്ങലും കൈവരിച്ചുകഴിഞ്ഞാൽ, സ്വന്തം കൂസലില്ലായ്മയും പച്ചപ്പരിഷ്കാരിത്തവും കൊണ്ടുന്മത്തനായും തന്നെക്കടന്നുപോകുന്നവരെപ്പോലത്ര അധമനല്ല താനെന്ന അഭിമാനത്തോടെയും, സിഗാർ പുകയിൽ കണ്ണു നട്ടുകൊണ്ട്, അയാൾ തന്നോടുതന്നെ പറയുന്നു: ഈ നിരീക്ഷണങ്ങളുടെ പോക്കെങ്ങോട്ടായാലും എനിക്കെന്താ?

പറയേണ്ടതും അതിലധികവും ഞാൻ പറഞ്ഞുകഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാലും ഈ താളുകൾ ചീന്തിക്കളയണമെന്നെനിക്കില്ല- എന്റെ രോഷത്തിന്റെ നാൾവഴിയാണിത്.

*

മറ നീക്കിയ ഹൃദയം


xxxi

ഉപയോഗമുള്ള ഒരാളാവുക എന്നത് എനിക്കെന്നും അറപ്പുള്ള കാര്യമായിരുന്നു.


xxxii

വിപ്ലവം അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു, എന്തെന്നാൽ അതിലും ബലികളുണ്ടല്ലോ.

XXXIII

എനിക്കു ദൃഢവിശ്വാസങ്ങൾ ഒന്നുമില്ല, എന്റെ നൂറ്റാണ്ടിലെ ആളുകൾ ആ വാക്കിനു നല്കുന്ന അർത്ഥത്തിൽ; കാരണം എനിക്കതിമോഹങ്ങളില്ല. ഒരു ദൃഢവിശ്വാസത്തിനാധാരമായതൊന്നും എന്നിലില്ല. 

സത്യസന്ധർക്കിടയിൽ ഒരുതരം അധൈര്യം, അല്ലെങ്കിൽ ദൗർബ്ബല്യമുണ്ട്.

കൊള്ളക്കാർക്കേ ദൃഢവിശ്വാസമുള്ളു- എന്ത്? തങ്ങൾ ജയിക്കുമെന്ന്. അതിനാൽ അവർ ജയിക്കുകയും ചെയ്യുന്നു.

ഒരു ശ്രമം നടത്താനുള്ള ആഗ്രഹം പോലുമില്ലാത്ത ഞാൻ എങ്ങനെ വിജയിക്കാൻ?

കൊടുംക്രൂരതകൾക്കു മേൽ മഹത്തായ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ പറ്റിയെന്നു വരാം; കപടവേഷങ്ങൾക്കു മേൽ കുലീനമായ മതങ്ങളും.

എന്നാലും എനിക്കുമുണ്ട് ചില ദൃഢവിശ്വാസങ്ങൾ, ഉന്നതമായ ഒരർത്ഥത്തിൽ; എന്റെ കാലത്തുള്ളവർക്ക് അതു മനസ്സിലാവുകയുമില്ല.

XXXIV

ബാല്യം മുതല്ക്കേയുള്ള ഏകാന്തതാബോധം. വീട്ടിലാണെങ്കിലും, എന്റെ സുഹൃത്തുക്കൾക്കിടയിൽ വിശേഷിച്ചും- നിത്യമായ ഏകാന്തതയാണ്‌ എന്റെ വിധി എന്ന തോന്നൽ.

എന്നാലും ജീവിതത്തിനും അതിന്റെ സുഖങ്ങൾക്കുമായി തീവ്രമായ ഒരാഗ്രഹവും.

XXXV

അലസമായ അന്വേഷണങ്ങളിൽ മുഴുകി നമ്മുടെ ആയുസ്സു കടന്നുപോകുന്നു. അതേ സമയം മനുഷ്യന്റെ ജിജ്ഞാസയെ അങ്ങേയറ്റം ഇളക്കിമറിക്കേണ്ട ചോദ്യങ്ങളുണ്ട്, അവന്റെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം വച്ചു നോക്കിയാൽ ഒരു ജിജ്ഞാസയുമിളക്കാത്തതും.

നമ്മുടെ മരിച്ചുപോയ കൂട്ടുകൾ എവിടെയാണ്‌?

നമ്മൾ ഇവിടെ വന്നതെന്തിനാണ്‌?

നമ്മൾ മറ്റെവിടെ നിന്നെങ്കിലും വന്നതാണോ?

സ്വതന്ത്രേച്ഛ എന്നാൽ എന്താണ്‌?

ദൈവേച്ഛയുടെ നിയമങ്ങളുമായി അതിനെ പൊരുത്തപ്പെടുത്താൻ പറ്റുമോ?

ആത്മാവുകളുടെ എണ്ണം പരിമിതമോ അപരിമിതമോ?

വാസയോഗ്യമായ ലോകങ്ങൾ എത്രയുണ്ട്? അങ്ങനെയങ്ങനെ...

XXXVII

പുരോഗതിയിലുള്ള വിശ്വാസം മടിയന്മാരുടേയും ബൽജിയംകാരുടേയും വിശ്വാസപ്രമാണമാണ്‌. ഒരു വ്യക്തി സ്വന്തം കാര്യങ്ങൾ ചെയ്യാൻ അയല്ക്കാരെ ഏല്പിക്കുമ്പോലെയാണത്. 

എന്തു പുരോഗതിയും (യഥാർത്ഥമായ പുരോഗതി, എന്നു പറഞ്ഞാൽ ധാർമ്മികമായത്) വ്യക്തിക്കുള്ളിലും വ്യക്തിയിലൂടെയുമല്ലാതെ നടക്കുന്നില്ല.

എന്നാൽ ലോകത്തുള്ളത് ഒന്നായി, സംഘമായി ചിന്തിക്കാൻ മാത്രം കഴിയുന്നവരാണ്‌. ബൽജിയം സമൂഹത്തെപ്പോലെ.

ഒരു പറ്റമായി മാത്രം സുഖങ്ങൾ അനുഭവിക്കാൻ കഴിയുന്നവരുമുണ്ട്. യഥാർത്ഥനായകൻ സുഖാനുഭവത്തിൽ ഏകാകിയാണ്‌.

XLI

ഓരോ മനുഷ്യനിലും ഓരോ നിമിഷത്തിലും രണ്ടു തരം കൂറുകൾ ഒരുമിച്ചുണ്ടാവും: ഒന്ന് ദൈവത്തിനോട്, മറ്റേത് സാത്താനോട്. ദൈവത്തെ, അല്ലെങ്കിൽ ആത്മീയതയെ, ആശ്രയിക്കുമ്പോൾ അത് ഉയരത്തിലേക്കു പോകാനുള്ള ഒരാഗ്രഹമാണ്‌; സാത്താനെ, മൃഗീയഭാവത്തെ, ആശ്രയിക്കുന്നത് ഇറക്കത്തിലെ ആനന്ദവും. സ്ത്രീകളോടുള്ള സ്നേഹവും മൃഗങ്ങൾ, നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയോടുള്ള സ്നേഹസല്ലാപവും ഈ രണ്ടാമതു പറഞ്ഞതിൽ പെടുത്തേണ്ടതാണ്‌. മേല്പറഞ്ഞ രണ്ടുതരം സ്നേഹങ്ങളിൽ നിന്നുളവാകുന്ന ആനന്ദങ്ങൾ ആ രണ്ടു സ്നേഹങ്ങളുടെ സ്വഭാവത്തിനു യോജിച്ചതുമാണ്‌.

XLIII

ദേഹപീഡയെ സത്യാന്വേഷണത്തിനുള്ള മാർഗ്ഗമായി ഗണിക്കുന്നത് പ്രാകൃതമായ മൂഢതയാണ്‌; ആത്മീയലക്ഷ്യത്തിനായി ഭൗതികമാർഗ്ഗം പ്രയോഗിക്കലാണത്.

മരണശിക്ഷ ഒരു മിസ്റ്റിക് ആശയത്തിന്റെ പ്രയോഗമാണ്‌; ഇന്നത് പാടേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. മരണശിക്ഷയുടെ ലക്ഷ്യം സമൂഹത്തെ രക്ഷപ്പെടുത്തുകയല്ല, ഭൗതികാർത്ഥത്തിൽ. സമൂഹത്തെയും കുറ്റാരോപിതനേയും ആത്മീയമായി രക്ഷിക്കാനുള്ള ശ്രമമാണത്. ബലി പൂർണ്ണമാകണമെങ്കിൽ ബലിമൃഗത്തിന്റെ ഭാഗത്തു നിന്ന് സമ്മതവും ആനന്ദവും വേണം. മരിക്കാൻ വിധിക്കപ്പെട്ടയാൾക്ക് ക്ലോറഫോം കൊടുക്കുന്നത് അധാർമ്മികമാണ്‌, കാരണം, ഇരയായതിന്റെ മഹത്വബോധവും സ്വർഗ്ഗപ്രാപ്തിക്കായുള്ള മോഹവും അയാൾക്കപ്പോൾ നിഷേധിക്കപ്പെടുകയാണല്ലോ. 

പീഡനത്തിന്റെ കാര്യമാണെങ്കിൽ വൈഷയികാനന്ദങ്ങൾക്കു ദാഹിക്കുന്ന മനുഷ്യഹൃദയത്തിന്റെ നിന്ദ്യമായ വശത്തു നിന്നുണ്ടായതാണത്. ക്രൂരതയും വൈഷയികാനന്ദവും സമാനമാണ്‌, കൊടുംചൂടും കൊടുംതണുപ്പും പോലെ.

XLIV

യുക്തിഭദ്രവും സ്ഥിരതയുള്ളതുമായ ഒരു ഭരണകൂടമുണ്ടെങ്കിൽ അത് പ്രഭുക്കളുടെ ഭരണം മാത്രമാണ്‌.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ രാജവാഴ്ച്ചയും റിപ്പബ്ലിക്കും ഒരേപോലെ അസംബന്ധവും ദുർബ്ബലവുമാണ്‌.

ആദരവർഹിക്കുന്നതായി മൂന്നു പേരേയുള്ളു: പുരോഹിതൻ, യോദ്ധാവ്, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.

ശേഷിച്ചവർ അടിയാന്മാരോ അടിമകളോ ആണ്‌, തൊഴുത്തിൽ കെട്ടാൻ വേണ്ടി പിറന്നവർ, എന്നു പറഞ്ഞാൽ, തൊഴിലുകൾ എന്നവർ പറയുന്നവയിൽ വ്യാപരിക്കുന്നവർ.

LII

പ്രണയത്തെ നിരോധിക്കാൻ പറ്റാതെ വന്നപ്പോൾ പള്ളിക്ക് അതിനെ അണുവിമുക്തമാക്കണമെന്നെങ്കിലും ആഗ്രഹമുണ്ടായി; അങ്ങനെ അത് വിവാഹം കണ്ടുപിടിച്ചു.

LV

പതനം എന്നാൽ എന്താണ്‌

ഏകത്വം ദിത്വമാകുന്നതാണ്‌ അതെങ്കിൽ പതനം സംഭവിക്കുന്നത് ദൈവത്തിനാണ്‌.

അഥവാ, സൃഷ്ടി ദൈവത്തിന്റെ പതനം തന്നെയല്ലേ?

LVII

പ്രണയത്തിന്റെ കാര്യത്തിൽ അലോസരപ്പെടുത്തുന്ന കാര്യം ഒരു കൂട്ടുപ്രതി ഇല്ലാതെ നടത്താൻ പറ്റാത്ത കുറ്റകൃത്യമാണത് എന്നതാണ്‌.

LVIII

മനുഷ്യൻ മനുഷ്യനെ അത്രയും സ്നേഹിക്കുന്നതിനാൽ നഗരം വിട്ടോടിപ്പോകുമ്പോഴും അവൻ തേടുന്നത് ആൾക്കൂട്ടത്തെയാണ്‌; ഗ്രാമത്തിൽ നഗരത്തെ പുനഃസൃഷ്ടിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നതാണു വസ്തുത.

LXIV

സുഖതൃഷ്ണ നമ്മളെ വർത്തമാനകാലത്തോടു തളച്ചിടുന്നു. സ്വന്തം സുരക്ഷിതത്വത്തിലുള്ള കരുതൽ നമ്മളെ ഭാവിയുടെ ആശ്രിതരാക്കുന്നു.

സുഖങ്ങളിൽ, എന്നു പറഞ്ഞാൽ വർത്തമാനകാലത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നവനെ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഒരു ചരിവുരുണ്ടിറങ്ങുന്ന ഒരാളെയാണ്‌; ഒരു പൊന്തയിൽ പിടിച്ചുകിടക്കാൻ നോക്കുമ്പോൾ അതും വേരോടെ പിഴുത് അയാളുടെ പതനത്തിൽ ഒപ്പം പോരുകയാണ്‌.

മറ്റെന്തിലുമപരി സ്വന്തം മാനദണ്ഡമനുസരിച്ചുള്ള ഒരു മഹാനും വിശുദ്ധനുമാവുക.

LXVII

എന്താണ്‌ സ്നേഹം?

തന്നിൽ നിന്നു പുറത്തു വരാനുള്ള ആവശ്യകത.

ആരാധിക്കുന്ന ജന്തുവാണ്‌ മനുഷ്യൻ.

ആരാധിക്കുക എന്നാൽ സ്വയം ബലി കൊടുക്കുകയും സ്വയം വ്യഭിചരിക്കുകയും ചെയ്യുക എന്നാണ്‌.

അങ്ങനെ എല്ലാ സ്നേഹവും വ്യഭിചാരമാണ്‌.


 പ്രാർത്ഥന

എന്റെ അമ്മയിലൂടെ എന്നെ ശിക്ഷിക്കരുതേ, എനിക്കു വേണ്ടി എന്റെ അമ്മയേയും ശിക്ഷിക്കരുതേ- എന്റെ പിതാവിന്റെയും മാരിയെറ്റിന്റേയും ആത്മാക്കളെ ഞാൻ അവിടത്തെ കൈകളിൽ ഏല്പിക്കുന്നു- എന്റെ നിത്യകർമ്മം നടത്താനും അതുവഴി ഒരു വിശുദ്ധനും വീരനായകനുമാവാനുള്ള ബലം ഇപ്പോൾത്തന്നെ എനിക്കു നല്കേണമേ.

LXX

കവിയും പുരോഹിതനും പോരാളിയുമല്ലാതെ ഒരു മഹാനുമില്ല.

പാടുന്നവൻ, ബലി നല്കുന്നവൻ, സ്വയം ബലിയാകുന്നവൻ.

ശേഷിച്ചവരെല്ലാം ചാട്ടയടി കൊള്ളാനുള്ളവരാണ്‌.

LXXI

പള്ളിയിൽ കടക്കാൻ സ്ത്രീകൾക്കനുമതി കൊടുത്തത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൈവവുമായി അവർക്കെന്തു സംഭാഷണം നടത്താനാണ്‌?

നിത്യയായ വീനസ് (ചാപല്യം, ഉന്മാദം, ഭ്രമം) പിശാചിന്റെ പ്രലോഭിപ്പിക്കുന്ന രൂപങ്ങളിൽ ഒന്നാണ്‌.

LXXII

സ്ത്രീയ്ക്ക് തന്റെ ഉടലും ആത്മാവും വേറിട്ടുകാണാൻ കഴിയുന്നില്ല. അവൾ എല്ലാം ലഘൂകരിക്കുന്നു- ഒരു ജന്തുവിനെപ്പോലെ. അതവൾക്ക് ഒരുടലല്ലാതെ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് ഒരു ദോഷദർശി പറഞ്ഞേക്കും.

LXXVII

മറ്റേതു മനുഷ്യവ്യവഹാരത്തിലുമെന്ന പോലെ പ്രണയത്തിലും ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ തൃപ്തികരമായ ഒരു ബന്ധം ഉണ്ടാകുന്നുള്ളു. ഈ തെറ്റിദ്ധാരണയെയാണ്‌ ആനന്ദം എന്നു പറയുന്നത്. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ, എന്റെ മാലാഖേ. പെണ്ണ്‌ കുറുകുന്നു: അമ്മേ! അമ്മേ! ഈ രണ്ടു കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സുകൾ ഒന്നാണെന്നും. അതേ സമയം അവർക്കിടയിലെ ഗർത്തം- അന്യോന്യം മനസ്സിലാക്കാൻ പറ്റായ്ക- നികരാതെ കിടക്കുകയും ചെയ്യുന്നു.

LXXVIII

കടല്പരപ്പിന്റെ കാഴ്ച്ച എന്തുകൊണ്ടാണ്‌ നമുക്കത്രയ്ക്കനന്തവും നിത്യവുമായ ഹൃദ്യത നല്കുന്നത്? 

ഒരേ സമയം വൈപുല്യത്തിന്റെയും ചലനത്തിന്റെയും ആശയം അതു നല്കുന്നു എന്നതുകൊണ്ടാണത്. ആറോ ഏഴോ കാതങ്ങൾ മനുഷ്യന്‌ അനന്തതയുടെ വ്യാസാർദ്ധമാവുകയാണ്‌. ഒരു കുറുകിയ അനന്തത. മുഴുവൻ അനന്തതയേയും വ്യഞ്ജിപ്പിക്കാൻ അതു മതിയാവുമെങ്കിൽ പിന്നെന്തു പ്രശ്നം? മനുഷ്യന്‌ അവന്റെ ഈ താല്ക്കാലികവസതിയിൽ കിട്ടാൻ പോകുന്ന സൗന്ദര്യത്തിന്റെ പരമോന്നതമായ ആവിഷ്കാരം അവനിലേക്കു പകരാൻ പന്ത്രണ്ടോ പതിനാലോ കാതത്തിനുള്ളിലെ ദ്രാവകത്തിന്റെ ചലനം മതി. 

XCVII

കച്ചവടം അതിന്റെ സ്വഭാവം കൊണ്ടുതന്നെ പൈശാചികമാണ്‌. വായ്പ തിരിച്ചുകൊടുക്കുന്നതാണ്‌ കച്ചവടം; ഓരോ വായ്പയിലും ഇങ്ങനെയൊരു ധാരണയുണ്ടാവും: ഞാൻ നിങ്ങൾക്കു തന്നതിനേക്കാൾ കൂടുതൽ എനിക്കു തരിക.

ഏതു കച്ചവടക്കാരന്റെയും മനസ്സ് ജീർണ്ണമായിരിക്കും.

കച്ചവടം പ്രാകൃതികമാണ്‌, അതിനാൽ അത് ലജ്ജാവഹവുമാണ്‌.

കച്ചവടക്കാരിൽ വച്ചേറ്റവും ഹീനത കുറവുള്ളയാൾ ഇങ്ങനെ പറയുന്നയാളാണ്‌: “നമുക്കു നല്ലവരാവാം, കാരണം, സത്യസന്ധതയില്ലാത്ത വിഡ്ഢികളേക്കാൾ കൂടുതൽ നമുക്കു സമ്പാദിക്കാമല്ലോ.”

കച്ചവടക്കാരന്‌ സത്യസന്ധത പോലും ഊഹക്കച്ചവടത്തിനുള്ളതാണ്‌.

കച്ചവടം പൈശാചികമാണ്‌, കാരണം, ഞാനെന്ന ഭാവത്തിന്റെ ഏറ്റവും അധമവും ദുഷ്ടവുമായ രൂപമാണത്.

CI

ദൈവവും അവന്റെ ഗഹനതയും. ബുദ്ധിമാനായ മനുഷ്യൻ പോലും തനിക്കൊരിക്കലും കിട്ടാത്ത സഹായിയേയും സ്നേഹിതനേയും തേടി ദൈവത്തിലേക്കു തിരിഞ്ഞേക്കാം. ഓരോ മനുഷ്യനും നായകനായ ആ ദുരന്തനാടകത്തിലെ നിത്യനായ പ്രാണസ്നേഹിതനാണ്‌ ദൈവം. ദൈവത്തിനോട് ഇങ്ങനെ പ്രാർത്ഥിക്കുന്ന കൊള്ളപ്പലിശക്കാരും കൊലപാതകികളും ഉണ്ടാവാം: “കർത്താവേ, എന്റെ അടുത്ത ഉദ്യമം വിജയിക്കാൻ തുണയ്ക്കണേ!” എന്നാൽ ആ ദുഷ്ടന്മാരുടെ പ്രാർത്ഥനകൾക്ക് എന്റെ സ്വന്തം നന്മയേയും ആനന്ദത്തേയും കെടുത്താൻ പറ്റില്ല. 

CIII

ഒരു പത്രത്തിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ, അതിനി ഏതു ദിവസത്തെയാവട്ടെ, ഏതു മാസത്തെയോ വർഷത്തെയോ ആവട്ടെ, ഓരോ വരിയിലും കാണാതിരിക്കാൻ നമുക്കു പറ്റില്ല, മനുഷ്യന്റെ വിലക്ഷണതയുടെ പേടിപ്പെടുത്തുന്ന അടയാളങ്ങൾ; ഒപ്പം, ആർജ്ജവത്തിന്റെ, നന്മയുടെ, പരോപകാരത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന അവകാശവാദങ്ങളും നാഗരികതയുടെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും നിർലജ്ജമായ പ്രഖ്യാപനങ്ങളും.

ഓരോ പത്രവും ഒന്നാമത്തെ വരി മുതൽ ഒടുവിലത്തെ വരി വരെ ബീഭത്സതകളുടെ ഒരു മാലകൊരുക്കലാണ്‌. യുദ്ധങ്ങൾ, മോഷണങ്ങൾ, ദുർന്നടപ്പുകൾ, പീഡനങ്ങൾ, ഭരണാധികാരികളുടെ, രാഷ്ട്രങ്ങളുടെ, വ്യക്തികളുടെ ദുഷ്ടകൃത്യങ്ങൾ; നിഷ്ഠുരതകളുടെ സർവ്വവ്യാപിയായ ഒരു മദിരോത്സവം. 

ഈ അറയ്ക്കുന്ന പാനീയം കുടിച്ചിട്ടാണ്‌ പരിഷ്കൃതമനുഷ്യൻ എന്നും തന്റെ പ്രാതൽ തൊണ്ടയിലൂടിറക്കുന്നത്. ഈ ലോകത്തെ സർവ്വതിലും കുറ്റകൃത്യങ്ങൾ കിനിയുന്നു: പത്രത്തിൽ, തെരുവുചുമരിൽ, മനുഷ്യന്റെ മുഖത്ത്.

മാനവും മര്യാദയുമുള്ള ഒരാൾക്ക് അറപ്പോടെയല്ലാതെ ഒരു പത്രം കൈ കൊണ്ടെടുക്കാൻ പറ്റുന്നതെങ്ങനെയെന്ന് എനിക്കു പിടികിട്ടുന്നില്ല.

CX

ഇതിനകം എത്ര സൂചനകളും അടയാളങ്ങളും ദൈവം എന്റെ പേർക്കയച്ചുകഴിഞ്ഞു, സമയം അതിക്രമിച്ചിരിക്കുന്നു, പ്രവർത്തിക്കാനെന്ന്, എല്ലാ നിമിഷങ്ങളിലും വച്ചേറ്റവും പ്രധാനമായി ഈ നിമിഷത്തെ പരിഗണിക്കാനെന്ന്, എന്റെ നിത്യയാതനയെ, എന്നു പറഞ്ഞാൽ എന്റെ പ്രവൃത്തിയെ, നിത്യാനന്ദമാക്കാനെന്ന്.

CXI

കാലം എന്ന ആശയവും കാലത്തെക്കുറിച്ചുള്ള ബോധവും ഓരോ നിമിഷവും നമ്മെ ഞെരിച്ചമർത്തുകയാണ്‌. ആ ദുസ്സ്വപ്നത്തിൽ നിന്നു രക്ഷപ്പെടാൻ രണ്ടു വഴികളേയുള്ളു: പ്രവൃത്തിയും ആനന്ദവും. ആനന്ദം നമ്മെ ദഹിപ്പിക്കുന്നു, പ്രവൃത്തി നമ്മെ ബലപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് നമ്മുടേതാണ്‌.

ഇതിൽ ഒന്ന് നാം കൂടുതൽ ഉപയോഗിക്കുന്തോറും മറ്റേതിനോടുള്ള നമ്മുടെ വെറുപ്പ് കൂടിവരും.

കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടേ നമുക്കതിനെ മറക്കാൻ പറ്റുകയുള്ളു.

പടിപടിയായല്ലാതെ യാതൊന്നും നമുക്കു നേടാൻ പറ്റില്ല.

യുക്തിയോടെ ചിന്തിക്കാൻ ഡി മെയ്സ്ത്രോയും എഡ്ഗാർ പോയും എന്നെ പഠിപ്പിച്ചു.

തുടങ്ങാൻ നാം ധൈര്യപ്പെടാത്ത ഉദ്യമം പോലെ സുദീർഘമായതൊന്നുമില്ല. അതൊരു പേടിക്കിനാവാകുന്നു.

CXIII

എപ്പോഴും കവിയായിരിക്കുക, ഗദ്യത്തിൽ പോലും.

CXVI

ഷീനിന്‌ 300, എന്റെ അമ്മ്യ്ക്ക് 200, എനിക്ക് 300- ഒരു മാസം 800 ഫ്രാങ്ക്. രാവിലെ ആറു മണി മുതൽ ജോലി ചെയ്യുക, ഉച്ചയാഹാരം ഒഴിവാക്കുക. അന്ധമായി, ലക്ഷ്യമില്ലാതെ, ഒരു ഭ്രാന്തനെപ്പോലെ ജോലി ചെയ്യുക. അതിന്റെ ഫലം കിട്ടും.

തടസ്സമില്ലാതെ ജോലി ചെയ്യാൻ പറ്റുന്ന കുറച്ചു മണിക്കൂറുകളിലാണ്‌ എന്റെ വിധി തങ്ങിനില്ക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാം വീണ്ടെടുക്കാവുന്നതേയുള്ളു. ഇനിയും സമയമുണ്ട്. ആരറിഞ്ഞു, പുതിയ ഒരാനന്ദം പോലും...?

ഒരു കാര്യം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന്റെ സന്തോഷം ഞാൻ ഇന്നുവരെ അറിഞ്ഞിട്ടില്ല.

സ്വന്തം കടമ ചെയ്യുക എന്ന ശീലം ഭയത്തെ ആട്ടിയകറ്റുന്നു.

സ്വപ്നം കാണാൻ തീവ്രമായി ആഗ്രഹിക്കണം, സ്വപ്നം കാണുന്നതെങ്ങനെയെന്നും അറിയണം. പ്രചോദനഠെ ആവാഹിക്കുക. ഒരു മാന്ത്രികവിദ്യ. സമയം കളയാതെ ഇരുന്നെഴുതുക. ഞാൻ ആവശ്യത്തിലേറെ യുക്തിവിചാരം നടത്തുന്നു.

അപ്പപ്പോൾ ജോലി ചെയ്യുക, അതിന്റെ ഫലം മോശമാണെങ്കിലും ദിവാസ്വപ്നം കാണുന്നതിലും നല്ലതാണത്.

ചെറിയ ചെറിയ ആഗ്രഹങ്ങളുടെ ഒരു പരമ്പര വലിയ ഒരു ലക്ഷ്യത്തിലെത്തുന്നു.

ഇച്ഛയുടെ ഓരോ തിരിഞ്ഞടിയും നഷ്ടമായിപ്പോകുന്ന ഒരു ദ്രവ്യകണമാണ്‌. അറച്ചുനില്ക്കൽ, അപ്പോൾ, എത്ര വലിയ ദുർവ്യയമാണ്‌. അത്രയും നഷ്ടങ്ങൾ നികത്താനാവശ്യമായ അന്തിമയത്നത്തിന്റെ വലിപ്പത്തിൽ നിന്ന് അതൂഹിക്കാവുന്നതേയുള്ളു.

രാത്രിയിൽ പ്രാർത്ഥന ചൊല്ലുന്നയാൾ പാറാവുകാരെ നിയോഗിക്കുന്ന കപ്പിത്താനെപ്പോലെയാണ്‌. അയാൾക്കുറങ്ങാം.

മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മുന്നറിയിപ്പുകളും

ഈ നിമിഷം വരെ ഒറ്റയ്ക്കാണ്‌ ഞാനെന്റെ ഓർമ്മകൾ ആസ്വദിച്ചത്; ഇനി മറ്റൊരാൾക്കൊപ്പം ഞാനവ ആസ്വദിക്കണം.

ഒരു മഹത്തായ ജീവിതത്തിന്റെ സ്വഭാവം എനിക്കു മനസ്സിലാകുമെന്നതിനാൽ അതിന്റെ സാക്ഷാല്ക്കാരത്തിനും എനിക്കു കഴിയുമെന്നു ഞാൻ വിശ്വസിച്ചുപോയി. ഹാ, ഷീൻ- ജാക്കെസ്!

മീൻ, തണുത്ത വെള്ളത്തിൽ കുളി, ലിച്ചെൻ (പായൽ), വല്ലപ്പോഴും ലോസെൻജ്, ഒപ്പം, എല്ലാ ഉത്തേജനങ്ങളും വർജ്ജിക്കുകയും.

ഐസ്ലാണ്ട് ലിച്ചെൻ 125 ഗ്രാം

വെള്ളപ്പഞ്ചസാര 250 ഗ്രാം

ആവശ്യത്തിനു തണുത്ത വെള്ളത്തിൽ ലിച്ചെൻ പന്ത്രണ്ടു മുതൽ പതിനഞ്ചു മണിക്കൂർ വരെ കുതിർത്തുവയ്ക്കുക; വെള്ളം ഊറ്റിക്കളയുക. രണ്ടു ലിറ്റർ വെള്ളത്തിൽ  ലിച്ചെൻ ഇട്ട് ചെറുതീയിൽ തിളപ്പിക്കുക; അത് ഒരു ലിറ്ററാകുമ്പോൾ പത വടിച്ചുകളയുക; 250 ഗ്രാം പഞ്ചസാര ചേർത്ത് കുഴമ്പുപരുവമാകുന്നതുവരെ തിളപ്പിക്കുക. തണുക്കാൻ വയ്ക്കുക. ദിവസം മൂന്നു നേരം, രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി, മൂന്നു വലിയ സ്പൂൺ വീതം സേവിക്കുക. വിഷമഘട്ടങ്ങൾ കൂടെക്കൂടെ ഉണ്ടാവുകയാണെങ്കിൽ ഡോസ് കൂട്ടാൻ മടിക്കേണ്ട.

CXVII

ഇനി മുതൽ എന്റെ ജീവിതത്തിന്റെ നിത്യപ്രമാണങ്ങളായിരിക്കും താഴെപ്പറ്യുന്നവ:

എന്നും കാലത്ത് ദൈവത്തിനോട്, എല്ലാ ബലത്തിന്റെയും നീതിയുടേയും ആ സ്രോതസ്സിനോട്, പ്രാർത്ഥിക്കുക; എന്റെ പിതാവിനോടും മാരിയെറ്റിനോടും പോയോടും മാദ്ധ്യസ്ഥത്തിനു പ്രാർത്ഥിക്കുക; ഏറ്റെടുത്ത പ്രവൃത്തികൾ ചെയ്തുതീർക്കാൻ വേണ്ട കരുത്തു നല്കാനും എന്റെ രൂപാന്തരം കണ്ടാസ്വദിക്കാൻ മതിയായ ആയുസ്സ് എന്റെ അമ്മയ്ക്കു ലഭിക്കാനും അവരോടു പ്രാർത്ഥിക്കുക; എന്റെ പദ്ധതികളുടെ വിജയത്തിനായി ദൈവത്തിൽ, അതായത് നീതിയിൽ, വിശ്വാസമർപ്പിക്കുക; എന്റെ അമ്മയ്ക്കും എനിക്കും ആയുസ്സും ബലവും നല്കാൻ രാത്രിയിൽ ദൈവത്തിനോടു മറ്റൊരു പ്രാർത്ഥന നടത്തുക; എന്റെ സമ്പാദ്യമെല്ലാം നാലായി ഭാഗിക്കുക- ഒരു ഭാഗം എന്റെ ഇപ്പോഴത്തെ ചെലവുകൾക്ക്, ഒരു ഭാഗം എന്റെ കടക്കാർക്ക്, ഒരു ഭാഗം എന്റെ കൂട്ടുകാർക്ക്, ഒരു ഭാഗം എന്റെ അമ്മയ്ക്ക്; സുബോധത്തിന്റെ ഏറ്റവും നിശിതമായ പ്രമാണങ്ങളെ അനുസരിക്കുക; അതിൽ ആദ്യത്തേത് ഉത്തേജിപ്പിക്കുന്നതെന്തായാലും അതു വർജ്ജിക്കുക എന്നതാണ്‌.


(from Intimate Journals )

അഭിപ്രായങ്ങളൊന്നുമില്ല: