നമ്മുടെ മഹാനഗരങ്ങളിൽ ഒരു കുറവുള്ളത് ശാന്തമായിരുന്നു മനനം ചെയ്യാൻ പറ്റുന്ന വിശാലമായ ഇടങ്ങളുടെ അഭാവമാണ്- കാലാവസ്ഥ മോശമാകുമ്പോൾ കയറിനില്ക്കാൻ പറ്റുന്ന നീണ്ടതും ഉയർന്നതുമായ വരാന്തകളുള്ളതും വാഹനങ്ങളുടേയും വിളംബരക്കാരുടെയും ശബ്ദങ്ങൾ കടന്നുവരാത്തതും പുരോഹിതനെപ്പോലും ഉച്ചത്തിൽ പ്രാർത്ഥിക്കുന്നതിൽ നിന്നു വിലക്കുന്നത്ര ഉത്കൃഷ്ടമായ സഭ്യതയുടേയും ഇടങ്ങൾ: ധ്യാനത്തിന്റെയും ഏകാന്തവാസത്തിന്റെയും ഉദാത്തത പ്രകാശിപ്പിക്കുന്ന കെട്ടിടങ്ങളും സൗകര്യങ്ങളും. ചിന്തയിൽ സഭയ്ക്കുണ്ടായിരുന്ന കുത്തകയുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു; അന്ന് വീറ്റ കണ്ടെമ്പ്ലേറ്റീവ (ധ്യാനാത്മകജീവിതം) ആദ്യം വീറ്റ റിലിജ്യോസ (മതാത്മകജീവിതം) ആകണമായിരുന്നല്ലോ. എന്നാൽ സഭ കെട്ടിപ്പൊക്കിയതൊക്കെ ആ ചിന്തയുടെ പ്രകാശനങ്ങളുമാണ്. അവയുടെ ഘടന (പൗരോഹിത്യപരമായ ഉദ്ദേശ്യങ്ങൾ ഒഴിപ്പിച്ചാൽത്തന്നെ) നമ്മുടെ തൃപ്തിക്കു ചേർന്നതാകുമോയെന്ന് എനിക്കു സംശയമുണ്ട്; ദൈവത്തിന്റെ ഭവനങ്ങളും അലൗകികസംവാദത്തിനുള്ള അമിതാലംകൃതസ്ഥാനങ്ങളുമെന്ന നിലയിൽ ശാന്തഗംഭീരവും പൂർവ്വനിശ്ചിതവുമായ ഒരു ഭാഷയാണ് ആ കെട്ടിടങ്ങൾ സംസാരിക്കുന്നത്; ദൈവമില്ലാത്ത നമുക്ക് അവയ്ക്കുള്ളിലിരുന്ന് നമ്മുടെ ചിന്തകൾ ചിന്തിക്കാൻ പറ്റില്ല. നമുക്ക് നമ്മെത്തന്നെ കല്ലുകളും പച്ചപ്പുമായി പരിവർത്തനം ചെയ്യണം, ആ തളങ്ങളിലും തോപ്പുകളിലും നടക്കുമ്പോൾ നമ്മൾ നമ്മളിൽത്തന്നെ നടക്കുകയാവണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ