2021, ജൂൺ 10, വ്യാഴാഴ്‌ച

ബോദ്‌ലേർ - ബൂർഷ്വായോട്



നിങ്ങളാണ്‌ ഭൂരിപക്ഷം- എണ്ണത്തിലും ബുദ്ധിയിലും; അതിനാൽ നിങ്ങളാണ്‌ അധികാരം; അത് നീതിയുമാണ്‌. 

നിങ്ങളിൽ ചിലർ ‘അറിവുള്ളവർ’ ആണ്‌, മറ്റുള്ളവർ ‘ഉള്ളവരും.’ ‘അറിവുള്ളവർ’ ‘ഉള്ളവർ’ ആവുകയും ‘ഉള്ളവർ’ ‘അറിവുള്ളവർ’ ആവുകയും ചെയ്യുന്ന ഒരു മഹനീയദിനം വന്നുചേരും. അന്ന് നിങ്ങളുടെ അധികാരം പരിപൂർണ്ണമാവുകയും ആരും നിങ്ങളെ ചോദ്യം ചെയ്യാനില്ലാതാവുകയും ചെയ്യും. ആ പരമൈക്യം വന്നുചേരുന്നതുവരെ വെറും ‘ഉള്ളവർ’ ‘അറിവുള്ളവർ’ ആകാൻ കാംക്ഷിക്കുന്നതിൽ ശരികേടൊന്നുമില്ല; ഉടമസ്ഥത പോലെ അറിവും സുഖാസ്വാദനത്തിനുള്ള ഒരു വഴിയാണല്ലോ.

ഭരണം നിങ്ങളുടെ കൈകളിലാണ്‌; അധികാരം നിങ്ങളുടേതാണെന്നതിനാൽ അതങ്ങനെതന്നെ വേണം താനും. എന്നാൽ സൗന്ദര്യാനുഭൂതിക്കു കഴിവുള്ളവരുമാകണം നിങ്ങൾ; എന്തെന്നാൽ, ഭരണം വേണ്ടെന്നുവയ്ക്കാൻ നിങ്ങളിലാർക്കും അവകാശമില്ലെന്നപോലെ കവിത വേണ്ടെന്നുവയ്ക്കാനും നിങ്ങൾക്കവകാശമില്ല. ആഹാരമില്ലാതെ മൂന്നു ദിവസം വരെ നിങ്ങൾക്കു ജീവിക്കാം- കവിതയില്ലാതെ ഒരിക്കലുമില്ല; അങ്ങനെയല്ലെന്ന് നിങ്ങളിലാരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ അവർക്കു തെറ്റി; അവർക്ക് തങ്ങളെത്തന്നെ അറിയില്ല. 

ചിന്തയിലെ പ്രഭുവർഗ്ഗം, സ്തുതിനിന്ദകളുടെ വിതരണക്കാർ, മാനസികമായതെന്തിന്റെയും കുത്തകക്കാർ- അവർ നിങ്ങളോടു പറയുന്നു, അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവകാശം നിങ്ങൾക്കില്ലെന്ന്; അവർ പരീശന്മാരാണ്‌.

പല ജനതകൾ പൗരന്മാരായ ഒരു നഗരത്തിന്റെ ഭരണമാണ്‌ നിങ്ങളുടെ കൈകളിലെന്നതിനാൽ ആ ഉദ്യമത്തിനർഹരാവുകയും വേണം നിങ്ങൾ.

ആസ്വാദനം ഒരു ശാസ്ത്രമാണ്‌; സവിശേഷമായ ഒരു പ്രാഥമികശിക്ഷണത്തിലൂടെയല്ലാതെ പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗം സാദ്ധ്യമാവുകയുമില്ല. അതിനാകട്ടെ, പഠിക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാകണം, അതാവശ്യമാണെന്നും നിങ്ങൾക്കു തോന്നണം.

സംശയിക്കേണ്ട, നിങ്ങൾക്ക് കല ആവശ്യമുണ്ട്.

കല മൂല്യം നിർണ്ണയിക്കാനാവാത്ത ഒരു സ്വത്താണ്‌; ഉദരത്തെയും മനസ്സിനേയും ആദർശത്തിന്റെ സ്വാഭാവികമായ തുലനാവസ്ഥയിലേക്കു പ്രത്യാനയിക്കുന്ന, നവോന്മേഷവും ഊർജ്ജവും പകരുന്ന, ഒരു പാനീയം.

അതിന്റെ പ്രയോജനം, നിയമോപദേഷ്ടാക്കളോ വ്യാപാരികളോ ആയ മാന്യവ്യക്തികളേ, നിങ്ങളറിയുക, ഏഴാമത്തെയോ എട്ടാമത്തെയോ മണിയടിക്കുമ്പോൾ ചാരുകസേരയുടെ കൈകളിലേക്ക് നിങ്ങളുടെ ക്ഷീണിതമായ ശിരസ്സുകൾ ചായുമ്പോഴാകും.

കൂടുതൽ തീക്ഷ്ണമായ ഒരഭിനിവേശം, കൂടുതൽ സക്രിയമായ ഒരു മനോരാജ്യം ദൈനന്ദിനാദ്ധ്വാനങ്ങളിൽ നിന്ന് നിങ്ങൾക്കൊരു വിടുതൽ നല്കുക അത്തരം നിമിഷങ്ങളിലാണ്‌. എന്നാൽ അറിവിന്റെ കുത്തകവ്യാപാരികൾ ആ കനി നിങ്ങൾക്കു വിലക്കപ്പെട്ടതാണെന്നു തീരുമാനമെടുത്തിരിക്കുന്നു; എന്തെന്നാൽ, തങ്ങൾക്കു മാത്രം വില്ക്കാനും വാങ്ങാനുമുള്ളതാണത്, അതു കൈവിട്ടുപോകാതിരിക്കാൻ തങ്ങൾ ജാഗരൂകരായിരിക്കുകയും ചെയ്യും. കലാസൃഷ്ടികൾ ചെയ്യാനോ അവയുടെ സൃഷ്ടിക്കാവശ്യമായിവരുന്ന സങ്കേതങ്ങൾ മനസ്സിലാക്കാനോ ഉള്ള അധികാരം നിഷേധിക്കുക മാത്രമാണവർ ചെയ്യുന്നതെങ്കിൽ നിങ്ങൾക്കു വിരോധം തോന്നേണ്ടാത്ത ഒരു സത്യം വിളിച്ചുപറയുക മാത്രമാണവർ ചെയ്യുന്നത്; കാരണം, നിങ്ങളുടെ ദിവസത്തിന്റെ മുക്കാൽ ഭാഗവും പൊതുകാര്യത്തിനും വ്യാപാരത്തിനുമായി പോവുകയാണല്ലോ. പിന്നെ ശേഷിക്കുന്നത് ആസ്വാദനത്തിനും ആനന്ദത്തിനും വിനിയോഗിക്കാനുള്ളതാണ്‌.

എന്നാൽ ആസ്വാദനത്തിനുള്ള അവകാശം പോലും കുത്തകക്കാർ നിങ്ങൾക്കു വിലക്കിയിരിക്കുന്നു; നിയമത്തെയും വാണിജ്യത്തെയും സംബന്ധിച്ചുള്ള സാങ്കേതികജ്ഞാനം നിങ്ങൾക്കുണ്ടെങ്കിലും കലയുടെ കാര്യത്തിൽ നിങ്ങൾക്കതില്ലത്രെ.

എന്നാൽ നിങ്ങളുടെ സമയത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അറിവിനായി ഉഴിഞ്ഞുവയ്ക്കുകയാണെങ്കിൽ ശേഷിച്ച മൂന്നിലൊന്ന് ‘അനുഭൂതി’ക്കായി വിനിയോഗിക്കേണ്ടതാണെന്നത് ന്യായം തന്നെയാണ്‌; അനുഭൂതിയിലൂടെ മാത്രമേ നിങ്ങൾക്കു കല മനസ്സിലാവുകയുമുള്ളു; -നിങ്ങളുടെ ആത്മാവിന്റെ ശക്തികൾ തുലനാവസ്ഥ പ്രാപിക്കുന്നതും ഈ വഴിയിലൂടെയാണ്‌.

സത്യം ബഹുമുഖമാണെങ്കിലും ഇരട്ടമുഖം അതിനില്ല. രാഷ്ട്രീയജീവിതത്തിൽ നിങ്ങൾ മനുഷ്യരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചപോലെ കലയിലും കൂടുതൽ വിപുലമായ, കൂടുതൽ സമ്പുഷ്ടമായ ഒരു പങ്കിടൽ നിങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.

ബൂർഷ്വ ആയ നിങ്ങൾ- രാജാവോ നിയമജ്ഞനോ കച്ചവടക്കാരനോ ആരുമാകട്ടെ നിങ്ങൾ- കലാശേഖരങ്ങളും കാഴ്ച്ചബംഗ്ലാവുകളും ചിത്രശാലകളും സ്ഥാപിച്ചു. പതിനാറു കൊല്ലം മുമ്പ് കുത്തകക്കാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന അവയിൽ ചിലത് ഇന്ന് സാമാന്യജനത്തിനായി വാതിലുകൾ തുറന്നുകൊടുത്തിരിക്കുന്നു.

ഭാവി എന്ന ആശയത്തെ അതിന്റെ വിവിധരൂപങ്ങളിൽ - രാഷ്ട്രീയവും വ്യാവസായികവും കലാപരവും- സാക്ഷാല്ക്കരിക്കുന്നതിനായി നിങ്ങൾ പരസ്പരം സഹകരിച്ചു, നിങ്ങൾ കമ്പനികൾ രൂപീകരിച്ചു, വായ്പകളെടുത്തു. കുലീനമായ ഒരു സംരംഭത്തിലും പ്രതിഷേധക്കാരായ, പീഡിതരായ ന്യൂനപക്ഷത്തിന്‌ നിങ്ങൾ മുൻകൈ വിട്ടുകൊടുത്തില്ല; അവർ കലയുടെ സ്വാഭാവികശത്രുക്കളുമാണല്ലോ.

കലയിലും രാഷ്ട്രീയത്തിലും പിന്നിലാകാൻ നിന്നുകൊടുക്കുക എന്നാൽ ആത്മഹത്യയാണ്‌; ഭൂരിപക്ഷത്തിന്‌ ആത്മഹത്യ ചെയ്യാൻ പറ്റുകയുമില്ല.

ഫ്രാൻസിനു വേണ്ടി നിങ്ങൾ ചെയ്തത് അന്യരാജ്യങ്ങൾക്കു വേണ്ടിയും നിങ്ങൾ ചെയ്തു. കലയെക്കുറിച്ച് നിങ്ങൾക്കുണ്ടായിരിക്കേണ്ട പൊതുവായ ആശയങ്ങളുടെ ശേഖരത്തിലേക്ക് അടുത്തിടെ സ്പാനിഷ് മ്യൂസിയം അതിന്റെ സംഭാവന നല്കിക്കഴിഞ്ഞിരിക്കുന്നു. ഒരു ദേശീയമ്യൂസിയം മനുഷ്യരുടെ ഹൃദയങ്ങളെ മയപ്പെടുത്തുകയും അവരുടെ ഇച്ഛാശക്തിയുടെ കാർക്കശ്യം കുറയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണെന്നപോലെ വൈദേശികകലയ്ക്കായുള്ള ഒരു മ്യൂസിയം രാഷ്ട്രാന്തരകൂട്ടായ്മയ്ക്കുള്ള ഒരിടമാണെന്ന് നിങ്ങൾക്കറിവുള്ളതാണല്ലോ; അവിടെ രണ്ടു ജനതകൾ സ്വസ്ഥമനസ്സായി പരസ്പരം നിരീക്ഷിക്കുകയും പഠിക്കുകയും അന്യോന്യം മനസ്സിലാക്കുകയും വിവാദത്തിനിറങ്ങാതെ ഭ്രാതൃബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.

കലയുടെ സ്വാഭാവികസുഹൃത്തുക്കളാണു നിങ്ങൾ; എന്തെന്നാൽ നിങ്ങൾ കുറച്ചുപേർ ധനികരാണ്‌, മറ്റുള്ളവർ പഠിച്ചവരും.

സമൂഹത്തിന്‌ നിങ്ങളുടെ അറിവും നിങ്ങളുടെ വ്യവസായവും നിങ്ങളുടെ അദ്ധ്വാനവും നിങ്ങളുടെ പണവും കൊടുത്തിട്ട് ശാരീരികവും മാനസികവും ഭാവനാപരവുമായ സുഖാനുഭവങ്ങളുടെ രൂപത്തിൽ അതിനു പ്രതിഫലം നിങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ സത്തയുടെ എല്ലാ അംശങ്ങൾക്കും സമതുലനം കിട്ടാനാവശ്യമായത്ര അളവിൽ സുഖാനുഭൂതി കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ സംതൃപ്തരാകും, സന്തുഷ്ടരാകും, സുമനസ്സുകളാവും, കേവലമായ സമനില കിട്ടിക്കഴിഞ്ഞാൽ സമൂഹം സംതൃപ്തവും സന്തുഷ്ടവും സുമനസ്സുമാകുന്നപോലെതന്നെ.

അതിനാൽ, ബൂർഷ്വാ, നിങ്ങൾക്കാണ്‌ സ്വാഭാവികമായും ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്; എന്തെന്നാൽ, ഭൂരിപക്ഷത്തിനെ - എണ്ണത്തിലും ബുദ്ധിയിലും- സംബോധന ചെയ്യാത്ത ഒരു പുസ്തകം മൂഢമായ പുസ്തകമാണ്‌.

(1846 ലെ സലോൺ എന്ന ലേഖനത്തിൽ നിന്ന്)



അഭിപ്രായങ്ങളൊന്നുമില്ല: