2021, ജൂൺ 1, ചൊവ്വാഴ്ച

ബോദ്‌ലേർ - കാല്പനികസൂര്യാസ്തമയം

 

ഒരു സ്ഫോടനം പോലെ പ്രഭാതാശംസകൾ വാരിയെറിയുമ്പോൾ
എത്ര മനോജ്ഞമാണവൻ, ഉദയവേളയിലെ സൂര്യൻ!
ഒരു സ്വപ്നത്തെക്കാളുജ്ജ്വലമായി അവനസ്തമിക്കുമ്പോൾ
അതിനഭിവാദനം ചെയ്യാനാകുന്നവൻ, ഹാ, എത്ര ധന്യനവൻ!

ഞാനോർക്കുന്നു!...പൂവും പുഴയുമുഴവുചാലുമവന്റെ കടാക്ഷത്തിൽ
തുടിക്കുന്ന ഹൃദയം പോലെ മൂർച്ഛിക്കുന്നതു ഞാൻ കണ്ടിരുന്നു...
നേരം വൈകിയെങ്കിലും ചക്രവാളത്തിനു നേർക്കു നാമോടുക,
ചാഞ്ഞുവീഴുന്ന രശ്മികളിലൊന്നെങ്കിലും നമുക്കു കിട്ടുമാറാകട്ടെ!

എന്നാൽ മറയുന്നൊരു ദേവനെ ഞാൻ പിന്തുടരുന്നതു വെറുതേ;
അധൃഷ്യമായ രാത്രിയതിന്റെ സാമ്രാജ്യം സ്ഥാപിച്ചുകഴിഞ്ഞു,
ഇരുണ്ടതും ഈറനും മാരകവും ഉൾക്കിടിലങ്ങൾ നിറഞ്ഞതും.

നിഴലുകൾക്കു മേൽ കുഴിമാടങ്ങളുടെ ദുർഗന്ധമൊഴുകുന്നു,
ചതുപ്പിന്റെ വക്കിനുമേലധീരം ഞാൻ ചുവടുവയ്ക്കുമ്പോൾ
വഴുക്കുന്ന ഒച്ചുകളും തവളകളും കാൽക്കീഴിൽ ഞെരിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: