2021, ജൂൺ 5, ശനിയാഴ്‌ച

ഇ. ബി. വൈറ്റ്- എഴുതാനിരിക്കുമ്പോൾ

 എഴുതാനിരിക്കുമ്പോൾ ഞാൻ ഒരിക്കലും പാട്ടു വയ്ക്കാറില്ല, രണ്ടിനും കൂടിയുള്ള ശ്രദ്ധ ഇല്ലാത്തതുകൊണ്ടാണത്, അതെനിക്കിഷ്ടവുമല്ല. നേരേ മറിച്ച്, ശ്രദ്ധ തെറ്റിക്കാൻ സാധാരണ നടക്കുന്ന കാര്യങ്ങൾക്കിടയിലും ഒരുവിധം നന്നായി ജോലി ചെയ്യാൻ എനിക്കു കഴിയാറുമുണ്ട്. എന്റെ വീട്ടിൽ ഒരു സ്വീകരണമുറിയുണ്ട്; വീട്ടിൽ നടക്കുന്ന സകലസംഗതികളുടേയും കേന്ദ്രബിന്ദു അതാണ്‌: സ്റ്റോറിലേക്കും അടുക്കളയിലേക്കും ഫോൺ ജീവിക്കുന്ന അറയിലേക്കുമുള്ള നടവഴി അതിലൂടെയാണ്‌. പോക്കുവരവ് കാര്യമായിത്തന്നെയുണ്ട്; എന്നാൽ നല്ല വെളിച്ചമുള്ളതും ഉന്മേഷം തോന്നുന്നതുമായ ഒരു മുറിയായതിനാൽ ഞാൻ പലപ്പോഴും അവിടെയിരുന്ന് എഴുതാറുണ്ട്, എനിക്കു ചുറ്റിനുമായി ഒരു മേള കൊണ്ടുപിടിച്ചു നടക്കുകയാണെങ്കിലും. എന്റെ ടൈപ്പ്റൈറ്റർ മേശയ്ക്കടിയിലേക്ക് ചൂലു കുത്തിത്തിരുകുന്ന വേലക്കാരി പ്രത്യേകിച്ചൊരു ശല്യമായി എനിക്കിതേവരെ തോന്നിയിട്ടില്ല, അതെന്റെ എഴുത്തിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിച്ചിട്ടുമില്ല, അവൾ അത്ര കാണാൻ കൊള്ളാവുന്നവളോ തീരെ ചേലു കെട്ടവളോ അല്ലെങ്കിലല്ലാതെ. എന്റെ ഭാര്യ, ദൈവം സഹായിച്ച്, പല എഴുത്തുകാരുടെയും ഭാര്യമാരെപ്പോലെയല്ല; ഭർത്താവിന്റെ ജോലിക്ക് ഒരു ഭംഗവും വരാതെ നോക്കാൻ പ്രതിരോധം തീർക്കുന്ന ശീലം അവൾക്കില്ല. അതുകാരണം ഞാനൊരു എഴുത്തുജീവിയാണെന്ന സംഗതിക്ക് എന്റെ വീട്ടിലുള്ളവർ പുല്ലുവില പോലും നല്കാറില്ല- തങ്ങൾക്കു മതിയായത്ര ഒച്ചയും ബഹളവും അവർ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതിനി അത്ര സഹിക്കാൻ പറ്റാതെ വന്നാൽ എനിക്കു പോകാൻ വേറേ ഇടങ്ങളുണ്ടല്ലോ. എഴുതാൻ തനിക്കേറ്റവും അനുയോജ്യമായ ചുറ്റുപാടിനു കാത്തിരിക്കുന്ന എഴുത്തുകാരൻ ഒരു വരി പോലുമെഴുതാതെ മരിക്കും.


അഭിപ്രായങ്ങളൊന്നുമില്ല: