കാഫ്ക്കയുടെ ഒഡ്രാഡെക് ഒരു വിചിത്രജീവിയാണ്. അവനെ കാണാൻ ‘പരന്ന്, നക്ഷത്രരൂപത്തിലുള്ള ഒരു നൂല്ക്കഴി പോലെ’യുണ്ട്; എന്നാൽ അതല്ല താനും; കാരണം, പഴയ നൂൽത്തുണ്ടുകൾ അതിൽ ചുറ്റിയിട്ടുണ്ടെങ്കിലും നക്ഷത്രത്തിന്റെ മദ്ധ്യത്തു നിന്നു തള്ളിനില്ക്കുന്ന ഒരു ചെറിയ ദണ്ഡിനോടു ഘടിപ്പിച്ചിട്ടുള്ള മറ്റൊരു ദണ്ഡുള്ളതിനാൽ അവന് രണ്ടു കാലിലെന്നപോലെ നിവർന്നുനില്ക്കാൻ കഴിയുന്നുണ്ടല്ലോ. ആ വിലക്ഷണമായ രൂപമിരിക്കെത്തന്നെ ഒഡ്രാഡെക്കിന് നല്ല ചുറുചുറുക്കുണ്ട്; അവനു ചിന്താശേഷിയുണ്ടോയെന്നുകൂടി നമുക്കു സംശയിക്കാം. എവിടെയാണ് അവന്റെ താമസമെന്നു ചോദിച്ചാൽ ഇതായിരിക്കും മറുപടി: ‘അങ്ങനെയൊരിടമില്ല.’; അവൻ ചിരിക്കുന്നത് ശ്വാസകോശങ്ങളില്ലാതെയാണ്; ‘കരിയിലകളുടെ മർമ്മരം പോലെ’ തോന്നും കേട്ടാൽ. അവന്റെ പേരു പോലും സന്ദിഗ്ധാർത്ഥമാണ്; അതിന്റെ ഉല്പത്തി ജർമ്മനാണോ സ്ലാവോണിക് ആണോയെന്നു വ്യക്തമല്ല. അവനു മരണമില്ലെന്നും കാഫ്കയുടെ ആഖ്യാതാവ് സംശയിക്കുന്നുണ്ട്; എന്തെന്നാൽ, ‘മരിക്കുന്നതിനൊക്കെ ഒരു ജീവിതലക്ഷ്യം ഉണ്ടാവുമല്ലോ;’ ഒഡ്രാഡെക്കിന് അതില്ല. ഒഡ്രാഡെക് തന്നെ അതിജീവിക്കുമെന്ന ചിന്ത ആഖ്യാതാവിനെ വേവലാതിപ്പെടുത്തുന്നുണ്ട്.
നമുക്കു തീരെ മനസ്സിലാകാത്ത ഒരു ഭാഷയിലുള്ളതു വായിക്കുന്നത് ഒരുപയോഗവുമില്ലാത്തതും ചിന്താക്കുഴപ്പമുണ്ടാക്കുന്നതും വേദനാജനകം പോലുമാണെന്നും നമുക്ക് ഒറ്റനോട്ടത്തിൽ തോന്നാം. വായനയെക്കുറിച്ചുള്ള സാമാന്യധാരണയ്ക്കു പുറത്തുള്ളതാണല്ലോ ആ പണി. വായിക്കുന്നത് അതു മനസ്സിലാക്കാൻ വേണ്ടിയല്ലേ.
അല്ല എന്നു ഞാൻ പറയും. നമുക്കു വലിയ പിടിയില്ലാത്ത ഒരു ഭാഷയിൽ എഴുതിയിരിക്കുന്നത് വായിക്കുന്നത് വിലയേറിയ ഒരു കാര്യമാണെന്നാണു ഞാൻ വാദിക്കുക. പിടി കിട്ടായ്ക ഭാഷയുടെ സംഗീതാത്മകത ആസ്വദിക്കാൻ നമ്മെ അനുവദിക്കുകയാണ്; എല്ലാ പാഠവും, ഏതു പാഠവും, മതിയായ അളവിൽ മനസ്സിലാക്കാൻ കഴിയുമെന്ന ധാർഷ്ട്യചിന്തയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാവുമ്പോൾ ലിഖിതഭാഷയ്ക്ക് മനോഹരമായ ഒരപരിചിതത്വം തിരികെക്കിട്ടുന്നു. നമുക്കു മനസ്സിലാകാത്ത, നമ്മെ അതിജീവിക്കുന്ന ഒഡ്രാഡെക്കിനെപ്പോലെ; എന്നാൽ അത് വേദനിപ്പിക്കുന്ന ഒരു ചിന്തയാകണമെന്നുമില്ല.
II
എഴുതിത്തുടങ്ങിയ ഏതു കവിയ്ക്കുമായി എസ്രാ പൗണ്ടിന്റെ ഒരുപദേശമുണ്ട്: “ഇംഗ്ലീഷ് വായിച്ചതുകൊണ്ട് നിങ്ങൾ എഴുതാൻ പഠിക്കില്ല.” വാക്കുകളുടെ അർത്ഥം ഭാഷയുടെ സ്വാഭാവികസഞ്ചാരത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നു എന്നതുകൊണ്ടാണത്. അർത്ഥം പെട്ടെന്നു വ്യക്തമാകാത്ത ഒരു കവിത വായിക്കുമ്പോൾ അതിന്റെ താളാത്മകതയിലും സംഗീതാത്മകതയിലും ശ്രദ്ധയൂന്നാൻ നിങ്ങൾക്കവസരം കിട്ടുകയാണ്. അക്ഷരങ്ങളുടേയും ശബ്ദങ്ങളുടേയും ഒരു സുഘടിതാന്വയമായി ഒരു വാക്യം നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
വിവർത്തനം നോക്കാൻ മിനക്കെടാതെ ലോർക്കയുടെ ഈ കവിതാഭാഗം ഒന്നു വായിച്ചുനോക്കൂ:
La luna vino a la Fraguacon su polisón de nardos.
El niño la mira, mira.
El niño la está mirando
എന്താണവ കൃത്യമായി അർത്ഥമാക്കുന്നതെന്നു മനസ്സിലാക്കാൻ നോക്കാതെ ആ വരികൾ വായിക്കുമ്പോൾ താളവും പ്രാസവും കൊണ്ട് ലോർക്ക അമ്മാനമാടുന്നതു നാം കാണുന്നു; വാക്കുകളെ ഉള്ളടക്കത്തിൽ നിന്നു മുക്തമായ ശബ്ദങ്ങളായി നാം ആസ്വദിക്കുന്നു.
ഈ ഉപദേശം എഴുതിത്തുടങ്ങിയ കവികൾക്കു മാത്രമായി ചുരുക്കുകയും വേണ്ട. ഒരു പദപ്രയോഗത്തിന്റെ വാസ്തുകലയെ അതിന്റെ അർത്ഥത്തെക്കുറിച്ചു ചിന്തിക്കാതെ നോക്കിക്കാണുന്നത് ഗദ്യരചനയേയും മെച്ചപ്പെടുത്തും. വാക്കുകളുടെ അർത്ഥത്തിൽ നിന്ന് ഒരു ചുവടു പിന്നാക്കം വയ്ക്കുമ്പോൾ അവയുടെ രൂപം ഫോക്കസ്സിൽ വരുന്നു. ഹെൻറി ജയിംസിനെ കടമെടുത്താൽ, രൂപമാണ്, “പൊരുളിനെ കൈക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നത്, രുചി കെട്ടതും തണുത്തതുമായ ഒരു പായസക്കടലിലെന്നപോലെ നാം മുങ്ങിത്തുടിക്കുന്ന പദജാലത്തിൽ നിന്നതിനെ മോചിപ്പിക്കുന്നത്.”
നിങ്ങൾക്കു ഭാഗികമായി മാത്രം മനസ്സിലാകുന്ന ഒന്നു വായിക്കുക എന്ന അനുഭവം ആസ്വാദ്യവും മനോഹരവുമായ ഒരു ഭാഷാനുഭവമായി മാറുന്നു. പാഠം സംഗീതമാവുകയാണ്.
III
ഇതിനൊക്കെയപ്പുറം, പാതി മനസ്സിലായ ഒരു പാഠം വ്യാഖ്യാനിക്കുക എന്ന പ്രവണതയിൽ നിന്നു നമ്മെ മോചിപ്പിക്കുന്നു. ഇതു പ്രധാനമാണ്, എന്തെന്നാൽ, സൂസൻ സൊണ്ടാഗ് വാദിക്കുന്നപോലെ, കലാസൃഷ്ടികളെ അവയുടെ ഉള്ളടക്കത്തിലേക്ക് ലഘൂകരിക്കുകയും പിന്നെ ആ ഉള്ളടക്കത്തിന് വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുക എന്നൊരു ആധുനികപ്രവണതയുണ്ട്. ഇതിലൂടെ ഒരു കലാസൃഷ്ടിയുടെ അന്തസ്സത്തയാണ് കാണാതെപോകുന്നത്.
വ്യാഖ്യാനം, സൂസൻ സൊണ്ടാഗ് നിരീക്ഷിക്കുന്നപോലെ, വിവർത്തനത്തിന്റെ ഒരു രൂപമാണ്- A Bയാകുന്നു, B Cയാകുന്നു- പാഠം അതല്ലാത്ത മറ്റൊന്നായി നമ്മുടെ ലോകത്തേക്ക്, നമ്മുടെ ഭാഷയിലേക്കു കൊണ്ടുവരപ്പെടുകയാണ്. വ്യാഖ്യാനം എന്ന കർമ്മം പാഠത്തെ രൂപാന്തരപ്പെടുത്തുന്നു. ഈ പ്രക്രിയ പലപ്പോഴും ഒരു ലഘൂകരണമായി മാറുകയും ചെയ്യുന്നുണ്ട്; ഒരു കലാസൃഷ്ടിയുടെ സാകല്യതയും ചിലപ്പോഴൊക്കെ സ്വസ്ഥത കെടുത്തുന്ന അന്യതയും അതിന്റെ ഉള്ളടക്കം മാത്രമായി, നമ്മുടെ കൈകളിലൊതുങ്ങുന്നതൊന്നായി ചുരുക്കപ്പെടുകയാണല്ലോ. ഒരു പാഠം എന്താണ് ‘അർത്ഥമാക്കുന്നത്’ എന്നറിയുക എന്നാൽ അതിനെ വളരെ ന്യൂനീകരിച്ച് നിങ്ങളുടെ ധാരണയിലേക്കു കൊണ്ടുവരിക എന്നാണ്.
ഉദാഹരണത്തിന് ഒഡ്രാഡെക്, കാഫ്കയുടെ നിരർത്ഥകവും സന്ദിഗ്ധാർത്ഥവുമായ നൂല്ക്കഴി, പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്- കാഫ്കയുടെ വ്യക്തിപരമായ ഉത്ക്കണ്ഠകളായി, മുതലാളിത്തവിമർശനമായി, ജൂതപാരമ്പര്യമായി, പാഠത്തിൽ നിന്നു നമ്മെ അകറ്റിക്കൊണ്ടുപോകുന്ന എണ്ണമറ്റ പലതുമായി. ഈ വ്യാഖ്യാനങ്ങൾക്കെല്ലാം അതിന്റേതായ മൂല്യമുണ്ടെങ്കിലും രസകരമാണവയെങ്കിലും ആ പ്രക്രിയയിൽ കഥയുടെ പൂർണ്ണതയിൽ നിന്നു ചിലതു നഷ്ടപ്പെടുന്നുമുണ്ട്. ‘വിചാരണ’യിൽ പുരോഹിതൻ കെ.യോടു പറയുന്നപോലെ, “അഭിപ്രായങ്ങൾക്ക് നിങ്ങൾ വേണ്ടതിലധികം ശ്രദ്ധ കൊടുക്കരുത്. എഴുതപ്പെട്ടത് മാറ്റമില്ലാത്തതാണ്; അഭിപ്രായങ്ങൾ പലപ്പോഴും അതിനോടുള്ള ഹതാശമായ മല്പിടുത്തത്തിന്റെ ആവിഷ്കാരങ്ങളായിരിക്കും.”
എന്റെ വായന പാഠത്തെ അതിന്റെ ഉള്ളടക്കമായി ലഘൂകരിക്കുന്ന രീതിയാണെന്നു സമ്മതിക്കാൻ എനിക്കൊരു മടിയുമില്ല. ഞാൻ പേജുകൾ തള്ളിവിടുന്നു, മുഖ്യമായ ആശയങ്ങൾ ഏതൊക്കെയാണെന്നു കണ്ടെടുക്കുന്നു, ചില കുറിപ്പുകളെടുക്കുന്നു, വായിച്ചതു ‘മനസ്സിലാക്കി’ എന്നു ഞാൻ സ്വയം അഭിനന്ദിക്കുകയും ചെയ്യുന്നു. പാതിയറിയാവുന്ന ഒരു ഭാഷയിൽ ഇതു നടക്കില്ലല്ലോ.
ഒരു പാഠം അർത്ഥമാക്കുന്നത് എന്താണെന്നറിയാനുള്ള ഈ ശ്രമം, അല്പനേരത്തേക്കെങ്കിലും, മാറ്റിവയ്ക്കുകയാണെങ്കിൽ, അതിനെ നമുക്കു മേല്ക്കൂടി ഒഴുകിക്കടന്നുപോവാൻ അനുവദിക്കുകയാണെങ്കിൽ, വായനയോടുള്ള ഈ പ്രബലസമീപനത്തിൽ നിന്നു മാറിനില്ക്കാൻ നമുക്കു കഴിയും. അത് പാഠത്തെ നമ്മുടെ മനസ്സിലാക്കലിൽ നിന്നും വ്യാഖ്യാനങ്ങളിൽ നിന്നും വിമോചിപ്പിക്കുകയും അതിനതിന്റെ നിഗൂഢമെന്നു പറയാവുന്ന സ്വഭാവവിശേഷം മടക്കിക്കൊടുക്കുകയും ചെയ്യും. “കലയുടെ ആദിമാനുഭവം ആവാഹനപരമായിരുന്നു, മാന്ത്രികമായിരുന്നു...അത് അനുഷ്ഠാനത്തിന്റെ ഒരുപകരണമായിരുന്നു” എന്ന് സൊണ്ടാഗ് പറയുന്ന ആ അനുഭവത്തിലേക്ക് ഒരു ക്ഷണികദർശനമാണത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ