2021, ജൂൺ 5, ശനിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക- അവശ്യമല്ലാത്ത വായന

 


കവി- അയാളുടെ വിദ്യാഭ്യാസം, പ്രായം, ലിംഗം, അഭിരുചികൾ ഇതൊക്കെ എന്തുമായിക്കോട്ടെ- ഉള്ളിന്റെയുള്ളിൽ ഇപ്പോഴും ആ ആദിമമനുഷ്യന്റെ ആത്മീയാവകാശി തന്നെ. ലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണങ്ങൾ അയാളിൽ വലിയ സ്വാധീനമൊന്നും ചെലുത്തുന്നില്ല. അയാൾ പ്രകൃതിശക്തികളിൽ ചേതന കാണുന്നവനും അചേതനവസ്തുക്കളെ മാന്ത്രികവസ്തുക്കളായി ആരാധിക്കുന്നവനുമാണ്‌. എല്ലാ വസ്തുക്കളിലും ചില നിഗൂഢശക്തികൾ നിദ്രാണമായി കിടപ്പുണ്ടെന്നു വിശ്വസിക്കുന്നവനും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ചില വാക്കുകളുടെ സഹായത്തോടെ അവയെ ഉണർത്താമെന്നു തീർച്ചയുള്ളവനുമാണയാൾ. കവി സ്തുത്യർഹമായ ഏഴു ബിരുദങ്ങൾ ഉള്ളയാളാവാം- എന്നാൽ ഒരു കവിതയെഴുതാൻ ഇരിക്കുന്ന നിമിഷം താൻ ഇട്ടിരിക്കുന്ന യുക്തിയുടെ സ്കൂൾ യൂണിഫോം അയാൾക്കു ചൊറിഞ്ഞുതുടങ്ങുന്നു; അയാൾ ഞെളിപിരി കൊള്ളുകയും തുമ്മുകയും ചെയ്യുന്നു; അയാൾ ആദ്യം ഒരു ബട്ടൺ അഴിക്കുന്നു, പിന്നെ മറ്റൊന്ന്; ഒടുവിൽ ഉടുപ്പിൽ നിന്നയാൾ പൂർണ്ണമായും പുറത്തുചാടുന്നു; മൂക്കിൽ ഒരു വളയം തുളച്ചിട്ട ഒരു കാട്ടാളനായി എല്ലാവർക്കും മുന്നിൽ അയാൾ നില്ക്കുന്നു. അതെ, അതെ, കാട്ടാളൻ തന്നെ; മരിച്ചവരോടും ജനിക്കാനിരിക്കുന്നവരോടും, മരങ്ങളോടും പക്ഷികളോടും, എന്നു വേണ്ട, വിളക്കുകളോടും കട്ടിൽക്കാലുകളോടും വരെ കാവ്യഭാഷയിൽ സംസാരിക്കുന്ന ഒരാളെ കാട്ടാളൻ എന്നല്ലാതെ എന്താണു വിളിക്കുക, പൊട്ടൻ എന്നല്ലെങ്കിൽ?

***

ഞാൻ ഒരു പഴയമട്ടുകാരിയാണ്‌; മനുഷ്യവർഗ്ഗം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള വിനോദങ്ങളിൽ വച്ചേറ്റവും ഉജ്ജ്വലം പുസ്തകവായനയാണെന്നു ഞാൻ പറയും. ഹോമോ ലൂഡെൻസ് ആടുകയും പാടുകയും അർത്ഥപൂർണ്ണമായ ചേഷ്ടകൾ കാണിക്കുകയും നിലകളെടുക്കുകയും വിചിത്രവേഷങ്ങളണിയുകയും കൂത്താടുകയും വിപുലമായ അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യും. അത്തരം നേരമ്പോക്കുകളുടെ പ്രാധാന്യം ഞാൻ കുറച്ചുകാണുന്നില്ല- അവയില്ലെങ്കിൽ സങ്കല്പിക്കാൻ പറ്റാത്ത ആവർത്തനവിരസതയിൽ, ഒരുപക്ഷേ, ശൈഥില്യത്തിലും പരാജയത്തിലും, മനുഷ്യജീവിതം കഴിഞ്ഞുപോയേനെ. ഇതെല്ലാം പക്ഷേ, സംഘം ചേർന്നുള്ള പ്രവൃത്തികളാണ്‌; സംഘനൃത്തത്തിന്റെ ഒരു നേർത്ത കാറ്റോട്ടം അവയ്ക്കു മേൽ ഒഴുകിനടക്കുന്നുണ്ട്. എന്നാൽ ഒരു പുസ്തകം കയ്യിലെടുത്ത ഹോമോ ലൂഡെൻസ് സ്വതന്ത്രനാണ്‌. തനിക്കെത്ര സ്വതന്ത്രനാകാമോ, അത്രയ്ക്കെങ്കിലും സ്വതന്ത്രനാണ്‌. ആ കളിയുടെ നിയമങ്ങൾ നിശ്ചയിക്കുന്നത് അയാളാണ്‌; അവയാകട്ടെ, അയാളുടെ ജിജ്ഞാസയ്ക്കു മാത്രം വിധേയവുമായിരിക്കും. ഏതു പുസ്തകം വായിക്കാനും അയാൾക്കു സ്വാതന്ത്ര്യമുണ്ട്: അവ അർത്ഥപൂർണ്ണമായ പുസ്തകങ്ങളാണെങ്കിൽ അയാൾക്കതു പ്രയോജനം ചെയ്യും; അർത്ഥശൂന്യമാണെങ്കിൽ അതും എന്തെങ്കിലും പ്രയോജനം ചെയ്തേക്കാം. ഒരു പുസ്തകം വായിച്ചുതീർക്കാതെ അയാൾക്കടച്ചുവയ്ക്കാം, വേറൊന്നെടുത്ത് ഒടുക്കത്തിൽ നിന്ന് തുടക്കത്തിലേക്കു വായിക്കാം. അസ്ഥാനത്തയാൾക്കു പൊട്ടിച്ചിരിക്കാം, ഒരായുസ്സു മുഴുവൻ കാത്തുവയ്ക്കാവുന്ന ചില വാക്കുകളിൽ അയാൾക്കു തട്ടിത്തടഞ്ഞുനില്ക്കാം. ഒടുവിലായി- മറ്റൊരു വിനോദവും ഇങ്ങനെയൊന്നു വാഗ്ദാനം ചെയ്യുന്നില്ല- അയാൾക്ക് മൊണ്ടെയ്ന്റെ തർക്കവാദങ്ങൾ ഒളിഞ്ഞുനിന്നു കേൾക്കാം, അല്ലെങ്കിൽ മീസോസോയിക്ക് യുഗത്തിൽ ഒന്നു മുങ്ങിനിവരുകയും ചെയ്യാം.

***


(അവശ്യമല്ലാത്ത വായനയിൽ നിന്ന്)

*Homo Ludens- കളിയ്ക്കുന്ന മനുഷ്യൻ എന്നർത്ഥം.
Johan Huizinga എന്ന ഡച്ച് സാമൂഹ്യശാസ്ത്രകാരന്റെ അതേപേരുള്ള പുസ്തകത്തിൽ നിന്ന് പ്രചാരത്തിലായ പദം. സമൂഹത്തിലും സംസ്കാരത്തിലും ‘കളി’യുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ്‌ ആ പുസ്തകം.
*Mezosoic- 7 കോടി കൊല്ലം മുമ്പത്തെ ഡൈനോസറുകളുടെ കാലം. ഉരഗയുഗം എന്നും അറിയപ്പെടുന്നു.
*Michel de Montaigne (1533-1592)- ഫ്രഞ്ച് നവോത്ഥാനകാലചിന്തകൻ.

അഭിപ്രായങ്ങളൊന്നുമില്ല: