തീ പിടിച്ച വീട്ടിലേക്കോടിക്കയറി തന്റെ അയല്ക്കാരന്റെ കുട്ടിയെ രക്ഷിക്കുന്ന ധീരന് എന്റെ അനുമോദനങ്ങൾ; എന്നാൽ, കുട്ടിയോടൊപ്പം അവനേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം കൂടി കണ്ടെടുക്കാനും അതു വീണ്ടെടുക്കാനും വിലപ്പെട്ട അഞ്ചു സെക്കന്റ് കളയാനുള്ള സാഹസികത കൂടി അയാൾ കാണിച്ചിട്ടുണ്ടെങ്കിൽ ഞാനയാൾക്ക് കൈ കൊടുക്കുകതന്നെ ചെയ്യും. ഒരു കാർട്ടൂൺ ഞാനോർക്കുന്നു: നല്ല ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മേല്ക്കൂരയിൽ നിന്നു താഴേക്കു വീഴുന്ന ഒരു ചിമ്മിനിതുടപ്പുകാരൻ പോരും വഴി ഒരു സൈൻ ബോർഡിൽ ഒരു വാക്ക് അക്ഷരം തെറ്റിച്ചെഴുതിയിരിക്കുന്നതു കാണുന്നതും അതു തിരുത്തേണ്ടതാണെന്ന് ഇതുവരെ ആർക്കും തോന്നാത്തതെന്താണെന്ന് ആ തലകുത്തിവീഴ്ച്ചയിലും അത്ഭുതപ്പെടുന്നതുമാണ് വിഷയം. ഒരർത്ഥത്തിൽ, നമ്മളെല്ലാം തന്നെ നമ്മുടെ ജന്മത്തിന്റെ മുകൾനിലയിൽ നിന്ന് പള്ളിമുറ്റത്തെ കല്പലകകളിലെ മരണത്തിലേക്കിടിച്ചുവീഴുകയാണ്; അതിനിടയിൽ ചുമരിൽ കാണുന്ന പാറ്റേണുകളെക്കുറിച്ച് അത്ഭുതം കൂറുകയുമാണ്, അനശ്വരയായ അത്ഭുതലോകത്തെ ആലീസിനൊപ്പം നമ്മളും. നിസ്സാരതകളിൽ അത്ഭുതപ്പെടാനുള്ള ഈ ശേഷി (അതിലടങ്ങിയ വിപൽസാദ്ധ്യത കണക്കിലെടുക്കാതെ), ആത്മാവിന്റെ ഈ അപവാര്യകൾ, ജീവിതഗ്രന്ഥത്തിലെ ഈ അടിക്കുറിപ്പുകൾ- ബോധത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളാണവ; സാമാന്യബോധത്തിൽ നിന്നും അതിന്റെ യുക്തികളിൽ നിന്നും എത്രയും വ്യത്യസ്തവും ബാലിശമെന്നപോലെ വിചാരവത്തുമായ ഈ മാനസികനിലയിൽ നിന്നാണ് ലോകം നല്ലതാണെന്ന് നാമറിയുന്നതും.
(വ്ളാദിമിർ നബക്കോഫ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ