1911 ഫെബ്രുവരി 11ന് സിയാൽക്കോട്ടിൽ ഒരു ജന്മികുടുംബത്തിലാണ് ഫൈസ് അഹമ്മദ് ഫയ്സ് ജനിച്ചത്. അമ്മ സുൽത്താൻ ഫാത്തിമ. പിതാവ് സുൽത്താൻ മുഹമ്മദ് ഖാൻ വക്കീലായിരുന്നു. അക്കാലത്തെ സാഹിത്യസമാജങ്ങളിൽ സജീവാംഗമായിരുന്നു അദ്ദേഹം. ഫൈസിനു രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1936ൽ ഫൈസ് ലാഹോറിലെ ഹെയ്‌ലി കോളേജ് ഒഫ് കൊമേഴ്സിൽ അദ്ധ്യാപകനായി ചേർന്നു. അദ്ദേഹത്തിന്റെ ആദ്യകാലകവിതകൾ അക്കാലത്തെ നടപ്പുരീതിയിൽ പ്രണയം, സൗന്ദര്യം തുടങ്ങിയ പ്രമേയങ്ങളെക്കുറിച്ച് സാമ്പ്രദായികശൈലിയിൽ എഴുതിയവയായിരുന്നു. എന്നാൽ ലാഹോറിൽ എത്തിയതിനു ശേഷം രാഷ്ട്രീയം, സമൂഹം, ജീവിതവും കവിതയും തമ്മിലുള്ള പരസ്പരബന്ധം തുടങ്ങിയ വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ കവിത വികസിച്ചു. ഇക്കാലത്താണ് ഇസ്ലാമിലേക്കു മാറിയ അലൈസ് ജോർജ്ജ് (Alys George) എന്ന ബ്രിട്ടീഷ് വനിതയെ അദ്ദേഹം വിവാഹം ചെയ്തത്; അവർക്ക് രണ്ടു പെൺകുട്ടികളുമുണ്ടായി. 1942ൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് ബ്രിട്ടീഷ് ആർമിയിൽ ചേർന്നു. 1947ൽ വിഭജനത്തിനു ശേഷം അദ്ദേഹം പാകിസ്ഥാനിലേക്കു പോയി; അവിടെ പാകിസ്ഥാൻ ടൈംസ് എന്ന സോഷ്യലിസ്റ്റ് ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായി. 1951 മാർച്ച് 9ന് ഒരു സംഘം പട്ടാള ഓഫീസർമാർക്കൊപ്പം ഫൈസും അറസ്റ്റു ചെയ്യപ്പെട്ടു. “റാവല്പിണ്ടി ഗൂഢാലോചന” എന്ന പേരിൽ ലിയാക്കത്ത് അലി ഖാന്റെ സർക്കാരിനെ അട്ടിമറിക്കാൻ നടന്ന പരാജയപ്പെട്ട ഒരട്ടിമറിശ്രമത്തിന്റെ അനുഭാവി എന്ന നിലയിലാണ് ഫൈസ് അറസ്റ്റിലായത്. വധശിക്ഷക്കു വിധിക്കപ്പെട്ടുവെങ്കിലും നാലു കൊല്ലം കഴിഞ്ഞ് അദ്ദേഹം ജയിൽ മോചിതനായി. അക്കാലത്തെഴുതിയ രണ്ടു കവിതാസമാഹാരങ്ങൾ, ദസ്ത്-എ- സബ, സിന്ദ നാമ, ഈ തടവുജീവിതത്തിന്റെ ഫലങ്ങളാണ്. 1964ൽ അദ്ദേഹം കറാച്ചിയിൽ സ്ഥിരതാമസമാക്കി. 1965ലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധകാലത്ത് അദ്ദേഹമെഴുതിയ കവിതകൾ നിരർത്ഥകമായ ചോരചൊരിച്ചിലിനെ പഴിച്ചുകൊണ്ടുള്ളതായിരുന്നു. 1977ൽ ഭൂട്ടോ സർക്കാരിനെ അട്ടിമറിച്ച് സിയാവുൾ ഹക്ക് അധികാരം പിടിച്ചപ്പോൾ ഫൈസ് ലബനണിലെ ബെയ്റൂത്തിൽ രാഷ്ട്രീയാഭയം തേടി. 1984ൽ ലാഹോറിൽ വച്ചാണ് ഫൈസ് മരിക്കുന്നത്.
സാമ്പ്രദായികരൂപങ്ങളിലാണ് ഫൈസ് കവിത എഴുതുന്നതെങ്കിലും തികച്ചും അനൗപചാരികമാണ് അതിന്റെ പൊതുസ്വരം. ഇക്കാര്യത്തിൽ ഗാലിബ് ആണ് അദ്ദേഹത്തിനു മാതൃക. ഫൈസിന്റെ ഗസൽ രൂപത്തിലുള്ള കവിതകൾ വളരെ ജനപ്രിയമാണ്.
എന്റെ ഹൃദയത്തിന്റെ നിറങ്ങൾ
നീ വരും മുമ്പു സർവതുമതാതു തന്നെയായിരുന്നു-
ആകാശം കാഴ്ച നഷ്ടമാവുന്നിടമായിരുന്നു,
പാത പാതയും പാനപാത്രം പാനപാത്രവുമായിരുന്നു.
നീ വന്നതും ഹൃദയത്തിന്റെ നിറങ്ങളായി സർവതും-
നീയെന്നെ നോക്കുമ്പോൾ ലോകത്തിനു പൊൻനിറം,
യാതനയുടെ വിരസമായ നിമിഷങ്ങളിലതു ധൂസരം.
നീയായിരുന്നു, പഴുക്കിലകളെ മഞ്ഞ തേച്ചവൾ,
പൂത്തടങ്ങളിൽ പനിനീർമൊട്ടുകളാളിക്കത്തിച്ചവൾ,
ചോരയുടെ, വിഷത്തിന്റെ, രാത്രിയുടെ ചിത്രകാരി.
ആകാശമെനിക്കു കണ്ണീരിൽ കുതിർന്ന കുപ്പായമായി,
ഞാൻ നടക്കുന്ന വഴി തൊട്ടാൽ നീറുന്ന ഞരമ്പായി,
പാനപാത്രം പ്രതിബിംബങ്ങൾ മാറുന്ന ദർപ്പണവും.
വന്നതല്ലേ, ഇനി നീ അല്പനേരമെനിക്കരികിലിരിക്കൂ:
സർവതും മുമ്പെന്നപോലതാതു തന്നെയാവട്ടെ-
ആകാശം പിന്നെയും കാഴ്ച നഷ്ടമാവുന്നിടമാവട്ടെ,
പാത പാതയും, പാനപാത്രം വീണ്ടും പാനപാത്രവുമാവട്ടെ.
നിന്റെ സാഗരനയനങ്ങളിൽ
ഈ വെളിച്ചത്തിന്റെ വിളുമ്പിൽ,
സന്ധ്യയുടെ നേരതിരിൽ,
രണ്ടു കാലങ്ങൾ സന്ധിക്കുമവിടെ,
രാവും പകലുമല്ലാത്തവിടെ,
ഇന്നും നാളെയുമല്ലാത്തവിടെ,
ഒരു നിമിഷം നിത്യതയും
മറുനിമിഷം വെറും പുകയുമാവുമവിടെ-
ഈ വെളിച്ചത്തിന്റെ വിളുമ്പിൽ
ഒരു നിമിഷം, രണ്ടു നിമിഷമല്ലെങ്കിൽ,
നിന്റെ ചുണ്ടുകളുടെ മിന്നായം ഞാൻ കണ്ടു,
നിന്റെ കൈകളുടെ വളകിലുക്കം ഞാൻ കേട്ടു.
അതായിരുന്നു നമ്മുടെ സംഗമം:
അതു പൂർണ്ണസത്യമായിരുന്നില്ല,
അതാകെ വ്യാജവുമായിരുന്നില്ല.
എന്തിനു കരയണം, എന്തിനു പഴിക്കണം?
എന്തിനതിനെപ്പറ്റി നുണകൾ നാം പറയണം?
നിന്റെ സാഗരനയനങ്ങളിൽ സൂര്യനസ്തമിക്കുമ്പോൾ
വീടുള്ളവർ സുഖം പറ്റിക്കിടന്നുറങ്ങും,
സഞ്ചാരി വീണ്ടും വഴിയിലേക്കിറങ്ങും.
പറയൂ!
പറയൂ, പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നിരിക്കെ,
പറയൂ, നിങ്ങളുടെ നാവിനിനിയും വിലക്കു വീണിട്ടില്ലെന്നിരിക്കെ,
ഈ ബലിഷ്ഠദേഹം നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ,
പറയൂ, അതിൽ പ്രാണനോടുന്നുണ്ടെന്നിരിക്കെ.
കാണുന്നില്ലേ, ഉലയിലഗ്നി വളരുന്നതും,
ഇരുമ്പു ചുട്ടുപഴുക്കുന്നതും,
താഴുകൾ പൊട്ടിത്തുറക്കുന്നതും,
തുടലുകളഴിയുന്നതും.
പറയൂ, ഇത്രനേരം തന്നെ അധികമാണെന്നിരിക്കെ,
ഉടലും വീഴും മുമ്പേ, നാവു കുഴയും മുമ്പേ,
പറയൂ, നേരിനുയിരു പോയിട്ടില്ലിനിയുമെന്നിരിക്കെ,
പറയൂ, പറയൂ, പറയാനുള്ളതൊക്കെയും വിളിച്ചുപറയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ