വളച്ചൊടിക്കാതെ പറയാനുള്ള പേടി, സർവ്വതിനേയും രൂപകമാക്കാനുള്ള നിരന്തരവും കഷ്ടപ്പെട്ടുമുള്ള പ്രയത്നം, ഓരോ വരിയിലും താനൊരു കവിയാണെന്നു തെളിയിക്കാനുള്ള ബദ്ധപ്പാട്- വളർന്നുവരുന്ന ഓരോ കവിയേയും ബുദ്ധിമുട്ടിക്കുന്ന ഉത്കണ്ഠകളാണിവ. എന്നാൽ ഇതെല്ലാം ചികിത്സിച്ചുമാറ്റാവുന്നതേയുള്ളു, നേരത്തേ കണ്ടുപിടിക്കുകയാണെങ്കിൽ.
*വൃത്തമില്ലാതെ എഴുതുക എന്നാൽ വളയമില്ലാതെ ചാടുക എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? എന്നാൽ കവിത ഒരു കളിയാണ്, അത് എന്നും അങ്ങനെയായിരുന്നു, എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. കളികൾക്കെല്ലാം ചില നിയമങ്ങളുണ്ടെന്ന് ഏതു കുട്ടിയ്ക്കുമറിയാം. എന്നിട്ടെന്തുകൊണ്ടാണ് മുതിർന്നവർ അതു മറന്നുപോകുന്നത്?
*
“താങ്കൾ അയച്ച കവിതകളിൽ നിന്നു മനസ്സിലാവുന്നത് കവിതയും ഗദ്യവും തമ്മിലുള്ള ഒരു സുപ്രധാനവ്യത്യാസം ഗ്രഹിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടു എന്നാണ്. ഉദാഹരണത്തിന് ‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന കവിത ഒരു മുറിയുടേയും അതിലുള്ള മേശകസേരകളുടേയും ഒരു ഗദ്യവിവരണം മാത്രമാണ്. ഇങ്ങനെയൊരു വിവരണത്തിന് ഒരു ഗദ്യരചനയിൽ കൃത്യമായ ഒരു ധർമ്മം നിർവ്വഹിക്കാനുണ്ട്: പിന്നാലെ നടക്കാനുള്ള ക്രിയയ്ക്ക് രംഗം ഒരുക്കുകയാണത്. ഒരു നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെടും, ഒരാൾ കയറിവരും, എന്തെങ്കിലുമൊരു കാര്യം സംഭവിക്കും. കവിതയിൽ പക്ഷേ, ആ വിവരണം തന്നെയാണ് ‘സംഭവിക്കേണ്ടത്.’സർവ്വതും ദ്യോതകമാണ്, സാർത്ഥകമാണ്: ബിംബങ്ങളുടെ തിരഞ്ഞെടുക്കൽ, അവയുടെ വിധാനം, വാക്കുകളിൽ അവയെടുക്കുന്ന രൂപം. ഒരു സാധാരണ മുറിയുടെ വിവരണം നമ്മുടെ കണ്മുന്നിൽ ആ മുറിയുടെ കണ്ടെടുക്കൽ ആകണം, ആ വിവരണത്തിൽ അടങ്ങിയിരിക്കുന്ന വികാരം വായനക്കാർ അനുഭവിക്കുകയും വേണം. അതല്ലെങ്കിൽ ഗദ്യം ഗദ്യമായിത്തന്നെയിരിക്കും, വാക്യങ്ങളെ കവിതയുടെ വരികളായി മുറിക്കാൻ നിങ്ങളെത്ര കഷ്ടപ്പെട്ടാലും. പിന്നീടൊന്നും നടക്കുന്നില്ല എന്നതാണ് അതിലും കഷ്ടം.”
(ഒരു യുവകവിയുടെ കവിതകളെക്കുറിച്ച് വീസ്വാവ ഷിംബോർസ്ക)
“കവിതയെക്കുറിച്ച് ഒറ്റവാക്യത്തിൽ ഒരു നിർവ്വചനം അല്ലേ- ശരി. അഞ്ഞൂറു നിർവ്വചനങ്ങളെങ്കിലും നമ്മുടെ അറിവിൽ ഇപ്പോഴുണ്ട്; എന്നാൽ അതിൽ ഒന്നുപോലും വേണ്ടത്ര കൃത്യമോ വിശാലമോ ആയി നമുക്കു തോന്നുന്നില്ല. ഓരോന്നും ആ കാലത്തിന്റെ അഭിരുചിയെയാണ് ആവിഷ്കരിക്കുന്നത്. സഹജമായ സംശയദൃഷ്ടി സ്വന്തമായ ഒരു നിർവ്വചനം ചെയ്തുനോക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. എന്നാൽ കാൾ സാൻഡ്ബർഗ്ഗിന്റെ മനോഹരമായ ഈ വാക്യം നാം ഓർക്കുന്നു: ‘കരയിൽ ജീവിക്കുകയും പറക്കാൻ മോഹിക്കുകയും ചെയ്യുന്ന ഒരു കടൽജീവി എഴുതിവയ്ക്കുന്ന ഡയറിക്കുറിപ്പുകളാണ് കവിത.’“
(മറ്റൊരു യുവകവിയ്ക്ക് ഷിംബോർസ്ക നല്കിയ മറുപടി.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ