2021, ജൂൺ 30, ബുധനാഴ്‌ച

ബോദ്‌ലേർ - കലയും പുരോഗതിയും

 ഇന്നു നടപ്പുരീതിയായ ഒരബദ്ധമുണ്ട്; പ്ലേഗിനെപ്പോലെ സൂക്ഷിക്കണമെന്നാണ്‌ ഞാൻ അതിനെക്കുറിച്ചു മുന്നറിയിപ്പു തരിക. പുരോഗതി എന്ന ആശയത്തിന്റെ കാര്യമാണു ഞാൻ സൂചിപ്പിക്കുന്നത്. ഈ പുക പിടിച്ച അടയാളവിളക്ക്, പേറ്റന്റുണ്ടെങ്കിലും പ്രകൃതിയോ ദൈവമോ ഗാരണ്ടി നല്കാത്ത, കപടദാർശനികരുടെ ഈ കണ്ടുപിടുത്തം, ഈ പുതുപുത്തൻ റാന്തൽ ജ്ഞാനത്തിന്റെ സർവ്വമണ്ഡലത്തിനും മേലയക്കുന്നത് അന്ധകാരത്തിന്റെ രശ്മികളാണ്‌; സ്വാതന്ത്ര്യം മാഞ്ഞുപോകുന്നു, ശിക്ഷ ഇല്ലാതാകുന്നു. ചരിത്രത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ആദ്യം ചെയ്യേണ്ടത് ഈ കുടിലമായ വിളക്ക് ഊതിക്കെടുത്തുക എന്നതാണ്‌. ആധുനികഡംഭിന്റെ ചവറ്റുകൂനയിൽ വിരിഞ്ഞ ഈ അപഹാസ്യമായ ആശയം സകലരേയും അവനവന്റെ ധർമ്മത്തിൽ നിന്നു മുക്തരാക്കിയിരിക്കുന്നു, എല്ലാവരിൽ നിന്നും ചുമതലകൾ എടുത്തുമാറ്റിയിരിക്കുന്നു, സൗന്ദര്യത്തോടുള്ള സ്നേഹം ചുമത്തിയ നിബന്ധനകളിൽ നിന്ന് ഇച്ഛയെ മോചിപ്പിച്ചിരിക്കുന്നു; പരിതാപകരമായ ഈ ചിത്തഭ്രമം അധികകാലം നീണ്ടുനില്ക്കുകയാണെങ്കിൽ അധോഗതിയിലായ മനുഷ്യവർഗ്ഗങ്ങൾ വിധിവാദത്തിന്റെ മെത്തയിൽ ബലവും ഓജസ്സും ക്ഷയിച്ച് മയങ്ങിക്കിടക്കാനാണു പോകുന്നത്. ഇപ്പോൾത്തന്നെ വേണ്ടത്ര വെളിവായ ഒരു ജീർണ്ണതയുടെ ലക്ഷണമാണ്‌ ഈ മതിമോഹം.

തനിക്കിഷ്ടപ്പെട്ട കഫേയിലിരുന്ന്, തനിക്കിഷ്ടപ്പെട്ട പത്രം ഒരുനാളും മുടങ്ങാതെ വായിച്ചുതീർക്കുന്ന ഒരു ഫ്രഞ്ചുകാരനോട് പുരോഗതി എന്നതുകൊണ്ട് എന്താണയാൾ മനസ്സിലാക്കുന്നത് എന്നൊന്നു ചോദിച്ചുനോക്കൂ; അയാളുടെ ഉത്തരം ഇതായിരിക്കും: സ്റ്റീം! ഇലക്ട്രിസിറ്റി! ഗ്യാസ് ലൈറ്റിങ്ങ്! -റോമാക്കാർക്ക് അപരിചിതമായിരുന്ന അത്ഭുതങ്ങൾ; പൗരാണികർക്കു മേൽ നമ്മുടെ ശ്രേഷ്ഠത സ്ഥാപിക്കാൻ ഈ കണ്ടുപിടുത്തങ്ങളിലധികം തെളിവു വേണ്ട എന്നയാൾ പറയും; അത്രയധികം ഇരുട്ടാണ്‌ ഭാഗ്യക്കേടു പിടിച്ച ആ തലയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്നത്; അത്രയ്ക്കധികമാണ്‌, ഭൗതികവും ആത്മീയവുമായ തലങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം അതിനുള്ളിൽ. മൃഗാധിപത്യവാദികളും* വ്യവസായവാദികളുമായ തത്വചിന്തകരുടെ പ്രേരണയാൽ അത്രയധികം അമേരിക്കനിസം ബാധിച്ച ആ പാവത്താന്‌ ഭൗതികവും ധാർമ്മികവുമായ ലോകങ്ങളും പ്രാകൃതികവും പ്രകൃത്യതീതവും തമ്മിലുമുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാതായിരിക്കുന്നു. 

ഒരു ജനതയ്ക്ക്  പോയ നൂറ്റാണ്ടിനെക്കാൾ സൂക്ഷ്മമായ ഒരവബോധമാണ്‌ ധാർമ്മികപ്രശ്നങ്ങളിൽ ഇന്നുള്ളതെങ്കിൽ അത് പുരോഗതിയാണ്‌; അത്രയും വ്യക്തം. ഒരു കലാകാരൻ ഇക്കൊല്ലം ചെയ്ത ചിത്രം അയാളിൽ കഴിഞ്ഞ കൊല്ലം കണ്ടതിനെക്കാൾ കൂടുതൽ പരിജ്ഞാനവും ഭാവനാശക്തിയുമാണ്‌ പ്രദർശിപ്പിക്കുന്നതെങ്കിൽ അയാൾ പുരോഗതി പ്രാപിച്ചു എന്ന് നിസ്സംശയം പറയാം. ഭക്ഷണസാധനങ്ങൾക്ക് ഇന്നലത്തെക്കാൾ ഗുണം കൂടുതലും വില കുറവുമാണ്‌ ഇന്നെങ്കിൽ ഭൗതികതലത്തിൽ അതൊരു പുരോഗതി തന്നെയാണ്‌. എന്നാൽ, ഞാൻ ചോദിക്കട്ടെ, ഈ പുരോഗതി നാളത്തേക്കു നീളുമെന്നതിന്‌ എന്താണുറപ്പ്? സ്റ്റീമിന്റെയും സൾഫർ തീപ്പെട്ടിയുടേയും താത്വികരുടെ ശിഷ്യന്മാർ അങ്ങനെയാണ്‌ മനസ്സിലാക്കിവച്ചിരിക്കുന്നത്: പുരോഗതിയെ അവർ കാണുന്നത് അനന്തമായ ഒരു പരമ്പരയുടെ രൂപത്തിലാണ്‌. എന്നാൽ എന്താണുറപ്പ്? നിങ്ങളുടെ ജഡബുദ്ധിയും എന്തും വിശ്വസിക്കുന്ന ശീലവുമാണ്‌ ആ ഉറപ്പ് എന്നാണു ഞാൻ പറയുക.

പുരോഗതി എന്ന ആശയത്തെ ഭാവനയുടെ മണ്ഡലത്തിലേക്കു പറിച്ചുനടുമ്പോൾ (ചില സാഹസികബുദ്ധികൾ, താർക്കികഭ്രാന്തന്മാർ, അതിനും ശ്രമിച്ചിട്ടുണ്ട്) അയുക്തികതയുടെ സ്മാരകമായിട്ടാണ്‌, അപഹാസ്യമായ വൈകൃതമായിട്ടാണ്‌ അതവിടെ ഉയർന്നുനില്ക്കുന്നത്. ആ നിലപാട് നിലനില്ക്കത്തക്കതേയല്ല. വസ്തുതകൾ അത്രയ്ക്കും സുവ്യക്തമാണ്‌, അത്രയ്ക്കും സുവിദിതവുമാണ്‌. കവിതയുടേയും കലയുടേയും മണ്ഡലത്തിൽ മഹാന്മാരായ ആവിഷ്കർത്താക്കൾക്ക് മുൻഗാമികൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഓരോ പൂവിടലും നൈസർഗ്ഗികമാണ്‌, വൈയക്തികമാണ്‌. സിന്യോറെല്ലി ശരിക്കും മൈക്കലാഞ്ജെലോയുടെ ജനയിതാവാണോ? പെറജീനോയുടെ ഉള്ളിൽ റാഫേൽ ഉണ്ടായിരുന്നോ? കലാകാരന്‌ തന്നോടല്ലാതെ മറ്റാരോടും കടപ്പാടില്ല. ഭാവികാലത്തിന്‌ അയാൾ വാഗ്ദാനം ചെയ്യുന്നത് സ്വന്തം സൃഷ്ടികൾ മാത്രമാണ്‌. തന്നെ മാത്രമേ അയാൾ സാക്ഷ്യപ്പെടുത്തുന്നുള്ളു. സന്തതികളില്ലാതെ അയാൾ മരിക്കുന്നു. അയാൾ തന്നെയായിരുന്നു അയാളുടെ രാജാവും പുരോഹിതനും ദൈവവും. ഇത്തരം പ്രതിഭാസങ്ങളിലാണ്‌ പിയർ ലറൂവിന്റെ പ്രശസ്തവും പ്രചണ്ഡവുമായ സൂത്രവാക്യം അതിന്റെ യഥാർത്ഥമായ പ്രയുക്തത കണ്ടെത്തുന്നത്. 

ആഹ്ലാദകരമായും വിജയപൂർവ്വമായും ഭാവനയുടെ കലകളെ പരിപോഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്‌. ഇന്നത്തെ സമൃദ്ധി, നിർഭാഗ്യവശാൽ, നീണ്ടുനില്ക്കുമെന്നതിന്‌ ഒരുറപ്പുമില്ല. ഉദയം കിഴക്കായിരുന്ന ഒരു കാലമുണ്ടായിരുന്നു; പിന്നെ വെളിച്ചം തെക്കോട്ടു നീങ്ങി; ഇപ്പോഴതു പ്രസരിക്കുന്നത് പടിഞ്ഞാറു നിന്നാണ്‌. നാഗരികലോകത്തിന്റെ കേന്ദ്രബിന്ദുവിലാണ്‌ ഫ്രാൻസിന്റെ സ്ഥാനമെന്നതിനാൽ തന്റെ അയല്ക്കാരുടെ ആശയങ്ങളും കാവ്യരചനകളും ശേഖരിച്ച് മനോഹരമായി രൂപപ്പെടുത്തി മറ്റു ജനതകൾക്കു കൈമാറാനുള്ള ഭാഗധേയം ഇന്നവൾക്കാണു ലഭിച്ചിരിക്കുന്നതെന്നതു ശരി തന്നെ. എന്നാൽ രാഷ്ട്രങ്ങൾ, വിപുലമായ ആ സംഘജീവികൾ, വ്യക്തികൾക്കു ബാധകമായ അതേ നിയമങ്ങൾക്കുതന്നെ അധീനമാണെന്നതു നാം ഒരിക്കലും മറക്കരുത്. അവ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങുകയും പുലമ്പുകയും അടിവച്ചടിവച്ചു വളരുകയും ചെയ്യും; യുവാക്കളെയും പാകതയെത്തിയവരേയും പോലെ വിവേകവും ധീരതയും നിറഞ്ഞ സൃഷ്ടികൾ ചെയ്യും; വൃദ്ധരെപ്പോലെ കൂട്ടിവച്ച സമൃദ്ധിയിൽ കിടന്നുറക്കമാവുകയും ചെയ്യും. അവയെ കരുത്തിലേക്കും വികാസത്തിലേക്കും നയിച്ച അടിസ്ഥാനതത്വം തന്നെയായിരിക്കും പലപ്പോഴും അവയുടെ പതനത്തിനു കാരണമാകുന്നതും, സർവ്വതും ജയിച്ചടക്കാനുള്ള ആവേശത്താൽ ഒരിക്കൽ ജീവൻ തുടിച്ചിരുന്ന ആ തത്വം ഭൂരിപക്ഷത്തിനും ഒരു പതിവനുഷ്ഠാനമായി പില്ക്കാലത്തു മാറിയെങ്കിൽ വിശേഷിച്ചും. അപ്പോൾ, ഞാൻ അല്പം മുമ്പു സൂചിപ്പിച്ചപോലെ, ജീവചൈതന്യത്തിന്റെ ആ സ്ഫുലിംഗം മറ്റു ദേശങ്ങളിലേക്കും മറ്റു ജനതകളിലേക്കും മാറിപ്പോകുന്നു; ഈ നവാഗതർക്ക് പൂർവ്വികരിൽ നിന്ന് ഒരു പാരമ്പര്യമപ്പാടെ അവകാശമായിക്കിട്ടുന്നുവെന്നോ എടുത്തുപയോഗിക്കാൻ പാകത്തിൽ സർവ്വസജ്ജമായ ഒരു സിദ്ധാന്തം അവരെ കാത്തിരുപ്പുണ്ടായിരുന്നുവെന്നോ നാം കരുതരുത്. പലപ്പോഴും സഭവിക്കുന്നത് (മദ്ധ്യകാലഘട്ടത്തിൽ അങ്ങനെയുണ്ടായി) സർവ്വതും നഷ്ടപ്പെട്ട് രണ്ടാമതും തുടങ്ങേണ്ടിവരുന്നു എന്നതാണ്‌.


(from the Universal Exhibition of 1855)


2021, ജൂൺ 27, ഞായറാഴ്‌ച

ബോദ്‌ലേർ - നിറത്തെക്കുറിച്ച്


മനോഹരമായ ഒരു ഭൂപ്രദേശം നാം മനസ്സിൽ കാണുക; എന്തിനും ഇഷ്ടം പോലെ പച്ചയോ ചുവപ്പോ ധൂസരമോ അതുമല്ലെങ്കിൽ നിറങ്ങളുടെ ഒരു ചേരുവയോ ആകാനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യം അവിടെയുണ്ട്; തങ്ങളുടെ തങ്ങളുടെ തന്മാത്രാഘടനക്കനുസൃതമായി വിവിധ നിറങ്ങളാർന്ന വസ്തുക്കൾ വെളിച്ചവും നിഴലും സ്ഥാനം മാറുന്നതിനൊത്ത് അനുനിമിഷം രൂപാന്തരപ്പെടുകയാണവിടെ; ലീനതാപത്തിന്റെ പ്രവർത്തനത്താൽ അവിരതം സ്പന്ദനം ചെയ്യുന്ന സർവ്വതും രേഖകളെ ചലനപ്പെടുത്തുകയും നിരന്തരവും സാർവ്വത്രികവുമായ ചലനത്തിന്റെ നിയമത്തിന്‌ സാധുത നല്കുകയും ചെയ്യുകയാണവിടെ. അതിനുമപ്പുറം ഒരപാരത, ചിലനേരം നീലയും പലപ്പോഴും പച്ചയുമായി, ചക്രവാളത്തിലേക്കു പരന്നുകിടക്കുന്നു; അത് കടലാണ്‌. മരങ്ങൾ പച്ചയാണ്‌, പുല്ലുകൾ പച്ചയാണ്‌, പായൽ പച്ചയാണ്‌; വൃക്ഷകാണ്ഡങ്ങളിൽ പച്ച പുളഞ്ഞുകയറുന്നു,  മൂപ്പെത്താത്ത തണ്ടുകളും പച്ചയാണ്‌; പച്ചയാണ്‌ പ്രകൃതിയുടെ അടിസ്ഥാനവർണ്ണം, എന്തെന്നാൽ, പച്ച മറ്റേതു നിറവുമായും അനായാസമായി ചേർന്നുപോകുന്നുണ്ടല്ലോ.. ഒന്നാമതായി എന്റെ മനസ്സിൽ തറയ്ക്കുന്നതിതാണ്‌: എവിടെയും- പുൽത്തകിടിയിലെ പോപ്പികളിൽ, പിമ്പെർണലുകളിൽ, തത്തകളിൽ- ചുവപ്പ് പച്ചയെ വാഴ്ത്തുകയാണ്‌. കറുപ്പ്, അതെവിടെയെങ്കിലും ഉണ്ടെങ്കി (ഏകാന്തവും അഗണ്യവുമായ ഒരു വട്ടപ്പൂജ്യം) നീലയിലും ചുവപ്പിലും നിന്ന് സഹായം തേടുന്നു. നീലയെ, എന്നു പറഞ്ഞാൽ ആകാശത്തെ, വെളുത്തുനേർത്ത പാളികളോ നരച്ച കൂമ്പാരങ്ങളോ ശകലിതമാക്കുകയും അതിന്റെ ഏകതാനമായ പാരുഷ്യത്തെ ഹൃദ്യമായ രീതിയിൽ മയപ്പെടുത്തുകയും ചെയ്യുന്നു; കാലപ്പകർച്ചകളിൽ, മഞ്ഞുകാലത്തോ വേനൽക്കാലത്തോ, അന്തരീക്ഷത്തിലുണ്ടാകുന്ന മൂടൽ ബാഹ്യരേഖകളെ മുക്കിക്കളയുകയോ മയപ്പെടുത്തുകയോ ചെയ്യുമ്പോൾ പ്രകൃതി ഒരു പമ്പരത്തെ ഓർമ്മപ്പെടുത്തുന്നു: ഒരു വർണ്ണരാജിയാകെത്തന്നെ തന്നിലുണ്ടെങ്കിലും അതിവേഗം കറങ്ങുമ്പോൾ നരച്ച നിറമായിത്തോന്നുന്ന ഒരു പമ്പരം.

മരനീരിരച്ചുയരുകയും മൂലകങ്ങളുടെ ഒരു മിശ്രിതമായ അത് നിറഭേദങ്ങളുടെ ഒരു മിശ്രിതമായി പൂത്തുവിടരുകയും ചെയ്യുന്നു; മരങ്ങളും കല്ലുകളും കരിമ്പാറക്കൂട്ടങ്ങളും ജലത്തിൽ പ്രതിബിംബങ്ങൾ വീഴ്ത്തുന്നു; സുതാര്യമായ ഓരോ വസ്തുവും വെളിച്ചം അതിലൂടെ കടന്നുപോകുമ്പോൾ അടുത്തും അകലത്തുമുള്ള വർണ്ണഛായകളെ കടന്നുപിടിക്കുകയും തടവിലാക്കുകയും ചെയ്യുന്നു. പകലിന്റെ നക്ഷത്രം സ്ഥാനം മാറുന്നതിനനുസരിച്ച് വർണ്ണങ്ങളുടെ മൂല്യത്തിനു മാറ്റം വരുന്നുണ്ടെങ്കിലും അവയ്ക്കു സ്വാഭാവികമായിട്ടുള്ള രാഗദ്വേഷങ്ങൾക്കനുസൃതമായും അന്യോന്യം വിട്ടുവീഴ്ച്ചകൾ ചെയ്തും അവ ഒരുമയോടെ നിലനില്ക്കുന്നു. നിഴലുകൾ സാവധാനം നീങ്ങിത്തുടങ്ങുമ്പോൾ നിറങ്ങൾ അവയ്ക്കു മുന്നിൽ നിന്നോടിയൊളിക്കുകയോ അല്ലെങ്കിൽ കെട്ടുപോവുകതന്നെയോ ചെയ്യുന്നു; സ്ഥാനം മാറുന്ന വെളിച്ചം അപ്പോഴേക്കും പുതിയ നിറങ്ങൾക്കു ജീവൻ കൊടുക്കുകയായി. ഇവ തങ്ങളുടെ പ്രതിഫലനങ്ങൾ കൂട്ടിക്കലർത്തുകയും സുതാര്യവും കടം കൊണ്ടതുമായ തിളക്കങ്ങൾ കൊണ്ട് സ്വന്തം ഗുണങ്ങൾ ഭേദപ്പെടുത്തുകയും ചെയ്യ്ത് ശ്രുതിമധുരമായ പരിണയങ്ങളുടെ അനന്തപരമ്പരയായി പെരുകുകയും ചെയ്യുന്നു. ആ കൂറ്റൻ അഗ്നിഗോളം കടലിൽ മുങ്ങിത്താഴുമ്പോൾ ചുവന്ന കാഹളധ്വനികൾ സർവ്വദിക്കിലേക്കും ചിതറിത്തെറിക്കുന്നു, രക്തവർണ്ണമായ ഒരു സിംഫണി ചക്രവാളത്തിൽ ആളിപ്പടരുന്നു, പച്ച കടുംചുവപ്പായി മാറുകയും ചെയ്യുന്നു. എന്നാൽ വൈകാതെ നീലനിറത്തിലുള്ള വിപുലമായ നിഴലുകൾ വെളിച്ചത്തിന്റെ വിദൂരവും നേർത്തതുമായ മാറ്റൊലികൾ പോലുള്ള റോസും ഓറഞ്ചും നിറങ്ങളെ താളാത്മകമായി ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നു. ഇന്നത്തെ ഈ മഹത്തായ സിംഫണി, ഇന്നലത്തെ സിംഫണിയുടെ എന്നും പുതുക്കപ്പെടുന്ന രൂപം, മധുരഗീതങ്ങളുടെ ഈ തുടർച്ച, അനന്തത്തിൽ നിന്നുറവെടുക്കുന്ന ഈ വൈവിദ്ധ്യം, ഈ സങ്കീർണ്ണമായ കീർത്തനം- വർണ്ണം എന്നാണതിനു പേര്‌.

(1846ലെ സലോണിൽ നിന്ന്. വരകളെക്കാൾ വർണ്ണങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ദിലക്വായെപ്പോലുള്ള ചിത്രകാരന്മാരായിരുന്നു ബോദ്‌ലേർക്കു ഹിതം. ഇവിടെ ഇത് കലാനിരൂപണമാണെങ്കിലും ഒരു ഗദ്യകവിത പോലെ മനോഹരവുമാണ്.)


2021, ജൂൺ 26, ശനിയാഴ്‌ച

ബോദ്‌ലേർ- ഭാവന

 അടുത്ത കാലത്തായി ഒരായിരം രീതികളിൽ ഇങ്ങനെ പറഞ്ഞു നാം കേട്ടിട്ടുണ്ട്: “പ്രകൃതിയെ പകർത്തുക; പ്രകൃതിയെ മാത്രം. പ്രകൃതിയുടെ വിശിഷ്ടമായ ഒരനുകരണത്തെക്കാൾ വലിയ ഒരാനന്ദമോ ഉജ്ജ്വലമായ വിജയമോ നമുക്കു കിട്ടാനില്ല.” കലയ്ക്കു നേർവിരുദ്ധമായ ഈ സിദ്ധാന്തം പെയിന്റിങ്ങിനു മാത്രമല്ല, എല്ലാ കലകൾക്കും, നോവലിനു പോലും, കവിതയ്ക്കു പോലും ബാധകമാണെന്നാണ്‌ അവകാശവാദം. പ്രകൃതിയെക്കൊണ്ട് അത്രയ്ക്കും തൃപ്തരായ ഈ സിദ്ധാന്തക്കാർക്ക് ഇങ്ങനെ മറുപടി കൊടുക്കാനുള്ള അവകാശം  ഭാവനാശാലിയായ ഒരാൾക്ക് തീർച്ചയായുമുണ്ട്: “എനിക്കു നേരേ മുന്നിലുള്ളതിനെ പകർത്തിവയ്ക്കുന്നത് വ്യർത്ഥവും വിരസവുമായിട്ടാണ്‌ ഞാൻ കാണുന്നത്, കാരണം, അതിലുള്ളതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നതല്ല. പ്രകൃതി അസുന്ദരമാണ്‌, ഭൗതികയാഥാർത്ഥ്യത്തിന്റെ ക്ഷുദ്രതയെക്കാൾ എനിക്കിഷ്ടം എന്റെ സ്വന്തം ഭാവനയുടെ മിഥ്യകളാണ്‌.” എന്നാൽ അതിനെക്കാൾ കുറച്ചുകൂടി താത്ത്വികമായിരിക്കും, ഇപ്പറഞ്ഞ സിദ്ധാന്തക്കാരോട് ആദ്യം തന്നെ ഇങ്ങനെ ചോദിക്കുക: ബാഹ്യപ്രകൃതിയുടെ അസ്തിത്വത്തെക്കുറിച്ച് നിങ്ങൾക്കത്രയ്ക്കുറപ്പാണോ? ഇനി ആ ചോദ്യം നിന്ദാഗർഭമായ ഒരു പ്രതികരണമാണ്‌ അവരിൽ ഉണ്ടാക്കുക എന്നു തോന്നുന്നെങ്കിൽ ഇങ്ങനെയാകാം: പ്രകൃതിയെ അതിന്റെ സാകല്യത്തിൽ, പ്രകൃതിയേയും അതുൾക്കൊള്ളുന്നതെന്തിനേയും തങ്ങൾക്കറിയാമെന്ന് നിങ്ങൾക്കത്രയ്ക്കു തീർച്ചയുണ്ടോ? “ഉണ്ട്” എന്നാണു നാം കേൾക്കുന്നതെങ്കിൽ അതിനെക്കാൾ വീരവാദം നിറഞ്ഞതും അതിരുകവിഞ്ഞതുമായ ഒരുത്തരം വേറേയില്ലതന്നെ. വിചിത്രവും തരം താണതുമായ ആ പറച്ചിലുകൾ കേട്ടിട്ട് എനിക്കു മനസ്സിലായിടത്തോളം ആ സിദ്ധാന്തം കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ, ഇതായിരിക്കാം ഉദ്ദേശിക്കുന്നതെന്നൊരു സൗജന്യം ഞാൻ കാണിക്കുകയാണെങ്കിൽ, ഇതായിരിക്കാം: ‘ഒരു യഥാർത്ഥകലാകാരൻ, യഥാർത്ഥകവി, താൻ എന്തു കാണുന്നുവോ, തനിക്കെന്തനുഭൂതമാകുന്നുവോ, അതിനനുസരിച്ചേ വരയ്ക്കാൻ പാടുള്ളു. തന്റെ സ്വന്തം പ്രകൃതിയോട് അങ്ങേയറ്റം വിശ്വസ്തനായിരിക്കണം അയാൾ. മറ്റൊരാളുടെ, അതിനി എത്ര മഹാനായാലും, കണ്ണുകളോ മാനസികാനുഭവങ്ങളോ കടം വാങ്ങാനുള്ള പ്രലോഭനത്തെ, മരണത്തെപ്പോലെ, ഒഴിവാക്കണം; അല്ലെങ്കിൽ അയാൾ നമുക്കു തരുന്ന ആവിഷ്കരണം നുണകളുടെ ഒരു കെട്ടായിരിക്കും, സത്യങ്ങളായിരിക്കില്ല.’  ഞാൻ പറഞ്ഞ പണ്ഡിതമ്മന്യർ (അവരുടെ പ്രതിനിധികൾ എവിടെയുമുണ്ട്, കാരണം, സർഗാത്മകത ഇല്ലാത്തവരേയും അലസരേയും സുഖിപ്പിക്കാൻ പറ്റിയതാണല്ലോ, ആ സിദ്ധാന്തം) ഇങ്ങനെയല്ല തങ്ങളുടെ പ്രമാണത്തെ മനസ്സിലാക്കേണ്ടതെന്നു വാദിക്കുകയാണെങ്കിൽ, ഇത്രയേ അവർ പറയാനുദ്ദേശിക്കുന്നുള്ളു എന്നു കരുതാൻ നമുക്കവകാശമുണ്ട്: “ഞങ്ങൾക്കു ഭാവനാശേഷിയില്ല, മറ്റൊരാൾക്കും അതുണ്ടാവരുതെന്നും ഞങ്ങൾ ഇതിനാൽ ഉത്തരവിടുന്നു.“

എത്ര നിഗൂഢമയമാണ്‌ മനുഷ്യന്റെ മാനസികശേഷികളിൽ റാണിയായ ഈ ഭാവന! അത് മറ്റെല്ലാറ്റിനേയും സ്പർശിക്കുന്നു; അവയെ പ്രചോദിപ്പിക്കുന്നു, അവയെ യുദ്ധത്തിനിറക്കിവിടുന്നു. അവയോടു താദാത്മ്യം തോന്നുന്ന തരത്തിൽ അത്ര സൂക്ഷ്മമായി അതവയോടു സദൃശമാണെങ്കിലും അതൊരിക്കലും സ്വന്തം സ്വത്വം നഷ്ടപ്പെടുത്തുന്നില്ല; ഭാവന സജീവമല്ലാത്തവരെ അനായാസമായി തിരിച്ചറിയുകയും ചെയ്യാം, സുവിശേഷത്തിലെ അത്തിമരത്തെപ്പോലെ അവരുടെ രചനകളെ ഉണക്കിക്കളയുന്ന ഏതോ അജ്ഞാതശാപത്താൽ.

ഭാവന വിശകലനമാണ്‌; ഭാവന സങ്കലനമാണ്‌; എന്നാൽ വിശകലനം ചെയ്യാൻ വൈദഗ്ധ്യമുള്ളവരും പ്രശ്നങ്ങളെ സംഗ്രഹിക്കാൻ മതിയായ പ്രാപ്തിയുള്ളവരും ഭാവനാശേഷിയില്ലാത്തവരാവാനും മതി. ഭാവന അതെല്ലാമാണ്‌, എന്നാൽ അതു മാത്രമല്ല. ഭാവന സംവേദനക്ഷമതയാണ്‌; എന്നാൽ സംവേദനക്ഷമത കൂടിപ്പോയ ചിലരുണ്ട് -ഭാവന ഒട്ടുമില്ലാത്തവരുമാണവർ. ഭാവനയാണ്‌ മനുഷ്യനെ നിറത്തിന്റെയും വടിവിന്റെയും ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും ധാർമ്മികപ്രാധാന്യം പഠിപ്പിച്ചത്. ആദിയിൽ ഭാവന സാദൃശ്യവും രൂപകവും സൃഷ്ടിച്ചു. സൃഷ്ടലോകത്തെ അത് പിരിച്ചെടുക്കുന്നു, ആത്മാവിന്റെ അത്യഗാധതകളിൽ നിന്നുറവെടുക്കുന്ന ചില പ്രമാണങ്ങൾക്കനുസൃതമായി ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്ത സാമഗ്രികൾ വച്ച് അത് മറ്റൊരു ലോകം സൃഷ്ടിക്കുന്നു, പുതിയതൊന്നിന്റെ അനുഭൂതി ഉളവാക്കുന്നു. ഭാവനയാണ്‌ ലോകത്തെ സൃഷ്ടിച്ചതെന്നതിനാൽ (മതപരമായ അർത്ഥത്തിലും അങ്ങനെതന്നെ പറയാമെന്ന് എനിക്കു തോന്നുന്നു) ഭാവന തന്നെയാണ്‌ ലോകത്തെ ഭരിക്കേണ്ടതും. ഭാവനാശേഷിയില്ലാത്ത ഒരു സൈനികനെക്കുറിച്ച് നാം എന്താണു പറയുക? അയാൾ ഒന്നാന്തരം പടയാളിയായിരിക്കുമെന്ന്, എന്നാൽ ഒരു സേനയുടെ നായകത്വം കൊടുത്താൽ വിജയങ്ങൾ പ്രതീക്ഷിക്കേണ്ടെന്ന്. സമാനമായ ഒന്നായിരിക്കും, തന്റെ ശേഷികളുടെ നായകത്വത്തിൽ നിന്ന് ഭാവനയെ മാറ്റി അവിടെ തന്റെ ഭാഷാപരിജ്ഞാനത്തെയോ നിരീക്ഷണപാടവത്തെയോ പ്രതിഷ്ഠിക്കുന്ന ഒരു നോവലിസ്റ്റിന്റെയോ കവിയുടെയോ കാര്യം. ഭാവനയില്ലാത്ത ഒരു നയതന്ത്രജ്ഞനെക്കുറിച്ച് നാം എന്താണു പറയുക? പണ്ടു നടന്ന ഉടമ്പടികളേയും സഖ്യങ്ങളേയും കുറിച്ച് അയാൾക്ക് സമഗ്രമായ ജ്ഞാനമുണ്ടെന്നും എന്നാൽ ഭാവിയിൽ മറഞ്ഞുകിടക്കുന്ന ഉടമ്പടികളേയും സഖ്യങ്ങളേയും കുറിച്ച് അയാൾക്ക് ഒരൂഹവുമില്ലെന്നും. ഭാവനയില്ലാത്ത ഒരു പണ്ഡിതനെക്കുറിച്ച് നാം എന്താണു പറയുക? പഠിക്കേണ്ടതായിട്ടുള്ളതെല്ലാം, പഠിക്കേണ്ടി വന്നതിനാൽ മാത്രം, അയാൾ പഠിച്ചുകഴിഞ്ഞുവെന്നും മറഞ്ഞുകിടക്കുന്ന പുതിയ നിയമങ്ങൾ കണ്ടെത്താൻ അയാൾക്കു കഴിയില്ലെന്നും. ഭാവന യാഥാർത്ഥ്യത്തിന്റെ റാണിയാണ്‌; ‘സാദ്ധ്യമായത്’ യാഥാർത്ഥ്യത്തിന്റെ ഒരു മേഖലയുമാണ്‌. അത് അനന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്ലെങ്കിൽ മറ്റു ശേഷികളെല്ലാം, അവയിനി എത്ര ഉറച്ചതും മൂർച്ചയുള്ളതുമാവട്ടെ, ഇല്ലാത്തപോലെയാണ്‌; മറിച്ച് മറ്റേതെങ്കിലും ശേഷിയുടെ ദൗർബ്ബല്യം ഊർജ്ജസ്വലമായ ഒരു ഭാവനയുടെ കൂട്ടുണ്ടെങ്കിൽ അപ്രധാനമായ ഒരു നിർഭാഗ്യം മാത്രമാകുന്നു. മറ്റൊരു ശേഷിക്കും ഭാവനയെ കൂട്ടാതെ പറ്റില്ല; എന്നാൽ ഭാവനയ്ക്ക് മറ്റു ചില ശേഷികളുടെ സ്ഥാനമെടുക്കാനും കഴിയും. മറ്റു ശേഷികൾ നിരന്തരശ്രമങ്ങളിലൂടെയും വസ്തുക്കളുടെ സ്വാഭാവികക്രമത്തിനു നിരക്കാത്ത രീതികളിലൂടെയും തേടിക്കണ്ടുപിടിക്കുന്നതിന്റെ മർമ്മത്തിലേക്ക് ഭാവന അഭിമാനത്തോടെ നേരേ കടന്നുചെല്ലുന്നു. അവസാനമായി പറയട്ടെ, ഭാവനയ്ക്ക് ധാർമ്മികതയിലും പ്രബലമായ ഒരു ഭാഗമെടുക്കാനുണ്ട്. ഭാവനയില്ലെങ്കിൽ നന്മയെന്താണ്‌? അങ്ങനെയാണെങ്കിൽ കരുണയില്ലാത്ത നന്മയെക്കുറിച്ചും സ്വർഗ്ഗമില്ലാത്ത നന്മയെക്കുറിച്ചും നിങ്ങൾക്കു പറയാം. കഠിനവും ക്രൂരവും വന്ധ്യവുമാണത്; ചില രാജ്യങ്ങളിൽ അത് മതഭ്രാന്തായി പരിണമിച്ചിട്ടുണ്ട്, ചിലേടത്ത് പ്രൊട്ടെസ്റ്റാന്റിസമായും.

(1859ലെ സാലണിൽ നിന്ന്)

ബോദ്‌ലേർ - സ്ത്രീയും വേഷവും



ഭൂരിപക്ഷം പുരുഷന്മാരുടെ കാര്യത്തിലും തങ്ങൾക്കേറ്റവും ഊർജ്ജസ്വലവും, ദാർശനികാനന്ദങ്ങളെ നാണം കെടുത്തിക്കൊണ്ടു പറയട്ടെ, ഏറ്റവും ചിരസ്ഥായി പോലുമായ ആഹ്ലാദത്തിനുറവിടമായ ജീവി; ആരുടെ നേർക്കാണോ അല്ലെങ്കിൽ ആർക്കു വേണ്ടിയാണോ അവരുടെ എല്ലാ ഉദ്യമങ്ങളും ലക്ഷ്യം വയ്ക്കുന്നത്, ആ ജീവി; ഭയം ജനിപ്പിക്കുന്നതും ദൈവത്തെപ്പോലെ ആശയവിനിമയം അസാദ്ധ്യവുമായ ആ ജീവി (ഒരു വ്യത്യാസമുണ്ട്: അനന്തമായത് സ്വയം വെളിപ്പെടുത്താത്തത് അത് പരിമിതമായതിനെ അന്ധമാക്കുകയും ഞെരിച്ചമർത്തുകയും ചെയ്യും എന്നതുകൊണ്ടാണെങ്കിൽ, ആരെക്കുറിച്ചാണോ ഇവിടെ നാം സംസാരിക്കുന്നത്, ആ ജീവി ദുർഗ്രഹമാകുന്നത് ഒരുപക്ഷേ, അതിനു പ്രത്യേകിച്ചൊന്നും വിനിമയം ചെയ്യാനില്ലാത്തതുകൊണ്ടാണ്‌); ഏതു സുന്ദരജന്തുവിന്റെ സൗന്ദര്യമാണോ, രാഷ്ട്രതന്ത്രം എന്ന ഗൗരവം നിറഞ്ഞ മത്സരക്കളിയെ ഉഷാറാക്കുന്നതും അനായാസമാക്കുന്നതുമായി ജോസെഫ് ഡി മെയ്സ്ത്രെ കണ്ടത്, ആ ജീവി; ആർക്കു വേണ്ടിയാണോ, ആരിലൂടെയാണോ, കണക്കറ്റ സമ്പത്തുകൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും, ആ ജീവി; ആർക്കു വേണ്ടിയാണോ, അതിലുമുപരി ആരു വഴിയാണോ കലാകാരന്മാരും കവികളും തങ്ങളുടെ ഏറ്റവും വിശിഷ്ടമായ രത്നാഭരണങ്ങൾ ചെയ്തെടുക്കുന്നത്; എത്രയും വീര്യം കെടുത്തുന്ന ആനന്ദങ്ങളും ഏറ്റവും സമ്പുഷ്ടമായ യാതനകളും ആരിൽ നിന്നാണോ ഉറവെടുക്കുന്നത്- സ്ത്രീ, ചുരുക്കിപ്പറഞ്ഞാൽ, കലാകാരന്മാർക്കു പൊതുവേയും മിസ്യു ‘ജി.’ക്കു വിശേഷിച്ചും, മനുഷ്യവർഗ്ഗത്തിലെ പെൺജാതി മാത്രമല്ല. മറിച്ച്, അവൾ ഒരു ദേവതയാണ്‌, പുരുഷന്റെ തലച്ചോറിനുള്ളിൽ നടക്കുന്ന എല്ലാ സംക്ഷോഭങ്ങൾക്കും മേൽ വിരാജിക്കുന്ന നക്ഷത്രമാണ്‌; പ്രകൃതിയുടെ സർവ്വചാരുതകളുടേയും ദീപ്തികൾ ഒരേയൊരു ജീവിയിൽ സഞ്ചയിച്ചതാണവൾ; ജീവിതമെന്ന പ്രദർശനത്തെ ദീർഘവിചിന്തനം ചെയ്യുന്ന ഒരാളുടെ അങ്ങേയറ്റത്തെ ആരാധനയും താല്പര്യവും പിടിച്ചുപറ്റുന്ന വിഷയമാണവൾ. ഒരു തരം ആരാധനാവിഗ്രഹമാണവൾ, ബുദ്ധിഹീനമെങ്കിലും കണ്ണഞ്ചിക്കുന്നതും വശീകരിക്കുന്നതും; പുരുഷന്മാരുടെ ഭാഗധേയങ്ങളേയും ഇച്ഛകളേയും തന്റെ നോട്ടത്തിന്റെ ദാസ്യത്തിലാക്കുന്ന ഒരു പൂജാവിഗ്രഹം. അവൾ, ഞാൻ ആവർത്തിക്കട്ടെ, അംഗോപാംഗങ്ങൾ സമ്യക്കായി ഇണക്കിവച്ചാൽ ലയത്തിനുദാഹരണമാവുന്ന ജന്തുവല്ല; ഒരു ശില്പി അയാളുടെ ഏറ്റവും നിശിതമായ ധ്യാനനിമിഷങ്ങളിൽ സങ്കല്പിച്ചെടുത്തേക്കാവുന്ന ശുദ്ധസൗന്ദര്യത്തിന്റെ മാതൃകയുമല്ല; ഇല്ല, അവളുടെ നിഗൂഢവും സങ്കീർണ്ണവുമായ മന്ത്രശക്തിയെ വിശദീകരിക്കാൻ അതുപോലും പര്യാപ്തമല്ല. ഇവിടെ നമ്മളെ സഹായിക്കാൻ വിൻകെൽമന്നിനുമാവില്ല, റാഫേലിനുമാവില്ല; എനിക്കു തീർച്ചയാണ്‌, വിപുലമായ ധിഷണയ്ക്കുടമയാണെങ്കിൽക്കൂടി മിസ്യു ജി. (അദ്ദേഹത്തെ കുറച്ചുകാണാൻ വേണ്ടി പറയുകയല്ല) പ്രാചീനശില്പകലയുടെ ഒരു തകർന്ന ഖണ്ഡത്തിനു മുന്നിൽ നേരം കളയാൻ മിനക്കെടില്ല, അതുകൊണ്ട് റെയ്നോൾഡ്സോ ലോറൻസോ ചെയ്ത ഒരു ഛായാചിത്രം കാണാനുള്ള അവസരം നഷ്ടപ്പെടുമെങ്കിൽ. ഒരു സ്ത്രീയെ അലങ്കരിക്കുന്ന സർവ്വതും, അവളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന എല്ലാ വസ്തുക്കളും അവളുടെ ഭാഗം തന്നെയാണ്‌; ഈ നിഗൂഢജീവിയെക്കുറിച്ച് സവിശേഷപഠനം നടത്തിയിട്ടുള്ള കലാകാരന്മാരെ ആ സ്ത്രീയെപ്പോലെതന്നെ വശീകരിച്ചിരുന്നു, അവളുടെ ‘മൺഡസ് മുലിയേബ്രിസ്’* ആകെയും. സംശയമില്ല, സ്ത്രീ ഒരു വെളിച്ചമാണ്‌, ഒരു കണ്ണോട്ടമാണ്‌, ആനന്ദത്തിലേക്കുള്ള ഒരു ക്ഷണമാണ്‌, ചിലപ്പോൾ വെറുമൊരു വാക്കു മാത്രവുമാണ്‌; എന്നാൽ അതിലൊക്കെയുപരി, അവൾ എല്ലാം ചേർന്നൊരു ലയമാണ്‌, അവളുടെ പെരുമാറ്റവും അവളുടെ ചലനത്തിന്റെയും നടത്തയുടേയും രീതിയും കൊണ്ടു മാത്രമല്ല, ആ മസ്ലിൻ തുണികളും നേർത്ത വല പോലത്തെ മുഖാവരണങ്ങളും അവൾ സ്വയം മൂടിപ്പുതയ്ക്കുന്ന വിപുലവും വർണ്ണബഹുലവുമായ തുണികളുടെ മേഘങ്ങളുമെല്ലാം കൂടി;  അവളുടെ ദിവ്യത്വത്തിന്റെ ലക്ഷണങ്ങളും പീഠവും കൂടിയാണവ; അവളുടെ കൈത്തണ്ടകളിലും കഴുത്തിലും ചുറ്റിപ്പിണഞ്ഞുകിടന്ന് അവളുടെ കണ്ണുകളിലെ അഗ്നിക്കു തിളക്കം കൂട്ടുകയോ അവളുടെ കാതുകളിൽ സൗമ്യമായി മന്ത്രിക്കുകയോ ചെയ്യുന്ന ആ ലോഹങ്ങളും രത്നക്കല്ലുകളും കൊണ്ടും. ഒരു സുന്ദരിയുടെ ദർശനത്തിൽ നിന്നു ജനിച്ച ആനന്ദത്തെ വർണ്ണിക്കുമ്പോൾ ഏതു കവിയാണ്‌, അവളേയും അവളുടെ വേഷത്തേയും രണ്ടായി കാണാനൊരുമ്പെടുക? തെരുവിലോ നാടകശാലയിലോ പാർക്കിലോ വച്ച് മനോഹരമായിച്ചെയ്ത ഒരു വേഷം തീർത്തും നിർമ്മമമമായ രീതിയിൽ ആസ്വദിക്കുന്ന ഒരാൾ ആ വേഷം ധരിച്ചിരുന്ന സ്ത്രീയുടെ സൗന്ദര്യത്തിൽ നിന്നഭേദ്യമായ ഒരു മാനസികചിത്രമാണ്‌ ഉള്ളിൽ സൂക്ഷിക്കുന്നത്; അങ്ങനെയല്ലാത്ത ഒരാളെ എനിക്കു കാണിച്ചുതരൂ; ആ സ്ത്രീയും വേഷവും അവിഭാജ്യമാവുകയാണയാൾക്ക്.


*mundus muliebris- സ്ത്രീകളുടെ ലോകം എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം. 


(ആധുനികജീവിതത്തിന്റെ ചിത്രകാരൻ എന്ന ലേഖനത്തിൽ നിന്ന്)


2021, ജൂൺ 23, ബുധനാഴ്‌ച

ബോദ്‌ലേർ - തിരിച്ചുപിടിച്ച ബാല്യം


ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ തൂലിക എഴുതിയ ഒരു ചിത്രം (അതെ, അതൊരു ചിത്രം തന്നെയാണ്‌!), ‘ആൾക്കൂട്ടത്തിലെ മനുഷ്യൻ’ നിങ്ങൾക്കോർമ്മയുണ്ടോ? രോഗമുക്തി നേടിയ ഒരാൾ ഒരു കഫേയിലിരുന്ന് കടന്നുപോകുന്ന ആൾക്കൂട്ടത്തെ ഒരു ജനാലയിലൂടെ കണ്ടാസ്വദിക്കുകയും തനിക്കു ചുറ്റും ചലിക്കുന്ന ചിന്തകളുമായി തന്റെ ചിന്തയിലൂടെ താദാത്മ്യം പ്രാപിക്കുകയുമാണതിൽ. മരണത്തിന്റെ നിഴലിൽ നിന്ന് അടുത്തകാലത്തു മാത്രം തിരിച്ചുവന്ന അയാൾ ജീവന്റെ എല്ലാ ഗന്ധങ്ങളും ബീജരേണുക്കളും ആനന്ദത്തോടെ ഉള്ളിലേക്കെടുക്കുകയാണ്‌. എല്ലാം മറക്കുന്ന ഒരു ഘട്ടത്തിലായിരുന്ന അയാൾ ഇപ്പോൾ എല്ലാം ഓർക്കുകയാണ്‌, എല്ലാം ഓർക്കാൻ ഉത്ക്കടമായി ആഗ്രഹിക്കുകയാണ്‌. ഒടുവിലയാൾ തനിക്കു പരിചയമില്ലാത്ത ഒരാളെത്തേടി ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചെല്ലുന്നു; ഒരു മിന്നായം പോലെ കണ്ട അയാളുടെ മുഖം അയാളെ വല്ലാതെ ആകർഷിച്ചുകളഞ്ഞു. ജിജ്ഞാസ വലിച്ചടുപ്പിക്കുന്ന, തടുക്കരുതാത്ത ഒരു ഉത്കടവികാരമായി മാറുകയായിരുന്നു...

രോഗത്തിൽ നിന്നു സുഖം പ്രാപിച്ചുവരുന്ന അവസ്ഥ ബാല്യത്തിലേക്കുള്ള മടക്കം പോലെയാണ്‌. അങ്ങനെയൊരാൾ, കുട്ടിയെപ്പോലെ, എന്തിലും, ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽ പോലും, സജീവമായ താല്പര്യമെടുക്കുന്നതിൽ അങ്ങേയറ്റത്തെ ആനന്ദം കണ്ടെത്തുന്നു. നമ്മുടെ ഏറ്റവും ചെറുപ്പമായ പ്രഭാതാനുഭൂതികളിലേക്ക്  ഭാവനയുടെ തിരിഞ്ഞുനോട്ടത്തിലൂടെ നമുക്കൊന്നു മടങ്ങിച്ചെല്ലുക.  ശരീരത്തെ ബാധിച്ച ഒരു രോഗത്തിനു ശേഷം നമുക്കു ലഭിച്ച വിശദവും വർണ്ണബഹുലവുമായ അനുഭൂതികളുമായി അസാധാരണമായ ഒരു സാദൃശ്യം അവയ്ക്കുണ്ടെന്ന് നാം തിരിച്ചറിയും, ആ രോഗം നമ്മുടെ മാനസികശേഷികളെ ഒരുതരത്തിലും ഊനപ്പെടുത്തിയിട്ടില്ല എന്നുണ്ടെങ്കിൽ. കുട്ടി എന്തിനേയും കാണുന്നത് പുതുമയായിട്ടാണ്‌; കുട്ടി എപ്പോഴും ‘ഉന്മത്ത’നാണ്‌. പ്രചോദനം എന്നു നാം വിളിക്കുന്നതിന്‌ എന്തിനോടെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് രൂപങ്ങളും വർണ്ണങ്ങളും  ആസ്വദിച്ചുകുടിക്കുന്ന ഒരു കുട്ടി അനുഭവിക്കുന്ന ആനന്ദത്തിനോടാണ്‌. ഉദാത്തമായ ഓരോ ചിന്തയ്ക്കുമൊപ്പം മസ്തിഷ്കാവരണത്തിനുള്ളിൽ മാറ്റൊലിക്കുന്ന ഒരു നാഡീക്ഷോഭം ഉണ്ടായിരിക്കുമെന്നുകൂടി പ്രഖ്യാപിക്കാൻ ഞാൻ ധൈര്യപ്പെടുന്നു. ഒരു പ്രതിഭാശാലിയുടെ ഞരമ്പുകൾ ബലത്തതായിരിക്കും; കുട്ടിയുടേത് ദുർബ്ബലവും. ഒന്നിൽ യുക്തി പ്രധാനഭാഗം ഏറ്റെടുക്കുന്നു; മറ്റേതിൽ ഇന്ദ്രിയങ്ങളുടെ സംവേദനത്വം സത്തയെ ആകെത്തന്നെ കൈവശപ്പെടുത്തുകയാണ്‌. എന്നാൽ പ്രതിഭ എന്നത് ഇച്ഛാനുസൃതം തിരിച്ചുപിടിക്കുന്ന ബാല്യം തന്നെയാണ്‌; മനുഷ്യന്‌ സ്വയം ആവിഷ്കരിക്കാനുള്ള ഭൗതികമാർഗ്ഗങ്ങളാലും സഞ്ചിതാനുഭവങ്ങളുടെ സാകല്യത്തിൽ ഒരു ചിട്ട വരുത്താൻ സഹായിക്കുന്ന വിശകലനസമർത്ഥമായ ഒരു മനസ്സിനാലും സജ്ജമാണ്‌ ഇപ്പോൾ ആ ബാല്യം എന്നു മാത്രം. അഗാധവും ആഹ്ലാദഭരിതവുമായ ഈ ജിജ്ഞാസയോടു ബന്ധപ്പെട്ടതാണ്‌, പുതിയതെന്തെങ്കിലും മുന്നിലേക്കു വരുമ്പോൾ എല്ലാ കുട്ടികളും കാണിക്കുന്ന മൃഗസദൃശമായ ആ തുറിച്ചുനോട്ടം; പുതിയതെന്നു പറഞ്ഞാൽ അതെന്തുമാവാം- മുഖം, ഭൂദൃശ്യം, പ്രകാശം, സ്വർണ്ണം പൂശൽ, നിറങ്ങൾ, വേഷത്താൽ മാറ്റുകൂടിയ വശ്യസൗന്ദര്യം. കുട്ടിക്കാലത്ത് തന്റെ അച്ഛൻ വസ്ത്രം ധരിക്കുന്നതു നോക്കിനിന്നിരുന്നതിനെപ്പറ്റി എന്റെയൊരു കൂട്ടുകാരൻ ഒരിക്കൽ പറഞ്ഞിരുന്നു; ആഹ്ലാദം കലർന്ന ആശ്ചര്യത്തോടെയാണ്‌ ആ കുട്ടി അച്ഛന്റെ കൈകളിലെ പേശികളും ഇളംചുവപ്പും മഞ്ഞയും കലർന്ന തൊലിനിറവും നീലിച്ച സിരാപടലവും നോക്കിനിന്നത്. ബാഹ്യലോകത്തിന്റെ ചിത്രം അവന്റെ മനസ്സിൽ ബഹുമാനം നിറയ്ക്കുകയും അവന്റെ മസ്തിഷ്കത്തെ കൈവശപ്പെടുത്താൻ തുടങ്ങുകയും ചെയ്തുകഴിഞ്ഞു. വസ്തുക്കളുടെ ആകൃതി ഒരൊഴിയാബാധയായി അവന്റെ ബോധത്തിൽ കുടിയേറിക്കഴിഞ്ഞു. പ്രായത്തിനു ചേരാത്ത ഒരു ഭാഗധേയം മൂക്കിന്റെ തുമ്പ് കാട്ടിത്തുടങ്ങിയിരുന്നു. അവന്റെ നിത്യനാശം ഉറപ്പായിക്കഴിഞ്ഞു. ഇന്ന് ആ കുട്ടി പ്രശസ്തനായ ഒരു ചിത്രകാരനാണെന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ. 


(ആധുനികജീവിതത്തിന്റെ ചിത്രകാരൻ എന്ന ലേഖനത്തിൽ നിന്ന്)


2021, ജൂൺ 22, ചൊവ്വാഴ്ച

ബോദ്‌ലേർ - യൂഷേൻ ദലക്വാ (2)


എന്താണ്‌ ദലക്വാ? ഈ ലോകത്ത് എന്താണദ്ദേഹത്തിന്റെ കർമ്മവും ധർമ്മവും? ഈ ചോദ്യമാണ്‌ നാം ആദ്യം പരിശോധിക്കേണ്ടത്. ഞാൻ ചുരുക്കിപ്പറയാം, പെട്ടെന്നെത്താവുന്ന നിഗമനങ്ങൾക്കാണ്‌ ഞാൻ ഉന്നമിടുന്നതും. ഫ്ലാൻഡേഴ്സിന്‌ റൂബൻ ഉണ്ട്, ഇറ്റലിക്ക് റാഫേലും വെറോണീസും; ഫ്രാൻസിന്‌ ലെബേണും ഡേവിഡും ദലക്വായുമുണ്ട്.

ഇത്ര വ്യത്യസ്തമായ ഗുണങ്ങളും രീതികളുമുള്ള ഈ പേരുകൾ ഞാൻ ഒരുമിച്ചു പറയുന്നതു കാണുമ്പോൾ ഉപരിപ്ലവമനസ്സുകൾ ഒറ്റനോട്ടത്തിൽ ഒന്നു ഞെട്ടിപ്പോയേക്കാം. എന്നാൽ കുറച്ചു കൂടി ചുഴിഞ്ഞുനോക്കുന്ന ആത്മീയമായ ഒരു കണ്ണിന്‌ ഇവർക്കെല്ലാമിടയിൽ ഒരു സമാനബന്ധം, ഒരു സാഹോദര്യം അല്ലെങ്കിൽ ബന്ധുത്വം പെട്ടെന്നുതന്നെ കണ്ടെടുക്കാം; മഹത്തായതിനോട്, ദേശീയമായതിനോട്, വിപുലവും സാർവ്വജനീനവുമായതിനോടുള്ള അവരുടെ സ്നേഹം; അലങ്കരണചിത്രീകരണം എന്നു വിളിക്കപ്പെടുന്നതിലും മഹത്തായ ‘യന്ത്രങ്ങൾ’ എന്നറിയപ്പെടുന്നവയിലും പ്രകാശനം കണ്ടെത്തുന്ന ഒരു സ്നേഹം.

നിസ്സംശയമായും മറ്റു പലരും ‘മഹായന്ത്രങ്ങൾ’ ചെയ്തിട്ടുണ്ട്; എന്നാൽ ഞാൻ പേരെടുത്തു പറഞ്ഞവർ അതു ചെയ്തത് മനുഷ്യസ്മൃതിയിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഏറ്റവും സാദ്ധ്യമായ ഒരു രീതിയിലാണ്‌. മഹത്വത്തിന്റെ കാര്യത്തിൽ ഇത്രയും വൈവിദ്ധ്യമുള്ള ഇവരിൽ ഏറ്റവും മഹാൻ ആരാണ്‌? തനിക്കിഷ്ടമുള്ള മട്ടിൽ അതു തീരുമാനിക്കാൻ നമുക്കോരോ ആൾക്കും സ്വാതന്ത്ര്യമുണ്ട്; അവനവന്റെ പ്രകൃതമനുസരിച്ച് റൂബന്റെ സമൃദ്ധമായ, ദീപ്തമായ, ഉല്ലാസഭരിതമെന്നുതന്നെ പറയാവുന്ന ധാരാളിത്തവും റാഫേലിന്റെ ശാലീനഗാംഭീര്യവും വാസ്തുവിദ്യാസ്വഭാവത്തിലുള്ള ക്രമവും, വെറോണീസിന്റെ സ്വർഗ്ഗസമാനവും ഒരപരാഹ്നദേശത്തിനുചിതവുമായ വർണ്ണങ്ങളും, ഡേവിഡിന്റെ ആർഭാടരഹിതവും വലിഞ്ഞുമുറുകിയതുമായ കാർക്കശ്യമാവും, അതുമല്ലെങ്കിൽ ലെബ്രേണിന്റെ നാടകീയവും അർദ്ധസാഹിത്യസ്വഭാവമുള്ളതുമായ അനർഗ്ഗളതയും അതിനായി നമുക്കു തിരഞ്ഞെടുക്കാം. 

ഇവരിലൊരാൾക്കും പകരക്കാരനില്ല; ഇവർക്കെല്ലാം ഒരേ ലക്ഷ്യമാണുണ്ടായിരുന്നത്; തങ്ങളുടെ വ്യക്തിപരമായ പ്രകൃതത്തിനു ചേർന്ന രീതിയിൽ വ്യത്യസ്തമായ രീതികൾ ഉപയോഗിച്ചു  എന്നുമാത്രം. മറ്റുള്ളവർ അപൂർണ്ണമായി മാത്രം പകർന്നുതന്നതിനെ അവസാനമെത്തിയ ദലക്വാ സ്തുത്യർഹമായ പ്രചണ്ഡതയോടെയും ആവേശത്തോടെയും ആവിഷ്കരിച്ചു. അതിനായി, തന്റെ മുൻഗാമികൾ ചെയ്തതുപോലെ, മറ്റു ചില ഗുണങ്ങൾ അദ്ദേഹം ബലി കഴിച്ചുവോ? അങ്ങനെ വരാം, എന്നാൽ ഇപ്പോൾ നമ്മുടെ പരിഗണനയർഹിക്കുന്ന ചോദ്യമല്ല അത്.

എന്നെക്കൂടാതെ വളരെയധികം പേർ വ്യക്തിഗതമായ പ്രതിഭയുടെ അനിവാര്യമായ പരിണതഫലങ്ങൾ ഊന്നിപ്പറയാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതിനിർമ്മലമായ സ്വർഗ്ഗത്തല്ലാതെ- ഇവിടെ, ഇങ്ങു താഴെ, പൂർണ്ണത പോലും അപൂർണ്ണമാണ്‌- മറ്റെവിടെയും പ്രതിഭയുടെ ഏറ്റവും മനോജ്ഞമായ ആവിഷ്കാരങ്ങൾ അനിവാര്യമായ ത്യാഗങ്ങൾ വിലയായി കൊടുത്തിട്ടല്ലാതെ കൈവരിക്കാൻ പറ്റില്ല എന്നതും സാദ്ധ്യമാണെന്നു വരാം. 

‘അതൊക്കെ ശരിതന്നെ, സർ!’ നിസ്സംശയമായും നിങ്ങൾ പറയും, ‘എന്നാല്പിന്നെ നിഗൂഢവും നിർവ്വചിക്കാൻ പറ്റാത്തതുമായ എന്തു കാര്യമാണ്‌, നമ്മുടെ കാലഘട്ടത്തിനു മഹത്വമേകിക്കൊണ്ട്, ദലക്വാ മറ്റാരെക്കാളും നന്നായി പകർന്നുതന്നത്?’ അതിന്റെ ഉത്തരം ഇങ്ങനെയാണ്‌: അദൃശ്യമായത്, തൊട്ടറിയാൻ പറ്റാത്തത്, മനോരാജ്യം, ഞരമ്പുകൾ, ആത്മാവ്; ഇതദ്ദേഹം ചെയ്തത്- ശരിക്കു ശ്രദ്ധിക്കണേ, സർ- വടിവുകളും വർണ്ണങ്ങളുമല്ലാതെ മറ്റൊരുപാധിയുമില്ലാതെയാണ്‌; നിങ്ങൾ പേരു പറയുന്ന ആരെക്കാളും നന്നായിട്ടാണ്‌ അദ്ദേഹം അതു നിർവ്വഹിച്ചത്; കഴിവിന്റെ ഉച്ചാവസ്ഥയിലെത്തിയ ഒരു ചിത്രകാരന്റെ പൂർണ്ണതയോടെയാണ്‌, സൂക്ഷ്മവേദിയായ ഒരെഴുത്തുകാരന്റെ അതിശ്രദ്ധയോടും നിഷ്കർഷയോടുമാണ്‌, പാഷണേറ്റായ ഒരു സംഗീതജ്ഞന്റെ വാചാലതയോടെയാണ്‌ അദ്ദേഹമതു ചെയ്തത്. കലകൾ ഒന്നിനൊന്നു പകരം നില്ക്കാൻ ശ്രമിക്കുന്നില്ലെങ്കില്ക്കൂടി, സ്വന്തം ബലത്തിന്റെ തുണയോടെ പരസ്പരം ബലം പകരാൻ അവ യത്നിക്കുന്നുവെന്നത് നമ്മുടെ കാലത്തിന്റെ ആത്മീയകാലാവസ്ഥയുടെ ഒരു ഘടകമാണ്‌ എന്നുകൂടി ഇവിടെ കൂട്ടിച്ചേർത്തുകൊള്ളട്ടെ. 

എല്ലാ ചിത്രകാരന്മാരിലും വച്ച് ധ്വനനശേഷി ഏറ്റവും കൂടിയിരുന്നത് ദലക്വായ്ക്കാണ്‌; അദ്ദേഹത്തിന്റെ അപ്രധാനമോ താണ തരമോ ആയ രചനകളിൽ പെട്ടവയായിരുന്നാലും അവ ചിന്തയെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നവയായിരുന്നു, അനുഭവിച്ചതായിരുന്നെങ്കിലും കാലാന്ധകാരത്തിൽ എന്നെന്നേക്കുമായി മുങ്ങിപ്പോയ കാവ്യാനുഭൂതികളുടേയും ചിന്തകളുടേയും സാകല്യത്തെ ഓർമ്മപ്പെടുത്തുന്നവയായിരുന്നു.

ദലക്വായുടെ രചനകൾ ചിലപ്പോഴൊക്കെ എനിക്ക് സാർവ്വജനീനനായ മനുഷ്യന്റെ മഹത്വത്തെയും സഹജവികാരങ്ങളെയും ഓർമ്മപ്പെടുത്തുന്ന ഒരു സ്മൃതിയന്ത്രം പോലെയാണെന്നു തോന്നാറുണ്ട്. ചില ബാഹ്യരേഖകൾ കൊണ്ടു മാത്രം മനുഷ്യന്റെ ചേഷ്ടകളെ, അവയിനി എത്ര പ്രചണ്ഡമായാലും, പ്രകാശിപ്പിക്കാനും വർണ്ണങ്ങൾ കൊണ്ടു മാത്രം മനുഷ്യനാടകത്തിന്റെ അന്തരീക്ഷത്തെ, അല്ലെങ്കിൽ സ്രഷ്ടാവിന്റെ ആത്മീയമനോനിലയെ വ്യഞ്ജിപ്പിക്കാനും ദലക്വായെ സഹായിച്ച സവിശേഷവും തികച്ചും നൂതനവുമായ ആ ഗുണം- അദ്ദേഹത്തിനു മാത്രം സ്വന്തമായിരുന്ന ആ ഗുണം എല്ലാ കവികളുടേയും അനുഭാവം പിടിച്ചുപറ്റിയിരുന്നു; തികച്ചും ഭൗതികമായ ഒരു പ്രതിഭാസത്തിൽ നിന്ന് ദാർശനികമായ ഒരു തെളിവനുമാനിക്കുന്നത് നിയമാനുസൃതമാണെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കാൻ ഞാൻ നിങ്ങളോടു പറയും സർ: അദ്ദേഹത്തിന്‌ അന്ത്യോപചാരം അർപ്പിക്കാൻ കൂടിയ ജനക്കൂട്ടത്തിൽ ചിത്രകാരന്മാരെക്കാൾ കൂടുതൽ കവികളായിരുന്നു. അമാന്യമായി പറഞ്ഞാൽ, ഒടുക്കം പറഞ്ഞവർക്ക് അദ്ദേഹത്തെ ഇന്നേവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല എന്നതാണ്‌ പരമാർത്ഥം.

II

അതിൽ വലിയ ആശ്ചര്യം തോന്നാൻ എന്തിരിക്കുന്നു? മൈക്കലാഞ്ജലോമാരുടേയും റാഫേൽമാരുടേയും ലിയനാർഡോ ഡാവിഞ്ചിമാരുടേയും, അതെ, റെയ്നോൾഡ്സ്മാരുടെ പോലും കാലം എന്നേ കഴിഞ്ഞിരിക്കുന്നുവെന്നും കലാകാരന്മാരുടെ സാമാന്യമായ ബൗദ്ധികനിലവാരം പ്രകടമായി ഇടിഞ്ഞുതാണിരിക്കുന്നുവെന്നും നമുക്കറിയാത്തതല്ലല്ലോ. സമകാലീനരായ കലാകാരന്മാർക്കിടയിൽ ദാർശനികരേയും കവികളേയും ശാസ്ത്രജ്ഞന്മാരേയും തിരയുന്നത് നിസ്സംശയമായും ന്യായരഹിതമാണ്‌. എന്നാലും മതത്തിലും കവിതയിലും ശാസ്ത്രങ്ങളിലും അവർ ഇപ്പോൾ കാണിക്കുന്നതിനെക്കാൾ കൂടിയ അളവിലുള്ള ഒരു താല്പര്യം പ്രതീക്ഷിക്കുന്നതിൽ ഒരു ന്യായക്കേടുമില്ല.

തങ്ങളുടെ സ്റ്റുഡിയോയുടെ ചുമരുകൾക്കു പുറത്ത് അവർക്കെന്തറിയാം? എന്താണവർ ഇഷ്ടപ്പെടുന്നത്? എന്താണവർ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്? നേരേ മറിച്ച് ദലക്വായാകട്ടെ, തന്റെ കലയ്ക്കു സ്വയം സമർപ്പിച്ച ഒരു ചിത്രകാരനാണെന്നതിനു പുറമേ, പൊതുസംസ്കാരത്തിൽ താല്പര്യമെടുത്തയാളുമായിരുന്നു; മറ്റ് ആധുനികചിത്രകാരന്മാർ അങ്ങനെയായിരുന്നില്ല; അവർ മിക്കവരും കൂടിവന്നാൽ അറിയപ്പെടുന്നവരോ അല്ലെങ്കിൽ ആരുമറിയാത്തവരോ ആയ വെറും ചായം തേപ്പുകാരായിരുന്നു; വെറും കൈത്തൊഴിലുകാർ; അവരിൽ ചിലർ അക്കാഡമിക് രൂപങ്ങളോ പഴങ്ങളോ കാലികളോ വരയ്ക്കുന്നതിൽ ഒരു മിടുക്കു കാണിച്ചിരുന്നു എന്നുമാത്രം. യൂഷേൻ ദലക്വാ സർവ്വതിനേയും സ്നേഹിച്ചിരുന്നു, സർവ്വതിനേയും വരയ്ക്കാൻ കഴിവുള്ളവനായിരുന്നു, ഏതു തരം സിദ്ധിയേയും മാനിക്കാൻ മനസ്സുള്ളവനായിരുന്നു. എല്ലാ ആശയങ്ങൾക്കും എല്ലാ അനുഭൂതികൾക്കുമായി തുറന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്; എല്ലാ അനുഭവങ്ങളേയും എത്രയും ഉദാരതയോടെ, നിഷ്പക്ഷതയോടെ അദ്ദേഹം സ്നേഹിച്ചു.


2021, ജൂൺ 21, തിങ്കളാഴ്‌ച

ബോദ്‌ലേർ - യൂഷേൻ ദലക്വാ


ഒരു ചിത്രം പ്രഥമവും പ്രധാനവുമായി കലാകാരന്റെ ഉള്ളിന്റെയുള്ളിലെ ചിന്തയുടെ പ്രതിഫലനമാണെന്നും സ്രഷ്ടാവ് സൃഷ്ടിക്കു മേലെന്നപോലെ അയാൾ തന്റെ മാതൃകയ്ക്കു മേൽ അധീശത്വം കയ്യാളുന്നുവെന്നുമുള്ള പ്രമാണത്തിൽ നിന്നാണ്‌ ദലക്വാ തുടങ്ങുന്നത്. ഈ ഒന്നാമത്തെ പ്രമാണത്തിന്റെ തുടർച്ചയായി വരുന്ന, പ്രത്യക്ഷത്തിൽ അതിനു വിരുദ്ധമെന്നു തോന്നുന്ന രണ്ടാമത്തെ പ്രമാണം കലാകാരൻ തന്റെ കലാനിർവ്വഹണത്തിനുള്ള ഭൗതികോപാധികളുടെ പ്രയോഗത്തിൽ അതിശ്രദ്ധ കാണിക്കണം എന്ന് ഊന്നിപ്പറയുന്നു. തന്റെ പണിയായുധങ്ങളുടെ വൃത്തിയുടെ കാര്യത്തിലും തന്റെ രചനയുടെ ഘടകങ്ങൾ സജ്ജീകരിക്കുന്നതിലും ആരാധനയോളമെത്തുന്ന ഒരു ബഹുമാനം ദലക്വാ കാണിക്കുന്നുണ്ട്. എത്ര ശരി! ഗാഢമായ ചിന്തയുടെ സന്തതിയാണ്‌ ഒരു ചിത്രം എന്നതിനാലും അനേകം ധർമ്മങ്ങളുടെ ഏകകാലത്തുള്ള പ്രവൃത്തി അതാവശ്യപ്പെടുന്നു എന്നതിനാലും പണി തുടങ്ങുമ്പോൾ കൈകൾക്കു മല്ലിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ കഴിയുന്നത്ര കുറഞ്ഞിരിക്കണമെന്നതിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ലല്ലോ; അതുപോലെതന്നെ പ്രധാനമാണ്‌, മസ്തിഷ്കത്തിന്റെ ദിവ്യാനുശാസനങ്ങളെ കാലവിളംബമില്ലാതെ അനുസരിക്കുക എന്നതും; അല്ലെങ്കിൽ ആദർശം ചിറകടിച്ചു മറഞ്ഞുപോകും.

മഹാനായ ഈ കലാകാരൻ ഒരാശയം വിപുലനം ചെയ്യുന്നത് സമയമെടുത്തും സാവധാനത്തിലും ക്രമാനുസരണമായിട്ടും ആണെങ്കിൽ ആ കുറവു തീർക്കുന്ന മട്ടിൽ അത്ര വേഗത്തിലാണ്‌ അതിന്റെ നിർവ്വഹണം. വേഗത എന്ന ഈ ഗുണം പൊതുജനാഭിപ്രായത്തിൽ അദ്ദേഹത്തിന്റെ എതിർപക്ഷത്തു നില്ക്കുന്ന ആങ്ങ്ഗ്ര (Ingres)യുമായി ദലക്രോ പങ്കു വയ്ക്കുന്നുണ്ടെന്ന് നമുക്കു കൂട്ടിച്ചേർക്കാം. ഗർഭധാരണം പ്രസവം പോലെ ഒന്നല്ല. പ്രത്യക്ഷത്തിൽ അലസാത്മാക്കളെന്നു തോന്നുന്ന ചിത്രകലയിലെ ഈ മഹാപ്രഭുക്കൾ കാൻവാസ് നിറയ്ക്കുന്ന കാര്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു ചടുലത കാണിക്കുന്നുണ്ട്. സെയ്ന്റ്-സിംഫോറിയെൻ (Saint-Symphorien) പലതവണ ആകെ മാറ്റിവരച്ചിട്ടുണ്ട്; തുടക്കത്തിൽ അതിൽ ഇപ്പോഴത്തേതിലും കുറച്ചു രൂപങ്ങളേ ഉണ്ടായിരുന്നുമുള്ളു.

യൂഷേൻ ദലക്വായ്ക്ക് പ്രകൃതി അതിവിപുലമായ ഒരു നിഘണ്ടുവാണ്‌; ഉറച്ചതും നിശിതവുമായ ദൃഷ്ടിയോടെയാണ്‌ അദ്ദേഹം അതിന്റെ താളുകൾ മറിക്കുന്നതും അതിൽ തിരയുന്നതും. പ്രധാനമായും ഓർമ്മയിൽ നിന്നുറവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രകല പ്രധാനമായും ഓർമ്മയെയാണ്‌ ആകർഷിക്കുന്നതും. ഒരു ചിത്രം കാണിയുടെ ആത്മാവിൽ ജനിപ്പിക്കുന്ന പ്രഭാവം ചിത്രകാരൻ ഉപയോഗപ്പെടുത്തുന്ന ഉപാധികളുമായി പ്രത്യക്ഷബന്ധം പുലർത്തുന്നു.  ദലക്വായുടെ ചിത്രങ്ങൾ, ഉദാഹരണത്തിന്‌ 'ദാന്തേയും വിർജിലും', മനസ്സിൽ ആഴത്തിൽ മുദ്ര പതിപ്പിക്കുന്നു; അകലം അതിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാകല്യത്തിനു വേണ്ടി വിശദാംശത്തെ ത്യജിക്കാൻ ദലക്വാ എപ്പോഴും തയ്യാറാണ്‌; വെടിപ്പുറ്റതും അതിവിശദവുമായ കൈമിടുക്ക് വരുത്താവുന്ന മടുപ്പ് തന്റെ ആശയത്തിന്റെ ഓജസ്സിനെ ദുർബ്ബലപ്പെടുത്തുന്നതിലേക്കു നയിക്കാതിരിക്കാൻ അദ്ദേഹം കരുതലെടുക്കുന്നുണ്ട്. വിഷയത്തിന്റെ മർമ്മത്തിലേക്കു കടക്കുന്ന അനിർവ്വചനീയമായ ഒരു മൗലികത അദ്ദേഹത്തിനു സ്വന്തമാണ്‌.

ശേഷിച്ച സ്വരങ്ങളെ ഇകഴ്ത്തിക്കൊണ്ടേ ഒരു വാദിസ്വരത്തിന്‌ അതിന്റെ പ്രാബല്യം സ്ഥാപിക്കാൻ കഴിയുകയുള്ളു. മറ്റെന്തിനേയും അസാധുവാക്കുന്ന ഒരഭിരുചി ത്യാഗങ്ങൾ ആവശ്യപ്പെടുന്നു; മാസ്റ്റർപീസുകളാവട്ടെ, പ്രകൃതിയിൽ നിന്നൂറ്റിയെടുത്ത സത്തുകളുമാണ്‌. അതുകൊണ്ടുതന്നെയാണ്‌, മഹത്തായ ഒരു വൈകാരികാവേശത്തിന്റെ, അതിനി എന്തിനോടായാലും, അനന്തരഫലങ്ങൾ അനുഭവിക്കാൻ നാം തയ്യാറാകേണ്ടത്, ഒരു സിദ്ധിയെ അതിന്റെ എല്ലാ സാദ്ധ്യതകളോടെയും നാം അംഗീകരിക്കേണ്ടത്, പ്രതിഭയുമായി വില പേശാൻ നില്ക്കരുതാത്തത്. ദലക്വായുടെ വരയെക്കുറിച്ചു കൊള്ളിവാക്കുകൾ തൊടുത്തുവിടുന്നവരുടെ മനസ്സിൽ ഉദിക്കാത്തതും ഇതുതന്നെ; സഹിക്കാൻ പറ്റാത്ത വിധം മുൻവിധിക്കാരും ഒറ്റക്കണ്ണന്മാരുമായ ശില്പികൾ വിശേഷിച്ചും (ഒരു ആർക്കിടെക്റ്റിന്റെ അഭിപ്രായത്തിന്റെ പകുതിയേ ഏറിവന്നാൽ അതിനു മൂല്യമുള്ളു). വർണ്ണം നിരർത്ഥകവും ചലനത്തിന്റെ ഏതെങ്കിലും ആവിഷ്കാരം ദുഷ്കരവുമായ ശില്പകലയ്ക്ക് ചലനം, വർണ്ണം, അന്തരീക്ഷം ഇവയിലൂന്നുന്ന ഒരു കലാകാരന്റെ ശ്രദ്ധയാകർഷിക്കാൻ ഒരവകാശവുമില്ല. ഈ മൂന്നു ഘടകങ്ങൾക്കും അവശ്യം ആവശ്യമാണ്‌, അത്രയും വ്യക്തമാകേണ്ടതില്ലാത്ത രൂപങ്ങൾ, നേർത്തതും അധീരവുമായ രേഖകൾ, കട്ടിയിലുള്ള ചായത്തേപ്പുകൾ. നേർവരകളുടെ കൾട്ട് ഊനപ്പെടുത്താത്ത മൗലികത ഇന്ന് ഏതെങ്കിലും കലാകാരനുണ്ടെങ്കിൽ അത് ദലക്വായ്ക്കു മാത്രമാണ്‌; അദ്ദേഹത്തിന്റെ രൂപങ്ങൾ സദാ ചലനത്തിലാണ്‌, അദ്ദേഹത്തിന്റെ തിരശ്ശീലകൾ എപ്പോഴും പാറുന്നതും. ദലക്വായുടെ നിലപാടിൽ രേഖ എന്നൊന്നില്ല; കാരണം, അതിനി എത്ര നേർത്തതായാലും കളിമട്ടുകാരനായ ഒരു ഗണിതജ്ഞന്‌ എത്രയോ ആയിരം രേഖകൾ ഉൾക്കൊള്ളാൻ മാത്രം തടിച്ചതാണതെന്ന് സങ്കല്പിക്കാവുന്നതേയുള്ളു; പ്രകൃതിയുടെ നിതാന്തമായ അശാന്തി പകർത്താൻ യത്നിക്കുന്ന കളറിസ്റ്റുകൾക്കാവട്ടെ, രേഖകൾ മഴവില്ലിലേതു പോലെയാണ്‌, രണ്ടു നിറങ്ങളുടെ ഗാഢമായ ഇഴുകിച്ചേരൽ.

***

...മഹാന്മാരായ എല്ലാ കലാകാരന്മാരുടേയും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ്‌ സാർവ്വലൗകികത. ഒരു ഇതിഹാസകവിക്ക്, ഹോമറോ ദാന്തേയോ ഉദാഹരണം, ഒരേ ലാഘവത്തോടെ ഒരു ഗ്രാമീണഗാനമോ ഒരു കഥയോ ഒരു പ്രഭാഷണമോ ഒരു വർണ്ണനയോ ഒരു ഗീതമോ അങ്ങനെയെന്തും എഴുതാൻ കഴിയും. അതുപോലെ റൂബൻ ഫലങ്ങളുടെ ചിത്രം വരയ്ക്കുകയാണെങ്കിൽ ഏതു സ്പെഷ്യലിസ്റ്റ് വരച്ചതിനേക്കാളും മനോഹരമായിരിക്കും അവ.

ആ സർവ്വലൗകികത യൂഷേൻ ദലക്വായ്ക്കുമുണ്ട്. ദൃഢസ്നേഹം നിറഞ്ഞ സാമാന്യജീവിതത്തിന്റെ ചിത്രീകരണങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്; ഗാംഭീര്യം നിറഞ്ഞ ചരിത്രവിഷയങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അവിശ്വാസികളുടെ ഈ നൂറ്റാണ്ടിൽ ഒരുപക്ഷേ അദ്ദേഹം മാത്രമായിരിക്കും മതവിഷയകമായ ചിത്രങ്ങൾക്കു രൂപം കൊടുത്തിട്ടുള്ളത്; അവ മത്സരത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ പോലെ പൊള്ളയും നിർവ്വികാരവുമായിരുന്നില്ല, മിസ്റ്റിക്കലോ നിയോ-ക്രിസ്ത്യനോ ആയ പാണ്ഡിത്യനാട്യം നിറഞ്ഞതുമായിരുന്നില്ല, മതത്തെ പ്രചാരലുപ്തമായ ഒരു ശാസ്ത്രമായി മാറ്റുകയും മതത്തിന്റെ തന്ത്രിയെ തൊടാനും കമ്പനം ചെയ്യിക്കാനും ആദ്യം തന്നെ അതിന്റെ ചിഹ്നവിജ്ഞാനീയവും അതിന്റെ ആദിമപാരമ്പര്യവും മനസ്സിലാകണമെന്നു ചിന്തിക്കുകയും ചെയ്യുന്ന എല്ലാ കലാദാർശനികരുടേയും സൃഷ്ടികൾ പോലെ. 

***

...ഈ വിശകലനം പൂർണ്ണമാക്കാനായി ദലക്വായുടെ ഒരു സവിശേഷത കൂടിയേ അവസാനമായി എനിക്ക് ഊന്നിപ്പറയാനുള്ളു; അദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളിലും വച്ച് ഏറ്റവും ശ്രദ്ധേയവും അദ്ദേഹത്തെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ യഥാർത്ഥചിത്രകാരനാക്കുകയും ചെയ്യുന്ന ഒരു സവിശേഷത. അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം വ്യാപിച്ചുകിടക്കുന്ന, ചിരസ്ഥായിയായ വിഷാദഭാവത്തിന്റെ കാര്യമാണ്‌ ഞാൻ സൂചിപ്പിക്കുന്നത്; വിഷയത്തിന്റെ തിരഞ്ഞെടുപ്പും മുഖങ്ങളിലെ ഭാവങ്ങളും ചേഷ്ടകളും നിറങ്ങളുമെല്ലാം ആ വിഷാദത്തിന്റെ പ്രകാശനങ്ങളാണ്‌. മനുഷ്യവ്യഥയുടെ മറ്റു രണ്ടു മഹാചിത്രകാരന്മാരായ ദാന്തേയുടേയും ഷേക്സ്പിയറുടേയും ആരാധകനാണ്‌ ദലക്വാ; അവരെ അദ്ദേഹത്തിന്‌ ആദ്യന്തം അറിയാം, തന്റേതായ രിതിയിൽ അവരെ വ്യാഖ്യാനിക്കാനും അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരമ്പരയെ തീക്ഷ്ണമായ ശ്രദ്ധയോടെ വീക്ഷിക്കുക എന്നാൽ ഒരു ദുരന്താനുഷ്ഠാനത്തിന്റെ ആചരണത്തിൽ സന്നിഹിതരാണ്‌ നാം എന്ന തോന്നലുണ്ടാവുക എന്നാണ്‌...വ്യഥയുടെ ആവിഷ്കാരത്തിൽ മാത്രമല്ല അദ്ദേഹം മികച്ചുനിന്നത്, ധാർമ്മികവ്യഥയുടെ ആവിഷ്കാരത്തിലും കൂടിയാണ്‌ (അതിലാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അത്ഭുതാവഹമായ നിഗൂഢത കുടി കൊള്ളുന്നതും). ഉന്നതവും ഗൗരവം നിറഞ്ഞതുമായ ആ വിഷാദബോധം അദ്ദേഹത്തിന്റെ നിറങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും മ്ളാനമായ ഒരുജ്ജ്വലതയോടെ തിളങ്ങിനില്ക്കുന്നു.

പഴയ ആചാര്യന്മാർ ഓരോ ആൾക്കും സ്വന്തമായ ഒരു തട്ടകമുണ്ടായിരുന്നു; വിശ്രുതരായ പ്രതിയോഗികളുമായി അവർക്കത് പങ്കു വയ്ക്കേണ്ടിയുമിരുന്നു. റാഫേലിന്‌ രൂപത്തിന്റെ, റൂബനും വെറോണീസിനും വർണ്ണത്തിന്റെ, റൂബനും മൈക്കലാഞ്ജലോയ്ക്കും ഭാവനാത്മകമായ ഘടനയുടെ. സാമ്രാജ്യത്തിന്റെ ഒരു ഭാഗം ശേഷിച്ചു (റെംബ്രാന്റ് ഒരാൾ മാത്രമേ എന്തെങ്കിലും കടന്നുകയറ്റം അവിടെ നടത്തിയുള്ളു)- നാടകം, പ്രാപഞ്ചികമായ, ജീവിക്കുന്ന നാടകം, ഭീതിദമായ, വിഷാദമയമായ നാടകം; പലപ്പോഴും വർണ്ണങ്ങളിലൂടെയും എപ്പോഴും ചേഷ്ടകളിലൂടെയും ആവിഷ്കരിക്കപ്പെടുന്ന നാടകം.

ഉദാത്തമായ ചേഷ്ടകളുടെ കാര്യത്തിൽ ദലക്വായ്ക്ക് തന്റെ കലയ്ക്കു പുറത്തേ പ്രതിയോഗികളുള്ളു. ഫ്രെഡെറിക്-ലെമെയ്ത്ര്, മൿറെഡി ഇവരെ മാത്രമേ എനിക്കറിയൂ.

തീർത്തും ആധുനികവും തീർത്തും നവീനവുമായ ഈ ഗുണം കാരണമാണ്‌ ദലക്വാ കലയിലെ പുരോഗതിയുടെ ഏറ്റവും പുതിയ പ്രകാശനമായിരിക്കുന്നത്. അദ്ദേഹം മഹത്തായ പാരമ്പര്യത്തിന്റെ, എന്നു പറഞ്ഞാൽ, രചനയിലെ സമൃദ്ധിയുടേയും കുലീനതയുടേയും ബലത്തിന്റേയും, അനന്തരാവകാശിയാണെന്നു മാത്രമല്ല, മഹാന്മാരായ ആചാര്യന്മാരുടെ യോഗ്യനായ പിൻഗാമി കൂടിയാണ്‌; അവരുടെ സിദ്ധികൾക്കൊപ്പം മാനവവ്യഥയുടെ, തീവ്രവികാരത്തിന്റെ, ചേഷ്ടയുടെ കൂടി പാടവം അദ്ദേഹത്തിനുണ്ട്! അതാണ്‌ അദ്ദേഹത്തിന്റെ മാഹാത്യ്മത്തിന്‌ സവിശേഷപ്രാധാന്യം നല്കുന്നത്. പഴയ ആചാര്യന്മാരിൽ ഒരാളുടെ ഭാണ്ഡം നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ പ്രതിഭയെ ചരിത്രകാരനു വിശദീകരിച്ചുകൊടുക്കാനും വ്യാഖ്യാനിച്ചുകൊടുക്കാനും ഒരു സമാനാത്മാവിനെ മിക്കപ്പോഴും കണ്ടെടുക്കാവുന്നതേയുള്ളു; എന്നാൽ ദലക്വായെ നീക്കം ചെയ്യുക, ചരിത്രത്തിന്റെ ചങ്ങല മുറിയുകയും നിലം പറ്റുകയും ചെയ്യുന്നു.


(1846ലെ സലോൺ എന്ന ലേഖനത്തിൽ നിന്ന്)


ബോദ്‌ലേർ - കവിതയെക്കുറിച്ചുള്ള ചിന്തകൾ


... ദീർഘകവിതകൾക്കു ചാർത്തിക്കൊടുത്തിട്ടുള്ള യുക്തിഹീനമായ പ്രാധാന്യത്തിനെതിരെ ഉശിരുള്ള ഒരു പ്രതിഷേധം (എഡ്ഗാർ അലൻ പോയുടെ) ‘കാവ്യതത്വം’ എന്ന ലേഖനത്തിന്റെ തുടക്കത്തിൽത്തന്നെ ഞാൻ കാണുന്നു. “ദീർഘകവിത എന്നൊന്നില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ‘ഒരു ദീർഘകവിത’ എന്നു പറയുന്നതുതന്നെ പരസ്പരവിരുദ്ധമായ ഒരു പദപ്രയോഗമാണെന്നാണ്‌ എന്റെ നിലപാട്.” തീർച്ചയായും ആത്മാവിനെ ഉത്തേജിപ്പിക്കുകയും ഉന്നമിപ്പിക്കുകയും ചെയ്യുന്നിടത്തോളമേ ഒരു കവിത ആ പേരിനർഹമാകുന്നുള്ളു; ആ കവിതയുടെ മൂല്യമാകട്ടെ, ആ ഉത്തേജനത്തിനും ഉന്നമനത്തിനും നേരനുപാതത്തിലുമായിരിക്കും. അതേ സമയം, മനഃശാസ്ത്രപരമായ ഒരനിവാര്യതയാൽ എല്ലാ ഉദ്ദീപനങ്ങളും ക്ഷണികവും അനിത്യവുമാണ്‌; ബലാൽ വശീകരിച്ചുകൊണ്ടുപോയിട്ടെന്നപോലെ വായനക്കാരന്റെ ആത്മാവു ചെന്നുപെടുന്ന ആ വിചിത്രമായ അവസ്ഥ മനുഷ്യപ്രകൃതത്തിനു സംഭരിക്കാൻ കഴിയുന്ന ഉത്സാഹത്തെ അതിന്റെ ശേഷിക്കുമപ്പുറത്തേക്കു വലിച്ചുനീട്ടാൻ നോക്കുന്ന ഒരു ദീർഘകവിത വായിച്ചുതീരുന്നിടത്തോളം നീണ്ടുനില്ക്കാൻ പോകുന്നില്ല. 

അപ്പോൾ ഇതിഹാസകവിത തിരസ്കരിക്കപ്പെട്ടു എന്നിനി തെളിച്ചുപറയേണ്ടതില്ലല്ലോ. കാരണം, അത്രയും ദൈർഘ്യമുള്ള ഒരു കൃതിയെ കവിതയായി പരിഗണിക്കണമെങ്കിൽ ഏതു കലാസൃഷ്ടിയുടേയും അവശ്യനിബന്ധനയായ ‘ഐക്യ’ത്തെ തള്ളിപ്പറയാൻ നാം തയ്യാറാകേണ്ടിവരും. ഇതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് അതിന്റെ വിഭാവനത്തിലുള്ള ഐക്യമല്ല, അതു മനസ്സിൽ പതിപ്പിക്കുന്ന ധാരണയുടെ ഐക്യത്തെയാണ്‌, പ്രഭാവത്തിന്റെ സാകല്യത്തെയാണ്‌; നോവലിനേയും ചെറുകഥയേയും താരതമ്യം ചെയ്യുമ്പോൾ ഞാനിതു ചൂണ്ടിക്കാണിച്ചിരുന്നു. അപ്പോൾ ഇതിഹാസകവിത, സൗന്ദര്യശാസ്ത്രപരമായി നോക്കിയാൽ, ഒരു വൈരുദ്ധ്യമായിട്ടാണ്‌ നമുക്കു തോന്നുന്നത്. പൗരാണികകാലത്ത് ഒരു കൂട്ടം  ലിറിക് കവിതകൾ എഴുതപ്പെട്ടിരുന്നു എന്നും പിന്നീടവ ഇതിഹാസങ്ങളായി സമാഹരിക്കപ്പെട്ടതാണെന്നും വരാം; എന്നാൽ ഏത് ‘ഐതിഹാസികലക്ഷ്യ’വും സ്പഷ്ടമായും അപക്വമായ ഒരു കലാബോധത്തിന്റെ ഫലമാണ്‌. അത്തരം കലാപരമായ വ്യതിചലനങ്ങളുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു; ദീർഘകവിത എന്നെങ്കിലും ജനപ്രിയമായിരുന്നോ (ആ വാക്കിന്റെ പൂർണ്ണമായ അർത്ഥത്തിൽ) എന്നതും സംശയാസ്പദമാണ്‌.

തീരെ ഹ്രസ്വമായ ഒരു കവിത, അതു സൃഷ്ടിക്കുന്ന ഉത്തേജനത്തിന്റെ തോതനുസരിച്ച് ബൗദ്ധികപോഷണം നല്കാൻ കഴിയാത്ത കവിത, വായനക്കാരന്റെ സ്വാഭാവികമായ വിശപ്പടക്കാൻ പര്യാപ്തമല്ലാത്ത കവിത, ഏറ്റവും പിഴവുള്ളതായിരിക്കുമെന്നും പറയട്ടെ. എത്ര ഉജ്ജ്വലവും തീക്ഷ്ണവുമായിക്കോട്ടെ അതിന്റെ പ്രഭാവം, അതു നീണ്ടുനില്ക്കില്ല; ഓർമ്മയിൽ അതു തങ്ങിനില്ക്കില്ല; ഒട്ടും അമർത്താതെയും വളരെ തിടുക്കത്തിലും വയ്ക്കുന്ന ഒരു സീലു പോലെയാണത്; മെഴുകിൽ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള നേരം അതിനു കിട്ടുന്നില്ല.

ഇതു കൂടാതെ മറ്റൊരു ദൈവദൂഷണമുണ്ട്: നമ്മുടെ കാപട്യവും മനസ്സിന്റെ ജാഡ്യവും ഹീനതയും കാരണം കൂടുതൽ അപകടകാരിയും കൂടുതൽ കാലം നിലനില്ക്കാൻ സാദ്ധ്യതയുള്ളതുമായ ഒന്ന്- കൊന്നാലും ചാവാത്ത ഒരു പിശക്; പ്രബോധനവാദത്തിന്റെയും അതിന്റെ അനിവാര്യമായ ഉപസിദ്ധാന്തങ്ങളായ വികാരം, സത്യം, ധാർമ്മികത എന്നിവയെക്കുറിച്ചുമാണ്‌ ഞാൻ പറയുന്നത്. വലിയൊരു സംഘം ആളുകൾ കരുതുന്നത് കവിതയുടെ ലക്ഷ്യം എന്തെങ്കിലും തരത്തിലുള്ള ഉപദേശം നല്കൽ ആണെന്നാണ്‌; മനഃസാക്ഷിയെ ബലപ്പെടുത്തലോ സാമൂഹികധർമ്മങ്ങളെ കുറ്റമറ്റതാക്കുകയോ അതൊന്നുമല്ലെങ്കിൽ ഉപയോഗപ്രദമായ എന്തെങ്കിലുമൊന്നിനു തെളിവു നല്കുകയോ ആണ്‌ അതിന്റെ ദൗത്യമെന്ന് അവർ സങ്കല്പിക്കുന്നു. എഡ്ഗാർ പോ പറയുന്നത് അമേരിക്കക്കാർ വിശേഷിച്ചും ഈ ധാരണയെ പിന്തുണയ്ക്കുന്നവർ ആണെന്നാണ്‌; ഇപ്പറഞ്ഞ ദൂഷണം നേരിൽ കാണാൻ അങ്ങു ബോസ്റ്റൺ വരെ പോകണമെന്നില്ല. ഇങ്ങിവിടെയും ദൈനന്ദിനമെന്നോണം അത് യഥാർത്ഥകവിതയെ ഉപരോധിക്കുകയും അതിന്റെ കോട്ടമതിലിൽ വിള്ളൽ വീഴ്ത്തുകയുമാണ്‌. നാം നമ്മുടെ ഉള്ളിലേക്ക് ഒരു നിമിഷത്തേക്കെങ്കിലും ഒന്നു നോട്ടമയച്ചാൽ, നമ്മുടെ ഹൃദയത്തെ ചോദ്യം ചെയ്താൽ, നമ്മുടെ ഉത്സാഹത്തിന്റെ നിമിഷങ്ങളെ മനസ്സിലേക്കു തിരിച്ചുവിളിച്ചാൽ കവിതയ്ക്ക് അതല്ലാതെ മറ്റൊരു ലക്ഷ്യമില്ല എന്നു നമുക്കു കാണാനാകും; അതിനു മറ്റൊന്നുണ്ടാവുക സാദ്ധ്യമല്ല. ഒരു കവിതയും അത്ര മഹത്തരവും അത്ര അഭിജാതവും കവിത എന്ന പേരിന്‌ അത്രയ്ക്കർഹവുമല്ല, കവിതയെഴുതുന്നതിന്റെ ആനന്ദമൊന്നിനു മാത്രമായി എഴുതപ്പെട്ട ഒരു കവിത പോലെ. 

ആരും തെറ്റിദ്ധരിക്കരുത്: കവിത മനുഷ്യന്റെ പെരുമാറ്റമര്യാദകളെ ഉത്കൃഷ്ടമാക്കുന്നില്ല എന്നല്ല, അതിന്റെ അന്തിമഫലം നികൃഷ്ടതാല്പര്യങ്ങളുടെ നിരപ്പിൽ നിന്ന് മനുഷ്യനെ ഉയർത്തിക്കൊണ്ടുവരികയല്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്; അതു തീർത്തും യുക്തിഹീനമായിരിക്കുമല്ലോ. ഞാൻ പറയുന്നതിതാണ്‌- ഒരു ധാർമ്മികലക്ഷ്യമാണ്‌ കവി ഉന്നം വച്ചതെങ്കിൽ അയാളുടെ കവിത്വശക്തിക്ക് ഊനം തട്ടിയിരിക്കും; അയാളുടെ കവിത മോശമായിരിക്കുമെന്നു രണ്ടാമതൊന്നാലോചിക്കാതെ നമുക്കു വാതു വയ്ക്കുകയുമാവാം. മരണമോ പരാജയമോ വിലയായി കൊടുത്തിട്ടല്ലാതെ കവിതയ്ക്ക് ശാസ്ത്രത്തിന്റെയോ ധാർമ്മികതയുടേയോ മേലങ്കി എടുത്തണിയാനാവില്ല; സത്യാന്വേഷണം അതിന്റെ ലക്ഷ്യമല്ല, അതിന്‌ അതിനു പുറത്ത് ഒന്നുമില്ല. സത്യമെന്താണെന്നു സ്ഥാപിക്കലിന്റെ വഴികൾ മറ്റു ചിലതാണ്‌, മറ്റൊരിടത്തുമാണ്‌. സത്യത്തിന്‌ ഗാനവുമായി ഒരു ബന്ധവുമില്ല. ഒരു കവിതയുടെ ചാരുത, വശ്യത, അപ്രതിരോദ്ധ്യത ഇതൊക്കെ സാദ്ധ്യമാക്കുന്ന സംഗതികൾ സത്യത്തിന്റെ ആധികാരികതയേയും അതിന്റെ ബലത്തെയും അപഹരിക്കുകയാണു ചെയ്യുക. നിർവ്വികാരമായ, പ്രശാന്തമായ, അചഞ്ചലമായ മനോഭാവമാണ്‌ സത്യാന്വേഷണത്തിന്റേത്; അത് കാവ്യദേവതയുടെ രത്നാഭരണങ്ങളേയും പൂക്കളേയും തള്ളിക്കളയുന്നു; അതുകൊണ്ടുതന്നെ കാവ്യാത്മകമായ മനോഭാവത്തിന്റെ നേർവിരുദ്ധമായ ധ്രുവത്തിലുമാണത്.

ശുദ്ധധിഷണ സത്യത്തെ തേടുന്നു, അഭിരുചി സൗന്ദര്യത്തെ കാണിച്ചുതരുന്നു, ധാർമ്മികബോധം സ്വധർമ്മത്തിന്റെ പാത നമുക്കു കാട്ടിത്തരികയും ചെയ്യുന്നു. നടുക്കുള്ളതിന്‌ രണ്ടറ്റങ്ങളിൽ ഉള്ളവയുമായി ഗാഢമായ ബന്ധമാണുള്ളതെന്നതും അതിന്‌ ധാർമ്മികബോധവുമായുള്ള അതിർവരമ്പ് വളരെ നേർത്തതാണെന്നതും ശരിതന്നെ; അതുകൊണ്ടാണല്ലോ അതിന്റെ ചില കോമളവൃത്തികളെ നന്മകളുടെ ഗണത്തിൽ പെടുത്താൻ അരിസ്റ്റോട്ടിൽ മടിക്കാതിരുന്നത്. അതുകൊണ്ടാണ്‌ സൗന്ദര്യബോധമുള്ള ഒരാൾക്ക് ദുഷ്ടത കാണുമ്പോൾ അതിന്റെ വൈലക്ഷണ്യം, അതിന്റെ അനുപാതഹീനത, വിശേഷിച്ചും അസഹനീയമായിത്തോന്നുന്നത്. ദുഷ്ടത സത്യത്തിനും സൂക്ഷ്മതയ്ക്കും എതിരെയുള്ള അപരാധമാണ്‌, ബുദ്ധിയോടും മനഃസാക്ഷിയോടുമുള്ള അവഹേളനമാണ്‌; എന്നാൽ സ്വരൈക്യത്തിനെതിരെയുള്ള ഒരന്യായമായി, ഒരപശ്രുതിയായി ദുഷ്ടത ചില കാവ്യാത്മാക്കളെ വിശേഷിച്ചും പീഡിപ്പിക്കും. ധാർമ്മികതയ്ക്കെതിരെയുള്ള, ധാർമ്മികസൗന്ദര്യത്തിനെതിരെയുള്ള ഏതതിക്രമവും പ്രപഞ്ചതാളത്തിനും ഛന്ദസ്സിനും എതിരെയുള്ള അതിക്രമമായി കാണുന്നത് ആക്ഷേപാർഹമാണെന്നു ഞാൻ കരുതുന്നതുമില്ല.

ആരാധ്യമായ, അനശ്വരമായ ഈ നൈസർഗികസൗന്ദര്യബോധമാണ്‌ ഈ ലോകമെന്ന പ്രദർശനത്തെ ഒരു വെളിപാടായി, സ്വർഗ്ഗവുമായുള്ള ഒരു പാരസ്പര്യമായി പരിഗണിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നത്. അതീതമായിട്ടുള്ളതെന്തിനോടും ജീവിതം വെളിപ്പെടുത്തുന്നതെന്തിനോടുമുള്ള ഈ ശമിക്കാത്ത ദാഹമാണ്‌ നമ്മുടെ അനശ്വരതയ്ക്കുള്ള ഏറ്റവും സജീവമായ തെളിവ്. കവിതയിൽ നിന്നും കവിതയിലൂടെയും സംഗീതത്തിൽ നിന്നും സംഗീതത്തിലൂടെയുമാണ്‌ ശവകുടീരത്തിനുമപ്പുറത്തുള്ള പൊലിമകളെക്കുറിച്ച് ആത്മാവിന്‌ മങ്ങിയ ഒരകലക്കാഴ്ച്ച കിട്ടുന്നത്. ഒരു വിശിഷ്ടകവിത നമ്മളെ കണ്ണീരിന്റെ വക്കത്തെത്തിക്കുമ്പോൾ ആ കണ്ണീർത്തുള്ളികൾ തെളിവാകുന്നത് അമിതമായ ഒരാനന്ദത്തിനല്ല; മറിച്ച്, അവ സാക്ഷ്യപ്പെടുത്തുന്നത് നമ്മളിൽ പിടഞ്ഞുണർന്ന ഒരു വിഷാദത്തെയാണ്‌, നമ്മുടെ ഞരമ്പുകളുടെ ഒരു തിടുക്കത്തെയാണ്‌, അപൂർണ്ണതകൾക്കിടയിലേക്കു നാടു കടത്തപ്പെട്ട ഒരു പ്രകൃതത്തെയാണ്‌; ക്ഷണികദർശനം ലഭിച്ച ഒരു പറുദീസയെ, ഈ ഭൂമിയിൽ വച്ച്, ഇപ്പോൾത്തന്നെ സ്വന്തമാക്കാൻ മോഹിക്കുന്ന നമ്മുടെ പ്രകൃതത്തെയാണ്‌. 


(എഡ്ഗാർ പോയെക്കുറിച്ചുള്ള പുതിയ കുറിപ്പുകൾ എന്ന ലേഖനത്തിൽ നിന്ന്)


2021, ജൂൺ 17, വ്യാഴാഴ്‌ച

ബോദ്‌ലേർ - നോവലും ചെറുകഥയും

 നോവലിനും ചെറുകഥയ്ക്കും ഒരുപോലെ വിസ്മയകരമായ ഒരു വഴക്കമുണ്ട്. രണ്ടിനും ഏതു പ്രകൃതം ആവശ്യപ്പെടുന്നതിനോടും ഒത്തുപോകാം, ഏതു വിഷയവും ഉൾക്കൊള്ളിക്കാം, ഇഷ്ടം പോലെ ഏതു ലക്ഷ്യവും പിന്തുടരുകയും ചെയ്യാം. ചിലപ്പോൾ അതൊരു വൈകാരികാവേശത്തിന്റെ പഠനമായിരിക്കാം, മറ്റൊരിക്കൽ സത്യാന്വേഷണമാവാം; ഒരു നോവൽ ഒരാൾക്കൂട്ടത്തെ പ്രീതിപ്പെടുത്തുന്നതാവാം, മറ്റൊന്ന് ചുരുക്കം ചിലരേയും; ഈ നോവൽ പൊയ്പ്പോയ ഒരു കാലഘട്ടത്തിലെ ജീവിതത്തെ പുനരാവിഷ്കരിക്കുന്നതാണെങ്കിൽ ആ നോവൽ ഒരൊറ്റ വ്യക്തിയുടെ മനസ്സിനുള്ളിൽ അരങ്ങേറുന്ന ഒരു നിശ്ശബ്ദനാടകമായിരിക്കും. കവിതയ്ക്കും ചരിത്രത്തിനുമരികിൽ ഒരു പ്രധാനസ്ഥാനം വഹിക്കുന്ന നോവൽ കലാരൂപങ്ങളിൽ ഒരു ജാരസന്തതിയാണ്‌; അതിന്റെ സാമ്രാജ്യം ശരിക്കും അതിരറ്റതുമാണ്‌. മറ്റു പല ജാരസന്തതികളേയും പോലെ ഇതും സൗഭാഗ്യത്തിന്റെ സന്താനമാണ്‌; അതിലാളനയ്ക്കു പാത്രമായത്, എന്തും നേടിയെടുക്കുന്നത്. അതൊരു കഷ്ടതയും അനുഭവിക്കുന്നില്ല, സ്വന്തം അനിയന്ത്രിതസ്വാതന്ത്ര്യമല്ലാതെ മറ്റൊരപകടവും അതിനറിയുകയില്ല. കുറച്ചുകൂടി നിയന്ത്രിതവും സാന്ദ്രവുമായ ചെറുകഥയ്ക്ക് പരിമിതിയുടെ സ്ഥിരാനുകൂല്യങ്ങളുണ്ട്; അതിന്റെ പ്രഭാവം കൂടുതൽ ചടുലമാണ്‌; ഒരു ചെറുകഥ വായിക്കാനെടുക്കുന്ന സമയം ഒരു നോവൽ ദഹിക്കാൻ വേണ്ടതിനെക്കാൾ വളരെ കുറവായതിനാൽ അതുളവാക്കുന്ന മൊത്തം പ്രഭാവത്തിൽ അല്പം പോലും നഷ്ടപ്പെടുന്നില്ല.

(തിയോഫിൽ ഗോത്തിയേ എന്ന ലേഖനത്തിൽ നിന്ന്)

*

എഡ്ഗാർ അലൻ പോയ്ക്ക് മനുഷ്യന്റെ ശേഷികളിൽ റാണിയായിരുന്നു ഭാവന; എന്നാൽ ആ വാക്കു കൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നത് ഒരു ശരാശരി വായനക്കാരൻ മനസ്സിലാക്കുന്നതിനുമപ്പുറമാണ്‌. ഭാവന ഭ്രമകല്പനകൾ ചെയ്യാനുള്ള കഴിവല്ല, സംവേദനക്ഷമതയുമല്ല, സംവേദനക്ഷമതയില്ലാത്ത ഒരാളെ ഭാവനാശേഷിയുള്ളയാളായി സങ്കല്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും. വസ്തുക്കളുടെ ആന്തരവും നിഗൂഢവുമായ ബന്ധങ്ങളെ, ആനുരൂപ്യങ്ങളേയും സാദൃശ്യങ്ങളേയും, ദാർശനികരീതികളിലൂടല്ലാതെ, പ്രത്യക്ഷമായി ഗ്രഹിക്കുന്ന, ദിവ്യമെന്നുതന്നെ പറയാവുന്ന ഒരു ശേഷിയാണത്. എഡ്ഗാർ അലൻ പോ ഈ ശേഷിക്കു നല്കുന്ന മൂല്യം വച്ചു നോക്കിയാൽ ഭാവനയില്ലാത്ത ഒരു പണ്ഡിതൻ വെറുമൊരു കപടപണ്ഡിതനാണെന്നോ, ഒന്നുമല്ലെങ്കിൽ ഒരപൂർണ്ണപണ്ഡിതനാണെന്നോ തോന്നിപ്പോകും.

ഭാവനയ്ക്ക് ഏറ്റവും കൗതുകകരമായ ഫലങ്ങൾ കൈവരിക്കാൻ കഴിയുന്ന,- ഏറ്റവും സമ്പുഷ്ടവും ഏറ്റവും അനർഘവുമായ നിധികളല്ല (അവ കവിതയ്ക്കുള്ളതാണ്‌),- എണ്ണമറ്റതും വൈവിദ്ധ്യപൂർണ്ണവുമായ നിധികൾ കൊയ്യാൻ കഴിയുന്ന സാഹിത്യമേഖലകളിൽ ഒന്ന് അദ്ദേഹത്തിനു വിശേഷിച്ചും പ്രിയപ്പെട്ടതായിരുന്നു: ചെറുകഥ. ചെറുകഥയ്ക്ക് വിശാലമായ കാൻവാസ് സ്വന്തമായ നോവലിനെക്കാൾ വലിയ ഒരു മേന്മയുണ്ട്; എന്നു പറഞ്ഞാൽ, അതിന്റെ സംക്ഷിപ്തത അതു ജനിപ്പിക്കുന്ന പ്രഭാവത്തിന്റെ മാറ്റു കൂട്ടുന്നു. ഒറ്റയിരുപ്പിനു തീർക്കാവുന്ന കഥാവായന മുറിഞ്ഞുമുറിഞ്ഞുള്ള നോവൽ വായനയെക്കാൾ (ദൈനദിനജീവിതത്തിലെ ശ്രദ്ധകളും ബുദ്ധിമുട്ടുകളും പലപ്പോഴും അതിൽ നമുക്കു തടസ്സങ്ങളാവുന്നുമുണ്ട്) നമ്മുടെ മനസ്സിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുന്നു. ആ മാനസികാനുഭവങ്ങളുടെ ഐക്യം, അത് നമ്മിൽ ജനിപ്പിക്കുന്ന പ്രഭാവത്തിന്റെ സമഗ്രത, ആ തരം രചനകൾക്ക് സവിശേഷമായ ഒരുത്കൃഷ്ടത നല്കുന്ന മഹത്തായ ഒരു ഗുണവുമാണ്‌; അതിനാൽത്തന്നെ തീരെച്ചെറിയ ഒരു കഥ (അതൊരു ന്യൂനതയാണെന്നതിൽ സംശയവുമില്ല) വളരെ നീണ്ട ഒരു കഥയെക്കാൾ മികച്ചതാണെന്നും പറയാം. കലാകാരൻ, വിദഗ്ധനാണയാളെങ്കിൽ, തന്റെ ആശയങ്ങളെ സംഭവങ്ങൾക്കനുരൂപമാക്കുകയല്ല ചെയ്യുക; മറിച്ച്, അയാൾ ആദ്യം താൻ ജനിപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രഭാവത്തെ ദീർഘമായും സാവകാശമായും പര്യാലോചന ചെയ്ത് ഉള്ളിൽ രൂപപ്പെടുത്തുന്നു; എന്നിട്ട് ആ ഉദ്ദിഷ്ടപ്രഭാവം കൈവരിക്കുന്നതിനുള്ള സംഭവങ്ങൾക്ക് മനസ്സിൽ രൂപം നല്കുന്നു, അവയെ ഒരു പരമ്പരയായി അടുക്കിയെടുക്കുന്നു. വായിച്ചുകഴിഞ്ഞാൽ വായനക്കാരന്റെ മനസ്സിൽ എന്തു മുദ്ര പതിയണം എന്ന് മുന്നേ കണ്ടിട്ടല്ല ആദ്യത്തെ വാക്യം എഴുതിയതെങ്കിൽ ആ രചന തുടക്കത്തിലേ പരാജയപ്പെട്ടുകഴിഞ്ഞു. അതിലുടനീളം ഒറ്റ വാക്കു പോലും കടന്നുകൂടാൻ അനുവദിക്കരുത്, ഉദ്ദിഷ്ടമല്ലാത്തത്, മുൻകൂട്ടി നിശ്ചയിച്ച രൂപകല്പന പൂർത്തീകരിക്കുന്നതിലേക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഉദ്യമിക്കുന്നതല്ലാത്തത്.

ഒരു കാര്യത്തിൽ ചെറുകഥ കവിതയെക്കാൾപ്പോലും ഉത്കൃഷ്ടമാണ്‌. കവിതയുടെ ഏറ്റവും മഹത്തായതും ഏറ്റവും കുലീനവുമായ ലക്ഷ്യം, സൗന്ദര്യം എന്ന ആശയത്തിന്റെ വിപുലനം, കൈവരിക്കാൻ താളം അത്യാവശ്യമാണ്‌. എന്നാൽ സത്യം വിഷയമായ ചിന്തകളുടേയും ആവിഷ്കാരങ്ങളുടേയും വിശദമായ വിപുലനത്തിന്‌ താളത്തിന്റെ കൗശലപ്പണികൾ തരണം ചെയ്യാനാവാത്ത തടസ്സങ്ങളാവുകയാണ്‌. പലപ്പോഴും സത്യം ചെറുകഥയുടെ ലക്ഷ്യമാകുന്നുണ്ട്, യുക്തിവിചാരം കുറ്റമറ്റ ഒരു കഥയുടെ രചനയ്ക്ക് ഏറ്റവും നല്ല ഒരുപകരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ഈ തരം രചനകൾ ശുദ്ധകവിതയുടെ ഉന്നതനിലയിലെത്താതിരിക്കുമ്പോഴും സാധാരണക്കാരായ വായനക്കാർക്ക് കൂടുതൽ വൈവിധ്യപൂർണ്ണവും ക്ഷിപ്രാസ്വാദ്യവുമായ ഉല്പന്നങ്ങളാവുന്നത്. അതിനും പുറമേ ഒരു ചെറുകഥാകൃത്തിന്‌ ഭാഷയുടെ സ്വരഭേദങ്ങളുടെ, സൂക്ഷ്മച്ഛായകളുടെ, ഒരു ബാഹുല്യം തന്നെ സ്വാധീനത്തിലുണ്ട്: വിചിന്തനത്തിന്റെ, ഗൂഢപരിഹാസത്തിന്റെ, ഹാസ്യത്തിന്റെ സ്വരങ്ങൾ; അതെല്ലാം കവിതയ്ക്കു വർജ്ജ്യമാണ്‌, ശുദ്ധസൗന്ദര്യം എന്ന ആശയത്തിന്‌ അപസ്വരങ്ങളും അപമാനങ്ങളും പോലെയാണ്‌. അതുകൊണ്ടാണ്‌ ചെറുകഥയിൽ സൗന്ദര്യം എന്ന ലക്ഷ്യം മാത്രം ഉന്നമാക്കുന്ന എഴുത്തുകാരന്റെ പ്രയത്നമെല്ലാം പരാജയപ്പെടാൻ മാത്രമുള്ളതാകുന്നതും; താളം എന്ന ഏറ്റവും ഉപയോഗപ്രദമായ ഉപകരണത്തിന്റെ ആനുകൂല്യം അയാൾക്കു കിട്ടുന്നില്ലല്ലോ. ശരിക്കും കാവ്യാത്മകമായ ചെറുകഥകൾ സൃഷ്ടിക്കാനുള്ള ഉദ്യമങ്ങൾ എല്ലാ ഭാഷാസാഹിത്യങ്ങളിലും നടന്നിട്ടുണ്ടെന്നും പലപ്പോഴും അവ വിജയിച്ചിട്ടുണ്ടെന്നും എനിക്കറിയാം; എഡ്ഗാർ പോ തന്നെ അതിസുന്ദരമായ ചിലതു ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒരു ലക്ഷ്യത്തിനനുയോജ്യമായ യഥാർത്ഥമാർഗ്ഗത്തിന്റെ കരുത്ത് വെളിവാക്കുകയേ ആ മല്പിടുത്തങ്ങളും അത്യദ്ധ്വാനങ്ങളും ചെയ്യുന്നുള്ളു; എന്റെ കാര്യമാണെങ്കിൽ, ചില എഴുത്തുകാരുടെ- ഏറ്റവും മഹാന്മാരായ എഴുത്തുകാർ തന്നെയാണവർ- ആ വഴിക്കുള്ള വീരോചിതശ്രമങ്ങൾ ഹതാശയിൽ നിന്നു ജനിച്ചതാണെന്നു വിശ്വസിക്കാനേ എനിക്കു തോന്നിയിട്ടുള്ളു.


(എഡ്ഗാർ പോയെക്കുറിച്ചുള്ള പുതിയ കുറിപ്പുകളിൽ നിന്ന്)


2021, ജൂൺ 15, ചൊവ്വാഴ്ച

ബോദ്‌ലേർ - ശില്പകല വിരസമാണെന്നു പറയുന്നതെന്തുകൊണ്ട്

 

ശില്പകലയുടെ ഉല്പത്തി കാലത്തിന്റെ രാത്രികളിലെവിടെയോ മറഞ്ഞുകിടക്കുകയാണ്‌; അതിനാൽ അത് കരീബിയൻ ദ്വീപുകളുടെ കലയായിരിക്കണം.

ലോകത്തെ എല്ലാ വർഗ്ഗങ്ങളും ചിത്രകലയിലേക്കെത്തുന്നതിനു മുമ്പുതന്നെ  ദിവ്യത്വം ആരോപിക്കപ്പെടുന്ന വസ്തുക്കൾ വളരെ വിദഗ്ധമായി കൊത്തിയെടുക്കാൻ തുടങ്ങിയിരുന്നുവെന്നത് സത്യമാണ്‌; ചിത്രകലയാണെങ്കിൽ അഗാധമായ ചിന്ത ആവശ്യപ്പെടുന്നതും ആസ്വാദനത്തിനു പോലും ഒരു ശിക്ഷണം വേണ്ടതുമായ കലയാണല്ലോ. 

ശില്പകല പ്രകൃതിയോട് കൂടുതൽ അടുത്ത ഒരു കലയാണ്‌; അതുകൊണ്ടാണ്‌ ശുഷ്കാന്തിയോടെ കൊത്തിയെടുത്ത ഒരു കല്ലോ തടിയോ കാണുമ്പോൾ അതു രസിച്ചുകാണുന്ന നമ്മുടെ ഗ്രാമീണർ ഏറ്റവും നല്ല ഒരു പെയിന്റിങ്ങിനു മുന്നിൽ ഒന്നും മനസ്സിലാകാത്തപോലെ നില്ക്കുന്നത്. ഇത് സവിശേഷമായ, പെട്ടെന്നു പിടി കിട്ടാത്ത ഒരു രഹസ്യമാണ്‌.

ശില്പകലയ്ക്ക് കുറേയധികം കുറവുകളുണ്ട്; അതിനു ലഭ്യമായ ഉപാധികൾ തന്നെയാണ്‌ അതിനു കാരണം. പ്രകൃതിയെപ്പോലെ നിഷ്ഠുരവും മറയില്ലാത്തതുമായ ശില്പകല അവളെപ്പോലെതന്നെ സന്ദിഗ്ധവും പിടി തരാത്തതുമാണ്‌; കാരണം, ഒരേ സമയത്തുതന്നെ അതിനനേകം മുഖങ്ങളുണ്ടല്ലോ. ശില്പി ഒരേയൊരു വീക്ഷണകോണം കൈക്കൊള്ളാൻ ശ്രമിക്കുന്നത് വ്യർത്ഥമാണ്‌; രൂപങ്ങൾക്കു ചുറ്റും നടക്കുന്ന കാഴ്ച്ചക്കാരന്‌  നൂറുകണക്കിനു സ്ഥാനങ്ങളിൽ ഒന്നിൽ നിന്ന് അവയെ വീക്ഷിക്കാം, അപ്പോഴും ശരിയായ സ്ഥാനം കണ്ടെത്താതെ. യാദൃച്ഛികമായി വന്നുവീഴുന്ന ഒരു വെളിച്ചത്തിന്റെ ചീളോ ഒരു വിളക്കിന്റെ വെട്ടമോ കലാകാരൻ മനസ്സിൽ കാണാത്ത ഒരു മനോഹാരിത തെളിച്ചുകാട്ടുമ്പോൾ അയാൾക്കതെത്ര ലജ്ജാകരമാണ്‌. ഒരു ചിത്രം അതുകൊണ്ടെന്താണോ ഉദ്ദേശിക്കുന്നത്, അതായിരിക്കണം. അതിനെ നോക്കാൻ അതിന്റെ സ്വപ്രകാശത്തിലല്ലാതെ മറ്റൊരു വഴിയില്ല; ഒരു പെയിന്റിങ്ങിന്‌ ഒരേയൊരു വീക്ഷണകോണമേയുള്ളു; പെയിന്റിങ്ങ് സ്വന്തമല്ലാത്ത മറ്റെന്തിനേയും പുറന്തള്ളുന്നതും സ്വന്തം അധീശത്വം സ്ഥാപിക്കുന്നതുമാണ്‌; അതു കാരണം ചിത്രകാരന്റെ സന്ദേശം കൂടുതൽ ബലവത്തുമാണ്‌.

*

ശില്പകല അതിന്റെ പ്രാകൃതദശയിൽ നിന്നു പുറത്തുവന്നിട്ടും ഏറ്റവും ഉജ്ജ്വലമായ വികാസം പ്രാപിച്ചുകഴിഞ്ഞിട്ടും അതിന്നും ഒരു പൂരകകലയായിത്തന്നെ തുടരുന്നു. കൊണ്ടുനടക്കാവുന്ന രൂപങ്ങൾ കഷ്ടപ്പെട്ടു ചെത്തിയെടുക്കുക എന്നതല്ല ഇന്നതിന്റെ ലക്ഷ്യം; മറിച്ച്, ചിത്രകലയുടേയും വാസ്തുകലയുടേയും വിനീതസഹായിയായി കൂടുകയും അവയുടെ ലക്ഷ്യപൂർത്തിക്കു സഹായിക്കുക എന്നതുമായിരിക്കുന്നു. ആകാശത്തേക്കുയർന്നുനില്ക്കുന്ന ഭദ്രാസനപ്പള്ളികൾ അവയുടെ ആഴങ്ങളിൽ നിറച്ചുവയ്ക്കുന്ന ശില്പങ്ങൾ ആ എടുപ്പുകളുടെ ഉടലുകളോട് ഒന്നായിച്ചേർന്നുനില്ക്കുന്നു. ചായം തേച്ച ശില്പങ്ങൾ- ഇതു ശ്രദ്ധിക്കുക- അവയുടെ കേവലമായ പ്രാഥമികവർണ്ണങ്ങളുമായി ആ മഹത്തായ നിർമ്മിതിയുടെ കാവ്യാത്മകപ്രഭാവത്തിന്‌ പൂർണ്ണത നല്കുന്നു. വെഴ്സായ് അതിന്റെ എണ്ണമറ്റ പ്രതിമകളെ വള്ളിക്കുടിലുകളുടെ പശ്ചാത്തലത്തിലോ കൃത്രിമഗുഹകളിൽ ഒരായിരം വജ്രത്തരികൾ തെറിപ്പിക്കുന്ന ജലധാരകൾക്കു നടുക്കോ പാർപ്പിക്കുന്നു. മഹത്തായ കാലഘട്ടങ്ങളിലെല്ലാം ശില്പകല ഒരു പൂരകമാണ്‌; തുടക്കത്തിലും ഒടുക്കവും അതൊരു വേറിട്ട കലയുമാകുന്നു.


2021, ജൂൺ 11, വെള്ളിയാഴ്‌ച

ബോദ്‌ലേർ - വിമർശനം കൊണ്ടെന്തു ഗുണം?


എന്തു ഗുണം?- ആദ്യത്തെ അദ്ധ്യായത്തിൽ ആദ്യത്തെ ചുവടു വയ്ക്കുമ്പോൾത്തന്നെ വിമർശകന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന വിപുലവും ഭീഷണവുമായ ചോദ്യം. 

കലാകാരന്‌ വിമർശകനോടുള്ള വിരോധം ഇതാണ്‌: ചിത്രം വരയ്ക്കാനോ കവിതയെഴുതാനോ താല്പര്യമില്ലാത്ത ബൂർഷ്വയെ അതിനൊന്നും പഠിപ്പിക്കാനില്ല- കലയേയും അതിനൊന്നും പഠിപ്പിക്കാനില്ല, കാരണം, കലയുടെ ഉദരത്തിൽ നിന്നാണല്ലോ അതു പുറത്തുവന്നത്.

എന്നിട്ടുകൂടി ഇന്നത്തെ എത്ര  കലാകാരന്മാരാണ്‌ തങ്ങളുടെ ചെറുകിടപ്രശസ്തിക്ക് വിമർശകരോടു കടപ്പെട്ടിരിക്കുന്നത്! അവിടെയാണ്‌ അതിനോടുള്ള യഥാർത്ഥവിരോധം കിടക്കുന്നതെന്നു വരാം.

കാൻവാസിനു മേൽ കുനിഞ്ഞുനില്ക്കുന്ന ഒരു ചിത്രകാരന്റെ ഗവാർണി വരച്ച   കാരിക്കേച്ചർ നിങ്ങൾ കണ്ടുകാണും; അയാൾക്കു പിന്നിലായി ഗൗരവം കനപ്പിച്ച മുഖവും നെട്ടനേയുള്ള നില്പും വെളുത്ത കഴുത്തുപട്ടയുമായി ഒരു വ്യക്തിയെ കാണാം; താൻ ഏറ്റവും ഒടുവിലെഴുതിയ പത്രലേഖനം അയാളുടെ കയ്യിലുണ്ട്. ‘കല കുലീനമാണെങ്കിൽ വിമർശനം പവിത്രമാണ്‌.’ -‘എന്നാരു പറയുന്നു?’ ‘വിമർശകർ!’ കലാകാരന്‌ അത്ര അനായാസമായി മേൽക്കൈ നേടാനാകുന്നുണ്ടെങ്കിൽ, സംശയിക്കേണ്ട, ആ വിമർശകൻ നമുക്കു നന്നായറിയുന്ന ഗണത്തിൽ പെടുന്നയാളായതാണ്‌ അതിനു കാരണം.

കലാകാരനും പൊതുജനത്തിനും രചനാസങ്കേതങ്ങളേയും പ്രക്രിയകളേയും കുറിച്ചു പഠിക്കാനാണെങ്കിൽ അതൊന്നും വിമർശനത്തിൽ കാണുകയില്ല. ആ കാര്യങ്ങളൊക്കെ കലാകാരൻ സ്റ്റുഡിയോയിൽ നിന്നു പഠിച്ചെടുക്കുന്നതാണ്‌; പൊതുജനത്തിനാണെങ്കിൽ ഫലത്തിലേ താല്പര്യമുള്ളു.

രസനീയമെന്നപോലെ കാവ്യാത്മകവുമായ വിമർശനമാണ്‌ ഏറ്റവും ഉത്തമമായ വിമർശനം എന്നാണ്‌ എന്റെ ആത്മാർത്ഥമായ വിശ്വാസം; എന്നു പറഞാൽ, സർവ്വതും വിശദീകരിക്കുന്നുവെന്ന അവകാശവാദത്തോടെ, സ്നേഹവും വിദ്വേഷവും കാണിക്കാത്ത, വൈകാരികാംശം മനഃപൂർവ്വം ചോർത്തിക്കളഞ്ഞ, ഗണിതമട്ടിലുള്ള വിമർശനമല്ല. എന്നാൽ, ഒരു കലാകാരൻ പ്രതിഫലിപ്പിക്കുന്ന പ്രകൃതിയാണ്‌ സുന്ദരമായ ഒരു ചിത്രം എന്നതിനാൽ അതിനെക്കുറിച്ചുള്ള ഏറ്റവും നല്ല വിമർശനപഠനം, ഞാൻ ആവർത്തിക്കുന്നു, സൂക്ഷ്മബുദ്ധിയും സംവേദനക്ഷമവുമായ ഒരു മനസ്സ് പ്രതിഫലിപ്പിക്കുന്ന ആ ചിത്രമായിരിക്കും. അക്കാരണത്താൽ ഒരു ചിത്രത്തിന്റെ ഏറ്റവും നല്ല വിവരണം ഒരു ഗീതകമോ വിലാപകാവ്യമോ ആകാനും മതി.

എന്നാൽ ആ തരം വിമർശനം കവിതാസമാഹാരങ്ങൾക്കും കവിതവായനക്കാർക്കുമുള്ളതാണ്‌. നിഷ്കൃഷ്ടമായ അർത്ഥത്തിലുള്ള വിമർശനത്തിന്റെ കാര്യമാണെങ്കിൽ ഞാൻ ഇനി പറയാൻ പോകുന്നത് തത്ത്വചിന്തകന്മാർക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കട്ടെ. നീതിപൂർവ്വമാകണമെങ്കിൽ, എന്നു പറഞ്ഞാൽ, സ്വന്തം അസ്തിത്വത്തെ ന്യായീകരിക്കണം എന്നുണ്ടെങ്കിൽ, വിമർശനം പക്ഷപാതപരമായിരിക്കണം, വികാരതീവ്രമായിരിക്കണം, അതിനൊരു രാഷ്ട്രീയമുണ്ടായിരിക്കണം, അതായത്, അതിന്റേതുമാത്രമായ ഒരു കാഴ്ച്ചപ്പാടിലൂടെ എഴുതിയതായിരിക്കണം; ആ കാഴ്ച്ചപ്പാട് കഴിയുന്നത്ര വിശാലമായ ചക്രവാളങ്ങളിലേക്കു തുറക്കുന്നതുമായിരിക്കണം.

വർണ്ണത്തെ ഇകഴ്ത്തി രേഖയെ വാഴ്ത്തുക, അല്ലെങ്കിൽ രേഖയെ ഇകഴ്ത്തി വർണ്ണത്തെ വാഴ്ത്തുക- അതും ഒരു കാഴ്ച്ചപ്പാടു സ്വീകരിക്കൽ തന്നെ; പക്ഷേ ആ കാഴ്ച്ചപ്പാട് അത്ര വിശാലവുമല്ല, അത്ര സാധുവുമല്ല; തന്നെയുമല്ല, വ്യക്തിഗതമായ ഭാഗധേയങ്ങളെക്കുറിച്ച് ആ വിമർശകന്‌ കാര്യമായ അറിവുകേടുണ്ടെന്നാണ്‌ അതു കാണിക്കുന്നതും.

ഏതനുപാതത്തിലാണ്‌ പ്രകൃതി ഓരോ മനസ്സിലും രേഖയോടും വർണ്ണത്തോടുമുള്ള അഭിരുചികൾ കൂട്ടിക്കലർത്തിയിരിക്കുന്നതെന്നോ ഏതു നിഗൂഢരാസവിദ്യയിലൂടെയാണ്‌ അവയുടെ ചേരുവയിലൂടെ അവൾ ചിത്രം എന്ന അന്തിമഫലം സൃഷ്ടിച്ചെടുക്കുന്നതെന്നോ നാം അറിയാൻ പോകുന്നില്ല.

അതിനാൽ സുചിന്തിതമായ ഒരു വ്യക്തിവാദമായിരിക്കും, കൂടുതൽ വിശാലമായ കാഴ്ച്ചപ്പാട്- എന്നു പറഞ്ഞാൽ, കലാകാരനിൽ നിന്ന് അതാവശ്യപ്പെടുന്നത് ആർജ്ജവവും അയാളുടെ പ്രകൃതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുമാണ്‌. സവിശേഷമായ ഒരു പ്രകൃതത്തിനുടമയല്ലാത്ത ഒരു കലാകാരൻ ചിത്രരചനയ്ക്ക് അർഹനല്ല; അയാൾ അങ്ങനെയൊരു പ്രകൃതത്തിനുടമയായ ഒരു ചിത്രകാരന്റെ സഹായി ആയി പൊയ്ക്കോട്ടെ. 

പ്രകൃതിയിൽ നിന്നു രൂപീകരിച്ച, വിശ്വാസ്യമായ ഒരു മാനദണ്ഡം കൊണ്ട് സുസജ്ജനായാൽ വിമർശകൻ പിന്നെ അത്യാവേശത്തോടെ തന്റെ കടമ നിറവേറ്റണം; വിമർശകനായതുകൊണ്ട് അയാൾ മനുഷ്യനല്ലാതാകുന്നില്ലല്ലോ; എന്തിനോടെങ്കിലുമുള്ള ആവേശം സമാനപ്രകൃതരെ തമ്മിലടുപ്പിക്കുകയും യുക്തിയെ പുതിയ ഔന്നത്യങ്ങളിലേക്കുയർത്തുകയും ചെയ്യുന്നു. 

സ്റ്റെന്താൾ എവിടെയോ പറയുന്നുണ്ട്: “ധാർമ്മികമൂല്യങ്ങൾക്ക് ദൃശ്യത നല്കുന്നതിനെയാണ്‌ ചിത്രകല എന്നു പറയുന്നത്.” ‘ധാർമ്മികമൂല്യങ്ങൾ’ എന്ന പ്രയോഗത്തെ വിശാലാർത്ഥത്തിലാണ്‌ നിങ്ങൾ വ്യാഖ്യാനിക്കുന്നതെങ്കിൽ എല്ലാ കലകളെക്കുറിച്ചും അങ്ങനെ പറയാം. കലകളുടെ സത്ത എന്നത് ഓരോ മനുഷ്യന്റെയും അനുഭൂതികളിലൂടെയും വികാരാവേശങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും സൗന്ദര്യത്തിന്റെ ആവിഷ്കാരമാണെന്നതിനാൽ - ചുരുക്കത്തിൽ, ഏകത്വത്തിലെ വൈവിദ്ധ്യം അല്ലെങ്കിൽ പരമതത്വത്തിന്റെ വിവിധമുഖങ്ങൾ- വിമർശനം നിരന്തരം തത്വചിന്തയിലേക്കു തെന്നിപ്പോകുന്നു.

ഓരോ കാലവും ഓരോ ജനതയും അതിന്റേതായ സൗന്ദര്യത്തിന്റെയും ധാർമ്മികമൂല്യസംഹിതയുടേയും ആവിഷ്കാരങ്ങൾ കൈവരിച്ചിട്ടുണ്ടെന്നതിനാൽ, കാല്പനികത എന്ന പദത്തെ സൗന്ദര്യത്തിന്റെ ഏറ്റവും സമകാലികവും ആധുനികവുമായ നിർവ്വചനമായി സ്വീകരിക്കാമെങ്കിൽ- എങ്കിൽ, ചിന്താശീലനായ, അത്യുൽസാഹിയായ ഒരു വിമർശകന്റെ കണ്ണുകളിൽ മഹാനായ കലാകാരൻ ഇങ്ങനെ ഒരാളായിരിക്കും: മുകളിൽ നിർദ്ദേശിച്ച നിബന്ധനയുടെ കൂടെ, അതായത് ആർജ്ജവത്തിന്റെ കൂടെ, ഏറ്റവും ഉയർന്ന അളവിലുള്ള കാല്പനികതയും സംയോജിപ്പിക്കുന്നയാൾ.

(The Salon of 1846)

ബോദ്‌ലേർ - ചിത്രകലയെക്കുറിച്ച്

 പണ്ടൊരിക്കൽ ഒരു ജർമ്മൻ കർഷകൻ ഒരു ചിത്രകാരനെ ചെന്നുകണ്ട് ഇങ്ങനെ പറഞ്ഞു: “സർ, എന്റെയൊരു ഛായാചിത്രം വരച്ചുതരണം. അതിൽ കൃഷിക്കളത്തിന്റെ മുൻകവാടത്തിൽ എന്റെ അച്ഛൻ എനിക്കു തന്നിട്ടുപോയ വലിയ കസേരയിൽ ഞാനിരിക്കുന്നതായി കാണിക്കണം. എന്റെ അരികത്ത് എന്റെ ഭാര്യയെ കയ്യിൽ നെയ്ത്തുകോലുമായി വരയ്ക്കണം. ഞങ്ങൾക്കു പിന്നിലായി അത്താഴത്തിനൊരുക്കുന്ന എന്റെ പെണ്മക്കൾ വന്നുപോകണം. ഇടതുഭാഗത്തായി ഒരു പെരുവഴി വരച്ചിട്ട് പശുക്കളെ തൊഴുത്തിലാക്കി വരുന്ന എന്റെ ആണ്മക്കൾ ചിലരെ ചിത്രീകരിക്കണം; മറ്റാണ്മക്കൾ എന്റെ ചെറുമക്കളുമായി വയ്ക്കോൽ കയറ്റിയ വണ്ടികൾ മൂടിയിടുകയായിരിക്കും. ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെ വരയ്ക്കുമ്പോൾ അസ്തമയസൂര്യന്റെ രശ്മികൾ നിറം പകരുന്ന എന്റെ ചുരുട്ടിൽ നിന്നുയരുന്ന പുകച്ചുരുളുകൾ മറന്നുപോകരുതേ. തൊട്ടടുത്തുള്ള പള്ളിയിലെ മണിമേടയിൽ നിന്ന് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്കുള്ള മണിയടിക്കുന്നതും കാഴ്ചക്കാരൻ കേൾക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അച്ഛനും മക്കളുമുൾപ്പെടെ ഞങ്ങളുടെയെല്ലാം കല്യാണം അവിടെയായിരുന്നല്ലോ. ഒരു ദിവസത്തെകൂടി അദ്ധ്വാനത്തിന്റെ ഫലമായി വളർന്ന എന്റെ സമ്പത്തും എന്റെ കുടുംബത്തെയും നോക്കി ആ സമയത്തിരിക്കുന്ന എന്റെ മുഖത്തെ സംതൃപ്തഭാവം വരയ്ക്കണമെന്നത് വളരെ പ്രധാനമാണ്‌.”

ആ കർഷകന്‌ എന്റെവക ഉച്ചത്തിൽ ഒരു കയ്യടി! താനറിയാതെതന്നെ ചിത്രകല എന്നാൽ എന്താണെന്ന് അയാൾക്കു മനസ്സിലായിരിക്കുന്നു. തന്റെ തൊഴിലിനോടുള്ള സ്നേഹം അയാളുടെ ഭാവനാശക്തിയെ സമ്പന്നമാക്കുകയായിരുന്നു. ആ ഛായാചിത്രം വരയ്ക്കാൻ യോഗ്യനായി നമ്മുടെ പുതുമോടിച്ചിത്രകാരന്മാരിൽ ആരെങ്കിലും ഒരാളുണ്ടോ? അവരിൽ ആർക്കെങ്കിലുമുണ്ടോ, ആ മനുഷ്യന്റേതിനു തുല്യമായ ഒരു ഭാവന?


(1859ലെ സലോൺ എന്ന ലേഖനത്തിൽ)

ബോദ്‌ലേറുടെ ആത്മഹത്യാക്കുറിപ്പ്


1845ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ബോദ്‌ലേർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കത്തി കൊണ്ട് നെഞ്ചിൽ കുത്തി മുറിവേല്പിച്ചുവെങ്കിലും അത് മരണകാരണമായില്ല. ആത്മഹത്യാശ്രമത്തിനു മുമ്പ് അദ്ദേഹം തന്റെ ലീഗൽ ഗാർഡിയനായ Narcisse Ancelleക്ക് കാമുകി ഷീൻ ലെമെറിന്റെ കയ്യിൽ കൊടുത്തയച്ച കത്താണിത്. 

Jeanne Duval (Jeanne Lemer) 1820ൽ ഹെയ്റ്റിയിൽ ജനിച്ച ഒരു സങ്കരവർഗ്ഗക്കാരിയായിരുന്നു. പാരീസിലെ തിയേറ്ററുകളിൽ നടിയും നർത്തകിയുമായിരുന്ന ഷീൻ ദുവാലിനെ 1842ലാണ്‌ ബോദ്‌ലേർ ആദ്യമായി കാണുന്നത്. അതോടെ അവൾ കവിയുടെ ‘കറുത്ത വീനസ്സു’മായി.  ‘തിന്മയുടെ പൂക്കളി’ലെ പല കവിതകളുടേയും പ്രചോദനം ഷീൻ ദുവാലാണ്‌. ഇരുപതുകൊല്ലം നീണ്ടുനിന്ന ആ ബന്ധം മിക്കപ്പോഴും സംഘർഷഭരിതമായിരുന്നുവെങ്കിലും താൻ സ്നേഹവും സാന്ത്വനവും അറിഞ്ഞ അപൂർവ്വനിമിഷങ്ങൾ അവളോടൊപ്പമായിരുന്നുവെന്നും ബോദ്‌ലേർ ഓർക്കുന്നുണ്ട്. അങ്ങനെയൊരാളെ ദുരിതത്തിൽ വിട്ടുപോകരുതെന്ന കരുതലാണ്‌ ഈ കത്തിൽ നിറഞ്ഞുനില്ക്കുന്നത്.


1845 ജൂൺ 30

ഷീൻ ലെമെർ ഈ കത്ത് താങ്കളുടെ കയ്യിൽ തരുമ്പോഴേക്കും ഞാൻ മരിച്ചിട്ടുണ്ടാവും. അവൾക്ക് ഇതറിയില്ല. എന്റെ വില്പത്രം താങ്കൾക്കോർമ്മയുണ്ടല്ലോ. അമ്മയ്ക്കു മാറ്റിവച്ചതൊഴിച്ചാൽ എന്റെ സമ്പാദ്യമായിട്ടുള്ളതെല്ലാം, ചില കടങ്ങൾ വീട്ടിക്കഴിഞ്ഞിട്ട് (അതിന്റെ ലിസ്റ്റ് ഞാൻ വച്ചിട്ടുണ്ട്), മിസ് ലെമെറിനുള്ളതാണ്‌. ഭയാനകമായ ഒരുത്കണ്ഠയുടെ പിടിയിൽ കിടന്നാണ്‌ ഞാൻ മരിക്കുന്നത്. ഇന്നലെ നമ്മൾക്കിടയിലുണ്ടായ സംസാരം ഓർക്കുക. മരണശേഷം എന്റെ അന്ത്യാഭിലാഷങ്ങൾ ഞാൻ പറഞ്ഞപോലെ നടപ്പിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നല്ല, നിർബ്ബന്ധം പിടിക്കുകതന്നെ ചെയ്യുന്നു. എന്റെ വില്പത്രത്തെ രണ്ടുപേർ നിയമപരമായി ചോദ്യം ചെയ്തേക്കാം: എന്റെ അമ്മയും എന്റെ സഹോദരനും. എനിക്കു ബുദ്ധിസ്ഥിരത ഇല്ല എന്നു പറഞ്ഞായിരിക്കും അവർ അതിനെ ചോദ്യം ചെയ്യുക. മിസ് ലെമെറിന്‌ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നത് അവൾക്കു കിട്ടാതിരിക്കാൻ എന്റെ ആത്മഹത്യയും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പലതരം കീഴ്മറിച്ചിലുകളും അവരിരുവർക്കും സഹായകമാവുകയും ചെയ്യും. അതിനാൽ, എന്റെ ആത്മഹത്യയെക്കുറിച്ചും മിസ് ലെമെറിനോടുള്ള എന്റെ പെരുമാറ്റത്തെക്കുറിച്ചും വിശദീകരണം നല്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്‌- താങ്കളുടെ പേർക്കയക്കുന്ന ഈ കത്ത് (ദയവായി ഇതവൾക്കു വായിച്ചുകൊടുക്കുമല്ലോ) മേല്പറഞ്ഞ രണ്ടു പേർ എന്റെ വില്പത്രത്തെ ചോദ്യം ചെയ്താൽ അവൾക്ക് എതിർവാദമായി ഉപകാരപ്പെടും.

ഒരു ദുഃഖവുമില്ലാതെയാണ്‌ ഞാൻ ആത്മഹത്യ ചെയ്യുന്നത്. ആളുകൾ ദുഃഖം എന്നു വിളിക്കുന്ന ആ വിക്ഷോഭം ഞാൻ അനുഭവിക്കുന്നതേയില്ല. എന്റെ കടങ്ങൾ ഇന്നുവരെ എനിക്കു ദുഃഖത്തിനു കാരണമായിട്ടില്ല. അത്തരം കാര്യങ്ങളിൽ നിന്നു പൊങ്ങിവരാൻ ഒരു പ്രയാസവുമില്ല. ഞാൻ ആത്മഹത്യ ചെയ്യുന്നത് എനിക്കിനി ജീവിതം തുടർന്നുകൊണ്ടുപോകാൻ പറ്റാതായിരിക്കുന്നു എന്നതുകൊണ്ടാണ്‌, ഉറങ്ങാൻ കിടക്കുന്നതിന്റെ മടുപ്പും ഉണർന്നെഴുന്നേല്ക്കുന്നതിന്റെ മടുപ്പും എനിക്കസഹ്യമായിക്കഴിഞ്ഞു എന്നതുകൊണ്ടാണ്‌. ഞാൻ ആത്മഹത്യ ചെയ്യുന്നത് ആർക്കും എന്നെക്കൊണ്ട് ഒരുപകാരവുമില്ല എന്നു ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ്‌- എനിക്കു ഞാൻ ഒരപകടകാരി ആയതുകൊണ്ടുമാണ്‌. ഞാൻ ആത്മഹത്യ ചെയ്യുന്നത് ഞാൻ അനശ്വരനാണെന്നു ഞാൻ വിശ്വസിക്കുന്നു എന്നതുകൊണ്ടും എനിക്കു പ്രത്യാശയുള്ളതുകൊണ്ടുമാണ്‌. ഈ വരികളെഴുതുന്ന സമയത്തും എന്റെ മനസ്സ് നല്ല ബോധത്തിലാണ്‌; എന്നുപറഞ്ഞാൽ തിയൊഡോർ ദ് ബാൻവില്ലിന്‌ ചില കുറിപ്പുകൾ ഞാൻ പകർത്തിയെഴുതുകയാണ്‌; എന്റെ കയ്യെഴുത്തുപ്രതികൾ തിരുത്താൻ വേണ്ടത്ര മനോബലവും എനിക്കുണ്ട്. 

എനിക്കു സ്വന്തമായിട്ടുള്ളതെല്ലാം, എന്റെ കുറച്ചു ഫർണീച്ചറും എന്റെ ചിത്രവുമുൾപ്പെടെ, ഞാൻ മിസ് ലെമെറിനു നല്കുന്നു- കാരണം, അവളാണ്‌ എനിക്കു സമാശ്വാസം നല്കുന്ന ഒരേയൊരു ജീവി. ഈ ഭീകരമായ ലോകത്തു ഞാൻ ആസ്വദിച്ച അപൂർവ്വം ആഹ്ലാദങ്ങളുടെ പേരിൽ അവൾക്കു പ്രത്യുപകാരം ചെയ്യാൻ എനിക്കു തോന്നിയാൽ ആർക്കെങ്കിലും അതിൽ എന്നെ കുറ്റം പറയൻ തോന്നുമോ? 

എനിക്കെന്റെ സഹോദരനെ അത്ര നന്നായി അറിയില്ല- അവൻ എന്നിലോ എന്റെ കൂടെയോ ജീവിച്ചിട്ടില്ല- അവന്‌ എന്റെ ആവശ്യവുമില്ല.

തുടരെത്തുടരെ, താനറിയാതെ എന്റെ ജീവിതത്തിൽ വിഷം കലർത്തിയ എന്റെ അമ്മയ്ക്കും പണത്തിന്റെ ആവശ്യമില്ല. -അവർക്ക് ഭർത്താവുണ്ട്, അവർക്ക് സ്നേഹവും സൗഹൃദവും പകർന്നുനല്കാൻ ഒരു മനുഷ്യജീവിയുണ്ട്.

എനിക്ക് ഷീൻ ലെമെർ അല്ലാതെ മറ്റാരുമില്ല. ഞാൻ സ്വസ്ഥത കണ്ടിട്ടുണ്ടെങ്കിൽ അത് അവളിൽ മാത്രമാണ്‌; ഞാൻ അവൾക്കായി നല്കുന്നത് എനിക്കു സ്ഥിരബുദ്ധിയില്ലെന്ന ന്യായം പറഞ്ഞ് ആളുകൾ തട്ടിയെടുക്കാൻ നോക്കിയാൽ എനിക്കതു സഹിക്കാൻ കഴിയില്ല, ഞാനതു സഹിക്കുകയുമില്ല. കഴിഞ്ഞ ചില ദിവസങ്ങളിൽ എന്റെ സംസാരം താങ്കൾ കേട്ടതാണല്ലോ. എനിക്കു ഭ്രാന്തുണ്ടെന്നു തോന്നിയിരുന്നോ? 

നേരേ അമ്മയുടെ മുന്നിൽ ചെന്നുനിന്ന് യാചിക്കുകയും എത്ര കടുത്ത അപമാനമാണ്‌ ഞാൻ സഹിക്കുന്നതെന്ന് തുറന്നുപറയുകയും ചെയ്താൽ എന്റെ അവസാനത്തെ ആഗ്രഹങ്ങളെ തകിടം മറിക്കുന്നതിൽ നിന്ന് അമ്മയെ തടയാമെന്ന് എനിക്കു തോന്നലുണ്ടായിരുന്നെങ്കിൽ ഞാനത് അപ്പോൾത്തന്നെ ചെയ്യുമായിരുന്നു. ഒരു സ്ത്രീയായതിനാൽ മറ്റാരെക്കാളും നന്നായി അമ്മയ്ക്കെന്നെ മനസ്സിലാകുമെന്ന് എനിക്കത്ര തീർച്ചയാണ്‌. ബുദ്ധിഹീനമായ ഒരു നിലപാടിൽ നിന്ന് എന്റെ സഹോദരനെ പറഞ്ഞുപിന്തിരിപ്പിക്കാനും അവർക്കു കഴിഞ്ഞുവെന്നുവരാം.

ഞാൻ സ്നേഹിച്ച ഒരേയൊരു സ്ത്രീ ഷീൻ ലെമെർ മാത്രമാണ്‌- അവൾക്കു സ്വന്തമായി ഒന്നുമില്ല. മൊസ്യു ആൻസെൽ, സൗമ്യവും ഉന്നതവുമായ മനസ്സുള്ളവരായി ഞാൻ കണ്ടിരിക്കുന്ന ചുരുക്കം പേരിൽ ഒരാളായ താങ്കളെയാണ്‌, അവളുടെ കാര്യത്തിൽ എന്റെ അന്ത്യാഭിലാഷങ്ങൾ നടപ്പിലാക്കാൻ ഞാൻ ചുമതലപ്പെടുത്തുന്നത്. ഇതവൾക്കു വായിച്ചുകൊടുക്കുക, എന്റെ ഒസ്യത്തിന്റെ കാരണങ്ങൾ അവളെ പറഞ്ഞുമനസ്സിലാക്കുക, എന്റെ അവസാനത്തെ ആഗ്രഹങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നു വന്നാൽ എന്തായിരിക്കണം അവളുടെ മറുവാദമെന്ന് അവൾക്കു വിശദീകരിച്ചുകൊടുക്കുക. കരുതലോടെ കാര്യങ്ങൾ ചെയ്യുന്ന താങ്കൾ പണത്തിന്റെ മൂല്യം അവളെ പറഞ്ഞുമനസ്സിലാക്കുക. അവളെ സഹായിക്കാൻ പറ്റുന്ന വിധത്തിലും എന്റെ അന്ത്യാഭിലാഷങ്ങൾ അവൾക്കു പ്രയോജനപ്പെടുന്ന രീതിയിലും  ഉചിതമായ എന്തെങ്കിലും വഴി കണ്ടെത്താൻ നോക്കുക. അവൾക്കു വഴി കാണിച്ചുകൊടുക്കുക, അവളെ ഉപദേശിക്കുക- അവളെ സ്നേഹിക്കുക (അങ്ങനെ പറയാമെങ്കിൽ)- എന്നെ ഓർത്തെങ്കിലും. ഞാനെന്ന ഭയങ്കരമായ ഉദാഹരണം അവളുടെ മുന്നിൽ വയ്ക്കുക- വ്യവസ്ഥയില്ലാത്ത ഒരു മനസ്സും ജീവിതവും ഇരുണ്ട കൊടുംനൈരാശ്യത്തിലേക്കും സമ്പൂർണ്ണവിനാശത്തിലേക്കും നയിക്കുന്നതെങ്ങനെയാണെന്ന് അവൾക്കു കാണിച്ചുകൊടുക്കുക. വിവേകവും പ്രയോജനവും, ഞാൻ യാചിക്കുകയാണ്‌.

ഈ വില്പത്രം ചോദ്യം ചെയ്യപ്പെടാമെന്നും മരിക്കുന്നതിനു മുമ്പ് യുക്തിപൂർവ്വമായ, നല്ലൊരു പ്രവൃത്തി ചെയ്യാനുള്ള അവസരം എനിക്കു കിട്ടാതെപോകാമെന്നും താങ്കൾ ശരിക്കും കരുതുന്നുണ്ടോ? താങ്കൾക്കിപ്പോൾ വളരെ വ്യക്തമായി കാണാൻ പറ്റുന്നില്ലേ, വെറും വീരവാദത്തിൽ നിന്നോ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മൂല്യങ്ങളോടുള്ള വെല്ലിവിളിയിൽ നിന്നോ ഉണ്ടായ ഒരു പ്രവൃത്തിയല്ല ഈ വില്പത്രമെന്ന്, മാനുഷികമായി എന്നിൽ ഇപ്പോഴും ശേഷിക്കുന്നതൊന്നിന്റെ ആവിഷ്കാരം മാത്രമാണതെന്ന്: സ്നേഹം, ചിലപ്പോഴൊക്കെ എന്റെ ആനന്ദവും സാന്ത്വനവുമായിരുന്ന ഒരു മനുഷ്യജീവിയെ സഹായിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹവും. വിട!

ഈ കത്ത് അവൾക്കു വായിച്ചുകൊടുക്കുക- താങ്കളെ എനിക്കു വിശ്വാസമാണ്‌, ഈ കത്ത് താങ്കൾ നശിപ്പിച്ചുകളയില്ലെന്നും എനിക്കറിയാം. അവൾക്ക് ഉടൻ കുറച്ചു പണം (500) നല്കണം. എന്റെ അന്തിമനിശ്ചയങ്ങളെക്കുറിച്ച് അവൾക്കൊന്നുമറിയില്ല- ഇപ്പോൾ പെട്ടുകിടക്കുന്ന ഏതോ പ്രശ്നത്തിൽ നിന്ന് ഞാൻ അവളെച്ചെന്നു രക്ഷപ്പെടുത്തുമെന്ന് അവൾ പ്രതീക്ഷിക്കുന്നുമുണ്ട്. 

മരിച്ചുപോയ ഒരാളുടെ വില്പത്രം ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നുതന്നെ വയ്ക്കുക, അപ്പോഴും ചില ഇഷ്ടദാനങ്ങൾ ചെയ്യാനുള്ള അവകാശം അയാൾക്കുണ്ടല്ലോ. മറ്റേക്കത്ത് അവൾ താങ്കൾക്കു തരും; അത് താങ്കൾക്കു മാത്രം കാണാനുള്ളതാണ്‌; മാനക്കേടു പറ്റാതെ എന്റെ ഓർമ്മ നിലനില്ക്കണമെങ്കിൽ കടം കൊടുത്തു തീർക്കാനുള്ളവരുടെ പട്ടിക അതിലുണ്ട്.


ബോദ്‌ലേർ - പാണ്ഡിത്യപ്രകടനമല്ലാത്ത ആസ്വാദനം

 ബൽസാക്കിനെക്കുറിച്ച് ഇങ്ങനെയൊരു കഥ ഞാൻ കേട്ടിട്ടുണ്ട്; (ആ ജീനിയസ്സിനോടു ബന്ധപ്പെട്ടതെന്തും, എത്ര നിസ്സാരമായതു പോലും, ആരാണാദരവോടെ കേൾക്കാതിരിക്കുക?): മഞ്ഞുകാലം ചിത്രീകരിക്കുന്ന മനോഹരമായ ഒരു പെയിന്റിംഗിനു മുന്നിൽ നില്ക്കുകയായിരുന്നു അദ്ദേഹം; വിഷാദം പ്രസരിപ്പിക്കുന്ന ഭൂദൃശ്യം, മഞ്ഞുവീഴ്ചയും അവിടവിടെ കുടിലുകളും ആരോഗ്യമില്ലാത്ത കർഷകരുമൊക്കെയായി. ചിമ്മിനിയിലൂടെ ശോഷിച്ച പുക ഉയരുന്ന ഒരു കൊച്ചുകൂര കുറേനേരം നോക്കിനിന്ന ശേഷം അദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “എത്ര മനോഹരമാണിത്! പക്ഷേ ആ കുടിലിനുള്ളിൽ അവരെന്തു ചെയ്യുന്നു? അവരുടെ മനസ്സിൽ എന്തായിരിക്കും, എന്താണവരുടെ വേവലാതികൾ? അവരുടെ വിളവെടുപ്പ് നന്നായിരുന്നോ? അവർക്കെന്തായാലും വായ്പയെടുത്തത് തിരിച്ചടയ്ക്കാനുണ്ടാവും...”

ബൽസാക്കിനെ ആളുകൾ കളിയാക്കിക്കോട്ടെ. മഹാനായ ആ നോവലിസ്റ്റിന്റെ ആത്മാവിനെ വിറ കൊള്ളിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യുക എന്ന ബഹുമതിക്കർഹനായ ആ ചിത്രകാരൻ ആരാണെന്നെനിക്കറിയില്ല. അതെന്തായാലും ഹൃദ്യമായ ആ നിഷ്കളങ്കതയിലൂടെ വിമർശനത്തിൽ ഒന്നാന്തരമൊരു പാഠം നമുക്കു നല്കുകയായിരുന്നു അദ്ദേഹം എന്നാണെനിക്കു തോന്നുന്നത്. ഞാൻ മിക്കപ്പോഴും ഒരു പെയിന്റിംഗിനെ വിലയിരുത്തുന്നത് എന്തൊക്കെ ചിന്തകളും മനോരാജ്യങ്ങളുമാണ്‌ അതെന്റെ മനസ്സിൽ കൊണ്ടുവരുന്നത് എന്നതു വച്ചിട്ടാണ്‌.

ചിത്രമെഴുത്ത് ഒരാവാഹനമാണ്‌, ഒരു മാന്ത്രികക്രിയയാണ്‌ (ഇക്കാര്യത്തിൽ നമുക്ക് കുട്ടികളുടെ ആത്മാക്കളോട് ഉപദേശം തേടാൻ കഴിഞ്ഞെങ്കിൽ!); ആവാഹിച്ചുവരുത്തിയയാളോ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ആശയമോ എഴുന്നേറ്റു നിന്ന് നമ്മളെ മുഖത്തോടു മുഖം നോക്കുമ്പോൾ മന്ത്രവാദിയുടെ ആവാഹനമന്ത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ നമുക്കവകാശമില്ല, ഒന്നുമില്ലെങ്കിൽ അങ്ങേയറ്റം ബാലിശമെങ്കിലുമാവും അത്. തീർത്തും അന്യോന്യവിരുദ്ധമായ രീതികൾ കയ്യാളുന്ന കലാകാരന്മാർക്ക് നമ്മളിൽ ഒരേ ആശയങ്ങൾ ഉണർത്താനും സമാനമായ വികാരങ്ങൾ അങ്കുരിപ്പിക്കാനും കഴിയുന്നത് ഏതു നിയമത്തിന്റെ ബലത്തിലാണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുക- നമ്മുടെ പാണ്ഡിത്യനാട്യക്കാരെയും കപടദാർശനികരെയും ആശയക്കുഴപ്പത്തിലാക്കാൻ ഇതിലും നല്ലൊരു പ്രശ്നം എന്റെ ചിന്തയിൽ വരുന്നില്ല.


(from the Universal Exhibition of 1855)


ബോദ്‌ലേർ- കൊള്ളിവാക്കുകൾ

കൊള്ളിവാക്കുകൾ


I

ദൈവമില്ലെങ്കിൽപോലും മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല.

 ഭരിക്കാൻ അസ്തിത്വം വേണമെന്നില്ലാത്ത ഒരേയൊരു ജീവിയാണ്‌ ദൈവം.

 മനസ്സ് സൃഷ്ടിക്കുന്നതെന്തും ദ്രവ്യത്തെക്കാൾ ജീവനുള്ളതാണ്‌.

 പ്രണയം സ്വയം വ്യഭിചരിക്കാനുള്ള ആഗ്രഹമാണ്‌. വ്യഭിചാരത്തോടു ബന്ധപ്പെട്ടതല്ലാത്ത ആനന്ദങ്ങൾ ഇല്ലെന്നുതന്നെ പറയാം.

 നാടകശാലയിൽ, നൃത്തശാലയിൽ ഓരോ ആളും എല്ലാവരെയും സ്വന്തമാക്കി ആനന്ദിക്കുന്നു.

 എന്താണ്‌ കല?വ്യഭിചാരം.

 ആൾക്കൂട്ടത്തിൽ ഉൾപ്പെടുന്നതിന്റെ ആഹ്ലാദം എണ്ണപ്പെരുക്കത്തിലെ ഐന്ദ്രിയാഹ്ലാദത്തിന്റെ നിഗൂഢമായ ഒരാവിഷ്കാരമാണ്‌.

 പ്രണയം ഉറവയെടുക്കുന്നത് ഉദാരമായ ഒരു വികാരത്തിൽ നിന്നാവാം: വ്യഭിചാരത്തിനുള്ള ആഗ്രഹം. എന്നാൽ വൈകാതെയത് ഉടമസ്ഥതയ്ക്കുള്ള ആഗ്രഹത്താൽ ദൂഷിതമാകുന്നു.

 പ്രണയം തന്നിൽ നിന്നു പുറത്തു വരാനും അതിന്റെ ഇരയുടെ ഒരംശമാകാനും (വിജയിക്ക് പരാജിതനോടു തോന്നുന്നതുപോലെ) അതേ സമയം, വിജേതാവിന്റെ അവകാശങ്ങൾ കളയാതെ സൂക്ഷിക്കാനും ആഗ്രഹിക്കുന്നു.

 ഒരു വെപ്പാട്ടിയെ വച്ചിരിക്കുന്നവന്റെ ഇന്ദ്രിയസുഖങ്ങൾ ഒരേ സമയം ഒരു മാലാഖയുടേതും ഒരു ജന്മിയുടേതുമാണ്‌. അനുകമ്പയും ക്രൂരതയും. അവ കാമത്തിൽ നിന്ന്, സൗന്ദര്യത്തിൽ നിന്ന്, ജന്തുജാതിയിൽ നിന്ന് സ്വതന്ത്രവുമാണ്‌.

 നനവാർന്ന വേനൽസന്ധ്യകളിൽ പച്ചനിറം പൂണ്ട നിഴലുകൾ.

 പൊതുഭാഷാപ്രയോഗങ്ങളിലെ ചിന്തയുടെ ആഴങ്ങൾ; ഉറുമ്പുകളുടെ തലമുറകൾ കുഴിച്ചെടുത്ത കുഴികൾ.

II

പ്രണയം പീഡനം പോലെയോ ശസ്ത്രക്രിയ പോലെയോ ആണെന്ന് ഞാൻ എന്റെ കുറിപ്പുകളിൽ ഇതിനകം തന്നെ എഴുതിയിട്ടുണ്ടെന്നാണ്‌ എന്റെ ഓർമ്മ. എന്നാൽ ഈ ആശയം പിന്നെയും വികസിപ്പിച്ചു കൊണ്ടുപോകാം, എത്രയും പാരുഷ്യവും കയ്പ്പും നിറഞ്ഞ രീതിയിൽ. എങ്ങനെയെന്നാൽ- അന്യോന്യദാഹം കൊണ്ടു നിറഞ്ഞവരും തീവ്രാനുരാഗികളുമാണ്‌ രണ്ടുപേരെങ്കിൽ അതിൽ ഒരാൾക്കെപ്പോഴും തീക്ഷ്ണത അല്പം കുറവായിരിക്കും, പ്രണയപരവശത അത്രയ്ക്കയാൾക്കുണ്ടാവില്ല. അയാളോ അവളോ ആയിരിക്കും സർജ്ജൻ അല്ലെങ്കിൽ ആരാച്ചാർ; മറ്റേയാൾ രോഗി അല്ലെങ്കിൽ ഇര. ആ നെടുവീർപ്പുകൾ നിങ്ങൾ കേൾക്കുന്നില്ലേ?- നാണം കെട്ട ഒരു ദുരന്തനാടകത്തിന്റെ നാന്ദികൾ- ആ ഞരങ്ങലുകൾ, ആ സീല്ക്കാരങ്ങൾ, ആ കിതപ്പുകൾ? ആരവ പുറപ്പെടുവിച്ചിട്ടില്ല, ആരവ തങ്ങളിൽ നിന്നു പിഴിഞ്ഞെടുത്തിട്ടില്ല? ഇതിലും ഭീകരമായ കാഴ്ചകൾ വിദഗ്ധരായ പീഡകർ നിർവ്വഹിക്കുന്ന മറ്റേതു മതദ്രോഹവിചാരണയിലാണു നിങ്ങൾക്കു കാണാൻ കഴിയുക? നിദ്രാടകരുടേതെന്നപോലെ പിന്നിലേക്കുരുണ്ടുമറിയുന്ന ആ കൃഷ്ണമണികൾ, ഷോക്കേല്പിക്കുമ്പോഴെന്നപോലെ പിടയുകയും വലിയുകയും ചെയ്യുന്ന ആ പേശികൾ- അത്രയും ഭീതിദവും വിചിത്രവുമായ പ്രതിഭാസങ്ങൾ ഏതറ്റമെത്തിയ ലഹരിയിലും ഉന്മാദത്തിലും കറുപ്പുതീറ്റയിലും നിന്നു നിങ്ങൾക്കു കിട്ടാൻ പോകുന്നില്ല. നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കാൻ രൂപപ്പെടുത്തിയതെന്നു ഓവിഡ് വിശ്വസിച്ച മനുഷ്യമുഖം, നോക്കൂ! അതിലിപ്പോൾ കാണുന്നത് ഭ്രാന്തമായ ഒരു രൗദ്രതയാണ്‌, അല്ലെങ്കിൽ മരണസമാനമായ ഒരു വിശ്രാന്തിയാണ്‌. ഈ തരം ജീർണ്ണതയെ ‘നിർവൃതി’ എന്ന വാക്കുപയോഗിച്ചു വിശേഷിപ്പിക്കുന്നത് ദൈവദൂഷണമാണെന്നുതന്നെ ഞാൻ പറയും. 

കളിക്കാരിൽ ഒരാൾക്ക് സ്വയം പണയം വയ്ക്കേണ്ടിവരുന്ന ഭീകരമായ കളി!

പ്രണയത്തിൽ ഏറ്റവും വലിയ ആനന്ദമേതാണെന്ന് ഞാൻ കൂടി ഇരിക്കുമ്പോൾ ആരോ ചോദിച്ചിരുന്നു. ഒരാൾക്കു സംശയമുണ്ടായില്ല: കൈക്കൊള്ളുന്നതിൽ; മറ്റൊരാൾ: സ്വയം സമർപ്പിക്കുന്നതിൽ. ഒന്നാമൻ പറഞ്ഞു: അഭിമാനത്തിന്റെ സുഖം, രണ്ടാമൻ പറഞ്ഞു: എളിമയുടെ ആനന്ദം. ‘ക്രിസ്ത്വനുകരണ’ത്തിന്റെ ഭാഷയിലായിരുന്നു ആ പന്നികളുടെയെല്ലാം സംസാരം. ഏറ്റവും ഒടുവിൽ ഒരു നാണം കെട്ട ഉട്ടോപ്പ്യന്റെ ദൃഢപ്രസ്താവനയുമുണ്ടായി: രാഷ്ട്രത്തിനു വേണ്ടി പൗരന്മാരെ ജനിപ്പിക്കുക എന്നതാണ്‌ പ്രണയത്തിലെ ഏറ്റവും വലിയ ആനന്ദം. ഇനി ഞാനാണെങ്കിൽ ഇങ്ങനെ പറയും: പ്രണയത്തിൽ പ്രഥമവും പ്രധാനവുമായി ഒരാനന്ദമേയുള്ളു- ചെയ്യുന്നത് പാപമാണെന്ന സുനിശ്ചിതമായ ബോധം. ആണിനും പെണ്ണിനും ജനിച്ചപ്പോഴേ അറിയാം, തിന്മയിലല്ലാതെ ആനന്ദമില്ല.

V

 ഒരാൾ രോഗശയ്യയിലാവുമ്പോൾ അയാളുടെ മിക്കവാറും എല്ലാ സുഹൃത്തുക്കളും അയാൾ മരിച്ചുകാണാൻ രഹസ്യമായി ആഗ്രഹിക്കും; ചിലർക്കത് അയാളുടെ ആരോഗ്യം തങ്ങളുടേതിനെക്കാൾ താഴ്ന്നതാണെന്നു തെളിയിക്കാനായിരിക്കും; മറ്റുള്ളവർക്ക് ഒരു മരണവേദന അടുത്തുനിന്നു കാണാൻ കഴിയുമെന്ന നിസ്സംഗമായ മോഹം കാരണവും.

 VI

നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ സ്നേഹിക്കുന്നുള്ളു.

 അമൂർത്തതകൾ ഒഴികെയുള്ള കാര്യങ്ങളിൽ കാണിക്കുന്ന ആവേശം ദൗർബ്ബല്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്‌.

 VII

 ഒരു കാപ്പിക്കടയിൽ ചെന്നുകയറുമ്പോഴൊക്കെ തന്റെ മനസ്സ് വൈകാരികമായ ഒരസ്വസ്ഥതയ്ക്ക് അടിപ്പെടാറുണ്ടെന്ന് ഷീൻ ജാക്വെസ് പറഞ്ഞു. ഒരു കാതരപ്രകൃതത്തിന്‌ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ നരകത്തിലെ വിചാരണക്കോടതി പോലെയാണ്‌. 

IX

ഉറക്കത്തെക്കുറിച്ച്, എല്ലാ രാത്രിയിലേയും ആ അശുഭസാഹസത്തെക്കുറിച്ച്, ഇങ്ങനെ നിരീക്ഷിക്കാം: മനുഷ്യർ നിത്യവും കിടക്കാൻ പോകുന്നത് എത്ര ധൈര്യത്തോടെയാണെന്നത് നമുക്കു പിടി കിട്ടാതെപോയേനേ, അപകടത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതയുടെ ഫലമാണതെന്ന് നമുക്കറിവില്ലായിരുന്നെങ്കിൽ.

XII

ഗണിതപരമായ ഭ്രാന്തും ആ ഭ്രാന്തു പിടിച്ചവരുമുണ്ടോ, രണ്ടും രണ്ടും കൂട്ടിയാൽ മൂന്നാണെന്നു വിശ്വസിക്കുന്നവർ? മറ്റു വിധത്തിൽ പറഞ്ഞാൽ, മതിഭ്രമം ശുദ്ധയുക്തിയുടെ മേഖലയിലേക്കും കടന്നുകയറുമോ? ഒരു മനുഷ്യൻ ആലസ്യത്തിലും പകല്ക്കിനാവിലും മുഴുകിക്കഴിയുകയും ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങൾ എന്നുമെന്നും നാളത്തേക്കു മാറ്റിവയ്ക്കുകയും ചെയ്യുമ്പോൾ ഒരു പ്രഭാതത്തിൽ മറ്റൊരാൾ വന്ന് ചാട്ട കൊണ്ട് നിർദ്ദയം പ്രഹരിച്ച് അയാളെ ഉണർത്തുകയാണെങ്കിൽ,  സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയാതിരുന്ന ഒരാൾ ഇപ്പോൾ പേടി കൊണ്ടു പണിയെടുക്കുകയാണെങ്കിൽ- എങ്കിൽ ആ മനുഷ്യൻ, ആ ശിക്ഷകനാവില്ലേ, അയാളുടെ ഉപകർത്താവും ഏറ്റവും നല്ല സുഹൃത്തും? സന്തോഷം പിന്നാലെ വരുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യാം, വിവാഹത്തിനു ശേഷം പ്രണയമുണ്ടാകുമെന്നു പറയുന്നതിനെക്കാൾ കൂടുതൽ യുക്തിയോടെ.

അതുപോലെ, രാഷ്ട്രീയത്തിലെ യഥാർത്ഥത്തിലുള്ള പുണ്യവാളൻ ജനതയെ അവരുടെ  നന്മയ്ക്കായി ശാസിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നവനാണ്‌.

XVII

പ്രചോദനം വരുന്നത് എപ്പോഴും ഒരാൾ അതിനായി ആഗ്രഹിക്കുമ്പോഴാണ്‌; എന്നാൽ അയാൾ ആഗ്രഹിക്കുമ്പോൾ അതു മടങ്ങിപ്പോകണമെന്നുമില്ല. 

*

ആത്മാവിന്റെ ചില അർദ്ധ-പ്രകൃത്യതീതാവസ്ഥകളിൽ ജീവിതത്തിന്റെ കാണാക്കയങ്ങളൊന്നാകെ നമ്മുടെ കണ്മുന്നിലുള്ള ദൃശ്യത്തിൽ- അതിനി എത്ര സർവ്വസാധാരണമായിരുന്നാലും- വെളിവാകുന്നു. ഇത് അതിന്റെ പ്രതീകമാകുന്നു.

*

വണ്ടികൾ വന്നിടിക്കാതിരിക്കാനായി ഒരല്പം ധൃതിയോടെ തെരുവു മുറിച്ചുകടക്കുമ്പോൾ എന്റെ തലയിലെ പരിവേഷമൂരി റോഡിലെ അഴുക്കിൽ ചെന്നുവീണു. ഭാഗ്യത്തിന്‌ അതു വീണ്ടെടുക്കാനുള്ള നേരം എനിക്കു കിട്ടി; എന്നാൽ ഒരു നിമിഷം കഴിഞ്ഞപ്പോൾ ഇതൊരു ദുശ്ശകുനമാണെന്ന അശുഭചിന്ത എന്റെ തലയിൽ കയറിക്കൂടി; അതില്പിന്നെ ആ ചിന്ത എന്നെ പിരിഞ്ഞുപോയിട്ടില്ല; പകലു മുഴുവൻ അതെനിക്കു സ്വൈരം തന്നിട്ടില്ല.

(ഈ ആശയം പിന്നീട് ‘എന്റെ പരിവേഷനഷ്ടം’ എന്ന ഗദ്യകവിതയായി വികസിക്കുന്നുണ്ട്.)

*

ഒരാൾ ഭാര്യയേയും കൂട്ടി പിസ്റ്റൾ ഷൂട്ടിങ്ങിനു പോകുന്നു. ഒരു പാവയെ ഉന്നമാക്കി വച്ചിട്ട് അയാൾ ഭാര്യയോടു പറയുന്നു: “അത് നീയാണെന്നു ഞാൻ മനസ്സിൽ കാണുകയാണ്‌.” അയാൾ കണ്ണുകളടയ്ക്കുന്നു; പാവ ചിന്നിച്ചിതറുന്നു. എന്നിട്ടയാൾ തന്റെ കൂട്ടാളിയുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ടു പറഞ്ഞു: “എന്റെ പ്രിയപ്പെട്ട ദേവതേ, എന്റെ വൈദഗ്ധ്യത്തിനു ഞാൻ നിന്നോടു നന്ദി പറയട്ടെ!”

(‘പിഴയ്ക്കാത്ത ഉന്നം’ എന്ന ഗദ്യകവിതയുടെ ബീജരൂപമാണിത്.)

*

സകലരിലും നടുക്കവും അറപ്പും ജനിപ്പിച്ചുകഴിഞ്ഞാൽ ഞാനെന്റെ ഏകാന്തതയെ അതിജീവിച്ചുകഴിഞ്ഞു.

ഈ പുസ്തകം നമ്മുടെ ഭാര്യമാർക്കും നമ്മുടെ പെണ്മക്കൾക്കും നമ്മുടെ സഹോദരിമാർകും വേണ്ടിയുള്ളതല്ല. അത്തരം കാര്യങ്ങളുമായി എനിക്കൊരു ബന്ധവുമില്ല.

*

xxi

എനിക്കു മുപ്പതായെന്ന് ആളുകൾ പറയുന്നു; എന്നാൽ ഒരു മിനുട്ടിൽ മൂന്നു മിനുട്ടുകൾ ഞാൻ ജീവിച്ചിട്ടുണ്ടെങ്കിൽ...എങ്കിൽ എനിക്കിപ്പോൾ തൊണ്ണൂറു വയസ്സായില്ലേ?

ആത്മാവുകളെ മമ്മിയാക്കി ഉണക്കിസൂക്ഷിക്കാനുള്ള ഉപ്പല്ലേ ഉദ്യോഗം?

*

xxii

ഹ്യൂഗോ, ഒരു പുരോഹിതനെപ്പോലെ, എപ്പോഴും നമ്രമുഖനായിരുന്നു- അത്രയും നമ്രമുഖനാകയാൽ സ്വന്തം പൊക്കിളല്ലാതെ മറ്റൊന്നും അദ്ദേഹം കാണുന്നുമില്ല.

*

ലോകം അവസാനിക്കാൻ പോവുകയാണ്‌. ഇപ്പോഴും അതവിടെയുണ്ടെങ്കിൽ അതിനുള്ള ഒരേയൊരു കാരണം അതിന്റെ ഭൗതികമായ അസ്തിത്വം മാത്രമാണ്‌. എത്ര ദുർബ്ബലവുമാണ്‌ ആ കാരണം, അതിനെതിരായുള്ള കാരണങ്ങൾ, പ്രത്യേകിച്ചും താഴെപ്പറയുന്നത്, വച്ചു നോക്കുമ്പോൾ: ഈ ലോകത്തിന്‌ ഇനി എന്തു ചെയ്യാനിരിക്കുന്നു? ഭൗതികമായി അതിപ്പോഴും ഉണ്ട് എന്നു സമ്മതിച്ചാൽത്തന്നെ അതൊരു പര്യാപ്തമായ കാരണമാകുന്നില്ല. ഒരു തെക്കേ അമേരിക്കൻ റിപ്പബ്ലിക്കിന്റെ കോമാളിത്തം നിറഞ്ഞ അവ്യവസ്ഥകളായി ലോകം മാറുമെന്നല്ല ഞാൻ പറയുന്നത്; നമ്മൾ പ്രാകൃതാവസ്ഥയിലേക്കു മടങ്ങുമെന്നും നമ്മുടെ നാഗരികതയുടെ പുല്ലു കേറിയ നാശാവശിഷ്ടങ്ങൾക്കിടയിൽ കയ്യിൽ തോക്കുമായി നാം തീറ്റ തേടി നടക്കും എന്നുപോലുമല്ല. അല്ല; കാരണം, ഈ സാഹസികതകൾക്കും ജീവശക്തിയുടെ ഒരല്പമെങ്കിലും ശേഷിപ്പ്, മുൻകാലങ്ങളുടെ ഒരു മാറ്റൊലി, ആവശ്യമായി വരും. പുതിയൊരുദാഹരണമായി, മാറ്റമില്ലാത്ത ധാർമ്മികനിയമങ്ങളുടെ പുതിയ ഇരകളായി, നാം നശിക്കും, നമ്മുടെ അസ്തിത്വത്തിനു ഹേതുവായി നാം വിശ്വസിച്ച അതൊന്നുകൊണ്ടുതന്നെ. അത്രയ്ക്കും അമേരിക്കൻ യന്ത്രപ്പാവകളായി നാം മാറിയിരിക്കുന്നു എന്നതിനാൽ, ആത്മീയമായി നമ്മിലുള്ളതെന്തിനേയും പുരോഗതി മുരടിപ്പിച്ചുകഴിഞ്ഞു എന്നതിനാൽ അതിന്റെ അനന്തരഫലത്തോടു താരതമ്യം ചെയ്യാൻ  ഉട്ടോപ്യന്മാരുടെ ഒരു സ്വപ്നവും, അതിനി എത്ര രക്തരൂഷിതമോ ദൈവവിരുദ്ധമോ പ്രകൃതിവിരുദ്ധമോ ആകട്ടെ, മതിയാവില്ല. ജീവിതത്തിന്റേതായി എന്തു ശേഷിക്കുന്നുവെന്നു കാണിച്ചുതരാൻ ചിന്താശീലമുള്ള ഓരോ വ്യക്തിയോടും ഞാനപേക്ഷിക്കുന്നു. മതത്തിന്റെ കാര്യമാണെങ്കിൽ, അതിനെക്കുറിച്ചു സംസാരിക്കുന്നതോ അതിന്റെ ശേഷിപ്പുകൾ തേടിപ്പോകുന്നതോ കൊണ്ട് ഒരുപയോഗവുമില്ല എന്നാണെന്റെ വിശ്വാസം; ദൈവനിഷേധം എന്ന കളങ്കം സ്വയം ഏറ്റെടുക്കാമെന്നല്ലാതെ അതുകൊണ്ടു മറ്റൊരു കാര്യവുമില്ല. മൂത്ത മകന്റെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുക വഴി ഉടമസ്ഥത മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞു; മനുഷ്യരാശി വിപ്ലവത്തിന്റെ നേരവകാശികളെന്നു സ്വയം വിശ്വസിക്കുന്നവരുടെ അവസാനത്തെ ഇറച്ചിത്തുണ്ടും പ്രതികാരേച്ഛുവായ ഒരു രാക്ഷസനെപ്പോലെ കടിച്ചുകാരുന്ന ഒരു കാലം വരും. എന്നാൽ അതിലും മോശമായതു വരാനിരിക്കുന്നതേയുള്ളു.

മനുഷ്യഭാവനയ്ക്ക് അധികം ക്ലേശിക്കാതെതന്നെ ചിലതരം കീർത്തികൾക്കർഹമായ ചില റിപ്പബ്ലിക്കുകളേയോ വംശീയരാഷ്ട്രങ്ങളേയോ സങ്കല്പിക്കാവുന്നതേയുള്ളു; ദിവ്യപുരുഷന്മാർ, ചില അഭിജാതർ ആയിരിക്കണം അവയെ നിയന്ത്രിക്കുന്നത്. എന്നാൽ രാഷ്ട്രീയസ്ഥാപനങ്ങളിലായിരിക്കില്ല സാർവ്വത്രികനാശമോ സാർവ്വത്രികപുരോഗതിയോ - പേരിൽ കാര്യമില്ല- വെളിച്ചപ്പെടുക. അതു പ്രത്യക്ഷപ്പെടുന്നത് മനുഷ്യഹൃദയത്തിന്റെ അധോഗതിയിലായിരിക്കും. രാഷ്ട്രതന്ത്രജ്ഞതയുടെ അവസാനത്തെ അടയാളങ്ങൾ സാർവ്വത്രികമായ മൃഗീയതയുടെ പിടിയിൽ കിടന്നു പിടയുന്നതിനെക്കുറിച്ചും ഭരണാധികാരികൾ- സ്വന്തം സ്ഥാനം നിലനിർത്താനും നിയമവാഴ്ച്ചയുടെ നിഴലെങ്കിലും ഉണ്ടെന്നുവരുത്താനും- ഹൃദയം കല്ലിച്ചവരെങ്കിലും ഇന്നത്തെ മനുഷ്യർ പോലും നടുങ്ങിപ്പോകുന്ന നടപടികൾ എടുക്കേണ്ടിവരുന്നതിനെക്കുറിച്ചും ഞാൻ വിശദീകരിക്കേണ്ട ആവശ്യമുണ്ടോ? അന്ന് മകൻ കുടുംബത്തിൽ നിന്നോടിപ്പോകും, പതിനെട്ടാമത്തെ വയസ്സിലല്ല, പന്ത്രണ്ടിൽത്തന്നെ; അകാലപക്വമായ ഒരു ദുരാർത്തിയായിരിക്കും അവനെ മോചിപ്പിക്കുക. അവൻ ഓടിപ്പോകുന്നത് വീരകൃത്യങ്ങൾ തേടിയല്ല, ഗോപുരത്തിനുള്ളിൽ തടവിൽ കിടക്കുന്ന ഒരു സുന്ദരിയെ മോചിപ്പിക്കാനല്ല, ഒരു മച്ചുമ്പുറത്തെ ഉദാത്തചിന്തകളാൽ അനശ്വരമാക്കാനല്ല, മറിച്ച് ഒരു ബിസിനസ് സ്ഥാപിക്കാനാണ്‌, പണക്കാരനാവാനും കുപ്രശസ്തനായ സ്വന്തം അച്ഛനോടു മത്സരിക്കാനുമാണ്‌, ജ്ഞാനപ്രകാശം പരത്തുന്ന ഒരു ജേണലിന്റെ സ്ഥാപകനും ഓഹരിയുടമയും ആകാനാണ്‌. അന്ന്, പിഴച്ച, ഭ്രഷ്ടരായ, പല കാമുകരുണ്ടായിരുന്നവരും മൂഢമായ ചാപല്യത്തിന്റെ പേരിൽ ചിലപ്പോൾ മാലാഖമാർ എന്നു വിളിക്കപ്പെട്ടിരുന്നവരുമായ ആ സ്ത്രീകൾ- അവർ, ഞാൻ പറയുന്നു, ദയാഹീനമായ ഒരു വിവേകം മാത്രമാകും; പണമൊഴികെ എന്തിനേയും, ഇന്ദ്രിയങ്ങളുടെ അപരാധങ്ങളെപ്പോലും, തള്ളിപ്പറയുന്ന ഒരു വിവേകം. അന്ന്, ധർമ്മത്തിന്റെ നിഴൽ പോലും, പ്ളൂട്ടസ് പൂജയല്ലാത്തതെന്തും, അപഹാസ്യമായി പരിഗണിക്കപ്പെടും. നീതി, ആ സൗഭാഗ്യകാലത്ത് അതപ്പോഴും നിലവിലുണ്ടെങ്കിൽ, പണമുണ്ടാക്കനറിയാത്തവർക്ക് പൗരാവകാശങ്ങൾ നിഷേധിക്കും. തന്റെ ഭാര്യ, ഹേ ബൂർഷ്വാ! തന്റെ പതിവ്രതയായ നല്ല പാതി, നിയമസാധുത കൊണ്ട് നിങ്ങളുടെ അസ്തിത്വത്തിനു കവിത പകരുന്നവൾ, നിങ്ങളുടെ പണപ്പെട്ടിയ്ക്ക് ജാഗ്രതയോടെയും സ്നേഹത്തോടെയും കാവൽ നില്ക്കുന്നവൾ- അവൾ ഒരു വെപ്പാട്ടിയുടെ ഒരാദർശരൂപം മാത്രമാകും. തന്റെ മകൾ, ശിശുസഹജമായ ഒരു പ്രേമചാപല്യത്തോടെ, പത്തു ലക്ഷത്തിന്‌ സ്വയം വില്ക്കുന്നതായി തൊട്ടിലിൽ കിടന്നു ദിവാസ്വപ്നം കാണും; എന്നിട്ടു തനിക്ക്, ഹേ, ബൂർഷ്വാ, തനിക്ക്- ഇന്നത്തത്രയും കവി പോലുമല്ല താനന്ന്- അതിൽ ഒരു ശരികേടും  തോന്നില്ല, ഒരു കുറ്റബോധവും തോന്നില്ല. ചില മാനുഷികഗുണങ്ങൾ ബലപ്പെടാനും വർദ്ധിക്കാനും മറ്റു ചിലത് ക്ഷയിക്കുകയും മുരടിക്കുകയും വേണമെന്നുണ്ടല്ലോ;ആ കാലഘട്ടത്തിന്റെ പുരോഗതി സഹായിച്ച് തന്റെ അനുകമ്പയുടെ ഉദരത്തിൽ കുടൽമാലയല്ലാതെ മറ്റൊന്നും ശേഷിക്കില്ല!- ആ കാലം ഇങ്ങെത്തിയെന്നു വേണമെങ്കിൽ പറയാം; അതിങ്ങെത്തിക്കഴിഞ്ഞില്ലെന്നും നമ്മുടെ തൊലിക്കട്ടിയൊന്നു മാത്രമല്ല ഏതുതരം അന്തരീക്ഷത്തിൽ നിന്നാണു നാം ശ്വാസമെടുക്കുന്നതെന്നു ബോധം വരുന്നതിൽ നിന്നു നമ്മെ തടയുന്ന ഒരേയൊരു തടസ്സമെന്നും ആരറിഞ്ഞു?

ഇനി എന്റെ കാര്യമാണെങ്കിൽ, ഒരു പ്രവാചകന്റെ പരിഹാസ്യത ചിലപ്പോൾ എന്നിൽത്തന്നെ കാണുന്ന എനിക്കറിയാം ഒരു ചികിത്സകന്റെ ദാക്ഷിണ്യം എനിക്കൊരിക്കലും കൈവരിക്കാനാവില്ലെന്ന്. ഈ അധമലോകത്ത് ദിശാബോധം നഷ്ടപ്പെട്ടവൻ, ആൾക്കൂട്ടത്താൽ തള്ളിമാറ്റപ്പെട്ടവൻ, ഞാൻ ക്ഷീണിച്ചുതളർന്ന ഒരാളെപ്പോലെയാണ്‌: പൊയ്പോയ വർഷങ്ങളുടെ അഗാധതയിൽ അയാളുടെ കണ്ണുകൾ കാണുന്നത് മോഹഭംഗവും മനക്കടുപ്പവും മാത്രം, മുന്നിലാകട്ടെ, അറിവിലോ യാതനയിലോ പുതിയതായിട്ടൊന്നുമില്ലാത്ത ഒരു സംക്ഷോഭവും. രാത്രിയിൽ, ഈ മനുഷ്യൻ തന്റെ വിധിയിൽ നിന്ന് ആനന്ദത്തിന്റെ ചില മണിക്കൂറുകൾ തട്ടിയെടുത്തുകഴിഞ്ഞാൽ, ദഹനപ്രക്രിയയുടെ തൊട്ടിലാട്ടത്തിൽ വീണുകഴിഞ്ഞാൽ, ഭൂതകാലത്തോടു മറവിയും (കഴിയാവുന്നത്ര) വർത്തമാനകാലത്തോടു തൃപ്തഭാവവും ഭാവിയോടു കീഴടങ്ങലും കൈവരിച്ചുകഴിഞ്ഞാൽ, സ്വന്തം കൂസലില്ലായ്മയും പച്ചപ്പരിഷ്കാരിത്തവും കൊണ്ടുന്മത്തനായും തന്നെക്കടന്നുപോകുന്നവരെപ്പോലത്ര അധമനല്ല താനെന്ന അഭിമാനത്തോടെയും, സിഗാർ പുകയിൽ കണ്ണു നട്ടുകൊണ്ട്, അയാൾ തന്നോടുതന്നെ പറയുന്നു: ഈ നിരീക്ഷണങ്ങളുടെ പോക്കെങ്ങോട്ടായാലും എനിക്കെന്താ?

പറയേണ്ടതും അതിലധികവും ഞാൻ പറഞ്ഞുകഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാലും ഈ താളുകൾ ചീന്തിക്കളയണമെന്നെനിക്കില്ല- എന്റെ രോഷത്തിന്റെ നാൾവഴിയാണിത്.

*

മറ നീക്കിയ ഹൃദയം


xxxi

ഉപയോഗമുള്ള ഒരാളാവുക എന്നത് എനിക്കെന്നും അറപ്പുള്ള കാര്യമായിരുന്നു.


xxxii

വിപ്ലവം അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു, എന്തെന്നാൽ അതിലും ബലികളുണ്ടല്ലോ.

XXXIII

എനിക്കു ദൃഢവിശ്വാസങ്ങൾ ഒന്നുമില്ല, എന്റെ നൂറ്റാണ്ടിലെ ആളുകൾ ആ വാക്കിനു നല്കുന്ന അർത്ഥത്തിൽ; കാരണം എനിക്കതിമോഹങ്ങളില്ല. ഒരു ദൃഢവിശ്വാസത്തിനാധാരമായതൊന്നും എന്നിലില്ല. 

സത്യസന്ധർക്കിടയിൽ ഒരുതരം അധൈര്യം, അല്ലെങ്കിൽ ദൗർബ്ബല്യമുണ്ട്.

കൊള്ളക്കാർക്കേ ദൃഢവിശ്വാസമുള്ളു- എന്ത്? തങ്ങൾ ജയിക്കുമെന്ന്. അതിനാൽ അവർ ജയിക്കുകയും ചെയ്യുന്നു.

ഒരു ശ്രമം നടത്താനുള്ള ആഗ്രഹം പോലുമില്ലാത്ത ഞാൻ എങ്ങനെ വിജയിക്കാൻ?

കൊടുംക്രൂരതകൾക്കു മേൽ മഹത്തായ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ പറ്റിയെന്നു വരാം; കപടവേഷങ്ങൾക്കു മേൽ കുലീനമായ മതങ്ങളും.

എന്നാലും എനിക്കുമുണ്ട് ചില ദൃഢവിശ്വാസങ്ങൾ, ഉന്നതമായ ഒരർത്ഥത്തിൽ; എന്റെ കാലത്തുള്ളവർക്ക് അതു മനസ്സിലാവുകയുമില്ല.

XXXIV

ബാല്യം മുതല്ക്കേയുള്ള ഏകാന്തതാബോധം. വീട്ടിലാണെങ്കിലും, എന്റെ സുഹൃത്തുക്കൾക്കിടയിൽ വിശേഷിച്ചും- നിത്യമായ ഏകാന്തതയാണ്‌ എന്റെ വിധി എന്ന തോന്നൽ.

എന്നാലും ജീവിതത്തിനും അതിന്റെ സുഖങ്ങൾക്കുമായി തീവ്രമായ ഒരാഗ്രഹവും.

XXXV

അലസമായ അന്വേഷണങ്ങളിൽ മുഴുകി നമ്മുടെ ആയുസ്സു കടന്നുപോകുന്നു. അതേ സമയം മനുഷ്യന്റെ ജിജ്ഞാസയെ അങ്ങേയറ്റം ഇളക്കിമറിക്കേണ്ട ചോദ്യങ്ങളുണ്ട്, അവന്റെ ഇപ്പോഴത്തെ ജീവിതസമ്പ്രദായം വച്ചു നോക്കിയാൽ ഒരു ജിജ്ഞാസയുമിളക്കാത്തതും.

നമ്മുടെ മരിച്ചുപോയ കൂട്ടുകൾ എവിടെയാണ്‌?

നമ്മൾ ഇവിടെ വന്നതെന്തിനാണ്‌?

നമ്മൾ മറ്റെവിടെ നിന്നെങ്കിലും വന്നതാണോ?

സ്വതന്ത്രേച്ഛ എന്നാൽ എന്താണ്‌?

ദൈവേച്ഛയുടെ നിയമങ്ങളുമായി അതിനെ പൊരുത്തപ്പെടുത്താൻ പറ്റുമോ?

ആത്മാവുകളുടെ എണ്ണം പരിമിതമോ അപരിമിതമോ?

വാസയോഗ്യമായ ലോകങ്ങൾ എത്രയുണ്ട്? അങ്ങനെയങ്ങനെ...

XXXVII

പുരോഗതിയിലുള്ള വിശ്വാസം മടിയന്മാരുടേയും ബൽജിയംകാരുടേയും വിശ്വാസപ്രമാണമാണ്‌. ഒരു വ്യക്തി സ്വന്തം കാര്യങ്ങൾ ചെയ്യാൻ അയല്ക്കാരെ ഏല്പിക്കുമ്പോലെയാണത്. 

എന്തു പുരോഗതിയും (യഥാർത്ഥമായ പുരോഗതി, എന്നു പറഞ്ഞാൽ ധാർമ്മികമായത്) വ്യക്തിക്കുള്ളിലും വ്യക്തിയിലൂടെയുമല്ലാതെ നടക്കുന്നില്ല.

എന്നാൽ ലോകത്തുള്ളത് ഒന്നായി, സംഘമായി ചിന്തിക്കാൻ മാത്രം കഴിയുന്നവരാണ്‌. ബൽജിയം സമൂഹത്തെപ്പോലെ.

ഒരു പറ്റമായി മാത്രം സുഖങ്ങൾ അനുഭവിക്കാൻ കഴിയുന്നവരുമുണ്ട്. യഥാർത്ഥനായകൻ സുഖാനുഭവത്തിൽ ഏകാകിയാണ്‌.

XLI

ഓരോ മനുഷ്യനിലും ഓരോ നിമിഷത്തിലും രണ്ടു തരം കൂറുകൾ ഒരുമിച്ചുണ്ടാവും: ഒന്ന് ദൈവത്തിനോട്, മറ്റേത് സാത്താനോട്. ദൈവത്തെ, അല്ലെങ്കിൽ ആത്മീയതയെ, ആശ്രയിക്കുമ്പോൾ അത് ഉയരത്തിലേക്കു പോകാനുള്ള ഒരാഗ്രഹമാണ്‌; സാത്താനെ, മൃഗീയഭാവത്തെ, ആശ്രയിക്കുന്നത് ഇറക്കത്തിലെ ആനന്ദവും. സ്ത്രീകളോടുള്ള സ്നേഹവും മൃഗങ്ങൾ, നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയോടുള്ള സ്നേഹസല്ലാപവും ഈ രണ്ടാമതു പറഞ്ഞതിൽ പെടുത്തേണ്ടതാണ്‌. മേല്പറഞ്ഞ രണ്ടുതരം സ്നേഹങ്ങളിൽ നിന്നുളവാകുന്ന ആനന്ദങ്ങൾ ആ രണ്ടു സ്നേഹങ്ങളുടെ സ്വഭാവത്തിനു യോജിച്ചതുമാണ്‌.

XLIII

ദേഹപീഡയെ സത്യാന്വേഷണത്തിനുള്ള മാർഗ്ഗമായി ഗണിക്കുന്നത് പ്രാകൃതമായ മൂഢതയാണ്‌; ആത്മീയലക്ഷ്യത്തിനായി ഭൗതികമാർഗ്ഗം പ്രയോഗിക്കലാണത്.

മരണശിക്ഷ ഒരു മിസ്റ്റിക് ആശയത്തിന്റെ പ്രയോഗമാണ്‌; ഇന്നത് പാടേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. മരണശിക്ഷയുടെ ലക്ഷ്യം സമൂഹത്തെ രക്ഷപ്പെടുത്തുകയല്ല, ഭൗതികാർത്ഥത്തിൽ. സമൂഹത്തെയും കുറ്റാരോപിതനേയും ആത്മീയമായി രക്ഷിക്കാനുള്ള ശ്രമമാണത്. ബലി പൂർണ്ണമാകണമെങ്കിൽ ബലിമൃഗത്തിന്റെ ഭാഗത്തു നിന്ന് സമ്മതവും ആനന്ദവും വേണം. മരിക്കാൻ വിധിക്കപ്പെട്ടയാൾക്ക് ക്ലോറഫോം കൊടുക്കുന്നത് അധാർമ്മികമാണ്‌, കാരണം, ഇരയായതിന്റെ മഹത്വബോധവും സ്വർഗ്ഗപ്രാപ്തിക്കായുള്ള മോഹവും അയാൾക്കപ്പോൾ നിഷേധിക്കപ്പെടുകയാണല്ലോ. 

പീഡനത്തിന്റെ കാര്യമാണെങ്കിൽ വൈഷയികാനന്ദങ്ങൾക്കു ദാഹിക്കുന്ന മനുഷ്യഹൃദയത്തിന്റെ നിന്ദ്യമായ വശത്തു നിന്നുണ്ടായതാണത്. ക്രൂരതയും വൈഷയികാനന്ദവും സമാനമാണ്‌, കൊടുംചൂടും കൊടുംതണുപ്പും പോലെ.

XLIV

യുക്തിഭദ്രവും സ്ഥിരതയുള്ളതുമായ ഒരു ഭരണകൂടമുണ്ടെങ്കിൽ അത് പ്രഭുക്കളുടെ ഭരണം മാത്രമാണ്‌.

ജനാധിപത്യത്തിൽ അധിഷ്ഠിതമായ രാജവാഴ്ച്ചയും റിപ്പബ്ലിക്കും ഒരേപോലെ അസംബന്ധവും ദുർബ്ബലവുമാണ്‌.

ആദരവർഹിക്കുന്നതായി മൂന്നു പേരേയുള്ളു: പുരോഹിതൻ, യോദ്ധാവ്, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.

ശേഷിച്ചവർ അടിയാന്മാരോ അടിമകളോ ആണ്‌, തൊഴുത്തിൽ കെട്ടാൻ വേണ്ടി പിറന്നവർ, എന്നു പറഞ്ഞാൽ, തൊഴിലുകൾ എന്നവർ പറയുന്നവയിൽ വ്യാപരിക്കുന്നവർ.

LII

പ്രണയത്തെ നിരോധിക്കാൻ പറ്റാതെ വന്നപ്പോൾ പള്ളിക്ക് അതിനെ അണുവിമുക്തമാക്കണമെന്നെങ്കിലും ആഗ്രഹമുണ്ടായി; അങ്ങനെ അത് വിവാഹം കണ്ടുപിടിച്ചു.

LV

പതനം എന്നാൽ എന്താണ്‌

ഏകത്വം ദിത്വമാകുന്നതാണ്‌ അതെങ്കിൽ പതനം സംഭവിക്കുന്നത് ദൈവത്തിനാണ്‌.

അഥവാ, സൃഷ്ടി ദൈവത്തിന്റെ പതനം തന്നെയല്ലേ?

LVII

പ്രണയത്തിന്റെ കാര്യത്തിൽ അലോസരപ്പെടുത്തുന്ന കാര്യം ഒരു കൂട്ടുപ്രതി ഇല്ലാതെ നടത്താൻ പറ്റാത്ത കുറ്റകൃത്യമാണത് എന്നതാണ്‌.

LVIII

മനുഷ്യൻ മനുഷ്യനെ അത്രയും സ്നേഹിക്കുന്നതിനാൽ നഗരം വിട്ടോടിപ്പോകുമ്പോഴും അവൻ തേടുന്നത് ആൾക്കൂട്ടത്തെയാണ്‌; ഗ്രാമത്തിൽ നഗരത്തെ പുനഃസൃഷ്ടിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നതാണു വസ്തുത.

LXIV

സുഖതൃഷ്ണ നമ്മളെ വർത്തമാനകാലത്തോടു തളച്ചിടുന്നു. സ്വന്തം സുരക്ഷിതത്വത്തിലുള്ള കരുതൽ നമ്മളെ ഭാവിയുടെ ആശ്രിതരാക്കുന്നു.

സുഖങ്ങളിൽ, എന്നു പറഞ്ഞാൽ വർത്തമാനകാലത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നവനെ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഒരു ചരിവുരുണ്ടിറങ്ങുന്ന ഒരാളെയാണ്‌; ഒരു പൊന്തയിൽ പിടിച്ചുകിടക്കാൻ നോക്കുമ്പോൾ അതും വേരോടെ പിഴുത് അയാളുടെ പതനത്തിൽ ഒപ്പം പോരുകയാണ്‌.

മറ്റെന്തിലുമപരി സ്വന്തം മാനദണ്ഡമനുസരിച്ചുള്ള ഒരു മഹാനും വിശുദ്ധനുമാവുക.

LXVII

എന്താണ്‌ സ്നേഹം?

തന്നിൽ നിന്നു പുറത്തു വരാനുള്ള ആവശ്യകത.

ആരാധിക്കുന്ന ജന്തുവാണ്‌ മനുഷ്യൻ.

ആരാധിക്കുക എന്നാൽ സ്വയം ബലി കൊടുക്കുകയും സ്വയം വ്യഭിചരിക്കുകയും ചെയ്യുക എന്നാണ്‌.

അങ്ങനെ എല്ലാ സ്നേഹവും വ്യഭിചാരമാണ്‌.


 പ്രാർത്ഥന

എന്റെ അമ്മയിലൂടെ എന്നെ ശിക്ഷിക്കരുതേ, എനിക്കു വേണ്ടി എന്റെ അമ്മയേയും ശിക്ഷിക്കരുതേ- എന്റെ പിതാവിന്റെയും മാരിയെറ്റിന്റേയും ആത്മാക്കളെ ഞാൻ അവിടത്തെ കൈകളിൽ ഏല്പിക്കുന്നു- എന്റെ നിത്യകർമ്മം നടത്താനും അതുവഴി ഒരു വിശുദ്ധനും വീരനായകനുമാവാനുള്ള ബലം ഇപ്പോൾത്തന്നെ എനിക്കു നല്കേണമേ.

LXX

കവിയും പുരോഹിതനും പോരാളിയുമല്ലാതെ ഒരു മഹാനുമില്ല.

പാടുന്നവൻ, ബലി നല്കുന്നവൻ, സ്വയം ബലിയാകുന്നവൻ.

ശേഷിച്ചവരെല്ലാം ചാട്ടയടി കൊള്ളാനുള്ളവരാണ്‌.

LXXI

പള്ളിയിൽ കടക്കാൻ സ്ത്രീകൾക്കനുമതി കൊടുത്തത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൈവവുമായി അവർക്കെന്തു സംഭാഷണം നടത്താനാണ്‌?

നിത്യയായ വീനസ് (ചാപല്യം, ഉന്മാദം, ഭ്രമം) പിശാചിന്റെ പ്രലോഭിപ്പിക്കുന്ന രൂപങ്ങളിൽ ഒന്നാണ്‌.

LXXII

സ്ത്രീയ്ക്ക് തന്റെ ഉടലും ആത്മാവും വേറിട്ടുകാണാൻ കഴിയുന്നില്ല. അവൾ എല്ലാം ലഘൂകരിക്കുന്നു- ഒരു ജന്തുവിനെപ്പോലെ. അതവൾക്ക് ഒരുടലല്ലാതെ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് ഒരു ദോഷദർശി പറഞ്ഞേക്കും.

LXXVII

മറ്റേതു മനുഷ്യവ്യവഹാരത്തിലുമെന്ന പോലെ പ്രണയത്തിലും ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ തൃപ്തികരമായ ഒരു ബന്ധം ഉണ്ടാകുന്നുള്ളു. ഈ തെറ്റിദ്ധാരണയെയാണ്‌ ആനന്ദം എന്നു പറയുന്നത്. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ, എന്റെ മാലാഖേ. പെണ്ണ്‌ കുറുകുന്നു: അമ്മേ! അമ്മേ! ഈ രണ്ടു കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സുകൾ ഒന്നാണെന്നും. അതേ സമയം അവർക്കിടയിലെ ഗർത്തം- അന്യോന്യം മനസ്സിലാക്കാൻ പറ്റായ്ക- നികരാതെ കിടക്കുകയും ചെയ്യുന്നു.

LXXVIII

കടല്പരപ്പിന്റെ കാഴ്ച്ച എന്തുകൊണ്ടാണ്‌ നമുക്കത്രയ്ക്കനന്തവും നിത്യവുമായ ഹൃദ്യത നല്കുന്നത്? 

ഒരേ സമയം വൈപുല്യത്തിന്റെയും ചലനത്തിന്റെയും ആശയം അതു നല്കുന്നു എന്നതുകൊണ്ടാണത്. ആറോ ഏഴോ കാതങ്ങൾ മനുഷ്യന്‌ അനന്തതയുടെ വ്യാസാർദ്ധമാവുകയാണ്‌. ഒരു കുറുകിയ അനന്തത. മുഴുവൻ അനന്തതയേയും വ്യഞ്ജിപ്പിക്കാൻ അതു മതിയാവുമെങ്കിൽ പിന്നെന്തു പ്രശ്നം? മനുഷ്യന്‌ അവന്റെ ഈ താല്ക്കാലികവസതിയിൽ കിട്ടാൻ പോകുന്ന സൗന്ദര്യത്തിന്റെ പരമോന്നതമായ ആവിഷ്കാരം അവനിലേക്കു പകരാൻ പന്ത്രണ്ടോ പതിനാലോ കാതത്തിനുള്ളിലെ ദ്രാവകത്തിന്റെ ചലനം മതി. 

XCVII

കച്ചവടം അതിന്റെ സ്വഭാവം കൊണ്ടുതന്നെ പൈശാചികമാണ്‌. വായ്പ തിരിച്ചുകൊടുക്കുന്നതാണ്‌ കച്ചവടം; ഓരോ വായ്പയിലും ഇങ്ങനെയൊരു ധാരണയുണ്ടാവും: ഞാൻ നിങ്ങൾക്കു തന്നതിനേക്കാൾ കൂടുതൽ എനിക്കു തരിക.

ഏതു കച്ചവടക്കാരന്റെയും മനസ്സ് ജീർണ്ണമായിരിക്കും.

കച്ചവടം പ്രാകൃതികമാണ്‌, അതിനാൽ അത് ലജ്ജാവഹവുമാണ്‌.

കച്ചവടക്കാരിൽ വച്ചേറ്റവും ഹീനത കുറവുള്ളയാൾ ഇങ്ങനെ പറയുന്നയാളാണ്‌: “നമുക്കു നല്ലവരാവാം, കാരണം, സത്യസന്ധതയില്ലാത്ത വിഡ്ഢികളേക്കാൾ കൂടുതൽ നമുക്കു സമ്പാദിക്കാമല്ലോ.”

കച്ചവടക്കാരന്‌ സത്യസന്ധത പോലും ഊഹക്കച്ചവടത്തിനുള്ളതാണ്‌.

കച്ചവടം പൈശാചികമാണ്‌, കാരണം, ഞാനെന്ന ഭാവത്തിന്റെ ഏറ്റവും അധമവും ദുഷ്ടവുമായ രൂപമാണത്.

CI

ദൈവവും അവന്റെ ഗഹനതയും. ബുദ്ധിമാനായ മനുഷ്യൻ പോലും തനിക്കൊരിക്കലും കിട്ടാത്ത സഹായിയേയും സ്നേഹിതനേയും തേടി ദൈവത്തിലേക്കു തിരിഞ്ഞേക്കാം. ഓരോ മനുഷ്യനും നായകനായ ആ ദുരന്തനാടകത്തിലെ നിത്യനായ പ്രാണസ്നേഹിതനാണ്‌ ദൈവം. ദൈവത്തിനോട് ഇങ്ങനെ പ്രാർത്ഥിക്കുന്ന കൊള്ളപ്പലിശക്കാരും കൊലപാതകികളും ഉണ്ടാവാം: “കർത്താവേ, എന്റെ അടുത്ത ഉദ്യമം വിജയിക്കാൻ തുണയ്ക്കണേ!” എന്നാൽ ആ ദുഷ്ടന്മാരുടെ പ്രാർത്ഥനകൾക്ക് എന്റെ സ്വന്തം നന്മയേയും ആനന്ദത്തേയും കെടുത്താൻ പറ്റില്ല. 

CIII

ഒരു പത്രത്തിലൂടെ ഒന്നു കണ്ണോടിക്കുമ്പോൾ, അതിനി ഏതു ദിവസത്തെയാവട്ടെ, ഏതു മാസത്തെയോ വർഷത്തെയോ ആവട്ടെ, ഓരോ വരിയിലും കാണാതിരിക്കാൻ നമുക്കു പറ്റില്ല, മനുഷ്യന്റെ വിലക്ഷണതയുടെ പേടിപ്പെടുത്തുന്ന അടയാളങ്ങൾ; ഒപ്പം, ആർജ്ജവത്തിന്റെ, നന്മയുടെ, പരോപകാരത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന അവകാശവാദങ്ങളും നാഗരികതയുടെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും നിർലജ്ജമായ പ്രഖ്യാപനങ്ങളും.

ഓരോ പത്രവും ഒന്നാമത്തെ വരി മുതൽ ഒടുവിലത്തെ വരി വരെ ബീഭത്സതകളുടെ ഒരു മാലകൊരുക്കലാണ്‌. യുദ്ധങ്ങൾ, മോഷണങ്ങൾ, ദുർന്നടപ്പുകൾ, പീഡനങ്ങൾ, ഭരണാധികാരികളുടെ, രാഷ്ട്രങ്ങളുടെ, വ്യക്തികളുടെ ദുഷ്ടകൃത്യങ്ങൾ; നിഷ്ഠുരതകളുടെ സർവ്വവ്യാപിയായ ഒരു മദിരോത്സവം. 

ഈ അറയ്ക്കുന്ന പാനീയം കുടിച്ചിട്ടാണ്‌ പരിഷ്കൃതമനുഷ്യൻ എന്നും തന്റെ പ്രാതൽ തൊണ്ടയിലൂടിറക്കുന്നത്. ഈ ലോകത്തെ സർവ്വതിലും കുറ്റകൃത്യങ്ങൾ കിനിയുന്നു: പത്രത്തിൽ, തെരുവുചുമരിൽ, മനുഷ്യന്റെ മുഖത്ത്.

മാനവും മര്യാദയുമുള്ള ഒരാൾക്ക് അറപ്പോടെയല്ലാതെ ഒരു പത്രം കൈ കൊണ്ടെടുക്കാൻ പറ്റുന്നതെങ്ങനെയെന്ന് എനിക്കു പിടികിട്ടുന്നില്ല.

CX

ഇതിനകം എത്ര സൂചനകളും അടയാളങ്ങളും ദൈവം എന്റെ പേർക്കയച്ചുകഴിഞ്ഞു, സമയം അതിക്രമിച്ചിരിക്കുന്നു, പ്രവർത്തിക്കാനെന്ന്, എല്ലാ നിമിഷങ്ങളിലും വച്ചേറ്റവും പ്രധാനമായി ഈ നിമിഷത്തെ പരിഗണിക്കാനെന്ന്, എന്റെ നിത്യയാതനയെ, എന്നു പറഞ്ഞാൽ എന്റെ പ്രവൃത്തിയെ, നിത്യാനന്ദമാക്കാനെന്ന്.

CXI

കാലം എന്ന ആശയവും കാലത്തെക്കുറിച്ചുള്ള ബോധവും ഓരോ നിമിഷവും നമ്മെ ഞെരിച്ചമർത്തുകയാണ്‌. ആ ദുസ്സ്വപ്നത്തിൽ നിന്നു രക്ഷപ്പെടാൻ രണ്ടു വഴികളേയുള്ളു: പ്രവൃത്തിയും ആനന്ദവും. ആനന്ദം നമ്മെ ദഹിപ്പിക്കുന്നു, പ്രവൃത്തി നമ്മെ ബലപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് നമ്മുടേതാണ്‌.

ഇതിൽ ഒന്ന് നാം കൂടുതൽ ഉപയോഗിക്കുന്തോറും മറ്റേതിനോടുള്ള നമ്മുടെ വെറുപ്പ് കൂടിവരും.

കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടേ നമുക്കതിനെ മറക്കാൻ പറ്റുകയുള്ളു.

പടിപടിയായല്ലാതെ യാതൊന്നും നമുക്കു നേടാൻ പറ്റില്ല.

യുക്തിയോടെ ചിന്തിക്കാൻ ഡി മെയ്സ്ത്രോയും എഡ്ഗാർ പോയും എന്നെ പഠിപ്പിച്ചു.

തുടങ്ങാൻ നാം ധൈര്യപ്പെടാത്ത ഉദ്യമം പോലെ സുദീർഘമായതൊന്നുമില്ല. അതൊരു പേടിക്കിനാവാകുന്നു.

CXIII

എപ്പോഴും കവിയായിരിക്കുക, ഗദ്യത്തിൽ പോലും.

CXVI

ഷീനിന്‌ 300, എന്റെ അമ്മ്യ്ക്ക് 200, എനിക്ക് 300- ഒരു മാസം 800 ഫ്രാങ്ക്. രാവിലെ ആറു മണി മുതൽ ജോലി ചെയ്യുക, ഉച്ചയാഹാരം ഒഴിവാക്കുക. അന്ധമായി, ലക്ഷ്യമില്ലാതെ, ഒരു ഭ്രാന്തനെപ്പോലെ ജോലി ചെയ്യുക. അതിന്റെ ഫലം കിട്ടും.

തടസ്സമില്ലാതെ ജോലി ചെയ്യാൻ പറ്റുന്ന കുറച്ചു മണിക്കൂറുകളിലാണ്‌ എന്റെ വിധി തങ്ങിനില്ക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാം വീണ്ടെടുക്കാവുന്നതേയുള്ളു. ഇനിയും സമയമുണ്ട്. ആരറിഞ്ഞു, പുതിയ ഒരാനന്ദം പോലും...?

ഒരു കാര്യം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന്റെ സന്തോഷം ഞാൻ ഇന്നുവരെ അറിഞ്ഞിട്ടില്ല.

സ്വന്തം കടമ ചെയ്യുക എന്ന ശീലം ഭയത്തെ ആട്ടിയകറ്റുന്നു.

സ്വപ്നം കാണാൻ തീവ്രമായി ആഗ്രഹിക്കണം, സ്വപ്നം കാണുന്നതെങ്ങനെയെന്നും അറിയണം. പ്രചോദനഠെ ആവാഹിക്കുക. ഒരു മാന്ത്രികവിദ്യ. സമയം കളയാതെ ഇരുന്നെഴുതുക. ഞാൻ ആവശ്യത്തിലേറെ യുക്തിവിചാരം നടത്തുന്നു.

അപ്പപ്പോൾ ജോലി ചെയ്യുക, അതിന്റെ ഫലം മോശമാണെങ്കിലും ദിവാസ്വപ്നം കാണുന്നതിലും നല്ലതാണത്.

ചെറിയ ചെറിയ ആഗ്രഹങ്ങളുടെ ഒരു പരമ്പര വലിയ ഒരു ലക്ഷ്യത്തിലെത്തുന്നു.

ഇച്ഛയുടെ ഓരോ തിരിഞ്ഞടിയും നഷ്ടമായിപ്പോകുന്ന ഒരു ദ്രവ്യകണമാണ്‌. അറച്ചുനില്ക്കൽ, അപ്പോൾ, എത്ര വലിയ ദുർവ്യയമാണ്‌. അത്രയും നഷ്ടങ്ങൾ നികത്താനാവശ്യമായ അന്തിമയത്നത്തിന്റെ വലിപ്പത്തിൽ നിന്ന് അതൂഹിക്കാവുന്നതേയുള്ളു.

രാത്രിയിൽ പ്രാർത്ഥന ചൊല്ലുന്നയാൾ പാറാവുകാരെ നിയോഗിക്കുന്ന കപ്പിത്താനെപ്പോലെയാണ്‌. അയാൾക്കുറങ്ങാം.

മരണത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും മുന്നറിയിപ്പുകളും

ഈ നിമിഷം വരെ ഒറ്റയ്ക്കാണ്‌ ഞാനെന്റെ ഓർമ്മകൾ ആസ്വദിച്ചത്; ഇനി മറ്റൊരാൾക്കൊപ്പം ഞാനവ ആസ്വദിക്കണം.

ഒരു മഹത്തായ ജീവിതത്തിന്റെ സ്വഭാവം എനിക്കു മനസ്സിലാകുമെന്നതിനാൽ അതിന്റെ സാക്ഷാല്ക്കാരത്തിനും എനിക്കു കഴിയുമെന്നു ഞാൻ വിശ്വസിച്ചുപോയി. ഹാ, ഷീൻ- ജാക്കെസ്!

മീൻ, തണുത്ത വെള്ളത്തിൽ കുളി, ലിച്ചെൻ (പായൽ), വല്ലപ്പോഴും ലോസെൻജ്, ഒപ്പം, എല്ലാ ഉത്തേജനങ്ങളും വർജ്ജിക്കുകയും.

ഐസ്ലാണ്ട് ലിച്ചെൻ 125 ഗ്രാം

വെള്ളപ്പഞ്ചസാര 250 ഗ്രാം

ആവശ്യത്തിനു തണുത്ത വെള്ളത്തിൽ ലിച്ചെൻ പന്ത്രണ്ടു മുതൽ പതിനഞ്ചു മണിക്കൂർ വരെ കുതിർത്തുവയ്ക്കുക; വെള്ളം ഊറ്റിക്കളയുക. രണ്ടു ലിറ്റർ വെള്ളത്തിൽ  ലിച്ചെൻ ഇട്ട് ചെറുതീയിൽ തിളപ്പിക്കുക; അത് ഒരു ലിറ്ററാകുമ്പോൾ പത വടിച്ചുകളയുക; 250 ഗ്രാം പഞ്ചസാര ചേർത്ത് കുഴമ്പുപരുവമാകുന്നതുവരെ തിളപ്പിക്കുക. തണുക്കാൻ വയ്ക്കുക. ദിവസം മൂന്നു നേരം, രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി, മൂന്നു വലിയ സ്പൂൺ വീതം സേവിക്കുക. വിഷമഘട്ടങ്ങൾ കൂടെക്കൂടെ ഉണ്ടാവുകയാണെങ്കിൽ ഡോസ് കൂട്ടാൻ മടിക്കേണ്ട.

CXVII

ഇനി മുതൽ എന്റെ ജീവിതത്തിന്റെ നിത്യപ്രമാണങ്ങളായിരിക്കും താഴെപ്പറ്യുന്നവ:

എന്നും കാലത്ത് ദൈവത്തിനോട്, എല്ലാ ബലത്തിന്റെയും നീതിയുടേയും ആ സ്രോതസ്സിനോട്, പ്രാർത്ഥിക്കുക; എന്റെ പിതാവിനോടും മാരിയെറ്റിനോടും പോയോടും മാദ്ധ്യസ്ഥത്തിനു പ്രാർത്ഥിക്കുക; ഏറ്റെടുത്ത പ്രവൃത്തികൾ ചെയ്തുതീർക്കാൻ വേണ്ട കരുത്തു നല്കാനും എന്റെ രൂപാന്തരം കണ്ടാസ്വദിക്കാൻ മതിയായ ആയുസ്സ് എന്റെ അമ്മയ്ക്കു ലഭിക്കാനും അവരോടു പ്രാർത്ഥിക്കുക; എന്റെ പദ്ധതികളുടെ വിജയത്തിനായി ദൈവത്തിൽ, അതായത് നീതിയിൽ, വിശ്വാസമർപ്പിക്കുക; എന്റെ അമ്മയ്ക്കും എനിക്കും ആയുസ്സും ബലവും നല്കാൻ രാത്രിയിൽ ദൈവത്തിനോടു മറ്റൊരു പ്രാർത്ഥന നടത്തുക; എന്റെ സമ്പാദ്യമെല്ലാം നാലായി ഭാഗിക്കുക- ഒരു ഭാഗം എന്റെ ഇപ്പോഴത്തെ ചെലവുകൾക്ക്, ഒരു ഭാഗം എന്റെ കടക്കാർക്ക്, ഒരു ഭാഗം എന്റെ കൂട്ടുകാർക്ക്, ഒരു ഭാഗം എന്റെ അമ്മയ്ക്ക്; സുബോധത്തിന്റെ ഏറ്റവും നിശിതമായ പ്രമാണങ്ങളെ അനുസരിക്കുക; അതിൽ ആദ്യത്തേത് ഉത്തേജിപ്പിക്കുന്നതെന്തായാലും അതു വർജ്ജിക്കുക എന്നതാണ്‌.


(from Intimate Journals )

2021, ജൂൺ 10, വ്യാഴാഴ്‌ച

ബോദ്‌ലേർ - ബൂർഷ്വായോട്



നിങ്ങളാണ്‌ ഭൂരിപക്ഷം- എണ്ണത്തിലും ബുദ്ധിയിലും; അതിനാൽ നിങ്ങളാണ്‌ അധികാരം; അത് നീതിയുമാണ്‌. 

നിങ്ങളിൽ ചിലർ ‘അറിവുള്ളവർ’ ആണ്‌, മറ്റുള്ളവർ ‘ഉള്ളവരും.’ ‘അറിവുള്ളവർ’ ‘ഉള്ളവർ’ ആവുകയും ‘ഉള്ളവർ’ ‘അറിവുള്ളവർ’ ആവുകയും ചെയ്യുന്ന ഒരു മഹനീയദിനം വന്നുചേരും. അന്ന് നിങ്ങളുടെ അധികാരം പരിപൂർണ്ണമാവുകയും ആരും നിങ്ങളെ ചോദ്യം ചെയ്യാനില്ലാതാവുകയും ചെയ്യും. ആ പരമൈക്യം വന്നുചേരുന്നതുവരെ വെറും ‘ഉള്ളവർ’ ‘അറിവുള്ളവർ’ ആകാൻ കാംക്ഷിക്കുന്നതിൽ ശരികേടൊന്നുമില്ല; ഉടമസ്ഥത പോലെ അറിവും സുഖാസ്വാദനത്തിനുള്ള ഒരു വഴിയാണല്ലോ.

ഭരണം നിങ്ങളുടെ കൈകളിലാണ്‌; അധികാരം നിങ്ങളുടേതാണെന്നതിനാൽ അതങ്ങനെതന്നെ വേണം താനും. എന്നാൽ സൗന്ദര്യാനുഭൂതിക്കു കഴിവുള്ളവരുമാകണം നിങ്ങൾ; എന്തെന്നാൽ, ഭരണം വേണ്ടെന്നുവയ്ക്കാൻ നിങ്ങളിലാർക്കും അവകാശമില്ലെന്നപോലെ കവിത വേണ്ടെന്നുവയ്ക്കാനും നിങ്ങൾക്കവകാശമില്ല. ആഹാരമില്ലാതെ മൂന്നു ദിവസം വരെ നിങ്ങൾക്കു ജീവിക്കാം- കവിതയില്ലാതെ ഒരിക്കലുമില്ല; അങ്ങനെയല്ലെന്ന് നിങ്ങളിലാരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ അവർക്കു തെറ്റി; അവർക്ക് തങ്ങളെത്തന്നെ അറിയില്ല. 

ചിന്തയിലെ പ്രഭുവർഗ്ഗം, സ്തുതിനിന്ദകളുടെ വിതരണക്കാർ, മാനസികമായതെന്തിന്റെയും കുത്തകക്കാർ- അവർ നിങ്ങളോടു പറയുന്നു, അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവകാശം നിങ്ങൾക്കില്ലെന്ന്; അവർ പരീശന്മാരാണ്‌.

പല ജനതകൾ പൗരന്മാരായ ഒരു നഗരത്തിന്റെ ഭരണമാണ്‌ നിങ്ങളുടെ കൈകളിലെന്നതിനാൽ ആ ഉദ്യമത്തിനർഹരാവുകയും വേണം നിങ്ങൾ.

ആസ്വാദനം ഒരു ശാസ്ത്രമാണ്‌; സവിശേഷമായ ഒരു പ്രാഥമികശിക്ഷണത്തിലൂടെയല്ലാതെ പഞ്ചേന്ദ്രിയങ്ങളുടെ പ്രയോഗം സാദ്ധ്യമാവുകയുമില്ല. അതിനാകട്ടെ, പഠിക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാകണം, അതാവശ്യമാണെന്നും നിങ്ങൾക്കു തോന്നണം.

സംശയിക്കേണ്ട, നിങ്ങൾക്ക് കല ആവശ്യമുണ്ട്.

കല മൂല്യം നിർണ്ണയിക്കാനാവാത്ത ഒരു സ്വത്താണ്‌; ഉദരത്തെയും മനസ്സിനേയും ആദർശത്തിന്റെ സ്വാഭാവികമായ തുലനാവസ്ഥയിലേക്കു പ്രത്യാനയിക്കുന്ന, നവോന്മേഷവും ഊർജ്ജവും പകരുന്ന, ഒരു പാനീയം.

അതിന്റെ പ്രയോജനം, നിയമോപദേഷ്ടാക്കളോ വ്യാപാരികളോ ആയ മാന്യവ്യക്തികളേ, നിങ്ങളറിയുക, ഏഴാമത്തെയോ എട്ടാമത്തെയോ മണിയടിക്കുമ്പോൾ ചാരുകസേരയുടെ കൈകളിലേക്ക് നിങ്ങളുടെ ക്ഷീണിതമായ ശിരസ്സുകൾ ചായുമ്പോഴാകും.

കൂടുതൽ തീക്ഷ്ണമായ ഒരഭിനിവേശം, കൂടുതൽ സക്രിയമായ ഒരു മനോരാജ്യം ദൈനന്ദിനാദ്ധ്വാനങ്ങളിൽ നിന്ന് നിങ്ങൾക്കൊരു വിടുതൽ നല്കുക അത്തരം നിമിഷങ്ങളിലാണ്‌. എന്നാൽ അറിവിന്റെ കുത്തകവ്യാപാരികൾ ആ കനി നിങ്ങൾക്കു വിലക്കപ്പെട്ടതാണെന്നു തീരുമാനമെടുത്തിരിക്കുന്നു; എന്തെന്നാൽ, തങ്ങൾക്കു മാത്രം വില്ക്കാനും വാങ്ങാനുമുള്ളതാണത്, അതു കൈവിട്ടുപോകാതിരിക്കാൻ തങ്ങൾ ജാഗരൂകരായിരിക്കുകയും ചെയ്യും. കലാസൃഷ്ടികൾ ചെയ്യാനോ അവയുടെ സൃഷ്ടിക്കാവശ്യമായിവരുന്ന സങ്കേതങ്ങൾ മനസ്സിലാക്കാനോ ഉള്ള അധികാരം നിഷേധിക്കുക മാത്രമാണവർ ചെയ്യുന്നതെങ്കിൽ നിങ്ങൾക്കു വിരോധം തോന്നേണ്ടാത്ത ഒരു സത്യം വിളിച്ചുപറയുക മാത്രമാണവർ ചെയ്യുന്നത്; കാരണം, നിങ്ങളുടെ ദിവസത്തിന്റെ മുക്കാൽ ഭാഗവും പൊതുകാര്യത്തിനും വ്യാപാരത്തിനുമായി പോവുകയാണല്ലോ. പിന്നെ ശേഷിക്കുന്നത് ആസ്വാദനത്തിനും ആനന്ദത്തിനും വിനിയോഗിക്കാനുള്ളതാണ്‌.

എന്നാൽ ആസ്വാദനത്തിനുള്ള അവകാശം പോലും കുത്തകക്കാർ നിങ്ങൾക്കു വിലക്കിയിരിക്കുന്നു; നിയമത്തെയും വാണിജ്യത്തെയും സംബന്ധിച്ചുള്ള സാങ്കേതികജ്ഞാനം നിങ്ങൾക്കുണ്ടെങ്കിലും കലയുടെ കാര്യത്തിൽ നിങ്ങൾക്കതില്ലത്രെ.

എന്നാൽ നിങ്ങളുടെ സമയത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അറിവിനായി ഉഴിഞ്ഞുവയ്ക്കുകയാണെങ്കിൽ ശേഷിച്ച മൂന്നിലൊന്ന് ‘അനുഭൂതി’ക്കായി വിനിയോഗിക്കേണ്ടതാണെന്നത് ന്യായം തന്നെയാണ്‌; അനുഭൂതിയിലൂടെ മാത്രമേ നിങ്ങൾക്കു കല മനസ്സിലാവുകയുമുള്ളു; -നിങ്ങളുടെ ആത്മാവിന്റെ ശക്തികൾ തുലനാവസ്ഥ പ്രാപിക്കുന്നതും ഈ വഴിയിലൂടെയാണ്‌.

സത്യം ബഹുമുഖമാണെങ്കിലും ഇരട്ടമുഖം അതിനില്ല. രാഷ്ട്രീയജീവിതത്തിൽ നിങ്ങൾ മനുഷ്യരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചപോലെ കലയിലും കൂടുതൽ വിപുലമായ, കൂടുതൽ സമ്പുഷ്ടമായ ഒരു പങ്കിടൽ നിങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.

ബൂർഷ്വ ആയ നിങ്ങൾ- രാജാവോ നിയമജ്ഞനോ കച്ചവടക്കാരനോ ആരുമാകട്ടെ നിങ്ങൾ- കലാശേഖരങ്ങളും കാഴ്ച്ചബംഗ്ലാവുകളും ചിത്രശാലകളും സ്ഥാപിച്ചു. പതിനാറു കൊല്ലം മുമ്പ് കുത്തകക്കാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന അവയിൽ ചിലത് ഇന്ന് സാമാന്യജനത്തിനായി വാതിലുകൾ തുറന്നുകൊടുത്തിരിക്കുന്നു.

ഭാവി എന്ന ആശയത്തെ അതിന്റെ വിവിധരൂപങ്ങളിൽ - രാഷ്ട്രീയവും വ്യാവസായികവും കലാപരവും- സാക്ഷാല്ക്കരിക്കുന്നതിനായി നിങ്ങൾ പരസ്പരം സഹകരിച്ചു, നിങ്ങൾ കമ്പനികൾ രൂപീകരിച്ചു, വായ്പകളെടുത്തു. കുലീനമായ ഒരു സംരംഭത്തിലും പ്രതിഷേധക്കാരായ, പീഡിതരായ ന്യൂനപക്ഷത്തിന്‌ നിങ്ങൾ മുൻകൈ വിട്ടുകൊടുത്തില്ല; അവർ കലയുടെ സ്വാഭാവികശത്രുക്കളുമാണല്ലോ.

കലയിലും രാഷ്ട്രീയത്തിലും പിന്നിലാകാൻ നിന്നുകൊടുക്കുക എന്നാൽ ആത്മഹത്യയാണ്‌; ഭൂരിപക്ഷത്തിന്‌ ആത്മഹത്യ ചെയ്യാൻ പറ്റുകയുമില്ല.

ഫ്രാൻസിനു വേണ്ടി നിങ്ങൾ ചെയ്തത് അന്യരാജ്യങ്ങൾക്കു വേണ്ടിയും നിങ്ങൾ ചെയ്തു. കലയെക്കുറിച്ച് നിങ്ങൾക്കുണ്ടായിരിക്കേണ്ട പൊതുവായ ആശയങ്ങളുടെ ശേഖരത്തിലേക്ക് അടുത്തിടെ സ്പാനിഷ് മ്യൂസിയം അതിന്റെ സംഭാവന നല്കിക്കഴിഞ്ഞിരിക്കുന്നു. ഒരു ദേശീയമ്യൂസിയം മനുഷ്യരുടെ ഹൃദയങ്ങളെ മയപ്പെടുത്തുകയും അവരുടെ ഇച്ഛാശക്തിയുടെ കാർക്കശ്യം കുറയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണെന്നപോലെ വൈദേശികകലയ്ക്കായുള്ള ഒരു മ്യൂസിയം രാഷ്ട്രാന്തരകൂട്ടായ്മയ്ക്കുള്ള ഒരിടമാണെന്ന് നിങ്ങൾക്കറിവുള്ളതാണല്ലോ; അവിടെ രണ്ടു ജനതകൾ സ്വസ്ഥമനസ്സായി പരസ്പരം നിരീക്ഷിക്കുകയും പഠിക്കുകയും അന്യോന്യം മനസ്സിലാക്കുകയും വിവാദത്തിനിറങ്ങാതെ ഭ്രാതൃബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.

കലയുടെ സ്വാഭാവികസുഹൃത്തുക്കളാണു നിങ്ങൾ; എന്തെന്നാൽ നിങ്ങൾ കുറച്ചുപേർ ധനികരാണ്‌, മറ്റുള്ളവർ പഠിച്ചവരും.

സമൂഹത്തിന്‌ നിങ്ങളുടെ അറിവും നിങ്ങളുടെ വ്യവസായവും നിങ്ങളുടെ അദ്ധ്വാനവും നിങ്ങളുടെ പണവും കൊടുത്തിട്ട് ശാരീരികവും മാനസികവും ഭാവനാപരവുമായ സുഖാനുഭവങ്ങളുടെ രൂപത്തിൽ അതിനു പ്രതിഫലം നിങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ സത്തയുടെ എല്ലാ അംശങ്ങൾക്കും സമതുലനം കിട്ടാനാവശ്യമായത്ര അളവിൽ സുഖാനുഭൂതി കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ സംതൃപ്തരാകും, സന്തുഷ്ടരാകും, സുമനസ്സുകളാവും, കേവലമായ സമനില കിട്ടിക്കഴിഞ്ഞാൽ സമൂഹം സംതൃപ്തവും സന്തുഷ്ടവും സുമനസ്സുമാകുന്നപോലെതന്നെ.

അതിനാൽ, ബൂർഷ്വാ, നിങ്ങൾക്കാണ്‌ സ്വാഭാവികമായും ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്; എന്തെന്നാൽ, ഭൂരിപക്ഷത്തിനെ - എണ്ണത്തിലും ബുദ്ധിയിലും- സംബോധന ചെയ്യാത്ത ഒരു പുസ്തകം മൂഢമായ പുസ്തകമാണ്‌.

(1846 ലെ സലോൺ എന്ന ലേഖനത്തിൽ നിന്ന്)



2021, ജൂൺ 5, ശനിയാഴ്‌ച

മംഗലേശ് ഡബ്രാൽ - കവിതകൾ



കഴിഞ്ഞ മഞ്ഞുകാലം



കഴിഞ്ഞ മഞ്ഞുകാലം കഠിനമായിരുന്നു
ഈ മഞ്ഞുകാലത്തിരുന്നതോർക്കുമ്പോൾ
അത്രയും കഠിനമല്ല നാളുകളെങ്കിലും
ഞാനൊന്നു നടുങ്ങിപ്പോകുന്നു

കഴിഞ്ഞ മഞ്ഞുകാലത്ത് അമ്മ പോയി
ഒരു പ്രണയലേഖനം കാണാതെപോയി
ഒരു ജോലി ഇല്ലാതെയായി
രാത്രികളിൽ എവിടൊക്കെയലഞ്ഞുവെന്ന് എനിക്കോർമ്മയില്ല
ആരെയൊക്കെ ഞാൻ ഫോൺ വിളിച്ചു
എന്റെ സ്വന്തം വസ്തുക്കൾ
എനിക്കു മേൽ വന്നുവീഴുകയായിരുന്നു

ഈ തണുപ്പുകാലത്ത്
കഴിഞ്ഞകൊല്ലം ധരിച്ചിരുന്നതു ഞാനെടുത്തുനോക്കുന്നു
-പുതപ്പുകൾ തൊപ്പി സോക്സുകൾ ഒരു മഫ്ളർ-
അവയെ ഞാൻ ഉറ്റുനോക്കുന്നു
ആ നാളുകൾ കഴിഞ്ഞുപോയെന്ന് എനിക്കു തോന്നുന്നു
ഈ മഞ്ഞുകാലം അത്ര കഠിനമാകുമെന്നു തോന്നുന്നില്ല
*

ഈ നമ്പർ നിലവിലില്ല



ഈ നമ്പർ നിലവിലില്ല
ഞാൻ എവിടെപ്പോയാലും ഏതു നമ്പർ ഡയൽ ചെയ്താലും
മറുതലയ്ക്കൽ ഒരപരിചിതസ്വരം പറയുന്നു
ഈ നമ്പർ നിലവിലില്ല യേ നമ്പർ മൗജൂദ് നഹിം ഹേ
കുറേക്കാലം മുമ്പുവരെ ഈ നമ്പറിൽ എനിക്കാളുകളെ കിട്ടിയിരുന്നതാണ്‌
അവർ പറയും: എനിക്കു പിന്നെ നിങ്ങളെ ഓർമ്മയില്ലേ
ഈ പ്രപഞ്ചത്തിൽ നിങ്ങൾക്കും ഇടമുണ്ടല്ലോ

ഇപ്പോൾ പക്ഷേ ഈ നമ്പർ നിലവിലില്ല
അതേതോ പഴയ നമ്പറായിരിക്കുന്നു
ഈ പഴയ മേൽവിലാസങ്ങളിൽ
കാലൊച്ച കേൾക്കുമ്പോഴേ വാതിൽ തുറന്നുവച്ചിരുന്ന വീടുകളിൽ
വളരെക്കുറച്ചുപേരേ ശേഷിക്കുന്നുള്ളു
ഇപ്പോഴാകട്ടെ ബെല്ലടിക്കണം ആശങ്കയോടെ കാത്തുനില്ക്കണം
ഒടുവിൽ വാതില്ക്കൽ ഒരാൾ പ്രത്യക്ഷപ്പെടുമ്പോൾ
അതു നിങ്ങൾ പ്രതീക്ഷിച്ച മുഖമാവണമെന്നില്ല
അല്ലെങ്കിൽ ഞാൻ സംസാരിക്കാറുണ്ടായിരുന്ന ആളല്ല നിങ്ങൾ
എന്നയാൾ പറഞ്ഞുവെന്നുവരാം
നിങ്ങളുടെ സങ്കടങ്ങൾ ക്ഷമയോടെ കേട്ടിരുന്ന നമ്പർ ഇതല്ല

ഞാൻ ചെല്ലുന്നിടത്തെല്ലാം
നമ്പറുകളും ഭൂപടങ്ങളും മുഖങ്ങളും മാറിപ്പോയപോലെ തോന്നുന്നു
പഴയ ഡയറികൾ ഓടകളിൽ വലിച്ചെറിഞ്ഞിരിക്കുന്നു
അവയുടെ പേരുകൾ വെള്ളത്തിൽ മാഞ്ഞുമാഞ്ഞുപോകുന്നു
ഇപ്പോൾ പുതിയ നമ്പറുകൾ എത്രവേണമെങ്കിലുമുണ്ട്
എന്നാൽ മറ്റൊരുതരം സംഭാഷണമാണവയിൽ
കച്ചവടങ്ങൾ മാത്രം ഇടപാടുകൾ മാത്രം
വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും അപരിചിതശബ്ദങ്ങൾ
എവിടെപ്പോയാലും ഞാനൊരു നമ്പർ ഡയൽ ചെയ്തുനോക്കുന്നു
ആ ശബ്ദം എവിടെ എന്നു ഞാൻ ചോദിക്കുന്നു
വാതിൽ തുറന്നുകിടക്കുകയാണ്‌ നിങ്ങൾക്കിവിടെ താമസിക്കാം
ഏതു നേരവും ഈ പ്രപഞ്ചത്തിൽ
അല്പനേരം നമുക്കൊരുമിച്ചിരിക്കാം
എന്നു പറയാറുണ്ടായിരുന്ന ആ ശബ്ദം.
*

നഗരം



നഗരത്തെ ഞാനൊന്നു നോക്കി
പിന്നെ ഞാനൊന്നു പുഞ്ചിരിച്ചു
ഇവിടെയൊക്കെ ആളുകൾ എങ്ങനെ താമസിക്കും
എന്നറിയാൻ ഒന്നു കേറിനോക്കി
പിന്നെ ഞാൻ മടങ്ങിപ്പോയതുമില്ല