2016, മാർച്ച് 14, തിങ്കളാഴ്‌ച

ടാരോ യമാമോട്ടോ- രണ്ടു കവിതകൾ

images



ഒരു ശസ്ത്രക്രിയാമുറിയിൽ


കുഞ്ഞിന്റെ ആമാശയം നിറയെ
പൂവിതളുകൾ കുത്തിനിറച്ചിരിക്കുകയായിരുന്നു;
മച്ചിന്റെ കിളിവാതിലിൽ നിന്നുതിരുന്ന വെളിച്ചത്തിൽ
ഒരു പുൽത്തകിടിയിലെന്നപോലവയുലയുകയായിരുന്നു.
ഒരു കുഞ്ഞിപ്പൂമ്പാറ്റയുടെ ജഡം പോലുള്ള വസ്തുക്കളും
അതിൽ മങ്ങിക്കാണപ്പെട്ടു;
പ്രശാന്തമായൊരുദ്യാനം തന്നെയായിരുന്നു അത്.
ആമാശയം തുറന്നപ്പോൾ
പൂവിതളുകൾ സ്വർണ്ണമത്സ്യങ്ങളായി മാറി നീന്താൻ തുടങ്ങി.
കുഞ്ഞിന്റെ തുറിച്ച കണ്ണുകൾക്കു നേരേ മുന്നിൽ
ഡോക്ടറുടെ മുഖാവരണമായിരുന്നു.

പുറത്ത് മഞ്ഞുകാലത്തെ ശീതക്കാറ്റു  വീശുന്നുണ്ടായിരുന്നു.
കുഞ്ഞിന്റെ കണ്ണുകളിൽ ഒരു വെളിച്ചം തവിഞ്ഞപോലെ കണ്ടു.
ജീവന്റെ മധുരനിശ്വാസം കേട്ടപോലെ തോന്നി;
കുഞ്ഞുറങ്ങുകയാവണം.
അല്ല, അതൊരു തിരശ്ശീലയുലഞ്ഞ ശബ്ദമായിരുന്നു.
അതിലൂടെ ചെറിയൊരു നീലപ്പൂപ്പാത്രം പോലെ
കുഞ്ഞിന്റെയാത്മാവ് നൂണിറങ്ങിപ്പോയി,
വിദൂരമായൊരു നാട്ടിലേക്കു മടങ്ങിപ്പോയി.




എന്റെ കവിത
images

എന്റെ കവിത
കടലാസ്സിൽ മഷി കൊണ്ടെഴുതിയതായിരിക്കില്ല.
എന്റെ കവിത ജീവനുള്ളതായിരിക്കും.
നിത്യസാധാരണങ്ങൾക്കിടയിലോടിനടന്ന്
അതു വന്യവും നവ്യവുമാകും.
എന്റെ കവിത നിനക്കു തലോടാൻ നിന്നുതരും.
നിനക്കു വേണ്ടതൊക്കെ
നിനക്കതിൽ വായിക്കുകയുമാവാം.
എന്റെ കവിത
ചെറുതും ലളിതവുമായിരിക്കും,
അതിനു പക്ഷേ
വിപുലമായ ആഴങ്ങളുമുണ്ടായിരിക്കും.
എന്റെ കവിത നിന്റെ കവിതയെ
ഒരു നാൾ കണ്ടുമുട്ടിയെന്നു വരാം,
മറ്റു കവിതകൾക്കവ ജന്മം കൊടുത്തുവെന്നു വരാം.
മിക്കവരും എന്റെ കവിതയെ ശ്രദ്ധിക്കുക തന്നെയില്ല.
ചിലർക്കതൊരു ബാധ പോലെയായെന്നും വരാം.
എന്റെ കവിത കലപിലസംസാരം വേണ്ടെന്നു വയ്ക്കും,
അതർത്ഥം കണ്ടെത്തുക
വാക്കുകൾക്കിടയിലെ ഇടങ്ങളിലായിരിക്കും.
എന്റെ കവിത
ഇനിയും എന്നെ കണ്ടെത്തിയിട്ടില്ല.
അതെന്നെ കണ്ടെത്തിയാൽ
ഞാൻ തയാറുമാണ്‌.



അഭിപ്രായങ്ങളൊന്നുമില്ല: