ഗോത്രങ്ങൾ അനുരഞ്ജനത്തിലായിക്കഴിഞ്ഞാൽ വന്നുചേരുന്ന ശാന്തിയുടെ ഒരു നിശ്ശബ്ദതയുണ്ട്; അപ്പോൾ രാത്രിക്കതിന്റെ കുളിർമ്മ പിന്നെയും കൈവരുന്നു, വഞ്ചിപ്പായകൾ ചുരുക്കി തിരയടങ്ങിയ ഒരു കടവിൽ നാം നങ്കൂരമിട്ടതായി നമുക്കു തോന്നുകയും ചെയ്യുന്നു.
നട്ടുച്ചയുടെ ഒരു നിശ്ശബ്ദതയുണ്ട്; സൂര്യൻ എല്ലാ ചിന്തകൾക്കും ചലനങ്ങൾക്കും തടയിടുന്നത് അപ്പോഴാണ്. വടക്കൻകാറ്റൊടുങ്ങുമ്പോളുണ്ടാകുന്ന ഒരു കപടനിശ്ശബ്ദതയുണ്ട്; പ്രാണികൾ തങ്ങളുടെ ഉൾമാളങ്ങളിൽ നിന്നു പുറത്തുവരുന്നതും പൂഴി പാറ്റിവരുന്ന കിഴക്കൻ കാറ്റിന്റെ വരവറിയിക്കുന്നതും അപ്പോഴാണ്. ഉപജാപത്തിന്റേതായ ഒരു നിശ്ശബ്ദതയുണ്ട്; ഒരു വിദൂരഗോത്രം ഏതോ രഹസ്യപദ്ധതിക്കു മേൽ അടയിരിക്കുകയാണെന്ന് അപ്പോൾ നമുക്കറിയാം. നിഗൂഢതയുടെ നിശ്ശബ്ദതയുണ്ട്; അറബികൾ സങ്കീർണ്ണമായ ഒരു രാഷ്ട്രീയാജണ്ടയ്ക്ക് ഒരുമിച്ചുകൂടുമ്പോഴാണത്. സന്ദേശവാഹകൻ തിരിച്ചുവരാൻ വൈകുമ്പോഴുണ്ടാകുന്ന പിരിമുറുക്കത്തിന്റെ നിശ്ശബ്ദതയുണ്ട്. രാത്രിയിൽ ഏതൊരൊച്ചയ്ക്കുമായി നിങ്ങൾ ശ്വാസം പിടിക്കുമ്പോഴുള്ള മൂർച്ചയേറിയ നിശ്ശബ്ദതയുണ്ട്. താൻ സ്നേഹിക്കുന്നവരെ ഓർമ്മ വരുമ്പോഴുള്ള വിഷാദം കലർന്ന നിശ്ശബ്ദതയുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ